ഹൃദയതാളമായ്: ഭാഗം 77

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

പോളിന്റെ ചോദ്യം കേട്ട് എല്ലാവരിലും നിറഞ്ഞത് ആകാംഷയായിരുന്നു എങ്കിൽ അച്ചുവിന്റെയും ആൽവിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ആയിരുന്നു. അച്ചുവിന്റെ മുഖഭാവം കണ്ടതും എമി സംശയത്തോടെ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. മറുപടിയായി ഒരു കള്ളച്ചിരിയോടെ അവൻ കണ്ണിറുക്കി. എന്താ ഡാഡിക്ക് പറയാനുള്ളത്???? കഴിപ്പ് നിർത്തി അവൾ അയാളെ നോക്കി. അത് പറയുന്നതിന് മുൻപ് ഞാൻ ചോദിക്കുന്ന ചോദ്യത്തിന് എനിക്ക് നീ ഉത്തരം തരണം. പതിവിൽ കവിഞ്ഞ ഗൗരവം അയാളുടെ ശബ്ദത്തിൽ നിറഞ്ഞിരുന്നതിനാൽ അവൾ എന്തെന്നർത്ഥത്തിൽ അയാൾക്ക് നേരെ നോട്ടമെറിഞ്ഞു. ഈ മാസം പലപ്പോഴായി 25000 രൂപയാണ് നീ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്. അതിന്റെ ആവശ്യം എന്തായിരുന്നു എന്നെനിക്കറിയണം. ദൃഢമായി പറഞ്ഞയാൾ അവളെ നോക്കി. ഇത്രയും നാൾ ഡാഡി ഇതൊന്നും ചോദിച്ചിരുന്നില്ലല്ലോ????

അവൾ നീരസത്തോടെ അയാളോട് ചോദിച്ചു. ഇത്രയും നാളും ചോദിക്കാതിരുന്നത് കൊണ്ടാണ് നീ ഇത്ര വഷളാവാൻ കാരണം. പരിഹാസവും വേദനയും അയാളുടെ സ്വരത്തിൽ നിറഞ്ഞു. ആ വാക്കുകൾ കേൾക്കവെ അച്ചുവിനും എമിക്കും മുന്നിൽ അപമാനിതയാവും പോലെ അവൾക്ക് തോന്നിതുടങ്ങി. അവളിൽ ദേഷ്യവും ദുഃഖവും ഒരുപോലെ നിറഞ്ഞു. ഞാൻ ചോദിച്ചതിന്റെ മറുപടി നീയിത് വരെ പറഞ്ഞില്ല. എന്തിനായിരുന്നു ഇത്രയേറെ പണം നിനക്ക്?????? പോളിന്റെ സ്വരം വീണ്ടും ഉയർന്നു. എനിക്ക് കുറച്ച് പർച്ചേസിങ് ഉണ്ടായിരുന്നു പിന്നെ ഫ്രണ്ട്സിന് ട്രീറ്റ് കൊടുത്തു. തീർത്തും അലസമായി അവൾ പറഞ്ഞു നിർത്തി. ഫ്രണ്ട്സിന് ട്രീറ്റ് കൊടുത്തു പോലും... എത്ര നിസാരമായിട്ടാണ് നീയത് പറഞ്ഞത്???? നിനക്ക് തോന്നുന്നത് പോലെ ഉപയോഗിക്കാനും ഇങ്ങനെ ധൂർത്തടിക്കാനുമല്ല ഞാനും എന്റെ മക്കളും കഷ്ടപ്പെടുന്നത്. ദേ ഈ ഇരിക്കുന്ന എന്റെ ആൺമക്കൾ പോലും അനാവശ്യമായിട്ട് ഇന്നേവരെ ഒരു രൂപ കൊണ്ടുപോയി കളഞ്ഞിട്ടില്ല. ഇത്രയും നാൾ നീ കൊണ്ടുപോയി തുലച്ച പണത്തിന് കയ്യും കണക്കുമുണ്ടോ??????

കയ്യിലിരിക്കുന്ന മൊബൈൽ ഫോൺ പോലും 2 മാസത്തിൽ കൂടുതൽ നീ ഉപയോഗിക്കുന്നുണ്ടോ???? നിനക്ക് ആർഭാടം കാണിക്കാനും നിന്റെ കൂട്ടുകാർക്ക് അടിച്ചു പൊളിക്കാനുമല്ല ഞങ്ങൾ കഷ്ടപ്പെട്ട് സമ്പാദിക്കുന്നത്..... കുറെയായി നീ അനാവശ്യമായി പണം ചിലവഴിക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നു. ഇനി അതിവിടെ നടപ്പില്ല. ഉറപ്പോടെ അയാൾ പറഞ്ഞു. എങ്കിൽ പിന്നെ ഇവിടെ ഒരുത്തിയെ കെട്ടിക്കൊണ്ട് വന്നതിൽ പിന്നെ കുടുംബക്കാർ മുഴുവൻ ഇവിടെ വന്ന് തിന്നു മുടിപ്പിക്കുന്നത് അനാവശ്യ ചിലവ് അല്ലെ????? എടുത്തടിച്ചുള്ള അവളുടെ ചോദ്യം കേട്ടതും എമി ഞെട്ടി. റോണിയെ ഉദ്ദേശിച്ചാണ് അനു അത് പറഞ്ഞത് എന്ന് അവൾക്ക് മനസ്സിലായി. ഒരേ സമയം ദേഷ്യവും സങ്കടവും തോന്നിയതും കത്തുന്ന മിഴികളോടെ അവൾ അനുവിനെ നോക്കി. ഡീ............. ദേഷ്യത്തിൽ അലറിക്കൊണ്ട് അച്ചു ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ ആഞ്ഞു. അച്ചു വേണ്ട.... ഇതിനുള്ള മറുപടി ഞാൻ കൊടുത്തോളാം.

പോൾ ശാസനയോടെ അവനോട് പറഞ്ഞതും ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം കടിച്ചമർത്തി അവൻ ഇരുന്നു. നീ ഈ പറഞ്ഞത് ആരെയാണെന്ന് എനിക്ക് മനസ്സിലായി. പക്ഷെ അത് പറയാനുള്ള എന്തെങ്കിലും യോഗ്യത നിനക്കുണ്ടോ?????? തിരികെ പരിഹാസത്തിൽ കുതിർന്ന ചോദ്യം ഉയരവെ അടികിട്ടിയ കണക്ക് അവൾ ഇരുന്നു പോയി. എന്റെ മരുമക്കളുടെ വീട്ടിൽ നിന്ന് ആരെങ്കിലും ഇവിടെ വരുന്നുണ്ടെങ്കിൽ അത് നിന്റെ ചിലവിൽ ഒന്നും അല്ലല്ലോ???? ഈ വീട്ടിലെ ചിലവുകൾ നോക്കുന്നത് എന്റെ രണ്ട് ആൺമക്കൾ കൂടിയാണ്. അപ്പൊ ഇവിടെ ആര് വരണം വരുന്നവർക്ക് എന്ത് കൊടുക്കണം എങ്ങനെ കൊടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അവരാണ്. അത് ചോദ്യം ചെയ്യാൻ മാത്രമുള്ള അർഹത നിനക്കില്ല. ഇപ്പൊ നീ ഇരുന്ന് കഴിക്കുന്ന ഭക്ഷണവും ഇടുന്ന വസ്ത്രവും തുടങ്ങി ചിലവാക്കുന്ന ഓരോ ചില്ലി കാശും നീ മരിച്ചുപോയി എന്ന് പറഞ്ഞ് തള്ളി കളഞ്ഞ എന്റെ മകന്റെ കൂടി അധ്വാനത്തിന്റെ ഫലമാണ്. ഉള്ളിൽ അതുവരെ അയാൾ അടക്കിവെച്ച വിഷമങ്ങൾ മൂർച്ചയെറിയ വാക്കുകളായി പുറത്തേക്ക് വന്നു.

അച്ചുവിനെ നിനക്ക് വെറുപ്പാണ് കണ്മുന്നിൽ കാണുന്നത് പോലും കലിയാണ് പക്ഷെ കണക്കറിയാതെ ചിലവഴിക്കാൻ നിനക്ക് അവന്റെ പണം വേണം നാല് നേരം വെട്ടിവിഴുങ്ങാൻ അവൻ വിയർപ്പിന്റെ ഫലം വേണം അല്ലെ????? ഡാഡി........... അലർച്ചയോടെ അവൾ ചാടി എഴുന്നേറ്റു. എന്തേ പറഞ്ഞപ്പോൾ പൊള്ളിയോ???? ഇതൊന്നും ഞാനായിട്ട് പറയാൻ ഉദ്ദേശിച്ചതല്ല നീയായിട്ട് എന്നെക്കൊണ്ട് പറയിപ്പിച്ചതാ. പക്ഷെ ഇതൊക്കെ കാണിച്ചു കൂട്ടുന്ന നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല കാരണം തെറ്റ് പൂർണ്ണമായും എന്റെ ഭാഗത്താണ്. ഒന്നേ ഉള്ളെങ്കിലും ഉലക്കക്ക്‌ അടിച്ചു വളർത്തണം എന്ന് പഴമക്കാർ പറയാറുണ്ട്. അത് കണക്കാക്കാതെ നിന്നെ ലാളിച്ച് വളർത്തിയത് എന്റെ ഭാഗത്തെ തെറ്റ് തന്നെയാണ്. പക്ഷെ ഇനിയെങ്കിലും എനിക്കത് തിരുത്തണം അല്ലെങ്കിൽ നാളെ മറ്റുള്ളവർക്ക് മുന്നിൽ വെറും പരിഹാസ പാത്രമായി.

മക്കളെ വളർത്താൻ അറിയാത്ത അവരെ നിലക്ക് നിർത്താൻ അറിയാത്ത ഒരു അപ്പനായി പോവും. അത്രമേൽ ഉറച്ചതായിരുന്നു അയാളുടെ വാക്കുകൾ. തിരിച്ച് ഒന്നും പറയാനാവാതെ അവൾ വീർപ്പുമുട്ടി. നാളെ തൊട്ട് നിന്നെ കോളേജിൽ കൊണ്ടാക്കാൻ ഞാനോ ആൽവിയോ ഉണ്ടാവില്ല. ഇന്നലെ വരെ നിനക്ക് വേണ്ടി പല കാര്യങ്ങളും പാതിവഴിക്ക് ഉപേക്ഷിച്ച് കോളേജിൽ നിന്ന് വീട് വരെ കൊണ്ടാക്കാൻ ഞങ്ങളിൽ ആരെങ്കിലും ഉണ്ടായിരുന്നു ഇനിമുതൽ അത് ഉണ്ടാവില്ല. നിനക്ക് കോളേജിൽ പോവണമെങ്കിൽ ഒന്നെങ്കിൽ ബസ്സിൽ പോവാം അല്ലെങ്കിൽ നടന്ന് പോവാം അല്ലാതെ ഞങ്ങൾ ആരെങ്കിലും കൊണ്ടാക്കും എന്ന് പ്രതീക്ഷ വേണ്ട. ബസ്സിലോ????? ഇല്ല....... ബസ്സിൽ കയറി തട്ടും മുട്ടും കൊണ്ട് പോവാൻ എന്നെകൊണ്ട് പറ്റില്ല. അവജ്ഞയോടെ അവൾ മുഖം ചുളിച്ചു. എങ്കിൽ നടന്ന് പോവേണ്ടി വരും അല്ലാതെ ദിവസവും ഓട്ടോക്കും ടാക്സിക്കും കൊടുക്കാൻ ഇവിടെ കാശില്ല. ആവശ്യത്തിനും അനാവശ്യത്തിനും കുറെ ചിലവാക്കിയതല്ലേ ഇനി അതില്ലാതെ ഒന്ന് ജീവിച്ചു നോക്ക്. അയാളുടെ വാക്കുകൾ കേൾക്കവേ എല്ലാവർക്കും മുന്നിൽ തോറ്റു പോവുന്നത് പോലെ അവൾക്ക് തോന്നിതുടങ്ങി. അപമാനഭാരത്താൽ അവൾ തല കുനിച്ചു. പിന്നെ നിന്റെ കയ്യിൽ ഇരിക്കുന്ന കാർഡ് ഉപയോഗിച്ച് ഇനി നിനക്ക് പണം കിട്ടില്ല.

ബസ്സിന് പോവാനുള്ള പൈസ എന്നും കൃത്യമായി നിന്റെ കയ്യിൽ എത്തും എന്നാൽ അതിൽ കൂടുതലായി ഒരു രൂപ പോലും നിനക്കിനി കിട്ടില്ല. പോക്കറ്റ് മണി എന്ന പേരിൽ കുറെ കണക്കറിയാതെ നീ ഉപയോഗിച്ച് തീർത്തിട്ടുണ്ട് അത് ഇനി മുതൽ ഉണ്ടാവില്ല. മാസാമാസം ഉള്ള ഷോപ്പിങ്ങും പാർലറിൽ കയറി ഇറങ്ങലും എല്ലാം ഇന്നത്തോടെ അവസാനിച്ചു. നാളെ മുതൽ അനാവശ്യ ചിലവുകൾ ഇല്ലാതെ എങ്ങനെ ജീവിക്കണം എന്ന് എന്റെ മകൾ പഠിക്കാൻ പോവുകയാണ്. കണിശമായി അയാൾ പറഞ്ഞു നിർത്തി. എല്ലാം കേട്ട് അവൾ തലയ്ക്ക് അടി ഏറ്റത് പോലെ ഇരുന്നു പോയി. ഇന്നലെ വരെ തനിക്ക് കിട്ടിയിരുന്ന സൗഭാഗ്യങ്ങൾ എല്ലാം നഷ്ടമായിരിക്കുന്നു എന്ന ചിന്ത അവളെ ഭ്രാന്ത് പിടിപ്പിച്ചു. അതിലുപരി എമിയുടെ ചുണ്ടുകളിൽ നിറഞ്ഞ പരിഹാസച്ചിരി അവളെ കുത്തി നോവിച്ചു. അച്ചുവിന്റെ നോട്ടത്തിന് മുന്നിൽ അപമാനത്താൽ ഉരുകി ഒലിക്കുന്നത് പോലെ തോന്നിത്തുടങ്ങി.

കഴിച്ച ആഹാരം പോലും തൊണ്ടക്കുഴിയിൽ നിന്ന് ഇറങ്ങാത്തത് പോലെ. ഇത്രയും നാളും താൻ വെറുപ്പ് കാണിച്ച് അകറ്റി നിർത്തിയ ആളുടെ ചിലവിലാണ് താൻ കഴിഞ്ഞിരുന്നത് എന്ന ചിന്ത അവളെ വൃണപ്പെടുത്തി. അവൾക്ക് അവളോട് തന്നെ പുച്ഛം തോന്നിത്തുടങ്ങി. ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതെ തലക്ക് കൈകൊടുത്ത് അവൾ ഇരുന്നു പോയി. അവളുടെ അവസ്ഥ കണ്ട് അവർ ഓരോരുത്തർക്കും സഹതാപവും വേദനയും തോന്നിയെങ്കിലും തിരുത്താൻ കഴിയാത്ത ഒരു തെറ്റായി അവൾ ഇനിയും മാറാതിരിക്കാൻ അവളുടെ ഇപ്പോഴത്തെ ഈ സങ്കടങ്ങളെ അവർ കണ്ടില്ല എന്ന് നടിച്ച് എഴുന്നേറ്റു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു റൂമിലേക്ക് വരുമ്പോൾ എമി ബാൽക്കണിയിൽ നിന്ന് ഗംഭീര ഫോൺ വിളി ആയിരുന്നു. അത് കണ്ട് അവനും മെല്ലെ അവൾക്ക് അരികിൽ പോയി നിന്നു. അവനെ കണ്ടതും അവളൊരു ചിരിയോടെ റയിലിൽ ചാരി നിന്ന് ഫോണിന്റെ അങ്ങേതലയ്ക്കൽ നിന്ന് ഉയരുന്ന ചോദ്യത്തിന് മറുപടി കൊടുത്തു കൊണ്ടിരുന്നു. പുറത്തെ ഇരുട്ടിൽ മുങ്ങി നിൽക്കുന്ന കാഴ്ചകളിലേക്ക്‌ കണ്ണ് നട്ട് അവളുടെ സംഭാഷണം ശ്രദ്ധിച്ച് അവൻ നിന്നു.

എങ്കിൽ ശരിയെടാ ഗുഡ് നൈറ്റ്......... കുറച്ച് നേരത്തെ സംസാരത്തിന് വിരാമം ഇട്ട് കാൾ അവസാനിപ്പിക്കുന്നതിനൊപ്പം അവൾ അച്ചുവിനോട് ചേർന്ന് നിന്നു. റോണി ആയിരുന്നു..... ഒരു പുഞ്ചിരിയോടെ അവനോട് പറഞ്ഞു. അവനൊന്ന് മൂളി. നിനക്ക് അനു അങ്ങനെ പറഞ്ഞപ്പോൾ വിഷമായോ???? അവളെ ചുറ്റിപ്പിടിച്ച് തന്നിലേക്ക് ചേർത്തവൻ ചോദിച്ചു. വിഷമം ആയോന്ന് ചോദിച്ചാൽ ആയി. പക്ഷെ അത് ഇവിടെ മറ്റാരുടെയെങ്കിലും നാവിൽ നിന്ന് കെട്ടിരുന്നെങ്കിൽ എനിക്ക് ചിലപ്പൊ സഹിക്കാൻ കഴിയാതെ വന്നേനെ. ഇതിപ്പൊ അവളല്ലേ. എന്നെ ജയിക്കാൻ അവൾ ഇതല്ല ഇതിനപ്പുറം പറയും എന്നെനിക്കറിയ്യാം അതുകൊണ്ട് എനിക്ക് സങ്കടം തോന്നിയില്ല. എന്റെ സ്വീറ്റ് കെട്ട്യോനും പിന്നെ ഡാഡിക്കും അമ്മച്ചിക്കും ആൽവിച്ചായനും റിയേച്ചിക്കും കുഴപ്പമില്ല എങ്കിൽ പിന്നെ ഞാനെന്തിന് വിഷമിക്കണം????? അവൾ കുറുമ്പൊടെ അവന്റെ മീശ പിരിച്ചു വെച്ച് ചോദിക്കവെ അവന്റെ ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി തെളിഞ്ഞു. പക്ഷെ റോണിയോട് ഞാനൊന്നും പറഞ്ഞില്ല. കാര്യം ഉളുപ്പ് തീരെ ഇല്ലാത്ത കുട്ടി ആണെങ്കിലും അവന് പെട്ടെന്ന് ഫീലാവും.

പക്ഷെ ഇതിന് പ്രതികാരം ഞാൻ അവനെ കൊണ്ട് തന്നെ ചെയ്യിപ്പിക്കും. അതുകൊണ്ട് നാളെ വരുമ്പൊ നല്ലോണം വലിഞ്ഞു കയറി വരാൻ പറഞ്ഞിട്ടുണ്ട്. പറഞ്ഞ സ്ഥിതിക്ക് ചെക്കൻ നാളെ ഇവിടെ വന്ന് വെറുപ്പിച്ച് അടുക്കളയും കാലിയാക്കിയിട്ടേ പോവൂ. എന്തോ വലിയ വീരകൃത്യം ചെയ്യുന്നത് പോലെ അവൾ പറയുന്നത് കേട്ടവൻ ചിരിച്ചു പോയി. ഇതാണെന്റെ പൊടിക്കുപ്പി അല്ലാതെ തൊട്ടതിനും പിടിച്ചതിനും എല്ലാം മോങ്ങാൻ നിൽക്കുന്ന ടൈപ്പിക്കൽ തൊട്ടാവാടി ആവരുത്. മൂക്കിൻ തുമ്പിൽ തട്ടി അവൻ പുഞ്ചിരിയോടെ പറഞ്ഞു. അങ്ങനെ തൊട്ടതിനും പിടിച്ചതിനും ഒന്നും ഞാൻ കരയാറില്ലല്ലോ ഇച്ചായൻ വഴക്കിട്ടത് കൊണ്ടല്ലേ കരഞ്ഞത്. അവൾ ചുണ്ട് കൂർപ്പിച്ചു. അതെന്തിനാ ഞാൻ ദേഷ്യപ്പെടുമ്പോൾ മാത്രം കരയുന്നത്????? അത് എനിക്ക് ഇച്ചായനെ ഒത്തിരി ഒത്തിരി ഇഷ്ടമായത് കൊണ്ട്. ഒട്ടും ആലോചിക്കാതെയുള്ള അവളുടെ മറുപടി കേട്ടവൻ ഇടുപ്പിലൂടെ ചുറ്റി അവളെ പൊക്കിയെടുത്തു. എത്ര ഇഷ്ടം????? മൂക്കിൻ തുമ്പിൽ മെല്ലെ ചുണ്ട് ചേർത്തുകൊണ്ടവൻ ചോദിച്ചു.

ഒരു നിമിഷം അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. I am loving you more than the infinity. നനുത്ത ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു തീർത്തതും അവളുടെ മേൽചുണ്ടിലെ മറുകിനെ അവൻ കവർന്നെടുത്തിരുന്നു. അവന്റെ നനുത്ത ചുംബനത്തെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആവാഹിച്ച് കണ്ണുകൾ പൂട്ടി അവന്റെ അധരങ്ങളുടെ ചൂടിനെ അവൾ സ്വീകരിച്ചു. ള്ളിൽ അലയടിച്ച് ഉയരുന്നു പ്രണയത്തിരയിൽ അലിഞ്ഞു ഓരോ നിമിഷവും പരസ്പരം തോറ്റുകൊടുക്കാനാവാതെ പൂർവ്വാധികം ശക്തമായി പ്രണയിക്കുകയായിരുന്നു. കുഞ്ഞ് കുഞ്ഞ് കുറുമ്പും സ്വപ്നങ്ങളും പങ്കുവെച്ച് ഏറെനേരം ഉറങ്ങാതെ ചേർന്ന് കിടക്കുമ്പോൾ പ്രണയത്തിന്റെ പുതിയൊരു അദ്ധ്യായം അവിടെ തുറക്കുകയായിരുന്നു. ഭാവനകൾക്ക് അതീതമായി വർണ്ണങ്ങളാൽ ചാലിച്ച് എഴുതുന്ന പ്രണയതുടർകഥയുടെ തുടക്കം എന്നപോൽ. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പിറ്റേന്ന് രാവിലെ കോളേജിൽ പോവാൻ എമിക്ക് വലിയ ഉത്സാഹം ആയിരുന്നു.

ഒരുങ്ങിക്കെട്ടി അച്ചുവിനോട് അഞ്ചാറ് മാസ്സ് ഡയലോഗ് ഒക്കെ പറഞ്ഞ് മാക്സിമം വെറുപ്പിക്കുന്നുണ്ട്. അവസാനം താഴെ റോണി എത്തിയ ശബ്ദം കേൾക്കുമ്പോഴാണ് അച്ചുവിന്റെ ചെവിക്ക് ഒരു സ്വസ്ഥത കൊടുക്കുന്നത്. എന്നെത്തെയും പോലെ എല്ലാവരും ആഹാരം കഴിക്കാനിരിക്കുമ്പോൾ അനു പതിവിൽ കവിഞ്ഞ് സൈലന്റ് ആയിരുന്നു. അത് റോണി ശ്രദ്ധിച്ചിരുന്നു. എങ്കിലും അത് കാര്യമാക്കാതെ അവൻ എല്ലാവരെയും മാക്സിമം വെറുപ്പിച്ച് ഭേഷായി വെട്ടി വിഴുങ്ങി ഏമ്പക്കവും വിട്ടാണ് എഴുന്നേറ്റു പോയത്. എല്ലാം കണ്ട് ചിരിയടക്കി അച്ചുവും എമിയും കഴിച്ച് എഴുന്നേറ്റു. ഞാനും ഉണ്ട് നിങ്ങളുടെ കൂടെ എന്റെ ഭാര്യ ചെയ്ത വീര കൃത്യങ്ങൾ നേരിട്ട് അറിയിക്കാൻ എന്നെ വിളിച്ചിരിക്കുവല്ലേ?????

പുറത്തേക്ക് ഇറങ്ങുമ്പോൾ റോണിയോട് അവൻ പറയുന്നത് കേട്ടവൾ ചുണ്ട് കൂർപ്പിച്ചു. എങ്കിൽ ഇതൊന്ന് നേരത്തെ പറയണ്ടേ വെറുതെ ഞാൻ ഇവിടെ വരെ വന്ന് എന്റെ വണ്ടിയിലെ പെട്രോൾ കളഞ്ഞു. പറച്ചിൽ കേട്ടാൽ തോന്നും സ്വന്തം കാശ് ആണെന്ന്. ഇനി അതിന്റെ പേരിൽ നീ വാ തുറക്കണ്ട ഇന്നാ കൊണ്ടുപോയി ഫുൾ ടാങ്ക് അടിച്ചോ. അച്ചു പോക്കറ്റിൽ നിന്ന് പൈസ എടുത്ത് അവന് നേരെ നീട്ടി. അളിയനായാൽ ഇങ്ങനെ വേണം. അളിയനാണളിയാ യഥാർത്ഥ അളിയൻ. റോണി അവനെ കെട്ടിപ്പിടിച്ചു. മതിയെടാ സോപ്പിട്ടത് പോയി വണ്ടിയെടുക്ക്. അച്ചു അവന്റെ പുറത്ത് ഒന്ന് തട്ടി. അത് കേട്ടവൻ ചമ്മിയ ചിരിയോടെ അവനിൽ നിന്ന് മാറി ബൈക്കിന് അരികിലേക്ക് പോയി. റോണി വണ്ടിയെടുത്ത് പുറത്തേക്ക് എടുത്തതും അച്ചുവിന്റെ ബുള്ളറ്റ് അവളുടെ മുന്നിൽ വന്നു നിന്നു. കയ്യിലിരുന്ന ഹെൽമെറ്റ്‌ എടുത്ത് വെച്ച് അവളും അവന് പുറകിൽ കയറി കോളേജിലേക്ക് തിരിച്ചു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story