ഹൃദയതാളമായ്: ഭാഗം 95

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

അച്ചുവിന് പിന്നാലെ അപ്പുവും എമിക്ക് പുറകെ നിവിയും റോണിയുടെ പുറകെ മറിയാമ്മയും അങ്ങനെ ഗംഭീര ഓട്ടം പുരോഗമിച്ചു കൊണ്ടിരുന്നു. എടാ അപ്പൂ ഞാനല്ലെടാ എല്ലാം ഗീതമ്മ ഒപ്പിച്ച പണിയാ നിന്നോട് പറയരുതെന്ന് പ്രത്യേകം പറഞ്ഞത് കൊണ്ടാ ഒന്നും നിന്നോട് പറയാതിരുന്നത്..... അച്ചു ഓട്ടത്തിനിടയിൽ വിളിച്ചു കൂവി. മിണ്ടരുത് പുല്ലേ നീ... മനുഷ്യനെ തീ തീറ്റിച്ചതും പോരാഞ്ഞിട്ട് ഡയലോഗ് അടിക്കുന്നോ. നിന്നെ ഇന്ന് ഞാൻ കൊല്ലുവെടാ പന്നീ........ അപ്പു വിടാൻ ഭാവമില്ലാതെ അച്ചുവിനെ ഇട്ട് ഓടിച്ചു. ഇതേസമയം ടേബിളിന് ചുറ്റും വട്ടത്തിൽ ഓടി കളിക്കുകയാണ് നിവിയും എമിയും. മുത്തല്ലേ ചക്കരയല്ലേ പൊന്നല്ലേ ഒന്നും ചെയ്യല്ലെടീ.... നിന്റെ ഭാവി അമ്മായിയമ്മയും വീട്ടുകാരും പറഞ്ഞത് കൊണ്ട് മാത്രവാ ഇങ്ങനെ ഒരു നാടകത്തിന് കൂട്ട് നിന്നത് അല്ലാതെ നിന്നാണ എന്നാണ എന്റെ ഡിങ്കന് ഉണ്ടാവാൻ പോവുന്ന കുഞ്ഞുങ്ങളാണ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ലെടീ...... എമി അണച്ചു കൊണ്ട് അവളോട് പറഞ്ഞൊപ്പിച്ചു. ചെയ്തതും ചെയ്യാത്തതും എല്ലാം ഞാൻ കാണിച്ചു തരാടീ......

പറയുന്നതിനൊപ്പം ടേബിളിൽ ഇരുന്ന ബോട്ടിൽ എടുത്ത് എമിക്ക് നേരെ എറിഞ്ഞു. എമി നൈസായി അങ്ങ് കുനിഞ്ഞതും ബോട്ടിൽ ചെന്ന് കൊണ്ടത് ഓടിക്കൊണ്ടിരുന്ന റോണിയുടെ പുറത്തും. എന്റെ അമ്മച്ചീ......... അവൻ ഓടുന്നതിനിടയിൽ തന്നെ തുള്ളി പോയി. നിക്കെടോ അലവലാതി അവിടെ.......... മറിയാമ്മ പാവാടയും പൊക്കിപ്പിടിച്ച് അവന് പുറകെ പാഞ്ഞു. അവസാനം മൂന്നിനേയും വട്ടം ചേർന്ന് പിടിച്ചു. ഇത്രയും നേരം അനുഭവിച്ച ടെൻഷന് പകരമായി മൂന്നെണ്ണത്തിനെയും അവർ കുനിച്ചു നിർത്തി ഉപദേശിച്ചു. ആഹ്.... അമ്മേ എന്റെ നടു..... എമി നടുവിന് കയ്യും കൊടുത്ത് നിന്നുപോയി. റോണിക്ക് പിന്നെ കിട്ടിയത് ഡബിളാ. നടുവിനുള്ള തൊഴിയും ബോട്ടിലിന് ഏറും. പോലീസുകാരനെ തല്ലി എന്ന പട്ടം അപ്പു അങ്ങ് സ്വന്തമാക്കി. കുനിച്ചു നിർത്തി ഗുണദോഷിക്കുന്നതിന്റെ സുഖം അച്ചു നല്ലോണം അറിഞ്ഞു. വിടെടാ പുല്ലേ........... ദേഷ്യം തീരാതെ കഴുത്തിന് പിടിച്ച അപ്പുവിന്റെ കൈ അവൻ ബലമായി പിടിച്ചു മാറ്റി. നടു ഇടിച്ച് പഞ്ചറാക്കിയത് പോരാഞ്ഞിട്ട് എന്റെ കൊരവള്ളി തകർക്കുന്നോടാ തെണ്ടീ..........

അച്ചു കഴുത്ത് ഉഴിഞ്ഞു കൊണ്ട് അവന് നേരെ അലറി. നിന്നെ തല്ലുവല്ല കൊല്ലുകയാ വേണ്ടത് പന്നീ........ അപ്പു പല്ല് കടിച്ചുകൊണ്ട് അവന് നേരെ ചീറി അടുത്തു. മതി നിർത്തെടാ...... ഇനിയും കയ്യും കെട്ടി നോക്കി നിന്നാൽ ശരിയാവില്ല എന്ന് തോന്നിയ ഗീത കളത്തിൽ ഇറങ്ങി. ഇവരെ മൂന്നുപേരെയും ഒന്നും പറയണ്ട. ഇതെല്ലാം പ്ലാൻ ചെയ്തതും നടത്തിയതും എല്ലാം ഞാനും ദേ ഇവരും കൂടിയാ. ഇനി നിനക്ക് തല്ലണമെങ്കിൽ ഞങ്ങളെ തല്ലിക്കൊ. ഗീത നിവിയുടെ അച്ഛനെയും അമ്മയെയും ചൂണ്ടി പറഞ്ഞു കൊണ്ട് അവന് മുന്നിൽ കൈ കെട്ടി നിന്നു. അത് കേട്ടതും അപ്പുവും നിവിയും ഒന്ന് അടങ്ങി. രണ്ടുപേരും അവരെ രൂക്ഷമായി ഒന്ന് നോക്കി. നീ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട നിങ്ങളുടെ മുഖത്ത് ഉണ്ടാവുന്ന ഞെട്ടലും സന്തോഷവും എല്ലാം കാണാൻ വേണ്ടിയാണ് ഞങ്ങൾ ഇതൊക്കെ ചെയ്തു കൂട്ടിയത് അതുപോലെ നിങ്ങൾ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി തരാനും അല്ലാതെ നിങ്ങളെ രണ്ടുപേരെയും വേദനിപ്പിക്കണം എന്നൊന്നും ഞങ്ങളോ ദേ ഈ നിൽക്കുന്ന നിങ്ങളുടെ കൂട്ടുകാരോ മനസ്സിൽ പോലും കരുതിയിട്ടില്ല.

നിങ്ങൾ വിഷമിക്കും എന്ന് പറഞ്ഞ് ഈ നിൽക്കുന്ന അച്ചുവും എമിയും എത്രയോ തവണ ഇത് വേണോ ഗീതമ്മേ എന്നെന്നോട് ചോദിച്ചിട്ടുണ്ട് എന്നറിയോ????? നീ കാരണം ആണ് ഒരിക്കൽ എമിയെ ഇവന് നഷ്ടമായത് എന്നറിഞ്ഞിട്ടും നിന്നോട് ഒരു ദേഷ്യവും കാണിക്കാഞ്ഞ ഇവൻ നിന്നെ മനഃപൂർവം വേദനിപ്പിക്കും എന്ന് നീ കരുതുന്നുണ്ടോ അപ്പൂ?????? തുടക്കത്തിൽ പതിഞ്ഞ സ്വരത്തിൽ ആയിരുന്നെങ്കിലും ആ ചോദ്യം അവസാനിക്കുമ്പോൾ അവരുടെ ചോദ്യത്തിന് വല്ലാത്തൊരു മൂർച്ചയായിരുന്നു. അപ്പു ഒരു നിമിഷം തറഞ്ഞു നിന്നുപോയി. കേട്ടതെല്ലാം ശരിയാണ്. തന്റെ സ്വാർത്ഥത ഒന്നുകൊണ്ട്‌ മാത്രമായിരുന്നു എമിയെ അവന് കണ്മുന്നിൽ നിന്ന് തന്നെ നഷ്ടമായത്. അവളെ ഒന്ന് കാണാൻ അവളെ കുറിച്ച് അറിയാൻ എത്രയോ നാളുകൾ അവൻ അലഞ്ഞു നടന്നിട്ടുണ്ട്. ആൾക്കൂട്ടങ്ങൾക്കിടയിൽ എത്രയോ തവണ അവൾക്കായി തിരഞ്ഞിട്ടുണ്ട്. തന്റെ പ്രാണനെ തേടി വർഷങ്ങൾ അവൻ അലഞ്ഞില്ലേ????? പലപ്പോഴും ട്രിപ്പ്‌ എന്ന പേരും പറഞ്ഞ് വണ്ടിയും എടുത്ത് പല നാട് കറങ്ങിയത് മുഴുവൻ അവൾക്കായുള്ള തിരച്ചിൽ ആയിരുന്നില്ലേ?????

സ്വന്തം പ്രണയം നഷ്ടമാവുമോ എന്ന ചിന്ത കേവലം മണിക്കൂറുകൾക്കൊണ്ട് തന്നെ ഇത്രയേറെ വേദനിപ്പിച്ചെങ്കിൽ തിരികെ കിട്ടുമോ എന്ന് പോലും പ്രതീക്ഷയില്ലാതെ ഒരുവളെ മാത്രം ഹൃദയത്തിൽ കൊണ്ടുനടന്ന അച്ചു എത്രയേറെ വേദനിച്ചിരിക്കണം????? അതുവരെ മനസ്സിൽ തോന്നിയ ദേഷ്യമെല്ലാം ഒറ്റ ചോദ്യം കൊണ്ട് ഇല്ലാതായത് പോലെ. എന്തെന്നില്ലാത്ത കുറ്റബോധവും വേദനയും അവന് തോന്നി. ഉള്ളം നൊന്തു. കണ്ണുകൾ എന്തിനോ വേണ്ടി കലങ്ങി. ഒറ്റ നിമിഷം കൊണ്ടവൻ തിരിഞ്ഞ് അച്ചുവിനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു. പെട്ടെന്ന് ആയതിനാൽ അച്ചു ഒന്ന് പകച്ചുപോയി പുറകിലേക്ക് ഒന്ന് വേച്ചുപോയി. സോറി ഡാ..... ഞാൻ... പെട്ടെന്ന്...... അവൻ വാക്കുകൾ കിട്ടാതെ വീർപ്പുമുട്ടി. അവന്റെ വാക്കുകളിലെ ഇടർച്ച മനസ്സിലാക്കിയതും അച്ചു അവനെ ചേർത്ത് പിടിച്ചു. പോട്ടെടാ. നിന്റെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെയെ പെരുമാറൂ. അച്ചു അവന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ആ കാഴ്ച കണ്ട് നിന്നവരുടെ എല്ലാം മനസ്സ് നിറച്ചു. സോറി ഡീ പെട്ടെന്നുള്ള ദേഷ്യത്തിൽ ചെയ്തതാ.

നിവി ക്ഷമാപണം പോലെ എമിയുടെ കയ്യിൽ പിടിച്ചു. പോടീ തവളകണ്ണീ...... എമി അവളുടെ തോളിൽ ഇടിച്ചു. നീ പോടീ കുരുട്ടേ...... പറയുന്നതിനൊപ്പം അവൾ എമിയെ പുണർന്നിരുന്നു. നീ ഹാപ്പി അല്ലേടാ?????? എമി അവളുടെ കാതിൽ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ഒരുപാട്............ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷത്താൽ അവൾ എമിയെ മുറുകെ പുണർന്നു. രണ്ടിടത്തേയും കെട്ടിപ്പിടുത്തവും സന്തോഷ പ്രകടനങ്ങളും കണ്ടതും റോണി മറിയാമ്മക്ക് നേരെ തിരിഞ്ഞു. മ്മ്മ്..... വന്നോളൂ...... ചിരിയോടെ അവരെ നോക്കി നിൽക്കുന്ന അവൾക്ക് മുന്നിൽ കൈവിരിച്ച് നിന്നു പറഞ്ഞു. എവിടെ വരാൻ?????? മറിയാമ്മ കാര്യം മനസ്സിലാവാതെ അവനെ മിഴിച്ചു നോക്കി. നീ കണ്ടില്ലേ അവിടെ അവർ കെട്ടിപ്പിടിച്ച് ക്ഷമ ചോദിക്കുന്നത്. പാവം എന്നെ നീയും തല്ലിയതല്ലേ അതുകൊണ്ട് വന്ന് കെട്ടിപ്പിടിച്ച് സോറി ചോദിച്ചോ. കൈവിരിച്ച് നിന്ന് അവൻ ഗൗരവത്തിൽ പറഞ്ഞു. മ്യോനെ.............. കൊറസ് ആയി ആ വിളി കേട്ടതും അവൻ മുഖത്ത് ഒരു ഇളി ഫിറ്റ്‌ ചെയ്ത് എല്ലാവരെയും നോക്കി.

അതേ ഇവിടെ ഒട്ടാറാവുമ്പോൾ ഞങ്ങൾ പറയാം അതുവരെ ഒരു കയ്യകലത്തിൽ നിന്നാൽ മതി. മാറിനിക്കെടാ ചെറുക്കാ... ഗീത അവനെ പിടിച്ചു നീക്കി നിർത്തി. ശെടാ... അടി കഴിഞ്ഞാൽ അവർ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിക്കുന്നു ഉമ്മ വെക്കുന്നു ഇവിടെ ഞാൻ മാത്രം ഇതെല്ലാം നോക്കി നിൽക്കുന്നു. ഇതെവിടുത്തെ നിയമം???? റോണി മുഖം വീർപ്പിച്ചു. ഇതാണ് ഇവിടുത്തെ നിയമം. നിവി അവനെ നോക്കി പുച്ഛിച്ചു. എങ്കിൽ ഇവളെ കൊണ്ട് ഒരു സോറി എങ്കിലും പറയിപ്പിക്കണം. ഇത്രയും നേരം ടെൻഷൻ അടിച്ച അവർ പോലും എന്നെ തല്ലിയില്ല ഇതിലൊന്നും പെടാത്ത ഇവൾ പിന്നെ എന്ത് തേങ്ങയ്ക്കാ എന്റെ പുറം പള്ളിപ്പുറം ആക്കിയത്????? റോണി കെറുവിച്ച് അവരെ എല്ലാം നോക്കി. അത് ശരിയാണല്ലോ. നീ എന്നാത്തിനാടി അവനെ തല്ലിയത്????? എമി മറിയാമ്മക്ക് നേരെ തിരിഞ്ഞു. ഇത്രയും വലിയ ഡ്രാമ കളിച്ചപ്പോൾ ഇങ്ങേര് ഒരു വാക്ക് എന്നോട് പറഞ്ഞോ????? നിവിയേച്ചി കരച്ചിൽ കണ്ട് ഞാൻ കരയുന്നത് കണ്ടിട്ടും ഒരക്ഷരം എന്നോട് മിണ്ടിയില്ല.

കല്യാണം കഴിഞ്ഞ് ഈ മരങ്ങോടന്റെ കൂടെ പോരുമ്പോൾ കരയാൻ ഞാൻ സ്റ്റോക്ക് ചെയ്തു വെച്ച കണ്ണുനീരാ ഇന്നലെ ഞാൻ ഒഴുക്കി തീർത്തത് അറിയോ?????? മറിയാമ്മ അവനെ നോക്കി കണ്ണുരുട്ടി എല്ലാവരോടുമായി പറഞ്ഞു നിർത്തി. ഇതൊക്കെ എപ്പൊ നടന്നു???? അവളുടെ പറച്ചിൽ കേട്ട് ജോൺ മറിയാമ്മയെയും അവനെയും മാറി മാറി നോക്കി ചോദിച്ചു. ഒരു ദുർബല നിമിഷത്തിൽ ഇതൊക്കെ പറ്റിപ്പോയി അങ്കിൾ. റോണി നാണത്തോടെ മുഖം കുനിച്ചു നിന്നു. അവന്റെ ഭാവം കണ്ടതും എല്ലാവരും അയ്യേ എന്ന കണക്ക് അവനെ നോക്കി. പക്ഷെ ചെക്കന് നാണംകൊണ്ട് വയ്യാ. ചേട്ടനെ കാണട്ടെടാ ഞാൻ എല്ലാം പറയുന്നുണ്ട്. ജോൺ അവനെ അടിമുടി ഒന്ന് നോക്കി. പൊന്ന് അങ്കിളേ ചതിക്കരുത്. ഞാൻ കാല് പിടിക്കാം. എന്റെ നല്ലവനായ പപ്പ എങ്ങാനും അറിഞ്ഞാൽ ഇതെല്ലാം കുളമാക്കി കയ്യിൽ തരും. കഷ്ടപ്പെട്ട് ബുദ്ധിമുട്ടിയാ അതിനെ ഞാനൊന്ന് വളച്ചത് എന്റെ സ്വപ്നങ്ങളുടെ മേൽ ജെസിബി കൊണ്ട് ഇടിച്ചു നിരത്തരുത് അപേക്ഷയാണ്. റോണി അയാളുടെ കൈ കൂട്ടിപ്പിടിച്ചു പറഞ്ഞു. മ്മ്മ്മ്.... ശരി ശരി ഞാനൊന്നും പറയുന്നില്ല. എന്നുകരുതി വല്ല ചുറ്റിക്കളിയും കാണിച്ചെന്ന് ഞാൻ അറിഞ്ഞാൽ..... ഇല്ല അങ്കിളേ ഞാനിനി അവളുടെ പരിസരത്തേക്കേ അധികം പോവില്ല. പോരെ??????

ആയാൽ നിനക്ക് കൊള്ളാം അല്ലാതെ പാതിരാത്രിക്ക് മതിൽ ചാടാനും മാല പൊട്ടിക്കാനും ഒന്നും പോവരുത് ഇവിടെ പോലീസുകാരൊക്കെ ഉള്ളതാ അല്ലെ മരുമോനെ????? ലാസ്റ്റ് ഡയലോഗ് ഒരു ഊന്നലോടെ പറഞ്ഞയാൾ അച്ചുവിനെ നോക്കി. ഈശോയെ അപ്പൊ അതും കണ്ടായിരുന്നോ????? അച്ചു ആത്മഗതം പറഞ്ഞ് അയാളെ നോക്കി ഇളിച്ചു കാണിച്ചു. ആഹ്..... മതി മതി ചർച്ച നടത്തിയത്. എടാ അപ്പൂ മോളേം വിളിച്ച് മണ്ഡപത്തിലോട്ട് കയറിക്കേ വന്നവർ മൊത്തം കിളിപോയി നിൽക്കുവാ ചെല്ല് ചെന്ന് ഫോട്ടോ എടുക്കാൻ നോക്ക്. ഗീത അത് പറയുമ്പോഴാണ് എല്ലാവരും മണ്ഡപത്തിലേക്ക് നോക്കുന്നത്. അവിടെ നിൽക്കുന്ന ഫോട്ടോഗ്രാഫർമാർ അടക്കം എല്ലാവരും വായും തുറന്ന് ഇങ്ങോട്ട് തന്നെ നോക്കി നിൽപ്പാണ്. നിശ്ചയം കഴിഞ്ഞ് ചെക്കനും പെണ്ണും മണ്ഡപത്തിൽ നിന്നിറങ്ങി കൂട്ടുകാരെ തല്ലുന്നത് ആദ്യം ആയിട്ടായിരിക്കും കാണുന്നത്. പാവങ്ങൾ. അപ്പു എല്ലാവരെയും നോക്കി ഇളിച്ചോണ്ട് നിവിയുടെ കയ്യും പിടിച്ച് അങ്ങോട്ട് നടന്നു. എന്നാലും എന്റെ ഗീതമ്മേ ഇതൊരുമാതിരി വല്ലാത്ത ചെയ്ത്തായിപ്പോയി. മണ്ഡപത്തിൽ വെച്ച് തന്നെ എല്ലാം ഇതുങ്ങളോട് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ ഇങ്ങനെ പട്ടിയെ പോലെ തല്ല് കൊള്ളേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ??????

റോണി നടുവിന് കയ്യും താങ്ങി നിന്ന് അവരോട് പറഞ്ഞു. ഇതെല്ലാം ഞങ്ങളുടെ പണി ആണെന്ന് പറഞ്ഞ് അങ്ങോട്ട് ചെന്നാൽ മതി അവനെന്നെ ഭിത്തിയിൽ പിടിച്ച് ഉരക്കും. രാവിലെ മുതൽ അവനെ ഞാൻ ചൊറിയാൻ തുടങ്ങിയതാ എല്ലാം കൂടി അവൻ എനിക്കിട്ട് തീർക്കും. ഇതാവുമ്പോ സേഫ് ആണ്. നിങ്ങളെ രണ്ട് പൊട്ടിക്കുമ്പോൾ അവന്റെ പകുതി ദേഷ്യം കുറയും ഈ സമയം ഞാൻ വന്ന് രണ്ട് സെന്റി ഡയലോഗ് അടിക്കും അതോടെ ശുഭം. പിന്നെ അപ്പൂനിട്ട് ഞാൻ ഇതുപോലെ ഒരു പണി നേരത്തെ ഓങ്ങി വെച്ചതാ. അവൻ കാരണം എന്റെ പാവം അച്ചൂട്ടൻ എമിയെ കാണാതെ എത്ര വിഷമിച്ച് നടന്നെന്ന് അറിയാവോ???? ഒരു ദിവസം എങ്കിൽ ഒരു ദിവസം അവനും ഈ വേദന ഒന്നറിയണം അതിനാ ഞാൻ ഇക്കണ്ട പ്ലാനിങ് മുഴുവൻ നടത്തിയത്. ഗീത പറഞ്ഞു നിർത്തി. ഇതെല്ലാം കേട്ട് റോണി വായും തുറന്ന് അന്തിച്ചു നിന്നുപോയി. എന്റെ ഗീതമ്മേ സമ്മതിച്ചു തന്നിരിക്കുന്നു. സ്വന്തം മകന് ഇങ്ങനെ പണി കൊടുക്കുന്ന ഒരു അമ്മയെ ഞാൻ ആദ്യായിട്ട് കാണുവാ. നമിച്ചു ഗുരോ.... റോണി അവരെ കയ്യടിച്ചു തൊഴുതു. നീ എന്നെ കളിയാക്കുവൊന്നും വേണ്ട. അവന്റെ അമ്മ ആയത് കൊണ്ടാ ഇത് ഒരു ദിവസത്തേക്ക് ആക്കി ചുരുക്കിയത്.

അച്ചു അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ കുറഞ്ഞത് ഒരു മാസം എങ്കിലും അവനെ വട്ടുപിടിപ്പിച്ച് നടത്തേണ്ടതാ. പാവം എന്റെ കുഞ്ഞ് എന്തോരം വിഷമിച്ചിട്ടുണ്ട് എന്നറിയോ???? ചില സമയം വന്നെന്റെ മടിയിൽ കിടന്ന് എനിക്കവളെ ഒരു തവണയെങ്കിലും കാണാൻ പറ്റുവോ എന്ന് ചോദിച്ചിട്ടുണ്ട്. അതൊക്കെ കാണുമ്പോൾ അപ്പുവിനിട്ട് നല്ല വീക്ക് വെച്ചുകൊടുക്കാൻ തോന്നും. ഇതുവരെ അവരെ രണ്ടുപേരെയും ഞാൻ വേർതിരിച്ചു കണ്ടിട്ടില്ല. അപ്പു എനിക്ക് എങ്ങനെ ആണോ അതുപോലെ തന്നെയാ എനിക്ക് അച്ചുവും. ഇന്നേവരെ അവൻ കാരണം എന്റെ കണ്ണ് നിറയാൻ അവൻ അനുവദിച്ചിട്ടില്ല. എന്റെ വയറ്റിൽ വന്ന് പിറന്നില്ല എന്നേ ഉള്ളൂ എന്റെ ഈ കയ്യിൽ കിടന്ന് തന്നെയാ അവനും വളർന്നത് അല്ലേടീ സാറേ?????? ആൽവിയോട് എന്തോ സംസാരിച്ച് നിൽക്കുന്ന അച്ചുവിൽ നോട്ടം ഉറപ്പിച്ചു കൊണ്ടവർ അടുത്ത് നിന്ന സാറായോടായി ചോദിച്ചു. പിന്നല്ലാതെ. ഇവളാണോ അതോ ഞാനാണോ അവന്റെ അമ്മ എന്ന് ചില സമയം എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അച്ചുവിനെ വീട്ടിൽ നിന്ന് മാറ്റി നിർത്തിയ അന്ന് മുതൽ ഇവൾ കുരിശിങ്കലിന്റെ പടി ചവിട്ടിയിട്ടില്ല. ആ കാര്യം പറഞ്ഞ് എന്നോട് തന്നെ ഇവൾ എത്ര നാൾ പിണങ്ങി ഇരുന്നെന്ന് അറിയാവോ??????

സാറായുടെ വാക്കുകൾ കേട്ടതും റോണി അതിശയത്തോടെ അവരെ ഒന്ന് നോക്കി. ഒരു പുഞ്ചിരി ആയിരുന്നു അവന് മറുപടിയായി കിട്ടിയത്. അച്ചു അവർക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വാക്കുകളിലൂടെയും അവരുടെ പുഞ്ചിരിയിലൂടെയും അവൻ മനസ്സിലാക്കുകയായിരുന്നു. ചില ബന്ധങ്ങൾ അങ്ങനെയാണ് ഒരേ രക്തത്തിൽ ജനിക്കണമെന്നോ ഗർഭപാത്രത്തിൽ ചുമക്കാണോ എന്നില്ല. പക്ഷെ അവർ നമ്മുടെ ജീവന്റെ തന്നെ ഒരു ഭാഗം ആയി മാറും. രക്തബന്ധത്തേക്കാൾ വലിയ ആത്മബന്ധം. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പപ്പാ............... ഏറെനാൾ കൂടി തന്റെ പപ്പയെ അടുത്ത് കാണുന്ന സന്തോഷത്തിൽ അവൾ ആവേശത്തോടെ അയാളെ ഇറുകെ പുണർന്നു. അത്യധികം വാത്സല്യത്തോടെ അയാൾ അവളെ ചേർത്ത് പിടിച്ചു. പപ്പേടെ കുഞ്ഞൻ സുന്ദരി കുട്ടി ആയല്ലോ?????? അവളുടെ നെറുകിൽ മുകർന്നു കൊണ്ടയാൾ പറഞ്ഞതും അവളുടെ മുഖം വിടർന്നു. ആണോ പപ്പാ?????? അതിശയം കൂറുന്ന മിഴികളോടെ അവൾ അയാളെ നോക്കി. പുത്തനുടുപ്പിട്ട് പപ്പയുടെ മുന്നിൽ അഭിപ്രായം അറിയാൻ നിൽക്കുന്ന കുഞ്ഞ് എമി ആവുകയായിരുന്നു അവളപ്പോൾ. അവർക്കരികിൽ നിന്ന് അച്ചു അതെല്ലാം ഒരു ചിരിയോടെ നോക്കി നിന്നു. ആടാ. എന്റെ കുഞ്ഞൻ പിന്നെ എന്തിട്ടാലും സുന്ദരി അല്ലെ????

അയാൾ അവളെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു. അല്ലേലും എന്റെ പപ്പ സത്യമേ പറയൂ. അവൾ ഗമയോടെ അയാൾ ഇട്ടിരുന്ന ഷർട്ടിന്റെ കോളർ ശരിയാക്കി കൊടുത്തു. പിന്നെ അങ്ങോട്ട്‌ വിശേഷങ്ങളുടെ കെട്ടഴിക്കൽ ആയിരുന്നു. കുരിശിങ്കലെ എല്ലാവരുടെയും കാര്യം തുടങ്ങി ഡിങ്കൻ മുതൽ വീടിന്റെ ചുവർ വരെ അവളുടെ സംസാരത്തിൽ കടന്നു വന്നുകൊണ്ടിരുന്നു. സ്റ്റെല്ല മാറി നിന്ന് അതെല്ലാം നോക്കി കാണുകയായിരുന്നു. അപ്പനും മകളും മാത്രമായുള്ള ലോകം. ചുറ്റിനും നടക്കുന്നതൊന്നും ഇരുവരുടെയും ശ്രദ്ധിക്കുന്നില്ല. അവരുടെ മാത്രം ലോകത്താണ്. വായുവിൽ കൈകൾ ചലിപ്പിച്ച് വാ തോരാതെയുള്ള അവളുടെ സംസാരം കാണാൻ തന്നെ ചേലാണ്. പണ്ടും ഇങ്ങനെ ആയിരുന്നു. സ്കൂൾ വിട്ട് ഓടി വീട്ടിൽ എത്തി ബാഗും വലിച്ചെറിഞ്ഞിട്ട് വാതിൽപ്പടിയിൽ പോയി പപ്പ വരുന്നതും നോക്കി അവൾ കാത്തിരിക്കും. ഗേറ്റ് കടന്ന് വണ്ടി വരുന്നത് കാണുമ്പോൾ തന്നെ പടിയിൽ നിന്നിറങ്ങി ഒരൊറ്റ ഓട്ടം ആയിരിക്കും ഓട്ടം ചെന്ന് നിൽക്കുന്നത് പപ്പയുടെ കയ്യിലും. പപ്പയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ച് ആ കൈകളിൽ ഇരിക്കുമ്പോൾ ആ കുഞ്ഞികണ്ണുകളിൽ സന്തോഷം അലതല്ലുകയായിരിക്കും.

പപ്പ കൊണ്ടുവരുന്ന മിട്ടായികൾ കൈനീട്ടി വാങ്ങുമ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷം ആയിരുന്നു അവളിൽ. പപ്പയെ പിന്നെ ഡ്രസ്സ്‌ പോലും മാറാൻ വിടാതെ മടിയിൽ കയറിയിരുന്ന് സ്കൂളിലെ വിശേഷങ്ങൾ ഒന്ന് വിടാതെ പങ്ക് വെക്കുമ്പോൾ തന്നെ ഇടംകണ്ണിട്ട് നോക്കുന്നത് എത്രയോ വട്ടം കണ്ടിരിക്കുന്നു. തന്നോടും അതെല്ലാം ഒന്നു വിടാതെ പറയാൻ അവൾ ഒരുപാട് ആശിച്ചിട്ടുണ്ട് എന്നാൽ ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞ് ഇന്നോളം താൻ അതെല്ലാം കണ്ടില്ല എന്ന് നടിച്ചിട്ടേ ഉള്ളൂ. ഇപ്പോൾ പോലും ഓടി പപ്പയുടെ കരവലയത്തിനുള്ളിൽ നിൽക്കുമ്പോഴും ഒരുപാട് ഏറെ തവണ ആ കണ്ണുകൾ തന്നെ തേടി എത്തിയിരുന്നു. എന്നത്തേയും പോലെ വഴക്കിടുമോ എന്ന് പേടിച്ചാണ് അവൾ വരാത്തത് എന്നവർ മനസ്സിലാക്കി. അലിവോടെ അവർ അവളെ തന്നെ നോക്കി നിന്നു. സ്റ്റെല്ലയുടെ നിൽപ്പും എമിയിലേക്ക് നീളുന്ന നോട്ടവും എല്ലാം അച്ചു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വാത്സല്യത്തോടെ എമിയെ നോക്കുന്ന അവരുടെ കണ്ണുകൾ അവനിൽ ഒരു പുഞ്ചിരി തെളിച്ചു. നിറ ചിരിയോടെ അവൻ തന്റെ പ്രാണനിലേക്ക് മിഴികൾ നട്ടു. എന്റെ പൊന്ന് കുഞ്ഞാ നീ ഈ കാര്യം എത്രാമത്തെ തവണയാണ് എന്നോട് പറയുന്നത് എന്ന് വല്ല ഓർമ്മയും ഉണ്ടോ??????

ആവേശത്തോടെ വീണ്ടും ഓരോന്ന് പറയാൻ തുനിഞ്ഞ അവളെ തടഞ്ഞു കൊണ്ടയാൾ ചോദിച്ചു. അത് കേട്ടതും അവളുടെ ചുണ്ടുകൾ കൂർത്തു. മുഖം വീർപ്പിച്ചവൾ അയാളെ നോക്കി. അച്ചൂ നീയിത് എങ്ങനെ സഹിക്കുന്നു മോനെ ഇവളെ?????? അയാൾ അച്ചുവിനോടായി ചോദിച്ചു. പഞ്ഞി ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്തു പോവുന്നു ഡാഡി. അച്ചു നെടുവീർപ്പിട്ട് പറഞ്ഞു നിർത്തിയതും അവളുടെ മുഖം ഇപ്പൊ പൊട്ടും എന്ന കണക്കായി. ദിവസം എത്ര പഞ്ഞി ചിലവാവും മോനെ?????? എമിയെ ഏറ് കണ്ണിട്ട് നോക്കിക്കൊണ്ട് അയാൾ ഗൗരവം മുഖത്ത് നിറച്ച് ചോദിച്ചു. അങ്ങനെ പ്രത്യേകം കണക്കൊന്നും ഇല്ല ഡാഡി വായിട്ടലക്കൽ അനുസരിച്ചിരിക്കും പഞ്ഞിയുടെ അളവും. എമിയെ ദേഷ്യം പിടിപ്പിക്കാനായി അവൻ പറഞ്ഞു. അതുകൂടി ആയതും എമി കണ്ണ് തുറിച്ച് രണ്ടുപേരെയും നോക്കി പേടിപ്പിച്ചു. കുറെ നേരം ആയല്ലോ അമ്മായിയപ്പനും മരുമോനും കൂടി കളിയാക്കാൻ തുടങ്ങിയിട്ട്. മതി എന്റെ മോളെ കളിയാക്കിയത്. മുന്നോട്ട് വന്ന് എമിയെ ചേർത്ത് പിടിച്ച് പറയുന്ന ആളെ കണ്ടതും എമി ഞെട്ടി പോയി. അമ്മ............... അവിശ്വസനീയതയോടെ അവൾ ഉച്ചരിച്ചു. അവളിലെ പകപ്പ് മനസ്സിലാക്കി അവർ സ്നേഹത്തോടെ അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അവളെ മാറോട് അടക്കി പിടിച്ചു. അവരുടെ ഭാവങ്ങൾ ഓരോന്നും അവൾക്ക് അപരിചിതമായിരുന്നു.

നടക്കുന്നതൊന്നും വിശ്വസിക്കാൻ ആവാതെ നിറ മിഴികളോടെ അവൾ ആ വാത്സല്യചൂടിനുള്ളിൽ ഒതുങ്ങി കൂടി. അത് കാൺകെ അവരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ഇന്നോളം അകറ്റി നിർത്തിയിട്ടേ ഉള്ളൂ വേദനിപ്പിച്ചിട്ടേ ഉള്ളൂ എന്നിട്ടും തന്റെ അരികിലേക്ക് തന്നെ അവൾ വീണ്ടും ഓടി എത്തിയിരുന്നു. ഉള്ളിലെ വിഷമങ്ങൾ പുറത്തേക്ക് ചാടാതിരിക്കാൻ അവർ പരിശ്രമിച്ചു കൊണ്ടിരുന്നു. ഇനിയെന്റെ മോളെ കളിയാക്കിയാൽ കെട്ട്യോനാണ് മരുമോനാണ് എന്നൊന്നും ഞാൻ നോക്കില്ല. നല്ല അടി വെച്ച് തരും ഹാ.......... തികട്ടി വന്ന തേങ്ങലുകൾ അടക്കി വെച്ചവർ കപടദേഷ്യത്തിൽ മുന്നോട്ട് നോക്കി പറയവെ അതുവരെ അത്ഭുതം നിറഞ്ഞ അവളുടെ മിഴികളിൽ അടങ്ങാത്ത ആഹ്ലാദവും കുറുമ്പും തിര തല്ലി. നിറഞ്ഞ ചിരിയോടെ ഗർവോടെ അവൾ അവരോട് ഒട്ടി നിന്നു. അയ്യോ നമ്മൾ ഒന്നും പറയുന്നില്ലേ????? ജോൺ തൊഴുതു കൊണ്ട് പറഞ്ഞു. എങ്കിൽ നിങ്ങൾക്ക് കൊള്ളാം. വാ മോളെ........ അതും പറഞ്ഞവർ അവളെയും കൂട്ടി തിരിഞ്ഞു നടന്നു. പോവുന്ന പോക്കിൽ തിരിഞ്ഞു നോക്കി അവരെ നോക്കി കൊഞ്ഞനം കുത്താനും അവൾ മറന്നില്ല. മകളുടെ മുഖത്തെ അടങ്ങാത്ത സന്തോഷം കണ്ടതും ആ അച്ഛന്റെ മനസ്സ് നിറഞ്ഞു. മുഖത്തെ കണ്ണട ഊരി മാറ്റി അയാൾ കലങ്ങിയ കണ്ണുകൾ അമർത്തി തുടച്ചു. അയാളുടെ മനസ്സറിഞ്ഞതെന്ന പോൽ അച്ചു അയാളുടെ ചുമലിൽ കൈ അമർത്തി നിറഞ്ഞ ചിരിയോടെ കണ്ണുകൾ ചിമ്മി. സ്വസ്ഥമായ മനസ്സോടെ അവർ അമ്മയുടെയും മകളുടെയും സംഭാഷണങ്ങൾക്ക് സാക്ഷ്യം വഹിച്ചു........ തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story