ഹൃദയതാളമായ്: ഭാഗം 97

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ചേട്ടാ കുറച്ച് ചോറ്.......... ഒരേ സമയത്ത് തന്നെ മൂന്ന് ശബ്ദങ്ങൾ കേട്ട് ചോറ് വിളമ്പി കൊണ്ട് നിന്ന ചേട്ടൻ തിരിഞ്ഞു നോക്കി. അതാ ഇല വടിച്ച് അടുത്ത ട്രിപ്പിനായി തയ്യാറായി ഇരിക്കുന്ന ആൽവിച്ചനും റോണിയും മറിയാമ്മയും. എന്താ ഒത്തൊരുമ????? മൂന്നിന്റെയും ഇരുപ്പ് കണ്ട് ഇതിനെയെല്ലാം ഒരേ അച്ചിൽ വാർത്തതാണോ എന്ന രീതിയിൽ അയാൾ ഒരു നോട്ടം. പിന്നെ ഓരോരുത്തർക്കായി വിളമ്പി കൊടുത്തു. കുറച്ച്.... കുറച്ച്.... കുറച്ചുകൂടി ആവാല്ലോ...... ആൽവിച്ചൻ പോഞ്ഞിക്കര കളിക്കുവാണ്. ക്ഷമ കേട്ടതും ചോറ് വിളമ്പിയ ചേട്ടൻ അവനെയൊന്ന് കലിപ്പിച്ചു നോക്കി. ഇങ്ങനെ നോക്കി പേടിപ്പിക്കാനായിട്ട് ഞാൻ ചോറല്ലേ ചോദിച്ചുള്ളൂ അല്ലാതെ ചേട്ടന്റെ വീടിന്റെ ആധാരം ഒന്നും ചോദിച്ചില്ലല്ലോ?????? ആൽവിച്ചൻ ഒരു ലോഡ് പുച്ഛം അയാൾക്ക് നേരെ എറിഞ്ഞു. ഇതൊക്കെ എവിടുന്ന് കുറ്റീം പറിച്ചു വരുന്നെടെ.... അതും പറഞ്ഞ് ഒരു തവി ചോറ് കൂടി അവന് ഇട്ടുകൊടുത്ത് അവിടെ നിന്ന് സ്ഥലം കാലിയാക്കി. ചുറ്റിനും ഉള്ളവർ ഇതെന്ത് ജീവി എന്ന കണക്ക് അവനെ ഒരു നോട്ടം. തിരിച്ച് എല്ലാവരെയും നോക്കി ഇളിച്ചു കാണിച്ച് ഇലയിലേക്ക് മുഖം പൂഴ്ത്തി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 എമിയും അച്ചുവും ജോക്കുട്ടനെയും കൊണ്ട് ഫോട്ടോ എടുക്കാൻ സ്റ്റേജിലേക്ക് കയറി.

തിരക്ക് ഒന്ന് ഒഴിയാൻ കാത്ത് നിൽക്കുവാരുന്നു രണ്ടും. ഫോട്ടോക്ക് പോസ് ചെയ്യാൻ നിന്നതും അപ്പു എമിയെ പിടിച്ചു കൂടെ നിർത്തി. ഇവളേ എന്റെ പെങ്ങളാ അപ്പൊ എന്റെ കൂടെ നിന്നാൽ മതി. എമിയെ ചേർത്ത് പിടിച്ചു അപ്പു അവരോടായി പറഞ്ഞു. എങ്കിലേ ഇത് എന്റെ ഏട്ടനാ. ഏട്ടൻ എന്റെ കൂടെ നിൽക്കും. നിവിയും വിട്ടുകൊടുക്കാതെ അച്ചുവിനെ പിടിച്ചു കൂടെ നിർത്തി. കുറച്ച് മുന്നേ വരെ ടെൻഷനും അടിച്ച് കരഞ്ഞ് പിഴിച്ച് നടന്നതുങ്ങളാ ഇപ്പൊ എൽകെജി പിള്ളേരെ പോലെ കിടന്ന് വഴക്ക് കൂടുന്നത് നാണമില്ലല്ലോ???? ഇതെല്ലാം കേട്ട് എമി രണ്ടിനെയും കളിയാക്കി. ഓഹ്.... ഈ പറയുന്ന നിങ്ങൾ രണ്ടും പിന്നെ വഴക്ക് എന്താന്ന് പോലും അറിയാത്തവർ ആണല്ലോ????? അപ്പു തിരിച്ചവർ രണ്ടിനെയും കളിയാക്കി. താൻ പോടോ കൊപ്പൂ..... എമി അവനെ കൊഞ്ഞനം കുത്തി മുഖം വെട്ടിച്ചു. അയ്യോ ഇനി ഇതിന്റെ വാലിൽ തൂങ്ങി ആങ്ങളയും പെങ്ങളും കൂടി തമ്മിൽ തല്ലണ്ട വാ നമുക്ക് ഫോട്ടോ എടുക്കാം. ഒന്നും രണ്ടും പറഞ്ഞ് അവർ രണ്ടുപേരും അടുത്ത ഒരു വഴക്കിനുള്ള തയ്യാറെടുപ്പ് ആണെന്ന് കണ്ടതും അച്ചു ഇടപെട്ടു.

അതോടെ രണ്ടും ഫോട്ടോക്ക് പോസ് ചെയ്യാൻ നിന്നു. വലത്തേ അറ്റത്ത് അച്ചു അവന്റെ അരികിൽ നിവി പിന്നെ അപ്പു ഒടുവിൽ എമി അങ്ങനെ ആയിരുന്നു നിന്നത്. എല്ലാവരുടെയും ഒത്ത നടുക്കായി ജോക്കുട്ടനെയും നിർത്തി. എല്ലാവരും ചിരിയോടെ പോസ് ചെയ്തതും ക്യാമറമാൻ അത് ഭംഗിയായി ഒപ്പിയെടുത്തു. ഫോട്ടോ എടുത്ത് കഴിഞ്ഞതും ജോക്കുട്ടൻ അച്ചുവിന്റെ കയ്യിൽ തന്നെ കയറിയിരുന്നു. അങ്ങനെ ഇത്രയും കാലം മോങ്ങിക്കൊണ്ട് നടന്ന നിനക്കും പെണ്ണ് കിട്ടി അല്ലേടാ????? അച്ചു പതിയെ അവന്റെ വയറിൽ ഇടിച്ചു. ഇടിച്ചു കലാക്കാതെടാ പന്നീ എനിക്ക് വല്ലതും തിന്നേണ്ടതാ. ഇന്നലെ രാത്രി മുതൽ മനുഷ്യൻ മര്യാദക്ക് ഒന്നും കഴിച്ചിട്ടില്ല. പായസത്തിന്റെ മണം അടിച്ചിട്ട് വെള്ളവും ഇറക്കി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി. ഇവിടെ ഉള്ളവർ ആണെങ്കിൽ കഴിക്കാനും വിളിക്കുന്നില്ല. ഒരു മനസാക്ഷി വേണ്ടേ????? എത്ര നേരായി ഞങ്ങൾ ഇങ്ങനെ നോക്ക് കുത്തി പോലെ നിൽക്കുന്നു. അപ്പു തന്റെ അമർഷം പുറത്ത് കാട്ടി. നേരം കുറെ ആയെ വിശപ്പ് സഹിച്ചു നിൽക്കുന്നു. നിവിയുടെ അവസ്ഥയും മറിച്ചല്ല.

ഇനി നോക്കി നിന്നാൽ സദ്യ കഴിഞ്ഞാലും കഴിക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയതും അപ്പു മുണ്ടും മടക്കി കുത്തി നിവിയെ പോലും നോക്കാതെ ഇറങ്ങി. ഇങ്ങേര് ഇതെങ്ങോട്ട് പോണെടി???? ആരെയോ തല്ലാൻ എന്നത് പോലെയുള്ള അവന്റെ പോക്ക് കണ്ട് നിവി അടുത്ത് നിന്ന എമിയെ തോണ്ടി. അവൻ വിശപ്പ് സഹിക്കാൻ കഴിയാതെ ഓടിയതാ. അച്ചു ചിരിയോടെ പറഞ്ഞു. എന്ത്???? എന്നെ കൂട്ടാതെ ഒറ്റയ്ക്ക് തിന്നാൻ പോവുന്നോ????? വിടില്ല ഞാൻ...... നിവി ഇറങ്ങി അവന് പുറകെ ഓടി. ഇനി നമ്മളായിട്ട് എന്തിനാ നോക്കി നിൽക്കുന്നത് വാടി നമുക്കും പോയി കഴിക്കാം. നേരാ എനിക്കും വിശക്കുന്നു. എമി അവന്റെ കയ്യിൽ തൂങ്ങി അവർക്ക് പുറകെ വെച്ച് പിടിച്ചു. പന്തിയിൽ കയറി സീറ്റ് പിടിച്ചു കഴിഞ്ഞാണ് നിവിയെ വിളിച്ചില്ലല്ലോ എന്നോർക്കുന്നത്. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവളെ തിരഞ്ഞതും തന്നെ നോക്കി പേടിപ്പിച്ച് സാരിയും താങ്ങി പിടിച്ചു വരുന്നവളെ കണ്ടതും അവൻ ഇളിച്ചു കാണിച്ചു. അവനെ നോക്കി കണ്ണുരുട്ടി അവന്റെ തൊട്ടടുത്ത് കിടന്ന സീറ്റിൽ കയറി ഇരുന്നു.

അവർക്ക് എതിർ വശത്തായി എമിയും അച്ചുവും ഇരുന്നു. ജോക്കുട്ടനെ അച്ചു തന്റെ മടിയിൽ തന്നെ ഇരുത്തി. ഇലയിട്ട് വിഭവങ്ങൾ ഓരോന്ന് വിളമ്പിയതും അച്ചുവിന്റെയും എമിയുടെയും ഇലയിൽ വിളമ്പിയ ഉപ്പേരിയും ശർക്കരവരട്ടിയും ജോക്കുട്ടൻ വയറ്റിലാക്കി. ഇരിക്കുന്ന രണ്ടുപേരെയും വിഷമിപ്പിക്കാതിരിക്കാൻ എമിയുടെയും അച്ചുവിന്റെയും കയ്യിൽ നിന്ന് മാറി മാറിയാണ് ജോക്കുട്ടൻ കഴിച്ചത്. ആൾക്ക് എരിവ് പാടില്ലാത്തത് കൊണ്ട് പരിപ്പും ചോറും പപ്പടയും കൂട്ടിയാണ് അവർ കൊടുത്തത്. അവിയലും കാളനും കൂടി ആയതും ആൾ ഹാപ്പി. സദ്യ കഴിച്ച് പായസം വന്നതും അച്ചുവിന്റെ പപ്പടം രണ്ടാക്കി ഭാഗിച്ചാണ് അവർ കഴിച്ചത്. എമിയുടെ പപ്പടം മുഴുവനും ജോക്കുട്ടൻ ചോറിന്റെ കൂടെയും അല്ലാതെയും ഒക്കെ കഴിച്ചു തീർത്തിരുന്നു. തല്ക്കാലം ഉള്ള പപ്പടവും പഴവും വെച്ച് അഡ്ജസ്റ്റ് ചെയ്ത് അവർ പായസവും കഴിച്ച് എഴുന്നേറ്റു. ജോക്കുട്ടനുള്ള പായസം ഒരു ഗ്ലാസിലാക്കി വാങ്ങി അവന്റെ കയ്യിൽ കൊടുത്തു. പിന്നെ അവനായി അവന്റെ പായസമായി. കൊച്ചിനെ കൊണ്ടുപോയി കണ്ട പെൺപിള്ളേരെ വായിനോക്കി നിന്ന ആൽവിച്ചനെ ഏൽപ്പിച്ച് രണ്ടുപേരും അവരുടെ പാട് നോക്കി പോയി. ആൽവിച്ചൻ എഗൈൻ ട്രാപ്പ്ഡ്. തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാത്തതിനേക്കാൾ തോൽവി മറ്റെന്തുണ്ട്????

ദയനീയമായി അവൻ കയ്യിലിരുന്ന ജോക്കുട്ടനെ നോക്കേണ്ട താമസം ചെക്കൻ അപ്പന്റെ ഷർട്ടിൽ തന്നെ പായസം കൊണ്ടൊരു കലാ സൃഷ്ടി ഒരുക്കി വെച്ച് കൃതാർത്ഥനായി. നിശ്ചയം കൂടിയ വകയിൽ ആൽവിച്ചന് നഷ്ടം പുതിയൊരു ഷർട്ടും. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 പരിപാടി എല്ലാം കഴിഞ്ഞതും ഓരോരുത്തരായി പോവാൻ ഇറങ്ങി. ഗീത നിവിയെ കെട്ടിപ്പിച്ച് നെറുകിൽ ചുംബിച്ച് യാത്ര പറഞ്ഞ് ആദ്യം തന്നെ ഇറങ്ങി. അപ്പു പോവാൻ മനസ്സില്ലാതെ തൂങ്ങി തൂങ്ങി നിന്നു. പോരാൻ വിളിച്ചപ്പോൾ ഗീതയ്ക്ക് നേരെ ചാടി കടിച്ച ആളാണ് കെട്ടുന്നതിന് മുൻപ് പെൺവീട്ടിൽ നിനക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്ന കണക്ക് നിൽക്കുന്നത്. ഓരോരോ അവസ്ഥകളെ..... എന്താടാ പോരാൻ ഉദ്ദേശം ഒന്നുമില്ലേ????? ഗീത അപ്പുവിന്റെ നിൽപ്പ് കണ്ട് ഗൗരവത്തിൽ ഒന്ന് ചോദിച്ചു. അങ്ങനെ ഒന്നൂല്ല...... എങ്ങനെ ഒന്നൂല്ലാന്ന്????? അവർ നെറ്റിചുളിച്ചു. അത് കേട്ടവൻ ഒന്നും മിണ്ടാതെ തൂണിൽ ചാരി നിന്ന് പരുങ്ങി. നീയെന്താടാ നിന്ന് താളം ചവിട്ടുന്നത്???? ഏയ്‌ ഒന്നൂല്ല അമ്മേ....... പിന്നെന്തിനാ ഇങ്ങനെ നിന്ന് ഞെരിപിരി കൊള്ളുന്നത്????

വല്ല മൂലക്കരുവും ഉണ്ടോ????? അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ടവർ ചോദിച്ചു. അത് കേട്ടതോടെ അവിടെ നിന്ന സകലരും ചിരിക്കാൻ തുടങ്ങി. ഇനി നിന്നാൽ ഉള്ള മാനം കപ്പൽ കയറും എന്ന് മനസ്സിലാക്കിയ അപ്പു ശരം വിട്ട കണക്ക് പുറത്തേക്ക് ഒറ്റ പോക്കായിരുന്നു. അവന്റെ പോക്ക് നോക്കി തിരിഞ്ഞതും അമ്മയുടെയും മകന്റെയും കളി കണ്ട് ചിരിയടക്കി നിൽക്കുന്ന നിവിയുടെ വീട്ടുകാരെ കണ്ടതും അവരൊന്ന് പുഞ്ചിരിച്ചു. ഇനിയും താമസിച്ചാൽ അവൻ ഈ വീട്ടിൽ കയറി താമസിച്ചെന്നിരിക്കും അതുകൊണ്ട് പോകുവാണേ. മായേ ഇറങ്ങുവാട്ടോ. ഗീത അവരുടെ കരം കവർന്നുകൊണ്ട് യാത്ര പറഞ്ഞു. എങ്കിൽ പിന്നെ ഞങ്ങളും അങ്ങോട്ട്‌ ഇറങ്ങുവാ. റിയയും അനുവും വീട്ടിൽ ഒറ്റയ്ക്കാ. പോളും പോവാൻ ഇറങ്ങി. നല്ല മഴയ്ക്കുള്ള കോളുണ്ട് ഞങ്ങളും ഇറങ്ങുവാ ഇനി നിന്നാൽ ശരിയാവില്ല അല്ലെ മക്കളെ????? ജോൺ പറയുന്നത് കേട്ടതും അച്ചു ശരി വെക്കുന്നത് പോലെ തലയാട്ടി. അതെന്ത് പോക്കാഡോ???? എല്ലാവരും കൂടി ഇറങ്ങിയാൽ പിന്നെ ഇവിടെ ആരാ ഉള്ളത്?????

കുറച്ച് കഴിഞ്ഞ് ചായകുടി ഒക്കെ കഴിഞ്ഞ് പോവാന്നെ. ഉദയൻ അവരെ തടഞ്ഞു കൊണ്ട് പറഞ്ഞു. പോവാൻ ധൃതി ഉണ്ടായിട്ടല്ലെടോ പിള്ളേർ രണ്ടും ഇന്ന് വീട്ടിലേക്കാ ഇവിടുന്ന് അത്യാവശ്യം ദൂരം ഉണ്ടെന്ന് അറിയാല്ലോ അതിനിടയിൽ ആണ് മഴ പെയ്യുന്നതെങ്കിൽ നനഞ്ഞു കുളിച്ചേ വീട്ടിൽ എത്തൂ. അതാ ഇറങ്ങാമെന്ന് വെച്ചത്. അയാൾ സ്വന്തം ഭാഗം വ്യക്തമാക്കി. ശരി എങ്കിൽ പിന്നെ ഞാൻ നിർബന്ധിക്കുന്നില്ല. പക്ഷെ കല്യാണത്തിന് നേരത്തെ തന്നെ ഇങ്ങ് പൊന്നേക്കണം കേട്ടല്ലോ????? ഉദയൻ ഓർമ്മപ്പെടുത്തി. അത് പിന്നെ പറയാനുണ്ടോ അങ്കിൾ. ഇവിടെ ഇപ്പൊ ചെക്കനും പെണ്ണും ഞങ്ങൾക്ക് ഒരേ പോലെ വേണ്ടപ്പെട്ടവർ അല്ലെ അതുകൊണ്ട് ഉറപ്പായും നേരത്തെ തന്നെ വന്നിരിക്കും. അച്ചു അയാൾക്ക് ഉറപ്പ് കൊടുത്തു. അപ്പൊ ശരി അങ്കിൾ ഞങ്ങൾ ഇറങ്ങുവാ. ഉദയന് കൈ കൊടുത്തവൻ മായയെ നോക്കി പുഞ്ചിരിച്ചു. മായമ്മേ ഉദയച്ഛാ പിന്നെ ഒരിക്കൽ വരാവേ...... രണ്ടുപേരെയും പുണർന്ന്. നിവിയുടെ തലയിൽ ഒരു കൊട്ടും കൊടുത്ത് എമി ഓടി. ഗേറ്റ് വരെ എത്തി നിവിയും വീട്ടുകാരും അവരെ യാത്രയാക്കി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

അച്ചുവിനോപ്പം തന്റെ വീട്ടിലേക്കുള്ള യാത്രയിൽ അവൾ എന്തെന്നില്ലാത്ത സന്തോഷത്തിൽ ആയിരുന്നു. അകമേ നിറയുന്ന ആനന്ദത്താൽ അച്ചുവിനെ ചുറ്റിപ്പിടിച്ച് അവന്റെ പുറത്ത് തല ചായച്ച് ഇരുന്നു. മേലെ കാർമേഘങ്ങൾ ഉരുണ്ടു കൂടി. പ്രണയചൂടിൽ മുങ്ങി നിൽക്കുന്ന ഭൂമിയെ കുളിരണിയിക്കാൻ വാനം തയ്യാറെടുത്ത് കഴിഞ്ഞു. മഴ തന്റെ വരവ് അറിയിക്കാൻ എന്ന പോൽ തണുത്ത കാറ്റിനെ ദൂതയച്ചു. ഇളം തണുപ്പുള്ള കാറ്റ് വന്ന് പൊതിയവെ ഉടലാകെ കുളിരു കോരി. മഴ ഇപ്പൊ പെയ്യും എന്നാ തോന്നുന്നത്. ചുറ്റിനുമുള്ള കാലാവസ്ഥ കാൺകെ വണ്ടി ഓടിക്കുന്നതിനിടയിൽ തന്നെ അവൻ പറഞ്ഞു. പെയ്യട്ടെ........... മേലേക്ക് നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവൾ മെല്ലെ മൊഴിഞ്ഞു. പറഞ്ഞു തീർന്നതും ഒരു മഴതുള്ളി അവളുടെ നെറ്റിയിൽ വീണുടഞ്ഞു. ആദ്യ നീർത്തുള്ളിയുടെ തണുപ്പ് നെറുകിലേക്ക് അരിച്ചിറങ്ങി. ഓരോ അണുവിനെയും നനയ്ക്കണം എന്ന വാശിയോടെ മഴ മണ്ണിന്റെ മാറിലേക്ക് പെയ്തിറങ്ങി. കാറ്റിന്റെ തേരിൽ വികൃതി കാട്ടി ഓരോ മഴതുള്ളികളും ഉടലിൽ വീണുലഞ്ഞു.

മഴ പെയ്തതും അച്ചു വണ്ടി ഓരം ചേർത്ത് നിർത്താൻ തുനിഞ്ഞു. ഇച്ചായാ നിർത്തണ്ട നമുക്ക് മഴ നനഞ്ഞു പോവാം. അച്ചുവിനെ തടഞ്ഞു കൊണ്ടവൾ അവന്റെ കാതിൽ പറഞ്ഞു. നല്ല മഴയാ വരുന്നത്. എവിടെയെങ്കിലും കയറി നിന്നില്ലെങ്കിൽ നനഞ്ഞു കുതിർന്നെ വീട്ടിൽ ചെല്ലൂ. വണ്ടി സൈഡിൽ നിർത്തുന്നതിനൊപ്പം അവൻ പറഞ്ഞു. എന്നാലും സാരമില്ല. ഇച്ചായന്റെ കൂടെ മഴ നനഞ്ഞ് ബുള്ളറ്റിൽ പോവാൻ ഞാൻ എന്തോരം ആഗ്രഹിച്ചിട്ടുണ്ട് എന്നറിയോ???? പ്ലീസ് ഇച്ചായാ പ്ലീസ് പ്ലീസ് പ്ലീസ്......... കെഞ്ചി പറഞ്ഞവൾ അവന്റെ ഷർട്ടിൽ മെല്ലെ വലിച്ചു. ശരി ശരി. പക്ഷെ മഴ കടുത്താൽ ഞാൻ എവിടെയെങ്കിലും ഒതുക്കും സമ്മതിച്ചോ????? നൂറു വട്ടം സമ്മതം ഇച്ചായൻ വണ്ടി എടുക്ക്. ആഹ്ലാദത്തോടെ പറഞ്ഞവൾ അവനെ ചുറ്റിപ്പിടിച്ചു. അവളുടെ വാക്കുകളിലെ ആവേശം അവനിൽ ഒരു പുഞ്ചിരി വിടർത്തി. മനസ്സ് കൊണ്ട് ആ യാത്ര ഏറെ ആഗ്രഹിച്ചത് പോലെ അവൻ വണ്ടി മെല്ലെ മുന്നോട്ടെടുത്തു. പെയ്തിറങ്ങുന്ന മഴതുള്ളികളെ കൈവിടർത്തി തന്നിലേക്ക് സ്വീകരിച്ചും ഇടയ്ക്കിടെ കുറുമ്പൊടെ തട്ടി തെറിപ്പിച്ചും മുന്നോട്ടുള്ള യാത്ര അവൾ ആസ്വദിക്കുകയായിരുന്നു.

ഇരുദേഹവും മഴയിൽ നനഞ്ഞു കുതിർന്നെന്നാലും ആ യാത്ര മതിയാക്കാൻ മനസ്സ് വന്നിരുന്നില്ല. മഴ വീണ്ടും ശക്തി പ്രാപിച്ചു തുടങ്ങിയതും അച്ചു റോഡ് സൈഡിലെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിന് മുന്നിൽ വണ്ടി നിർത്തി. വേഗം ഇറങ്ങ്............ അവൻ പറഞ്ഞതും എമി വേഗം ഇറങ്ങി ഗൗൺ പൊക്കിപ്പിടിച്ച് ആ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറിയിരുന്നു. പുറകെ ഹെൽമെറ്റ്‌ അഴിച്ച് അവനും. മഴ മുഴുവൻ നനഞ്ഞ് ഇരുവരും ഇട്ടിരുന്ന വേഷം എല്ലാം നനഞ്ഞ് ഒട്ടിയിരുന്നു. കൈകൊണ്ട് മുടിയിലെ വെള്ളം തട്ടി കളഞ്ഞവൾ വിറച്ചു. നനഞ്ഞൊട്ടി നിൽക്കുന്നതിന് പുറമെ പെയ്തിറങ്ങുന്ന മഴയുടെ തണുപ്പ് കൂടി ചേർന്നതും ദേഹം കുളിർന്ന് പല്ലുകൾ കൂട്ടിയിടിച്ചു. കൈകൾ പിണച്ചു വെച്ച് അവൾ തണുപ്പ് ശമിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. മഴ തുടങ്ങിയപ്പോഴേ ഞാൻ വണ്ടി ഒതുക്കിയതല്ലേ???? അപ്പൊ എന്തായിരുന്നു മഴ നനയണം. ബുള്ളറ്റിൽ ഒട്ടിയിരുന്നു പോവണം എന്നിട്ട് ഇപ്പൊ നിന്ന് തണുത്ത് വിറച്ചു തുള്ളുന്നത് കണ്ടോ????? അച്ചു അവൾക്ക് നേരെ ദേഷ്യപ്പെട്ടു. മറുപടി ഒന്നും ഇല്ലാത്തത് കൊണ്ട് അവളൊന്ന് ഇളിച്ചു കാട്ടി. പല്ല് കൂട്ടിയിടിച്ച് ശബ്ദം വെളിയിൽ കേൾക്കുന്നതിനിടയിലും നിന്ന് ഇളിക്കുന്ന അവളെ നോക്കിയതും അവൻ ദേഷ്യം മറന്ന് ചിരിച്ചു പോയി.

അവന്റെ മുഖത്തെ പുഞ്ചിരി കണ്ട് അവളും ചമ്മിയ ഒരു ചിരി ചിരിച്ചു. മെല്ലെ അതൊരു പൊട്ടിച്ചിരിക്ക് വഴി മാറി. ചിരി അടക്കാൻ കഴിയാതെ ഉച്ചത്തിൽ അവർ ചിരിച്ചു പോയി. ചിരിക്കിടയിൽ തന്നെ തണുപ്പിനാൽ അവനിലേക്ക് അവൾ ചേർന്ന് നിന്നു. ഇരു കയ്യാൽ അവൻ അവളെ വലയം ചെയ്ത് കൈക്കുള്ളിലേക്ക് നിർത്തി. കുളിരുകോരുന്ന തണുപ്പിൽ നിന്ന് നേർത്തൊരു ആശ്വാസം കിട്ടുന്നത് അവൾ അറിഞ്ഞു. അവന്റെ നെഞ്ചിലേക്ക് ചേർന്ന് നിന്ന് കോരിച്ചൊരിയുന്ന ആ മഴയെ ആസ്വദിച്ചു കൊണ്ടവൾ അങ്ങനെ നിന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 മഴ തെല്ലൊന്ന് അടങ്ങിയതും അച്ചു മെല്ലെ എമിയെ അടർത്തി മാറ്റി. മഴ തോർന്നിട്ടുണ്ട് വാ അടുത്ത മഴയ്ക്ക് മുന്നേ നമുക്ക് പോവാം. അവളുടെ കൈയിൽ കോർത്തു പിടിച്ച് മെല്ലെ പുറത്തേക്ക് ഇറങ്ങിയവൻ പറഞ്ഞു. ശരിയാണ് മഴ തോർന്നിട്ടുണ്ട്. ഇപ്പൊ തീരെ നേർത്തൊരു ചാറ്റൽ മഴ മാത്രമേ ഉള്ളൂ. എങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് നിലനിൽക്കുന്നുണ്ട്. അച്ചു വണ്ടിയിലേക്ക് കയറി ഹെൽമെറ്റ്‌ എടുത്ത് വെച്ചതും പോക്കറ്റിൽ കിടന്ന മൊബൈൽ റിങ് ചെയ്യുന്നതും ഒരുമിച്ചായിരുന്നു. അവൻ വേഗം തന്നെ മൊബൈൽ കയ്യിൽ എടുത്ത് നോക്കി. പപ്പയാ വിളിക്കുന്നത്.

തന്നെ നോക്കി നിൽക്കുന്ന എമിയെ നോക്കി പറഞ്ഞവൻ കാൾ അറ്റൻഡ് ചെയ്തു. നിങ്ങൾ എവിടെയാ അച്ചൂ എത്ര നേരമായി ഞങ്ങൾ നോക്കിയിരിക്കുന്നു?????? കാൾ എടുത്തതും ആധി നിറഞ്ഞ അയാളുടെ ചോദ്യം എത്തി. മഴ കാരണം ഒരിടത്ത് കയറി നിൽക്കുവായിരുന്നു പപ്പാ. ദേ ഇപ്പൊ അങ്ങോട്ട് എത്തും. അയാൾക്കുള്ള മറുപടി എന്ന പോൽ അവൻ പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തു. ഇതുവരെ നമ്മളെ കാണാത്തത് കൊണ്ട് വിളിച്ചതാ. ഇന്നാ ഈ ഫോൺ കയ്യിൽ വെച്ചോ. മൊബൈൽ അവൾക്ക് കൈമാറി അവൻ പറഞ്ഞു. ഫോൺ വാങ്ങി കയ്യിൽ പിടിച്ചവൾ അവന്റെ ചുമലിൽ കൈ വെച്ച് അവന് പുറകിൽ കയറി. അവൾ ഇരുന്നു എന്നുറപ്പായതും അവൻ വേഗം തന്നെ വണ്ടി മുന്നോട്ട് എടുത്തു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 നനഞ്ഞ കോഴികളെ പോലെ തണുത്ത് വിറച്ച് കയറി വരുന്ന എമിയേയും അച്ചുവിനെയും കണ്ടതും സ്റ്റെല്ലയും ജോണും ഓടി പുറത്തേക്ക് എത്തി. ഇതെന്നതാ പിള്ളേരെ ഇത്???? നിങ്ങൾ ഇതെങ്ങനെ ഇത്ര നനഞ്ഞു???? ജോൺ വെപ്രാളത്തോടെ അവരെ മാറി മാറി നോക്കി ചോദിച്ചു. ചോദ്യം കേട്ടതും അച്ചു എമിയെ ഒന്ന് തറപ്പിച്ച് നോക്കി.

ഞാനൊന്നും അറിഞ്ഞിട്ടില്ലേ രാമനാരായണ എന്ന ഭാവത്തിൽ അവൾ പുറത്തെ ചെടികളുടെ എണ്ണം എടുത്തു. അവന്റെ നോട്ടവും എമിയുടെ നിൽപ്പും കണ്ടതും അയാൾക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടി. ഈ സമയം കൊണ്ട് സ്റ്റെല്ല ഓടി അകത്ത് നിന്ന് ടവൽ എടുത്തുകൊണ്ടു വന്നിരുന്നു. ഇന്നാ അച്ചൂ തല തുവർത്ത് അല്ലെങ്കിൽ നീർദോഷം വരും. അത് കേട്ടവൻ എമിയുടെ കാര്യം പറയാൻ ആഞ്ഞതും അവന്റെ കയ്യിലേക്ക് ടവൽ വെച്ച് കൊടുത്ത് അവർ എമിക്ക് അരികിൽ ചെന്ന് നിന്ന് സാരിതുമ്പ് കൊണ്ട് അവളുടെ തല തുവർത്തി കൊടുത്തു. അവരുടെ പ്രവർത്തി കണ്ട് പറയാൻ വന്നത് ഉപേക്ഷിച്ച് അവൻ പുഞ്ചിരിയോടെ അവരെ നോക്കി. തല തുവർത്തുന്നതിനിടയിൽ തണുത്ത് വിറച്ചു കൊണ്ട് അമ്മയുടെ ചൂട് പറ്റി അവരിലേക്ക് ചേർന്ന് നിൽക്കുമ്പോൾ എന്തിനോ വേണ്ടി അവളുടെ കണ്ണുകളിൽ നനവ് പടർന്നു ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരിയും...... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story