ഹൃദയതാളമായ്: ഭാഗം 94

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഫോൺ വിളി അവസാനിപ്പിച്ച് തിരിയുമ്പോൾ കാണുന്നത് ഇടുപ്പിൽ കൈകുത്തി നിന്ന് തന്നെ കൂർപ്പിച്ച് നോക്കുന്ന എമിയെയാണ്. മ്മ്മ്?????? ചോദ്യ ഭാവത്തിൽ അവൻ പിരികക്കൊടികൾ ഉയർത്തി. അപ്പൊ വീട്ടുകാർ സമ്മതിച്ചില്ലെങ്കിൽ എന്നെ തട്ടിക്കൊണ്ട് പോരാൻ ആയിരുന്നു പോലീസേമാന്റെ പ്ലാൻ അല്ലെ?????? കപടഗൗരവത്തിൽ കണ്ണുരുട്ടി പറയുന്ന അവളെ നോക്കി ഒന്ന് ചിരിച്ചു. നീ അങ്ങ് ചങ്കിൽ കയറി കൂടിയിരിക്കുവല്ലായിരുന്നോ അങ്ങനെ അങ്ങ് വേണ്ടാന്ന് വെക്കാൻ പറ്റുവോ???? അവളെ ചുറ്റിപ്പിടിച്ച് റെയിലിംഗിലേക്ക് ചാരി നിന്നു. എവിടെ???? ഇവിടെ ആണോ????? കുറുമ്പൊടെ നെഞ്ചിൽ ചൂണ്ടുവിരൽ കുത്തി അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി. മറുപടി ഒന്നും പറയാതെ അവൻ ഇടനെഞ്ചിലേക്ക് അവളുടെ മുഖം ചേർത്ത് വെച്ചു. കാതിലേക്ക് തുളഞ്ഞു കയറുന്ന അവന്റെ ഹൃദയതാളത്തിൽ നിന്ന് അവൾ തനിക്കുള്ള ഉത്തരം കണ്ടെത്തിയിരുന്നു. തണുത്ത കാറ്റ് അവരെ വന്ന് പൊതിഞ്ഞതും അവന്റെ നെഞ്ചിലെ ചൂടിലേക്ക് അവൾ ഒതുങ്ങി കൂടി. മതി ഇനി നിന്ന് തണുപ്പ് കൊള്ളണ്ട വാ കിടക്കാം. അവനത് പറഞ്ഞതും അവൾ മെല്ലെ അവനിൽ നിന്ന് അടർന്നു മാറി. മ്മ്മ്.... എടുത്തോ...... അവന് നേരെ രണ്ട് കയ്യും വിരിച്ച് നിന്നവൾ പറഞ്ഞു.

പുഞ്ചിരിയോടെ അവളെ കോരിയെടുത്ത് അകത്തേക്ക് നടക്കുമ്പോൾ കവിളിൽ പതിയുന്ന അവളുടെ ഓരോ ചുംബനങ്ങളും അവൻ പ്രണയത്തോടെ ആസ്വദിക്കുകയായിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പൂട്ടാ ഈ സാരി അമ്മയ്ക്ക് ചേരുന്നുണ്ടോടാ????? ലെമൺ യെല്ലോ കളറിൽ ഒരു സാരി ചുറ്റി ഒരുങ്ങി അവന് മുന്നിൽ വന്ന് നിന്ന് ഗീത ചോദിക്കുന്നത് കേട്ടവൻ പല്ല് കടിച്ചു. മകന് പ്രാണവേദന അപ്പോഴാ ഒരു ഫാഷൻ ഷോ എല്ലാം കൂടി എടുത്തിട്ട് കത്തിക്കും ഞാൻ..... അപ്പു എഴുന്നേറ്റ് നിന്ന് അലറി. നിനക്കെന്താടാ പ്രാന്തോ????? അതേ എനിക്ക് ഭ്രാന്താ..... ഓരോന്ന് ഓർത്ത് മനുഷ്യൻ ഭ്രാന്തെടുത്ത് ഇരിക്കുമ്പോഴാ....... എന്നെക്കൊണ്ട് കൂടുതൽ ഒന്നും പറയിക്കാതെ അമ്മ ഒന്നു പോയേ..... അവൻ മുഷ്ടി ചുരുട്ടി സോഫയിലേക്ക് ഇരുന്നു. ആ കൊച്ചിന് വീട്ടുകാർ വേറെ പെണ്ണ് ആലോചിച്ചതിന് നീയെന്തിനാടാ എന്റെ നേർക്ക് കുതിര കേറുന്നത്????? അമ്മ മിണ്ടരുത്.... അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാമെന്ന് ഒരായിരം തവണ ഞാൻ പറഞ്ഞതല്ലേ അപ്പൊ എന്തൊക്കെ ആയിരുന്നു പറഞ്ഞത്????

അവൾ പഠിക്കുവാണ് ഇപ്പൊ കല്യാണം ആലോചിച്ചു ചെന്നാൽ അവളുടെ വീട്ടുകാർ എന്ത് വിചാരിക്കും???? അവർക്ക് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലോ???? എന്നിട്ടിപ്പൊ എന്തായി???? അവൾക്ക് വീട്ടുകാർ വേറെ കല്യാണം ഉറപ്പിച്ചപ്പൊ സമാധാനം ആയല്ലോ???? ശെടാ.... ഇതിപ്പൊ ഞാനറിഞ്ഞോ അവർ ഈ ഗ്യാപ്പിൽ വേറെ കല്യാണം ഉറപ്പിക്കുമെന്ന്. ആഹ് നിങ്ങൾക്ക് ഒന്നും അറിയണ്ടല്ലോ???? അമ്മയാണത്രേ അമ്മ.... സ്വന്തം മകന് പ്രതീക്ഷ നൽകിയിട്ട് അവസാനം കാല് മാറുന്നൊരമ്മ. അപ്പു പുച്ഛത്തോടെ ചിറി കോട്ടി. കല്യാണം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ ഒരു എൻഗേജ്മെന്റ് അല്ലെ???? അത് മുടക്കാനാണോ പാട്. തിരിച്ച് അതേ പുച്ഛം എറിഞ്ഞവർ പറഞ്ഞു. മറുപടി ഒന്നും പറയാതെ അവൻ അവരെ ഒന്ന് തറപ്പിച്ചു നോക്കി. നീ ഒരുങ്ങുന്നില്ലേടാ????? സാരിയുടെ മുന്താണി നേരെ പിടിച്ചിട്ട് അവനെ നോക്കി. ഒരുങ്ങി കെട്ടി എങ്ങോട്ട് പോവാനാ????? നിവി മോൾടെ വീട്ടിൽ. അവരെല്ലാം വീട്ടിൽ വന്ന് വിളിച്ചത് നീ മറന്നോ???? നിഷ്കു മട്ടിൽ അവർ പറയുന്നത് കേട്ട് അവൻ പല്ല് ഞെരിച്ചു.

നീ ഇങ്ങനെ നിന്ന് പല്ല് കടിച്ചു പൊട്ടിക്കാതെടാ. സ്വന്തം കാമുകിയുടെ എൻഗേജ്മെന്റ് കൂടാൻ കഴിയുന്നതൊക്കെ ഒരു ഭാഗ്യം ആണെടാ. ഇപ്പൊ പൊട്ടും എന്ന കണക്കുള്ള അവന്റെ നിൽപ്പ് കണ്ട് ചിരി അടക്കി പിടിച്ച് അവർ പറഞ്ഞു. ആഞ്ജനേയസ്വാമീ..... മുഷ്ടി ചുരുട്ടി പല്ല് കടിച്ച് അവൻ ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. സോഫയിൽ കിടന്ന ഫോൺ ശബ്‌ദിച്ചതും വെപ്രാളപ്പെട്ടവൻ ഫോണിലേക്ക് നോക്കി. അച്ചു എന്ന് തെളിയുന്ന പേര് കണ്ടതും ധൃതിയിൽ കാൾ അറ്റൻഡ് ചെയ്തവൻ പുറത്തേക്കിറങ്ങി. എടാ..... എന്തായി???? നീ വല്ലതും പ്ലാൻ ചെയ്തോ?????? അച്ചുവിനെ ഒരു ഹലോ പോലും പറയാൻ അനുവദിക്കാതെ ഒറ്റ ശ്വാസത്തിൽ അവൻ ചോദിച്ചു. അതൊക്കെ ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്. എല്ലാം നേരിൽ കാണുമ്പൊ പറയാം. നീ ഗീതൂസിനെയും കൂട്ടി നിവിയുടെ വീട്ടിലേക്ക് പോര് ഞങ്ങൾ ഒരു അര മണിക്കൂറിനുള്ളിൽ ഇറങ്ങും. ഇങ്ങോട്ട് ഇനി വിളിക്കണ്ട ഞാൻ തിരക്കിലായിരിക്കും എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചു പറയാം. അത്രയും പറഞ്ഞു തീർന്നതും കാൾ കട്ട്‌ ആയതും ഒരുമിച്ചായിരുന്നു. എടാ അത്...... ഹലോ.... ഹലോ....... പുല്ല്..... തെണ്ടി വെച്ചിട്ടു പോയി. ചാരി നിന്ന തൂണിൽ അടിച്ചവൻ ദേഷ്യം തീർത്ത് അകത്തേക്ക് കയറി. ആരായിരുന്നു വിളിച്ചത്?????

ചവിട്ടി കുലുക്കിയുള്ള അവന്റെ വരവ് കണ്ട് ഗീത ചോദിച്ചു. അച്ചു ആയിരുന്നു. ഏതാണ്ട് വലിയ പ്ലാനിങ് ഒക്കെ ഒലത്താം എന്ന് പറഞ്ഞവനാ ഇപ്പൊ പറയുവാ അവളുടെ വീട്ടിലേക്ക് ചെല്ലാൻ. എന്താണ് പ്ലാൻ ചെയ്തു വെച്ചതെന്ന് ആ കോപ്പൻ ഒട്ട് പറയുന്നുവില്ല. അച്ചൂന് നിന്നെ പോലെയല്ല വിവരമുണ്ട്. ഒന്നുമില്ലേലും അവൻ നിന്നെക്കാൾ മുന്നേ പ്രേമിച്ച് അന്തസായി കെട്ടിയ എക്സ്പീരിയൻസ് ഉള്ളതല്ലേ അതുകൊണ്ട് അവൻ പറയുന്നത് അങ്ങോട്ട് കേൾക്ക്. ഗീത ശാന്തമായി പറഞ്ഞ് അവന്റെ തോളിൽ ഒന്ന് തട്ടി. ഇനി അതല്ലാതെ വേറെ വഴി ഒന്നുമില്ലല്ലോ????? അമർഷത്തോടെ അവൻ പറയുമ്പോഴും ഉള്ളിൽ അച്ചുവിന്റെ വാക്കുകളോടുള്ള വിശ്വാസം ആയിരുന്നു. മനസ്സ് അസ്വസ്ഥമാവുമ്പോഴും എല്ലാം നല്ലതായി തന്നെ അവസാനിക്കുമെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ. കണ്ണുകൾ ഇറുകെ അടച്ച് ഒരു ദീർഘനിശ്വാസം എടുത്തവൻ റൂമിലേക്ക് പോയി. എടാ നിനക്ക് ഇടാനുള്ളത് ഞാൻ അവിടെ തേച്ചു മടക്കി വെച്ചിട്ടുണ്ട് ഇനി അലമാരയിൽ ഇരിക്കുന്നതൊന്നും വലിച്ചു വാരി ഇട്ടേക്കരുത്.....

സ്റ്റെയർ കയറി പോവുന്ന അവനോടായി ഗീത വിളിച്ചു കൂവി. ഓഹ്..... വലിയ താല്പര്യമില്ലാതെ തിരിഞ്ഞു നോക്കാതെ തന്നെ അവൻ മൂളി. അവന്റെ പോക്ക് നോക്കി നിന്നതും അവരുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു. അന്നാദ്യമായി കണ്ണുകളിൽ നീർത്തിളക്കമില്ലാതെ നിറഞ്ഞ പുഞ്ചിരിയോടെ അവർ ചുവരിൽ തൂക്കി ഇട്ടിരുന്ന ഭർത്താവിന്റെ ചിത്രത്തിലേക്ക് നോക്കി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അപ്പുവിനോട് സംസാരിച്ച് ഒരു ചിരിയോടെ കാൾ അവസാനിപ്പിച്ച് മുന്നിലേക്ക് നോക്കുമ്പോൾ ഒരാൾ തകർത്ത് ഫോട്ടോ എടുപ്പാണ്. റോയൽ ബ്ലൂ കളർ ഗൗൺ ആണ് വേഷം. ഇരുന്നും ചരിഞ്ഞും നിന്നും ഒക്കെ സെൽഫി എടുക്കുന്നുണ്ട്. ഇടയ്ക്ക് ഡിങ്കനെ എടുത്ത് മടിയിൽ വെച്ച് അവനൊപ്പം ഡക്ക് ഫേസും പപ്പി ഫേസും ഒക്കെ വെച്ച് പോസ് ചെയ്യുന്നുണ്ട്. ഡ്രസ്സ്‌ എല്ലാം ഗീതൂസിന്റെ വക ആയിരുന്നു. രണ്ടുപേർക്കും മാച്ചിംഗ് ആയത് തന്നെ എടുത്ത് നേരത്തെ എത്തിച്ചു. ചിരിയോടെ ഓർത്തവൻ ഷിർട്ടിന്റെ സ്ലീവ് ശരിയാക്കി എമിയെ നോക്കി. ഗൗൺ ഇട്ടപ്പോൾ പെണ്ണ് ഒന്നുകൂടി ചെറുതായത് പോലെ. അവൻ കുറച്ചേറെ നേരം അവളെ തന്നെ നോക്കി നിന്നു. എന്നിട്ടും താൻ എന്നൊരാൾ അവിടെ ഇല്ലാത്തത് പോലെയുള്ള അവളുടെ കാണിച്ചുകൂട്ടൽ കണ്ടതും എവിടുന്നൊക്കെയോ അവന് പെരുത്തു കയറി.

ഓഹ്... അവളുടെ ഒരു ഡിങ്കൻ. എന്റെ പെമ്പറന്നോത്തിയുടെ മടിയിൽ കയറി ഞെളിഞ്ഞുള്ള അവന്റെ ഇരുപ്പ് കണ്ടില്ലേ???? നന്ദിയില്ലാത്ത പട്ടി....... അവൻ ഡിങ്കനെ കൂർപ്പിച്ച് നോക്കി അവളുടെ അരികിലേക്ക് നടന്നു. ബെഡിൽ ഇരിക്കുന്ന അവളുടെ അടുത്ത് ചെന്നിരുന്ന ഉടനെ ഡിങ്കനെ അവളുടെ മടിയിൽ നിന്നെടുത്ത് നിലത്ത് നിർത്തി. ഔട്ട്‌... ഔട്ട്‌..... കൈകൊണ്ട് പുറത്തേക്ക് കാണിച്ച് അച്ചു ആജ്ഞാപിച്ചതും അവൻ തലയുയർത്തി ദയനീയമായി എമിയെ ഒന്ന് നോക്കി. ആശാൻ സുഖിച്ച് ഇരുപ്പായിരുന്നേ. അത് കണ്ടതും അച്ചു ഒന്ന് കടുപ്പിച്ച് അവനെ നോക്കിയതും ഇനി നിന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കിയ ഡിങ്കൻ വാലും ചുരുട്ടി പുറത്തേക്ക് ഓടി. എന്നതാ ഇച്ചായാ ഈ കാണിച്ചത്????? ഡിങ്കന്റെ വിഷമിച്ചുള്ള പോക്ക് കണ്ട് എമി അവനെ അൽപ്പം ദേഷ്യത്തിൽ നോക്കി. ഞാനെന്തോ കാണിച്ചെന്നാ????? അച്ചു കൈ മലർത്തി. ഡിങ്കനെ എന്തിനാ ഗെറ്റ് ഔട്ട്‌ അടിച്ചത്. പാവം അവന് എന്തോരം വിഷമം ആയിക്കാണും. എമി സഹതാപത്തോടെ പറഞ്ഞു.

ആദ്യദിവസം ഡിങ്കനെ കണ്ട് കിടന്ന് കാറി പൊളിച്ച് ടേബിളിന്റെ മണ്ടക്ക് കയറി നിന്ന് പേടിച്ചു തുള്ളിയ പെണ്ണാ ഈ പറയുന്നത്. ഓന്ത് മാറുവോ ഇങ്ങനെ?????? അച്ചു വായും തുറന്ന് ഇരുന്നുപോയി. എടീ മല പോലെ ഞാൻ ഇവിടെ നിൽക്കുന്നത് നീ കണ്ടില്ലേ???? എന്നിട്ടവൾ പട്ടിയുമായി നിന്ന് ഫോട്ടം പിടിക്കുന്നു. ഞാനെന്നാടി ആവിയോ??? എന്നെ എന്താ ക്യാമറയിൽ കിട്ടൂലെ???? അവന്റെ ചോദ്യം കേട്ടവൾ വാ പൊത്തി ചിരിച്ചു. എന്നാടി ഇരുന്ന് കിണിക്കുന്നത്????? അവന് ദേഷ്യം വന്ന് തുടങ്ങിയിരുന്നു. ഒന്നൂല്ല വാ നമുക്ക് സെൽഫി എടുക്കാം. ചിരി നിർത്തി അവൾ ഫോൺ ഉയർത്തി. ഞാനൊന്നും ഇല്ല. ഇത്രയും നേരം എന്നെ വേണ്ടായിരുന്നല്ലോ ഇരുന്ന് തനിയെ എടുത്തോ. അച്ചു അവളെ പുച്ഛിച്ച് എഴുന്നേൽക്കാൻ ഭാവിച്ചു. ഹാ പോവല്ലേ ഡ്രാക്കൂ.... പറയുന്നതിനൊപ്പം അവൾ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് മടിയിലേക്ക് ഇരുന്നു. ചുമ്മാ ഇച്ചായനെ ദേഷ്യം പിടിപ്പിക്കാൻ ചെയ്തതല്ലേ അങ്ങ് ക്ഷമി. മീശയിൽ പിരിച്ചു വെച്ചവൾ പറഞ്ഞു. അവനൊന്ന് കൂർപ്പിച്ച് നോക്കിയതും ചിരിയോടെ അവന് നേരെ സൈറ്റ് അടിച്ച് ചുണ്ട് കൂർപ്പിച്ച് ഉമ്മ കൊടുക്കുന്നത് പോലെ കാണിച്ചു. അവളുടെ കാണിച്ചുകൂട്ടൽ കണ്ട് അവന് ചിരി വന്നുപോയി.

പിന്നെ അങ്ങോട്ട്‌ സെൽഫി എടുപ്പിന്റെ മേളം ആയിരുന്നു. അവളുടെ സെൽഫി എടുക്കൽ കണ്ട് ഫോൺ സ്റ്റോറേജ് തീർന്നു പോകുവോ എന്ന് വരെ അവന് തോന്നിപ്പോയി. അവസാനം അച്ചു അവളെ പൊക്കിയെടുത്താണ് താഴെ എത്തിച്ചത്. താഴെ എത്തുമ്പോൾ ആൽവിച്ചനും സാറായും പോളും ജോക്കുട്ടനും ഒരുങ്ങി നിൽപ്പുണ്ടായിരുന്നു. റിയക്ക് എട്ടാം മാസം കഴിഞ്ഞിരിക്കുന്നത് കൊണ്ട് കാലിൽ ഒക്കെ അത്യാവശ്യം നീര് വന്നിരിക്കുന്നത് കൊണ്ട് യാത്ര ബുദ്ധിമുട്ട് ആയതിനാൽ ഫങ്ക്ഷന് വരുന്നില്ല. അനു പിന്നെ ശത്രുവിന്റെ വീട്ടിലെ ഫങ്ക്ഷന് വരില്ല എന്ന് ഉറപ്പ് ആയതിനാൽ റിയക്ക് ഒപ്പം കൂട്ട് നിർത്തി. വലിയ പ്രയോജനം ഒന്നും ഇല്ലെങ്കിലും ഉപദ്രവം ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാണ്. വീട്ടിൽ പണ്ടത്തെ പോലെ കാര്യമായ സപ്പോർട്ട് ഒന്നുമില്ലല്ലോ അതുകൊണ്ട് ആൾ പൊടിക്ക് ഒന്ന് ഒതുങ്ങിയിട്ടുണ്ട്. റിയയോട് പഴയ ദേഷ്യം ഒന്നുമില്ല അതിന് ഇപ്പൊ എമി ഉണ്ടല്ലോ ദത് തന്നെ കാര്യം. എല്ലാവരും കൂടി പോവേണ്ട കാര്യം ഉണ്ടോ???? റിയ മോളെ ഈ അവസ്ഥയിൽ എങ്ങനാ നിർത്തി പോവുന്നത്????

നിങ്ങൾ പോയിട്ട് വാ ഞാൻ വരുന്നില്ല. ഇറങ്ങാൻ നേരമായതും സാറാ പറഞ്ഞു. എന്റെ അമ്മച്ചീ നിവിയുടെ വീട്ടുകാർക്ക് പറയത്തക്ക ബന്ധുക്കൾ ആരുമില്ല എന്ന് അറിയാവുന്നതല്ലേ അതുകൊണ്ടല്ലേ നമ്മുടെ ഫാമിലി മുഴുവൻ അവിടെ ഉണ്ടാവണം എന്ന് പറഞ്ഞത്. എന്നിട്ട് നമ്മൾ ചെല്ലാതിരുന്നാൽ മോശമല്ലേ???? ഇവിടെ ഏട്ടത്തി ഒറ്റയ്ക്ക് അല്ലല്ലോ അനുവും ഇല്ലേ????? ഉച്ചക്ക് തന്നെ നിങ്ങൾക്ക് തിരിച്ചു പോരുകയും ചെയ്യാം. പിന്നെ കാര്യം ഉണ്ടോ ഇല്ലയോ എന്നൊക്കെ അവിടെ ചെല്ലുമ്പോൾ അറിയാം. അച്ചു അവരോട് പറഞ്ഞു നിർത്തി. ശരിയാടോ. അവർ എല്ലാവരും ഇവിടെ വന്ന് പ്രത്യേകം ക്ഷണിച്ചപ്പോൾ നമ്മൾ ചെന്നില്ലെങ്കിൽ അത് മോശവാ. കുറച്ച് മണിക്കൂറത്തെ കാര്യം അല്ലെ ഉള്ളൂ. അത് കഴിഞ്ഞാൽ നമുക്ക് ഇങ്ങോട്ട് പോരല്ലോ???? പോളും കൂടി അവനോട് അനുകൂലിച്ചതോടെ സാറായ്ക്കും അതാണ് ശരിയെന്ന് തോന്നി. മോളെ സൂക്ഷിച്ചോളണേ. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ അപ്പൊ തന്നെ വിളിച്ചേക്കണം കേട്ടല്ലോ???? കരുതലോടെ റിയയെ ചേർത്ത് പിടിച്ചവർ പറഞ്ഞു. അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മച്ചീ നിങ്ങൾ ഇറങ്ങാൻ നോക്ക് ഇപ്പൊ തന്നെ സമയം വൈകി. റിയ ഓർമ്മപ്പെടുത്തി. അനൂ....

മുറിയിൽ തന്നെ അടച്ചിരിക്കരുത് വീട്ടിൽ ഒരു ഗർഭിണി ഉള്ള കാര്യം മറക്കരുത്. സാറാ ശാസനയോടെ പറഞ്ഞവളെ നോക്കി. ഞാൻ ശ്രദ്ധിച്ചോളാം. മ്മ്മ്......... അവരൊന്ന് അമർത്തി മൂളി. പോയിട്ട് വരാം മോളെ. റിയയുടെ കവിളിൽ ഒന്ന് തലോടി അവർ യാത്ര പറഞ്ഞു. പതിയെ എല്ലാവരും അവളോട് യാത്ര പറഞ്ഞിറങ്ങി. ടേക്ക് കെയർ ഏട്ടത്തീ. അച്ചു റിയയുടെ തോളിൽ ഒന്ന് പതിയെ തട്ടി. പോയിട്ട് നാളെ വരാമേ. വയർ ഉന്തിയിരിക്കുന്നതിനാൽ സൈഡിൽ നിന്ന് അവളെ പുണർന്ന് കവിളിൽ ഒന്ന് മുത്തി എമി പറഞ്ഞു. ഓഹ്... ഇന്ന് വീട്ടിൽ പോവുന്നതിന്റെ സന്തോഷം ആണല്ലേ????? റിയ ചോദിച്ചതും അവളൊന്ന് കണ്ണിറുക്കി ചിരിച്ചു. വാവേ ആന്റി പോയിട്ട് വരാവേ അതുവരെ മമ്മിയെ ശല്യം ചെയ്യാതെ അടങ്ങി കിടക്കണേ. വീർത്ത വയറിൽ മുഖം ചേർത്ത് അവിടെ ചുംബിച്ചു കൊണ്ടവൾ പറഞ്ഞു. പോയിട്ട് വരാം നാത്തൂനെ. അനുവിനെ നോക്കി കണ്ണിറുക്കി കാട്ടി അവളുടെ മറുപടിക്ക് കാക്കാതെ പുറത്തേക്കിറങ്ങി. ആൽവിച്ചനും പോളും സാറായും എല്ലാം കാറിലും അച്ചുവും എമിയും അവന്റെ ബുള്ളറ്റിലും ആയിരുന്നു യാത്ര തിരിച്ചത്. റ്റാറ്റാ........ ഗേറ്റ് കടക്കാറായതും അവൾ റിയയെ നോക്കി കൈവീശി കാണിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

നിവിയുടെ വീട്ടിൽ എത്തിയിട്ടും അച്ചുവിനെ കാണാതെ ടെൻഷൻ അടിച്ച് നിൽപ്പാണ് അപ്പു. വന്നത് മുതൽ അവന്റെ കണ്ണുകൾ നിവിയെ തേടി എങ്കിലും കണ്ടില്ല. അകത്തേക്ക് പോയി അവളെ തിരയണം എന്നുണ്ടായിരുന്നെങ്കിലും നിവിയുടെ അച്ഛൻ അവനെ വിടാതെ കൂടെ നിർത്തിയത് കാരണം അതിനും കഴിയുന്നില്ല. ഗീത വന്നത് മുതൽ മായയുടെ കൂടെ നടപ്പാണ്. ഉദയൻ എന്തോ കാര്യം വന്ന് അടുത്ത് നിന്ന് മാറിയ തക്കം നോക്കി അപ്പു അകത്തേക്ക് പോയി തിരയാൻ തുടങ്ങി. താൻ എന്നാടോ കോഴി മുട്ടയിടാൻ നോക്കുന്നത് പോലെ നിന്ന് പരുങ്ങുന്നത്?????? അപ്പുവിന്റെ നടപ്പ് കണ്ട റോണി അവന്റെ അടുത്തെത്തി ചോദിച്ചു. എന്റെ വായിൽ ഇരിക്കുന്ന പുളിച്ചതോന്നും കേൾക്കണ്ടെങ്കിൽ അങ്ങോട്ട് മാറി നിന്നോ നീ. അപ്പു അവന് നേരെ ചീറി. പിന്നേ തന്റെ വായിലെ വളിച്ചതും പുളിച്ചതും കേൾക്കുന്നതല്ലേ എന്റെ പണി. ഒഞ്ഞു പോടോ..... റോണി അവനെ പുച്ഛിച്ചു തള്ളി. അപ്പു അവനെ ഒന്ന് കടുപ്പിച്ച് നോക്കി മുന്നോട്ട് പോവാൻ ആഞ്ഞു. അതേ എങ്ങോട്ടാ ഈ തള്ളികയറി????? റോണി അവനെ തടഞ്ഞു കൊണ്ട് ചോദിച്ചു. നിന്റെ അപ്പൂപ്പന്റെ പതിനാറിന് പായസം വെക്കാൻ മാറി നിക്കെടാ ശവമേ. അവൻ റോണിയെ തട്ടി മാറ്റി. താങ്കൾ അന്വേഷിക്കുന്ന സാധനം നിവി ആണെങ്കിൽ അങ്ങോട്ട്‌ പോവണ്ട.

ഏതൊക്കെയോ പെണ്ണുങ്ങൾ ചേർന്ന് അവളെ ഒരുക്കുവാ. ആ മുറിയിൽ എന്നല്ല പരിസരത്തേക്ക് ഒരു ഈച്ച കുഞ്ഞിന് പോലും ചെല്ലാൻ പറ്റില്ല അത്രയ്ക്കുണ്ട് മോളിലത്തെ പട. മുകളിലേക്ക് പോവാൻ ആഞ്ഞ അപ്പു അവന്റെ വാക്കുകൾ കേട്ടതും നിന്നു. എടാ എനിക്കവളെ ഇപ്പൊ കാണണം. കണ്ടേ പറ്റൂ. അപ്പു റോണിക്ക് മുന്നിൽ നിന്ന് ദൃഢമായി പറഞ്ഞു. എന്റെ അപ്പുവേട്ടാ അത് നടക്കും എന്ന് നിങ്ങൾ പ്രതീക്ഷിക്കണ്ട ഈ തിരക്ക് നിങ്ങൾ കാണുന്നില്ലേ???? ഈ തിരക്കിനിടയിൽ അവളെ കാണുക എന്ന് പറഞ്ഞാൽ നടക്കില്ല അപ്പുവേട്ടാ. റോണി തറപ്പിച്ച് പറഞ്ഞുകൊണ്ട് അവന്റെ കയ്യിൽ പിടിച്ചു നിർത്തി. ഇല്ല എനിക്ക് കാണണം. എന്ത് വന്നാലും ഞാനിപ്പൊ അവളെ കാണാൻ പോകുവാ. റോണിയുടെ കൈ കുടഞ്ഞെറിഞ്ഞ് അവൻ മുകളിലേക്ക് പോവാൻ തിരിഞ്ഞു. അപ്പു ഇതെങ്ങോട്ടാ അവിടെ മുഴുവൻ പെണ്ണുങ്ങൾ ആണ്. മോൻ എന്റെ കൂടെ ഒന്ന് വന്നേ..... അവനെ തടഞ്ഞു കൊണ്ട് ഉദയൻ അങ്ങോട്ട് എത്തി. അത്.... അങ്കിൾ ഞാൻ....... അതൊക്കെ പിന്നെ പറയാം ഇപ്പൊ എന്റെ കൂടെ വന്നേ.

ഉദയൻ അവനെ ഒന്നും പറയാൻ അനുവദിക്കാതെ പിടിച്ച പിടിയാലേ കൂട്ടികൊണ്ട് പോയി. ഹാവൂ.... രക്ഷപെട്ടു. അല്ലെങ്കിൽ ഇപ്പൊ എല്ലാം കുഴഞ്ഞേനെ. റോണി നെഞ്ചിൽ കൈ വെച്ച് ദീർഘനിശ്വാസം എടുത്തു. ഈ അളിയൻ ഇതെവിടെ പോയി കിടക്കുവാ???? അങ്ങേർക്കേ ഈ മൊതലിനെ ഒന്ന് ഒതുക്കാൻ പറ്റൂ. സ്വയം പറഞ്ഞു കൊണ്ടവൻ ഫോൺ എടുത്ത് അച്ചുവിന്റെ നമ്പറിലേക്ക് വിളിച്ചു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 അച്ചുവും എമിയും എല്ലാം എത്തിയപ്പോഴേക്കും പാൽ കാച്ചൽ തുടങ്ങിരുന്നു. വന്ന ഉടനെ അവർ അപ്പുവിനെ തിരഞ്ഞെങ്കിലും അവനെ കണ്ടില്ല. കൊള്ളാം നിങ്ങൾ ഇപ്പോഴാണോ എത്തുന്നത്???? തിരക്കിനിടയിലും അവർക്ക് അരികിലേക്ക് എത്തി റോണി ചോദിച്ചു. എല്ലാവരും ഒരുങ്ങി വരണ്ടെടാ. അല്ല അപ്പു അവൻ എവിടെ????? അച്ചു ചുറ്റിനും ഒന്ന് കണ്ണുകൾ ഓടിച്ചു അന്വേഷിച്ചു. അങ്ങേരെ അമ്മായിഅച്ഛൻ തന്നെ എന്തിനോ പറഞ്ഞയച്ചു അല്ലെങ്കിൽ ശരിയാവില്ല. റോണി പറയുന്നത് കേട്ടവൻ ചിരിച്ചു പോയി. നിവി എന്തേടാ????? എമി റോണിയുടെ കയ്യിൽ പിടിച്ചു. അവൾ മുകളിൽ ഉണ്ട്.

മറിയാമ്മയും ഉണ്ട് കൂടെ നീ അങ്ങോട്ട്‌ ചെല്ല്. റോണി പറയുന്നത് കേട്ടവൾ അച്ചുവിനെ ഒന്ന് നോക്കി. അവനും മുകളിലേക്ക് പോവാൻ കണ്ണുകൾ കൊണ്ട് പറഞ്ഞതും എമി മെല്ലെ മുകളിലേക്കുള്ള സ്റ്റെയർ കയറി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സ്റ്റോർ റൂമിൽ നിന്ന് ഉദയൻ ആവശ്യപ്പെട്ട നിലവിളക്ക് എടുത്ത് മണ്ഡപത്തിൽ കൊണ്ടുപോയി വെക്കുമ്പോൾ അവന്റെ മനസ്സ് കലുഷിതമായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ റോണിക്കൊപ്പം നിൽക്കുന്ന അച്ചുവിനെ കണ്ടതും അവൻ അങ്ങോട്ട് പോവാൻ ആഞ്ഞു. എന്നാൽ ഉദയൻ വീണ്ടും അവനെ കൂടെ പിടിച്ചു നിർത്തി. ചെകുത്താനും കടലിനും നടുവിൽ പെട്ടത് പോലെ അവൻ നട്ടം തിരിഞ്ഞു. ഇതേസമയം അകത്ത് നിവിയുടെ ഇരുപ്പ് കാൺകെ എമിക്ക് വല്ലാത്തൊരു നോവ് തോന്നി. ഒരുങ്ങി നിൽക്കുമ്പോഴും മറ്റുള്ളവർ പറയുന്ന തമാശകൾ കേട്ട് ബദ്ധപ്പെട്ട് ചുണ്ടിൽ ഒരു പുഞ്ചിരി വരുത്താൻ ശ്രമിക്കുന്നതും അത് പാളി പോവുന്നതും എല്ലാം കാൺകെ ഉള്ളം പിടഞ്ഞു. കേവലം ഒരു കൂട്ടുകാരി അല്ല ഒരുതരത്തിൽ കൂടപ്പിറപ്പ് തന്നെയാണ്. കുറച്ച് നിമിഷത്തേക്ക് ആണെങ്കിലും ഇങ്ങനെ ഉരുകുന്നത് കണ്ട് നിൽക്കാൻ കഴിയുന്നില്ല. മറിയാമ്മയുടെ അവസ്ഥയും മറിച്ചല്ല. നിസ്സഹായയായി അവൾ നിവിയുടെ അവസ്ഥ നോക്കി കണ്ടു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

മുഹൂർത്തം ആവുന്നു ചെക്കനും കൂട്ടരും എവിടെ??????? കൂട്ടത്തിൽ തല മുതിർന്ന ഏതോ കാർന്നോർ ചോദിച്ചു. ചെക്കൻ ഇവിടെ തന്നെ ഉണ്ട്. ഉദയൻ ഒരു പുഞ്ചിരിയോടെ പറഞ്ഞതും കാതിൽ ഫോൺ ചേർത്ത് മുണ്ടും ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ അങ്ങോട്ട് എത്തി. അമ്മാവാ എല്ലാം ഓക്കേ അല്ലെ????? ഉദയനോട് അവൻ ചോദിച്ചു. എല്ലാം ഓക്കേ ആണ് മോനെ. അയാൾ മറുപടി കൊടുത്തതും അപ്പുവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ടവൻ മണ്ഡപത്തിലേക്ക് നീങ്ങി നിന്നു. അവനെ കണ്ടതും അപ്പു അടിമുടി ഒരു നോട്ടം ഇവനാണോ തന്റെ എതിരാളി എന്ന കണക്ക്. പയ്യൻ വന്ന സ്ഥിതിക്ക് പെണ്ണിനെ വിളിക്കാം അല്ലെ????? കൂട്ടത്തിൽ ആരോ ചോദിച്ചു. മായെ മോളെ വിളിച്ചോളൂ. ഉദയൻ നിർദേശം കൊടുത്തു. അയാളെ നോക്കി തലയാട്ടി അവർ മുകളിലേക്ക് പോയി. ആ കാഴ്ചകൾ എല്ലാം അപ്പു ഒരു മരവിപ്പോടെ നോക്കി നിന്നു. അൽപ്പനേരം കഴിഞ്ഞതും എമിക്കും മറിയാമ്മക്കും നടുവിൽ ആയി നിവി താഴേക്ക് ഇറങ്ങി വന്നു. ആരെയും നോക്കാതെ നിലത്ത് മിഴികൾ ഊന്നി ആയിരുന്നു അവൾ നടന്നത്. അപ്പു ഒരു നിമിഷം അവളെ നോക്കി നിന്നുപോയി. തന്റെ പെണ്ണ്.... താൻ കാണാൻ ആഗ്രഹിച്ച വേഷത്തിൽ.... എന്നാൽ മറ്റൊരുവന് വേണ്ടി. അവന് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി.

ഓടിച്ചെന്ന് അവളെ മാറോട് അണച്ച് ഇവൾ എന്റെ മാത്രമാണ് എന്ന് പറയാൻ മനസ്സ് വെമ്പി. എന്നാൽ നോട്ടം അവളെ തന്നെ നോക്കി നിറ ചിരിയോടെ നിൽക്കുന്ന ഉദയനെ കണ്ടതും ദേഹം ആകെ തളരുന്നത് പോലെ. കണ്ണുകളിൽ നീർമുത്തുകൾ ഉരുണ്ടുകൂടി. എമിയും മറിയാമ്മയും ചേർന്ന് അവളെ മണ്ഡപത്തിൽ ഇരുത്തി അച്ചുവിനും റോണിക്കും ഒപ്പം ചെന്ന് നിന്നു. അപ്പു ഒന്നും ചെയ്യാൻ ആവാതെ നിസ്സഹായനായി നിന്നു. അല്ല ചെക്കൻ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്???? അത്രയും നേരം ഫോണിൽ തോണ്ടി മണ്ഡപത്തിൽ നിന്നവൻ പറയുന്നത് കേട്ട് അപ്പു ഞെട്ടി. അപ്പൊ ഇവനല്ലേ ചെക്കൻ????? അപ്പു അവനെ കണ്ണ് തുറിച്ച് നോക്കി. നീയെന്താ അപ്പൂ ഇങ്ങനെ കണ്ണ് മിഴിച്ചു നോക്കി നിൽക്കുന്നത് അങ്ങോട്ട് ചെന്ന് ഇരിയെടാ മരുമോനെ. അവന്റെ തോളിൽ കരം ഉറപ്പിച്ചു വെച്ചകൊണ്ട് ഉദയന്റെ വാക്കുകൾ കേട്ടതും അപ്പു ഞെട്ടി തരിച്ചു പോയി. അതുവരെ ആരെയും നോക്കാതെ തല കുനിച്ച് ഇരുന്ന നിവി നടുക്കത്തോടെ തലയുയർത്തി നോക്കി. കള്ളചിരിയോടെ തങ്ങളെ നോക്കി നിൽക്കുന്നവരെ കണ്ടതും അവൾ നടക്കുന്നതൊക്കെ സത്യമാണോ മിഥ്യയാണോ എന്നറിയാതെ ഇരുന്നു പോയി. അപ്പുവും നിവിയും എല്ലാവരെയും നോക്കി.

ഉദയൻ,മായ,അച്ചു,എമി, റോണി എന്നിവരുടെ എല്ലാം മുഖത്തെ ചിരിയിൽ നിന്ന് തന്നെ മനസ്സിലായി ഇവരെല്ലാം അറിഞ്ഞോണ്ടുള്ള പണി ആയിരുന്നെന്ന്. എന്നാൽ മറിയാമ്മയുടെയും അച്ചുവിന്റെ വീട്ടുകാരുടെയും എല്ലാം മുഖത്തെ പകപ്പ് കണ്ടതും അവർക്ക് ഇതിൽ പങ്കൊന്നും ഇല്ലെന്ന് മനസ്സിലായി. നീയിത് എന്നതാടാ പന്തം കണ്ട പെരുച്ചാഴി കണക്ക് നിൽക്കുന്നത് അങ്ങോട്ട് ഇരിക്കെടാ. അച്ചു അവന്റെ ചുമലിൽ പിടിച്ച് മണ്ഡപത്തിൽ ഇരുത്തിയതും അവൻ അച്ചൂനെ ഒന്ന് തറപ്പിച്ച് നോക്കി. അതിന് മറുപടി എന്നോണം ഒരു ഇളി സമ്മാനിച്ച് അച്ചു മാറി നിന്നു. ഈ സമയം നിവി തന്റെ ചങ്കുകളെ നോക്കി ദഹിപ്പിക്കുന്ന തിരക്കിൽ ആയിരുന്നു കൂടെ മറിയാമ്മയും. അത് എന്തിനാണെന്ന് ചോദിച്ചാൽ പാവത്തിന് ഒരു സൂചന പോലും അവരാരും കൊടുത്തില്ലേ അതിന്റെ വിഷമം കാണാതെ ഇരിക്കുവോ?????? ഞങ്ങൾ വൈകിയില്ലല്ലോ അല്ലെ????? മണ്ഡപത്തിനടുത്തേക്ക് സ്റ്റെല്ലയുടെ കയ്യും പിടിച്ച് കയറി വന്ന ജോൺ ചോദിച്ചതും എമിയുടെ മുഖം വിടർന്നു. ഇല്ലെടോ കൃത്യ സമയത്താ എത്തിയത്. ഉദയൻ ചിരിയോടെ മറുപടി കൊടുത്തു. മണ്ഡപത്തിന്റെ എതിർ വശത്തായി നിന്നത് കൊണ്ട് എമിക്ക് അവരുടെ അരികിലേക്ക് പോവാൻ കഴിഞ്ഞില്ല. അതിന്റെ വിഷമം ഉണ്ടെങ്കിലും അവൾ അവിടെ നിന്ന് അവരെ കൈവീശി കാണിച്ചു. മുഹൂർത്തം ആയ സ്ഥിതിക്ക് ചെക്കനും പെണ്ണും പരസ്പരം മോതിരം മാറിക്കോളൂ.

ഓൾഡ് പീപ്പിൾസ് ആരോ പറഞ്ഞതും ഒരു താലത്തിൽ ഇരുവർക്കും മാറാനുള്ള മോതിരം നീട്ടി. നടന്നതൊന്നും വിശ്വാസം ആവാതെ പരസ്പരം നോക്കിയിരുന്ന അവർ പെട്ടെന്ന് ഒന്ന് ഞെട്ടി. ഉദയൻ തന്നെ ഇരുവർക്കും മോതിരം എടുത്തു കൊടുത്തു. നടക്കുന്നതെല്ലാം ഒരു സ്വപ്നം ആണോ എന്ന് പോലും സംശയം തോന്നുന്ന നിമിഷം. ചുറ്റിനും നിൽക്കുന്നവരുടെ പുഞ്ചിരി അവരിൽ ആനന്ദം നിറച്ചു. അതിലുപരി നഷ്ടമാവാൻ പോയത് തിരികെ കിട്ടുമ്പോഴുണ്ടാവുന്ന അനുഭൂതി. വല്ലാത്തൊരു ആഹ്ലാദം ഉള്ളിൽ തിര തല്ലി. പ്രിയപ്പെട്ടവരുടെ ആശിർവാദങ്ങൾക്ക് നടുവിൽ അപ്പു ആരവ് എന്ന തന്റെ കൊത്തിയ മോതിരം അവളുടെ വിരലിൽ അണിയിച്ച് അവളിൽ ആദ്യ അവകാശം ഊട്ടി ഉറപ്പിച്ചു. നിവി തിരികെ അവന്റെ വിരലിൽ മോതിരം അണിയിക്കുമ്പോൾ എന്തിനോ വേണ്ടി കൈ ഒന്ന് വിറച്ചു. എല്ലാവരും നിറഞ്ഞ ചിരിയോടെ ആ അസുലഭനിമിഷങ്ങൾ ആസ്വദിച്ചു. ക്യാമറ കണ്ണുകൾ ആ നിമിഷങ്ങൾ എല്ലാ ഭംഗിയോടും കൂടെ ഒന്ന് വിടാതെ ഒപ്പിയെടുത്തു. ജാതകങ്ങൾ കൈമാറി ചടങ്ങുകൾ മുറ പോലെ അവസാനിച്ചതും അച്ചുവും എമിയും റോണിയും കാണുന്നത് തങ്ങളെ രൂക്ഷമായി നോക്കുന്ന മൂന്നു ജോഡി കണ്ണുകളെ ആണ്. അതേ അത് മറ്റാരും അല്ല അപ്പുവും നിവിയും മറിയാമ്മയും തന്നെ ആയിരുന്നു. തോമസൂട്ടി വിട്ടോടാ....... പറഞ്ഞു തീർന്നതും മൂന്നും തിരഞ്ഞ് ഓടിയിരുന്നു പുറകെ മുണ്ട് മടക്കി കുത്തി അപ്പുവും അതിന് പുറകെ നിവിയും കൂടെ മറിയാമ്മയും. എല്ലാത്തിന്റെയും ഓട്ടം നോക്കി ചിരിയോടെ വീട്ടുകാരും........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story