ഹൃദയതാളമായ്: ഭാഗം 96

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

സന്തോഷത്തോടെ ഓരോ വിശേഷങ്ങളും തന്നോട് എണ്ണി പെറുക്കി പങ്കുവെക്കുന്ന മകളെ സ്റ്റെല്ല പുഞ്ചിരിയോടെ നോക്കി ഇരുന്നു. പലരും നിസ്സാരം എന്ന് കരുതുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ വരെ അവൾ സന്തോഷം കണ്ടെത്തുന്നതും അതെല്ലാം ആവേശത്തോടെ പറയുന്നതും അവർ നിറ ചിരിയോടെ കേട്ടിരുന്നു. വലിയ ആഗ്രഹങ്ങളോ മോഹങ്ങളോ ഒന്നും തന്നെ ഇല്ല. തന്റെ പ്രിയപ്പെട്ടവരും അവരുടെ കൂടെ ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും ഓർമ്മയിലും ഹൃദയത്തിലും അവൾ എന്നും സൂക്ഷിക്കുന്നു. ഇത്രനാൾ അവഗണിച്ചിട്ടും സ്നേഹം നൽകാതിരുന്നിട്ടും തന്നോട് ഒരു തരി പോലും ദേഷ്യം കാണിക്കാതെ വാ തോരാതെ സംസാരിക്കുന്ന എമിയെ നോക്കിയിരിക്കെ അവരിൽ എന്തെന്നില്ലാത്ത വേദന തോന്നി. എന്തുകൊണ്ട് താൻ ഇതുവരെ മകളെ ശ്രദ്ധിച്ചില്ല. അവളുടെ കുറുമ്പുകളും കുസൃതികളും ആസ്വദിച്ചില്ല?????? ഒന്നിനും ഉത്തരമില്ല. എന്തോ മനസ്സ് വല്ലാതെ തകർന്ന് പോയിരുന്നു അതുകൊണ്ടല്ലേ സ്വന്തം മകളെ പോലും അകറ്റി നിർത്തിയത്.... അതീവ ദുഃഖത്തോടെ അവർ മനസ്സിൽ ചിന്തിച്ചു.

കൊള്ളാം ഞാനിവിടെ ഇത്രയും നേരം കിടന്ന് വായിട്ടലച്ചിട്ട് അമ്മ അതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് സ്വപ്നം കാണുവാണോ????? മുഖത്ത് ഗൗരവഭാവം വിരിയിച്ച് അവൾ അവരെ നോക്കി കണ്ണുരുട്ടി. നിന്റെ സംസാരം കേട്ടപ്പോൾ കുഞ്ഞായിരുന്നപ്പോഴുള്ള നിന്റെ കളിയൊക്കെ ഓർത്ത് ഇരുന്നു പോയതാ എന്റെ കുറുമ്പീ....... അവളുടെ മൂക്കിൽ പിടിച്ചു വലിച്ചവർ പറഞ്ഞു. പിന്നെന്തിനായിരുന്നു എന്നെ ഇത്രയും നാൾ അവഗണിച്ചത്???? അത് ചോദിക്കുമ്പോൾ പരിഭവത്താലും ഉള്ളിൽ ഒളിപ്പിച്ചു വെച്ച സങ്കടങ്ങളാലും അവളുടെ ശബ്ദം ഒന്നിടറി. കണ്ണുകളിൽ നനവ് പടർന്നു. വിതുമ്പൽ അടക്കി വെച്ച് നിറ കണ്ണുകളോടെ തന്നെ നോക്കിയിരിക്കുന്ന മകളെ കാൺകെ ഹൃദയം പിടയുന്നത് പോലെ അവർക്ക് തോന്നി. അവളുടെ ചോദ്യം തികച്ചും ന്യായമാണ്. അതിനുള്ള ഉത്തരം കൊടുക്കാൻ താൻ ബാധ്യസ്തയുമാണ്. പക്ഷെ എന്താ പറയേണ്ടത്????? നിനക്ക് ഒരു കൂടപ്പിറപ്പ് ഉണ്ടായിരുന്നെന്നോ????? അവൻ മരിച്ചു പോയെന്നോ???? അവനെ നഷ്ടപ്പെട്ട വേദനയിലാണ് ഞാൻ നിന്നെ അകറ്റി നിർത്തിയതെന്നോ???? എന്ത് മറുപടി നൽകും??????

അവർ നിസ്സഹയായി അവളെ നോക്കി. ദയനീയത നിറഞ്ഞ ആ നോട്ടം എമിയെ വേദനിപ്പിച്ചു. ആദ്യമായാണ് അമ്മയെ അങ്ങനെ ഒരു ഭാവത്തിൽ അവൾ കാണുന്നത്. തന്റെ ചോദ്യം അവരെ ഒത്തിരി നോവിക്കുന്നുണ്ട് എന്നവൾ തിരിച്ചറിഞ്ഞു. മോളെ ഞാൻ........ വേണ്ട.... അമ്മ പറയണ്ട. എനിക്കിനി അതൊന്നും അറിയണ്ട. സ്റ്റെല്ലയുടെ വാക്കുകളെ തടഞ്ഞു കൊണ്ടവൾ പറയാൻ ആരംഭിച്ചു. ഇന്നലെ വരെ എന്നോട് കാണിച്ചതൊന്നും ഞാൻ കാര്യമാക്കുന്നില്ല അതിന്റെ ഒന്നും കാരണം എനിക്ക് അറിയുകയും വേണ്ട. ഇന്ന് എന്നെ സ്നേഹത്തോടെ ചേർത്ത് നിർത്തിയില്ലേ???? എനിക്ക് വേണ്ടി വാദിച്ചില്ലേ???? എനിക്ക് അതൊക്കെ മതി. ഒരിക്കലും ഇങ്ങനെ ഒരു കാര്യം ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. ആഗ്രഹിച്ചിട്ടിട്ടുണ്ട് ഒന്നല്ല ഒരായിരം തവണ പക്ഷെ അതൊന്നും ഉണ്ടായില്ല. ഇന്ന് ഞാൻ എത്ര സന്തോഷിക്കുന്നുണ്ട് എന്നറിയോ????? ഒരുപാട് ഒരുപാട് പറഞ്ഞറിയിക്കാൻ കഴിയുന്നതിലപ്പുറം. അത് പറയവെ അവളുടെ മുഖം പതിവിലപ്പുറം തെളിഞ്ഞിരുന്നു. പക്ഷെ ഇനിയും എന്നെ അകറ്റി നിർത്തല്ലേ അമ്മേ എനിക്ക്.....

എനിക്കത് സഹിക്കാൻ പറ്റില്ല. വിങ്ങി പൊട്ടി അവൾ പറഞ്ഞു തീർന്നതും അവർ അവളെ മാറോട് അണച്ചു പിടിച്ചിരുന്നു. തന്നെ പൊതിയുന്ന അമ്മച്ചൂടിൽ ആശ്വാസം കണ്ടെത്തുകയിരുന്നു അവളപ്പോൾ. നാളേറെയായി ആഗ്രഹിച്ച ഇനിയൊരിക്കലും കിട്ടില്ല എന്ന് കരുതിയ സ്നേഹവും വാത്സല്യവും എല്ലാം തന്നിലേക്ക് വന്നു ചേർന്നതിന്റെ ഫലമായി അവളുടെ ചുണ്ടിൽ മായാത്ത ഒരു പുഞ്ചിരി തെളിഞ്ഞു. മാറി നിന്ന് അതെല്ലാം വീക്ഷിച്ചിരുന്ന അച്ചുവിന്റെയും ജോണിന്റെയും മനസ്സ് നിറഞ്ഞിരുന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 സ്റ്റേജിൽ ഗംഭീര ഫോട്ടോ എടുപ്പാണ്. ആരെല്ലാമോ വരുന്നു കൈകൊടുക്കുന്നു ചിരിക്കുന്നു സംസാരിക്കുന്നു ഫോട്ടോ എടുക്കുന്നു. ഫോട്ടോ എടുക്കാൻ വന്നവർ ഇറങ്ങി പോയതും അപ്പുവും നിവിയും ആശ്വാസത്തോടെ ഒന്ന് ഇരുന്നു. എന്നാൽ ഒരുപറ്റം ബന്ധുക്കൾ സ്റ്റേജിലേക്ക് കയറി വരുന്നത് കണ്ടതും അവരുടെയെല്ലാം നാല് തലമുറയെ മനസ്സിൽ ധ്യാനിച്ച് ഒരു ചിരിയോടെ ഇരുന്ന ഇടത്ത് നിന്നവർ വീണ്ടും എഴുന്നേറ്റു.

അങ്ങനെ ഇരുന്നും എഴുന്നേറ്റും നിന്നും ചിരിച്ചും എല്ലാം രണ്ടുപേരും ഒരു വഴിക്ക് ആവുന്നുണ്ട്. ഒരു സിനിമ കാണുന്ന ലാഘവത്തോടെ റോണി അതെല്ലാം നോക്കി നിന്നു. അവരിൽ നിന്ന് കണ്ണുകൾ മാറ്റവെ ഒരു സൈഡിൽ ആയി അരങ്ങേരുന്ന കാഴ്ച കണ്ടതും റോണിയുടെ കണ്ണ് തള്ളി പോയി. ഒരു പറ്റം പെൺകുട്ടികൾക്കിടയിൽ ചിരിച്ച് സംസാരിച്ചു നിൽക്കുന്ന ആൽവിച്ചൻ. പുലിവാൽ കല്യാണം സിനിമയിൽ സലീമേട്ടൻ പെൺപിള്ളേരുടെ നടുവിൽ ഇരിക്കില്ലേ ഏതാണ്ട് അതേ ഇരുപ്പ്. മാതാവേ ഇങ്ങേര് ഇതെന്ത് വല്ല ശ്രീകൃഷ്ണന്റേം ജന്മം ആണോ???? റോണി അന്തംവിട്ട് നോക്കി നിന്നുപോയി. ആൽവിച്ചൻ അവിടെ ചിരിയും കളിയും ഒക്കെയായി തകർക്കുവാണ്. ശൂ... ശൂ....... റോണി ആൽവിച്ചന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കി. ആൽവിച്ചൻ ശബ്ദം കേട്ടതും നിലത്തേക്കും പരിസരത്തേക്കും നോക്കാൻ തുടങ്ങി. ശൂ.... ശൂ.... ഇവിടെ ഇവിടെ...... റോണി അവന് നേരെ കയ്യുയർത്തി കാണിച്ചു. മ്മ്മ്മ് എന്താ??????? അൽപ്പം ജാഡയിട്ട് ആൽവിച്ചൻ കൈ മലർത്തി ചോദിച്ചു. ഒരു മിനിറ്റ് ഒന്നിങ്ങോട്ട് വരുവോ????

അവൻ കൈകൊണ്ട് ആംഗ്യം കാണിച്ചു വിളിച്ചു. ഈ ഫാൻസിന്റെ ഒരു കാര്യം. ലേഡീസ് ഞാനിപ്പൊ വരാം. കൂടെ നിന്ന പെൺകൂട്ടങ്ങളോട് എസ്ക്യൂസ്‌ പറഞ്ഞവൻ ആ തിരക്കിനിടയിൽ നിന്ന് വെളിയിൽ എത്തി. ആൽവിച്ചൻ അടുത്തെത്തിയതും റോണി അവനെ പിടിച്ച് അൽപ്പം മാറി നിന്നു. എന്റെ ആൽവിച്ചായാ നിങ്ങൾക്കിത് എങ്ങനെ സാധിക്കുന്നു?????? ഞാനൊക്കെ പുറകെ നടന്നാൽ പോലും ഒരു പെണ്ണും തിരിഞ്ഞു നോക്കില്ല. ഇത്രയും പെണ്ണുങ്ങളെ ഇതെങ്ങനെ മാനേജ് ചെയ്യുന്നു????? റോണി അതിശയത്തോടെ ചോദിച്ചു. അതാണ് ആൽവി. നീയൊക്കെ എന്നെപ്പറ്റി എന്താ കരുതിയത്???? നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു മനുഷ്യാ ഇതിന്റെ ട്രിക്ക് എനിക്കും കൂടി ഒന്ന് പറഞ്ഞു തരുവോ????? സോറി എത്തിക്സ് വിട്ടൊരു കളിയില്ല. ആൽവിച്ചൻ ജാഡയിട്ട് തിരിഞ്ഞു നിന്നു. അതെന്നാ പറച്ചിലാ ആൽവിച്ചായാ????? നാഴികയ്ക്ക് നാൽപ്പത് വട്ടവും തന്നെ പോലൊരു പുതുതലമുറയെ വാർത്തെടുക്കും എന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ ഞാനൊരു സഹായം ചോദിച്ചപ്പോൾ ജാഡ ഇറക്കുന്നോ????

കഷ്ടം ഉണ്ടെടോ..... മോനെ ഈ കോഴിത്തരം അതൊരിക്കലും പഠിപ്പിക്കാൻ കഴിയില്ല. പക്ഷെ പഠിക്കാം. ഞാനൊക്കെ എന്തോരം കഷ്ടപ്പെട്ടിട്ടാ ഇവിടം വരെ എത്തിയത് എന്നറിയോ??? അത് പറഞ്ഞതും എന്തോ ഓർമ്മയിൽ വലത്തേ കവിളിലേക്ക് കൈ നീണ്ടുപോയി. തന്റെ തള്ള് കേൾക്കാനല്ല ഞാൻ വിളിച്ചത്. പെണ്പിള്ളേരുടെ മുന്നിൽ ഹീറോ ആവാനുള്ള വഴിയാണ് ചോദിച്ചത്. റോണിയുടെ ക്ഷമ നശിച്ച് തുടങ്ങി. ആ വഴി ഞാൻ ദോ അവിടെ പറഞ്ഞാൽ മതിയോ????? കുറച്ച് മാറി നിൽക്കുന്ന മറിയാമ്മയെ ചൂണ്ടി ആയിരുന്നു ചോദ്യം. ടോ... ടോ.... അതിനെ ഞാൻ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വളച്ച് എടുത്തതാ വെറുതെ എന്റെ കഞ്ഞിയിൽ കൊണ്ടുവന്ന് മണ്ണ് വാരി ഇടരുത്. അതാണ് എനിക്കും പറയാനുള്ളത്. നിന്റെ ട്രൈ എല്ലാം എടുത്താണ് നീ അതിനെ വളച്ചത്. ഇനി ട്രൈ ചെയ്യാൻ നിനക്ക് ഒന്നും തന്നെ ബാക്കിയില്ല അതുകൊണ്ട് ഉള്ളത് കൊണ്ട് തൃപ്തിപ്പെടാൻ നോക്ക്. അല്ലാതെ കയ്യിൽ ഐശ്വര്യ റായിയെ വെച്ച് ചാള മേരിയുടെ പുറകെ പോവാൻ നോക്കിയാൽ അവസാനം കക്ഷത്തിൽ വെച്ചത് പോവേം ചെയ്യും ഉത്തരത്തിൽ ഇരിക്കുന്നത് ഒട്ട് കിട്ടികയുമില്ല.

വലിയൊരു സാരോപദേശം എന്ന കണക്ക് ആൽവിച്ചൻ പറഞ്ഞു നിർത്തി. എങ്കിൽ പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ??????? യാ പറഞ്ഞോളൂ...... ഇനി താൻ ആ പെൺപിള്ളേരുടെ അടുത്ത് പോയി ഇരുന്നാൽ അതെല്ലാം ഞാൻ ഷൂട്ട്‌ ചെയ്ത് റിയേച്ചിക്ക് അങ്ങ് അയച്ചു കൊടുക്കും. കക്ഷത്തിൽ ഉള്ളത് പോവുമ്പോഴുള്ള വിഷമം ഞാൻ മാത്രം അറിഞ്ഞാൽ പോരല്ലോ???? എടാ മഹാപാപീ എന്റെ കുടുംബം കലക്കാൻ ഞാൻ നിന്നോട് എന്ത് കാണിച്ചെടാ?????? ആൽവി പല്ല് കടിച്ച് അവനെ നോക്കി. സ്വന്തമായി ഒരു കെട്ട്യോളും കൊച്ചും ഉള്ള താൻ അങ്ങനെ ചിക്കി ചികഞ്ഞു നടക്കണ്ടടോ കാട്ടുകോഴീ. റോണി അവനെ പുച്ഛിച്ചു. ആൽവിച്ചൻ മൊത്തത്തിൽ ട്രാപ്പ്ഡ്. തന്നെ നോക്കി നിൽക്കുന്ന തരുണീമണികളെ കാണുമ്പോൾ ഉള്ളിലെ കോഴിക്കുഞ്ഞുങ്ങൾ ഉണരുന്നത് അറിയുന്നുണ്ടെങ്കിലും ഇനിയൊരു തല്ല് ഏറ്റുവാങ്ങാനുള്ള കരുത്ത് ശരീരത്തിന് ഇല്ലാത്തതിനാൽ കൊക്കി ഉണർന്ന കോഴികളെ ഉറക്കി കെടുത്തി തിരിഞ്ഞു നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

എമിയേയും സ്റ്റെല്ലയെയും സ്വസ്ഥമായി സംസാരിക്കാൻ വിട്ട് അച്ചുവും ജോണും അവിടെ നിന്ന് മാറി. സ്റ്റേജിൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന നിവിയെയും അപ്പുവിനെയും നോക്കി അവൻ അടുത്ത് നിന്ന തൂണിൽ ചാരി നിൽക്കുമ്പോഴാണ് ഒരു വിളി അവനെ തേടി എത്തുന്നത്. അച്ചൂ............... ആ വിളി കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കുമ്പോൾ ജോക്കുട്ടനെയും മടിയിൽ വെച്ച് സാറാ ഇരിക്കുന്നത് കണ്ടവൻ അങ്ങോട്ട് നടന്നു. എന്താ അമ്മച്ചീ???? നീയൊന്ന് ഇവനെ പിടിച്ചേ ഈ ചെറുക്കൻ എന്റെ കയ്യിൽ അടങ്ങി ഇരിക്കുന്നില്ല. തന്റെ മടിയിൽ ഇരുന്ന് ഞെരിപിരി കൊള്ളുന്ന ജോക്കുട്ടനെ ചൂണ്ടി അവരത് പറയവെ അത് ഇഷ്ടപ്പെടാത്തത് പോലെ ജോക്കുട്ടൻ സാറായെ നോക്കി പേടിപ്പിച്ചു. അച്ചൂ... ന്നെ കൊന്തു പൊ. ഇ അമ്മാമ്മ ചീത്തയാ.... സാറയ്ക്ക് നേരെ കൂർത്ത നോട്ടം എറിഞ്ഞവൻ അച്ചുവിനെ നോക്കി കൈ വിടർത്തി. ആണോടാ.... എങ്കിലേ എന്റെ കുഞ്ഞ് ഇങ്ങ് പോര്. നമുക്കേ അമ്മാമ്മയെ കൂട്ടണ്ട. ജോക്കുട്ടനെ പൊക്കിയെടുത്തു കൊണ്ടവൻ പറഞ്ഞു. കൂത്ത് വെത്തി.....

കവിൾ വീർപ്പിച്ച് കൈകൊണ്ട് ഇടിച്ചു കാണിച്ചു. ഓഹ്.... അച്ചൂനെ കിട്ടിയപ്പൊ എന്നെ വേണ്ടല്ലേ. നീ ഇനി റിയ കാണാതെ ഹോർളിക്സും ചോദിച്ച് വാ അപ്പൊ ഞാൻ കാണിച്ചു തരാം. സാറാ അവനെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞു. എനിച്ച് ഓളിസ് മേച്ചു തന്നത് അച്ചുവാ ഇനീം നാൻ എടുക്കും. ഞഞഞ്ഞ...... അവൻ സാറായെ നോക്കി കൊഞ്ഞനം കുത്തി. അച്ചുവേ എന്റെ മകനാ....... അല്ല അച്ചു എന്തേം എമീതേമാ. അച്ചുവിന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് അവൻ സാറായെ കെറുവിച്ച് നോക്കി. ആഹ് അവൾ ഒറ്റൊരുത്തിയാ ഇവനെ ഇങ്ങനെ വഷളാക്കുന്നത്. സാറാ അത് പറഞ്ഞതും ജോക്കുട്ടന്റെ മുഖം മാറി. എന്തെ എമിയെ പഞ്ഞാൽ ഇതിച്ചു നാൻ സൂപ്പാക്കും.... നാനെ ചൂപ്പർ മാനാ...... സാറാക്ക് നേരെ ഇടിക്കുന്നത് പോലെ കാണിച്ചവൻ കണ്ണുരുട്ടി. അയ്യോ നിന്റെ എമിയെ ഞാനൊന്നും പറയുന്നില്ലേ...... സാറാ തൊഴുതു കാണിച്ചതും ആളൊന്ന് മയപ്പെട്ടു. സാറായെ നോക്കി മുഖം വീർപ്പിച്ച് ചെക്കൻ മറു വശത്തേക്ക് തല വെട്ടിച്ച് ഇരുന്നു. അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ട് നിന്നവർ എല്ലാം ചിരിച്ചു പോയി.

വീർപ്പിച്ചു വെച്ചിരിക്കുന്ന അവന്റെ കവിളിൽ ഒന്ന് അമർത്തി ചുംബിച്ച് അച്ചു അവനെയും കൊണ്ട് കുറച്ച് മാറി നിന്നു. ഈ സമയം പന്തിയിൽ സദ്യ വിളമ്പി തുടങ്ങിയിരുന്നു. അച്ചു നോക്കുമ്പോൾ ഫസ്റ്റ് പന്തിയിൽ തന്നെ റോണിയും മറിയാമ്മയും ആൽവിയും സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വന്തം കൊച്ചിനെ പോലും നോക്കാതെ കഴിക്കാൻ പോയിരിക്കുന്നത് കണ്ടില്ലേ നല്ല ബെസ്റ്റ് തന്ത. അവൻ കയ്യിലിരുന്ന ജോക്കുട്ടനെയും വീട്ടിവിഴുങ്ങുന്ന ആൽവിയെയും മാറി മാറി നോക്കി. ഇതുപോലെ ഫസ്റ്റ് പന്തിയിൽ തന്നെ ഇരിക്കുന്ന ഒരെണ്ണം കൂടി ഉണ്ടായിരിന്നല്ലോ എന്നിട്ട് അവളിത് എവിടെ????? അച്ചു കണ്ണുകൾ കൊണ്ട് എമിയെ അവിടമാകെ തിരിഞ്ഞു. എന്നാൽ അവിടെയൊന്നും അവനവളെ കാണാൻ കഴിഞ്ഞില്ല. ഇനി ഇരുന്നില്ലേ????? ശെടാ അങ്ങനെ വരാൻ വഴിയില്ലല്ലോ. അച്ചു വീണ്ടും അവിടെയൊക്കെ നോക്കാൻ തുടങ്ങി. തിരച്ചിൽ തുടരുമ്പോഴാണ് ആരോ തോണ്ടുന്നത് പോലെ തോന്നിയത്. തിരിഞ്ഞു നോക്കവെ മുന്നിൽ നിൽക്കുന്ന എമിയെ കണ്ടവൻ നെറ്റിചുളിച്ചു. ആരെയാ ഈ വായിനോക്കുന്നത്??????

കണ്ണ് കൂർപ്പിച്ച് ഇടുപ്പിൽ കൈകുത്തി നിന്ന് ഗൗരവത്തിൽ അവൾ ഒറ്റ പുരികം പൊക്കി. അതോ..... ഫുഡ് എന്ന് കേട്ടാൽ ആദ്യ പന്തിയിൽ തന്നെ ഇടിച്ചു കേറുന്ന എന്റെ പെമ്പറന്നോത്തിയെ നോക്കിയതാ. അമർത്തി ചിരിയോടെ അവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു. പിന്നെ വെട്ടിതിരിഞ്ഞ് നിന്ന് ജോക്കുട്ടനുമായി ഓരോന്ന് സംസാരിക്കാൻ തുടങ്ങി. ഇന്നെന്തേ ഇടിച്ചു കയറാൻ പോവാഞ്ഞത്????? തന്നെ മൈൻഡ് ചെയ്യാതെ ജോക്കുട്ടനുമായി കളിച്ചു നിൽക്കുന്ന അവളെ ഒരു കയ്യാൽ ചേർത്ത് നിർത്തി ചോദിച്ചു. എനിക്ക് വിശപ്പ് തോന്നിയില്ല. അവനെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു. എന്റെ കൊച്ച് ഇന്ന് ഭയങ്കര ഹാപ്പി ആണല്ലോ????? അതേല്ലോ.... അത് എന്താണെന്ന് അറിയോ????? അവളിൽ കുറുമ്പ് നിറഞ്ഞു തുടങ്ങി. അറിയാം. എന്നാലും എന്റെ പൊടിക്കുപ്പിയുടെ വായിൽ നിന്ന് തന്നെ എനിക്കത് കേൾക്കണം.

പയ്യെ അവളുടെ നെറ്റിൽ തല മുട്ടിച്ചവൻ പറഞ്ഞു. ഇച്ചായാ അതുണ്ടല്ലോ???? അമ്മ ഇന്ന് എന്നോട് ഒത്തിരി ഒത്തിരി സംസാരിച്ചല്ലോ. കൊഞ്ചലോടെ പറഞ്ഞവൾ അവനിലേക്ക് ചേർന്ന് നിന്നു. അമ്മ എന്നോട് ദേഷ്യം കാണിക്കാതെ ഞാൻ പറയുന്നതെല്ലാം കേട്ടിരുന്നു, എന്നെ കെട്ടിപ്പിടിച്ചു, ഉമ്മ തന്നു. എന്നോട് ഒരുപാട് സ്നേഹത്തോടെ സംസാരിച്ചു. ഇനി ഒരിക്കലും എന്നെ അകറ്റി നിർത്തൂലാന്ന് വാക്കും തന്നു. നിറഞ്ഞ സന്തോഷത്തോടെ അവൾ പറയുന്നതവൻ പുഞ്ചിരിയോടെ നോക്കി നിന്നു. അവളുടെ കണ്ണുകളിലെ തിളക്കം മാത്രം മതിയായിരുന്നു അവൾ എത്രത്തോളം സന്തോഷവതി ആണെന്ന് മനസ്സിലാക്കാൻ. അത് കാൺകെ ഉള്ളിൽ തണുപ്പ് പടരുന്നത് അവൻ അറിഞ്ഞു. ഒരു ചിരിയോടെ അവളെ ചേർത്ത് പിടിക്കുമ്പോൾ മായാത്ത ഒരു പുഞ്ചിരി ഇരുവരുടെയും ചൊടികളിൽ തെളിഞ്ഞു നിന്നു....... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story