ഹൃദയതാളമായ്: ഭാഗം 71

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പതിവ് പോലെ വർക്ക്‌ഔട്ട്‌ കഴിഞ്ഞ് അകത്തേക്ക് കയറുമ്പോൾ കാണുന്നത് ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് എന്തോ ആലോചനകളിൽ മുഴുകി ഇരിക്കുന്ന. എമിയെയാണ്. സാധാരണ ഈ സമയത്ത് ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന ആളാണ് എഴുന്നേറ്റ് കുത്തിയിരിക്കുന്നത്. എന്ത് കുനഷ്ട് ആണാവോ രാവിലെ തന്നെ ആലോചിച്ചു കൂട്ടുന്നത്???? അച്ചു അറിയാതെ പോലും മനസ്സിൽ ചിന്തിച്ചു. കുറ്റം പറഞ്ഞിട്ടും കാര്യമില്ല അമ്മാതിരി ആണല്ലോ മൊതല്. വിയർപ്പ് തുള്ളികളാൽ കുതിർന്ന മുടി കൈകൊണ്ട് തട്ടി അവൻ അവൾക്കരികിലേക്ക് നടന്നു. ആൾ ഇതൊന്നും അറിയാതെ ഗംഭീര ആലോചനകളിലാണ്. അത് കണ്ടവൻ ഒറ്റ കയ്യാൽ ഇടുപ്പിലൂടെ കൈചുറ്റി അവളെ പൊക്കിയെടുത്ത് ഫ്ലോറിലേക്ക് നിർത്തി. പെട്ടെന്നുള്ള ആക്രമണം ആയതിനാൽ അവൾ പിടഞ്ഞുകൊണ്ട് അവന്റെ തോളിൽ മുറുകെ പിടിച്ചു. എന്താണ് എന്റെ കൊച്ച് പതിവില്ലാത്ത നേരത്ത് എഴുന്നേറ്റിരുന്ന് ഈ കുഞ്ഞു തല പുകയ്ക്കുന്നത്????? അവളുടെ നെറ്റിയിൽ പതിയെ നെറ്റി മുട്ടിച്ചു കൊണ്ടവൻ ചോദിച്ചു.

അങ്ങനെ പ്രത്യേകിച്ച് ഒന്നൂല്ല മിസ്റ്റർ കെട്ട്യോനെ. കുറുമ്പൊടെ അവന്റെ മീശ പിരിച്ചു വെച്ചവൾ പറഞ്ഞു. അങ്ങനെ വരാൻ വഴിയില്ലല്ലോ എന്തോ കള്ളത്തരം ഉണ്ടല്ലോ????? സംശയത്തോടെ കണ്ണ് കുറുകി. ദേ വലിയ പോലീസ് ഏമാൻ ആണെന്ന് കരുതി എന്നോട് അത് എടുക്കണ്ട മോനെ ഡ്രാക്കൂ. രാവിലെ എഴുന്നേറ്റ് ഒന്ന് നന്നാവാം എന്ന് കരുതി. വെറുതെ എന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്. ഗൗരവത്തോടെ അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് ചൂഴ്ന്ന് നോക്കി. ഇനി നിന്നാൽ ശരിയാവില്ല എന്ന് കണ്ടതും കപട ദേഷ്യത്തിൽ അവനെ തട്ടി മാറ്റി ഡ്രസ്സും എടുത്ത് അവൾ വാഷ്റൂമിലേക്ക് കയറി. എന്തോ ഉടായിപ്പ് ഒപ്പിക്കാനുള്ള പുറപ്പാടാണ്. വരട്ടെ എവിടം വരെ പോകുമെന്ന് നോക്കാം. അവൾ പോയ വഴിയേ നോക്കി ആലോചിച്ചു കൊണ്ടവൻ ടേബിളിൽ ഇരുന്ന ഫോൺ എടുത്തു തിരിച്ച് ബാൽക്കണിയിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

കുളിച്ച് കുട്ടപ്പിയായി എമി താഴേക്കിറങ്ങി വരുമ്പോഴുണ്ട് സോഫയിൽ ഇരുന്ന് പത്രത്തിൽ കമിഴ്ന്നു കിടക്കുകയാണ് ആൽവിച്ചൻ. ഗുഡ് മോർണിംഗ് ആൽവിച്ചായാ...... ശബ്ദം കേട്ടതും അവൻ പത്രത്തിൽ നിന്ന് തലയുയർത്തി നോക്കി. ഈശോയെ ഇന്ന് കാക്ക ജെട്ടി ഇട്ട് പറക്കും. പതിവില്ലാതെ ഓരോരുത്തര് രാവിലെ എഴുന്നേറ്റ് കുളിച്ചതൊക്കെ കണ്ടില്ലേ???? ലോകാവസാനം ആയോ എന്തോ????? ആൽവിച്ചൻ അവൾക്കിട്ട് താങ്ങി. കൂടുതൽ ഊതല്ലേ ചിലപ്പൊ പറന്നു പോവാൻ ചാൻസുണ്ട്. എമി തിരിച്ച് പുച്ഛിച്ചു കാണിച്ചു. പോടീ നീ ഗുഡ് മോർണിംഗ് പറഞ്ഞ് എന്റെ കണക്ക് തെറ്റിച്ചു ഇനി ഞാൻ ഒന്നേന്ന് തുടങ്ങണം. നിങ്ങൾക്ക് പ്രാന്തായോ മനുഷ്യാ???? പത്രം വായിച്ചോണ്ടിരിക്കുന്ന നിങ്ങളുടെ കണക്കെടുപ്പ് ഞാൻ തെറ്റിച്ചെന്നോ????? അയിന് ആര് പത്രം വായിക്കുന്നു????ഞാൻ മരണപേജിൽ ഇന്ന് സെഞ്ച്വറി അടിച്ചവരുടെ എണ്ണം നോക്കിയതല്ലേ???

ആൽവിച്ചൻ നോക്കിക്കൊണ്ടിരുന്ന മരണപേജ് ഉയർത്തി കാണിച്ചു. ആഹാ അപ്പൊ നല്ല ശീലങ്ങൾ ഉണ്ടല്ലേ ഇനി തൊട്ട് നോക്കുമ്പൊ എന്നെയും വിളിക്കണേ........ പറയുന്നതിനൊപ്പം എമി അവന്റെ കൂടെ പോയിരുന്നു. കൊള്ളാം മോളെ നീയെനിക്ക് പറ്റിയ കൂട്ട് തന്നെ. വാ നമുക്ക് ഇൻവെസ്റ്റിഗേഷൻ നടത്താം. രണ്ടും കൂടി പത്രത്തിലേക്ക് മുഖം പൂഴ്ത്തി. പുരുഷ കേസരികൾക്ക് അഭിമാനമായി രാഘവൻ 93 വയസ്സോടെ മുന്നോട്ട് കുതിക്കുന്നു. ആൽവിച്ചൻ കമന്ററി തുടങ്ങി വെച്ചു. 96 വയസ്സോടെ രാഘൻ ചേട്ടനെ പിന്തള്ളികൊണ്ട് ഭവാനിയമ്മ മുന്നോട്ട് വന്നിരിക്കുന്നു. എമി ഏറ്റുപിടിച്ചു. ഇതാ ഭവാനിയമ്മയെ കടത്തി വെട്ടിക്കൊണ്ട് കല്യാണിയമ്മ ഒന്നാം സ്ഥാനത്തേക്ക് 97 വയസ്സുമായി കുതിക്കുന്നു. 101 വയസ്സോടെ ത്രേസ്യാമ്മ കല്യാണിയമ്മയെ മലർത്തി അടിച്ചിരിക്കുന്നു. ഇതൊരു ബൂംചിക്കാവാവാ മൊമെന്റ്.......

എമി ആവേശത്തിലാണ്. സെഞ്ച്വറി തികച്ച ത്രേസാമ്മ ഫ്രാൻസിസിനെ ഇന്നത്തെ വിജയി ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ലോനപ്പൻ പിള്ളേ അടി പൂക്കുറ്റി...... പറയുന്നതിനൊപ്പം ആൽവിച്ചൻ ചാടി എഴുന്നേറ്റു. Congratulations and celebrations...... രണ്ടും കൂടി സോഫയിൽ എഴുന്നേറ്റ് നിന്ന് തുള്ളാൻ തുടങ്ങി. രണ്ടിന്റെയും തുള്ളൽ കണ്ടുകൊണ്ടാണ് പോൾ അങ്ങോട്ട്‌ വരുന്നത്. വന്നതും നിന്നതും എല്ലാം വാഴകൾ ആണല്ലോ എന്റെ മാതാവേ........ പോളിന്റെ രോദനം. അയാളുടെ രോദനം കേട്ടാണ് അടുക്കളയിൽ നിന്ന് സാറാ ചട്ടുകവുമായി വെളിയിലേക്ക് ഇറങ്ങി വരുന്നത്. എന്താടാ ഇവിടെ ബഹളം????? സാറായുടെ സ്വരം കേട്ടതും രണ്ടും മര്യാദക്ക് സോഫയിൽ നിന്നിറങ്ങി. ഞങ്ങൾ ഇന്ന് സെഞ്ച്വറി അടിച്ചവരെ അഭിനന്ദിച്ചതാ അമ്മച്ചീ. ആൽവിച്ചൻ ഓൺ നിഷ്കു മോഡ്. മരിച്ചു പോയവരെ പോലും വെറുതെ വിടരുത്. ഇവൾ കുഞ്ഞല്ലേ എന്ന് വെക്കാം നീ ഒരു കൊച്ചിന്റെ തന്ത അല്ലേടാ എന്നിട്ടാണ് ഇമ്മാതിരി കോപ്രായങ്ങൾ കാണിക്കുന്നത്......

ഒരു നല്ല കാര്യം ചെയ്യുമ്പോൾ ഇങ്ങനെ ഡീഗ്രേഡ് ചെയ്യരുത് അമ്മച്ചീ..... ആഹ് അല്ലേലും മുറ്റത്തെ വാഴക്ക് കുലയില്ലല്ലോ????? ആൽവിച്ചൻ സെഡ് ആയി. പ്ഫാ........ നീട്ടി ഒരു ആട്ട് ആയിരുന്നു മറുപടിയായി കിട്ടിയത്. സാറായുടെ ആട്ടിന്റെ എഫക്റ്റിൽ രണ്ടും രണ്ട് വഴിക്ക് ചിതറി ഓടി. ഒന്നിനും പിള്ള കളി മാറിയിട്ടില്ല. ഇതുങ്ങളെ കൊണ്ട് തോറ്റല്ലോ കർത്താവേ...... സാറാ തലയിൽ കൈവെച്ചു പോയി. ഒരു വാഴ കൃഷിക്കുള്ള സ്കോപ്പ് ഈ വീട്ടിൽ തന്നെ ഉണ്ട്‌ അല്ലെ സാറാമ്മേ???? പോൾ അവരെ ഒന്ന് നോക്കി. എന്റെ അമ്മായിയപ്പൻ അതായത് നിങ്ങളുടെ അപ്പൻ ആയ കാലത്ത് ഒരു വാഴ നട്ടിരുന്നെങ്കിൽ ഇക്കണ്ട വാഴ കൃഷിക്കുള്ള കണക്കെടുപ്പ് ഞാൻ എടുക്കേണ്ടി വരില്ലായിരുന്നു. അതും പറഞ്ഞവർ അടുക്കളയിലേക്ക് നടന്നു. പോൾ വീണ്ടും പ്ലിംഗ്. ജിയ ജലേ ജാ ജലേ മൂഞ്ചലേ....... അയാളെ നോക്കി കളിയാക്കി ചിരിച്ച് മൂളിപ്പാട്ടും പാടി എമി സാറാക്ക് പുറകെ പോയി. വന്ന് വന്ന് വീട്ടിൽ വരെ ഒരു വിലയും ഇല്ലാതെ ആയല്ലോ???? പ്രതികരിക്കാൻ എന്റെ രക്തം തിളയ്ക്കുന്നു.

വെപ്പ് പല്ല് വാങ്ങാനുള്ള മടി അത് ഒന്നുകൊണ്ട്‌ ഞാൻ വയലന്റ് ആവാത്തത്. തന്നത്താൻ പറഞ്ഞു കൊണ്ടയാൾ പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു ഫ്രഷായി മുറിയിലേക്ക് ഇറങ്ങുമ്പോൾ എമി ചായയുമായി മുന്നിൽ പ്രെസെന്റ്. മുഖത്ത് ആണെങ്കിൽ ഒരു ഇളിയും. ഇതെന്താ????? എന്താന്നോ???? കണ്ണ് കണ്ടൂടെ ഇത് ചായ. അത് മനസ്സിലായി എന്താണ് പതിവില്ലാത്ത ഓരോ ശീലങ്ങൾ???? താഴെ ചെന്നപ്പോ അമ്മച്ചി പറഞ്ഞു ഇത് ഇച്ചായന്‌ കൊണ്ടുവന്ന് തരാൻ ഞാൻ അതേപടി അതങ്ങ് അനുസരിച്ചു. നിഷ്ക്കളങ്കമായി അവൾ പറയുന്നത് കേട്ടവൻ ഒന്ന് അമർത്തി മൂളി ചായ വാങ്ങി. എമീ........... വാതിൽക്കൽ നിന്ന് ആ കുഞ്ഞ് സ്വരം കേട്ടവൾ തിരിഞ്ഞു നോക്കവെ മുന്നിൽ അതാ ജോക്കുട്ടൻ. ആൾ ചുണ്ടൊക്കെ കൂർപ്പിച്ച് ഗൗരവത്തിൽ നിൽപ്പാണ്. ആകെ ഒരു കുട്ടി നിക്കർ മാത്രമാണ് വേഷം. എന്നെ കുപ്പിച്ച് താ........ മുഖം ഒരു കൊട്ടയ്ക്ക് ആക്കി വെച്ച് പറയുന്നത് കേട്ട് അവൾ സ്വയം തലക്ക് അടിച്ചു. എമി മറന്നു പോയെടാ. ഇപ്പൊ കുളിപ്പിച്ച് തരാവേ...... അതും പറഞ്ഞവൾ കുഞ്ഞിനെ വാരിയെടുത്ത് അവന്റെ കവിളിൽ ഉമ്മ വെച്ചു. ടേബിളിൽ ചാരി നിന്ന് അച്ചു അതെല്ലാം നോക്കി നിന്ന അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ആ ചിരിയോടെ തന്നെ അവൻ ചായക്കപ്പ് ചുണ്ടോട് ചേർത്തു.

ഇച്ചായാ ഇന്ന് മുതൽ ജോക്കുട്ടനെ ഒരുക്കി പ്ലേ സ്കൂളിൽ വിടുന്ന ഡ്യൂട്ടി എനിക്കാണ്. അപ്പൊ ഞങ്ങൾ പോകുവാണേ. തിരിഞ്ഞു നോക്കി അവനോട് പറഞ്ഞവൾ റൂം വിട്ട് പുറത്തേക്കിറങ്ങി. പാട്ടും പാടി ജോക്കുട്ടനെയും കൊണ്ട് പോവുന്ന എമിയെ ഒന്ന് നോക്കി അവൻ കാലിയായ ചായക്കപ്പ് ടേബിളിൽ വെച്ച് റെഡിയാവാൻ തിരിഞ്ഞു. യൂണിഫോം ഇട്ട് കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഒതുക്കി വെക്കുമ്പോഴാണ് നനഞ്ഞ കോഴിയെ കൂട്ട് എമി മുറിയിൽ കയറി വരുന്നത്. നനഞ്ഞു കുളിച്ചുള്ള അവളുടെ നിൽപ്പ് കണ്ട് അവന് ചിരി വന്നുപോയി. ഇതിപ്പൊ കൊച്ച് നിന്നെയാണോ നീ കൊച്ചിനെ ആണോ കുളിപ്പിച്ചത്????? കുളിപ്പിച്ച് കൊണ്ടിരുന്നപ്പോൾ കണ്ണ് തെറ്റിയ സമയം നോക്കി ചെക്കൻ ഷവർ ഓൺ ചെയ്തു. അവൾ ചുണ്ട് പിളർത്തി. നനഞ്ഞു നിക്കാതെടി പനി പിടിക്കും. ശാസനയോടെ പറഞ്ഞവൻ ചെയറിൽ വിരിച്ചിട്ടിരുന്ന ടവൽ എടുത്ത് അവളുടെ തല തുവർത്തി കൊടുത്തു. ചെല്ല് ഇങ്ങനെ നിക്കാതെ പോയി ഡ്രസ്സ്‌ മാറിയിട്ട് വന്നേ....... അവളുടെ കഴുത്തിൽ തന്നെ ടവൽ ഇട്ട് കൊടുത്തവൻ പറഞ്ഞതും മാറാനുള്ള ഡ്രസ്സ്‌ എടുത്ത് അവൾ വാഷ്‌റൂമിലേക്ക് കയറി.

ഡ്രസ്സ്‌ ഒക്കെ മാറി മുറിയിലേക്ക് വരുമ്പോൾ അച്ചു പോവാൻ റെഡി ആയി കഴിഞ്ഞിരുന്നു. അവളെ കണ്ടതും അവൻ കളിയാക്കി ചിരിക്കാൻ തുടങ്ങി. അത് കണ്ടതും അവൾ മുഖം വീർപ്പിച്ച് കണ്ണാടിക്ക് മുന്നിൽ പോയി നിന്ന് നനഞ്ഞ മുടിയിലെ വെള്ളം കൈകൊണ്ട് തട്ടി കളയാൻ തുടങ്ങി. മര്യാദക്ക് രാവിലെ കുളിച്ച് ഒരുങ്ങി നിന്ന എന്നെയാ ആ കുരിപ്പ് വീണ്ടും കുളിപ്പിച്ചത്. നാളെ എഴുന്നേറ്റ് കുളിക്കാനുള്ള മൂഡ്‌ പോയി. കുളിക്കാതെ സ്പ്രേയും അടിച്ച് കോളേജിൽ പോവുന്ന നിനക്ക് ഇത് തന്നെ വേണം. അച്ചു കളിയാക്കിയതും അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞു നിന്നു. ഹാ പിണങ്ങാതെ..... പറയുന്നതിനൊപ്പം അവളെ പുറകിലൂടെ വട്ടം പിടിച്ച് ടേബിളിൽ ഇരുത്തി. അതേ ഇച്ചായൻ ഡ്യൂട്ടിക്ക്‌ പോവാൻ പോവുന്നതിന് മുന്നേ ഐശ്വര്യമായിട്ട് അതിങ് തന്നേ. കള്ളചിരിയോടെ അവളൊട് ചേർന്ന് നിന്നവൻ പറയുന്നത് കേട്ടതും അവൾ എന്തെന്നർത്ഥത്തിൽ കണ്ണ് മിഴിച്ച് അവനെ നോക്കി. എന്ത് തരാൻ????? എന്തെന്നോ???? ഭർത്താക്കന്മാർ ജോലിക്ക് പോവുമ്പൊ ഭാര്യമാർ കൊടുക്കുന്ന ഐറ്റം മലയാളത്തിൽ ഉമ്മ എന്ന് പറയും. പറയുന്നതിനൊപ്പം അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു.

ഇതിനാണോ ഇത്ര വളഞ്ഞ് മൂക്ക് പിടിച്ചത് നേരെ ചോദിച്ചാൽ ഞാൻ തരില്ലേ???? അവൾ അവന്റെ നെഞ്ചിൽ ഒന്ന് കുത്തി. ഓഹോ???? എങ്കിലേ നല്ല കാര്യങ്ങൾ വെച്ച് താമസിപ്പിക്കരുതെന്നാ തന്നോളൂ. വീണ്ടും അവളിലേക്ക് മുഖം ചേർത്ത് കൊണ്ടവൻ പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു. പിന്നെ കുറുമ്പൊടെ അവന്റെ മുഖം പിടിച്ച് തിരിച്ച് കവിളിൽ ചുംബിച്ചു. അയ്യേ.... ഇതാണോ ഉമ്മ????? ഇത് നീ ജോക്കുട്ടന് വരെ കൊടുക്കുന്നതല്ലേ??? എനിക്ക് ദേ ഈ ചുണ്ടിൽ മതി. ചുണ്ടിൽ തൊട്ട് കാണിച്ചവൻ പറഞ്ഞതും അവൾ അവന്റെ നെഞ്ചിൽ കൈവെച്ച് പുറകിലേക്ക് തള്ളി. അതേ എനിക്ക് ഒരു സ്മൂച്ചിങ് താങ്ങാനുള്ള സ്റ്റാമിന ഇല്ല. ഇത് ഞാൻ പറഞ്ഞതല്ല മൈ വൺ ആൻഡ് ഒൺലി കെട്ട്യോൻ പറഞ്ഞതാ സോ സ്റ്റാമിന ആവുന്നത് വരെ വെയിറ്റ് പണ്ണുങ്കോ. ഒറ്റ കണ്ണിറുക്കി കുസൃതി ചിരിയോടെ അവൾ ടേബിളിൽ നിന്ന് ചാടിയിറങ്ങി അവൻ കുടിച്ച് കാലിയാക്കി വെച്ച കപ്പും എടുത്ത് പുറത്തേക്കോടി. ഡീ ഡീ എന്റെ ഡയലോഗ് വെച്ച് എനിക്കിട്ട് തന്നെ താങ്ങുന്നോ????

അവൻ വിളിച്ചു കൂവി ചോദിച്ചതും മറുപടിയായി പൊട്ടിച്ചിരിച്ചു കൊണ്ടവൾ താഴേക്ക് ഓടി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കുറച്ച് കഴിഞ്ഞതും ഉമ്മ കിട്ടാത്ത നിരാശയിൽ മുഖവും വീർപ്പിച്ച് അച്ചു താഴേക്കിറങ്ങി. റിയക്കും സാറാക്കും ഒപ്പം ഡൈനിങ്ങ് ടേബിളിൽ ബ്രേക്ക്ഫാസ്റ്റ് നിരത്തി കൊണ്ടിരുന്ന എമി അവനെ കണ്ടതും അമർത്തി ചിരിച്ചു. അത് കണ്ടവൻ അവളെ ഒന്ന് കൂർപ്പിച്ച് നോക്കി ചെയർ വലിച്ചിട്ട് ഇരുന്നു. ഇന്നും പുട്ടാണോ????? പ്ലേറ്റിൽ വിളമ്പിയ പുട്ട് കണ്ട് ആൽവിച്ചൻ നെറ്റി ചുളിച്ചു. വെച്ച് വിളമ്പി തരുന്നത് കഴിക്കാൻ നോക്കെടാ....... സാറാ അവനോട് പറഞ്ഞു കൊണ്ട് പോളിന് അരികിലായി ഇരുന്നു. അമ്മച്ചിക്ക് വെറൈറ്റി ആയിട്ട് എന്തെങ്കിലും ഉണ്ടാക്കിക്കൂടെ???? ഈ പുട്ട് കഴിച്ച് കഴിച്ചാണ് ഡാഡി ഇങ്ങനെ ഒരു അൽ തള്ളിസ്റ്റ് ആയിപോയത്. കയ്യിലിരുന്ന പപ്പടം വായിലേക്ക് കുത്തിക്കയറ്റി കൊണ്ട് ആൽവിച്ചൻ പറയുന്നത് കേട്ട് പോൾ തലയുയർത്തി നോക്കി. അല്ല എനിക്ക് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുവാ എല്ലാം എന്റെ നെഞ്ചത്തോട്ട് കയറ്റുമ്പൊ നിനക്ക് എന്ത് സുഖാടാ കിട്ടുന്നത്????? ഇതെല്ലാം ഒരു എന്റർടൈൻമെന്റ് ഡാഡി.

നല്ലതാടാ സ്വന്തം അപ്പനിട്ട് തന്നെ താങ്ങണം. നിനക്ക്‌ വേണ്ടി ഞാൻ എന്തോരം ത്യാഗം സഹിച്ചിട്ടുണ്ട് എന്നറിയോ????? നന്ദി വേണമെടാ നന്ദി. ഡാഡി സഹിച്ച ത്യാഗത്തിന്റെ എവർറോളിംഗ് ട്രോഫി ആയിരിക്കും അല്ലെ ഈ ഇരിക്കുന്ന രണ്ടെണ്ണം????? ടേബിളിൽ ഇരുന്ന് വെട്ടിവിഴുങ്ങുന്ന അച്ചുവിനെയും അനുവിനെയും ചൂണ്ടി ആൽവിച്ചൻ ചോദിച്ചതും അയാളൊന്ന് ഇളിച്ചു. സാറാമ്മേ കഞ്ഞി ആയില്ലെടീ????? അടുക്കളയിലേക്ക് നോക്കി അയാൾ വിളിച്ചുകൂവി. ഡാഡി രാവിലെ തന്നെ കഞ്ഞിയാണോ കുടിക്കാൻ പോവുന്നത്?????? എമിയുടെ ആയിരുന്നു ആ സംശയം. അത് കേട്ടതും എല്ലാവരും വാ പൊത്തി ചിരിക്കാൻ തുടങ്ങി. പോൾ അവളെ നോക്കി പല്ല് കടിച്ചു കൊണ്ട് എഴുന്നേറ്റ് പോയി. ശെടാ ഇതിപ്പൊ ഞാനെന്ത് ചെയ്തിട്ടാ???? എമി സംശയത്തോടെ അയാൾ പോയ വഴിയേ നോക്കി ആരോടെന്നില്ലാതെ പറഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സോഫയിൽ ഇരിക്കുന്ന പോളിന്റെ കയ്യിൽ പിടിച്ച് നിലത്ത് മുട്ടുകുത്തി ഇരിക്കുന്ന അനുവിനെ കണ്ടാണ് എല്ലാവരും അങ്ങോട്ട്‌ വരുന്നത്. ആ കാഴ്ച കണ്ടതും എമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ഡാഡി...........

വേദനയോടെ അതിൽപ്പരം പരിഭവത്തോടെ അവളെ അയാളെ വിളിച്ചു. അയാൾ അവളെ നോക്കിയില്ല. എന്നോട് എന്തെങ്കിലും മിണ്ട് ഡാഡി..... ഡാഡി ഇങ്ങനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇരിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല....... ഞാൻ ഡാഡിയുടെ അനൂട്ടി അല്ലെ????? എന്നോട് ഇങ്ങനെ പിണങ്ങി ഇരിക്കല്ലേ........ ഡാഡി ഇനിയും എന്നെ വേണമെങ്കിൽ തല്ലിക്കോ പക്ഷെ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ...... എന്റെ നെഞ്ച് ഒക്കെ വേദനിക്കുവാ......... ഇനി ഞാൻ ഒരിക്കലും എന്റെ ഡാഡിയെ വേദനിപ്പിക്കില്ല എന്നോട് ക്ഷമിക്ക് ഡാഡി........... അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് അതിൽ മുഖം ചേർത്ത് വെച്ചവൾ കരഞ്ഞു. തന്റെ മകളുടെ കരച്ചിൽ കണ്ടതും അയാളുടെ നെഞ്ച് പിടഞ്ഞു. എങ്കിലും അത് പുറമെ കാണിക്കാതെ അയാൾ ഗൗരവത്തിൽ തന്നെ ഇരുന്നു. ഒന്ന് പറ ഇച്ചായാ എന്നോട് ഒന്ന് മിണ്ടാൻ പറ........ അയാളിൽ നിന്ന് പ്രതികരണം കാണാതെ അവൾ എഴുന്നേറ്റ് അടുത്ത് നിന്ന ആൽവിച്ചനെ പിടിച്ച് കുലുക്കി കൊണ്ടവൾ കരഞ്ഞതും ആൽവിയുടെ കണ്ണുകളും അറിയാതെ ഈറനണിഞ്ഞു.

തന്റെ കുഞ്ഞി പെങ്ങളാണ്. പിണങ്ങിയും ഇണങ്ങിയും തന്റെ കയ്യിൽ തൂങ്ങി നടന്ന കുറുമ്പി പെണ്ണാണ്. എന്തൊക്കെ തെറ്റ് കാണിച്ചാലും വെറുക്കാൻ കഴിയില്ല. ആൽവി അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു. അവൾ വീണ്ടും കരച്ചിലോടെ പോളിന്റെ മടിയിലേക്ക് തന്നെ വീണു. ആ കാഴ്ചകൾ കണ്ട് നിൽക്കവെ അറിയാതെ പോലും എമിയുടെ നോട്ടം അച്ചുവിൽ ചെന്നെത്തി. നിർവികാരനായി എല്ലാം നോക്കി നിൽക്കുന്നുണ്ടെങ്കിലും അവന്റെ ഉള്ളം നീറുന്നത് അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. സ്വന്തം അനിയത്തി പൊഴിക്കുന്ന ഓരോ കണ്ണുനീരിനും ആ ഹൃദയം വേദനിക്കുന്നുണ്ട്. എന്തിനേറെ അനുവിനെ തല്ലിയ അന്ന് പോലും ആ കണ്ണുകളിൽ വേദന നിറയുന്നത് താൻ കണ്ടിരുന്നില്ലേ?????? തിരികെ വെറുപ്പ് മാത്രമാണ് കിട്ടുന്നത് എന്നറിഞ്ഞിട്ടും അവളുടെ വേദനകളിൽ സ്വയം നീറുന്നു. എങ്ങനെ കഴിയുന്നു അനു നിനക്കീ പാവത്തിനെ വെറുക്കാൻ????? ഉള്ളിന്റെ ഉള്ളിൽ വേദനയോടെ ചോദിച്ചു കൊണ്ടവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. എന്തിനും കൂട്ടായി ഞാനുണ്ടാകും എന്ന ഉറപ്പ് പോലെ.

എന്നോട് ഒന്ന് ക്ഷമിക്ക് ഡാഡി....... പൊട്ടിക്കരച്ചിലോടെ അവൾ അയാളുടെ മടിയിൽ കിടന്ന് പുലമ്പി. ആ കണ്ണുനീരിന് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയില്ല എന്നുറപ്പായതും അയാൾ മുഖം തിരിച്ചു. ശരി ഞാൻ നിന്നോട് ക്ഷമിക്കാം........ നീണ്ട നേരത്തെ മൗനത്തിനെ ഭേദിച്ച് അയാൾ പറഞ്ഞതും നിറഞ്ഞ കണ്ണുകളോടെ സന്തോഷത്തോടെ അവൾ തലയുയർത്തി അയാളെ നോക്കി. പക്ഷെ അതിനാദ്യം നീ എമിയോട് ക്ഷമ ചോദിക്കണം അതുപോലെ അച്ചുവിനോടും നീ ക്ഷമ ചോദിച്ച് പഴയത് പോലെ സംസാരിക്കണം എന്റെ മക്കൾ പരസ്പരം മിണ്ടാതെ ഇങ്ങനെ കഴിയുന്നത് കണ്ട് നിൽക്കാൻ എന്നെകൊണ്ട് കഴിയുന്നില്ല. ഇത് രണ്ടും സാധ്യമാണെങ്കിൽ മാത്രം നിന്നെ എന്റെ പഴയ അനൂട്ടിയായി ഞാൻ കാണാം. ഉറച്ച സ്വരത്തിൽ അയാൾ പറഞ്ഞതും അവളുടെ മുഖത്തെ സന്തോഷം എങ്ങോ പോയി ഓടി മറഞ്ഞു. ഇരുണ്ട മുഖത്തോടെ അവൾ അയാളിൽ നിന്ന് വിട്ടുമാറി നിന്നു. എന്തേ പറ്റില്ലേ?????? പരിഹാസത്തോടെ ആയിരുന്നു ആ ചോദ്യം. അവൾ ഇല്ല എന്നർത്ഥത്തിൽ തല ചലിപ്പിച്ചു.

എങ്കിൽ എന്റെ പെരുമാറ്റത്തിലും യാതൊരു ദയയും പ്രതീക്ഷിക്കണ്ട. അറുത്ത് മുറിച്ച് അയാൾ പറഞ്ഞതും അവൾ അസ്വസ്ഥതയോടെ അച്ചുവിനെയും അവന് അരികിൽ നിൽക്കുന്ന എമിയേയും നോക്കി. ചെകുത്താനും കടലിനും നടുവിൽ പെട്ടത് പോലെ ആയിരുന്നു അവളുടെ അവസ്ഥ. പോളിന്റെ പിണക്കം മാറ്റുകയും വേണം എന്നാൽ അച്ചുവിനോടും എമിയോടും ക്ഷമ പറയാനും വയ്യാ. ഒരു തീരുമാനം എടുക്കാനാവാതെ അവൾ ഉഴറി. ഏറെ നേരത്തെ ആലോചനങ്ങൾക്കൊടുവിൽ മനസ്സില്ലാ മനസ്സോടെ അവൾ അവർ ഇരുവർക്കും മുന്നിൽ ചെന്ന് നിന്നു. എല്ലാവരും ആകാംഷയോടെ അവരെ നോക്കി നിന്നു. അനു അച്ചുവിന് നേരെ നോക്കാതെ എമിയെ ഒന്ന് തുറിച്ച് നോക്കി. എമിയുടെ മുഖത്തെ പുഞ്ചിരി അവളിൽ വൈരാഗ്യം നിറച്ചു. കടപ്പല്ലിൽ ദേഷ്യം തീർത്തവൾ പറയാൻ ആഞ്ഞു. സോ........ വേണ്ട. അവളെ പറയാൻ അനുവദിക്കാതെ അച്ചു ശബ്ദമുയർത്തി. മനസ്സിൽ പക വെച്ച് ആരും ക്ഷമ പറയണം എന്നില്ല.

അങ്ങനെ ഒരു മാപ്പ് പറച്ചിൽ എനിക്കോ ഇവളൊക്കോ കേൾക്കേണ്ടതില്ല. തിരിച്ചറിവ് എന്നൊന്നുണ്ട് അത് വരാതെ ആരെന്ത് പറഞ്ഞിട്ടും കാര്യമില്ല. സ്വന്തം തെറ്റുകൾ എന്ന് തിരിച്ചറിയുന്നോ അന്ന് ഇവൾ വരും എന്നെ തേടി ആരും പറയാതെ തന്നെ. അന്നേ ഇവളെ ഞാൻ പഴയ എന്റെ അനു ആയി കാണൂ. ഇത് എന്റെ തീരുമാനം ആണ്. ഇവൾ എന്നോട് ക്ഷമ ചോദിക്കണം എന്ന ആവശ്യം മുന്നോട്ട് വെച്ച ഡാഡി കേൾക്കാനാണ് ഞാൻ ഈ പറയുന്നത് ആരും ആരെയും ഒന്നിനും നിർബന്ധിക്കേണ്ടതില്ല. ഡാഡിക്ക്‌ ഇവളോട് ക്ഷമിക്കാം ക്ഷമിക്കാതെ ഇരിക്കാം പക്ഷെ അതിലേക്ക് എന്നെ വലിചിഴക്കരുത്. ആത്മാർത്ഥത ഇല്ലാത്ത സോറി എന്ന ഒരു വാക്ക് എനിക്ക് കേൾക്കേണ്ടതില്ല. എനിക്ക് മാത്രമല്ല ഇവൾക്കും. അത്ര മാത്രം പറഞ്ഞു കൊണ്ടവൻ എമിയുടെ കൈപിടിച്ച് പുറത്തേക്ക്‌ നടന്നു..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story