ഹൃദയതാളമായ്: ഭാഗം 86

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അകന്ന് മാറി കിടന്ന കർട്ടൻ വിടവിലൂടെ അരിച്ചിറങ്ങുന്ന സൂര്യ വെളിച്ചം മുഖത്ത് തട്ടിയതും അസ്വസ്ഥതയോടെ മുഖം ചുളുക്കി അച്ചു കണ്ണുകൾ വലിച്ചു തുറന്നു. കണ്ണിലേക്ക് അടിക്കുന്ന സൂര്യകിരണങ്ങളുടെ തീക്ഷ്ണതയാൽ അവൻ കണ്ണുകൾ ഇറുകെ അടച്ചു. ഉറക്കം വിട്ടു മാറാത്തതിന്റെ ദേഷ്യവും കൂടാതെ വെളിച്ചം മുഖത്ത് അടിക്കുന്നതും അവന് അരോചകമായി തുടങ്ങി. ഈർഷ്യയോടെ അവൻ മുഖം മറുവശത്തേക്ക് തിരിച്ച് കിടന്ന് കണ്ണുകൾ പതിയെ തുറന്നു. കോട്ടുവായിട്ട് കണ്ണുകൾ ഒന്ന് അമർത്തി തുടക്കുന്ന വേളയിലാണ് പുറത്ത് എന്തോ ഭാരം തോന്നുന്നത്. നെറ്റി ചുളിച്ച് ഒന്ന് മുഖം ചരിച്ച് നോക്കുമ്പോൾ കാണുന്നത് കമിഴ്ന്നു കിടക്കുന്ന അവനെ ചുറ്റിപ്പിടിച്ച് അവന്റെ മുതുകിൽ മുഖം ചേർത്ത് വെച്ച് സുഖമായി ഉറങ്ങുന്ന എമിയെയാണ്. അവളുടെ കിടപ്പ് കണ്ട് അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു. ഇന്നലെ വഴക്കും പിടിച്ച് എന്നെ തൊടരുത് പിടിക്കരുത് എന്നൊക്കെ പറഞ്ഞ് പില്ലോ കൊണ്ട് മതിലും പണിത് ബെഡിന്റെ അറ്റത്ത് പോയി കിടന്നുറങ്ങിയ പെണ്ണാണ് വന്ന് കെട്ടിപിടിച്ചു കിടന്നുറങ്ങുന്നത്.

മതിൽ പണിതു വെച്ച പില്ലോ എല്ലാം അവൾ തന്നെ തട്ടിത്തെറിപ്പിച്ച് നിലത്തേക്ക് ഇട്ടിട്ടുണ്ട്. ഇങ്ങനെ ഒരു പെണ്ണ്........ ചിരിയോടെ അവൻ മനസ്സിൽ ഓർത്തു. മെല്ലെ ചരിഞ്ഞ് അവളെ ബെഡിലേക്ക് അടർത്തി മാറ്റി കിടത്തി അവൾക്ക് അഭിമുഖമായി തലയ്ക്ക് കയ്യും കൊടുത്ത് കിടന്ന് അവളിൽ നോട്ടം ഉറപ്പിച്ചു. അത്രയും നേരം അവനോട് ഒട്ടി കിടന്നിരുന്ന അവൾ ആ ചൂട് കിട്ടാതെ ആയതും മുഖം ചുളിച്ച് ചിണുങ്ങി. ബെഡിൽ കൈ കൊണ്ട് ബെഡിൽ തപ്പി നിരങ്ങി തനിക്ക് നേരെ അടുക്കുന്ന അവളെ കണ്ടതും അവനൊരു കുസൃതി തോന്നി. അവൾ നിരങ്ങി വരുന്നതനുസരിച്ച് അവൻ പിന്നിലേക്ക് നീങ്ങി. അവനരികിൽ എത്താൻ കഴിയാതെ ആയതും ഉറക്കത്തിലും അവളുടെ ചുണ്ടുകൾ പുറത്തേക്ക് ഉന്തി. അത് കാൺകെ അവനിൽ ഒരേ സമയം പ്രണയവും വാത്സല്യവും നിറഞ്ഞു. കൂർപ്പിച്ച് വെച്ച അവളുടെ ചുണ്ടിൽ പതിയെ ഒന്ന് മുത്തി അവൻ അവളിലേക്ക് ചേർന്ന് കിടന്നു.

തേടിയത് എന്തോ കിട്ടിയ സന്തോഷത്തിൽ അവൾ അവനോട് പറ്റിച്ചേർന്ന് കിടന്ന് ആ നെഞ്ചിലേക്ക് മുഖം ചേർത്ത് കിടന്നു. അവൻ മെല്ലെ പൊള്ളിയ അവളുടെ കൈ തന്റെ കയ്യിൽ എടുത്ത് നോക്കി. ചുവന്ന് ചെറുതായി വീർത്ത ആ പാടിന് ചുറ്റും അവൻ മെല്ലെ ചൂണ്ട് വിരൽ ഓടിച്ചു. പിന്നെ ശ്രദ്ധയോടെ കൈ എങ്ങും തട്ടാത്ത വിധത്തിൽ വെച്ചു. അലസമായി കിടന്നിരുന്ന മുടിയിഴകൾ പതിയെ ഒതുക്കി വെച്ച് ആ കുഞ്ഞു മുഖത്തേക്ക് അവൻ ഏറെ പ്രണയത്തോടെ നോക്കി കിടന്നു. അഴിഞ്ഞു കിടന്ന അവളുടെ മുടിയിലൂടെ അവൻ വിരലുകൾ ചലിപ്പിച്ച് കൊണ്ടിരുന്നു. ഇടയ്ക്കിടെ നെറുകിൽ നനുത്ത ഓരോ ചുംബനങ്ങൾ ഏകി കൊണ്ടിരുന്നു. അവന്റെ കണ്ണുകൾ അവളുടെ മുഖത്താകെ ഓടി നടക്കുമ്പോഴാണ് താഴെ നിന്ന് ഒരു കുഞ്ഞ് ശബ്ദം കാതിൽ പതിക്കുന്നത്. പതിയെ ബെഡിൽ നിന്ന് ഒന്ന് എത്തി നോക്കവെ നിലത്ത് പരിഭവത്തോടെ നിൽക്കുന്ന ഡിങ്കനെ ആണ് കാണുന്നത്.

ആൾ ബെഡിൽ കയറാൻ സാധിക്കാത്ത ദേഷ്യത്തിലാണ്. ബൗ ബൗ......... അവൻ തന്റെ കുഞ്ഞ് സ്വരത്തിൽ കുരച്ച് പരിഭവം പുറത്ത് കാണിക്കാൻ ശ്രമിച്ചു. ശ്ശ്ഷ്............ ഡിങ്കന്റെ കുര കേട്ട് എമിയുടെ ഉറക്കം മുറിയും എന്ന് മനസ്സിലാക്കി അച്ചു ചുണ്ടിൽ വിരൽ വെച്ച് അവനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. കാര്യം മനസ്സിലായതും അവൻ ബഹളം നിർത്തി വാലാട്ടിക്കൊണ്ട് നിലത്ത് കിടന്നു. ആശാന്റെ അനുസരണ കണ്ടതും അച്ചൂന് ചിരി വന്നുപോയി. അവനെയൊന്ന് നോക്കി അച്ചു എമിയെ തന്നിലേക്ക് ചേർത്ത് പിടിച്ച് മെല്ലെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇതെന്താ രസമോ???? ഇഡ്ഡലിയുടെ കൂടെ ആരേലും രസം ഉണ്ടാക്കുവോ???? ടേബിളിൽ ഇരുന്ന കറിയിൽ തവി ഇട്ട് ഇളക്കി റോണി ആലീസിനെ ഒന്ന് നോക്കി. രസവോ???? നിന്റെ കണ്ണിൽ എന്താടാ കുരുവോ???? അത് സാമ്പാർ ആണ്.

പുച്ഛത്തോടെ ചിറി കോട്ടി അവർ പറഞ്ഞതും റോണിയുടെ കണ്ണ് മിഴിഞ്ഞു. അവിശ്വസിനീയതയോടെ അവൻ കറി ഒന്ന് നോക്കി വീണ്ടും ഇളക്കി കോരി എടുത്തതും തവിയിൽ ഇരിക്കുന്ന ഉരുളൻകിഴങ്ങിന്റെ വലിയ പീസ് കണ്ടപ്പോഴാണ് അത് സാമ്പാർ ആണെന്ന് അവന് ബോധ്യമായത്. ഇത് സാമ്പാർ ആണെന്ന് മാത്രം മമ്മി പറയരുത്. രസത്തിന്റെ ലുക്കും സാമ്പാറിലെ പച്ചക്കറികളും വെച്ച് മമ്മി സ്വന്തമായി കണ്ടുപിടിച്ച ഐറ്റം ആയത് കൊണ്ട് ഞാനൊരു പേര് ഇടാം. രസമ്പാർ. എന്താ വെറൈറ്റി അല്ലെ????? കളിയാക്കി ചിരിയോടെ അവൻ പറഞ്ഞതും അവർ ദേഷ്യം കൊണ്ട് മുഖം വീർപ്പിച്ചു. കണ്ണിൽ കണ്ട പച്ചക്കറി മുഴുവൻ വെട്ടി നുറുക്കി വെള്ളത്തിൽ പുഴുങ്ങി എടുത്ത് അതിൽ സാമ്പാർ പൊടിയും കൂടി ചേർക്കുന്നതാണ് നിന്റെ മമ്മിയുടെ സാമ്പാർ. അതറിയാവുന്നത് കൊണ്ടല്ലേ ഞാൻ പഞ്ചസാര മുക്കി കഴിക്കുന്നത്??? ജെയിംസ് ഇഡ്ഡലി കഴിക്കുന്നതിനിടയിൽ അവനോടായി പറഞ്ഞു.

ഇതെങ്കിലും ഞാൻ ഉണ്ടാക്കി തരുന്നില്ലേ???? നേരം വെളുക്കുമ്പൊ തുടങ്ങി ഞാൻ ഈ അടുക്കളയിൽ കിടന്ന് പെടാപ്പാട് പെടുവാ. അപ്പനും മകനും അതൊക്കെ അറിയാൻ എവിടെയാ നേരം. സമയാസമയം ആഹാരം ടേബിളിൽ എത്തണം എന്നാൽ ഒരു ഉള്ളി പൊളിച്ച് തന്നെങ്കിലും എന്നെയൊന്ന് സഹായിക്കാം എന്നൊരു ചിന്തയുണ്ടോ????? ആലീസ് ഉറഞ്ഞു തുള്ളുവാണ്. ചില്ല് മമ്മി ചില്ല്. അൽപ്പം ക്രിയേറ്റിവിറ്റി ഉണ്ടാവുന്നത് ഒരു തെറ്റല്ല. മമ്മി പാചകത്തിൽ പുതിയ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത് കൊണ്ടാണ് ഞങ്ങൾ അടുക്കളയിൽ കയറാത്തത്. ഞങ്ങൾ എങ്ങാനും കയറിയാൽ മമ്മി എങ്ങനെ മമ്മിയുടെ കഴിവുകൾ പുറത്തെടുക്കും???? അതുകൊണ്ട് മാത്രമാണ് ഞങ്ങൾ ആ ഉദ്യമം ഉപേക്ഷിച്ചത്. മമ്മി ഇവിടെ നിക്കേണ്ട ആളൊന്നും അല്ല. ഒരു യൂട്യൂബ് ചാനൽ തുടങ്ങി ഇതുപോലെ വെറൈറ്റി ഡിഷസ് ഒക്കെ ഉണ്ടാക്കി മില്യൺ ബില്യൺ സബ്ക്രൈബേഴ്സിനെ ഒക്കെ സമ്പാദിച്ച് ഗോൾഡൻ പ്ലേ ബട്ടൺ ഒക്കെ വാങ്ങിക്കേണ്ട ആളാണ്.

റോണി അലീസിനെ പൊക്കി അടിക്കുവാണ്. എന്നിട്ട് വേണം നാട്ടുകാർ വീട്ടിൽ വന്ന് തല്ലാൻ..... ജെയിംസ് മെല്ലെ പിറുപിറുത്തു. റോണി അത് കേട്ടതും അമർത്തി ചിരിച്ചു. അവൻ പറഞ്ഞ തള്ള് കേട്ട് ദൃതംങ്കപുളകിതയായി നിൽക്കുന്ന ആലീസ് ഉണ്ടോ ഇത് വല്ലതും അറിയുന്നു. ആളിപ്പോ സിൽവർ പ്ലേ ബട്ടൺ കയ്യിൽ കിട്ടുന്നത് സ്വപ്നം കാണുന്ന തിരക്കിലാണ്. നീ എന്നെ കളിയാക്കിയത് ആണോ???? എന്തോ ബോധം വന്നത് പോലെ അവർ അവനെ നെറ്റി ചുളിച്ച് നോക്കി. കളിയാക്കേ???? ഞാനോ???? എനിക്ക് മമ്മിയെ കളിയാക്കിയിട്ട് എന്ത് കിട്ടാനാ???? വേണേൽ വിശ്വസിച്ചാൽ മതി. നിഷ്കു ഭാവത്തിൽ അവൻ പറഞ്ഞ് അവരെ ഒന്ന് ഒളികണ്ണിട്ട് നോക്കി. എന്തൊക്കെയോ കൂട്ടിക്കിഴിച്ച് അവർ നിൽക്കുന്നത് കണ്ടതും സംഭവം ഏറ്റു എന്നവന് മനസ്സിലായി. ഫോണും എടുത്ത് ദൃതിയിൽ അടുക്കളയിലേക്ക് പോവുന്ന അവരെ കണ്ടതും ഉള്ളിൽ ഊറി ചിരിച്ചു കൊണ്ടവൻ ജെയിംസിനെ ഒന്ന് നോക്കി.

എടാ യൂദാസേ നീയെന്നാത്തിനാടാ ആ മണ്ടിക്ക് ഇമ്മാതിരി ഐഡിയ ഒക്കെ പറഞ്ഞു കൊടുക്കുന്നത്????? ഉള്ളത് കൊണ്ട് ഈസ്റ്റർ പോലെ എന്ന് വിചാരിച്ച് വായിൽ വെക്കാൻ കൊള്ളില്ലെങ്കിലും അവൾ ഉണ്ടാക്കുന്നത് തിന്ന് അഡ്ജസ്റ്റ് ചെയ്തു പോകുവാ. അപ്പൊ നീ നാട്ടുകാരുടെ തല്ല് കൂടി എനിക്ക് വാങ്ങിച്ചു തരുവോ???? ഡാഡി ഇങ്ങനെ വിഷമിക്കല്ലേ. ആദ്യ റെസിപ്പി കാണുമ്പൊ തന്നെ ആകെയുള്ള അഞ്ചാറ് വ്യൂവേഴ്സ് തന്നെ കമന്റ്‌ ബോക്സിൽ പൊങ്കാല ഇട്ടോളും അതോടെ ഫുഡിൽ ഉള്ള മമ്മിയുടെ പരീക്ഷണം നിൽക്കും. ഒലക്ക. എടാ നിനക്ക് അറിയില്ല നിന്റെ മമ്മിയെ. ഒരു വെറൈറ്റി ഡിഷ്‌ എന്ന് പറഞ്ഞ് അവിയലിൽ മുട്ട പൊട്ടിച്ച് ഒഴിച്ച മരംകൊത്തിമോറി ആണ് നിന്റെ മമ്മി. ആ അവൾ വല്ലതും ഉണ്ടാക്കി കാണിച്ചിട്ട് അത് വീട്ടിൽ പരീക്ഷിക്കുന്നവർ വല്ല ഫുഡ് പോയ്സണും വന്ന് ആശുപത്രിയിൽ പോയി കിടക്കേണ്ടി വരും. അതോർക്കുമ്പോഴാണ് എനിക്ക് പേടി.

ജെയിംസ് പറയുന്നത് കേട്ടവന്റെ കണ്ണ് മിഴിഞ്ഞു. അല്ല ഡാഡി അപ്പൊ നമ്മളെന്താ എന്താ ഇതുവരെ തട്ടി പോവാത്തത്????? സംശയം തികച്ചും ന്യായം ആണല്ലോ??? എടാ നീ കുഞ്ഞിലേ മുതൽ കഴിക്കുന്നത് ആര് ഉണ്ടാക്കിയ ഫുഡാ????? മമ്മി..... ചെറുപ്പം മുതൽ ഇതൊക്കെ തിന്നുന്നത് കൊണ്ട് നിനക്ക് ഇതൊന്നും ഏൽക്കില്ല. പിന്നെ എന്റെ കാര്യം, അവളുടെ ആദ്യ കാല പരീക്ഷണങ്ങളുടെ ബാക്കി പത്രം ആണ് ഈ ഇരിക്കുന്ന എന്റെ ശരീരം. അതുകൊണ്ട് എനിക്കിതൊക്കെ വെറും പുല്ലാണ്. ജെയിംസ് പറയുന്നത് കേട്ടതും അവൻ നമ്മൾ നമ്മൾ പോലും അറിയാതെ അധോലോകമായി മാറി കൊണ്ടിരിക്കുവാണ് എന്ന ഭാവത്തിൽ അയാളെ ഒന്ന് നോക്കി. ഇതൊക്കെ എന്ത് എന്ന് എക്സ്പ്രഷൻ ഇട്ട് ജെയിംസും. എങ്കിൽ ശരി ഡാഡി ഞാൻ അങ്ങോട്ട്‌ ഇറങ്ങട്ടെ. വായിക്ക് രുചിയായി വല്ലതും കിട്ടണമെങ്കിൽ സാറാന്റി തന്നെ ശരണം. ടേബിളിൽ കിടന്ന ബാഗ് എടുത്ത് തോളിൽ തൂക്കി അവൻ എഴുന്നേറ്റു. എടാ പറ്റുവെങ്കിൽ എനിക്ക് അവിടുന്ന് പാഴ്‌സൽ വല്ലതും കിട്ടുവോ എന്നൊന്ന് നോക്ക്. നിന്റെ മമ്മി ഉണ്ടാക്കുന്നത് കഴിച്ച് നാവിന്റെ രുചി വരെ പോയി.

ദയനീയമായി അയാൾ പറയുന്നത് കേട്ടവൻ വാ പൊത്തി ചിരി അടക്കി. അത് ഞാനൊന്ന് നോക്കട്ടെ. ഡാഡി മമ്മിയേയും നമ്മുടെ അടുക്കളയും ഒന്ന് ശ്രദ്ധിച്ചോ. അല്ലെങ്കിൽ ഞാൻ വൈകിട്ട് വരുമ്പൊ കാണുന്നത് വീട് നിന്ന് കത്തുന്നതായിരിക്കും. റോണിയത് പറയവെ അയാൾ എഴുന്നേറ്റ് അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. ഒരു നിമിഷം അത് നോക്കി നിന്നവൻ വണ്ടിയുടെ കീയും എടുത്ത് വിരലിൽ ഇട്ട് കറക്കി പുറത്തേക്കിറങ്ങി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചു എഴുന്നേറ്റ് കുളിച്ചിറങ്ങിയതും ഒരുവിധം എമിയെ കുത്തിപ്പൊക്കി ബാത്‌റൂമിലേക്ക് വിട്ടു. പല്ല് തേച്ച് മുഖവും കഴുകി റൂമിലേക്ക് വരുമ്പോൾ സാറാ രണ്ടുപേർക്കും ചായ കൊണ്ടുവന്ന് കൊടുത്തിരുന്നു. പോവുന്നതിന് മുന്നേ അവർ എമിയുടെ കൈ പിടിച്ചു പരിശോധിക്കാനും മറന്നില്ല. സാറാ പോയ പിറകെ അവൾ താഴെ കിടന്ന ഡിങ്കനെയും എടുത്ത് മടിയിൽ വെച്ച് ബെഡിൽ ഇരുന്ന് ചായ കുടിച്ചു. അതിനിടയിൽ കൈ പൊള്ളിയ കാര്യത്തെ പറ്റി ഡിങ്കനോട് പറയുന്നുമുണ്ട്. അവളുടെ തള്ള് കേട്ട് വട്ടാണല്ലേ എന്ന ഭാവത്തിൽ ഡിങ്കൻ അവളെയും നോക്കി ഇരിപ്പുണ്ട്.

രണ്ടിനെയും ഒന്ന് നോക്കി അച്ചു മിററിന് മുന്നിൽ ചെന്ന് നിന്ന് വാനിറ്റി മിററിന് മുന്നിൽ നിന്ന് യൂണിഫോം എടുത്തിട്ട് നോക്കാൻ തുടങ്ങി. കേട്ടോ ഡിങ്കാ ഇവിടെ ചിലർക്ക് എന്നോട് ഒട്ടും സ്നേഹമില്ല. കണ്ടോ എന്നോട് ഒന്ന് മിണ്ടിയിട്ട് കൂടിയില്ല. പരിഭവത്തോടെ അവൾ ചുണ്ട് പിളർത്തി പറയവെ അവളിൽ ദുഃഖം നിറഞ്ഞു. മിണ്ടരുത് നോക്കരുത് എന്നൊക്കെ ഓർഡർ ഇട്ടത് ഞാനല്ലല്ലോ????? മിററിൽ നിന്ന് നോട്ടം മാറ്റാതെ തന്നെ അവൻ ചോദിച്ചു. അത് കേട്ടതും അവൾ ഡിങ്കനെ മടിയിൽ നിന്ന് എടുത്ത് മാറ്റി എഴുന്നേറ്റ് നിന്നു. ആഹാ.... അപ്പൊ ഞാൻ മിണ്ടരുത് എന്ന് പറഞ്ഞാൽ മിണ്ടാതെ ഇരിക്കുവോ????? അത് ചോദിക്കവെ പരിഭവത്താൽ അവളുടെ മുഖം കൂർത്തു. മിണ്ടരുത് എന്ന് പറഞ്ഞാൽ പിന്നെ തലയും കുത്തി നിൽക്കണം എന്നാണോ അർത്ഥം?????? അവൾക്ക് നേരെ തിരിഞ്ഞ് മാറിൽ കൈ പിണച്ച് വെച്ചവൻ ചോദിച്ചതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ആയിക്കോട്ടെ..... ഇനി എന്നോട് മിണ്ടാൻ വരണ്ട. അല്ലേലും ഞാനാരാ????? വെറും മണ്ടി.... ഞാൻ മിണ്ടരുത് എന്ന് പറഞ്ഞാലും വന്ന് മിണ്ടും പരിഭവം തീർക്കും എന്നൊക്കെ കരുതിയ ഞാൻ വെറും പൊട്ടി ആണല്ലോ????

എന്നെ ഇഷ്ടമല്ലാത്തവരോട് ഞാനും മിണ്ടാൻ വരുന്നില്ല. ചുണ്ട് കൂർപ്പിച്ച് അതും പറഞ്ഞവൾ പോവാൻ ആഞ്ഞതും അവൻ അവളെ കൈക്കുള്ളിൽ ആക്കി കഴിഞ്ഞിരുന്നു. വിട്..... പോ.... എന്നെ തൊടണ്ട....... അവന്റെ കയ്യിൽ കിടന്ന് കുതറി വാശിയോടെ അവൾ വിളിച്ചു കൂവി കൊണ്ടിരുന്നു. പിടയ്ക്കാതെടീ.... ഇച്ചായൻ ഒന്ന് പറയട്ടെ. കള്ളചിരിയോടെ കണ്ണിറുക്കി അവൻ പറയഞ്ഞതും കണ്ണ് കൂർപ്പിച്ച് അവനെ തുറിച്ച് നോക്കി. ആവശ്യമില്ലാതെ വഴക്ക് കൂടിയത് നീ. പിണങ്ങി മാറി കിടന്നത് നീ. മിണ്ടരുത് എന്ന് പറഞ്ഞത് നീ. എന്നിട്ടിപ്പൊ കുറ്റം മുഴുവനും എനിക്ക് അല്ലെ????? കപട ഗൗരവത്തിൽ അവൻ ചോദിച്ചു. ആവശ്യമില്ലാതെ ഒന്നും അല്ലല്ലോ എന്നെ കളിപ്പിച്ചിട്ടല്ലേ ഞാൻ പിണങ്ങിയത്???? അവൾ ചുണ്ട് പിളർത്തി. പരിഭവവും കുറുമ്പും ഈ കുഞ്ഞ് മുഖത്ത് വിരിയുന്നത് കാണാൻ വേണ്ടി ചുമ്മാ തമാശക്ക് പറഞ്ഞതല്ലെടീ പൊടിക്കുപ്പീ??????

ചിരിയോടെ അവളുടെ കവിളിൽ മൂക്ക് ഉരസി അവൻ പറയവെ അവളുടെ ചുണ്ടിലേക്കും ആ പുഞ്ചിരി പടർന്നിരുന്നു. ഇനി മിണ്ടാതെ ഇരിക്കുവോ????? ഉണ്ടക്കണ്ണുകൾ വിടർത്തി അവന് നേരെ നോട്ടം എറിഞ്ഞു. അത്രമേൽ നിഷ്കളങ്കമായ ആ ചോദ്യത്തെ എതിർക്കാൻ അവന് മനസ്സ് വന്നില്ല. മ്മ്മ്ഹ്ഹ്....... ഇരുവശത്തേക്കും തല ചലിപ്പിച്ചതും അവളുടെ ചുണ്ടിൽ പുഞ്ചിരിക്കൊപ്പം കണ്ണുകൾ തിളങ്ങി. ചിരിക്കുമ്പോൾ വിടരുന്ന അവളുടെ ഇരു കവിളിലും മാറി മാറി ചുണ്ട് ചേർത്തവൻ അവളെ തന്നിലേക്ക് അടക്കി പിടിച്ചു. കുറുമ്പൊടെ പെരുവിരലിൽ ഉയർന്ന് പൊങ്ങി അവന്റെ കവിളിൽ ചുണ്ട് ചേർത്ത് മീശ പിരിച്ച് കൊടുക്കുമ്പോൾ കൊച്ചു കുട്ടികളുടെ ഭാവം ആയിരുന്നു അവളിൽ. താഴെ ബൈക്ക് വരുന്ന ശബ്ദം കേട്ടതും അവളുടെ മുഖത്ത് ദയനീയത നിറഞ്ഞു. ഇന്ന് എന്നെ കോളേജിൽ വിടുന്നില്ല എന്ന് ഇച്ചായൻ തന്നെ അവനോട് ഒന്ന് പറയണേ.... അല്ലെങ്കിൽ അവൻ ഇന്നെന്റെ ശവമടക്ക് നടത്തും. പ്ലീസ് പ്ലീസ് പ്ലീസ്........

അപേക്ഷാഭാവത്തിൽ നിന്നവൾ കൊഞ്ചി ചോദിച്ചു. ശരി ശരി... ഞാൻ അവനോട് പറയാം പോരെ????? ആഹ്...... മുപ്പത്തിരണ്ട് പല്ല് കാട്ടി അവൾ ഇളിച്ചു പറയുന്നത് കണ്ടവൻ മെല്ലെ അവളുടെ തലയിൽ തട്ടി ടേബിളിന് മുകളിൽ ഇരുന്ന ബുള്ളറ്റിന്റെ കീയും തൊപ്പിയും എടുത്ത് പുറത്തേക്കിറങ്ങി. പുറകെ എമിയും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ടേബിളിൽ ഇരുന്ന് പുട്ടും കടലക്കറിയും തട്ടുന്ന തിരക്കിലാണ് റോണി. അവനെ കണ്ടതും ആൽവിച്ചൻ ഓടിച്ചെന്ന് ടേബിളിൽ ഇരുന്ന് പ്ലേറ്റ് എടുത്ത് വെച്ച് തന്നത്താൻ വിളമ്പി കഴിക്കാൻ തുടങ്ങി. വേറൊന്നും കൊണ്ടല്ല സൊമാലിയൻ പട്ടിണി പാവങ്ങളെക്കാൾ വലിയ മൊതലാണ് ഇരുന്ന് വെട്ടിവിഴുങ്ങുന്നത്. അടുക്കള വരെ കാലിയാക്കിയിട്ടേ ഇരുന്നിടത്ത് നിന്ന് എഴുന്നേൽക്കൂ. അതുകൊണ്ട് ചെറിയൊരു ഭയം. ഒരു കുറ്റി പുട്ട് കൊണ്ട് ഒന്നും ആവാത്തത് കൊണ്ടവൻ അടുത്ത ഒരു കുറ്റി കൂടി എടുത്ത് പ്ലേറ്റിലേക്ക് വെച്ചു. അതേ ഇടയ്ക്ക് പ്ലേറ്റിൽ നിന്ന് ഒന്ന് തലയുയർത്തി നോക്കാം കേട്ടോ.... ആൽവിച്ചൻ പറയുന്നത് കേട്ടവൻ വായിൽ പുട്ട് വെച്ച് തലയുയർത്തി അവനെ നോക്കി ഇളിച്ചു.

ബസന്തൻ അൾട്രാ പ്രൊ മാക്സ്. ആൽവിച്ചൻ അറിയാതെ പോലും മനസ്സിൽ വിചാരിച്ചു. ആണായത് കൊണ്ട് ബസന്തി എന്ന് വിളിക്കാൻ പറ്റില്ലല്ലോ നോട്ട് ദാറ്റ്‌ പോയിന്റ്. ഈ സമയത്താണ് അച്ചുവും പുറകെ എമിയും അങ്ങോട്ട്‌ എത്തുന്നത്. അവളെ കണ്ടതും അവൻ ഒന്ന് ശ്രദ്ധിച്ചു നോക്കി. നീയെന്താ ഈ കോലത്തിൽ പോയി റെഡിയായി വാടി.... കുളിക്കാതെയും നനയ്ക്കാതെയും നിൽക്കുന്ന അവളെ ഒന്ന് ഇരുത്തി നോക്കി കൊണ്ടവൻ പറഞ്ഞു. അത് കേട്ടതും അവൾ അച്ചുവിന്റെ യൂണിഫോമിൽ ഒന്ന് പിടിച്ചു വലിച്ചു. അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ???? ഇന്നവൾ ക്ലാസ്സിൽ വരുന്നില്ല കൈ പൊള്ളി ഇരിക്കുവാ. ആൽവിച്ചൻ ആയിരുന്നു മറുപടി കൊടുത്തത്. കൈപൊള്ളിയാൽ എന്താ ക്ലാസ്സിൽ വന്നൂടെ????? റോണി അവളെ നോക്കി നെറ്റി ചുളിച്ചു. ഇത് നോക്കെടാ തെണ്ടീ.... ഈ കയ്യും വെച്ച് ഞാൻ ക്ലാസ്സിൽ വരണം എന്ന് പറയാൻ മനസാക്ഷി ഉണ്ടോടാ നിനക്ക്??????

പൊള്ളി ചുവന്ന പാട് അവന് മുന്നിലേക്ക് നീട്ടി കൊണ്ടവൾ അവനെ രൂക്ഷമായി നോക്കി. അപ്പോഴാണ് അവൻ ശരിക്ക് ആ പൊള്ളിയിടം കാണുന്നത്. അത് കാൺകെ അവന് വല്ലാത്തൊരു വേദന തോന്നി. എങ്കിലും അത് മറച്ച് പിടിച്ച് അവളെ നോക്കി. ഓഹ് പിന്നേ പറയണ കേട്ടാൽ തോന്നും ഈ കൈ മുഴുവൻ അങ്ങ് പൊള്ളി പോയെന്ന്. ക്ലാസ്സിൽ വരാൻ മടിയായത് കൊണ്ട് അടവ് ഇറക്കുന്നതല്ലേടീ നീ???? അവളെ ദേഷ്യം പിടിപ്പിക്കാനായി അവൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി. അത് കേട്ടതും അവൾക്ക് വിറഞ്ഞു കയറി. അവസാനം വാക്കേറ്റമായി കയ്യേറ്റമായി. എമിയുടെ അടി കൊണ്ട് അവന്റെ പുറം പള്ളിപ്പുറം ആയതും ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റവൻ കൈ പോലും കഴുകാതെ പുറത്തേക്ക് ഓടി. അളിയോ ഈ മറുതക്ക് പ്രാന്താണേ വേഗം കൊണ്ടുപോയി ചങ്ങലക്കിട്....... ഓട്ടത്തിനിടയിലും കാറി കൂവി അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു. നിക്കെടാ നാറി അവിടെ......... ടേബിളിൽ ഇരുന്ന ഫ്ലവർവേസും എടുത്ത് എമി അവന് പുറകെ പാഞ്ഞു...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story