ഹൃദയതാളമായ്: ഭാഗം 9

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ചുറ്റിനും നടക്കുന്നതെല്ലാം ഒരു നിമിഷം നിശബ്ദമായത് പോലെ. അവൾ സ്വയം മറന്ന് അവനിൽ തന്നെ ദൃഷ്ടി ഊന്നി നിന്നുപോയി. സത്യത്തിൽ അപ്പോഴായിരുന്നു അവൾക്കവന്റെ മുഖം വ്യക്തമായി കാണാൻ കഴിഞ്ഞത്. വർഷങ്ങൾക്കിപ്പുറം തന്റെ മുന്നിൽ നിൽക്കുന്നത് തന്റെ പ്രണയം തന്നെയാണോ എന്ന സംശയം അവളിൽ ഉടലെടുത്തു. കാത്തിരുന്ന ആളെ തന്നെയാണോ കണ്മുന്നിൽ കാണുന്നത് എന്നൊരുവേള ചിന്തിച്ചു പോയി. അവനിൽ നിന്ന് നോട്ടം മാറ്റാൻ കഴിയാതെ അവൾ നിന്നു. സ്റ്റേജിൽ നിൽക്കുന്നവർക്കവൻ കൈകൊടുക്കുന്നതും അവരോടെല്ലാം ചിരിച്ച് സംസാരിക്കുന്നതും കണ്ണിമ വെട്ടാതെ അവൾ നോക്കി നിന്നു. ഇവളെന്തിനാടാ ഇങ്ങനെ നിൽക്കുന്നത്???? ആദ്യത്തെ ഞെട്ടൽ മാറിയതും നിവി റോണിയോടായി ചോദിച്ചു. അപ്പോഴാണ് അവനും അത് ശ്രദ്ധിക്കുന്നത്. ഇവിടെയിരിക്കെടി പിശാശ്ശെ അയാളെങ്ങാനും നിന്നെ കണ്ടാൽ അതോടെ തീർന്ന്. അവനവളെ സീറ്റിലേക്ക് വലിച്ചിരുത്തി. എന്നാലും ഇങ്ങനൊരു ട്വിസ്റ്റ്‌ ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലെന്റെ ദേവീ... നിവിയുടെ രോദനം കേട്ടതും റോണി അവളെ നോക്കി പല്ല് കടിച്ചു. മിണ്ടരുത് പുല്ലേ....... നീയൊറ്റൊരുത്തി കാരണാ ഇതെല്ലാം ഉണ്ടായത്. അവളുടെ ഒരു പ്രേമം.......

അയാളെങ്ങാനും ഇവളെ തിരിച്ചറിഞ്ഞാൽ നമ്മുടെ മൂന്നുപേരുടെയും കാര്യത്തിൽ ഇന്നൊരു തീരുമാനമുണ്ടാവും. പറ്റിപ്പോയി മുത്തേ....... അവൾ ദയനീയമായി അവനെ നോക്കി. അവൻ കൈകൊണ്ട് അവളെ കഴുത്ത് ഞെരിക്കുന്നത് പോലെ കാണിച്ചു. എമി ഇതൊന്നും അറിയാതെ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു. അവന്റെ ഓരോ ഭാവങ്ങളും വീക്ഷിച്ചു കൊണ്ടവൾ ഇരുന്നു. അവനെ തന്നെ നോക്കി ഇരിക്കുമ്പോഴാണ് കയ്യിൽ അടി വീഴുന്നത്. ഞെട്ടി പിടഞ്ഞു നോക്കവെ കലിപ്പിൽ അവളെ നോക്കി പല്ല് കടിക്കുന്ന റോണിയെ കണ്ടവൾ ചിരിക്കണോ കരയണോ എന്നറിയാതെ ഇരുന്നു. നീയിത് എന്ത് തേങ്ങ നോക്കിയിരിക്കുവാടി കോപ്പേ....... അവൾ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി. റോണി അവളെ ഒന്നിരുത്തി നോക്കിയിട്ട് സ്റ്റേജിലേക്ക് കണ്ണുകൾ പായിച്ചു. നിനക്കാ മുഖം കണ്ടിട്ട് ആരെയെങ്കിലും ഓർമ്മ വന്നോ????? അവൻ പതിഞ്ഞ ശബ്ദത്തിൽ അവളോടായി ചോദിച്ചു. അവൾ മറുപടി ഒന്നും പറയാതെ വീണ്ടും അച്ചുവിനെ നോക്കി. സത്യം പറയട്ടെ എനിക്കയാളെ കണ്ടിട്ട് നിന്റെ പ്രാണനാഥനെ പോലെ തോന്നി.

ഇനി അങ്ങേരെങ്ങാനുമാണോ?????? അത് കേട്ടതും അവളൊരു ഞെട്ടലോടെ അവനെ നോക്കി. ഇൻഫാക്ട് അവനാണെങ്കിൽ ഇത്രയും കാലം മനസ്സിൽ കൊണ്ടുനടന്ന പ്രണയം നീ നിവിക്ക് വേണ്ടി വേണ്ടാന്ന് വെക്കുവോ??????? റോണിയുടെ ചോദ്യം അവളെ പിടിച്ചുലച്ചു. മറുപടി പറയാനാവാതെ അവൾ നിവിയെ നോക്കി. നഖം കടിച്ചുകൊണ്ട് അച്ചുവിനെ തന്നെ നോക്കിയിരിക്കുന്ന അവളെ കണ്ടതും ഉള്ളിലൊരു വെള്ളിടി വെട്ടി. പിന്നീട് അവൻ പറയുന്നതോ സ്റ്റേജിൽ നടക്കുന്നതോ ഒന്നും അവൾക്ക് ശ്രദ്ധിക്കാനായില്ല. മനസ്സിൽ സൗഹൃദവും പ്രണയവും തമ്മിലൊരു വാദപ്രതിവാദം തന്നെ നടക്കുന്നുണ്ടായിരുന്നു. കലങ്ങി മറിയുന്ന മനസ്സോടെ അവളിരുന്നു. വിദ്യാർത്ഥികളെ ഞാനെന്റെ പ്രസംഗം ഇനിയും വലിച്ചു നീട്ടുന്നില്ല. നിങ്ങളേവരും കാത്തിരുന്ന നമ്മുടെ ഗെസ്റ്റ് അതിൽപ്പരം നമ്മുടെ കോളേജിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ ബഹുമാന്യനായ നമ്മുടെ എസിപി അഗസ്റ്റി പോൾ കുരിശിങ്കലിനെ നിങ്ങളെ അഭിസംബോധന ചെയ്യാനായി ഞാൻ ക്ഷമിക്കുന്നു. പ്രിൻസിപ്പൾ പറഞ്ഞു തീർന്നതും അവിടമാകെ കരഘോഷവും കൂകിവിളിക്കലും മുഴങ്ങി.

അവൻ എഴുന്നേറ്റ് ഒരു ചിരിയോടെ മൈക്കിനരികിലേക്കെത്തി. എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിക്കുന്നതിനൊപ്പം അവന്റെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ പരതി നടന്നു. ഒരുപാട് അലച്ചിലിന് ശേഷം കണ്ണുകൾ എമിയിൽ എത്തിയതും തിളങ്ങി. ഒരുമാത്ര അവളുടെ കണ്ണുകളും അവനിൽ തന്നെ ആയിരുന്നു. ഒരു കള്ളചിരിയോടെ അവൻ അവളിൽ നിന്ന് കണ്ണെടുത്ത് മറ്റ് കുട്ടികളിലേക്ക് തിരിഞ്ഞു. പ്രിയപ്പെട്ട വിദ്യാർത്ഥികളെ.............. അവൻ പറഞ്ഞു തുടങ്ങിയതും അവിടവിടെ ആയി കൂവലും ബഹളവും തുടങ്ങി. അത് കണ്ടതും അവനൊന്ന് ചിരിച്ചു. സത്യത്തിൽ ഈ പ്രസംഗിക്കാനൊന്നും എനിക്കറിയില്ല. പണ്ട് ഇവിടെ പഠിച്ചിരുന്നപ്പോൾ പോലും ഞാനീ സ്റ്റേജിൽ കയറിയിരുന്നത് ആർട്ട്‌ ഡേയ്ക്ക് കർട്ടൻ വലിക്കാനും ഫുട്ബോൾ ടൂർണമെന്റിനുള്ള പ്രൈസ് വാങ്ങാനുമായിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു എന്തോ ഒരു അസ്വസ്ഥത പോലെ. പഠിച്ചിരുന്ന കാലത്താണെങ്കിൽ ദേ ആ ലാസ്റ്റ് വരിയുടെ മുൻപന്തിയിൽ കൂവാൻ ഞാനും ഗ്യാങും കാണുമായിരുന്നു. അവൻ പറഞ്ഞു നിർത്തിയതും അവിടെമാകെ കൂവലും വിസിലടിയും മുഴങ്ങി.

ഇത് തന്നെ. ലോകത്ത് ഏറ്റവും സുഖമുള്ള ഏർപ്പാടാണ് ഈ കൂവൽ. കോളേജ് പരിപാടിക്കിടിക്കും സിനിമ തിയറ്ററിലും കൂവുന്ന സുഖമുണ്ടല്ലോ വേറെ എവിടെയും കിട്ടില്ല. ഇതൊക്കെ മാക്സിമം നമ്മൾ എൻജോയ് ചെയ്യണം. നേര് പറയാല്ലോ ഇതൊക്കെ ഒരുപാട് ആസ്വദിച്ച ആളാണ് ഞാൻ. ഇപ്പൊ ഇവിടെ വന്ന് നിൽക്കുമ്പോൾ അതൊക്കെ ഒരു സുഖമുള്ള ഓർമ്മയായി ഇന്നും മുന്നിൽ തെളിയുന്നുണ്ട്. ദേ ആ കൂവാൻ നിൽക്കുന്നവരുടെ ഇടയിൽ ഞാൻ കാണുന്നത് എന്നെയും എന്റെ കൂട്ടുകാരെയും തന്നെയാണ്. പുറകിലേക്ക് ചൂണ്ടി അവൻ പറഞ്ഞു. ഈ കലാലയ ജീവിതം എന്ന് പറയുന്നത് ജീവിതത്തിൽ ഇനിയൊരിക്കലും തിരികെ കിട്ടാത്ത ഓർമ്മകളാണ്. എവിടെയോ ജനിച്ച് എവിടെയോ വളർന്നവർ ഒരു കുടക്കീഴിൽ ഒത്തുകൂടുന്നൊരു സ്ഥലം. അവിടെ ഇണക്കങ്ങളുണ്ട് പിണക്കങ്ങളുണ്ട് തമ്മിൽ തല്ല് കൂടലുണ്ട് വിപ്ലവമുണ്ട്. നാളെ ഒരിക്കൽ ഇവിടെ നിന്ന് പടിയിറങ്ങേണ്ടി വരുന്ന ഒരു ദിനത്തെ കുറിച്ച് നമ്മൾ ഓർക്കാൻ കൂടി ഇഷ്ടപ്പെടില്ല ശരിയല്ലേ??????? ഇവിടുത്തെ ഓരോ മണൽത്തരിക്കും പറയാൻ ഒരായിരം കഥകളുണ്ട്. നാളെയൊരിക്കൽ ഓർക്കാൻ സുഖമുള്ള ഒരു ചെറുനോവുള്ള ഓർമ്മകളായ് ഈ കലാലയ ജീവിതം നമ്മളിൽ അവശേഷിക്കും.

സൗഹൃദത്തിന്റെ മധുരം വേർപാടിന്റെ കൈപ്പുനീരും നമ്മളറിയുന്നത് ഇവിടെ നിന്നായിരിക്കും. എനിക്ക് നിങ്ങളോടൊക്കെ ഒന്നേ പറയാനുള്ളൂ മാക്സിമം ഈ ലൈഫ് നമ്മൾ എൻജോയ് ചെയ്യണം കാരണം ഇനിയൊരിക്കൽ വേണമെന്ന് ആഗ്രഹിച്ചാലും തിരികെ ലഭിക്കാത്ത ഒന്നാണ് ഈ ജീവിതം. പക്ഷെ ഇവിടെ വരുമ്പോൾ നമ്മൾ കേൾക്കുന്ന അല്ലെങ്കിൽ അദ്ധ്യാപകർ പറയുന്ന ഒന്നാണ് turning point. ഒരു ശരാശരി വിദ്യാർത്ഥി sslc എഴുതാൻ പോവുന്ന കാലം മുതൽ കേൾക്കേണ്ടി വരുന്നൊരു വാക്കാണ് ഞാനിപ്പൊ പറഞ്ഞ ടേണിംഗ് പോയിന്റ് ശരിയല്ലേ??????? പത്താം ക്ലാസ്സ്‌ എത്തുമ്പോൾ പറയും ഇതാണ് നിങ്ങളുടെ ലൈഫിന്റെ ടേണിംഗ് പോയിന്റ്, അവിടുന്നും ചെന്ന് +1,+2 എത്തുമ്പോഴോ അപ്പോഴും കേൾക്കും ഇതാണ് ടേണിംഗ് പോയിന്റ് എന്ന് ഒരു വിധം കഷ്ടപ്പെട്ട് ഈ കോളേജിൽ എത്തുമ്പോഴോ അപ്പോഴും കേൾക്കും ഇതാണ് ടേണിംഗ് പോയിന്റ് എന്ന്. ചുമ്മാതാ.... ഒരു ജോലി കിട്ടുന്നത് വരെ നമ്മൾ എന്ത് പഠിച്ചാലും ഇത് കേൾക്കേണ്ടി വരും. വെറും പ്രഹസനം.... We decide our life. നമ്മൾ എന്താവണം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്നത് നമ്മൾ തന്നെയാ. വെറുതെ പുസ്തകത്തിലുള്ളത് മാത്രം പഠിച്ച് ചടഞ്ഞുകൂടി ഇരിക്കാനുള്ളതല്ല ഈ കോളേജ് ലൈഫ്.

പുസ്തകങ്ങൾക്കപ്പുറം ഒരുപാട് ജീവിതപാഠങ്ങൾ പഠിക്കാൻ ഇതിലും നല്ലൊരിടം മറ്റൊന്നില്ല. ഇവിടെ ജീവിക്കുന്ന ഓരോ നിമിഷവും ആസ്വദിക്കണം ആഘോഷിക്കണം. തമ്മിൽ വഴക്ക് കൂടണം ക്യാന്റീനിൽ പോയിരുന്ന് പുട്ടടിക്കണം ഇടക്കൊക്കെ ഓരോ ക്ലാസ്സ്‌ കട്ട്‌ ചെയ്യണം അങ്ങനെ അങ്ങനെ ഈ ലൈഫ് കളറാക്കണം. ഞാനിതൊക്കെ ഒരുപാട് എൻജോയ് ചെയ്തിട്ടുണ്ട്. ഞാനിവിടെ കാണിച്ച തല്ല് കൊള്ളിത്തരത്തിനും സസ്പെൻഷനും കയ്യും കണക്കുമില്ല. ഇപ്പൊ കുറച്ചു മുന്നേ പോലും എന്നെ പറ്റി നിങ്ങളോടൊക്കെ തള്ളി മറിച്ച പ്രിൻസിപ്പൾ സർ എന്നെ വിളിക്കാത്ത ചീത്തയില്ല അല്ലെ സാറേ????? അത് കേട്ടതും എല്ലാവരും കൂടി ചിരിക്കാൻ തുടങ്ങി. ഇതൊക്കെ ഒരു ഹരല്ലേ???? പക്ഷെ അതും പറഞ്ഞ് പഠിപ്പിൽ ഉഴപ്പരുത്. അത്യാവശ്യം പഠിക്കണം അത്യാവശ്യം ഉഴപ്പണം അങ്ങനെ ലൈഫ് മുഴുവൻ മറക്കാത്ത ഒരുപിടി ഓർമ്മകൾ ഇവിടെ നിന്ന് സമ്പാദിക്കണം. അതിനൊക്കെ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇനിയും വലിച്ചു നീട്ടി വെറുപ്പിക്കുന്നില്ല. Wishing all of you a wonderful college life, thank you. ഒരു പുഞ്ചിരിയോടെ അവൻ പ്രസംഗം അവസാനിപ്പിക്കുമ്പോൾ അവിടമാകെ കയ്യടിയും വിസിലടിയും നിറഞ്ഞു. എമിക്ക് അവന്റെ ഓരോ വാക്കുകളും കേൾക്കും തോറും എന്തോ ആരാധനയൊ അടുപ്പമോ ഒക്കെ തോന്നി. അവനെ മിഴി ചിമ്മാതെ നോക്കിയവൾ ഇരുന്നു. അമ്പോ പൊളിച്ച്......

ഇങ്ങനെ വേണം പ്രസംഗിക്കാൻ അല്ലാതെ ഒരുമാതിരി ഒരു കൊട്ട ഉപദേശവും അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് കൂടെ കുറേ കരിയർ ഗൈഡൻസ് എന്ന് പറഞ്ഞ് വെറുപ്പിക്കലും ബ്ലാ...... മോളെ നിവി നിന്റെ സെലക്ഷൻ എന്തായാലും പൊളി. റോണി പറയുന്നത് കേട്ട് എമി അവനെ തറപ്പിച്ചു നോക്കി. അത് കണ്ടതും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തിൽ അവൻ ഉത്തരത്തിലോട്ട് നോക്കിയിരുന്നു. പ്രസംഗം അവസാനിപ്പിച്ച് അവൻ പോവാൻ തയ്യാറെടുത്തതും അവളുടെ മുഖം മങ്ങി. സ്റ്റേജിൽ നിന്നിറങ്ങിയതും അവന്റെ കണ്ണുകൾ അവളിൽ വന്ന് നിന്നു. ഒരുനിമിഷം കണ്ണുകൾ തമ്മിൽ കൊരുത്തെങ്കിലും അവൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി അടുത്ത് നിന്ന് പ്രിൻസിപ്പളിന്റെ ചെവിയിൽ എന്തോ പറഞ്ഞു. അവൻ പറഞ്ഞതിന് മറുപടിയായി അയാൾ തലയാട്ടി. അവൻ ചിരിയോടെ ഒരിക്കൽ കൂടി എമിയെ നോക്കി. അപ്പോഴേക്കും ഒരുപാട് പെൺകുട്ടികൾ അവനരികിൽ എത്തിയിരുന്നു. അവൻ അവരോടൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നത് കണ്ടതും അവൾ മുഖം വെട്ടിച്ച് നേരെയിരുന്നു. അതെല്ലാം ഒരു ചിരിയോടെ ഇടംകണ്ണിട്ട് നോക്കി ആസ്വദിച്ചു കൊണ്ടവൻ അവിടെ നിന്ന് നടന്നകന്നു. അവൻ പോവുന്നതും നോക്കി സകല പിടക്കോഴികളും വെള്ളമിറക്കി നിന്നു.

എന്നാ കലക്കാ ലവൻ കലക്കിയിട്ട് പോയത്........ നോക്കിയേ എല്ലാ പെമ്പിള്ളേരും അവനെ നോക്കി വാറ്റുവാ ബാക്കിയുള്ളവൻ ഒരുങ്ങിക്കെട്ടി വന്നത് മിച്ചം...... ഹാ യോഗമില്ല അമ്മിണിയേ..... നെടുവീർപ്പോടെ റോണി താടിക്ക് കയ്യും കൊടുത്തിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സ്റ്റേജിൽ മറ്റ് പരിപാടികൾ പുരോഗമിക്കുമ്പോഴാണ് ഫസ്റ്റ് ഇയറിലെ ഒരു പെൺകുട്ടി അവർക്കരിലേക്ക് എത്തുന്നത്. നിങ്ങള് മൂന്നുപേരെയും പ്രിൻസി അന്വേഷിക്കുന്നുണ്ട്. വേഗം ഓഫിസിലേക്ക് ചെല്ലാൻ പറഞ്ഞു. അവൾ പറയുന്നത് കേട്ടതും മൂന്നുപേരും പരസ്പരം നോക്കി. എന്തിനാന്നറിയാവോ?????? എമി സീറ്റിൽ നിന്നെഴുന്നേറ്റുകൊണ്ട് ചോദിച്ചു. അതറിയില്ല. പക്ഷെ ആ എസിപിയും കൂടെ ഉണ്ടായിരുന്നു. സുഭാഷ്....... അന്നത്തെ ലവ് ലെറ്ററിനുള്ള മറുപടി തരാനായിരിക്കും ബാ കയ്യോടെ പോയി മേടിക്കാം. റോണി അതും പറഞ്ഞ് മുന്നേ നടന്നു. ഒന്ന് മടിച്ചു നിന്നെങ്കിലും ഒരുവിധം ധൈര്യം സമ്പാദിച്ച് എമി നിവിയുടെ കയ്യും പിടിച്ച് ആ കുട്ടിയുടെ ഒപ്പം മുന്നോട്ട് നടന്നു. കുറച്ചു ദൂരം പോയി കഴിഞ്ഞതും റോണി തിരിഞ്ഞ് അവരുടെ അടുത്തേക്കെത്തി. വന്നപാടെ അവൻ എമിയുടെയും ആ കുട്ടിയുടെയും ഇടയിലേക്ക് കയറി. പെട്ടെന്നായത് കൊണ്ട് മൂന്നുപേരും ഞെട്ടി അവനെ നോക്കി. അവന്റെ ശ്രദ്ധ അപ്പോഴാ പെൺകുട്ടിയുടെ മേലായിരുന്നു. ഹായ്........

അവൻ ആ കുട്ടിയെ നോക്കി പറഞ്ഞതും അവൾ അവനെ നോക്കി. ഹായ്........ ഫസ്റ്റ് ഇയറാ????? അതേ........ അവൾ വിനയത്തോടെ പറഞ്ഞു. സീനിയേഴ്‌സിനെ ബഹുമാനിക്കണമല്ലോ. എന്റെ പേര് റോണി. റോണി ജെയിംസ് bsc കെമിസ്ട്രി ഫൈനൽ ഇയർ. ബൈ ദുബായ് ഇതിന് മുന്നേ കാണാത്തത് കൊണ്ട് ചോദിക്കുവാ എന്താ കുട്ടിയുടെ പേര്????? ആൻമരിയ........ ആൻമരിയ....... what a beautiful name????? ഞാൻ മറിയാമ്മേന്ന് വിളിക്കും. ഇഷ്ടായോ??????? അവൻ പറയുന്നത് കേട്ടതും ഇതെന്ത് ജീവി എന്നർത്ഥത്തിൽ അവനെ നോക്കി. പിന്നെ വേണോ വേണ്ടയോ എന്ന മട്ടിൽ തലയാട്ടി. എവിടെയാ വീട്????? വീട്ടിൽ ആരൊക്കെയുണ്ട്????? മുന്നേ എവിടെയാ പഠിച്ചത്????? LC ആണോ????? ഒറ്റ ശ്വാസത്തിൽ ഇത്രയും ചോദ്യം അവൻ ചോദിച്ചതും അവൾ അവനെ മിഴിച്ചു നോക്കി. എമിയും നിവിയും അവനെ ഇപ്പൊ അടിച്ചു കൊടുത്താൽ വലിച്ചു കുടിക്കും എന്ന പരുവത്തിൽ നിൽക്കുവാണ്. ഇങ്ങോട്ട് വാടാ കാട്ടുകോഴി..... മനുഷ്യൻ ടെൻഷനടിച്ച് ചാകാൻ നിൽക്കുമ്പോഴാ അവന്റെ ലൈൻ വലിക്കല്...... എമി ദേഷ്യത്തിൽ അവനെയും വലിച്ച് മുന്നോട്ട് നടന്നു. മറിയാമ്മ ഒരു കോഴിയുടെ വായിൽ നിന്ന് രക്ഷപെട്ട സമാധാനത്തിൽ ദൈവത്തിന് സ്തുതി പറഞ്ഞു.

റോണിയുടെ കയ്യും പിടിച്ച് ഓഫിസിന് മുന്നിലെത്തിയതും പ്രിൻസിയും അച്ചുവും കൂടി പുറത്തേക്കിറങ്ങിയതും ഒരുമിച്ചായിരുന്നു. അവരെ കണ്ടതും എമി വേഗം റോണിയുടെ കയ്യിൽ നിന്ന് പിടിവിട്ട് ഡീസന്റ് ആയി നിന്നു. ആഹ് നിങ്ങളെത്തിയോ????? അതേ അഗസ്റ്റിക്ക് നിങ്ങളെ മുന്നേ പരിചയമുണ്ടെന്ന് പറഞ്ഞു. ഒരുപാട് നാളുകൾക്ക് ശേഷം കാണുന്നത് കൊണ്ട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞത് കൊണ്ടാണ് നിങ്ങളെ വിളിപ്പിച്ചത്. എന്തായാലും ഇപ്പൊ ഫങ്ക്ഷൻ നടക്കുന്നത് കൊണ്ട് ക്ലാസ്സൊന്നും നടക്കില്ല ആരും ഇങ്ങോട്ട് വരാനും പോവുന്നില്ല നിങ്ങൾ സ്വസ്ഥമായി ഓഫീസിലിരുന്ന് സംസാരിച്ചോ ആരും ശല്യം ചെയ്യില്ല. അയാൾ പറയുന്നത് കേട്ടതും അവർ മൂന്നുപേരും പരസ്പരം നോക്കി. എങ്കിൽ ശരി അഗസ്റ്റി നിങ്ങൾ സംസാരിച്ചിരിക്ക് ഞാനൊന്നങ്ങോട്ട് ചെല്ലട്ടെ. അത്രയും പറഞ്ഞയാൾ അവിടെ നിന്ന് പോയതും മൂന്നുപേരും ദയനീയമായി അവനെ നോക്കി. അവന്റെ മുഖത്തെ ഗൗരവം കണ്ടതും അവർ ഉമിനീരിറക്കി നിന്നു. മൂന്നും അകത്തോട്ട് കേറ് ചിലതൊക്കെ ചോദിക്കാനുണ്ട്. കനപ്പിച്ചവൻ പറഞ്ഞതും അവർ മടിച്ച് മടിച്ച് അകത്തേക്ക് കയറി. അവർ അകത്തേക്ക് കയറിയതും ചുണ്ടിന്റെ കോണിൽ ഒളിപ്പിച്ച ചിരിയുമായി പുറകെ അവനും കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചു പ്രിൻസിപ്പാളിന്റെ ടേബിളിൽ കയറിയിരുന്ന് അവരെയൊന്ന് നോക്കി. തന്റെ മുന്നിൽ തലകുനിച്ച് നിൽക്കുന്ന അവരെകണ്ട് ചിരി വന്നെങ്കിലും അത് കടിച്ചു പിടിച്ചവൻ ഗൗരവം മുഖത്തണിഞ്ഞു. അവൻ മെല്ലെ ടേബിളിൽ നിന്നെഴുന്നേറ്റ് റോണിയുടെ മുന്നിൽ വന്നു നിന്നു. റോണി ജെയിംസ് അല്ലെ????? അതേ....... മ്മ്മ്.......... ഗൗരവത്തിൽ മൂളിക്കൊണ്ടവൻ നടുവിലായി നിന്ന എമിയുടെ മുന്നിലേക്ക് നിന്നു. എമി അലാനിയ ജോൺ....... അവൾ അതെയേന്നർത്ഥത്തിൽ തലയാട്ടി. എമിയുടെ മുന്നിൽ നിന്ന് മാറാതെ അവൻ നിവിയെ നോക്കി. താനോ?????? നിവേദിത....... അവൾ വിറച്ചു കൊണ്ട് മറുപടി കൊടുത്തു. അതെന്താ പേരിന് വാലും തുമ്പൊന്നുമില്ലേ????? അവൻ ഗൗരവത്തിൽ ചോദിച്ചു. ഉണ്ട് സർ........... എങ്കിൽ പറ........ നിവേദിത ഉത്തമൻ....... മ്മ്മ്......... ഒന്നമർത്തി മൂളിക്കൊണ്ടവൻ എമിയിലേക്ക് നോട്ടം തിരിച്ചു. അവളപ്പോഴും നിലത്തോട്ട് നോക്കി നിൽക്കുകയാണ്. നീയെന്തിനാ ഇങ്ങനെ മുഖം കുനിച്ച് നിൽക്കുന്നത്????? അത് പേടിച്ചിട്ടാ സർ....... റോണി ആയിരുന്നു അതിന് മറുപടി പറഞ്ഞത്. ഞാൻ ചോദിച്ചത് ഇവളോടാണ് അപ്പൊ ഉത്തരവും ഇവൾ തന്നെ പറഞ്ഞാൽ മതി. എമിയിൽ നിന്ന് നോട്ടം മാറ്റാതെ അവൻ പറഞ്ഞു. Tell me. Why are you hiding your face from me?????

അവളോട് ഒന്നുകൂടി ചേർന്ന് നിന്നുകൊണ്ടവൻ ചോദിച്ചു. അവൾ മറുപടി ഒന്നും പറയാൻ കഴിയാതെ നിന്നുപോയി. ഇന്നലെ എന്റെ കയ്യിൽ കൊണ്ടുവന്ന് ലെറ്റർ തരുമ്പോൾ ഈ പേടിയില്ലായിരുന്നല്ലോ ഇപ്പൊ എവിടുന്നു വന്നു????? അതോ ഇനി ഞാനാ ലെറ്റർ പ്രിൻസിപ്പാളിനെ ഏൽപ്പിക്കണോ?????? എന്റെ പൊന്ന് സാറേ ഒരബദ്ധം പറ്റിപ്പോയതാണ്. ദൈവത്തെ ഓർത്ത് ഇതാരെയും അറിയിക്കരുത്. വീട്ടിൽ അറിഞ്ഞാൽ എന്നെ ഉടലോടെ കത്തിക്കും.......... നിവി ദയനീയമായി അവനെ നോക്കി പറഞ്ഞു. ഓഹ് അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ. ശരി ആരോടും പറയുന്നില്ല പക്ഷെ അത് തന്റെ കൂട്ടുകാരി എന്നോട് പറയണം അല്ലെങ്കിൽ ഞാനിതെല്ലാം എല്ലാവരെയും അറിയിക്കും എന്തേ വേണോ???????? അവൻ നിവിയെ നോക്കി പിരികം പൊക്കി. വേണ്ട സർ അവൾ പറയും. ഒന്ന് പറയെടി പുല്ലേ അല്ലെങ്കിൽ സീനാ........ നിവി പതിയെ അവൾക്ക് കേൾക്കാൻ പാകത്തിന് പറഞ്ഞു. അത് കേട്ടതും അവൾ തലയുയർത്തി അവനെ നോക്കി. മിഴികൾ തമ്മിൽ കൊരുത്തു. നാവ് കൊണ്ട് പറയാത്ത ഒരായിരം കാര്യങ്ങൾ അവരുടെ കണ്ണുകൾ തമ്മിൽ പങ്ക് വെച്ചു. ഹൃദയം ഒരേ താളത്തിൽ മിടിച്ചു.

അകന്നു നിൽക്കുന്ന അവളെ ഉടലോട് ചേർക്കാൻ മനസ്സ് വെമ്പി. എമി ഒന്നും പറയാതെ അവന്റെ മുന്നിലേക്ക് നിന്നു. ആം സോറി, ഒരു തമാശക്ക് വേണ്ടി ചെയ്തതാണ്. ഇതാരോടും പറഞ്ഞ് ഒരു സീൻ ക്രീയേറ്റ് ചെയ്യരുത്. Its a request. അവന്റെ മുഖത്തേക്ക് നോക്കിയവൾ പറഞ്ഞു. ശരി ഞാൻ പറയുന്നില്ല. പക്ഷെ ഇനിമേലിൽ ഈ പരിപാടിക്ക് നിൽക്കരുത്. മൂന്നെണ്ണത്തിനോടും കൂടിയാ പറയുന്നത്.......... അവൻ വാർണിങ് പോലെ പറഞ്ഞതും അവർ തലയാട്ടി. മ്മ്മ്..... പൊക്കോ......... അവൻ ഗൗരവത്തിൽ പറഞ്ഞതും റോണിയും നിവിയും പുറത്തേക്ക് നടക്കാനാഞ്ഞു. പക്ഷെ എമി അവരോടൊപ്പം പോവാതെ അവനെ തന്നെ നോക്കി അവിടെ നിന്നു. വാതിൽക്കലെത്തിയതും എമിയെ കൂടെ കാണാതെ അവർ തിരിഞ്ഞു നോക്കി. നിന്നിടത്ത് നിന്നനങ്ങാതെ അവനെ തന്നെ നോക്കി നിൽക്കുന്ന അവളെ കണ്ടതും ഇനിയെന്താ അവൾ ചെയ്യാൻ പോവുന്നത് എന്നറിയാൻ അവരവിടെ നിന്നു. മ്മ്മ്മ്..... എന്താ????? അവളുടെ നോട്ടം കണ്ടതും അവൻ ചോദിച്ചു. ഞങ്ങളെ മുന്നേ പരിചയമുണ്ടെന്ന് പ്രിൻസിയോട് പറഞ്ഞത് സത്യാണോ?????? അവന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവൾ ചോദിച്ചു. അത് കേട്ടതും അവൻ ഒരു നിമിഷം അവളെ തന്നെ നോക്കിനിന്നു. മ്മ്ഹ്ഹ്.........

ഇല്ലെന്നർത്ഥത്തിൽ അവൻ തലയാട്ടിയതും അവളുടെ കണ്ണുകളിൽ അത്രയും നേരം നിലനിന്ന തിളക്കം മങ്ങി. നിങ്ങളെ ഒന്നൊറ്റയ്ക്ക് ഇതുപോലെ കിട്ടാൻ വേണ്ടി ഒരു കള്ളം പറഞ്ഞതാ അല്ലാതെ എനിക്ക് നിങ്ങളെ മുന്നേ അറിയില്ല. അവന്റെ വായിൽ നിന്നത് കേൾക്കവേ അവളുടെ മുഖം മങ്ങി. വേദനയോടെ അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചവൾ നിരാശയോടെ തിരിഞ്ഞു നടന്നു. ഡീ പൊടികുപ്പീ.............. മുന്നോട്ട് രണ്ട് മൂന്നടി വെച്ചപ്പോഴാണ് പിന്നിൽ നിന്നവന്റെ ശബ്ദം കാതിൽ വന്ന് പതിക്കുന്നത്. വർഷങ്ങൾക്കിപ്പുറം ആ വിളി കേൾക്കവേ അവൾ ഞെട്ടലോടെ തിരിഞ്ഞു നോക്കി. എന്താ വിളിച്ചേ???????? കുസൃതി ചിരിയോടെ തന്നെ ഉറ്റുനോക്കുന്ന അവനോടായി വിശ്വാസം വരാതെ അവൾ ചോദിച്ചു. എന്തേ കേട്ടില്ലേ എന്റെ പൊടിക്കുപ്പി???? ചുണ്ടിലെ ചിരി മായ്ക്കാതെ അവൻ ചോദിച്ചു. അവൾ ഒന്നുരിയാടാൻ പോലുമാവാതെ അവനെ തന്നെ നോക്കി നിന്നുപോയി. അത് കണ്ടതും ചിരിയോടെ അവൻ അവൾക്കരികിലേക്ക് നടന്നടുത്തു. തന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ അരയിലൂടെ കയ്യിട്ടവൻ തന്നിലേക്ക് ചേർത്തു.

ഈ വിളി കേട്ടിട്ടും നിനക്കെന്നെ മനസ്സിലായില്ലേടി?????? അവളുടെ മിഴിയിലേക്ക് നോക്കിക്കൊണ്ടവൻ ചോദിച്ചു. അവന്റെ ചോദ്യമൊന്നും അവൾ കേട്ടിരുന്നില്ല കൺനിറയെ തന്റെ പ്രണയത്തെ കാണുകയായിരുന്നു. ശരി ഓർമിപ്പിക്കാൻ പറ്റുവോ എന്നൊന്ന് ഞാൻ നോക്കട്ടെ. കണ്ണുകളിൽ കുസൃതി നിറച്ചു കൊണ്ടവൻ പറഞ്ഞുകൊണ്ട് അവളിലേക്ക് കുനിഞ്ഞടുത്തു. വലങ്കയ്യാൽ പിൻകഴുത്തിൽ പിടിച്ചവളെ തന്നിലേക്കടുപ്പിച്ച് അവളുടെ ഇടം കഴുത്തിൽ അവൻ പല്ലുകൾ ആഴ്ത്തി. സുഖമുള്ള ആ നോവിൽ അവളുടെ കണ്ണുകൾ അടഞ്ഞു. അൽപ്പനേരം കഴിഞ്ഞതും അവൻ പല്ലുകൾ പിൻവലിച്ച് അവൻ കടിച്ച ഭാഗത്ത്‌ ചുണ്ടമർത്തി അവളെ തന്നിൽ നിന്ന് മോചിപ്പിച്ചു. Your Dracula is back........ കണ്ണടച്ച് നിൽക്കുന്ന അവളുടെ കാതിൽ മെല്ലെ പറഞ്ഞുകൊണ്ട് കവിളിൽ ഒന്ന് ചുംബിച്ച് കള്ള ചിരിയോടെ സൈറ്റടിച്ച് പുറത്തേക്ക് നടന്നു. വാതിൽക്കൽ പകപ്പോടെ കണ്ണ് മിഴിച്ചു താഴെ വീഴാതിരിക്കാൻ ഡോറിൽ ചാരി നിൽക്കുന്ന നിവിയെയും നിറചിരിയോടെ നിൽക്കുന്ന റോണിയെയും നോക്കി കണ്ണ് ചിമ്മി കാണിച്ചവൻ പുറത്തേക്കിറങ്ങി....... തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story