ഹൃദയതാളമായ്: ഭാഗം 82

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അടുക്കളയിൽ നിന്ന് ബ്രേക്ക്ഫാസ്റ്റിനുള്ളത് എല്ലാം ടേബിളിലേക്ക് എടുക്കുന്നതിനിടയിൽ ചാടി തുള്ളി വരുന്ന എമിയെ കണ്ടതും സ്റ്റെല്ല എന്താ കാര്യം എന്ന രീതിയിൽ ഒന്ന് നോക്കി. ഞാനും കൂടാം ഇതൊക്കെ എടുത്ത് വെക്കാൻ. ഒരു ചിരിയോടെ പറഞ്ഞവൾ സാറയുടെ കയ്യിലിരുന്ന പാത്രം വാങ്ങാൻ തുനിഞ്ഞു. വേണ്ട അങ്ങനെ ഇപ്പൊ എന്റെ മോൾ ഇതിൽ കൂടാൻ നിക്കണ്ട വല്ലപ്പോഴുമല്ലേ ഇതുപോലെ പപ്പയും അമ്മയും ഒക്കെ വരൂ അപ്പൊ പിന്നെ എന്റെ പൊന്നുമോൾ അവിടെ പോയിരുന്ന് അവരോട് സംസാരിക്കാൻ നോക്ക്. ഇതൊക്കെ എനിക്കും റിയമോൾക്കും ചെയ്യാനുള്ളതേ ഉളളൂ. പാത്രത്തിൽ പിടിക്കാൻ ഉയർന്ന അവളുടെ കൈയെ തടഞ്ഞു കൊണ്ടവർ പറഞ്ഞു. എന്നാലും അമ്മച്ചീ..... ഒരു അമ്മച്ചിയും ഇല്ല. പോ കൊച്ചേ അങ്ങോട്ട്‌..... പറയുന്നതിനൊപ്പം റിയ അവളെ തോളിൽ പിടിച്ച് അടുക്കളയിൽ നിന്ന് പുറത്താക്കിയിരുന്നു. അവരുടെ പ്രവർത്തിയിൽ അവൾക്ക് ഒരേ സമയം സന്തോഷവും ആശ്വാസവും നിറച്ചു. വിവാഹം കഴിഞ്ഞ് വീട്ടിൽ വിരുന്തുകാരായി എത്തുന്ന സ്വന്തം മാതാപിതാക്കളെ കാണുമ്പോൾ ഏതൊരു പെണ്ണിനും ഉള്ളിൽ സന്തോഷം ആയിരിക്കും.

ആ ദിവസം മുഴുവൻ അവർക്കൊപ്പം ചിലവഴിക്കാനും വിശേഷങ്ങൾ പങ്കു വെക്കാനും എല്ലാം മനസ്സ് തുടിക്കും. എന്നാൽ ഭൂരിഭാഗം പേർക്കും ആ സൗഭാഗ്യം ലഭിക്കാറില്ല എന്നതാണ് സത്യം. എല്ലാവർക്കുമുള്ള ഭക്ഷണം തയ്യാറാക്കാനും വീട്ടിലുള്ള ഓരോരുത്തർക്കും വേണ്ടത് ചെയ്തു കൊടുത്തും ഓടി നടക്കാനായിരിക്കും അവരുടെ വിധി. സ്വസ്ഥമായി ഒന്ന് മിണ്ടാനുള്ള സമയം പോലും ലഭിക്കില്ല. ചില ഭർത്താവിന്റെ വീട്ടുകാർക്ക് മരുമക്കളുടെ മാതാപിതാക്കളെ കാണുന്നത് തന്നെ വെറുപ്പായിരിക്കും. പലപ്പോഴും അവരത് പ്രകടിപ്പിക്കാറ് സ്വന്തം മകളെ അവർക്ക് മുന്നിൽ അപമാനിച്ച് കൊണ്ടായിരിക്കും. അപമാനഭാരത്താൽ മനം നൊന്തായിരിക്കും അവർ മകളെ കണ്ട് വീട്ടിൽ പോവുന്നത്. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ കണ്മുന്നിൽ കണ്ടിരിക്കുന്നു. പക്ഷെ ഇവിടെ എന്തിനും ഏതിനും ചേർത്ത് പിടിക്കുന്ന നല്ലൊരു ഭർത്താവിനെയും കുടുംബത്തിനെയുമാണ് ദൈവം തനിക്കായി വെച്ച് നീട്ടിയത്. ഇതിലേറെ ഭാഗ്യം ഒന്നും തന്നെ ഒരു പെൺകുട്ടിക്ക്‌ ലഭിക്കാനില്ല. തീർത്തും ഭാഗ്യവതിയാണ് താൻ. സന്തോഷത്തോടെ അവൾ മനസ്സിൽ ചിന്തിച്ചു. ഉള്ളിൽ അലയടിച്ച് ഉയരുന്ന ആനന്ദതിരയുടെ പ്രതിഭലനം എന്ന പോൽ അവളുടെ കണ്ണുകൾ തിളങ്ങി.

ചുണ്ടിൽ ഒരു നറുപുഞ്ചിരി സ്ഥാനം നേടി. പുഞ്ചിരിയോടെ അവൾ ഡൈനിങ്ങ് റൂമിൽ എത്തവെ പോളിനോട് സംസാരിച്ച് ഇരിക്കുന്ന പപ്പയെ കണ്ടതും അവൾ ചിരിയോടെ അയാൾക്കും അച്ചുവിനും ഇടയിൽ ഒഴിഞ്ഞു കിടന്നിരുന്ന ചെയറിൽ സ്ഥാനം പിടിച്ചു. എന്താണ് ഇവിടെ ഗംഭീര ചർച്ച ആണല്ലോ???? എന്റെ വല്ല കുറ്റവും പറയുവാണോ???? കളിയായി അവൾ തിരക്കി. ഒന്നുമില്ല എന്റെ കാന്താരി ഞങ്ങൾ കുറച്ച് നാട്ടുവർത്തമാനം പറഞ്ഞിരുന്നതാണേ..... പോൾ കയ്യെത്തിച്ച് അവളുടെ തലയിൽ ഒന്ന് തട്ടി. എമീ നീയെന്തിനാ കൊച്ചു പിള്ളേരെ പോലെ അപ്പന്റെ അടുത്ത് വന്നിരിക്കുന്നത് ചെന്ന് അടുക്കളയിൽ അവരെ പോയി സഹായിച്ചേ. കല്യാണം കഴിഞ്ഞെന്ന ബോധം വേണ്ടേ????? സ്റ്റെല്ല അവളെ ശകാരിച്ചു. അവളെ വഴക്കിടണ്ട സ്റ്റെല്ലേ അടുക്കളയിൽ സഹായിക്കാൻ വന്ന അവളെ ഇങ്ങോട്ട് ഓടിച്ചു വിട്ടത്. വല്ലപ്പോഴുമല്ലേ അവൾക്ക് ഇതുപോലെ നിങ്ങളുടെ കൂടെ ഇങ്ങനെ ഇരിക്കാൻ കഴിയൂ അതുകൊണ്ട് മാക്സിമം അവളെ എൻജോയ് ചെയ്യട്ടെ. കറിയുമായി അങ്ങോട്ട് എത്തിയ സാറാ പറഞ്ഞതും സ്റ്റെല്ല പിന്നെയൊന്നും പറഞ്ഞില്ല. സാറായും റിയയും ടേബിളിൽ എല്ലാം നിരത്തി.

അച്ചുവും പോളും സ്വയം വിളമ്പുന്ന നേരം സാറായും റിയയും മറ്റുള്ളവർക്ക് കൂടി വിളമ്പി. അപ്പോഴേക്കും ജോക്കുട്ടനെയും എടുത്ത് ആൽവിച്ചനും എത്തി. അല്ല അനു മോളെ കണ്ടില്ലല്ലോ????? സ്റ്റെല്ലയുടെ ചോദ്യം കേട്ടതും എമി ചുണ്ട് കോട്ടി. ഓഹ് എന്താ ആ ജന്തുവിനോട് ഒരു സ്നേഹം???? ഇവിടെ സ്വന്തം മകൾക്ക് പുല്ല് വിലയും. ദേഷ്യവും പരിഭവവും കലർന്ന സ്വരത്തിൽ അവൾ പയ്യെ പിറുപിറുത്തു. അവൾ വരും ആന്റി ഞാൻ ചെന്ന് വിളിച്ചപ്പോഴാ അതിന്റെ ഉറക്കം കഴിഞ്ഞത് പല്ല് തേച്ചിട്ട് ഇറങ്ങി ഇപ്പൊ വരും ആന്റി കഴിക്ക്. ആൽവി അവർക്കുള്ള മറുപടി കൊടുത്ത് ഒരു പ്ലേറ്റ് എടുത്ത് റിയക്ക് വേണ്ടത് വിളമ്പി അവളെ അടുത്ത് പിടിച്ചിരുത്തി. അവന്റെ പ്രവർത്തി എല്ലാവരും നോക്കിയിരിക്കുകയായിരുന്നു. സ്വന്തം ഭാര്യക്ക് വിളമ്പി കൊടുക്കാനുള്ള മനസ്സുള്ള ആണുങ്ങൾ ഒക്കെ ഉണ്ടല്ലേ??? നല്ലതാ മോനെ. സ്റ്റെല്ല അവനെ അഭിനന്ദിക്കാൻ മറന്നില്ല. ഒലക്കേണ്. അവൻ ആ വിളമ്പിയത് മുഴുവൻ റിയമോൾ കഴിക്കാത്തതാണ്. അവൾക്ക് ഇഷ്ടമല്ലാത്തത് വിളമ്പിയാലല്ലേ അതൊക്കെ തൊട്ടടുത്ത് ഇരിക്കുന്ന അവന് കഴിക്കാൻ പറ്റൂ.

പോൾ ഒരു പരിഹാസത്തോടെ പറഞ്ഞതും അവൻ എല്ലാവരെയും നോക്കി വെളുക്കെ ഇളിച്ചു. അത് പിന്നെ ആഹാരം പാഴാക്കാൻ പാടില്ലല്ലോ അതാ...... അത് കേട്ടതും എല്ലാവരും അമർത്തി ചിരിച്ചു. എമി അമ്പട ഭീകരാ എന്നർത്ഥത്തിൽ അവനെ നോക്കി. അല്ല എമി എന്താ ഒന്നും എടുക്കാത്തത്. എടുത്ത് വിളമ്പി കഴിക്കെടാ. റിയ അത് ചോദിക്കുമ്പോഴാണ് പ്ലേറ്റ് പോലും എടുത്ത് വെക്കാതെ ഇരിക്കുന്ന എമിയെ എല്ലാവരും ശ്രദ്ധിക്കുന്നത്. അത് ഏട്ടത്തിക്ക്‌ അറിയില്ലേ ഇന്നവൾ പപ്പയുടെ കയ്യിൽ നിന്നേ കഴിക്കൂ അല്ലെ???? അച്ചു അത് പറഞ്ഞതും അവൾ ഒരു ചിരിയോടെ തലയാട്ടി. ജോൺ ഒരു ചിരിയോടെ അവളെ നോക്കി അവൾക്ക്‌ വാരി കൊടുത്തു. നിറഞ്ഞ മനസ്സോടെ അത് വാങ്ങി കഴിച്ചവൾ എല്ലാവരെയും നോക്കി കണ്ണ് ചിമ്മി. പോളിനരികിൽ ഒഴിഞ്ഞു കിടന്ന ചെയറിലേക്ക് ഇരുന്ന് സാറായും അവർക്കൊപ്പം കൂടി. തമാശ പറഞ്ഞ് എല്ലാവരും ഭക്ഷണം ആസ്വദിച്ച് കഴിക്കുമ്പോഴാണ് അനു ഇറങ്ങി വരുന്നത്. ടേബിളിൽ ഇരിക്കുന്ന സ്റ്റെല്ലയേയും ജോണിനെയും കണ്ടതും ചെറിയൊരു പുഞ്ചിരിയോടെ അവൾ സ്റ്റെല്ലയുടെ അരികിൽ ചെന്നിരുന്ന് പ്ലേറ്റ് എടുത്ത് സ്വയം ആഹാരം വിളമ്പി. ആന്റിയും അങ്കിളും എപ്പൊ എത്തി???

വിളമ്പുന്നതിനിടയിൽ തന്നെ പുഞ്ചിരിയോടെ കുശലാന്വേഷണം നടത്തുന്ന അവളെ കണ്ട് വായിൽ ഇരുന്ന ഭക്ഷണം വിഴുങ്ങാൻ പോലും മറന്ന് എമി അന്തംവിട്ട് ഇരുന്നുപോയി. മറ്റുള്ളവരുടെ അവസ്ഥയും മറിച്ചല്ലായിരുന്നു. അവളുടെ ഭാഗത്ത്‌ നിന്ന് അത്തരത്തിലുള്ള ഒരു നീക്കം അവരാരും തീരെ പ്രതീക്ഷിച്ചതല്ല. എന്നാൽ അച്ചുവിന്റെ ചുണ്ടിൽ മാത്രം ഒരുതരം പുച്ഛം ആയിരുന്നു തെളിഞ്ഞത്. ഞങ്ങൾ എത്തിയിട്ട് കുറച്ച് നേരമായി. മോളെ തിരക്കിയപ്പോൾ ആൽവിയാ പറഞ്ഞത് എഴുന്നേറ്റതേ ഉള്ളെന്ന്. ഞായറാഴ്ച അല്ലെ ആന്റി അതാ നേരം വൈകിയത്. ആകെ ഒരു ദിവസം അല്ലെ ഫ്രീയായി കിട്ടൂ. അതുകൊണ്ട് സ്വസ്ഥമായി ഒന്ന് കിടന്നുറങ്ങി അതാ നിങ്ങൾ വന്നതൊന്നും അറിയാഞ്ഞത്. ഹൃദ്യമായ ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു നിർത്തി. അത് സാരമില്ല മോളെ എന്നും രാവിലെ എഴുന്നേറ്റ് കോളേജിൽ പോവുന്നതല്ലേ അപ്പൊ ഇടയ്ക്ക് ഒരു ദിവസം അൽപ്പം റസ്റ്റ്‌ ഒക്കെ ആവാം. സ്നേഹത്തോടെ അവളെ നോക്കി അവരത് പറഞ്ഞതും എമി ഞെട്ടി പണ്ടാരമടങ്ങി. ഒരു ഞായറാഴ്ച എഴുന്നേൽക്കാൻ വൈകിയാൽ മൂട്ടിൽ വടി കൊണ്ട് അടിച്ച് എഴുന്നേൽപ്പിക്കുന്ന ആളാണ് ഈ പ്രസംഗിക്കുന്നത്.

ഓന്ത് നിറം മാറുവോ ഇതുപോലെ???? ഞാൻ ഒരു ദിവസം എഴുന്നേൽക്കാൻ വൈകിയാൽ ഈ പറഞ്ഞ തിയറി ഒന്നും പറയില്ലല്ലോ???? ഇവളുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് ഇങ്ങനെ???? അവൾ ഒന്ന് ഉറങ്ങിയാൽ അത് റസ്റ്റ്‌ ഞാൻ ആണെങ്കിൽ അത് എന്തോ വലിയ അപരാധവും ഇത് എവിടുത്തെ ന്യായം????? പ്രതികരിക്ക് എമീ പ്രതികരിക്ക്....... അവൾ പല്ല് കടിച്ചുകൊണ്ട് അവരെ നോക്കി. അവിടെ അനുവിനെ ഊട്ടുന്നു തമാശ പറയുന്നു സ്നേഹിക്കുന്നു. ഇതൊന്നും കണ്ടിട്ട് എമിക്ക് സഹിക്കുന്നില്ല. മടിയിൽ പിടിച്ചിരുത്തി ഒരുമ്മ കൂടി കൊടുക്ക്. അവസാനം കയ്യിൽ കൊത്ത് കിട്ടുമ്പോൾ പഠിച്ചോളും അണലിയെ ആണ് ഇത്രയും നേരം പാലൂട്ടിയതെന്ന്. പുച്ഛത്തോടെ അതിലുപരി ദേഷ്യത്തോടെ അവൾ ചുണ്ടിനടിയിൽ പറഞ്ഞു. ആന്റി നല്ല കുക്ക് ആണെന്ന് ഇവിടെ പറഞ്ഞു കേട്ടു പക്ഷെ എനിക്ക് ഇതുവരെ അത് അറിയാനുള്ള ചാൻസ് കിട്ടിയില്ലല്ലോ????? അവൾ തെല്ലൊരു വിഷമത്തോടെ അവരെ നോക്കി. അതിനെന്താ മോൾ ഒരുദിവസം വീട്ടിലേക്ക് പോര്. ഞങ്ങൾക്ക് എമിയെ പോലെ തന്നെയല്ലേ മോളും. സ്വന്തം വീട് പോലെ കരുതി എപ്പൊ വേണമെങ്കിലും വരാം. അത് കേട്ടവൾ ഒന്ന് പുഞ്ചിരിച്ചു.

ശരിക്കും ആന്റി എന്ത് സ്വീറ്റാ???? ഈ സ്വഭാവം എന്താ എമിക്ക് കിട്ടാതെ പോയത്????? കളിയായി പറയുന്ന വ്യാജേന അവൾ ആദ്യത്തെ തീപ്പൊരി ഇട്ടു. അത് കേട്ടതേ എമിക്ക് അപകടം മണുത്തു. കേട്ടോ ആന്റി ഇവിടെ ഒരാൾ എഴുന്നേറ്റ് വരുന്നത് തന്നെ 9 മണി കഴിഞ്ഞാ. പിന്നെ ജോക്കുട്ടന്റെ കൂടെ ഫുൾ ടൈം കളിയും ആൽവിച്ചായനുമായി തല്ല് കൂടലും. എന്തായാലും എമി വന്ന് കഴിഞ്ഞാണ് വീടിന് ഒരു ഒച്ചയും അനക്കവും എല്ലാം വെച്ച് തുടങ്ങിയത്. ഒരു തമാശ എന്നത് പോലെ കൊള്ളേണ്ട ഇടത്ത് തന്നെ കൊള്ളിച്ച് അവൾ പറഞ്ഞു. എമിക്ക് അതോടെ കാര്യങ്ങളുടെ വ്യക്തത ഏതാണ്ട് കിട്ടി. ചിരിച്ചു കൊണ്ട് കഴുത്തറുക്കുകയാണവൾ. അവളുടെ പ്രവർത്തികളുടെ അർത്ഥം മനസ്സിലാവാതെ അച്ചുവും എമിയും ഒഴികെ മറ്റെല്ലാവരും അവളെ പകച്ച് നോക്കി ഇരിക്കുകയാണ്. ഇനി നടക്കാൻ പോവുന്നത് എന്താണെന്ന് എമിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൾ മുഖം തിരിച്ച് സാറായെ നോക്കി. ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്ന അവരുടെ മുഖം അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല. അത് കൊള്ളാം ഇങ്ങനെ കാള കളിച്ച് നടക്കാനാണോ എമീ നിന്നെ കല്യാണം കഴിപ്പിച്ച് ഇങ്ങോട്ട് അയച്ചത്?????

ഇത്രയും വലുതായില്ലേ പ്രായത്തിന്റെ പക്വതയെങ്കിലും നിനക്ക് കാണിച്ചു കൂടെ????? കൊച്ചു കുഞ്ഞിന്റെ കൂടെ കളിക്കാനാണോ നിന്നെ ഞങ്ങൾ വിവാഹം കഴിപ്പിച്ചത്???? നിന്നെക്കാൾ മൂത്തതല്ലേ ആൽവി അവനോട് തല്ല് പിടിക്കാൻ പോകുവാണോ വേണ്ടത്???? അതെങ്ങനെയാ പപ്പ വളർത്തി ചീത്തയാക്കി വെച്ചിരിക്കുവല്ലേ???? ദേഷ്യത്തിൽ അവർ പറയുന്നത് കേട്ട് എമി കത്തുന്ന കണ്ണുകളാൽ അനുവിനെ നോക്കി. എമിയുടെ നോട്ടത്തെ പുച്ഛത്തോടെ നേരിട്ടവൾ സ്റ്റെല്ലക്ക്‌ നേരെ തിരിഞ്ഞു. അയ്യോ ആന്റി അവളെ വഴക്ക് പറയേണ്ട കാര്യം ഒന്നുമില്ല. കുറച്ച് കൂടി കാര്യപ്രാപ്തി ആവുമ്പോൾ അവൾ അതെല്ലാം പഠിച്ചോളും. അനു നല്ലവളായ ഉണ്ണി വേഷം നിറഞ്ഞ് ആടുകയാണ്. ഇനി എന്ന് കാര്യപ്രാപ്തി ഉണ്ടാവനാണെന്നാ???? കൊച്ചു കുട്ടി ഒന്നുമല്ലല്ലോ വയസ്സ് 20 കഴിഞ്ഞു. എന്നിട്ടും നന്നാവണം എന്ന ചിന്തയുണ്ടോ????? നല്ല തല്ല് കൊള്ളാത്തതിന്റെ കേടാ പെണ്ണിന്. ഇത്രയൊക്കെ ആയിട്ടും അഹങ്കാരത്തിന് വല്ല കുറവുമുണ്ടോ നോക്കുന്നത് കണ്ടില്ലേ????? അവർ അമർഷത്തോടെ അവളെ നോക്കി. നീ വെറുതെ അനുവിനെ നോക്കി പേടിപ്പിക്കയൊന്നും വേണ്ട.

സ്വന്തം കാര്യം പോലും നേരാവണ്ണം നോക്കാൻ അറിയാത്ത നിന്നെ പിടിച്ച് കെട്ടിച്ച ഞങ്ങളെ പറഞ്ഞാൽ മതിയല്ലോ???? സ്റ്റെല്ല നിർത്താതെ അവളെ വഴക്കിടുകയാണ്. അമ്മാ മതി. അച്ചു ശാന്തമായി എന്നാൽ ഉറച്ച സ്വരത്തിൽ പറഞ്ഞതും സ്റ്റെല്ല ഒന്ന് നിർത്തി. കല്യാണം കഴിഞ്ഞാൽ ഭർത്താവിനെയും വീട്ടുകാരെയും നോക്കി വെളുപ്പിന് കുളിച്ച് അടുക്കളയിൽ കയറി എല്ലാവർക്കും ഉള്ളത് വെച്ചുണ്ടാക്കി എല്ലാവരെയും വിളിച്ചുണർത്തി വേണ്ടതൊക്കെ ചെയ്ത് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്നതാണ് ഒരു ഭാര്യയുടെ ധർമം എന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങൾ ആരും. ഈ പറഞ്ഞതൊക്കെ ചെയ്യാൻ ഒരു വേലക്കാരിക്ക് സാധിക്കും. ഒരു കുടുംബത്തിൽ വന്ന് കയറുന്ന പെൺകുട്ടിക്ക്‌ വീട്ടുജോലി ചെയ്യാൻ അറിയാവോ എന്നല്ല അവൾ കുടുംബത്തിന് ദോഷം വരുത്തുന്നവൾ ആണോ എന്നാണ് നോക്കേണ്ടത്. ഒരു ചെയിനിന്റെ കണ്ണികൾ എന്നപോൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടവർ ആണ് കുടുംബത്തിലെ ഓരോ അംഗങ്ങളും അതിൽ പുതുതായി ഒരു കണ്ണി കൂട്ടിച്ചേർക്കപ്പെടുമ്പോൾ ആ കണ്ണി മോശം ആണെങ്കിൽ കുടുംബത്തിന് തന്നെ വിള്ളൽ ഉണ്ടാവാം. ഒരാൾക്ക് എന്തെല്ലാം അറിയാം എന്നതിലല്ല അവർ എങ്ങനെ പെരുമാറുന്നു എന്നതിലാണ് കാര്യം. ഉള്ള് നന്നായാൽ മതി അല്ലാതെ പുറമെ കാണിക്കുന്ന ഗുണകണങ്ങളിൽ അല്ല കാര്യം. എല്ലാം അറിയാം എന്നാൽ ഉള്ള് നിറയെ വിഷം ആണെങ്കിൽ അതുകൊണ്ട് എന്ത് കാര്യം?????

എമി എനിക്ക് എന്തുകൊണ്ടും നല്ലൊരു ഭാര്യ തന്നെയാണ്. ഈ ഇരിക്കുന്ന ഓരോരുത്തർക്കും അവൾ പ്രിയപ്പെട്ടത് തന്നെയാണ്. അവളുടെ കുറുമ്പും കുസൃതിയും എല്ലാം ഇവിടെ ഓരോരുത്തരും ആസ്വദിച്ചിട്ടേ ഉള്ളൂ. ചേട്ടായിയോട് അവൾ തല്ല് കൂടാറുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല അത്രത്തോളം അടുപ്പവും സ്വാതന്ത്ര്യവും എല്ലാം ഉണ്ടായിട്ട് തന്നെയാണ്. എന്റെ ചേട്ടൻ എന്നല്ല അവളുടെ സ്വന്തം ചേട്ടൻ എന്ന പോലെയാണ് അവൾ ഇതുവരെ കണ്ടിട്ടുള്ളൂ. അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ഡാഡിയെയും അമ്മച്ചിയേയും അവൾ നിങ്ങളെ പോലെ തന്നെയാണ് കണ്ടിട്ടുള്ളത്. ജോക്കുട്ടനെ അവൾ സ്വന്തം കുഞ്ഞിനെ പോലെയാണ് കൊണ്ടുനടക്കുന്നത്. ഏട്ടത്തിയുടെ അവസ്ഥ അറിഞ്ഞുകൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുന്നത് അവൾ തന്നെയാണ്. കണ്ടറിഞ്ഞാണ് അവൾ ഓരോന്നും ചെയ്യുന്നത്. പക്വത കാണിക്കേണ്ടത് കേവലം വാക്കുകളിലൂടെ അല്ല പ്രവർത്തികളിലൂടെ ആണ്. അത് വേണ്ടപ്പോൾ വേണ്ടത് പോലെ അവൾ കാണിക്കുന്നുണ്ട്. ഈ ഇരിക്കുന്ന അനുവിന്റെ പ്രായം തന്നെയാണ് ഇവളും. അനുവിന് ഒരു മുട്ട പൊരിക്കാൻ അറിയാവോ എന്ന് ചോദിച്ചു നോക്ക്....

അവന്റെ വാക്കുകളിൽ പുച്ഛം നിറഞ്ഞു. ഉപ്പേത് പുളിയേത് എന്ന് അവൾക്ക് ഇപ്പോഴും അറിയില്ല. എന്നിട്ട് അതേ പ്രായത്തിൽ ഉള്ള എമി കല്യാണം കഴിഞ്ഞു എന്ന ഒറ്റ കാരണത്താൽ ഭർത്താവിനെയും വീട്ടുകാരെയും നോക്കി അടുക്കള പണി എടുക്കണം എന്ന് പറയുന്നതിൽ എന്ത് ന്യായം ആണുള്ളത്????? അവന്റെ ചോദ്യത്തിന് അവരുടെ പക്കൽ മറുപടി ഒന്നും ഇല്ലായിരുന്നു. അമ്മ ഇപ്പൊ പറഞ്ഞില്ലേ ഞായറാഴ്ച ആകെ ഒരു ദിവസം കിട്ടുമ്പോൾ കുറച്ച് നേരം കിടന്ന് ഉറങ്ങുന്നതിൽ തെറ്റില്ല എന്ന്. ഇവൾ ഉറക്കം കഴിഞ്ഞ് വരുന്ന സമയത്താണ് എമി എഴുന്നേറ്റിരുന്നെങ്കിൽ ഇത് തന്നെ പറയുമോ????? രണ്ടുപേരും സമപ്രായക്കാർ ആണ് എന്നിട്ടും നിയമങ്ങൾ രണ്ട് രീതിയിൽ അതെങ്ങനെ ശരിയാവും????? സ്റ്റെല്ല ഒന്നും പറയാൻ ആവാതെ ഇരുന്നുപോയി. സ്വന്തം രക്തത്തെ പോലും തള്ളി പറയുന്നവരുടെ വാക്കും കേട്ട് വെറുതെ എമിയെ ക്രൂശിക്കേണ്ട. പരിഹാസത്തോടെ അനുവിനെ നോക്കി പറഞ്ഞതും അവൾ അടികിട്ടിയത് പോലെ വിളറി വെളുത്തു. അച്ചു പറഞ്ഞതാണ് സ്റ്റെല്ലേ ശരി. എമി തന്നെയാണ് ഈ കുടുംബത്തിൽ വന്ന് ചെരേണ്ടത്. പെൺകുട്ടികൾക്ക് പ്രായത്തിന്റെ കുറുമ്പും കുസൃതിയും ഒക്കെ വേണം. ഇന്നേവരെ ഇവിടെ ആരെയും നോവിക്കുന്ന തരത്തിലുള്ള ഒരു വാക്ക് പോലും അവളിൽ നിന്ന് വീണിട്ടില്ല. പിന്നെ അവൾ ജോലി ഒന്നും ചെയ്യാത്തല്ല ഞാൻ ചെയ്യിക്കാഞ്ഞിട്ടാണ്.

ഇപ്പൊ അവൾ പഠിക്കുവല്ലേ അതെല്ലാം കഴിയട്ടെ എന്നിട്ടാവാം കുടുംബം നോക്കൽ എല്ലാം. മരുമകൾ ആയിട്ടല്ല മകൾ ആയിട്ട് തന്നെയാണ് ഇതുവരെ കണ്ടിട്ടുള്ളത് അത് ഇനിയും അങ്ങനെ തന്നെ ആയിരിക്കും. അത്രമേൽ ഉറച്ചതായിരുന്നു സാറായുടെ വാക്കുകൾ. എന്റെ പൊന്ന് ആന്റി എമി ഇല്ലാതെ ഒരു ദിവസം ഇവിടെ പൂർണ്ണമാവില്ല. ഓരോ കാരണങ്ങൾ ഉണ്ടാക്കി ഇവളോട് തല്ല് കൂടുന്നത് ഇവളെ അത്രത്തോളം ഇഷ്ടം ആയത് കൊണ്ടാണ്. ഞങ്ങൾ രണ്ടുപേരും തല്ല് കൂടിയാണ് സ്നേഹം കാണിക്കുന്നത്. ഒരു കുറുമ്പി അനിയത്തി എന്നതിലുപരി എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഒരു നല്ലൊരു കൂട്ടുകാരി കൂടിയാണ് അവളെനിക്ക്. ഈ കാണിക്കുന്ന കുറുമ്പും തല്ല്കൊള്ളിത്തരവും ഒന്നും ഇല്ലെങ്കിൽ അവളില്ല. അതുകൊണ്ട് ആന്റി അവളെ ഇങ്ങനെ കുറ്റപ്പെടുത്തി സംസാരിക്കേണ്ട കാര്യമില്ല. ഒരു അമ്മയുടെ ആധി ഞങ്ങൾക്ക് മനസ്സിലാവും പക്ഷെ ഇവളുടെ കാര്യത്തിൽ ആന്റി ടെൻഷൻ ആവുകയേ വേണ്ട. ഇവൾ എന്നും ഈ വീട്ടിലെ നല്ലൊരു മരുമകൾ തന്നെ ആയിരിക്കും. ആൽവിയും വാത്സല്യത്തോടെ അവളെ നോക്കി പറഞ്ഞു നിർത്തി. അവരുടെ സ്നേഹം കാൺകെ ജോണിന് മനസ്സ് നിറഞ്ഞത് പോലെ തോന്നി. ശരിയായ ഇടത്ത് തന്നെയാണ് തന്റെ മകൾ എത്തിച്ചേർന്നിരിക്കുന്നത് എന്ന യാഥാർഥ്യം അയാൾ കണ്ടറിയുകയായിരുന്നു. എമിയുടെ അവസ്ഥയും മറിച്ചാലായിരുന്നു ഇത്രയും നല്ലൊരു കുടുംബം.

അതും തന്നെ പൂർണ്ണമായി മനസ്സിലാക്കി ചേർത്ത് നിർത്തുന്ന ഒരു കുടുംബം. ലോകത്തിൽ ഏറ്റവും ഭാഗ്യവതി താനാണ് എന്ന് തോന്നിപ്പോയി. മനസ്സ് ആനന്ദത്താൽ നിറഞ്ഞ് കവിഞ്ഞു. അവൾ നിറഞ്ഞ ചിരിയോടെ എല്ലാവരെയും നോക്കി. കണ്ണുകൾ ചമ്മി ഇരിക്കുന്ന അനുവിൽ ചെന്നതും മുഖത്ത് പരിഹാസം നിറഞ്ഞു. വിജയഭാവത്തിൽ അവളെ നോക്കി ചിരിച്ച് പപ്പയുടെ കയ്യിൽ നിന്നവൾ ആഹാരം വാങ്ങി കഴിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ബ്രേക്ക്ഫാസ്റ്റ് എല്ലാം കഴിഞ്ഞതും എല്ലാവരും ഒരുമിച്ച് കൂടിയിരുന്ന് കൊച്ചു വർത്തമാനം പറയാൻ തുടങ്ങി. അതിനിടയിൽ എമി പപ്പയുടെ ചെവി തിന്നുന്നുണ്ട് ഓണത്തിന് പൂട്ട് കച്ചവടം എന്ന കണക്ക് ആൽവിയുമായി തല്ല് കൂടുന്നുമുണ്ട്. കുറച്ച് നേരം കൊണ്ട് തന്നെ റിയ ജോണിനും സ്റ്റെല്ലക്കും നല്ലൊരു മകൾക്ക്‌ തുല്യം ആയി കഴിഞ്ഞിരുന്നു. അനു തലവേദന എന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാ. എങ്ങനെ പോവാതിരിക്കും കൊളുത്തിയ പടക്കം പൊട്ടിയതുമില്ല വയറ് നിറച്ച് കിട്ടുകയും ചെയ്തു പാവത്തിന് ക്ഷീണം കാണും. എല്ലാവരും ചർച്ചയിൽ മുഴുകി ഇരിക്കുമ്പോഴാണ് ഡിങ്കൻ ഓടി അങ്ങോട്ട്‌ വരുന്നത്. പരിചയം ഇല്ലാത്ത രണ്ട് മുഖങ്ങൾ കണ്ടതും അവൻ ഓടി അച്ചുവിന്റെ മടിയിലേക്ക് കയറി ഇരുന്നു.

അവനെ കണ്ടതും എമി കയ്യിൽ എടുത്ത് ജോണിന് നേരെ കാണിച്ചു. പപ്പാ ഞാൻ പറഞ്ഞില്ലേ ഇവിടെ പപ്പിയെ വാങ്ങിയ കാര്യം. ഞാനിവനെ എടുത്തു എന്ന് പറഞ്ഞിട്ട് പപ്പ വിശ്വസിച്ചില്ലല്ലോ ദേ കണ്ടോ???? ഗമയോടെ ഡിങ്കനെ ഉയർത്തി കാണിച്ച് അവൾ പറയുന്നത് കേട്ട് അയാൾ ചിരിച്ചു. ഞാൻ പപ്പിയെ എടുത്തു എന്ന് പറഞ്ഞിട്ട് ഈ പപ്പ വിശ്വസിക്കുന്നില്ലായിരുന്നു ഇച്ചായാ..... അവൾ അടുത്തിരുന്ന അച്ചുവിനെ നോക്കി പരിഭവിച്ചു. എങ്ങനെ വിശ്വാസം വരാനാ???? പണ്ട് പട്ടി എന്ന് കേൾക്കുമ്പോ തന്നെ എന്റെ കുഞ്ഞൻ പുരപ്പുറത്ത് എത്തുമായിരുന്നില്ലേ???? അയാൾ അവളെ കളിയാക്കി. അയ്യടാ അതൊക്കെ പണ്ട് ഇപ്പൊ എനിക്ക് പേടിയില്ല അല്ലെ ഇച്ചായാ???? മറുപടിയായി അവൻ ചിരിയോടെ തലയാട്ടി. അവളൊരു ചിരിയോടെ ഡിങ്കന്റെ തലയിൽ തഴുകി കൊണ്ടിരുന്നു. അവൻ ആണെങ്കിൽ അവളുടെ കയ്യിൽ തലയിട്ട് ഉരസിയും നക്കിയും കളിക്കുന്നുണ്ട്. രണ്ടിന്റെയും കളികൾ നോക്കി ഒരു ചിരിയോടെ അയാൾ ഇരുന്നു. എന്നാലും എന്റെ മോൾക്ക് വന്നൊരു മാറ്റമേ പണ്ടൊക്കെ പട്ടിയെ കണ്ടാൽ തന്നെ മുട്ടിടിക്കുന്ന ആളാണ് അതിനെ എടുത്ത് മടിയിൽ വെച്ച് കളിപ്പിക്കുന്നത്.

ജോൺ താടിക്ക് കയ്യും കൊടുത്തിരുന്ന് പറഞ്ഞു. എനിക്ക് ആ പട്ടിയുടെ കാര്യത്തിലാ പേടി. ആൽവിച്ചൻ നെടുവീർപ്പോടെ ഡിങ്കനെ നോക്കി. ശരിയാ കോഴികൾക്ക് പണ്ടേ പട്ടിയെ പേടി ആണല്ലോ????? എമി തിരികെ പുച്ഛിച്ചു. അതേ നീയെന്നെ അങ്ങനെ പുച്ഛിക്കുകയൊന്നും വേണ്ട. ശരിയാ ഞാൻ കോഴി തന്നെയാ. ഞാൻ മാത്രമല്ല എല്ലാവരുടെയും ഉള്ളിൽ ഉറങ്ങി കിടക്കുന്ന ഒരു കോഴിയുണ്ട് പക്ഷെ എന്റേത് ഫുൾ ടൈം ആക്റ്റീവ് ആയിരിക്കുന്നു അതേയുള്ളൂ വ്യത്യാസം. അത് എന്റെ കുഴപ്പം കൊണ്ടല്ല മനുഫാക്ച്വറിങ് ഡിഫെക്ട് ആണ് ഹേ. ആൽവിച്ചൻ തിരിച്ചും പുച്ഛിച്ചതും എല്ലാവരും പോളിനെ ഒന്ന് നോക്കി. അതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. ആദ്യമായി നട്ട വാഴ തന്നെ ഇങ്ങനെ മണ്ട അടഞ്ഞ ഒരെണ്ണം ആയിപ്പോയി. ഇനിയിപ്പൊ സഹിക്കുക തന്നെ. അയാളുടെ മറുപടി കേട്ട് ഇതിപ്പൊ ഞാൻ ഡാഡിക്കിട്ട് ആണോ ഡാഡി എനിക്കിട്ടാണോ താങ്ങിയത് എന്ന സംശയത്തിലാണ് ആൽവിച്ചൻ. രണ്ടിന്റെയും ഇരുപ്പ് കണ്ട് ചിരി കടിച്ചു പിടിച്ച് മറ്റുള്ളവരും..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story