ഹൃദയതാളമായ്: ഭാഗം 91

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഏട്ടത്തീ... അമ്മച്ചീ... പോയിട്ട് വരാവേ. സാറായെ ഒന്ന് കെട്ടിപ്പിടിച്ച് റിയയുടെ വീർത്ത വയറിൽ ഒന്ന് ചുംബിച്ച് നിവർന്ന് നിന്നുകൊണ്ടവൾ പറഞ്ഞു. യാത്ര പറച്ചിൽ കേട്ടാൽ തോന്നും ഗൾഫിലേക്ക് പോവാണെന്ന്. ഒഞ്ഞു പോയെടീ എന്റെ ചെക്കൻ പുറത്ത് പോസ്റ്റായി നിൽപ്പുണ്ടാവും. സോഫയിൽ ഇരുന്ന ആൽവിച്ചൻ പറയുന്നത് കേട്ടവൾ അവനെ കൂർപ്പിച്ച് നോക്കി. ഇതിന് മറുപടി തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. ഇപ്പൊ അതിനുള്ള ടൈം ഇല്ലാത്തത് കൊണ്ട് തന്റെ കേസ് എമി അവധിക്ക് വെച്ചിരിക്കുന്നു. പോയിട്ട് വരാം ഡാഡീസ് ഗ്രേറ്റ്‌ വാഴേ. പറയുന്നതിനൊപ്പം അവന്റെ തലയിൽ ഒരു തട്ടും കൊടുത്തവൾ പുറത്തേക്ക് ഓടി. അവളുടെ കുറുമ്പ് നിറഞ്ഞ സംസാരം കേട്ടവൻ ചിരിയോടെ അവൾ ഓടിയ വഴിയേ നോക്കി ഇരുന്നു. ചെരുപ്പും ഇട്ട് തുള്ളി കളിച്ച് സ്റ്റെപ്പ് ഇറങ്ങുന്ന അവളെ കണ്ടതും അച്ചു ഗൗരവത്തോടെ കൈ പിണച്ചു വെച്ച് ബുള്ളറ്റിൽ ചാരി നിന്നു. പോവാം.......

തോളിൽ കിടന്ന സൈഡ് ബാഗ് ശരിയാക്കി ഇട്ടവൾ അവന്റെ മുഖത്തേക്ക് നോക്കി. തന്റെ മുഖത്തേക്ക് ഉറ്റുനോക്കി നിൽക്കുന്ന അവനെ കണ്ടതും അവളുടെ നെറ്റി ചുളിഞ്ഞു. മ്മ്മ്മ്?????? സംശയ ഭാവത്തിൽ അവൾ ഒറ്റ പിരികം പൊക്കി. ഒരു അഭിനയ കുലപതിയെ ഇതുപോലെ ആദ്യയായിട്ടാ നേരിൽ കാണുന്നത് അതുകൊണ്ട് നോക്കി നിന്നുപോയതാണേ..... ഒരു താളത്തിൽ അവൻ പറഞ്ഞതും അതിന്റെ അർത്ഥം മനസ്സിലായത് പോലെ അവൾ ഇളിച്ചു. അകത്ത് എന്തായിരുന്നു???? വിളമ്പി കൊടുക്കുന്നു ഇടം കണ്ണിട്ട് നോക്കുന്നു ചിരിക്കുന്നു. വാരി അണ്ണാക്കിൽ കൂടി വെച്ചു കൊടുത്തൂടായിരുന്നോ????? പുച്ഛ ഭാവത്തിൽ അവൻ ചോദിച്ചു. മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ അവൾ വീണ്ടും ഒരു ഇളി പാസ്സാക്കി നിന്നു. ഇങ്ങനെ മദർ തെരേസ കളിച്ചാൽ അവൾ നന്നാവും എന്ന് കരുതിയാണോ ഈ ഭൂലോക മണ്ടത്തരം കാണിച്ചു കൂട്ടുന്നത്????? പരിഹാസത്തോടെ ചോദിച്ചവൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

അല്ലേയല്ല. അവളെ നന്നാക്കാൻ ഞാൻ സ്നേഹം കാണിച്ചതുകൊണ്ട് കാര്യമില്ല എന്നെനിക്ക് മറ്റാരേക്കാൾ നന്നായി അറിയാം. അടിക്ക് തിരിച്ചടി അതാ അവൾക്ക് ചേരുന്നത്. പിന്നെ ഇന്ന് നടന്നത് ചെറിയ ഒരു പരീക്ഷണം ആണ്. പരീക്ഷണമോ?????? അച്ചു അന്തംവിട്ട് അവളെ നോക്കി. ആന്നെ. ഇവളുടെ കയ്യിലിരുപ്പ് അനുസരിച്ച് ഒരു ദിവസം വല്ല വിമ്മും കലക്കി കൊടുക്കാൻ എങ്ങാനും എനിക്ക് തോന്നിയാൽ അവൾ എന്റെ കയ്യിൽ നിന്ന് വാങ്ങി കഴിക്കുമോ എന്ന് ഒന്ന് ഉറപ്പ് വരുത്തണ്ടേ അതിനാ ഞാൻ ഇന്ന് ബ്രേക്ക്‌ഫാസ്റ്റ് വിളമ്പി കൊടുത്തത്. ഇപ്പൊ മനസ്സിലായി അവൾ ഞാൻ കൊടുത്താൽ കഴിക്കും എന്ന്. എനിക്കത് മതി ഇനി ഞാൻ ഒരു കലക്ക് കലക്കും എന്റെ ഡ്രാക്കൂ...... ആവേശത്തോടെ അവൾ പറയുന്നത് കേട്ടവൻ ചിരിച്ചു പോയി. ഇങ്ങനെ എന്തെങ്കിലും കുനഷ്ട് മനസ്സിൽ കരുതി ആയിരിക്കും പെണ്ണ് അമ്മാതിരി പ്രകടനം നടത്തിയത് എന്നവന് അറിയാമായിരുന്നു.

കലക്കി കലക്കി അവസാനം എനിക്ക് പേരിന് പറയാൻ ആകെയുള്ള ആ പെങ്ങളെ ഇല്ലാതെ ആക്കരുത്. അപേക്ഷയാണ്.... കയ്യടിച്ച് തൊഴുതവൻ പറഞ്ഞു നിർത്തി. ഞാൻ അങ്ങനെ ചെയ്യോ???? കുസൃതിയോടെ കണ്ണിറുക്കി അവൾ നിന്നു. നീയായത് കൊണ്ടാ പറഞ്ഞത്. നിന്റെ സ്വഭാവത്തിന് അവൾ പെട്ടിയിൽ കയറേണ്ട സമയം കഴിഞ്ഞു അതുകൊണ്ട് പറഞ്ഞതാണേ. അവൻ പറഞ്ഞു കഴിഞ്ഞതും അവൾ മെല്ലെ അവന്റെ കയ്യിൽ ഒന്ന് നുള്ളി. മതി എന്നെ ഇട്ട് വാരിയത്. പോവണ്ടേ???? തിടുക്കത്തോടെ അവൾ പറയുന്നത് കേട്ടവൻ ഒന്ന് തലയാട്ടി ഹെൽമെറ്റ്‌ എടുത്ത് അവൾക്ക് നേരെ നീട്ടി. അത് വാങ്ങി വെച്ച് അവന് പിറകിൽ കയറി ഇരുന്നു അവനെ ചുറ്റിപ്പിടിച്ചു. ഇരുന്നല്ലോ അല്ലെ????? വയറിൽ ചുറ്റിയിരുന്ന അവളുടെ കൈകൾക്ക് മീതെ കൈ ചേർത്തവൻ ഒരു ഉറപ്പ് എന്ന പോലെ ചോദിച്ചു. ആഹ് എടുത്തോ..... അവനിലേക്ക് ഒന്നുകൂടി ചേർന്ന് ഇരുന്നവൾ പറഞ്ഞതും അവൻ വണ്ടി മുന്നോട്ട് എടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നിവിയുടെ വീടിന്റെ ഗേറ്റിന് മുന്നിൽ വണ്ടി നിന്നതും അവൾ ഹെൽമെറ്റ്‌ അഴിച്ച് കയ്യിൽ പിടിച്ച് പറന്നു കിടന്ന മുടിയിഴകൾ കാതിന് പുറകിലേക്ക് ഒതുക്കി വെച്ച് വണ്ടിയിൽ നിന്നിറങ്ങി. ഇങ്ങനെ ഒരുനിമിഷം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അതുകൊണ്ട് തന്നെ അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. നിറഞ്ഞ ചിരിയോടെ അവൾ ബൈക്കിന്റെ ഹാൻഡിലിന് മീതെ ഇരുന്ന അവന്റെ കയ്യിൽ അമർത്തി പിടിച്ചു. അവളുടെ നിറഞ്ഞ പുഞ്ചിരി മനസ്സിലേക്ക് പതിപ്പിച്ച് അവൻ അവളെ നോക്കി കണ്ണ് ചിമ്മി. ഞാൻ വൈകിട്ട് വരാം. അതുവരെ എന്റെ കൊച്ച് പോയി എൻജോയ് ചെയ്തോ. മെല്ലെ അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് തട്ടി അവൻ പറഞ്ഞു. വരുവല്ലോ അല്ലെ??? മറക്കില്ലല്ലോ???? സംശയത്തോടെ അവൾ ചോദിക്കുന്നത് കേട്ടവൻ ചുറ്റിനും ഒന്ന് കണ്ണുകൾ പായിച്ച് അവളെ വലിച്ച് അടുപ്പിച്ച് കവിളിൽ അമർത്തി ചുംബിച്ചു. ഉറപ്പായും വരും. പ്രോമിസ്.....

പറയുന്നതിനൊപ്പം മെല്ലെ അവളിലെ പിടി അയച്ചു. അകത്തേക്ക് ചെല്ല്. വീട്ടിലേക്ക് കണ്ണുകൾ കാണിച്ചവൻ പറഞ്ഞതും അവൾ അനുസരണയോടെ തലയാട്ടി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. സിറ്റ് ഔട്ടിലേക്ക് കയറി അവൾ കാളിങ് ബെല്ലിൽ വിരൽ അമർത്തിയ ശേഷം ഒന്ന് പിന്തിരിഞ്ഞു നോക്കി. തന്നെയും നോക്കി വണ്ടിയിൽ ഇരിക്കുന്ന അച്ചുവിനെ കണ്ടതും അവൾ അവന് നേരെ കൈവീശി കാണിച്ചു. തിരികെ കൈവീശി ആരോ ഡോർ തുറക്കുന്നത് കണ്ടതും അവൻ മെല്ലെ വണ്ടി മുന്നോട്ടെടുത്തു. ആഹാ.... ഇതാര് എമികുട്ടിയോ???? മോൾ വരുന്ന കാര്യം അവൾ പറഞ്ഞേ ഇല്ലല്ലോ..... അതിശഭാവത്തിലുള്ള ആ സ്ത്രീ ശബ്ദം കേൾക്കുമ്പോഴാണ് അവൾ അച്ചു പോയ വഴിയിൽ നിന്ന് കണ്ണുകൾ എടുക്കുന്നത്. മുന്നിൽ വാത്സല്യം നിറഞ്ഞ പുഞ്ചിരി തൂകി നിൽക്കുന്ന നിവിയുടെ അമ്മ മായയെ കണ്ടതും അവളുടെ മുഖം വിടർന്നു. ഞാനൊരു സർപ്രൈസ് തന്നതല്ലേ എന്റെ മായമ്മോ?????

കൊഞ്ചലോടെ അവരുടെ കവിളിൽ പിടിച്ചു വലിച്ചവൾ പുഞ്ചിരിച്ചു. ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല. ആ പാവം ചെക്കൻ ഈ കുരുത്തംകെട്ടതിനെ എങ്ങനെ സഹിക്കുന്നോ ആവോ???? അവളുടെ തലക്ക് ഒന്ന് കിഴുക്കി അവർ പറയുന്നത് കേട്ടവൾ മുഖം വീർപ്പിച്ചു നിന്നു. ഹാ.... പിണങ്ങല്ലേ പൊന്നേ. എവിടെ എന്റെ കുട്ടിയുടെ ഇച്ചായൻ???? അവളെ ചേർത്ത് പിടിച്ചവർ തിരക്കി. ഇച്ചയാൻ സ്റ്റേഷനിൽ പോയി മായമ്മേ. ഇവിടെ ഒന്ന് കയറാതെ പോയി കളഞ്ഞോ????? പരിഭവത്താൽ അവരുടെ മുഖം വാടി. എന്നെ ഇവിടെ ആക്കാൻ ഉള്ളത് കൊണ്ട് താമസിച്ചു പോയി. വൈകിട്ട് കൂട്ടാൻ വരുമ്പൊ ഇവിടെ കയറിയിട്ടേ പോവൂ. അവരെ ആശ്വസിപ്പിച്ചവൾ പറഞ്ഞു. അപ്പൊ മോൾ വൈകിട്ട് പോകുവോ???? പിന്നല്ലാതെ. ഞാനിപ്പൊ ഒരു കുടുംബിനി ആയി പോയില്ലേ????? ഇല്ലാത്ത എക്സ്പ്രഷൻ എല്ലാം മുഖത്ത് വാരി വിതറി അവൾ പറഞ്ഞു. ഉവ്വുവ്വേ.....

കെട്ട് കഴിഞ്ഞപ്പോൾ കെട്ട്യോനെ പിരിഞ്ഞിരിക്കാൻ വയ്യാത്ത ഭാര്യയുടെ കഥയൊക്കെ ഞങ്ങൾ അറിഞ്ഞതാണേ. കളിയാക്കി ചിരിയോടെ അവർ പറയുന്നത് കേട്ടതും അവൾ ചമ്മിയ ചിരി ചിരിച്ചു. അവളുടെ മുഖത്തെ നാണവും ചടപ്പും കണ്ടവർ ചിരിച്ചു പോയി. പതിയെ കൈ ഉയർത്തി അവർ അവളുടെ തലയിൽ തഴുകി. സന്തോഷമായി മോളെ. നിന്റെ ഈ മുഖം കാണുമ്പോൾ തന്നെ മനസ്സിലാവുന്നുണ്ട് എന്റെ കുട്ടി ഇന്ന് എത്രത്തോളം സന്തോഷവതി ആണെന്ന്. ഒരുപാട് നാളത്തെ പരിചയം ഒന്നും ഇല്ലെങ്കിലും നിവിയുടെ വാക്കുകളിലൂടെ അറിഞ്ഞ അവളുടെ കൂട്ടുകാരി കുറുമ്പി പെണ്ണിനോട് വല്ലാത്തൊരു സ്നേഹം ആയിരുന്നു. നിവിക്കൊപ്പം ഈ വീട്ടിൽ അധികാരത്തോടെ കടന്നു വന്ന് ഞങ്ങളുടെ മനസ്സിൽ ഇടം പിടിച്ചതാണ് നീയും റോണിയും. കണ്ട അന്ന് തുടങ്ങി സ്വന്തം മക്കളെ പോലെയേ കണ്ടിട്ടുള്ളൂ. അതുകൊണ്ട് ആയിരിക്കും ഇന്ന് ഈ കണ്ണുകളിലെ തിളക്കം കാണുമ്പോൾ മനസ്സ് നിറഞ്ഞു പോകുവാ.

ഒരു കല്യാണം കഴിച്ച ഏതൊരു പെണ്ണിന്റെയും മുഖത്തെ നിറഞ്ഞ പുഞ്ചിരിക്ക് കാരണം ഒന്നേ ഉള്ളൂ സ്നേഹവും സംരക്ഷണവും ഏകുന്ന ഒരു ഭർത്താവ്. അച്ചുവിന്റെ കൂടെ നീയെന്നും ഹാപ്പി ആയിരിക്കും എന്ന് തെളിയിക്കാൻ ഈ പുഞ്ചിരി തന്നെ ധാരാളം. അവളെ ചേർത്ത് പിടിച്ച് കവിളിൽ തഴുകി അവർ പറഞ്ഞതും അവളുടെ മുഖത്തെ പുഞ്ചിരിക്ക് ശോഭ ഏറെ ആയിരുന്നു. ഞാൻ മാത്രമല്ല മായമ്മയുടെ മോളും അപ്പുവേട്ടന്റെ കൂടെ ലൈഫ് ലോങ്ങ്‌ ഹാപ്പി ആയിരിക്കും. ആ കാര്യത്തിൽ ഞാൻ ഗ്യാരന്റി. പറയുന്നതിനൊപ്പം അവൾ അവരുടെ കയ്യിൽ അമർത്തി പിടിച്ചു. ഒരു ഉറപ്പെന്നപോൽ. ഒന്ന് പതിയെ പറ എന്റെ പെണ്ണേ. അവൾ എങ്ങാനും കേട്ടോണ്ട് വന്നാൽ ഇന്നത്തോടെ എല്ലാം പൊളിയും. അകത്തേക്ക് ഒന്ന് നോക്കി അവൾക്ക് നേരെ കണ്ണുരുട്ടി പറഞ്ഞതും അവൾ അബദ്ധം പിണഞ്ഞത് പോലെ നാക്ക് കടിച്ചു. നാളെത്തെ കാര്യം അവൾക്ക് സംശയം ഒന്നും ഇല്ലല്ലോ അല്ലെ?????

ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ശബ്ദം താഴ്ത്തി അവൾ ചോദിച്ചു. അതില്ല. ഇനി ഉദയേട്ടൻ ഓവർ ആക്ട് ചെയ്ത് കുളമാക്കാതെ ഇരുന്നാൽ മതി. എന്തോ ഓർത്തെന്നത് പോലെ അവർ പറഞ്ഞതും അവൾ ചിരിച്ചു. മായമ്മ അതോർത്ത് പേടിക്കണ്ട. അതൊക്കെ ഉദയച്ഛൻ ഹാൻഡിൽ ചെയ്തോളും. അവൾ എവിടെ കണ്ടില്ലല്ലോ???? അകത്തേക്ക് കണ്ണുകൾ ഓടിച്ചവൾ ചോദിച്ചു. റോണിയും മരിയമോളും വന്നിട്ടുണ്ട്. മൂന്നും കൂടി മുകളിൽ ഇരുന്ന് തള്ളുവാ. മോൾ അങ്ങോട്ട് പൊക്കോ ഞാൻ കുടിക്കാൻ എടുത്തോണ്ട് വരാം. അവളെയും ചേർത്ത് പിടിച്ച് അകത്തേക്ക് കയറുന്നതിനിടയിൽ അവർ പറഞ്ഞു. അല്ല ഉദയച്ഛൻ ഇല്ലേ ഇവിടെ????? കയ്യിൽ ഇരുന്ന ഹെൽമെറ്റ്‌ ടേബിളിൽ വെച്ചവൾ അന്വേഷിച്ചു. ഇല്ല മോളെ. നാളത്തെ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ഒക്കെ നടത്തണ്ടേ???? പണ്ട് ഒളിച്ചോടി കല്യാണം കഴിച്ചത് കൊണ്ട് ഞങ്ങൾക്ക് പറയത്തക്ക ബന്ധുക്കൾ ആരും ഇല്ലല്ലോ അതുകൊണ്ട് ഉദയേട്ടൻ തന്നെ എല്ലാത്തിനും ഓടണം.

അവർ നെടുവീർപ്പോടെ പറഞ്ഞു നിർത്തി. മോൾ അങ്ങോട്ട് ചെല്ല്..... നീയില്ലാത്തത് കൊണ്ട് ഒരു സുഖമില്ല എന്ന് പറഞ്ഞ് ചടഞ്ഞു കൂടി ഇരുപ്പാണ് മൂന്നെണ്ണവും. അത് കേട്ടതും അവളുടെ മുഖത്ത് കുസൃതി നിറഞ്ഞു. ഒരു കള്ളചിരിയോടെ അവൾ മുകളിലേക്കുള്ള പടികൾ ഓടി കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നിവിയുടെ മുറിക്ക് മുന്നിൽ എത്തിയതും അവൾ ഒന്ന് നിന്നു. പതിയെ ചാരിയിട്ട ഡോറിന്റെ വിടവിലൂടെ അകത്തേക്ക് നോക്കി. നിവിയും മറിയാമ്മയും ബെഡിന്റെ രണ്ട് മൂലയിൽ ഇരിപ്പുണ്ട്. രണ്ടിന്റെയും മുഖത്ത് തന്നെ നല്ല ശോക ഭാവം ആണ്. റോണിയുടെ അവസ്ഥയും മറിച്ചല്ല. മറിയാമ്മയുടെ മടിയിൽ തല വെച്ച് കാല് നിവിയുടെ മടിയിൽ ഇരിക്കുന്ന പില്ലോയിൽ കയറ്റി വെച്ചിരിക്കുവാണ്. എമി ഇല്ലാഞ്ഞിട്ട് ഒരു സുഖവുമില്ല അല്ലേടാ????? നിവിയുടെ സ്വരത്തിൽ നിരാശ കലർന്നിരുന്നു. റോണി മറുപടി ഒന്നും പറയാതെ നെടുവീർപ്പിട്ടു. എങ്കിലും അവന്റെ മുഖത്തും ദുഃഖം നിറഞ്ഞിരുന്നു.

വല്യ കാര്യത്തിന് അടിച്ചു പൊളിക്കാം എന്നൊക്കെ വിചാരിച്ച് വന്നതാ. പക്ഷെ എമി ചേച്ചി ഇല്ലാഞ്ഞിട്ട് എന്തോ ഭയങ്കര മിസ്സിംഗ്‌ തോന്നുന്നു. മറിയാമ്മയും അവളുടെ നിരാശ മറച്ചു വെച്ചില്ല. അവൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ത് രസം ആയിരുന്നേനെ അല്ലെ???? നിവിയുടെ ചോദ്യത്തിന് അവർ ഇരുവരും ഒരുപോലെ തലയാട്ടി. ഇതെല്ലാം ഒളിഞ്ഞു നിന്ന് കേട്ട എമിയുടെ മനസ്സ് നിറഞ്ഞു. എന്തെന്നില്ലാത്ത സന്തോഷം അവളിൽ നിറഞ്ഞു. അതിന്റെ ഫലമായി ചുണ്ടിൽ നനുത്ത ഒരു പുഞ്ചിരി വിടർന്നു. അല്ലെങ്കിലും ഫ്രണ്ട്സ് അങ്ങനെയാണല്ലോ കൂട്ടത്തിൽ ഒരാൾ ഇല്ലെങ്കിൽ അന്നത്തെ ദിവസം മുഴുവൻ അത് ഒരു വിടവ് തന്നെ ആയിരിക്കും. അവൾ മെല്ലെ ബാഗിൽ നിന്ന് ഫോണെടുത്ത് നിവിയുടെ നമ്പറിലേക്ക് വിളിച്ച് ശബ്ദം കേൾക്കാതിരിക്കാൻ അവിടെ നിന്ന് മാറി നിന്നു. നിവി ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടതും താല്പര്യമില്ലാതെ കൈനീട്ടി ടേബിളിൽ ഇരുന്ന ഫോണെടുത്ത് കയ്യിൽ പിടിച്ചു. ദേടാ..... അവൾ വിളിക്കുന്നു.....

സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന എമിയുടെ കോക്കിരി കാണിക്കുന്ന ഫോട്ടോ ഉയർത്തി കാട്ടി അവൾ പറഞ്ഞു. എടുക്ക് എടുക്ക്.... പിന്നെ ഒരു കാര്യം. അവൾ ഇല്ലാതെ നമ്മൾ ഇവിടെ ഹാപ്പി ആയിട്ട് ആഘോഷിക്കുവാണ് എന്ന രീതിയിൽ വേണം സംസാരിക്കാൻ. അങ്ങനെ ഇപ്പൊ അവൾ അവിടെ ഇരുന്ന് സുഹിക്കണ്ട. മറിയാമ്മയുടെ മടിയിൽ നിന്നവൻ തല പൊക്കി പറഞ്ഞു. ഡൺ...... ഞാൻ സ്പീക്കർ ഫോണിൽ ഇടാം. പറയുന്നതിനൊപ്പം അവൾ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിൽ ഇട്ടു. ഹലോ........ കാൾ എടുത്ത ഉടൻ മറുതലയ്ക്കൽ അവളുടെ ശബ്ദം ഉയർന്നു. ഹലോ........ എന്താടീ ഫോൺ എടുക്കാൻ ഇത്രയും നേരം താമസിച്ചത്???? എമിയുടെ ചോദ്യം കേട്ടതും അവർ മൂന്നുപേരും ഗൂഢമായി പുഞ്ചിരിച്ചു. ഓഹ് അതോ???? ഞങ്ങൾ കേട്ടില്ലെടീ. ഇവിടെ ഞങ്ങൾ എല്ലാവരും കൂടി കളിയും ചിരിയും ഒക്കെയായിട്ട് ഭയങ്കര ബഹളം ആയിരുന്നേ അതുകൊണ്ട് ഫോൺ അടിച്ചത് ഒന്നും അറിഞ്ഞില്ല.

നിവി തള്ളി മറിക്കുവാണ്. ഓഹോ.... എന്നിട്ട് അവിടെ ശബ്ദം ഒന്നും കേൾക്കാനില്ലല്ലോ????? എമി തികട്ടി വന്ന ചിരി അടക്കി ചോദിച്ചു. അത്.....അത്.... നീ വിളിച്ചപ്പോൾ ഞങ്ങളുടെ ഫ്ലോ അങ്ങ് പോയി. ഒന്ന് പതറി എങ്കിലും അവൾ പറഞ്ഞൊപ്പിച്ചു. ഓഹോ????? ആഹാ...... അതേ ട്യൂണിൽ അവൾ തിരിച്ചടിച്ചു. സത്യം പറയാല്ലോ നിന്റെ അവസ്ഥ ഓർത്ത് ഞങ്ങൾക്ക് നല്ല വിഷമം ഉണ്ട് ഇതുപോലെ ഒന്ന് അടിച്ചു പൊളിക്കാൻ ഒന്നും നിന്നെക്കൊണ്ട് ആവുന്നില്ലല്ലോ??? സാരമില്ല മോളെ നീ ഇപ്പൊ ഉത്തമ കുടുംബിനി ആയിപ്പോയില്ലേ?????? നിവി ഒന്ന് നെടുവീർപ്പിട്ട് പറഞ്ഞു നിർത്തി. അത് കേട്ടതും എമി ഒരു ചിരിയോടെ ഡോറിന് അരികിലേക്ക് നടന്നു. ഇവിടെ എന്തായാലും നീ ഇല്ലാത്തതിന്റെ കുറവ് ഒന്നും ഇല്ലേയില്ല. ഞങ്ങൾ മൂന്നുപേരും അടിച്ചു പൊളിച്ച് തകർക്കുവാണ്. നിവി വീണ്ടും പറഞ്ഞു കൊണ്ടിരുന്നു. ആണോ???? ഞാൻ ഇല്ലാത്തതിന്റെ ഒരു കുറവും അവിടെ ഇല്ലേ?????

ഇച്ചിരി വിഷമം ഫിറ്റ്‌ ചെയ്തവൾ ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് ചോദിച്ച് ഡോറിന് മുന്നിൽ വന്നു നിന്നു. പിന്നേ കോപ്പാണ്..... നീ ഇല്ലാത്തത് കൊണ്ട് ആകെ ഒരു മനസമാധാനം ഉണ്ടെന്ന് തന്നെ പറയാം. അത്യാവശ്യം പുച്ഛം വാരി വിതറി അവൾ പറഞ്ഞു. എന്നിട്ടാണ് മൂന്നും കൂടി മരണവീട് പോലെ ഇവിടെ ചടഞ്ഞ് കൂടി ഇരിക്കുന്നത്. അത് കേട്ടതും മൂന്നും ഞെട്ടി. അവളുടെ വാക്കുകൾ അല്ല മറിച്ച് ഫോണിലൂടെ അല്ല അവളുടെ ശബ്ദം എത്തിയത് എന്ന് തിരിച്ചറിവാണ് അവരിൽ ആ ഞെട്ടൽ ഉളവാക്കിയത്. പകപ്പോടെ തല ചരിച്ച് ശബ്ദത്തിന്റെ ഉറവിടം തിരഞ്ഞതും വാതിൽപ്പടിയിൽ ചാരി ഇടുപ്പിൽ കൈ കുത്തി നിർത്തി കുസൃതി ചിരിയോടെ നിൽക്കുന്ന എമിയെ കണ്ടതും നിവിയും മറിയാമ്മയും അറിയാതെ തന്നെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്നുപോയി. എന്റെ അമ്മച്ചീ......... ദയനീയമായ ആ നിലവിളി കേൾക്കുമ്പോഴാണ് അവർ താഴേക്ക് നോക്കുന്നത്. അവിടെ കണ്ട കാഴ്ച ആകട്ടെ ഭൂമിയെ പ്രണമിച്ച് കിടക്കുന്ന റോണിയെയും. അവന്റെ കിടപ്പ് കണ്ടാണ് അവർ റെവൈൻഡ് അടിച്ചു ചിന്തിക്കുന്നത്.

എമിയെ കണ്ട ഞെട്ടലിൽ അവർ ബെഡിൽ നിന്ന് കിളി പോയ കൂട്ട് എഴുനേൽക്കുന്നു അവരുടെ മടിയിൽ തലയും കാലും വെച്ച് കിടക്കുന്ന റോണി അതാ താഴെ നിലംപതിക്കുന്നു. നിന്ന് സ്വപ്നം കാണാതെ എന്നെ പിടിച്ച് എഴുന്നേൽപ്പിക്കെടി മറുതകളെ........ റോണി താഴെ കിടന്ന് ശബ്ദം ഉയർത്തിയതും എമി ഓടി വന്നവനെ എഴുന്നേൽപ്പിക്കാൻ തുടങ്ങി. അത് കണ്ട് ബോധം വന്നതും നിവിയും മറിയാമ്മയും അവൾക്കൊപ്പം കൂടി അവനെ പൊക്കി എഴുന്നേൽപ്പിച്ചു. അവൻ മര്യാദക്ക് നിന്നതും മൂന്നും അവനിലെ പിടി വിട്ട് അവനെ നോക്കി നിന്നു. വന്ന് കാല് കുത്തിയില്ല അപ്പോഴേക്കും എന്റെ നടു ഒടിച്ചു. നല്ല ബെസ്റ്റ് ശകുനം. റോണി എമിയെ ഒന്ന് ഇരുത്തി നോക്കി. അതിന് അവൾ നന്നായിട്ട് ഒന്ന് ഇളിച്ചു കാണിച്ചു. അല്ല ചേച്ചി വരുന്നില്ല എന്ന് പറഞ്ഞിട്ട്???? മറിയാമ്മ സംശയത്തോടെ അവളോട് ചോദിച്ചു. അത് കേട്ടതും നിവിയും റോണിയും അതേ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

എന്റെ ചങ്കിന്റെ വീട്ടിൽ ഒരു ഫങ്ക്ഷൻ നടക്കുമ്പോൾ എങ്ങനാ ഞാൻ വരാതെ ഇരിക്കുന്നത്???? ഒരു ചെറു ചിരിയോടെ കണ്ണിറുക്കി ആയിരുന്നു അവൾ ചോദിച്ചത്. അവളുടെ വാക്കുകൾ അവരിൽ ഒരു പുഞ്ചിരി വിടർത്തി. എന്ന് പറഞ്ഞ് ഇന്ന് മുഴുവൻ ഞാൻ ഇവിടെ നിക്കൂനൊന്നും പോണില്ല വൈകിട്ട് എന്റെ കെട്ട്യോൻ വരുമ്പൊ ഞാൻ അങ്ങ് പോവും. പിന്നെ നിങ്ങൾ മനസമാധാനമായി അടിച്ചു പൊളിച്ചോ. കുറുമ്പൊടെ അവൾ പറഞ്ഞതും നിവി മുഖം കൂർപ്പിച്ച് അവളുടെ കയ്യിൽ അടിച്ചു. പിന്നെ അവളെ ഇറുകെ പുണർന്നു. ആ കാഴ്ച നിറഞ്ഞ ചിരിയോടെ റോണിയും മറിയാമ്മയും നോക്കി നിന്നു. ഇനി നിന്നോടൊക്കെ പ്രത്യേകം പറയണമായിരുക്കും. വന്ന് കെട്ടിപ്പിടിക്കെടാ...... നിവിയും എമിയും ഒരുപോലെ കൈനീട്ടി പറഞ്ഞതും രണ്ടും കൂടി അവരിലേക്ക് ചേർന്ന്. സൗഹൃദത്തേക്കാൾ അപ്പോൾ അവിടെ നിറഞ്ഞത് സാഹോദര്യം ആയിരുന്നു. നിറഞ്ഞ ചിരിയോടെ പരസ്പരം പുണർന്ന് നിൽക്കുന്ന അവരെ കണ്ടതും ജ്യൂസുമായി അങ്ങോട്ട് വന്ന മായയുടെ മനസ്സും നിറഞ്ഞു. ചുണ്ടിൽ ഉതിർന്ന ചിരിയോടെ അവരാ കാഴ്ച ഏറെനേരം നോക്കി നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എമി വന്നതോടെ ഒടിഞ്ഞു തൂങ്ങി നിന്നിരുന്നവർ ആക്റ്റീവ് ആയി. പരസ്പരം കളിയാക്കിയും തല്ല് കൂടിയും സെൽഫി എടുത്തും കളിച്ചും ചിരിച്ചും മൊത്തത്തിൽ അവർ ആ മണിക്കൂറുകൾ ആഘോഷമാക്കി. അതിനിടയിൽ സല്ലപിക്കാൻ ശ്രമിച്ച റോണിക്കും മറിയാമ്മക്കും ഇടയിൽ കൃത്യമായി കട്ടുറുമ്പുകൾ ആയി നിവിയും എമിയും അവരുടെ എല്ലാ ശ്രമങ്ങളേയും പൊളിച്ചു കയ്യിൽ കൊടുത്തു. ദയനീയമായി നോക്കുന്ന റോണിയെ കളിയാക്കി ചിരിച്ച് ഫുഡ് അടിച്ചും അടുക്കളയിൽ ചെന്ന് മായയെ വെറുപ്പിച്ച് അവരുടെ കയ്യിൽ നിന്ന് കണക്കിന് തല്ല് വാങ്ങിയും അവർ സമയം തള്ളി നീക്കി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റോണി ഫോണിൽ ആരോടോ സംസാരിച്ച് സിറ്റ്ഔട്ടിലെ തൂണിൽ ചാരി നിൽക്കുമ്പോഴാണ് അച്ചുവിന്റെ ബുള്ളറ്റ് ഗേറ്റ് കടന്ന് അകത്തേക്ക് വരുന്നത്. മുറ്റത്ത് വണ്ടി നിർത്തി സ്റ്റാൻഡിൽ ഇട്ടവൻ ഇറങ്ങി ഹെൽമെറ്റ്‌ അഴിച്ച് വണ്ടിയിൽ തന്നെ വെച്ചു.

മുടി കൈകൊണ്ട് ഒതുക്കി യൂണിഫോമിൽ നടന്ന് വരുന്ന അച്ചൂനെ കണ്ടതും അവൻ കാൾ കട്ട്‌ ചെയ്തു. പോലീസുകാർക്ക് എന്താ ഈ വീട്ടിൽ കാര്യം????? തൂണിൽ കൈ കുത്തി നിന്നവൻ അച്ചുവിനെ നോക്കി പിരികം ഉയർത്തി. തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പെറുക്കാനൊന്നുമല്ല എന്റെ പെമ്പറന്നോത്തിയെ കൂട്ടിക്കൊണ്ട് പോവാൻ വന്നതാണെന്റെ അളിയാ. ഇട്ടിരുന്ന ബൂട്ട് ഊരിയിട്ട് അകത്തേക്ക് കയറുന്നതിനിടയിൽ അവൻ പറഞ്ഞു. താങ്കളുടെ പ്രോഡക്റ്റ് അകത്തുണ്ട്. വരണം മിസ്റ്റർ അഗസ്റ്റി ഐപിഎസ്..... അവന്റെ തോളിലൂടെ കയ്യിട്ട് റോണി പറഞ്ഞതും അവനൊപ്പം ഒരു ചിരിയോടെ അച്ചു അകത്തേക്ക് കയറി. റോണിക്കൊപ്പം വാതിൽ കടന്ന് ഹാളിൽ എത്തിയ അച്ചു കാണുന്നത് ഡൈനിങ്ങ് ടേബിളിൽ കയറിയിരുന്ന് അച്ചപ്പം തിന്നുന്ന എമിയെ ആണ്.

രണ്ട് കയ്യിലെ വിരലുകളിലും അച്ചപ്പത്തിന്റെ ഓരോ പീസ് വീതം ഉണ്ട്. നിവിയോടും മറിയാമ്മയോടും വായിട്ട് അലച്ച് ഓരോ വിരലിൽ കോർത്തു വെച്ചിരിക്കുന്ന അച്ചപ്പം കടിച്ച് തിന്നുന്ന തിരക്കിലാണവൾ. കുട്ടിത്തം നിറഞ്ഞ അവളുടെ പ്രവർത്തികൾ അവൻ ഒരു ചിരിയോടെ നോക്കി നിന്നു. പിന്നെ എന്തോ ഓർത്തെന്നത് പോലെ എമിയെ വിളിക്കാൻ ആഞ്ഞ റോണിയെ തടഞ്ഞുകൊണ്ട് പോക്കറ്റിൽ ഇരുന്ന ഫോൺ എടുത്ത് അവളുടെ ഓരോ ഭവങ്ങളും അവൻ ക്യാമറയിൽ ഒപ്പിയെടുത്തു. ഇതൊന്നും അറിയാതെ എമി അപ്പോഴും തള്ളി മറിക്കുന്ന തിരക്കിൽ ആയിരുന്നു......... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story