ഹൃദയതാളമായ്: ഭാഗം 76

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഡിങ്കനെ ജോക്കുട്ടനൊപ്പം വിട്ട് ചായ കുടിക്കാനായി ഇരിക്കുമ്പോഴാണ് ഓപ്പോസിറ്റ് ഇരിക്കുന്ന അനുവിനെ അവൾ കാണുന്നത്. ഇതെപ്പൊ വന്നു????? ഞാൻ ഓഫീസിൽ നിന്ന് വരുമ്പൊ കൂട്ടിക്കൊണ്ട് പോന്നതാ. എമി മനസ്സിൽ കണ്ടതിന് മറുപടി എന്ന പോൽ ആൽവി അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു. അപ്പോഴാണ് എമിക്ക് നാളെത്തെ കാര്യം ഓർമ വരുന്നത്. ഡിങ്കനെ കണ്ടപ്പൊ അതെല്ലാം മറന്നു പോയിരുന്നു. അനുവിന്റെ മുഖഭാവം കണ്ടതും എമിക്ക് അപകടം മണുത്തു. അവൾക്ക് ഇതൊരു തുറുപ്പ് ചീട്ടാണ്. അനുവായിട്ട് പറയുന്നതിന് മുൻപ് അച്ചുവിനെ എങ്കിലും ഇതറിയിക്കണം എന്നവൾക്ക് തോന്നി. ഇച്ചായാ.......... അവൾ അടുത്തിരുന്ന അച്ചുവിനെ തോണ്ടി വിളിച്ചു. മ്മ്മ്മ്....... എന്തെന്നർത്ഥത്തിൽ അവൻ അവളെ നോക്കി. അത് പിന്നെ ഇച്ചായാ നാളെ........ എനിക്കൊരു കാര്യം എല്ലാവരോടും പറയാനുണ്ട്.

എമി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അനുവിന്റെ ശബ്ദം ഉയർന്നു. അത് കേട്ടതും എല്ലാവരും അവളെയൊന്ന് നോക്കി. അച്ചു അതൊന്നും ശ്രദ്ധിക്കാതെ എമിയുടെ മുഖത്തെ വെപ്രാളവും പരവേശവും നോക്കി കാണുകയായിരുന്നു. എല്ലാവർക്കും എന്നെ അല്ലെ കണ്ണിന് പിടിക്കാത്തത്. ഞാൻ എല്ലാവരുടെയും മുന്നിൽ അനുസരണയില്ലാത്തവൾ അഹങ്കാരി തന്നിഷ്ടക്കാരി. എവിടെന്നോ വലിഞ്ഞു കയറി വന്നവർ എല്ലാവരുടെയും കണ്ണിലുണ്ണി. കോളേജിൽ ഞാനുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക്‌ എന്റെ മെക്കിട്ട് കയറാൻ എല്ലാവർക്കും ഉത്സാഹം ആണല്ലോ???? ഇന്ന് ദേ ഇവൾ അവിടെ കാട്ടിക്കൂട്ടിയ തോന്നിയവാസം ചോദ്യം ചെയ്യാൻ ആരുടേയും നാവ് പൊങ്ങില്ലല്ലേ????? മിസ്റ്റർ അഗസ്റ്റി പോൾ ഐപിഎസ് കേൾക്കാനാ ഞാനീ പറയുന്നത്...... എമിക്ക്‌ നേരെ വിരൽ ചൂണ്ടി പുച്ഛത്തോടെ അവൾ അച്ചുവിനെ നോക്കി. എല്ലാവരും ഇതിപ്പൊ എന്താ കഥ എന്നർത്ഥത്തിൽ അവളെയും എമിയേയും മാറി മാറി നോക്കി. എല്ലാം കയ്യീന്ന് പോയി എന്ന കണക്ക് ആരെയും നോക്കാതെ എമി കണ്ണുകൾ ഇറുകെ പൂട്ടി.

അച്ചു അപ്പോഴും അവളുടെ ഓരോ ഭാവങ്ങളും ശ്രദ്ധിക്കുകയായിരുന്നു. നീ എന്നതൊക്കെയാ ഈ പറയുന്നത്??? സാറാ നെറ്റിച്ചുളിച്ച് അവളെ നോക്കി. അപ്പൊ ആരും ഒന്നും അറിഞ്ഞില്ലേ???? നാളെ ഗാർഡിയനെ വിളിച്ചോണ്ട് വരാതെ ക്ലാസ്സിൽ കയറണ്ട എന്നാ പുന്നാര മരുമകളോട് മിസ്സ്‌ പറഞ്ഞിരിക്കുന്നത്. അത് കേട്ട് സാറാ ശരിയാണോ എന്നർത്ഥത്തിൽ എമിയെ ഒന്ന് നോക്കി. അവൾ ദയനീയമായി ഒന്ന് തലയാട്ടി. ഇവൾ ഇതുവരെ നിങ്ങളോട് ഒന്നും പറഞ്ഞില്ലേ????? അല്ല എങ്ങനെ പറയാനാണ് അല്ലെ???? അനു പുച്ഛത്തോടെ മുഖം കോട്ടി. എന്തിനാണ് ഈ ശിക്ഷ എന്നറിയണ്ടേ??? പഠിപ്പിച്ചുകൊണ്ടിരുന്ന ക്ലാസ്സ്‌ തടസ്സപ്പെടുത്തുക അത് ചോദ്യം ചെയ്ത മിസ്സിനെ തർക്കുത്തരം പറഞ്ഞ് എല്ലാവർക്കും മുന്നിൽ അപമാനിക്കുക എന്നീ വീര കൃത്യങ്ങൾ ചെയ്തിട്ടാണ് അമ്മച്ചിയുടെ പൊന്നോമന മരുമകൾ ദേ ഇവിടെ വന്നിരിക്കുന്നത്. അനുവിന്റെ വാക്കുകളിൽ വീണ്ടും പരിഹാസം നിറഞ്ഞു. എമി തലയുയർത്തി നോക്കാൻ കഴിയാതെ ഇരുന്നു പോയി. സാറായുടെയും മുഖത്ത് അവിശ്വസനീയത നിറഞ്ഞു. എന്തേ ആരും അഭിനന്ദിക്കാത്തത്????

എല്ലാവരും കയ്യടിക്ക് എന്നിട്ട് ഇതെല്ലാം കാണിച്ചു വെച്ച ഇവളെ പ്രോത്സാഹിപ്പിക്ക് എന്നാലല്ലേ ഇതിലും നന്നായി ഇവൾക്ക് പെർഫോം ചെയ്യാൻ കഴിയൂ...... പറയുന്നതിനൊപ്പം അവൾ ചെയറിൽ നിന്ന് എഴുന്നേറ്റ് നിന്നു. എന്തേ ആർക്കും മിണ്ടാട്ടം ഇല്ലാത്തത്???എല്ലാവരും കൂടി പൊക്കി തലയിൽ എടുത്ത് വെച്ച് നടക്കുവായിരുന്നല്ലോ ഇപ്പൊ ഒന്നും പറയാനില്ലേ????? എന്റെ കരണത്ത് അടിക്കാൻ ഇവിടെ പലർക്കും ഉത്സാഹം ആയിരുന്നല്ലോ ഇപ്പൊ സ്വന്തം ഭാര്യയുടെ നേർക്ക് കൈപൊക്കാൻ കഴിയുന്നില്ലേ???? ആരുടെയും പ്രതികരണം കാണാതായതും അനു കത്തിക്കയറി. അത്രയും നേരം മിണ്ടാതെ ഇരുന്ന അച്ചു അവളെയൊന്ന് നോക്കി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു. കഴിഞ്ഞോ????? മുന്നിൽ നിന്ന് ദേഷ്യത്താൽ കിതയ്ക്കുന്ന അനുവിനെ നോക്കി പുച്ഛത്തോടെ അവൻ ചോദിച്ചു. അത് വരെ നിന്ന് ഉറഞ്ഞു തുള്ളിയ അനു ആ ചോദ്യത്തിന് മുന്നിൽ ചെറുതായി ഒന്ന് പതറി.

എന്ന് മുതലാണാവോ എന്റെ മുന്നിൽ നിൽക്കുന്ന നീ പുണ്യാളത്തി ആയത്????? ടീച്ചർ ശിക്ഷിച്ചതിന്റെ പേരിൽ ബാലാവകാശ കമ്മീഷന് പരാതി കൊടുത്ത ആൾ തന്നെ ആണല്ലോ അല്ലെ ഈ ഘോരംഘോരം പ്രസംഗിക്കുന്നത്????? പരിഹാസത്തോടെ അവൻ ചോദിക്കുന്നത് കേട്ടതും അവൾക്ക്‌ ഉത്തരം മുട്ടി. ഇതല്ല ഇതിനപ്പുറം തറ വേലകൾ നീ സ്കൂളിലും കോളേജിലും എല്ലാം കാണിച്ചു കൂട്ടിയിട്ടുണ്ട്. അതെല്ലാം പ്രായത്തിന്റെ കുഴപ്പം എന്ന് പറഞ്ഞ് ഇവിടെ എല്ലാവരും ക്ഷമിച്ചു വിട്ടതുമാണ്. പിന്നെ നിന്നെ കൈനീട്ടി അടിച്ചത് അത് എന്തിനായിരുന്നു എന്ന് ഓർമ്മയുണ്ടല്ലോ അല്ലെ??? അതോ ഇനിയും ഞാൻ ഓർമ്മപ്പെടുത്തണോ??? ഗൗരവവും പരിഹാസവും നിറഞ്ഞ അവന്റെ വാക്കുകൾ കേൾക്കവെ അറിയാതെ പോലും അവളുടെ കൈ കവിളിലേക്ക് ചലിച്ചു. ഇവിടെ ആരും ആരെയും തലയിൽ ഏറ്റി നടന്നിട്ടില്ല.

അവരെ കണ്ട് പഠിക്ക് ഇവരെ കണ്ട് പഠിക്ക് എന്നൊന്നും പറഞ്ഞിട്ടുമില്ല. നിന്നെക്കാൾ സ്ഥാന കൂടുതലോ കുറവോ ഇവിടെ ആർക്കും കൊടുത്തിട്ടില്ല. ഇനി അഥവാ നിനക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അത് നിന്റെ ഉള്ളിലെ വിഷം കൊണ്ടും കയ്യിലിരിപ്പ് കൊണ്ടുമാണ്. തെറ്റ് ചെയ്താൽ അത് ചോദ്യം ചെയ്യാനും ശിക്ഷ വിധിക്കാനും ഇവിടെ അർഹതപ്പെട്ടവർ ഉണ്ട്‌ അല്ലാതെ മറ്റൊരാളുടെ തെറ്റ് ചൂണ്ടി കാണിക്കാൻ പോലും അർഹതയില്ലാത്ത നീ കൂടുതൽ തിളയ്ക്കുകയൊന്നും വേണ്ട. ആദ്യം സ്വന്തം കണ്ണിലെ കോലെടുത്തു കള എന്നിട്ടാവാം മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കുന്നത്. പുച്ഛത്തോടെ പറഞ്ഞവൻ എമിക്ക് നേരെ തിരിഞ്ഞു. എന്താ ഇന്ന് കോളേജിൽ നടന്നത്????? ഗൗരവത്തോടെ ആയിരുന്നു ചോദ്യം. അത് ചോദിക്കുമ്പോഴുള്ള അവന്റെ കണ്ണിലെ ദേഷ്യം കണ്ട് എമിക്ക് പേടി തോന്നിത്തുടങ്ങി. ആദ്യമായിട്ടാണ് അവന്റെ കണ്ണുകളിൽ അത്ര ദേഷ്യം അവൾ കാണുന്നത്. മുൻപ് പലപ്പോഴും കപട ദേഷ്യം ഒക്കെ പുറത്തെടുക്കാറുണ്ടെങ്കിലും അവന്റെ ഇത്തരമൊരു ഭാവം അവൾക്ക്‌ അപരിചിതമായിരുന്നു.

അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. അവളിൽ നിന്ന് പ്രതികരണം ഒന്നും കാണാതെ ആയതും അവന് ദേഷ്യം പിടിച്ചു തുടങ്ങി. മിണ്ടാതെ നിൽക്കാതെ വാ തുറന്ന് എന്താണെന്ന് വെച്ചാൽ പറയുന്നുണ്ടോ????? ദേഷ്യത്തിൽ അവൻ അലറിയതും പേടി കൊണ്ട് അവളൊന്ന് ഞെട്ടി. എന്താടാ ഇത്???? ഇങ്ങനെ അലറാൻ മാത്രം ഇവിടെ എന്തിരിക്കുന്നു???? സാവധാനം ചോദിച്ചാൽ അവൾ പറയില്ലേ????? സാറാ അൽപ്പം ദേഷ്യത്തിൽ അവനെ നോക്കി. അമ്മച്ചി മിണ്ടാതെ നിൽക്ക്. ഇവൾ പറയട്ടെ ഇന്നെന്താ ഒപ്പിച്ചു വെച്ചതെന്ന്. പറ എമീ........ അൽപ്പം പോലും ഗൗരവം വിടാതെ ആയിരുന്നു അവൻ ചോദിച്ചത്. അത് കേട്ടതും അവൾ അന്ന് നടന്നത് മുഴുവൻ ഒന്നും വിടാതെ എല്ലാവരോടും പറയാൻ തുടങ്ങി. പറയുന്നതിനിടയിൽ സങ്കടം കാരണം പലപ്പോഴും അവളുടെ വാക്കുകൾ ഇടറി പോയിരുന്നു. തൊണ്ടക്കുഴിയിൽ നിന്ന് പുറത്തേക്ക് വരാത്ത വാക്കുകളെ ഒരു വിറയലോടെ കൂട്ടിപ്പെറുക്കി എല്ലാം അവൾ പറഞ്ഞു തീരുമ്പോൾ കണ്ണുകൾ നീർചാലുകൾ തീർത്ത് കഴിഞ്ഞിരുന്നു.

പൊട്ടിവന്ന കരച്ചിൽ ചീളുകളെ അടക്കി നിർത്തി അവൾ ദയനീയമായി എല്ലാവരെയും നോക്കി. അവളുടെ നിൽപ്പ് കണ്ടതും സാറാക്ക് ദേഷ്യവും സങ്കടവും ഇരച്ചു കയറി. ഇതിനായിരുന്നോ ഇവിടെ ഇത്ര വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയത്?????? ഡാ അച്ചൂ ഇവളുടെ നേരെ ഈ ചാടികടിക്കാൻ ചെല്ലുന്ന നീ എന്തൊക്കെ തല്ലുകൊള്ളിത്തരങ്ങൾ പഠിച്ചോണ്ടിരുന്നപ്പോൾ കാണിച്ചിട്ടുണ്ട്???? എന്നിട്ടവൻ പാവം എന്റെ കൊച്ചിന് നേരെ തുള്ളാൻ വരുന്നു. ഈ പ്രായത്തിൽ പിള്ളേർ കാണിക്കുന്നതേ ഇവളും കാണിച്ചിട്ടുള്ളൂ. ഇനി ഇതിന്റെ പേരും പറഞ്ഞ് ഇവിടെ ഒരു സംസാരം വേണ്ട. സാറാ കട്ടായം പറഞ്ഞ് എമിക്ക് നേരെ തിരിച്ചു. നീ വിഷമിക്കാതെ എന്റെ കൊച്ചേ. കാര്യം അറിയാതെ കിടന്ന് തുള്ളുന്നത് അപ്പനും മകൾക്കും പണ്ടേ ഉള്ളതാ. സാറാ അവളെ സമാധാനിപ്പിക്കാൻ പറഞ്ഞു. പക്ഷെ അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു. വല്ലാത്തൊരു സങ്കടം വന്ന് മൂടിയത് പോലെ. ഉള്ളാകെ വല്ലാത്തൊരു നീറ്റൽ പടർന്നു പിടിക്കുന്നു. മനസ്സിലെ വിഷമം താങ്ങാനാവാതെ വിങ്ങി കരഞ്ഞവൾ മുറിയിലേക്ക് ഓടി.

കരഞ്ഞുകൊണ്ട് ഓടി പോവുന്ന എമിയെ കണ്ടതും അച്ചുവിൽ അസ്വസ്ഥത നിറഞ്ഞു. അനു പറയുന്നത് കേട്ടപ്പോൾ പെട്ടെന്ന് ദേഷ്യം തോന്നി. അത് ശരിവെക്കും പോലെ അവൾ തലതാഴ്ത്തി ഇരിക്കുന്നത് കണ്ടപ്പോൾ എന്തോ പണി ഒപ്പിച്ചിട്ട് വന്നിരിക്കുവാണെന്ന് തോന്നി. അതിനിടയിൽ അനുവിന്റെ പ്രസംഗം കൂടി ആയപ്പോൾ എവിടെന്നൊക്കെയോ തരിച്ച് കയറുന്നത് പോലെയാണ് തോന്നിയത്. അനുവിനോടുള്ള കലി തീരാതെ ആയിരുന്നു അവൾക്ക് നേരെ തിരിഞ്ഞത്. ഒന്നും മിണ്ടാതെയുള്ള നിൽപ്പ് കണ്ടപ്പോൾ ഒന്ന് വിരട്ടി എല്ലാം പറയിക്കണം എന്നേ കരുതിയുള്ളൂ അതിനിടയിൽ അവൾ കരയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. അവളുടെ കരഞ്ഞുകൊണ്ടുള്ള ഓടിപോക്ക് ആലോചിക്കും തോറും അവന്റെ നെഞ്ചിൽ ഭാരമേറി. സമാധാനം ആയല്ലോ എല്ലാത്തിനും???? അതിനെ കരയിപ്പിച്ചപ്പോ എല്ലാത്തിന്റെയും നെഞ്ചത്തെ കഞ്ഞി ഇറങ്ങി കാണും. സാറാ ദേഷ്യത്തിൽ അതിൽപ്പരം സങ്കടത്തോടെ പറഞ്ഞു. എല്ലാരേക്കാളും നിനക്ക് അവളെ അറിയാവുന്നതല്ലേ അച്ചൂ എന്നിട്ടാണ് ആ പാവത്തിന്റെ നെഞ്ചത്തേക്ക് കുതിര കയറിയത്. അമ്മച്ചീ ഞാൻ.......

എനിക്കൊന്നും കേൾക്കണ്ട മര്യാദക്ക് ചെന്ന് എന്റെ കൊച്ചിനെ സമാധാനിപ്പിക്കാൻ നോക്ക്. അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവർ പറഞ്ഞു. അത് കേട്ടവൻ അവരെ ഒന്ന് നോക്കി മുകളിലേക്ക് കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ബെഡിൽ കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തി കരയുകയായിരുന്നു എമി. എന്തോ അവൾക്ക് ഒരുപാട് വിഷമം തോന്നി. അച്ചു ദേഷ്യപ്പെട്ടത് ആലോചിക്കും തോറും കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. കരച്ചിലടക്കാൻ ശ്രമിക്കും തോറും കണ്ണുകൾ വാശിയോടെ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. ഉള്ളിൽ ദുഃഖം ഉറഞ്ഞു കൂടി. നെഞ്ചിൽ കൊളുത്തി വലിക്കുന്നത് പോലെ തോന്നി. അണപൊട്ടിയ കരച്ചിൽ ചീളുകൾ ഏങ്ങലുകളായി പുറത്തു വന്നു. മുറിയിൽ എത്തിയ അച്ചു കാണുന്നത് ബെഡിൽ കമന്ന് കിടന്ന് ഏങ്ങലടിച്ചു കരയുന്ന എമിയെയാണ്. ആ കാഴ്ച കാൺകെ അവന് അവനോട് തന്നെ ദേഷ്യം തോന്നി. മെല്ലെ നടന്നവൻ അവൾക്കൊപ്പം ചെന്ന് കിടന്നു. എന്നാൽ അവളതൊന്നും അറിഞ്ഞതേയില്ല. എമീ..............

ആർദ്രമായി അവൻ വിളിക്കുന്നതിനൊപ്പം അവളെ ചുറ്റിപ്പിടിച്ചു. വേണ്ട പോ എന്നെ തൊടണ്ട....... ഏങ്ങലടിയോടെ പറഞ്ഞവൾ അവന്റെ കൈകൾ തട്ടിയെറിഞ്ഞു. എന്നാൽ അതിലും വേഗത്തിൽ അവൻ അവളെ നെഞ്ചിലേക്ക് ചേർത്തിരുന്നു. പോ.... എനിക്ക് കാണണ്ട..... എന്നെ വഴക്കിട്ടില്ലേ?????? പോ...... വാശിയോടെ പറഞ്ഞവൾ അവന്റെ കൈക്കുള്ളിൽ കിടന്ന് കുതറി. അപ്പോഴും കണ്ണുകൾ നിർത്താതെ പെയ്തിറങ്ങി. അവൾ അങ്ങനെയൊക്കെ പറഞ്ഞപ്പൊ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞു പോയതാ അല്ലാതെ എന്റെ പൊടിക്കുപ്പിയോട് ഞാൻ ദേഷ്യം കാണിക്കുവോ????? ഒലിച്ചിറങ്ങുന്ന അവന്റെ കണ്ണുനീർ തുള്ളികളെ തുടച്ചു നീക്കിയവൻ മെല്ലെ പറഞ്ഞു. എന്നെ തൊടണ്ട പോ..... എന്നെ ഇഷ്ടമല്ലാത്തത് കൊണ്ടല്ലേ ദേഷ്യപ്പെട്ടത്.... പോ എനിക്ക് കാണണ്ട... കൊച്ചു കുട്ടികളെ പോലെ പരിഭവത്തോടെ അവന്റെ നെഞ്ചിൽ അടിച്ചും ഇടിച്ചും കൊണ്ടവൾ പുലമ്പി. അത് കേട്ടവൻ വീണ്ടും ശക്തമായി അവളെ ദേഹത്തേക്ക് ചേർത്തു. നീ വന്നിട്ട് ഇത്രയും നേരമായിട്ടും എന്നോട് ഇതിനെപറ്റി ഒരക്ഷരം മിണ്ടിയോ?????

അവളുടെ വായിൽ നിന്ന് അതെല്ലാം കേട്ടപ്പൊ എനിക്ക് ദേഷ്യം വന്നു. നിന്നോട് ചോദിച്ചപ്പോ മിണ്ടാതെ തലയും താഴ്ത്തി നിന്ന് കളഞ്ഞില്ലേ??? അത് കണ്ടപ്പോഴുണ്ടായ സങ്കടത്തിലാ നിന്നോട് ദേഷ്യപ്പെട്ടത് അല്ലാതെ നിന്നോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല. അവൻ ശാന്തമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ഇച്ചായനോട് പറയാൻ തന്നെയാ ഞാൻ വന്നത്. പക്ഷെ അപ്പോഴേക്കും അവൾ ചാടിക്കയറി പറഞ്ഞില്ലേ അതുകൊണ്ടാ എനിക്ക് പറയാൻ പറ്റാതിരുന്നത്. ഏങ്ങലടിച്ചു കൊണ്ട് എണ്ണിപ്പെറുക്കി അവൾ പറയവേ അവന് ഒരേ സമയം അവളോട് സ്നേഹവും വാത്സല്യവും തോന്നിപ്പോയി. സോറി അതെനിക്ക് അറിയില്ലായിരുന്നു. നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകളിൽ മാറി മാറി ചുംബിച്ചവൻ പറഞ്ഞു. തലയും താഴ്ത്തി നിൽക്കുന്നത് കണ്ടപ്പൊ ഒന്ന് വിരട്ടിയാൽ നീ എല്ലാം പറയും എന്ന് തോന്നി. പക്ഷെ ഇങ്ങനെ കരയുമെന്ന് ഞാൻ അറിഞ്ഞില്ല. ഇച്ചായൻ ദേഷ്യപെട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. ദേ ഇവിടെ ഒക്കെ വേദനിക്കുന്നത് പോലെ തോന്നി. സങ്കടം സഹിക്കാൻ വയ്യാതെ വന്നപ്പോഴാ ഞാൻ കരഞ്ഞത്.

നെഞ്ചിൽ തൊട്ടവൾ പറഞ്ഞതും അവന്റെ ഉള്ളിൽ നോവ് പടർന്നു. ഇനി എന്നോട് ദേഷ്യപ്പെടുവോ????? ചുണ്ട് പിളർത്തി അവൾ അവനെ നോക്കി. ഇല്ല ഇനി എന്റെ കൊച്ചിനോട് ഞാൻ ദേഷ്യപ്പെടില്ല പ്രോമിസ്. പറയുന്നതിനൊപ്പം അവൻ അവളുടെ നെറുകിൽ ചുണ്ട് ചേർത്തു. അവൾ കണ്ണുകൾ അടച്ച് അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് അവനെ പുണർന്ന് കിടന്നു. അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചവൻ അവളെ ചേർത്ത് പിടിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഏറെ സമയം കഴിഞ്ഞതും അച്ചു അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. കരച്ചിലൊക്കെ മാറിയെങ്കിലും മുഖവും മൂക്കും എല്ലാം ചുവന്ന് കിടപ്പുണ്ട്. കണ്ണീർ ഒലിച്ചിറങ്ങിയ പാട് മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്. അമ്മാതിരി കരച്ചിൽ ആയിരുന്നല്ലോ പെണ്ണ്. അവൻ മെല്ലെ തല താഴ്ത്തി അവളുടെ ഇരുകവിളിലും ചുണ്ട് ചേർത്തു. അവൾ ഒന്നുകൂടി അവനോട് പറ്റിച്ചേർന്നു. എന്നാലും ആരെന്ത് പറഞ്ഞാലും കൂസാതെ നടക്കുന്ന എന്റെ പൊടിക്കുപ്പി ഞാനൊന്ന് ഒച്ചയിട്ടപ്പോൾ കരഞ്ഞു കളഞ്ഞല്ലോ?????? അവനൊരു കളിയാക്കി ചിരിയോടെ ചോദിച്ചതും അവൾ ചുണ്ട് കൂർപ്പിച്ചു. എന്നെ കരയിപ്പിച്ചിട്ട് പറയുന്നത് കേട്ടില്ലേ????? അവൾ മുഖം വീർപ്പിച്ചു. നോക്കിക്കോ ഞാനെന്റെ ഡിങ്കനെ കൊണ്ട് കടിപ്പിക്കും.

അവന്റെ മുഖത്തെ ചിരി കണ്ടവൾ കെറുവോടെ പറഞ്ഞു. ആണോ???? നീ കടിപ്പിക്കുവോ????? ആഹ് കടിപ്പിക്കും. എങ്കിൽ ഞാനും കടിക്കും. അവളുടെ മൂക്കിൻ തുമ്പിൽ പല്ലുകൾ ആഴ്ത്തി അവൻ കണ്ണിറുക്കി. അവന്റെ പ്രവർത്തി കണ്ടവൾ കണ്ണുരുട്ടിയെങ്കിലും ചുണ്ടിന്റെ കോണിൽ ഒരു കുഞ്ഞു പുഞ്ചിരി തെളിഞ്ഞു. നാളെ കോളേജിൽ വരുവോ???? മൂക്കും തടവി അവൾ ചോദിച്ചു. മ്മ്മ്മ്..... വരുന്നുണ്ട്. കല്യാണം കഴിഞ്ഞാൽ പഠിക്കാൻ വരാൻ പാടില്ല എന്ന് പറഞ്ഞ നിന്റെ മിസ്സിനെ എനിക്കൊന്ന് കാണണം. അവൻ എന്തോ ഓർത്തത് പോലെ ഗൗരവത്തിൽ പറഞ്ഞു. എന്നിട്ട് അവരുടെ മുഖത്ത് നോക്കി രണ്ട് കിടുക്കാച്ചി ഡയലോഗ് പറഞ്ഞിട്ട് എന്റെ കയ്യും പിടിച്ച് സ്ലോ മോഷനിൽ നടക്കണം. അവൾ ആവേശത്തോടെ പറഞ്ഞു. അത് വേണോ????? വേണം വേണം. ആ തേപ്പുകാരി പുട്ടി ഭൂതത്തിനെ ഒരു പാഠം പഠിപ്പിക്കണം. അസൂയക്ക്‌ കയ്യും കാലും വെച്ച അലവലാതി തള്ള. എമി രോഷം കൊണ്ടു. അവൾ പഴയ ഫോമിൽ ആവുന്നത് കണ്ടതും അവനൊന്ന് ചിരിച്ചു.

ചുണ്ടിലെ ചിരിയോടെ അവളെ ചുറ്റിപ്പിടിച്ച് കഴുത്തിലേക്ക് മുഖം പൂഴ്ത്തുമ്പോഴാണ് അവളുടെ ഫോൺ റിങ് ചെയ്യുന്നത്. അവനെ തള്ളി നീക്കി ഫോണെടുത്ത് നോക്കുമ്പോൾ പപ്പ ആണെന്ന് കണ്ടതും അവളിൽ സന്തോഷം നിറഞ്ഞു. ഉത്സാഹത്തോടെ കാൾ അറ്റൻഡ് ചെയ്ത് ഓരോ കാര്യങ്ങളും പറയുന്ന അവളെ ചേർത്ത് പിടിച്ചവനും കിടന്നു. ഇടയ്ക്ക് അവരുടെ സംഭാഷണത്തിൽ അവനും ചേർന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പിണക്കവും പരിഭവങ്ങളും എല്ലാം തീർത്ത് താഴെ ഇറങ്ങുമ്പോൾ എമിയെ കളിയാക്കാൻ ആൽവിച്ചൻ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. അവസാനം അവളുടെ കയ്യിലെ നുള്ളും മാന്തും കിട്ടിയപ്പൊ ആൽവിച്ചന് സമാധാനമായി. ആൽവിച്ചനോട് അവൾ കാണിക്കുന്ന സ്വാതന്ത്ര്യം ഇഷ്ടപ്പെടാത്തത് പോലെ അനു ഇരുന്ന് പല്ല് കടിച്ചു. അവരെ നോക്കി പല്ല് കടിക്കുമ്പോഴാണ് സാറാ എല്ലാവർക്കും ആഹാരം വിളമ്പുന്നത്. കളിയും ചിരിയുമായി വീണ്ടും എല്ലാവരും പഴയത് പോലെ ആയെങ്കിലും എമിയെ കരയിച്ചതിന് സാറായും പോളും അച്ചുവിനെ ഇനി പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു. അവസാനം എമി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അനൂ എനിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. എമിയെ ദേഷ്യത്തിൽ നോക്കിയിരിക്കുന്ന അനുവിനെ നോക്കി പോൾ ഗൗരവത്തോടെ പറയുന്നത് കേട്ടതും അനു ഉൾപ്പെടെ എല്ലാവരും അയാൾ പറയുന്നത് എന്താണെന്ന് അറിയാനുള്ള ആകാംഷയിൽ അയാളെ ഉറ്റുനോക്കി....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story