ഹൃദയതാളമായ്: ഭാഗം 74

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

റോണിക്കൊപ്പം വന്നിറങ്ങുന്ന എമിയെ കണ്ടതും നിവി ഓടി അവൾക്കരികിൽ എത്തി. മുന്നിൽ വന്ന് നിന്ന ഉടൻ അവൾ എമിയെ പിടിച്ച് മറിച്ചും തിരിച്ചും നിർത്തി നോക്കാൻ തുടങ്ങി. എന്താടി പുല്ലേ നിനക്ക് പ്രാന്താണോ???? അവളുടെ പ്രവർത്തി കണ്ട് കൈതട്ടി മാറ്റി എമി ദേഷ്യപ്പെട്ടു. നീ ഞങ്ങളുടെ എമി തന്നെയാണോ എന്നുറപ്പ് വരുത്തിയതാ അല്ല അങ്ങനെ ആയിരുന്നല്ലോ ഇന്നലത്തെ ഡയലോഗ് ഡെലിവറി ഒക്കെ. അത് കേട്ടതും എമി അവളെ നോക്കി നൂറു വാൾട്ടിൽ ഇളിച്ചു കാണിച്ചു. കേട്ടോടാ റോണി ഇവിടെ ഒരുത്തി പറയുവാ ഞാൻ മനസമാധാനമായിട്ട് അവളെ പഠിപ്പിക്കുന്നില്ല പോലും. ആണോടീ????? ആന്നെ...... എന്നാൽ അടിച്ച കാറ്റിന്റെ പ്രശ്നം ആയിരിക്കും. കാറ്റിന്റെ പ്രശ്നമോ????? നിവി കാര്യം മനസ്സിലാവാതെ റോണിയെ നോക്കി. ആടി. ഇന്നലെ ആ പഠിപ്പി അഭിരാമിയുടെ ബുക്കാ ഇവൾക്ക് ഞാൻ കൊണ്ടുപോയി കൊടുത്തത്. അത് നോക്കിയിരുന്നപ്പൊ സ്വാഭാവികമായും പഠിക്കാനുള്ള മോഹം ഇവളിലും വന്ന് കാണണം.

നീയത് വിട്ടേക്ക് ഒറ്റ ദിവസത്തേക്ക് തോന്നുന്ന ഒരു ആവേശം ആണിത് പതിയെ കെട്ടടങ്ങിക്കോളും. റോണി അതും പറഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി. മതി മതി രണ്ടും കൂടി എനിക്കിട്ട് ഊതിയത്. ഇന്നലെ ഇച്ചായനോടുള്ള ദേഷ്യത്തിൽ എന്തൊക്കെയോ ഞാൻ ഇവളോട് പറഞ്ഞു അതിന് ഇങ്ങനെ ഇട്ട് വാരണ്ട ആവശ്യമില്ല. എമി അവരെ നോക്കി ചുണ്ട് ചുളുക്കി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് അല്ലേടീ????? കെട്ട്യോനോടുള്ള ദേഷ്യം അങ്ങേരോട് തീർക്കണം അല്ലാതെ എന്റെ ചെവിക്കല്ല് അടിച്ചു പോവണ മാതിരി തെറി വിളിക്കുവല്ല വേണ്ടത്. നിവി നിന്ന് പല്ല് കടിച്ചു. അങ്ങേരോട് ദേഷ്യം കാണിച്ചാൽ പിന്നെ പിറ്റേന്ന് മുതൽ ഇവൾ വല്ല പറുദയും ഇട്ട് നടക്കേണ്ടി വരും നീയാവുമ്പോ ആ കുഴപ്പം ഇല്ലല്ലോ. റോണി അത് പറഞ്ഞു തീർന്നതും എമി അവനെ കലിപ്പിച്ച് ഒന്ന് നോക്കി. കിട്ടാൻ പോവുന്ന പണി അങ്ങ് ശുക്രനിൽ കണ്ട റോണി ബാഗും തോളിൽ ഇട്ട് ഉസൈൻ ബോൾട്ടിനേക്കാൾ സ്പീഡിൽ ക്ലാസ്സിലേക്ക് ഓടി. നിക്കെടാ പന്നി അവിടെ......... അലറി വിളിച്ചു കൊണ്ട് പുറകെ എമിയും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അരുന്ധതി മിസ്സിന്റെ വായിൽ നിന്ന് ഇംഗ്ലീഷ് അനർഗ്ഗനിർഗ്ഗളം പ്രവഹിച്ചു കൊണ്ടിരുന്നു. ഇതൊക്കെ കേട്ട് കിളി പോയി ഇരിക്കുകയാണ് എല്ലാവരും. എമിയുടെ കാര്യം പിന്നെ പറയുകേ വേണ്ട. നേരാവണ്ണം കോളേജിൽ വന്നവരുടെ അവസ്ഥ ഇതാണെങ്കിൽ ഒരു മാസത്തോളം ലീവും എടുത്ത് അത് കഴിഞ്ഞ് വന്നിരിക്കുന്ന അവളുടെ അവസ്ഥ പറയാനുണ്ടോ???? തലയിൽ നിന്ന് പറന്ന് പോയ കിളകൾ പച്ചയാണോ മഞ്ഞയാണോ എന്ന കൺഫ്യൂഷനിൽ ആണവൾ. അവസാനം ഇത് നമുക്ക് പറ്റിയ പണിയല്ല എന്ന് തിരിച്ചറിഞ്ഞ എമി ബാഗിൽ നിന്ന് കപ്പലണ്ടി എടുത്ത് കഴിക്കാൻ തുടങ്ങി. ആഹാ ഫുൾ സെറ്റ്അപ്പ്‌ ആണല്ലോ മോളെ???? പാത്രത്തിൽ കയ്യിട്ട് കപ്പലണ്ടി പെറുക്കി എടുക്കുന്നതിനടിയിൽ നിവി പറഞ്ഞു. അമ്മച്ചി ഉണ്ടാക്കി തന്നതാടി..... ആഹാ എന്ത് നല്ല അമ്മായിയമ്മ. മരുമകൾക്ക് ക്ലാസ്സിനിടയിൽ കൊറിക്കാൻ കപ്പലണ്ടി പൊതിഞ്ഞു കെട്ടി കൊടുത്തുവിടുന്ന വിശാലമനസ്കയായ അമ്മായിയമ്മ. സാറാന്റി മാസ്സാണ്. കപ്പലണ്ടി കൊറിച്ചു കൊണ്ടവൾ പറഞ്ഞു. ഒറ്റയ്ക്ക് തിന്നാതെ എനിക്ക് കൂടി താടി വേളകളെ.....

പുറകിൽ നിന്ന് റോണിയുടെ ശബ്ദം കേട്ടതും അരുന്ധതി മിസ്സ്‌ അറിയാതെ അവന് നേരെ പാത്രം നീട്ടി. വേഗം എടുക്കടാ അലവലാതി..... ശബ്ദം താഴ്ത്തി എമി പറഞ്ഞതും റോണി അതിൽ നിന്ന് പകുതിയും വാരി എടുത്ത് പോക്കെറ്റിലും കയ്യിലുമായി പിടിച്ചു. പാത്രം തിരികെ കിട്ടുമ്പോൾ അതിൽ കിടക്കുന്ന കപ്പലണ്ടിയുടെ എണ്ണം കണ്ടതും അവർ രണ്ടുപേരും അവനെ നോക്കി പല്ല് കടിച്ചു. കാര്യം മനസ്സിലായതും അവനൊന്ന് ഇളിച്ചു. ഓസിന് കിട്ടിയാൽ ആസിഡും വിഴുങ്ങിക്കോളും ഏപ്പരാച്ചി....... അവനെ കലിപ്പിച്ചു നോക്കി എമി തിരിഞ്ഞിരുന്നു. പുല്ല്... ഇതിന്റെ തൊലി കളയാൻ എന്ത് പാടാ. നിനക്ക് അതൊന്ന് കളഞ്ഞിട്ട് കൊണ്ടുവരാൻ പാടില്ലായിരുന്നോ???? ആടി ചുമന്നു കൊണ്ടുവന്ന് തരുന്നതും പോരാഞ്ഞിട്ട് ഇനി ഞാൻ ഇനി തൊലി കൂടി കളഞ്ഞ് അണ്ണാക്കിലോട്ട് കൂടി കമത്തി തരാം. മിണ്ടാതെ ഇരുന്ന് കുത്തിക്കേറ്റടി മരപ്പട്ടി.

അത് കേട്ടതും അവളെ നോക്കി ചുണ്ട് കോട്ടി നിവി വീണ്ടും പോളിംഗ് തുടങ്ങി. എടീ........ മ്മ്മ്മ്.......... അരുന്ധതി മിസ്സിന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റാതെ തന്നെ അവൾ മൂളി. ഞാനൊരു കാര്യം ചോദിക്കട്ടെ???? നിവി മുഖവുരയോടെ അവളോട് മെല്ലെ ചോദിച്ചു. ചോദിക്ക്....... ഫോൺ വിളിക്കുമ്പൊ പലപ്പോഴും ചോദിക്കണം ചോദിക്കണം എന്ന് വിചാരിച്ചതാ നിന്റെ കണവൻ അടുത്ത് കാണുമോ എന്നൊരു പേടി. പിന്നെ എല്ലാം നേരിട്ട് അറിയാനുള്ള ഒരു ത്വര അതാ ഇതുവരെ ചോദിക്കാതെ ഇരുന്നത്. നീ വളച്ചുകെട്ടാതെ ചോദിക്കുന്നുണ്ടെങ്കിൽ ചോദിക്ക്. അതേ........ ആഹ്........ നിങ്ങളുടെ ഫസ്റ്റ് നൈറ്റ് എങ്ങനെ ഉണ്ടായിരുന്നു????? ഒരു നാണത്തോടെ അവൾ ചോദിച്ചു തീർന്നതും എമി ഒരൊറ്റ ആട്ടായിരുന്നു. പ്ഫാ........ What's going on there????? Emi just stand up. അരുന്ധതി മിസ്സിന്റെ ശബ്ദം ഉയർന്നതും എമി നിവിയെ നോക്കി കണ്ണുരുട്ടി എഴുന്നേറ്റ് നിന്നു. ഞാൻ എവിടെയാ പഠിപ്പിച്ച് നിർത്തിയത്????? ഗൗരവത്തിൽ കൈകെട്ടി നിന്നവർ അവളെ നോക്കി. അത് മിസ്സിന് അറിയില്ലെങ്കിൽ പിന്നെ ഞാനെങ്ങനെ അറിയാനാ????

നിഷ്ക്കളങ്കമായി അവൾ തിരികെ ചോദിക്കുന്നത് കേട്ടതും ക്ലാസ്സിൽ കൂട്ട ചിരി മുഴങ്ങി. Silence.......... അവർ ദേഷ്യത്തോടെ ഉച്ചത്തിൽ അലറിയതും എല്ലാവരും നിശബ്ദമായി. എന്തിനാ നീയൊക്കെ രാവിലെ കെട്ടിയെഴുന്നള്ളി ഇങ്ങോട്ട് വരുന്നത്. കല്യാണം കഴിച്ചെങ്കിൽ വീട്ടിൽ കുത്തിയിരിക്കണം മറ്റുള്ളവരെ ശല്യം ചെയ്യാൻ ഒരുങ്ങികെട്ടി വന്നോളും. ഇത് തന്നെയാ ഞങ്ങൾക്ക് മിസ്സിനോടും പറയാനുള്ളത്. കല്യാണം കഴിഞ്ഞവർ എല്ലാം വീട്ടിൽ കുത്തിയിരിക്കണമെങ്കിൽ ആദ്യം മിസ്സ്‌ അത് കാണിച്ചു തന്ന് മാതൃകയായി മാറണം. എമി അത് പറഞ്ഞു നിർത്തിയതും ചിരിയും കയ്യടിയും ചൂളമടിയും എല്ലാം ക്ലാസ്സിൽ മുഴങ്ങി. You shut up and get lost........... ഉറഞ്ഞു തുള്ളിക്കൊണ്ടവർ അലറിയതും എമി അവരെ പുച്ഛിച്ചു തള്ളി ബാഗും എടുത്ത് വെളിയിലേക്കിറങ്ങി. പുറകിൽ അപ്പോഴും കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് അക്രോശങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഒറ്റയ്ക്ക് ഗെറ്റ് ഔട്ട്‌ അടിച്ചു കിട്ടിയത് കൊണ്ട് ആകെ ശോകം അവസ്ഥയിൽ ആയിരുന്നു അവൾ.

ക്യാന്റീനിലേക്ക് പോവാം എന്ന് കരുതിയാൽ ഒറ്റയ്ക്ക് പോയി പുട്ടടിച്ചു എന്ന് പറഞ്ഞ് രണ്ടെണ്ണവും കൂടി കൊന്ന് കൊലവിളിക്കും. ഐഡിയ ലൈബ്രറിയിൽ പോയി എഴുതാനുള്ള നോട്ട്സ് കംപ്ലീറ്റ് ആക്കിയാൽ വീട്ടിൽ പോയി ജോക്കുട്ടന്റെ കൂടെ പോയി കളിക്കാം. എന്റെ എമീ നിന്റെ ബുദ്ധി വിമാനം ആടി വിമാനം. I am proud of me. സ്വയം പൊങ്ങി അവൾ ലൈബ്രറിയിലേക്ക് വെച്ച് പിടിച്ചു. അവിടെ ചെന്നപ്പോൾ ഒരീച്ച പോലും അവിടെയില്ല. അത് കണ്ടതും അവൾ ഒന്ന് നിശ്വസിച്ചു കൊണ്ട് ഒഴിഞ്ഞ ഒരു കോണിൽ പോയിരുന്ന് എഴുതാൻ തുടങ്ങി. എഴുതി പകുതി ആവുമ്പോഴാണ് മുന്നിൽ ആരോ ഇരിക്കുന്നത് പോലെ തോന്നുന്നത് തലയുയർത്തി നോക്കവെ ഒരു അവിഞ്ഞ ഇളിയോടെ ഇരിക്കുന്ന അക്ഷയെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. നീ ഇന്ന് ക്ലാസ്സിൽ കയറിയില്ലേ????? സംശയത്തോടെ പേന കറക്കി കൊണ്ടവൾ ചോദിച്ചു. കയറിയതാ നിന്നെ ഇറക്കി വിട്ടതിന്റെ പുറകെ ഹാലിളകിയ ആ തള്ള ക്ലാസ്സിൽ ഇരുന്ന് ഉറക്കം തൂങ്ങിയ എന്നെയും പടിയടച്ച് പിണ്ഡം വെച്ചു.

ക്ലാസ്സിൽ നിന്ന് എന്തായാലും വെളിയിലായി നീയുണ്ടെങ്കിൽ ഒരു കമ്പനി ആവുമല്ലോ എന്ന് കരുതി നിന്നെയും തപ്പി ഇറങ്ങിയതാ. ആദ്യം പോയത് ക്യാന്റീനിൽ ആയിരുന്നു അവിടെ കാണാഞ്ഞപ്പോ നിങ്ങൾ സ്ഥിരം ഇരിക്കുന്ന നെല്ലിയുടെ ചോട്ടിൽ കാണുമെന്ന് കരുതി അവിടെയും കാണാതെ ആയപ്പോൾ നീ തിരിച്ച് വീട്ടിൽ എങ്ങാനും പോയോ എന്ന് സംശയിച്ചു. എല്ലായിടത്തും തപ്പി അവസാനം ഉറപ്പില്ലെങ്കിൽ കൂടി ഇങ്ങോട്ട് പോന്നത് അപ്പൊ ദാ ഇവിടെ ഇരുന്ന് ഒരാൾ ഒടുക്കത്തെ എഴുത്ത്. അവൻ ചിരിയോടെ പറയുന്നത് കേട്ടവൾ പുഞ്ചിരിച്ചു. അല്ല നീ എപ്പോഴാ നന്നായെ???? അല്ല ഈ എഴുത്ത് കണ്ട് ചോദിച്ചതാണേ.... നന്നായെങ്കിൽ എനിക്ക് ഇവിടെ വന്നിരിക്കേണ്ട ഗതി വരുമായിരുന്നോ??? ഇതുവരെ മിസ്സായ നോട്ട്സും റെക്കോർഡും കംപ്ലീറ്റ് ആക്കുവായിരുന്നു അല്ലാതെ ഞാൻ പഠിക്കാനോ നെവർ. ഇപ്പൊ പറഞ്ഞത് കറക്റ്റ് അല്ലെങ്കിൽ നീ കളളം പറയുവാണെന്ന് വിചാരിച്ചേനെ. അക്ഷയ് കളിയാക്കി പറഞ്ഞു. ഊതല്ലേ മോനെ...... എന്തായാലും നീ കമ്പനി തരാൻ വന്ന സ്ഥിതിക്ക് നിരാശനായി വെറുതെ ഇരിക്കണ്ട ദേ ഈ നോട്ട് അങ്ങോട്ട്‌ എഴുതി തന്നേര്.

ഞാൻ അപ്പോഴേക്കും എന്റെ റെക്കോർഡ് കംപ്ലീറ്റ് ആക്കട്ടെ. അതും പറഞ്ഞവൾ നോട്ട് എടുത്ത് അവന്റെ കയ്യിൽ കൊടുത്തു. മൊതലെടുക്കുവാണല്ലേ????? അത് കേട്ടവൾ ഒന്ന് ഇളിച്ചു. അല്ല പേന കയ്യിൽ ഉണ്ടല്ലോ അല്ലെ???? എന്റെ കയ്യിൽ ഇല്ലാഞ്ഞിട്ടല്ല മഷി തീരുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാ.... അയ്യോ എന്റെ കയ്യിലെ പേന കൊണ്ട് എഴുതിക്കോളാം എന്റെ പൊന്നോ....... അവൻ തൊഴുതു കൊണ്ട് പറഞ്ഞു. എന്നാലും ഒരു ഐപിഎസുകാരന്റെ ഭാര്യ അല്ലേടി നീ എന്നിട്ട് ഇങ്ങനെ എച്ചിത്തരം കാണിക്കുന്നോ???? നീ പറയണത് കേട്ടാൽ തോന്നും എന്റെ കെട്ട്യോൻ റിസർവ് ബാങ്ക് ഗവർണർ ആണെന്ന് മിണ്ടാതെ ഇരുന്ന് പണിയെടുക്കെടാ..... എമി കല്പ്പിച്ചു. അടിയൻ..... വിനയം വാരി വിതറി അവൻ പറഞ്ഞതും അവൾ ചിരിച്ചു പോയി. ഒന്നും രണ്ടും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിരുന്നവർ എഴുതി തീർത്തു. പീരീഡ് കഴിഞ്ഞ് എമിയേയും തിരഞ്ഞെത്തിയ നിവിയും റോണിയും അവളുടെ കൂടെയിരുന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന അക്ഷയേ കണ്ട് കിളിപോയി നിന്നു. പിന്നെ എമി തന്നെ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയതും പഴയ വിദ്വെഷം ഒന്നും കാണിക്കാതെ അവരും അവനോട് നല്ല രീതിയിൽ സംസാരിച്ചു. കാരണം മറ്റൊന്നും അല്ല

അനുവിന്റെ നീക്കങ്ങൾ അറിയാൻ ഒരാൾ അവരുടെ കൂട്ടത്തിൽ നിന്ന് തന്നെ ഉള്ളത് നല്ലതല്ലേ???? അവസാനം അനുവിന്റെ കണ്ണിൽ പെടുന്നതിന് മുന്നേ അക്ഷയ് അവരോട് ബൈ പറഞ്ഞു പോയി. മൂവർ സംഘം നേരെ ക്യാന്റീനിലേക്കും. അടുത്ത പീരീഡ് ക്ലാസ്സിൽ കയറിയ എമിയെ വരവേറ്റത് ഗാർഡിയനെ വിളിച്ചോണ്ട് വരാതെ ഇനി ക്ലാസ്സിൽ കയറണ്ട എന്ന കല്പനയായിരുന്നു. അവളത് നേരത്തെ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല. ബാഗും കൊണ്ട് പോവാനിറങ്ങിയതും അവളുടെ ഇടത്തും വലത്തുമായി നിവിയും റോണിയും വന്ന് നിന്നു. ചാകാനാണെങ്കിലും ജീവിക്കാനാണെങ്കിലും ഒരുമിച്ച്. റോണി അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അല്ലാതെ ക്ലാസ്സിൽ ഇരിക്കാനുള്ള മടി കൊണ്ടല്ല. എമി തിരികെ പുച്ഛിച്ചതും രണ്ടും ഇളിച്ച് കാണിച്ചു. ഇനി നിന്നാൽ പിടി വീഴും എന്നറിഞ്ഞ് മൂന്നും പുറത്തേക്കിറങ്ങി. വൈകിട്ട് വരെ അവിടെയും ഇവിടെയും കറങ്ങിതിരിഞ്ഞ് നടന്ന് കോളേജ് വിട്ടതും സാധാരണ പോവുന്നത് പോലെ വീട്ടിലേക്ക് തിരിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

റോണിയുടെ ബൈക്കിന് പുറകിൽ ഇരുന്നു പോവുമ്പൊ അച്ചുവിന്റെ പ്രതികരണം ഓർത്ത് അവൾക്ക് ചെറിയൊരു പേടി തോന്നി. എങ്ങനെ കാര്യം അവനോട് അവതരിപ്പിക്കും എന്ന ടെൻഷനിൽ നഖം കടിച്ചവൾ ഇരുന്നു. ഡീ........ ഡ്രൈവിംഗിനിടയിൽ അവൻ വിളിച്ചു. മ്മ്മ്മ്......... നിനക്ക് പേടിയുണ്ടോ????? ഉണ്ടെന്നും പറയാം ഇല്ലെന്നും പറയാം. അതും പറഞ്ഞവൾ ഒന്ന് നിശ്വസിച്ചു. പിന്നെ നീയെന്തിനാടി ആ തള്ളയെ കേറി ചൊറിയാൻ പോയത്???? പിന്നെ ഞാൻ എന്ത് വേണമായിരുന്നു??? അവർ പഠിപ്പിച്ചപ്പോ ഞാൻ ശ്രദ്ധിച്ചിരുന്നില്ല അത് സമ്മതിച്ചു എന്റെ തെറ്റ് പക്ഷെ ഒരു കാര്യം അവർ പഠിപ്പിക്കുന്നത് മനസ്സിലാവുന്ന ഏതെങ്കിലും ഒരാൾ നമ്മുടെ ക്ലാസ്സിൽ ഉണ്ടോ?????? അവരുടെ ടീച്ചിങ് സ്റ്റൈൽ മാറ്റാൻ പല തവണ നമ്മൾ ആവശ്യപ്പെട്ടതല്ലേ???? എന്നിട്ടും അവർ സ്വയം മാറാതെ നമ്മുടെ മെക്കിട്ട് കേറും. ഇന്ന് തന്നെ കണ്ടില്ലേ കല്യാണം കഴിഞ്ഞാൽ വീട്ടിൽ ഇരിക്കണം പോലും...... ദേഷ്യം വന്നിട്ടാ ഞാൻ അത് പറഞ്ഞത്. തർക്കുത്തരമോ ഗുരു നിന്ദയോ എന്തും ആയിക്കോട്ടെ I don't care.

എനിക്ക് ശരി എന്ന് തോന്നിയത് ഞാൻ പറഞ്ഞു അത്രേ ഉള്ളൂ. അതും പറഞ്ഞവൾ ഓടിമറയുന്ന കാഴ്ചകളിലേക്ക് കണ്ണ് നട്ടു. റോണി പിന്നെ ഒന്നും ചോദിക്കാൻ പോയില്ല. അവളെ കുരിശിങ്കൽ ഗേറ്റിന് മുന്നിൽ കൊണ്ടാക്കിയിട്ട് അവൻ വീട്ടിലേക്ക് തിരിച്ചു. അവൻ പോവുന്നത് നോക്കി നിന്നവൾ ഗേറ്റ് തുറന്ന് അകത്തേക്ക് നടന്നു. മുന്നോട്ട് നടക്കുമ്പോഴെല്ലാം ചിന്തകളിൽ അച്ചുവിനോട്‌ ഇതെങ്ങനെ അവതരിപ്പിക്കും എന്ന സംശയമായിരുന്നു. ചിന്തകൾ കാട് കയറിയപ്പോൾ നടന്നത് എല്ലാം വള്ളി പുള്ളി വിടാതെ പറയാം എന്ന് മനസ്സിൽ ഉറപ്പിച്ചവൾ അകത്തേക്കുള്ള പടികൾ കയറി. എന്നാൽ കയറുന്നതിനിടയിൽ പോർച്ചിൽ ഇരുന്ന അച്ചുവിന്റെ ബുള്ളറ്റ് അവളുടെ ശ്രദ്ധയിൽ പെട്ടില്ല. ആലോചനകൾക്ക് വിരാമം ഇട്ട് വാതിൽപ്പടി കടന്ന് അകത്തേക്ക് കയറാൻ തുനിയുമ്പോൾ മുന്നിലെ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story