ഹൃദയതാളമായ്: ഭാഗം 79

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

നിവിയുടെ വീട്ടിൽ നിന്ന് ഹൗസ് വാമിങ്ങിന് വിളിക്കാൻ അച്ഛനും അമ്മയും ഒക്കെ വരുന്നു എന്നറിഞ്ഞ് അവരെയും പ്രതീക്ഷിച്ച് ഇരിക്കുകയാണ് എമി. അവർ വരുന്നത് കൊണ്ട് നേരത്തെ എത്താം എന്ന് പറഞ്ഞ് പോയ അച്ചുവിനെ നേരം വൈകിയിട്ടും കാണാത്തത് കൊണ്ട് വാതിൽക്കൽ ചെന്ന് ഇരുന്ന് ഗേറ്റിലേക്ക് കണ്ണും നട്ട് ഇരിക്കുകയാണവൾ. അവളുടെ തൊട്ടരികിൽ തന്നെ ഡിങ്കനും അതേ പോലെ ഇരിപ്പുണ്ട്. ഡിങ്കാ.......... താടിക്ക് കയ്യും കൊടുത്തിരുന്നവൾ വിളിച്ചു. വിളി കേട്ടത് പോലെ അവനൊന്ന് മുരടനക്കി. ഡ്രാക്കു വരുന്നില്ലല്ലോടാ...... അവനൊന്ന് മെല്ലെ കുരച്ചു. പറഞ്ഞ വാക്കിന് വിലയില്ലാത്ത കള്ള പോലീസ് ഏമാൻ....... അവൾ ദേഷ്യത്തിൽ പിറുപിറുത്തു. പക്ഷെ അതിന് മറുപടി ഒന്നും വന്നില്ല. നോക്കുമ്പോഴുണ്ട് ആൾ രണ്ട് കയ്യും നീട്ടി വെച്ച് തറയിൽ തല ചായച്ച് നിഷ്കു മട്ടിൽ കിടപ്പാണ്. അല്ലേലും ഡ്രാക്കൂനെ പറഞ്ഞാൽ നിനക്ക് പിടിക്കില്ലല്ലോ നീ അങ്ങേരുടെ ആളല്ലേ????? അതൊക്കെ എന്റെ ജോക്കുട്ടൻ ഞാനൊരു വാക്ക് പറഞ്ഞാൽ അവൻ അങ്ങേരെ ഇടിച്ച് ഒരു പരുവമാക്കും. നിന്നെ കൊണ്ട് എന്തിന് കൊള്ളാം???? ചൊറിവിടെയും കൂറ് അവിടെയും നന്ദിയില്ലാത്ത സാധനം.

ഡിങ്കനെ നോക്കി പുച്ഛിച്ച് അവൾ അകത്തേക്ക് കയറി. ഡിങ്കൻ അതേ പോസിൽ അവിടെ തന്നെ കിടന്നു. ഇച്ചായൻ നേരത്തെ എത്താമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ അമ്മച്ചീ?????? അച്ചുവിനെ കാണാഞ്ഞ് അവൾ അടുക്കളയിൽ എത്തി സാറായോട് തിരക്കി. അവൻ ചില ദിവസങ്ങളിൽ അങ്ങനെയാ മോളെ. എന്തെങ്കിലും ജോലിതിരക്ക് കാണും അതാ വരാൻ വൈകുന്നത്. അല്ല മോൾക്ക്‌ ഒന്ന് വിളിച്ചു നോക്കാൻ പാടില്ലായിരുന്നോ???? പിന്തിരിഞ്ഞ് നിന്ന് പച്ചക്കറി അരിയുന്നതിനൊപ്പം അവർ ചോദിച്ചു. വിളിച്ചതാ അമ്മച്ചീ ഫോൺ സ്വിച്ച് ഓഫ്‌ ആണ്. അവൾ നിരാശയോടെ പറഞ്ഞ് സ്ലാബിലേക്ക് ചാരി നിന്നു. ഈ ചെക്കന്റെ കാര്യം. ജോലിയുടെ കാര്യം വരുമ്പൊ അവൻ എല്ലാം മറക്കും. മോൾ വിഷമിക്കാതെ ഇതൊക്കെ ഇവിടെ സ്ഥിരമാണ്. ചില ദിവസങ്ങളിൽ അവൻ വരുന്നത് പോലും ഞങ്ങൾ ആരും അറിയാറില്ല. പിറ്റേന്ന് രാവിലെ ചായയും ചോദിച്ച് അടുക്കളയിൽ വരുമ്പോഴാ അവൻ വീട്ടിൽ എത്തിയ കാര്യം ഞാൻ അറിയുന്നത് പോലും. ഒരു ചിരിയോടെ പറഞ്ഞവർ അവളുടെ കവിളിൽ തട്ടി. അവൾ ഒരു നെടുവീർപ്പോടെ അങ്ങനെ നിന്നു. മനസ്സിൽ അപ്പോഴും പലവിധ ചിന്തകൾ ആയിരുന്നു.

ഞാൻ കൂടി സഹായിക്കാം അമ്മച്ചീ..... അവരുടെ കയ്യിൽ നിന്ന് കത്തി വാങ്ങാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു. വേണ്ട വേണ്ട. പൊന്നുമോൾ തല്ക്കാലം അടുക്കളയിൽ എന്നെ സഹായിക്കണ്ട പോയിരുന്ന് പഠിച്ചേ പരീക്ഷ അടുക്കാറായില്ലേ????? ഗൗരവം കലർന്ന ശബ്ദത്തിൽ അവർ ചോദിക്കവെ അവൾ അലസമായി ഒന്ന് മൂളി. ഈ കാര്യത്തിൽ മടി കാണിക്കണ്ട വേഗം പോയി എന്റെ മോൾ ഇരുന്ന് പഠിച്ചേ. റിസൾട്ട്‌ വരുമ്പോൾ സപ്ലി എങ്ങാനും ഉണ്ടെങ്കിൽ പത്തൽ വെട്ടി തല്ലും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട. ഭീഷണി പോലെ അവർ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു. ദേ ഒരുമാതിരി അമ്മായിയമ്മമാരുടെ മൂശാട്ട സ്വഭാവം എന്നോട് എടുക്കരുത്. ഞാനൊരു പാവം അല്ലെ???? ഒന്നുമില്ലെങ്കിലും നിങ്ങളുടെ മകൻ ഡ്രാക്കുളയെ ഞാൻ സഹിക്കുന്നില്ലേ???? ചിണുങ്ങി കൊണ്ടുള്ള അവളുടെ സംസാരം കേട്ടവർ ചിരിച്ചു പോയി. എന്നാൽ അധികം വൈകാതെ ആ ചിരി മാഞ്ഞു. നവരസങ്ങൾ ആ മുഖത്ത് തെളിഞ്ഞതും അവൾ സംശയത്തോടെ നെറ്റി ചുളിച്ചു. അത് കണ്ടതും അവർ കണ്ണുകൾ കൊണ്ട് പിന്നിലേക്ക് കാണിച്ചു. എന്നതാ അമ്മച്ചീ കണ്ണ് കൊണ്ട് കോപ്രായം കാണിക്കുന്നത്?????

ഒന്നും മനസ്സിലാവാതെയുള്ള അവളുടെ സംശയം കേട്ടതും അവർ കണ്ണുരുട്ടി വീണ്ടും പുറകിലേക്ക് കണ്ണ് കാണിച്ചു. ഓഹ് പുറകിലേക്ക് നോക്കണോ????? എങ്കിൽ അത് വാ തുറന്ന് പറഞ്ഞൂടെ???? ചുണ്ട് കൂർപ്പിച്ച് പറയുന്നതിനൊപ്പം അവൾ തിരിഞ്ഞു നോക്കി. ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... എമി തിരിഞ്ഞു നോക്കി വാതിൽപ്പടിയിൽ അതാ ഒരു ഡ്രാക്കു. മുഖം കണ്ടതും അവൾ പറഞ്ഞതെല്ലാം ഒന്ന് വിടാതെ കേട്ടിട്ടുണ്ട് എന്ന് വ്യക്തം. ചിരിക്കണോ കരയണോ എന്നറിയാതെ മ്യാരക എക്സ്പ്രഷൻ ഇട്ടു കൊണ്ടിരിക്കുകയാണ് എമി. പച്ചാളം ഭാസിക്ക് പോലും ഇത്ര എക്സ്പ്രഷൻസ് അറിയാൻ വഴിയില്ല. അത് കണ്ട് അവന് ചിരിയാണ് വന്നതെങ്കിലും അത് പുറമെ കാണിക്കാതെ ഗൗരവം വിടാതെ നിന്നു. ഇച്ചായൻ ഇത് എപ്പോ വന്നു????? അതോ??? വിശാല ഹൃദയ ആയ എന്റെ ഭാര്യ അമ്മച്ചിയെ സഹായിക്കാൻ മനസ്സ് കാണിച്ച് കടന്നുവരുമ്പോൾ മുതൽ ഞാനിവിടെ ഉണ്ട്. ആക്കിയുള്ള അവന്റെ പറച്ചിൽ കേട്ട് അവൾ ചമ്മിയ ഒരു ചിരി ചിരിച്ചു. നീയിത് എങ്ങനെ വന്നെടാ വണ്ടിയുടെ സൗണ്ട് ഒന്നും കേട്ടില്ലല്ലോ????? രണ്ടിന്റെയും നിൽപ്പ് കണ്ട് വിഷയം മാറ്റാൻ എന്നവണ്ണം സാറാ ചോദിച്ചു. വണ്ടി സ്റ്റേഷനിൽ ആണ് അമ്മച്ചീ.

ഒരു ആക്‌സിഡന്റ് കേസ് ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ പോയി മൊഴി എടുക്കണമായിരുന്നു അവിടുന്ന് പോരുന്ന വഴി ഞാൻ ഗേറ്റിന് മുന്നിൽ എത്തിയപ്പോൾ ജീപ്പിൽ നിന്നിറങ്ങിയതാ. സ്റ്റേഷനിൽ നിന്ന് വണ്ടിയൊക്കെ എടുത്തിട്ട് വരുമ്പൊ ഇവിടെ എത്താൻ വൈകും. അല്ല അവർ ഇതുവരെ എത്തിയില്ലേ???? ഇല്ലെടാ ഗീതയുടെ അടുത്ത് പോയിട്ടല്ലേ അവർ ഇങ്ങോട്ട് വരൂ. എങ്കിൽ ഞാനൊന്ന് പോയി ഫ്രഷായിട്ട് വരാം. അതും പറഞ്ഞവൻ തിരിഞ്ഞു. ചായയുമായി മുറിയിലോട്ട് വാട്ടാ.... അടുക്കളയിലെ സ്പൂണിന്റെ എണ്ണം എടുക്കുന്ന എമിക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞവൻ അടുക്കള വിട്ട് പുറത്തേക്കിറങ്ങി. അവൻ പറഞ്ഞ ടോണിൽ തന്നെ പെണ്ണൊന്ന് ഞെട്ടി. വല്ല ആവശ്യവും ഉണ്ടായിരുന്നോ എമീ നിനക്ക്???? ഇപ്പൊ മാനത്ത് കൂടി പോണ പണി ഏണി പിടിച്ചു വാങ്ങിയില്ലേ????? അറിയാതെ അവൾ തലയിൽ കൈവെച്ചു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പുവിന്റെ വീട്ടിൽ അതിഥികളായി എത്തിയിരിക്കുകയാണ് നിവിയും അച്ഛനും അമ്മയും. ഭാവി അമ്മായിഅച്ഛനെയും അമ്മായിഅമ്മയേയും കണ്ടതും അപ്പു നല്ലവനായ ഉണ്ണിക്ക് മിസ്റ്റർ പെർഫെക്റ്റിൽ ഉണ്ടായ കടിഞ്ഞൂൽ കണ്മണിയെ കൂട്ട് ഒടുക്കത്തെ അഭിനയയം. കണ്ട് നിന്ന നിവിയുടെ കണ്ണ് വരെ തള്ളിപ്പോയി. കാലിൽ വീണ് അനുഗ്രഹം വാങ്ങാത്തതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ ബാക്കിയെല്ലാം കറക്റ്റ് ആണ്.

മകന്റെ പെർഫോമൻസ് കണ്ട് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ എന്ന കണക്ക് ഗീത അവനെയൊന്ന് നോക്കി. അവന്റെ എൻസൈക്ലോപീഡിയ വരെ ഗീത വഴി മനഃപാഠം ആക്കിയ നിവിയുടെ അച്ഛനും അമ്മയും ചിരി കടിച്ചർത്തി ഇരുന്നു. ചായ കുടിച്ച് മുതിർന്നവർ ലോകകാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയതും അപ്പുവും നിവിയും കൂടി കണ്ണും കണ്ണും തമ്മിൽ തമ്മിൽ ഗഥകൾ കൈമാറി കൊണ്ടിരുന്നു. കുറച്ച് ആയതും അപ്പു അവളെ നോക്കി പുറത്തേക്ക് ഇറങ്ങ് എന്നർത്ഥത്തിൽ കണ്ണും കയ്യും കാണിക്കാൻ തുടങ്ങി. നിവി ആണെങ്കിൽ പാടില്ല പാടില്ല നമ്മേ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ എന്ന ലൈനിൽ ആണ്. അപ്പു വീണ്ടും കെഞ്ചുകയാണ്. ഇരക്കാൻ അവനെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ. ദിവസങ്ങൾ ഇരന്നിട്ടായിരുന്നു ഫോണിലൂടെ അവന് ഒരുമ്മ കിട്ടിയിരുന്നത്. അതുകൊണ്ട് പ്രപഞ്ചത്തിൽ അവനെക്കാൾ വലിയ തെണ്ടി മറ്റാരുമില്ല. വാങ്ങിക്കാൻ അറിയാഞ്ഞിട്ടല്ല തെണ്ടി തിന്നാലേ തൊണ്ടയിൽ നിന്നിറങ്ങൂ. ഓരോരോ ശീലങ്ങൾ. അവസാനം രണ്ടിന്റെയും കഥകളി മനസ്സിലാക്കി നിവിയുടെ അച്ഛനും അമ്മയും മെല്ലെ ഇറങ്ങാൻ തുനിഞ്ഞു.

അല്ലെങ്കിൽ മകളെ ലവൻ നോക്കി ഗർഭിണി ആക്കി എന്നിരിക്കും. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല അമ്മാതിരി നോട്ടം ആയിരുന്നേ ചെക്കൻ. പോവാൻ ഇറങ്ങിയ നിവിയുടെ അച്ഛനെ കെട്ടിപ്പിടിച്ച് അപ്പു കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം ആയിരുന്നു അപ്പു. വോട്ട് ചോദിച്ചു വരുന്ന സ്ഥാനാർഥികൾ പോലും ആ അഭിനയപാഠവത്തിന് മുന്നിൽ വണങ്ങി പോവും. ഇങ്ങേരിത് ചളവാക്കും എന്ന കണക്ക് നിവി അവനെ നോക്കി പല്ല് കടിച്ചു. അവസാനം എങ്ങനെയൊക്കെയോ അവർ അവിടെ നിന്ന് തടിയൂരി. അവർ പോയതും ഗീത അവനെയൊന്ന് നോക്കി. ഇത് എന്റെ കുഞ്ഞ് തന്നെയാണോ എന്നർത്ഥത്തിൽ. ഇനി ആശുപത്രിയിൽ വെച്ച് കുഞ്ഞെങ്ങാനും മാറിപ്പോയോ??? കുടുംബത്തിൽ ആർക്കും ഇല്ലാത്ത ഉടായിപ്പ് സ്വഭാവം ഇവനിത് എവിടുന്ന് കിട്ടി എന്ന ചിന്തയിലാണ് ഗീത. അപ്പു ആണെങ്കിൽ അമ്മായിഅച്ഛനെ ഇമ്പ്രെസ്സ് ചെയ്ത സന്തോഷത്തിലും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ചായയുമായി എമി മുറിയിലേക്ക് വരുമ്പോഴുണ്ട് അച്ചു ബനിയൻ ഇടാതെ കണ്ണാടിക്ക് മുന്നിൽ നിന്ന് കോപ്രായം കാണിക്കുന്നു. എമി ഒരു നിമിഷം വായും തുറന്ന് നിന്നുപോയി. കാര്യം സ്വന്തം കെട്ട്യോൻ ആയിട്ടും ഇന്നേവരെ ഈ കോലത്തിൽ അവനെ കണ്ടിട്ടില്ല. എമി കണ്ണ് കൊണ്ട് സ്കാനിംഗ് തുടങ്ങി. ദേഹത്ത് ഉരുട്ടി കേറ്റി വെച്ചിരിക്കുന്ന സിക്സ് പാക്കിന്റെ എണ്ണം പിടിക്കുകയാണ് അവൾ. പെൺപിള്ളേരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല ഇങ്ങേര് ഇങ്ങനെ നിന്നാൽ ആരായാലും ഒന്ന് നോക്കി പോവും എന്തൊരു സ്ട്രക്ടർ എന്റെ അമ്മച്ചിയേ....... എമി വീണ്ടും സ്കാനിംഗ് പുനരാരംഭിച്ചു. സ്വന്തം പ്രോപ്പർട്ടിയെ നോക്കുന്നതിന് ആരുടേയും അനുവാദം ഒന്നും വേണ്ടല്ലോ???? ഒരു ദർശന സുഖം. അച്ചു മെല്ലെ ടേബിളിൽ കൈകുത്തി നിന്ന് മിററിൽ നോക്കി മീശ പിരിച്ചു.

ഇങ്ങേരിത് എന്ത് ഭാവിച്ചാ എന്റെ മാതാവേ???? പ്രായപൂർത്തിയായ ഒരു പെണ്ണ് കൂടെയുണ്ട് എന്ന വിചാരം വല്ലതും ഉണ്ടോ???? എന്റെ കണ്ട്രോൾ പരമ്പര ദൈവങ്ങളെ ഞാനിത് എങ്ങനെ സഹിക്കും????? എമിയുടെ രോദനം. മാനം കളഞ്ഞേക്കല്ലെ എന്റെ പുണ്യാളാ. നെഞ്ചിൽ കൈവെച്ച് അവൾ പ്രാർത്ഥിച്ചു. ഒന്ന് കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടവൾ അവന്റെ അടുത്തേക്ക് നടന്നു. അവനരികിൽ ചെന്ന് നിന്നതും അവളൊന്ന് മുരടനക്കി. അത് അറിഞ്ഞതും അവൻ അതേ പൊസിഷനിൽ തന്നെ നിന്നുകൊണ്ട് മെല്ലെ മുഖം ചരിച്ച് അവളെയൊന്ന് നോക്കി. ചായക്കപ്പിൽ മുറുകെ പിടിച്ച് വെപ്രാളപ്പെട്ടുള്ള അവളുടെ നിൽപ്പ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളചിരി വിടർന്നു. ആ ചിരി കണ്ടതും അവൾ ശ്വാസം പോലും എടുക്കാൻ മറന്ന് അവനെ നോക്കിപ്പോയി. വല്ലാത്തൊരു തരം വശ്യത ആ ചിരിയിൽ കലർന്നിരുന്നു. കൊല്ലാതെ കൊല്ലുന്ന അവന്റെ ആ ചിരിയിൽ ലയിച്ചവൾ അവന്റെ മുഖത്ത് നിന്ന് കണ്ണ് മാറ്റാനാവാതെ നിന്നുപോയി. അവളുടെ ആ നിൽപ്പ് കണ്ടതും അവനിൽ കുസൃതി നിറഞ്ഞു. പതിയെ ടേബിളിൽ നിന്ന് കൈകൾ എടുത്ത് നിവർന്നു നിന്ന് അവളുടെ കയ്യിൽ നിന്ന് ചായക്കപ്പ് വാങ്ങി ടേബിളിലേക്ക് വെച്ചു. ചായ അവൻ വാങ്ങിയത് പോലും അറിയാതെ അതേ പൊസിഷനിൽ നിൽപ്പാണ്. അവനൊരു ചിരിയോടെ അവളെ വലിച്ച് ദേഹത്തോട് ചേർത്തു.

നിന്നിടത്ത് നിന്ന് പെട്ടെന്ന് മുന്നോട്ട് ആഞ്ഞതിനാൽ ഒരു ഞെട്ടലോടെ അവൾ അവന്റെ നെഞ്ചിൽ കൈ വെച്ചുപോയി. ഒരുനിമിഷം കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അവന്റെ കണ്ണുകൾ ഒരുതരം കുറുമ്പൊടെ അവളുടെ കണ്ണുകളെ ആഴത്തിൽ കൊരുത്തു വലിച്ചു. ചുണ്ടിൽ തെളിഞ്ഞു നിന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു. പകരം നിർവചിക്കാനാവാത്ത ഭാവങ്ങൾ മുഖത്ത് വിരിഞ്ഞു. ചുറ്റിനും ഉള്ളതെല്ലാം വിസ്മരിച്ച് ഇരുവരിൽ സ്വയം മറന്ന് നിന്നു. ഇടനെഞ്ചിന് മുകളിൽ സ്ഥാനം പിടിച്ച അവളുടെ ഉള്ളംകയ്യിലൂടെ അവന്റെ ഹൃദയത്തുടിപ്പുകൾ തുളച്ചു കയറി. സുന്ദരമായ ആ നിശബ്ദതയിൽ അവരുടെ ശ്വാസനിശ്വാസങ്ങൾ മാത്രം മുഴങ്ങി കേട്ടു. പതിയെ പതിയെ അവളിൽ ഉള്ള പിടി അവൻ മുറുക്കി കൊണ്ടിരുന്നു. അതിനനുസരിച്ച് അവൾ അവനിലേക്ക് അടുത്തു കൊണ്ടുമിരുന്നു. നൂലിഴ വ്യത്യാസമില്ലാതെ അവളെ അവൻ തന്നിലേക്ക് ചേർത്തു. അപ്പോഴും കണ്ണുകൾ ഏതോ മാന്ത്രിക ലോകത്ത് എന്നത് പോലെ കെട്ട് പിണഞ്ഞു കിടന്നു. ഇരുമുഖങ്ങൾ തമ്മിലുള്ള അകലം നേർത്ത് നേർത്ത് വന്നു. ഒടുവിൽ എപ്പോഴോ അധരങ്ങൾ തമ്മിൽ ചേർന്നൊട്ടി. ചുണ്ടുകളിൽ പടർന്ന ചൂടും നനവും ആത്മാവിലേക്ക് അരിച്ചിറങ്ങി. അവളുടെ ചുണ്ടുകളെ പ്രണയമെന്ന മായാജാലത്താൽ വാരിപ്പുണരുമ്പോൾ ആ നിർവൃതിയാൽ അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.

അത്രമേൽ അധരങ്ങൾ തമ്മിൽ കീഴ്പ്പെട്ടൊരാ ചുംബനത്തെ തെല്ലിണ പോലും തടസ്സപ്പെടുത്താതെ അവനവളെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞ് പൊക്കിയെടുത്തു. അഴിഞ്ഞുലഞ്ഞു വീണ അവളുടെ മുടിയിഴകൾ ഇരുമുഖങ്ങളെയും നാണത്താൽ മറച്ചു. ആത്മാവിലേക്ക് ആഴ്ന്നിറങ്ങി വേരുകൾ പടർത്തി ഇറങ്ങുന്നത് പോലെ അവളുടെ ചുണ്ടുകളെ അവൻ ഗാഢമായി നുണഞ്ഞു. അച്ചൂ... എമീ.... ദേ അവരെത്തി...... താഴെ നിന്നുയർന്ന സാറായുടെ ശബ്ദം കേട്ടതും ഒരു തരിപ്പോടെ ചുണ്ടുകൾ തമ്മിൽ വേർപ്പെട്ടു. പെട്ടെന്ന് സ്ഥലകാല ബോധം വന്നത് പോലെ അവൾ ഞെട്ടിപ്പിടഞ്ഞ് അവനിൽ നിന്ന് വേർപ്പെട്ട് തിരിഞ്ഞു നടക്കാൻ ആഞ്ഞു. എന്നാൽ അതിന് മുന്നേ തന്നെ അവൻ അവളെ വലിച്ച് തന്നിലേക്ക് തന്നെ വീണ്ടും ചേർത്തിരുന്നു. കണ്ണുകൾ ഉയർത്തി തന്നെ നോക്കാതെ നിൽക്കുന്ന അവളുടെ മുഖം ഉള്ളംകയ്യാൽ കോരിയെടുത്ത് അവൻ നെറുകിൽ മുകർന്നു. ഒരു ചിരിയോടെ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചവൻ പുറത്തേക്ക് ഇറങ്ങിയതും കഴിഞ്ഞു പോയ നിമിഷങ്ങളുടെ ഹാങ്ങ്‌ഓവറിൽ അവൾ ബെഡിലേക്ക് ഇരുന്നു പോയിരുന്നു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story