ഹൃദയതാളമായ്: ഭാഗം 89

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അപ്പൊ പറഞ്ഞത് എല്ലാം മറക്കണ്ട നീയും ഇവളും നാളെ തന്നെ അവിടെ എത്തിയിരിക്കണം. പോവുന്നതിന് മുൻപ് മൂന്നെണ്ണത്തിനെയും പിടിച്ചു നിർത്തി റോണിയോടും മറിയാമ്മയോടുമായി നിവി ഓർഡർ ഇട്ടു. ആ കാര്യത്തിൽ നീ പേടിക്കണ്ട നാളെ രാവിലെ എഴുന്നേറ്റ് വീടിന്റെ വാതിൽ തുറക്കുമ്പോൾ മുറ്റത്ത് ഞങ്ങൾ ഉണ്ടാവും അല്ലെടീ മറിയാമ്മേ???? പിന്നല്ലാതെ. ചങ്ക്‌സ് ഡാ.... മറിയാമ്മ നെഞ്ചിൽ ഇടിച്ചു കാണിച്ചു. തിന്ന് മുടിപ്പിക്കൽ അല്ലെ രണ്ടിന്റെയും ഉദ്ദേശം അതിന് കൂടുതൽ ഡെക്കറേഷൻ വേണ്ട. നിവി തിരികെ പുച്ഛിച്ചു. വെറുതെ ഒന്നും അല്ലല്ലോ ഒരു ക്ലോക്ക് ഗിഫ്റ്റ് ആയിട്ട് തരുന്നില്ലേ????? റോണിയും വിട്ടുകൊടുത്തില്ല. 2500ന്റെ തീറ്റ തിന്നാൻ 250 രൂപേടെ ക്ലോക്കും വാങ്ങി പോവുന്ന ക്യാമുകന്റേം ക്യാമുകിയുടെയും മനസ്സ് നീ കാണാതെ പോവരുത് മോളെ. എമി രണ്ടിനെയും നോക്കി കളിയാക്കി ചിരിച്ചു. ഐപിഎസുകാരന്റെ ഭാര്യക്ക് അങ്ങനെ പലതും പറയാം. അതുപോലെ അല്ല അപ്പന്റെ ചിലവിൽ കഴിയുന്ന ഞങ്ങളുടെ കാര്യം.

പത്ത് നാൾ ഇരന്നിട്ടായിരുന്നു ഞങ്ങൾക്ക് ഒരു ഡ്രസ്സിനുള്ള കാശ് കിട്ടിയിരുന്നത്. റോണി സെന്റി ആയി. അപ്പൊ എന്റെ കല്യാണത്തിന്റെയും മനസമ്മതത്തിന്റെയും പേരിൽ നീ മുക്കിയ കാശിന്റെ കണക്ക് ഏത് വകുപ്പിൽ വരും?????? പിരികം പൊക്കിയും താഴ്ത്തിയും ഗൗരവത്തിൽ എമി ചോദിച്ചതും അവനൊന്ന് ഇളിച്ചു. ചിലവാക്കാൻ തന്ന കാശിന്റെ ഹിസ്റ്ററിയും മാത്തമാറ്റിക്സും തിരക്കാൻ പാടില്ല എന്നാ പ്രമാണം. അതുകൊണ്ട് ആ രഹസ്യം മറ്റാരും അറിയില്ല. അത് എന്നിലൂടെ മണ്ണിൽ അലിഞ്ഞു ചേരും. ജ്ഞാനിയെ പോലെ അവൻ പറഞ്ഞു നിർത്തി. ഇനി മിണ്ടിയാൽ വായിൽ ഞാൻ മണ്ണ് തിരുകും. എമി കലിപ്പിലായതും അവൻ ചുണ്ടിന് സിബ്ബിട്ടു. ആരോഗ്യം മുഖ്യം ബിഗിലെ. ആഹ് പിന്നെ, നീയും അച്ചുവേട്ടനും ഞായറാഴ്ച നേരത്തെ തന്നെ അങ്ങോട്ട്‌ എത്തിയേക്കണം അല്ലെങ്കിൽ എന്റെ തനി കൊണം നീ അറിയും. അത്രയും നേരം റോണിയെ കളിയാക്കി കൊണ്ടുനിന്ന നിവി എമിക്ക് നേരെ തിരിഞ്ഞ് ഗൗരവത്തിൽ പറഞ്ഞു. ഞാൻ വാക്ക് പറഞ്ഞാൽ വാക്കായിരിക്കും.

നേരത്തെ എത്തും എന്ന് പറഞ്ഞാൽ എത്തിയിരിക്കും. നീ ദേ ഇതുങ്ങളെ ശ്രദ്ധിച്ചാൽ മതി. ഇണക്കുരുവികൾക്ക് സൊള്ളാനുള്ള അവസരം ആണിത് രണ്ടിന്റെയും മേൽ നിന്റെ ഒരു കണ്ണ് വേണം. രണ്ടിനെയും കുടിച്ച വെള്ളത്തിൽ വിശ്വസിച്ചു കൂട. നിഷ്കു ആയി നിൽക്കുന്ന റോണിയെയും മറിയാമ്മയെയും ഇരുത്തി നോക്കി അവൾ പറഞ്ഞു. അതോർത്ത് നീ പേടിക്കണ്ട. എന്റെ രണ്ട് കണ്ണും ഇതുങ്ങളുടെ മേൽ തന്നെ ഉണ്ടാവും. ഇവളുടെ പരിസരത്ത് പോലും ഞാൻ അവനെ അടുപ്പിക്കില്ല. റോണിക്ക് നേരെ പുച്ഛം വാരി വിതറി നിവി പറഞ്ഞു നിർത്തി. ദുഷ്ടകളെ നിന്നൊക്കെ ഞാൻ എന്ത് ദ്രോഹം ആടി ചെയ്തത്????? റോണി പല്ല് കടിച്ചു. സൂചി കുത്താൻ ഇടം തന്നാൽ അവിടെ നീ വാഴ കൃഷി നടത്തും എന്ന് ഞങ്ങൾക്ക് അറിയില്ലേ മോനെ???? അതുകൊണ്ട് പൊന്നുമോൻ തല്ക്കാലം ദർശനസുഖം അറിഞ്ഞാൽ മതി. ഒറ്റകെട്ടായി അവർ പറയുന്നത് കേട്ടതും റോണി കാറ്റ് അഴിച്ചു വിട്ട ബലൂൺ എന്ന കണക്ക് മറിയാമ്മയെ ഒന്ന് നോക്കി. എന്നാൽ അവളുടെ കണ്ണ് ബസ്സ്റ്റോപ്പിന് അരികിലെ ബജി കടയിൽ ആയിരുന്നു.

ഇതിനെ ഒക്കെ ഏത് നേരത്താണാവോ????? ആരോടെന്നില്ലാതെ പറഞ്ഞവൻ വണ്ടി എടുക്കാൻ പോയി. ഇതൊന്നും അറിയാതെ മറിയാമ്മ ഇപ്പോഴും പൊരിച്ച് ഇടുന്ന ബജി നോക്കി കൊതി വിടുകയാണ്. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റിയയുടെ മടിയിൽ തല വെച്ച് കിടന്ന് കുഞ്ഞുവാവയോട് വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് എമി. കോളേജിൽ നിന്ന് എത്തി ഫ്രഷായി എത്തിയാൽ പിന്നെ അവളുടെ സ്ഥിരം പണി ഇത് തന്നെയാണ്. വയറ്റിലുള്ള ആൾ അനങ്ങുന്നതിന്റെ എണ്ണം പിടിക്കുന്നത് പോലും അവളാണ്. തൊട്ടടുത്തെ സെറ്റിയിൽ തന്നെ കയ്യിൽ ഒരു ചോക്ലേറ്റും കൊടുത്ത് ജോക്കുട്ടനെ അവൾ ഇരുത്തിയിരുന്നു. ചോക്ലേറ്റ് കിട്ടിയതും ചെക്കൻ അടങ്ങി ഒതുങ്ങി ഇരുന്ന് അത് കഴിക്കാൻ തുടങ്ങി. അവന്റെ കുഞ്ഞി പല്ലുകൾ കൊണ്ട് കഷ്ടപ്പെട്ട് റാപ് കടിച്ചു പൊട്ടിച്ചാണ് ആശാന്റെ കഴിപ്പ്. രണ്ട് കൈ വിരലുകളിലും മുഖത്തും മൂക്കിലും എല്ലാം ചോക്ലേറ്റ് പറ്റിപ്പിടിച്ച് ഇരിപ്പുണ്ട്. അവന്റെ കളികൾ നോക്കി ആൽവിച്ചൻ താടിക്ക് കയ്യും കൊടുത്ത് അവൻ ഇരിക്കുന്ന സെറ്റിയുടെ ഇങ്ങേ അറ്റത്ത് ഇരുന്നു. ഇങ്ങനെയാണോ ചോക്ലേറ്റ് കഴിക്കുന്നത്????

എന്റെ മോൻ ഇങ്ങോട്ട് വാ പപ്പ കാണിച്ചു തരാം എങ്ങനെയാണ് ചോക്ലേറ്റ് തിന്നുന്നതെന്ന്. മെല്ലെ കുഞ്ഞിനരികിലേക്ക് നീങ്ങി ഇരുന്നുകൊണ്ടുവൻ പറഞ്ഞു. മേന്താ നാൻ ചിന്നോളം. പപ്പക്ക് ചോത്ലേറ്റ് മേണേൽ കാച്ച് കൊത്ത് മാങ്ങണം. ന്തെ അത്ത് അതവ് കാച്ചണ്ട. പോ മോനെ ദിനേസാ......... ചുണ്ട് ചുളുക്കി പുച്ഛിച്ച് ജോക്കുട്ടൻ പറയുന്നത് കേട്ടതും ആൽവിച്ചൻ വായും തുറന്ന് ഇരുന്നുപോയി. ഹഹഹഹ....... ആരുടെയോ പൊട്ടിച്ചിരി കേട്ട് തിരിഞ്ഞു നോക്കുമ്പോഴുണ്ട് റിയ വയറിൽ കൈ വെച്ച് ഇരുന്ന് ചിരി നിർത്താൻ പെടാപ്പാട് പെടുന്നു. എമി ആകട്ടെ റിയയുടെ മടിയിൽ നിന്ന് എഴുന്നേറ്റ് മാറി സോഫയിൽ കിടന്ന് തല തല്ലി ചിരിക്കുകയാണ്. ആൽവിച്ചൻ നാണംകെട്ട കണക്ക് ഇരുന്നുപോയി. ചിരിച്ച് ചിരിച്ച് റിയക്ക് വയറ്റിൽ ചെറുതായ് ഒന്ന് കൊളുത്തി പിടിക്കുന്നത് പോലെ തോന്നിയതും അവൾ പണിപ്പെട്ട് ചിരി അടക്കി. എന്നാൽ ആ ചിരി കൂടി എമി ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. ആൽവിച്ചനെ നോക്കും ചിരിക്കും വീണ്ടും നോക്കും ചിരിക്കും. ഇതൊന്നും പുത്തരി അല്ലാത്തത് കൊണ്ട് ആൽവിച്ചൻ വളിച്ച എക്സ്പ്രഷനും ഇട്ട് ഇരുന്നു.

എന്നാലും എന്റെ മാതാവേ എട്ടും പൊട്ടും തിരിയാത്ത സ്വന്തം കൊച്ചിന്റെ കയ്യിൽ നിന്നുവരെ പുച്ഛം ഏറ്റുവാങ്ങിയ ഒരാളെ ഞാൻ കാണുന്നത് ഇത് ആദ്യായിട്ടാ. എന്നിട്ട് അതിന്റെ വല്ല ഉളുപ്പും ആ മുഖത്ത് ഉണ്ടോ എന്നൊന്ന് നോക്കിയേ????? മറുപടിയായി അവനൊന്ന് ഇളിച്ചു കാണിച്ചു. സമ്മതിച്ചിരിക്കുന്നു മനുഷ്യാ നിങ്ങളെ.... എമി അവനെ കയ്യടിച്ച് തൊഴുതു കാണിച്ചു ആൽവിച്ചൻ മ്യാരക രസങ്ങൾ ഒക്കെ മുഖത്ത് വരുത്തി ഇരുപ്പാണ്. എന്നാലും എന്റെ ഏട്ടത്തി ഇതെന്ത് കണ്ടിട്ടാ ഈ മാങ്ങാണ്ടിമോറനെ കെട്ടിയത്?????? എമി കൈ മലർത്തി ചോദിക്കുന്നത് കേട്ടതും റിയ പറ്റിപ്പോയി എന്ന ഭാവത്തിൽ നെടുവീർപ്പിട്ടു. നീ പോടീ.... നിനക്ക് മുഴുത്ത അസൂയയാണ്. എന്നെപോലൊരു ഭർത്താവിനെ ഈ കേരളത്തിൽ മഷിയിട്ട് നോക്കിയാൽ കിട്ടുവോ????? അതേ അതേ. കോഴിത്തരം, ബുദ്ധിയില്ലായ്‌മ,വിവരദോഷം, ആവശ്യത്തിലേറെ മണ്ടത്തരങ്ങളും ഉളുപ്പില്ലായ്‌മയും. കേരളത്തിൽ എന്നല്ല ഈ ഭൂമിയിൽ പോലും മഷിയിട്ട് നോക്കിയാൽ ഇതുപോലെ ഒരെണ്ണത്തിനെ കണ്ടെത്തുക എന്നത് അസാധ്യം.

പുച്ഛിക്കെടീ പുച്ഛിക്ക് നിന്റെ ഈ പുച്ഛത്തിന് ഞാൻ മറുപടി പറയുന്ന ഒരു നാൾ വരും. അത് ശരിയാ മോളെ ഏത് പട്ടിക്കും ഒരു ദിവസം ഉണ്ട് എന്നാണല്ലോ????? പോൾ ആയിരുന്നു അത് പറഞ്ഞത്. എന്നെ ട്രോളാൻ കാണിക്കുന്ന ആത്മാർത്ഥതയുടെ രണ്ടിലൊന്ന് കാണിച്ചിരുന്നെങ്കിൽ കമ്പനി എന്നെ വളർന്നേനെ. ആൽവിച്ചനും വിട്ടുകൊടുത്തില്ല. എങ്കിൽ ആദ്യം നിന്നെ കമ്പനിയിൽ നിന്ന് ചവിട്ടി പുറത്താക്കണം. അല്ലാതെ കമ്പനി ഗതിപിടിക്കാൻ പോണില്ല. ആൽവിച്ചൻ കൊടുത്ത ഗോൾ അതേപടി അയാൾ തിരിച്ചടിച്ചു. എന്നതാന്നറിയില്ല ഇന്ന് ഭയങ്കര ക്ഷീണം ഞാനൊന്ന് കിടക്കട്ടെ. ഇനി നിന്നാൽ എയറിൽ നിന്ന് താഴെ ഇറങ്ങാൻ സമയം കിട്ടില്ല എന്ന് മനസ്സിലാക്കിയ ആൽവിച്ചൻ അതും പറഞ്ഞ് മെല്ലെ അവിടുന്ന് വലിഞ്ഞു. അവന്റെ പോക്ക് കണ്ട് എമിയും റിയയും വാ പൊത്തി ചിരി അടക്കി. നിങ്ങൾ എന്നാത്തിനാ മനുഷ്യാ അവനെ ഇട്ട് ഇങ്ങനെ കളിയാക്കുന്നത്???? ആൽവിയുടെ പോക്ക് കണ്ട് അങ്ങോട്ട്‌ എത്തിയ സാറാ അയാൾക്ക് നേരെ ചൊടിച്ചു. ശ്ശെടാ ഞാൻ മാത്രം അല്ലല്ലോ നീയും അവനെ കളിയാക്കാറില്ലേ?????

ഞാൻ കളിയാക്കുന്നത് പോലെയാണോ നിങ്ങൾ കളിയാക്കുന്നത്???? രണ്ട് കാലിൽ മന്തുള്ളവൻ ഒറ്റ കാലിൽ മന്തുള്ളവനെ കളിയാക്കുന്നത് പോലെയാ നിങ്ങൾ അവനെ കളിയാക്കുന്നത്. നിങ്ങളുടെ എല്ലാ സ്വഭാവവും അച്ചടിച്ചു കിട്ടിയിരിക്കുന്നതേ അവനാ. എന്നിട്ട് ആ നിങ്ങൾ അവനെ കളിയാക്കുന്നു. നാണം ഉണ്ടോ മനുഷ്യാ നിങ്ങൾക്ക്????? സാറാ ചോദിച്ചതും അയാൾ ചമ്മിയ ചിരി ചിരിച്ചു. ഇതുവരെ നിന്ന് ആൽവിച്ചനെ ക്ഷ മ്മ വരപ്പിച്ച ആൾ പഞ്ചപുച്ഛം അടക്കി സാറായ്ക്ക് മുന്നിൽ നിൽക്കുന്നത് കണ്ട് റിയയും എമിയും വാ പൊത്തി ചിരിച്ചു. എന്ത് ആട്ടം കാണാൻ നിക്കുവാ പോയി മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി വാ മനുഷ്യാ അടുക്കള സാധനം മുഴുവൻ തീർന്നു. ഇന്നാ പിടിക്ക് ലിസ്റ്റ് ഇനി അത് മറന്നുപോയി ഇത് മറന്നുപോയി എന്നും പറഞ്ഞ് ഇങ്ങോട്ട് കയറി വന്നേക്കരുത് പറഞ്ഞില്ല എന്നുവേണ്ട. കയ്യിൽ ഒരു ലിസ്റ്റും കൊടുത്ത് സാറാ കല്പനയിട്ടു. ഉടനെ പോൾ അനുസരണയുള്ള കട്ടപ്പയെ പോലെ ലിസ്റ്റും വാങ്ങി വേഷവും മാറി മാർക്കറ്റിലേക്ക് വെച്ചു പിടിച്ചു.

ഒരു കെട്ട്യോൻ ഉള്ളത് ഈ അവസ്ഥ. മക്കൾ ആണെങ്കിലോ മൂന്നും മൂന്നു സ്വഭാവം. തമ്മിൽ ഭേദം തൊമ്മൻ എന്ന് പറയാൻ കൂട്ടത്തിൽ അച്ചു മാത്രമുണ്ട് ഭേദം ബാക്കിയെല്ലാം കണക്കാ. പോളിന്റെ പോക്കും നോക്കി നിന്നവർ നെടുവീർപ്പോടെ പറഞ്ഞു. അപ്പൊ ഞങ്ങളോ അമ്മച്ചീ????? എമി വിനയകുനയായി ചോദിച്ചു. അയ്യോ റിയ മോൾ പോട്ടേന്ന് വെക്കാം അതൊരു അയ്യോ പാവം ആണ്. അതിനും വേണ്ടി ഉണ്ടല്ലോ നീ ഒരുത്തി. ആറ്റം ബോംബിന് സുനാമിയിൽ ഉണ്ടായത് പോലൊരു റെയർ പീസ് ഐറ്റം അല്ലെ ഈ നിൽക്കുന്നത്. എന്നാലും അച്ചു തേടിയലഞ്ഞ് കണ്ടെത്തി കൊണ്ടുവന്ന പെണ്ണ് എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. നിന്നതും വന്നു കയറിയതും മണ്ട പോയ തേങ്ങുകൾ ആയത് കൊണ്ട് കുഴപ്പമില്ല. അത്രയും പറഞ്ഞ് സാറാ അടുക്കയിലേക്ക് പോയി. കിട്ടേണ്ടത് എല്ലാം കിട്ടി ബോധിച്ചല്ലോ അല്ലെ???? റിയ മെല്ലെ അവളെ നോക്കി ചോദിച്ചതും എമി വെളുക്കെ ഇളിച്ചു കാണിച്ചു. പുല്ല് ചോദിക്കണ്ടായിരുന്നു....... ചുണ്ടിനടിയിൽ പിറുപിറുത്തുകൊണ്ടവൾ ജോക്കുട്ടനെയും എടുത്ത് മുകളിലേക്ക് നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവിന്റെ ബുള്ളറ്റ് പോർച്ചിൽ വന്ന് നിന്നതും മുറ്റത്ത് റിയയെ നോക്കി അവൻ ഒരു ചിരിയോടെ വണ്ടിയിൽ നിന്നിറങ്ങി. ഇന്ന് താമസിച്ചു പോയല്ലോ അച്ചൂ???? റിയ നടത്തം നിർത്തി ചോദിച്ചു. ഇന്ന് ഇത്തിരി തിരക്കായിരുന്നു ഏട്ടത്തി. പോരാത്തതിന് ഇറങ്ങാൻ നേരം ഒരു വള്ളിക്കെട്ട് കേസ് വന്നു ചാടി. ഞാനൊന്ന് ഫ്രഷായിട്ട് വരട്ടെ ഏട്ടത്തി നടന്നോ. ഹെൽമെറ്റ്‌ ഊരി റിയയോടായി പറഞ്ഞവൻ ചിരിയോടെ അകത്തേക്ക് നടന്നു. ഹാളിൽ ആരെയും കാണാതെ ആയതും എമി മുറിയിൽ കാണും എന്നവൻ ഉറപ്പിച്ചു. അമ്മച്ചീ ചായ..... അടുക്കളയിലേക്ക് ഒന്ന് നോക്കി വിളിച്ചു പറഞ്ഞവൻ സ്റ്റെയർ കയറി. അച്ചു മുറിയിൽ വരുമ്പോൾ ബെഡിൽ കമിഴ്ന്നു കിടന്ന് ഗംഭീര ചിത്രം വരയിൽ ആണ് എമിയും ജോക്കുട്ടനും. വരയ്ക്കുന്നതിനിടയിൽ തന്നെ കാല് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ആട്ടുന്നുണ്ട്. ജോക്കുട്ടൻ അവളുടെ അരികിൽ തന്നെ മുട്ടുകുത്തി അവൾ വരയ്ക്കുന്നത് നോക്കി ഇരുപ്പുണ്ട്. തിരിഞ്ഞു കിടക്കുന്നത് കൊണ്ട് അച്ചു വന്നത് രണ്ടും അറഞ്ഞിട്ടില്ല. അച്ചു കയ്യിലെ തൊപ്പി ടേബിളിൽ വെച്ച് എത്തി നിന്ന് അവൾ വരക്കുന്നത് എന്താണെന്ന് നോക്കി.

രണ്ട് മല അതിന്റെ ഇടയിൽ നിന്ന് ഉദിച്ചു വരുന്ന സൂര്യൻ ഒരു വീട്, വീടിന്റെ മുറ്റത്ത് ഒരു പൂന്തോട്ടം പിന്നെ കുറെ പൂമ്പാറ്റകളും. ഒരു മാറ്റവുമില്ല. അറിയാതെ പോലും അവൻ മനസ്സിൽ ചിന്തിച്ചു. ഇത് എന്നാ????? ജോക്കുട്ടൻ ആകാംഷയോടെ അവൾ വരച്ച വീടിനെ തൊട്ട് കാണിച്ചു ചോദിച്ചു. ഇതൊ???? ഇത് വീട്...... വല്യ ഗമയിൽ അവൾ പറഞ്ഞു. യ്യേ.... ഇത് പത്തിക്കൂത് ആണ്. ഈ എമിച്ച് ഒന്നും അയൂല...... സ്വയം നെറ്റിക്ക് അടിച്ച് അവൻ പറഞ്ഞതും എമി പ്ലിംഗി ഇരുന്നു പോയി. അത് കേട്ടതും അതുവരെ ചിരിക്കാതെ നിന്ന അച്ചു പൊട്ടിച്ചിരിച്ചു പോയി. അവന്റെ ചിരി ഉയർന്നതും രണ്ടും തിരിഞ്ഞു നോക്കി. അവനെ പെട്ടെന്ന് കണ്ട അമ്പരപ്പ് അവരുടെ മുഖത്ത് തെളിഞ്ഞു. ഹൈ അച്ചു....... ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് ജോക്കുട്ടൻ പറഞ്ഞപ്പോഴാണ് എമിയുടെ പകപ്പ് മാറുന്നത്. അച്ചൂ ഇ എമി പത്തിക്കൂത് വയച്ചിത്ത് പയുവാ വീത് ആനെന്ന്. ഈ എമി എന്നാ മന്തിയാ????? അച്ചുവിന്റെ ദേഹത്ത് പിടഞ്ഞു കയറി ഇരുന്നവൻ പറയുന്നത് കേട്ട് അച്ചു അമർത്തി ചിരിച്ചു. അത് കണ്ടതും അവളൊന്ന് കൂർപ്പിച്ച് നോക്കി. എവിടെ കാണട്ടെ????

ചിരിയടക്കി അവൻ ബെഡിൽ കിടന്ന ബുക്ക്‌ എടുത്തു നോക്കി. ഒരു സ്‌ക്വയർ അതിന്റെ മുകളിൽ ട്രയാങ്കിൾ ഷേപ്പിൽ മേൽക്കൂര. മേൽക്കൂരയ്ക്ക് ഒത്ത നടുവിലായി ഒരു ഓട്ട. ഒരു വാതിലും വാതിലിന്റെ ഇരു സൈഡിലും ഓരോ ജനാല വിത്ത്‌ കമ്പി. കൂടെ അഞ്ചാറ് പടികളും. ഇതാണ് നമ്മുടെ എമിയുടെ വീട്. അത് കണ്ടതും അടക്കി വെച്ച അവന്റെ ചിരി പുറത്ത് വന്നു. എന്തിനാ ചിരിക്കുന്നത്????? എമി ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി. പിന്നെ ഇത് കണ്ട് എങ്ങനെ ചിരിക്കാതെ ഇരിക്കും???? കോഴിക്കൂട് പോലെ ഒരെണ്ണം വരച്ചിട്ട് വീടാണ് എന്ന് പറഞ്ഞാൽ പിന്നെ ആർക്കാ ചിരി വരാതെ ഇരിക്കുന്നത്???? ജോക്കുട്ടൻ ആയത് കൊണ്ട് പട്ടികൂട് എന്നെങ്കിലും പറഞ്ഞു വേറെ ആരെങ്കിലും ആയിരുന്നേൽ നിന്റെ തലക്ക് ഓളം ആണെന്ന് പറഞ്ഞേനെ. പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അവൻ പറഞ്ഞതും വീർപ്പിച്ചു വെച്ചിരുന്ന അവളുടെ മുഖം ചുവന്നു കയറി. ഈ സമയം കൊണ്ട് ജോക്കുട്ടൻ അച്ചുവിന്റെ പോക്കറ്റിൽ നിന്ന് കിറ്റ്കാറ്റും എടുത്ത് അവന്റെ ദേഹത്ത് നിന്ന് ഇറങ്ങി അവിടുന്ന് സ്ഥലം കാലിയാക്കി.

അച്ചു വീണ്ടും അവളെ ദേഷ്യം പിടിപ്പിക്കാൻ ചിത്രത്തിലേക്ക് നോക്കി. ഇത്രയും കാലം ആയിട്ടും നിനക്ക് ഈ കുന്നും സൂര്യൻ ഉദിച്ചുയരുന്നതും അല്ലാതെ വേറൊന്നും വരയ്ക്കാൻ ഇല്ലേ???? ഇപ്പൊ ജനിച്ചു വീഴുന്ന പിള്ളേർ വരെ ഇതിലും നന്നായിട്ട് വരയ്ക്കും. ചുണ്ടിലൊരു കളിയാക്കി ചിരിയോടെ അവൻ പറഞ്ഞതും അവൾ അവന്റെ കയ്യിൽ നിന്ന് ബുക്ക് തട്ടി പറിച്ചു വാങ്ങി. ഞാൻ ഇത്രയും എങ്കിലും വരച്ചില്ലേ???? നേരാവണ്ണം ഒരു വര പോലും ഇടാൻ അറിയാത്ത ആളാണ് എന്റെ ചിത്രത്തിനെ കുറ്റം പറയുന്നത്. ഒരു വലിയ രവി വർമ്മ വന്നിരിക്കുന്നു ഹും..... ദേഷ്യത്തിൽ അവൾ ചുണ്ട് കോട്ടി. ഞാൻ വലിയ ചിത്രകാരൻ ആണെന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷെ ഞങ്ങൾ ആരും അറിയാത്ത പണി ചെയ്ത് ഇതുപോലെ കുളം ആക്കാറില്ല. അതിന് മറുപടി ഒന്നും പറയാതെ അവൾ മുഖം വെട്ടിച്ചു. കഴുത്ത് ഉളുക്കിയോ ആവോ??? അമ്മാതിരി മുഖം തിരിക്കൽ ആയിരുന്നെ. അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ടവൻ ഒരു പുഞ്ചിരിയോടെ യൂണിഫോം ഷർട്ടിന്റെ ബട്ടൺ ഓരോന്നായി തുറന്ന് ഷർട്ട്‌ ഊരി ടേബിളിൽ വെച്ചു. എമീ.........

താഴെ നിന്ന് സാറായുടെ സ്വരം ഉയർന്നതും അച്ചു ഒന്ന് മെല്ലെ അവളെ നോക്കി. ദാ വരുന്നു അമ്മച്ചീ....... തിരിച്ച് ഉച്ചത്തിൽ വിളിച്ചു പറയുന്നതിനൊപ്പം അവനെ നേരെ ഒന്ന് നോക്കാതെ അവൾ മുറിവിട്ട് പുറത്തേക്കിറങ്ങി. ദുഷ്ടൻ..... മൂരാച്ചി..... മുരടൻ ഡ്രാക്കുള..... എന്നെ കളിയാക്കിയത് കണ്ടില്ലേ???? ആരാന്നാ വിചാരം???? ഇങ്ങേരെ പിരിഞ്ഞിരിക്കാൻ വയ്യാതെ ആണല്ലോ കർത്താവെ ഞാനെന്റെ ചങ്കിന്റെ വീട്ടിൽ പോലും പോവാത്തത് എന്നോർക്കുമ്പോഴാ........ ദേഷ്യത്തിൽ സ്വയം ഓരോന്ന് പിറുപിറുത്ത് നെറ്റിയിൽ അടിച്ചവൾ താഴേക്കിറങ്ങി. നീയെന്നാടി കോക്കിരി കാണിച്ചോണ്ട് വരുന്നത്?????? അവളുടെ വരവ് കണ്ട് ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരുന്ന ആൽവി അതിശയത്തോടെ ചോദിച്ചു. ദേ ഒന്നാമതേ മനുഷ്യന് ഭ്രാന്ത്‌ പിടിച്ചിരിക്കുവാ അപ്പോ വെറുതെ വന്ന് ചൊറിയാതെ ചായ എടുത്ത് മോന്തിട്ടു പോവാൻ നോക്ക്. വെറുതെ ബാക്കിയുള്ളവരെ മെനക്കെടുത്താനായിട്ട്. അതും പറഞ്ഞവൾ ചവിട്ടിത്തുള്ളി അടുക്കളയിലേക്ക് പോയി. ഭ്രാന്ത്‌ ആണെങ്കിൽ പോയി വല്ല ഊളംപാറയിലും അല്ലാതെ എന്റെ നെഞ്ചത്തോട്ട് കയറാൻ ഞാനെന്താ ഇവിടെ കബഡി ടൂർണമെന്റ് നടത്തുന്നുണ്ടോ?????

വന്നവനും പോണവനും എല്ലാം എന്റെ മണ്ടക്കോട്ട് ആണല്ലോ മാതാവേ കേറുന്നത്!!! ആരോടെന്നില്ലാതെ കൈമലർത്തി പറഞ്ഞവൻ ചായ കുടിച്ച് എഴുന്നേറ്റു. അമ്മച്ചി എന്നാത്തിനാ വിളിച്ചേ????? അടുക്കള പടിയിൽ ചാരി നിന്നവൾ ചോദിച്ചതും സാറാ ഒന്ന് തിരിഞ്ഞു നോക്കി. ദേ ഈ ചായ ആ ചെക്കന് കൊണ്ടുപോയി കൊടുക്കാനായിരുന്നു നിന്നെ വിളിച്ചത്. പിന്നെ ഇത് നിനക്ക് വേണ്ടി തണുപ്പിച്ച് വെച്ചതാ വേഗം അങ്ങോട്ട്‌ കുടിക്ക് കൊച്ചേ. അച്ചുവിനുള്ള ചായ കപ്പിലേക്ക് പകർത്തുന്നതിനിടയിൽ തന്നെ സാറാ നേരത്തെ എടുത്തു വെച്ച ഒരു കപ്പ് ചായ അവൾക്ക് നേരെ നീട്ടി. മ്മ്മ്മ്..... അമ്മച്ചി ചായകുടിച്ചോ????? കൈനീട്ടി അത് വാങ്ങുന്നതിനിടയിൽ അവൾ ചോദിച്ചു. ഞാൻ ഇച്ചായൻ വന്നിട്ട് ഞങ്ങൾ ഒരുമിച്ച് ഇരുന്ന് കുടിച്ചോളാം. അത് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. ചിരിയോടെ അവൾ ചായ ചുണ്ടോട് ചേർത്തു. ആറ്റി വെച്ചിരുന്നത് കൊണ്ട് അത് വേഗം കുടിച്ച് തീർത്തവൾ കപ്പ് കഴുകി വെച്ചു. ഞാനിത് കൊണ്ടുപോയി അമ്മച്ചീടെ സൽപുത്രന് കൊടുക്കട്ടെ. അതും പറഞ്ഞവൾ എടുത്ത് വെച്ച ചായയും എടുത്ത് അടുക്കളയിൽ നിന്നിറങ്ങി. അവളുടെ പറച്ചിലും പോക്കും നോക്കി അവർ ചിരിയോടെ ജോലിയിലേക്ക് തിരിഞ്ഞു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

ചായ............. ഒന്ന് ഫ്രഷായി കബോർഡിൽ നിന്നൊരു ബനിയൻ എടുത്ത് ഇടുമ്പോഴാണ് ആ ശബ്ദം കേൾക്കുന്നത്. പിന്തിരിഞ്ഞു നോക്കുമ്പോൾ ചായയും നീട്ടി പിടിച്ച് വേറെ എങ്ങോട്ടോ നോക്കി നിൽക്കുകയാണ് പെണ്ണ്. ബനിയൻ നേരെ ഇട്ട് അച്ചു ചായ വാങ്ങി ടേബിളിലേക്ക് വെച്ചു. നീ നാളെ നിവിയുടെ വീട്ടിലേക്ക് പോവുന്നില്ലേ????? മുടിയൊന്ന് ഒതുക്കി അവൻ ചോദിക്കുന്നത് കേട്ടതും അവൾ സംശയത്തോടെ നെറ്റി ചുളിച്ച് അവന് നേരെ തിരിഞ്ഞു. റോണി പറഞ്ഞല്ലോ നിങ്ങളെ അവൾ അങ്ങോട്ട് വിളിച്ചിരുന്നെന്ന്. അവളുടെ മുഖത്തെ സംശയം കണ്ടതും അവനൊന്ന് പറഞ്ഞു. ആഹ്.... വിളിച്ചിരുന്നു. നാളെ ഞാൻ അങ്ങോട്ട്‌ പോവുന്നുണ്ട്. റോണിയും മറിയാമ്മയും ഒക്കെ അവിടെ കാണും ഒരു ദിവസം അവിടെ അടിച്ചു പൊളിക്കാനാണ് പ്ലാൻ ഫ്രണ്ട്സുമായി ഒരുമിച്ച് കൂടാൻ കിട്ടിയ ഒരവസരം ആണ് അത് ഞാനായിട്ട് എന്തിനാ ഇല്ലാതാകുന്നത്???? ഗൗരവത്തിൽ അവൾ പറഞ്ഞു നിർത്തി. എന്നിട്ട് ഞാൻ അങ്ങനെ അല്ലല്ലോ അറിഞ്ഞത്?????

എന്നെ പിരിഞ്ഞിരിക്കാൻ വയ്യാത്ത എന്റെ ഭാര്യ കൂട്ടുകാരിക്ക് ഞായറാഴ്ച നേരത്തെ എത്തിക്കോളാം എന്ന് വാക്ക് കൊടുത്തിട്ടാണ് ഇങ്ങോട്ട് വന്നത് എന്നാണല്ലോ ഞാൻ കേട്ടത്. കുസൃതി നിറച്ചവൻ ചോദ്യം എറിഞ്ഞതും അവൾ ഒന്ന് പതറി. പിന്നേ... എനിക്ക് വട്ടല്ലേ അങ്ങനെ ഒക്കെ പറയാൻ. വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ആ റോണി പറയുന്നത് നിങ്ങൾ അല്ലാതെ വേറാരേലും വിശ്വസിക്കുവോ???? അച്ചു റോണിയിൽ നിന്നാണ് എല്ലാം അറിഞ്ഞത് എന്നുള്ള ധാരണയിൽ പെണ്ണ് കത്തിക്കയറി. അല്ലെങ്കിലും സാധാരണ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒറ്റുകാരൻ റോണി ആയിരിക്കുമല്ലോ അതുകൊണ്ട് എമി അവൻ തന്നെ ആണെന്ന് അനുമാനിച്ചു. അതിന് റോണി പറഞ്ഞാണ് ഞാൻ അറിഞ്ഞത് എന്ന് നിന്നോട് പറഞ്ഞോ???? കൈ പിണച്ചു വെച്ച് ടേബിളിൽ ചാരി നിന്നവൻ ചോദിച്ചതും എമി ആകെ പെട്ടു. വിളറി വെളുത്തുള്ള അവളുടെ നിൽപ്പ് കണ്ടതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി മിന്നി. ചുണ്ടിൽ ഉതിർന്ന പുഞ്ചിരിയോടെ അവൻ അവളെ തന്റെ കൈക്കുള്ളിൽ ആക്കി നിർത്തി. പറ....

റോണിയിൽ നിന്നാണ് ഞാനിത് അറിഞ്ഞത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ പിന്നെ എന്റെ കൊച്ചിന് എങ്ങനെ മനസ്സിലായി????? നെറ്റിയിൽ വീണ് ചിതറി കിടന്നിരുന്ന കുഞ്ഞ് മുടിയിഴകളെ ഊതി മാറ്റി അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു. അത്.... ഞാൻ..... പിന്നെ......എനിക്ക്... അങ്ങനെ തോന്നി. ഒരു പതർച്ചയോടെ അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞപ്പിച്ചു. വിക്കി വിയർത്തുള്ള അവളുടെ പറച്ചിൽ കേട്ടവൻ ചിരിയോടെ അവളുടെ ഭാവങ്ങൾ ഓരോന്ന് വീക്ഷിച്ചു. കളളം പറയാൻ അറിയാത്ത ആൾ ആ പണിക്ക് വെറുതെ എന്നാത്തിനാ പോവുന്നത്????? മൂക്കിൻ വലിച്ചു കൊണ്ടവൻ കളിയാക്കി ചിരിയോടെ അവൻ പറഞ്ഞതും അവളുടെ മുഖത്ത് ദേഷ്യം മിന്നി മറഞ്ഞു. അതേ. ഞാൻ പറഞ്ഞത് തന്നെയാ. അതിനിപ്പൊ എന്താ???? നിങ്ങൾക്ക് വലിയ നഷ്ടം ഒന്നും ഇല്ലല്ലോ???? മാറി നിൽക്ക് അങ്ങോട്ട്‌..... കപടദേഷ്യത്തിൽ പറഞ്ഞവൾ അവനെ തള്ളി മാറ്റാൻ ഒരു പാഴ്ശ്രമം നടത്തി. എന്നാൽ അവൻ അവളെ തന്നിലേക്ക് വീണ്ടും അടുപ്പിക്കുകയാണ് ചെയ്തത്. ആഹാ.... ഇച്ചായന്റെ കൊച്ച് നല്ല ചൂടിൽ ആണല്ലോ?????

തന്റെ കൈ അയക്കാൻ ശ്രമിക്കുന്ന അവളിലെ പിടി ഒന്നുകൂടി മുറുക്കി കൊണ്ടവൻ ചോദിച്ചു. അതിന് മറുപടി എന്ന പോൽ രൂക്ഷമായി അവന് നേരെ നോട്ടം എറിഞ്ഞവൾ അവനിൽ നിന്ന് പിടഞ്ഞു മാറാൻ വൃഥാ ശ്രമിച്ചു കൊണ്ടിരുന്നു. കൂടുതൽ കുതറി എന്നെക്കൊണ്ട് കടുംകൈ ചെയ്യിക്കാതെ അടങ്ങി ഒതുങ്ങി നിക്കെടി പൊടിക്കുപ്പീ...... ശാസനയോടെ അവൻ പറഞ്ഞതും അടങ്ങി നിന്ന് കണ്ണ് കൂർപ്പിച്ച് അവനെ ഒന്ന് നോക്കി മുഖം തിരിച്ചു. പിണങ്ങി മുഖം വീർപ്പിച്ചു നിന്ന പെണ്ണിന്റെ കവിളിൽ കടിച്ചു കൊണ്ടവൻ തന്നിലേക്ക് തന്നെ അവളുടെ ശ്രദ്ധ ആകർഷിച്ചു. കൊച്ചിന് അവരുടെ കൂടെ പോയി അടിച്ചു പൊളിക്കണം എന്ന് ആഗ്രഹം ഇല്ലേ????? അവളുടെ ഇടം കവിളിൽ അരുമയായി തലോടി അത്രമേൽ ആർദ്രമായി അവൻ ചോദിച്ചു. ആഗ്രഹം ഒക്കെ ഉണ്ട്. പക്ഷെ ഇച്ചായൻ അടുത്തില്ലെങ്കിൽ ഒരു രാത്രി ഇച്ചായനോട് വഴക്ക് കൂടിയില്ലെങ്കിൽ എനിക്ക് ഉറക്കം വരത്തില്ല. അവൻ ഇട്ടിരുന്ന ബനിയനിൽ പിടിച്ചു വലിച്ച് അത് പറയുമ്പോൾ അതുവരെ ഉള്ള പിണക്കത്തിന്റെ കാര്യം അവൾ പാടെ മറന്നിരുന്നു. അതെന്നതാ അങ്ങനെ????? അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞു. അത്.......... അത്???????? എനിക്കീ ഡ്രാക്കൂനെ ഒരുപാട് ഇഷ്ടം ആയതോണ്ട്.......

കുറുമ്പൊടെ ഒന്നുയർന്നു പൊങ്ങി അവന്റെ കവിളിൽ പല്ലുകൾ ആഴ്ത്തി കൊണ്ടവൾ പറഞ്ഞു നിർത്തവെ ഉള്ളിലെ പ്രണയത്തിന്റെ നീരുറവ ഒരു നദിയായി തന്റെ ഇണയിലേക്ക് അലിഞ്ഞു ചേരാൻ വെമ്പി കൊണ്ടിരുന്നു. അനുസരണയില്ലാതെ ചലിക്കുന്ന വിരലുകൾക്ക് ഒപ്പം ചുണ്ടുകളെ കവർന്നെടുക്കാൻ ആഞ്ഞതും നെഞ്ചിൽ കൈ വെച്ചവൾ അവനെ പിന്നിലേക്ക് തള്ളി. പെട്ടെന്നുള്ള ആക്രമണം ആയത് കൊണ്ടവൻ ബെഡിലേക്ക് വീണുപോയിരുന്നു. എന്നെ കളിയാക്കിയിട്ട് ഫ്രഞ്ച് വിപ്ലവം നടത്താം എന്ന് കരുതി അല്ലെ മിസ്റ്റർ ഡ്രാക്കു. അത് അതിമോഹം ആണ് മോനെ അതിമോഹം. ഇടുപ്പിൽ കൈകുത്തി നിർത്തി അവൾ അവന് നേരെ പരിഹാസ ചിരി തൊടുത്തു വിട്ടു. ബെഡിൽ മലർന്നു വീണ് കിടക്കുന്ന അവനെ നോക്കി അവൾ ചുണ്ട് കടിച്ചു പിടിച്ച് ചിരിച്ചു. ആ ചിരിക്ക് മറുപടി ഒന്നും പറയാതെ തന്നെ അവൻ കിടന്നു. ഭാവഭേദം ഒന്നും തന്നെ ഇല്ലാതെ ഉള്ള അവന്റെ കിടപ്പിൽ അവൾ എന്തോ അപകടം മണുത്തു. ചുണ്ടിലെ ചിരി പെട്ടെന്ന് തന്നെ മാഞ്ഞു. മറ്റെന്തെങ്കിലും അവൾ ചിന്തിച്ചു തുടങ്ങും മുന്നേ അവന്റെ ശബ്ദം ഉയർന്നിരുന്നു. ദേ പല്ലി............ പിന്നിലേക്ക് വിരൽ ചൂണ്ടി അവൻ പെട്ടെന്ന് പറഞ്ഞു തീർന്നതും പേടിയോടെ വലിയ വായിൽ കാറി കൊണ്ടവൾ അവന്റെ ദേഹത്തേക്ക് തന്നെ വീണു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story