ഹൃദയതാളമായ്: ഭാഗം 98

hridayathalamay

എഴുത്തുകാരി: ആർദ്ര അമ്മു

ഹാച്ചി......... ഒന്ന്. ഹാച്ചി......... രണ്ട്. ഹാച്ചി........ മൂന്ന്. മൂന്നാമത്തെ തുമ്മും തുമ്മി എമി മൂക്ക് തടവി ഇരുന്നു. എടീ ഇപ്പൊ മൂന്നേ ആയുള്ളൂ. നീയൊന്ന് ട്രൈ ചെയ്താൽ നമുക്ക് മിനിറ്റിൽ ഏറ്റവും കൂടുതൽ തുമ്മിയ റെക്കോർഡ് നിന്റെ പേരിൽ ഇടാം. ട്രൈ എമീ ട്രൈ... നിന്നെക്കൊണ്ട് പറ്റും നിസ്സാരം.... റോണി അടുത്ത എണ്ണം പിടിക്കാനായി അവളെ പ്രോത്സാഹിപ്പിച്ചു. തുമ്മി പാട് വന്നിരിക്കുന്ന എമി അത് കേൾക്കണ്ട താമസം അവനെ നോക്കി പല്ല് കടിച്ചു. മഴയത്ത് ബൈക്കിൽ കറങ്ങി ഇതെല്ലാം ഒപ്പിച്ചു വെച്ചിട്ട് നീ എന്നെ നോക്കി പേടിപ്പിക്കുന്നോ????? അതിന് മറുപടി ഒന്നും പറയാതെ അവൾ അവനെ തറപ്പിച്ച് ഒന്ന് നോക്കി. സാധാരണ ആളുകൾക്ക് വെയിൽ മൂക്കുമ്പോൾ പ്രാന്തിളകും എന്നൊക്കെ കേട്ടിട്ടുണ്ട് മഴ കാണുമ്പോൾ ഇതുപോലെ വട്ടിളകി കാണുന്നത് ഇത് ആദ്യായിട്ടാ. വട്ട് നിന്റെ മറിയാമ്മക്ക്. ഏറ്റു പോടാ അലവലാതി..... എമി അവന് നേരെ ചീറി. നീ തുമ്മി തുമ്മി പണ്ടാരം അടങ്ങി പോകുവെടീ മറുതേ. റോണി അവളെ നോക്കി പുച്ഛിച്ച് എഴുന്നേറ്റു പോയി. ഹാച്ചി...........

എമി ഒന്നുകൂടി തുമ്മി. അവന്റെ പ്രാക്കാണോ എന്തോ???? നേരാവണ്ണം തല തുവർത്താതെ ഇരുന്നാൽ ജലദോഷം വരുന്ന പെണ്ണ് മഴ നനയാൻ പോയി വന്നിരിക്കുന്നത് കണ്ടില്ലേ???? ഒരെണ്ണം അങ്ങ് വെച്ച് തന്നാലുണ്ടല്ലോ???? സ്റ്റെല്ല അവൾക്ക് നേരെ ദേഷ്യപ്പെട്ടു. എന്നാൽ എന്നത്തേയും പോലെ ആയിരുന്നില്ല ആ ശകാരം. ഒരമ്മയുടെ ആധിയും മകളോടുള്ള കരുതലും എല്ലാം ആ വാക്കുകളിൽ നിറഞ്ഞിരുന്നു. തന്നെ വഴക്കിടുന്ന സ്റ്റെല്ലയെ കണ്ടതും അവൾ ചുണ്ട് പിളർത്തി എതിർ വശത്തെ സോഫയിൽ ഇരുന്ന അച്ചുവിനെ ഒന്ന് നോക്കി. തന്നെ കലിപ്പിച്ച് നോക്കി ഇരിക്കുന്ന അച്ചുവിനെ കണ്ടതും നോക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അവൾ വേഗം തന്നെ മുഖം തിരിച്ചു കളഞ്ഞു. എന്തിനാ കുഞ്ഞാ മഴ നനഞ്ഞ് വരാൻ വാശി പിടിച്ചത്???? അതല്ലേ ഇങ്ങനെ ഒക്കെ വന്നത്. ജോൺ അവളുടെ അടുത്ത് വന്നിരുന്ന് തലയിൽ തഴുകി അലിവോടെ ചോദിച്ചു. ഒരു കൊതി തോന്നിയത് കൊണ്ടാ പപ്പാ. തല താഴ്ത്തി അവൾ പറഞ്ഞു. എന്നിട്ടിപ്പോ വയ്യാതെ ആയപ്പോൾ മതിയായല്ലോ അല്ലെ????

ഹാ വിട് സ്റ്റെല്ലേ. മഴ നനഞ്ഞതിന്റെ പേരിൽ താൻ ഒരുപാട് ദേഷ്യപ്പെട്ടതല്ലേ???? ഇനി അവളെ വഴക്ക് പറയണ്ട. എന്നത്തേയും പോലെ ജോൺ അവളുടെ രക്ഷയ്ക്ക് എത്തി. അത് കേട്ടതും സ്റ്റെല്ല ഒന്ന് അടങ്ങി. മ്മ്മ്.... ഇനി ഞാൻ വഴക്ക് പറയുന്നില്ല. പക്ഷെ ഇനി മേലിൽ ഇത് ആവർത്തിക്കരുത് കേട്ടല്ലോ????? അവൾക്ക് നേരെ വിരൽ ചൂണ്ടി അവർ പറയുന്നത് കേട്ടതും അവൾ തലയാട്ടി സമ്മതിച്ചു. നിങ്ങൾ വൈകിട്ടും ഒന്നും കഴിച്ചില്ലല്ലോ രണ്ടാൾക്കും വിശക്കുന്നുണ്ടാവും. ഞാൻ അത്താഴം എടുത്ത് വെക്കാം. സ്റ്റെല്ല പതിയെ അവളുടെ കവിളിൽ തഴുകി പറഞ്ഞ് എഴുന്നേറ്റു. അവർ പോയ പുറകെ ഒരു കാൾ വന്നതും ജോണും എഴുന്നേറ്റു പോയി. അച്ചുവും എമിയും മാത്രം ബാക്കിയായി. അച്ചുവിന്റെ മുഖം കനത്ത് ഇരിക്കുന്നത് കണ്ടതും അവൾ മെല്ലെ എഴുന്നേറ്റ് അവനരികിൽ പോയിരുന്നു. ഇച്ചായാ............ പതിയെ അവന്റെ കയ്യിൽ വലതു കരം ഉറപ്പിച്ചവൾ വിളിച്ചു. അതിന് മറുപടിയായി ഒരു കൂർത്ത നോട്ടം ആയിരുന്നു. സോറി...........

ഇരു ചെവിയിലും പിടിച്ച് അവൾ ദയനീയമായി അവനെ നോക്കി. ചുണ്ട് പിളർത്തി വെച്ച് കണ്ണുകളാൽ അപേക്ഷിക്കുന്ന അവളെ കണ്ടതും എന്തോ ദേഷ്യം എല്ലാം അലിഞ്ഞില്ലാതായി. അത് അല്ലെങ്കിലും എപ്പോഴും അങ്ങനെ തന്നെ ആണല്ലോ എന്തൊക്കെ കുരുത്തക്കേട് കാണിച്ചാലും അവസാനം മുന്നിൽ വന്ന് നിഷ്കളങ്കമായി ഒരു നിൽപ്പുണ്ട്. കൂടെ ഇതുപോലെ കുറെ കാട്ടിക്കൂട്ടലുകളും ഇതെല്ലാം കാണുമ്പോൾ ആരായാലും ദേഷ്യം മറന്നു പോവും. അവൻ ഒരു ചിരിയോടെ മനസ്സിൽ ഓർത്തു. ഹൈ ചിരിച്ചു. അപ്പൊ എന്നോട് പിണക്കം ഒന്നും ഇല്ലല്ലോ????? അല്ലെ???? വർധിച്ച സന്തോഷത്തോടെ അവൻ ഇട്ടിരുന്ന ബനിയനിൽ പിടിച്ചു വലിച്ചവൾ അവനെ നോക്കി. അത് കേട്ടതും അവൻ മുഖത്ത് ഗൗരവം അണിഞ്ഞു. ഇനി ഇമ്മാതിരി പണി കാണിക്കുവോ??? ഇല്ലില്ല... ഇനി ഒരിക്കലും കാണിക്കൂല. സത്യം. തലയിൽ കൈവെച്ചവൾ ആണയിട്ട് പറഞ്ഞു. ശരി. ഇപ്പ്രാവശ്യത്തേക്ക് തല്ക്കാലം ഞാൻ ക്ഷമിച്ചു. പക്ഷെ ഇതിനുള്ള ശിക്ഷ ഞാൻ എന്തായാലും തരും. അത് കേട്ടതും അവൾ ചുണ്ട് കൂർപ്പിച്ചു. ക്ഷമിച്ചു എന്ന് പറഞ്ഞിട്ട് പിന്നെന്തിനാ ശിക്ഷ?????? പരിഭവത്തോടെ അവൾ മുഖം വീർപ്പിച്ചു. ഇനിയത് ആവർത്തിക്കാതിരിക്കാൻ. ആവർത്തിക്കില്ല എന്ന് ഞാനും പറഞ്ഞതല്ലേ??????

അയ്യാ. പറഞ്ഞാൽ അത് അതുപോലെ അനുസരിക്കുന്ന ഒരാൾ. ചെയ്യണ്ട എന്ന് പറഞ്ഞാൽ അത് തന്നെ നീ ചെയ്യും എന്നെനിക്കറിയാം അതുകൊണ്ടാണ് ശിക്ഷ. എന്തായാലും മഴ നനഞ്ഞ് കൊച്ച് കുറെ ക്ഷീണിച്ചതല്ലേ വാ നമുക്ക് വല്ലതും കഴിക്കാം. അവളെ പിടിച്ച് എഴുന്നേൽപ്പിച്ചവൻ പറഞ്ഞു. മുഖം വീർപ്പിച്ച് അവന്റെ കൂടെ ഡൈനിങ്ങ് റൂമിലേക്ക് അവളും നടന്നു. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഇതെന്താ കഞ്ഞിയോ????? എനിക്ക് കഞ്ഞി വേണ്ട...... മുഖം ചുളിച്ചവൾ മുന്നിലിരുന്ന ആവി പറക്കുന്ന കഞ്ഞി നീക്കി വെച്ചു. നിനക്ക് ചെറിയൊരു പനിക്കൊളുണ്ട് അതുകൊണ്ട് കഞ്ഞി കുടിച്ചാൽ മതി. കഴിഞ്ഞ കൊല്ലം ഓർമ്മയുണ്ടല്ലോ ഞങ്ങൾ വീട്ടിൽ ഇല്ലാതിരുന്ന സമയം ടെറസ്സിൽ പോയി കിടന്ന് മഴയത്ത് തുള്ളി രാത്രി ഇതുപോലെ തുമ്മി തുമ്മി ഇരുന്നത്. അന്ന് ഇതുപോലെ കഞ്ഞി വേണ്ടെന്ന് പറഞ്ഞ് വാശി പിടിച്ച് ഹെവി ഫുഡ് കഴിച്ച് ഛർദിച്ച് രണ്ട് ദിവസമാ ഹോസ്പിറ്റലിൽ പോയി കിടന്നത്. അതുകൊണ്ട് ഈ കഞ്ഞി അങ്ങ് കുടിച്ചേച്ചാൽ മതി. സ്റ്റെല്ല അറുത്തു മുറിച്ച് പറഞ്ഞു.

ഒരു ആശ്രയത്തിനെന്നപോലെ അവൾ ജോണിനെയും അച്ചുവിനെയും മാറി മാറി നോക്കി. കുടിക്ക് കുഞ്ഞാ... വയ്യാത്തത് കൊണ്ടല്ലേ അമ്മ പറയുന്നത്. ജോണിന്റെ മറുപടി കേട്ടതും രക്ഷയില്ലാതെ അവൾ അച്ചുവിനെ ഒന്നുകൂടി നോക്കി. ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് മഴ കൊണ്ടപ്പോൾ ആലോചിക്കണമായിരുന്നു. ഒരനുഭവം ഉണ്ടായിട്ടും പഠിക്കാത്തത് കൊണ്ടല്ലേ അതുകൊണ്ട് മര്യാദക്ക് കഞ്ഞി കുടിക്ക്. അച്ചുവും അവളെ നിഷ്കരുണം കയ്യൊഴിഞ്ഞു. അവൾ വിഷമത്തോടെ മുന്നിലിരുന്ന കഞ്ഞിയിലേക്ക് നോക്കി. ആഹാ... ചിക്കന് എന്താ രുചി!!!!!! അവൾക്ക് എതിർ വശത്തായി ഇരുന്ന് ചിക്കൻ കാല് കടിച്ചു പറിച്ച് റോണി ആസ്വദിച്ചു കഴിക്കുകയാണ്. എമി ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടതും അവൻ ഒന്നുകൂടി അവളെ കൊതിപ്പിക്കാൻ ലെഗ് പീസ് കടിച്ചു വലിച്ചു കാണിച്ചു. എമി ഇപ്പൊ അവനെ കയ്യിൽ കിട്ടിയാൽ അരച്ച് കലക്കി കുടിക്കും എന്ന സ്ഥിതിയിൽ ആണ്. അത്രയ്ക്ക് കലി ഉണ്ടേ. അവൾ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി അവനെ നോക്കി. റോണി ഉണ്ടോ വിടുന്നു. അവൻ ഓരോ പീസും ആസ്വദികാണുന്നതിന്റെ അങ്ങേയറ്റം ആസ്വദിച്ചു തന്നെ കഴിച്ചു.

ഒരു മനസുഖം. രണ്ടിന്റെയും കളി കണ്ട് അവർക്കെല്ലാം ചിരി വരുന്നുണ്ടായിരുന്നു. ഇനിയും നോക്കി നിന്നാൽ റോണിയെ അവൾ പെട്ടിയിൽ അടക്കും എന്ന് മനസ്സിലായതും സ്റ്റെല്ല അവളുടെ അരികിലെ ചെയറിൽ ചെന്നിരുന്നു. മ്മ്മ്മ്..... കഴിക്ക്... സ്പൂണിൽ കഞ്ഞി കോരി അവൾക്ക് നേരെ നീട്ടി അവർ പറഞ്ഞു. എമി ഒരു നിമിഷം തറഞ്ഞ് ഇരുന്നുപോയി. വിശ്വാസം വരാത്തത് പോലെ സ്റ്റെല്ലയുടെ മുഖത്തേക്കും സ്പൂണിലേക്കും മാറി മാറി നോക്കി. അവളുടെ മുഖത്തെ അമ്പരപ്പ് മനസ്സിലാക്കി എന്ന പോലെ അവർ കണ്ണുകളാൽ അവളോട് കഴിക്കാൻ ആവശ്യപ്പെട്ടു. ഒരു സ്വപ്നത്തിൽ എന്നപോൽ അറിയാതെ തന്നെ അവൾ വാ തുറന്നു പോയി. ശ്രദ്ധയോടെ ഓരോ സ്പൂൺ കഞ്ഞിയും അവർ അവൾക്ക് കോരി നൽകി. ആദ്യത്തെ അമ്പരപ്പ് മാറിയതും അവൾക്കുള്ളിൽ ആഹ്ലാദം നുരഞ്ഞു പൊന്തി. സന്തോഷം കൊണ്ട് വിങ്ങി നെഞ്ച് പൊട്ടിപ്പോവുമോ എന്നവൾക്ക് തോന്നി. അത്രത്തോളം ഹൃദയത്തിൽ ആനന്ദം നിറഞ്ഞിരുന്നു. അവർ നൽകിയ കഞ്ഞി മുഴുവൻ അവൾ കൊതിയോടെ കുടിച്ചു തീർത്തു.

ഇന്നേവരെ കഴിച്ച ഭക്ഷണങ്ങളേക്കാൾ രുചി ആ കഞ്ഞിക്ക് ഉണ്ടായിരുന്നു എന്നവൾക്ക് തോന്നി പോയി. അവളെ കഴിപ്പിച്ചു കാലിയായ പാത്രം എടുത്ത് പോവാൻ ആഞ്ഞ സ്റ്റെല്ലയെ അവൾ മുറുകെ പുണർന്നു. നിറഞ്ഞ ചിരിയോടെ അവരുടെ കവിളിൽ ചുംബിച്ച് എഴുന്നേറ്റ് പോയി. സ്നേഹം കൊണ്ട് വീണ്ടും വീണ്ടും തന്നെ തോൽപ്പിക്കുന്ന മകൾക്ക് മുന്നിൽ നിറഞ്ഞ കണ്ണുകളോടെ അവർ ഇരുന്നു പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 കഴിച്ചു കഴിഞ്ഞ് ഒരു കാൾ ചെയ്യാൻ പുറത്തേക്ക് പോയി തിരിച്ച് അകത്തേക്ക് കയറുമ്പോൾ അകത്തെ കാഴ്ച കണ്ട് അച്ചു ഒന്ന് പുഞ്ചിരിച്ചു. സെറ്റിയിൽ സ്റ്റെല്ലയുടെ മടിയിൽ തല ചായച്ച് കിടക്കുകയാണ് എമി. മുഖത്ത് ചെറിയൊരു ക്ഷീണം ഉണ്ടെങ്കിലും ആൾ നല്ല ഹാപ്പിയാണ്. അവർക്കരികിൽ തന്നെ ഇരിക്കുന്ന ജോൺ അവളുടെ മുടിയിഴകളിലൂടെ വിരലുകൾ ചലിപ്പിക്കുന്നുണ്ട്. റോണി ഇടയ്ക്ക് അവളെ ദേഷ്യം പിടിപ്പിച്ച് തല്ല് കൂടുന്നുണ്ട്. മാറിൽ കൈ പിണച്ചു വെച്ച് വാതിൽപ്പടിയിൽ ചാരി അവനാ കാഴ്ച നോക്കി നിന്നു. എമി ഒരുപാട് ആഗ്രഹിച്ചിരുന്ന നിമിഷങ്ങളിലൂടെ ആണ് ഇപ്പോൾ കടന്നു പോവുന്നത്. പപ്പയ്ക്ക് ഒപ്പം അമ്മയുടെ സ്നേഹവും അവൾ ഒത്തിരി ആഗ്രഹിച്ചിരുന്നു.

പലപ്പോഴും പപ്പയുടെയും മകളുടെയും സ്നേഹവും ഒത്തൊരുമയും കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് അതിന് ഒരു പൂർണ്ണത കൈവന്നത്. വാത്സല്യത്തോടെ ചേർത്ത് പിടിക്കുന്ന പപ്പ. സ്നേഹവും ശാസനയും കരുതലും ഏകി അമ്മ. തല്ല് കൂടാനും കുരുത്തക്കേട് കാണിക്കാനും കൂടെ നിൽക്കുന്ന കൂടപ്പിറപ്പ്. ആരുടേയും മനസ്സ് നിറയ്ക്കുന്ന കാഴ്ച. എത്രനേരം എന്നില്ലാതെ അവനാ കാഴ്ച നോക്കി നോക്കി നിന്നു. ഇതെന്താ അച്ചൂ അവിടെ തന്നെ നിന്ന് കളഞ്ഞത്???? ഇങ്ങോട്ട് വാ. വാതിൽപ്പടിയിൽ കൈകെട്ടി നിൽക്കുന്ന അച്ചുവിനെ കണ്ടതും സ്റ്റെല്ല അടുത്തേക്ക് വിളിച്ചു. അപ്പോഴേക്കും എല്ലാവരുടെയും ശ്രദ്ധ അവനിൽ എത്തിയിരുന്നു. സ്റ്റെല്ലയുടെ മടിയിൽ നിന്ന് മാറാതെ തന്നെ എമി അവനെ കണ്ണ് കാണിച്ച് അടുത്തേക്ക് വിളിച്ചു. അവളുടെ നോട്ടം മനസ്സിലാക്കിയെന്ന പോലെ അവൻ അവർക്ക് അടുത്തായി ചെന്നിരുന്നു. വിശേഷങ്ങളും ചിരിയും കളിയുമായി സമയം കടന്നു പോയിക്കൊണ്ടിരുന്നു. അവരുടെ ബഹളം കേട്ടതും കൗച്ചിൽ സ്വസ്ഥമായി കിടന്നുറങ്ങിയ മിക്കു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു.

ഒന്ന് മൂരി നിവർന്ന് കൗച്ചിൽ നിന്ന് ചാടി ഇറങ്ങി അവരുടെ അരികിൽ എത്തുമ്പോഴുണ്ട് എമി സ്റ്റെല്ലയുടെ മടിയിൽ കിടക്കുന്നു. കക്ഷിക്ക് അത് കണ്ടതും അത്രയ്ക്ക് അങ്ങ് ഇഷ്ടപ്പെട്ടില്ല. സ്റ്റെല്ല തറയിലും തലയിലും വെക്കാതെ കൊണ്ടുനടന്ന് കൊഞ്ചിച്ചു വഷളാക്കി വെച്ചേക്കുവാ. മ്യാവൂ....... സ്റ്റെല്ലയുടെ ശ്രദ്ധ ആകർഷിക്കാൻ എന്നത് പോൽ ഒന്ന് കരഞ്ഞു കൊണ്ട് മിക്കു അവരുടെ കാലിൽ മുട്ടിയിരുമി നിന്നു. സ്റ്റെല്ല മിക്കുവിനെ കണ്ടതും ഒരു കൈ കൊണ്ട് കുനിഞ്ഞ് അവളുടെ തലയിൽ ഒന്ന് തഴുകി എമിയെ തന്നെ ശ്രദ്ധിച്ചു. മിക്കുവിനെ കണ്ടതും എമിയുടെ ഉള്ളിലെ പ്രതികാരദാഹി ഉണർന്നു. പണ്ട് ഇതുപോലെ സ്റ്റെല്ലയുടെ മടിയിൽ കിടന്നിട്ട് തന്നെ നോക്കി പുച്ഛിച്ച ആളാണ് കാൽ ചുവട്ടിൽ വന്ന് കിടക്കുന്നത്. എമി മിക്കുവിനെ നോക്കി അറഞ്ചം പുറഞ്ചം പുച്ഛിച്ച് സ്റ്റെല്ലയുടെ മടിയിൽ ഒന്നുകൂടി ഞെളിഞ്ഞു കിടന്നു. മിക്കു പ്ലിംഗി ഒരു പരുവം ആയി. മ്യാവൂ......... സങ്കടത്തോടെ ഒന്ന് കരഞ്ഞ് ആൾ പിണങ്ങി ആരെയും നോക്കാതെ നിലത്ത് വിരിച്ചിട്ട കാർപെറ്റിൽ തിരിഞ്ഞു കിടന്നു. നല്ല വിഷമം ഉണ്ടേ. നീ പിണങ്ങല്ലേടീ മിക്കൂ നിന്റെ മമ്മിക്ക് സ്വന്തം മോളെ കിട്ടിയപ്പൊ നിന്നെ വേണ്ടാതായി. വാടി നിനക്ക് ഞാനുണ്ട്.

വാ മുത്തേ ഇവരെ ആരെയും നമുക്ക് കൂടണ്ട. പിണങ്ങി കിടന്ന മിക്കുവിനെ എടുത്ത് മടിയിൽ വെച്ച് കൊഞ്ചിച്ചു കൊണ്ട് റോണി പറയുന്നത് കേട്ട് എല്ലാവരും ചിരിച്ചു പോയി. വോ ഇളിക്കണ്ട. ഈ മുതുക്കിയെ കിട്ടിയപ്പോൾ നിങ്ങൾക്ക് ഈ പിഞ്ചു കുഞ്ഞിനെ വേണ്ടതായില്ലേ നിങ്ങളോടൊക്കെ ദൈവം ചോദിക്കും. റോണി മിക്കുവിനെ തഴുകി പറഞ്ഞു. മുതുക്കി നിന്റെ മറ്റവൾ.......... രോഷത്തോടെ എമിയത് പറയവെ അവളുടെ സ്വരം അടഞ്ഞു പോയിരുന്നു. അവളുടെ ശബ്ദത്തിലെ വ്യത്യാസം അറിഞ്ഞതും അച്ചു അവളുടെ നെറ്റിയിൽ കൈ വെച്ചു നോക്കി. കൈ വെള്ളയിൽ നേർത്ത ഉഷ്ണം അനുഭവപ്പെട്ടതും അവന്റെ കണ്ണ് കൂർത്തു. പനിയുണ്ടോ അച്ചൂ???? ജോൺ അവനോടായി ചോദിച്ചു. മ്മ്മ്..... ചെറിയൊരു ചൂടുണ്ട്. ജോണിന് മറുപടി കൊടുത്തവൻ എമിക്ക് നേരെ തിരിഞ്ഞു. പനി വരുത്തി വെച്ചപ്പൊ നിനക്ക് സമാധാനം ആയല്ലോ അല്ലെ????? അവന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. തന്നത്താൻ വരുത്തി വെച്ചത് ആയതുകൊണ്ട് അവൾ മറുപടി ഒന്നും പറയാതെ അവനെ നോക്കി. എമി എഴുന്നേറ്റേ ഞാനാ ടാബ്ലറ്റ് എടുത്തിട്ട് വരാം അല്ലെങ്കിൽ നാളെ ആവുമ്പോഴേക്കും പനി കൂടും. സ്റ്റെല്ല അവളെ മടിയിൽ നിന്ന് എഴുന്നേൽപ്പിച്ചു. അവൾ ഒരുവിധം എഴുന്നേറ്റിരുന്നു.

ഇത്ര നേരം ഒരു കുഴപ്പവും ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ ദേഹം മുഴുവൻ വേദനിക്കുന്നത് അവൾ അറിഞ്ഞു. വല്ലാത്തൊരു ക്ഷീണം. വായിൽ കയ്പ്പ് പടർന്നു. പനി വന്നാൽ എപ്പോഴും ഇങ്ങനെയാണ് ശരീരത്തിന് വല്ലാത്ത തളർച്ച ആയിരിക്കും. മെല്ലെ അവൾ അച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു. നെറ്റിയിൽ ഒന്ന് കൈചേർത്ത് നോക്കിയവൻ ഒരു കയ്യാൽ അവളെ ചേർത്ത് പിടിച്ചു. അപ്പോഴേക്കും സ്റ്റെല്ല മരുന്നും ഒരു ഗ്ലാസ്സിൽ വെള്ളവുമായി അങ്ങോട്ട്‌ എത്തിയിരുന്നു. അച്ചുവിൽ നിന്ന് മാറാതെ തന്നെ അവൾ മരുന്ന് വാങ്ങി വായിലിട്ട് വെള്ളം കുടിച്ചു. എന്താടാ വയ്യേ?????? വാടി തളർന്നുള്ള അവളുടെ ഇരുപ്പ് കണ്ടതും അച്ചുവിൽ ഉത്കണ്ഠ നിറഞ്ഞു. ഭയങ്കര തളർച്ച പോലെ. അടഞ്ഞ ശബ്ദത്തിൽ പറഞ്ഞവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്തിരുന്നു. ഇവൾക്ക് പനി വന്നാൽ എപ്പോഴും ഇങ്ങനെയാ. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയായിക്കോളും. പറയുന്നതിനൊപ്പം ജോൺ എമിയുടെ നെറുകിൽ തലോടി. വാ എഴുന്നേൽക്ക് എമീ നമുക്ക് പോയി കിടക്കാം നാളെ ആവുമ്പൊ ഈ ക്ഷീണം എല്ലാം പോവും. അച്ചു പതിയെ അവളെ അടർത്തി മാറ്റി എഴുന്നേറ്റ് അവളെ മെല്ലെ ചേർത്ത് പിടിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. മോനെ, എമി ഇന്ന് എന്റെ കൂടെ കിടന്നോട്ടെ.

രാത്രി എങ്ങാനും പനി കൂടിയാലോ?????? സ്റ്റെല്ലയുടെ ചോദ്യം കേട്ടതും അച്ചു ഒരുനിമിഷം നിശ്ചലമായി. അവന് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. പറ്റില്ല എന്ന് പറയാൻ കഴിയില്ല. പക്ഷെ അവളില്ലാതെ എങ്ങനെ????? അരികിൽ അവളില്ലാത്തത് വല്ലാത്തൊരു ശൂന്യതയാണ്. ഒരു രാത്രി മുഴുവൻ നെഞ്ചിൽ ചേർന്ന് കിടക്കാൻ അവളില്ലാതെ. എന്തോ ഉള്ളിൽ വീർപ്പുമുട്ടൽ പോലെ. ഒരുത്തരം പറയാൻ ആവാതെ അവൻ അവരെ നോക്കി. എല്ലാവരും തന്റെ തീരുമാനം അറിയാൻ നിൽക്കുകയാണ് എന്ന് കണ്ടതും അച്ചു എമിയിലേക്ക് കണ്ണുകൾ പായിച്ചു. തന്നെ നോക്കി ഇരിക്കുന്ന അവളുടെ മുഖത്ത് ഒരു അപേക്ഷാഭാവം ആയിരുന്നു. അമ്മയുടെ ചൂട് പറ്റി കിടക്കണം എന്ന് ആഗ്രഹം അവൾക്കും കാണില്ലേ???? ഇന്ന് തന്നെ അമ്മയുമായി ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും അവൾ അത്രയേറെ ആസ്വദിച്ചിരുന്നു. ഓരോന്ന് ആലോചിക്കവെ അവന് എതിര് പറയാൻ മനസ്സ് വന്നില്ല. ശരി എമി ഇന്ന് അമ്മയ്‌ക്കൊപ്പം തന്നെ കിടന്നോട്ടെ. എമിയെ ഒന്ന് നോക്കി അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു നിർത്തി.

രാത്രി ശുഭരാത്രി ഇനിയെന്നും ശിവരാത്രി.... 🎶 റോണി അച്ചുവിനെ ഒന്ന് നോക്കി റോണി ആക്കി ചിരിയോടെ പാടി. അസ്ഥാനത്തുള്ള അവന്റെ പാട്ട് കേട്ടതും അച്ചു അവനെ ഒന്ന് തറപ്പിച്ചു നോക്കി. ഇനി നിന്നാൽ പന്തിയല്ല എന്ന് കണ്ടതും റോണി കോട്ടുവായിട്ട് നൈസായി മുങ്ങി. അവൻ പോയതും എമിയെയും കൊണ്ട് സ്റ്റെല്ല മുറിയിലേക്ക് നടന്നു. പോവുന്നതിനിടയിൽ എമി അവനെ തിരിഞ്ഞു നോക്കി. എന്തോ ആ മുഖത്ത് പതിവിലപ്പുറം പരിഭവം നിറഞ്ഞിരുന്നത് പോലെ അവന് തോന്നി. അവർ പോയ വഴിയേ നോക്കി നിന്നവൻ എമിയുടെ മുറിയിലേക്ക് പോയി. 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 റൂമിൽ വന്ന് കിടന്നിട്ടും അവന് ഉറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു മൂകത മുറിയിൽ തളം കെട്ടി കിടന്നു. തന്റെ കൈക്കുള്ളിൽ പറ്റിച്ചേർന്ന് കിടന്ന് കൊഞ്ചുന്ന പെണ്ണ് ഇല്ലാത്തത് കൊണ്ടാവാം വല്ലാത്തൊരു വീർപ്പുമുട്ടൽ പോലെ. ഉള്ളിൽ പേരറിയാത്ത ഒരു നോവ് പടർന്നു. ചുവരിൽ നിറഞ്ഞിരുന്ന അവളുടെ പലവിധ ചിത്രങ്ങളിലേക്ക് നോക്കി അവൻ കിടന്നു. പതിയെ കണ്ണുകൾ അടച്ചു കിടന്നു നോക്കി,

എന്നിട്ടും ഉറക്കം വരുന്നില്ല. ഉള്ളിൽ അസ്വസ്ഥത നിറയുന്നത് പോലെ. തിരിഞ്ഞും മറിഞ്ഞും കിടന്നു. എന്നിട്ടും ഉറക്കം വരുന്നില്ല എന്ന് കണ്ടതും അവൻ എഴുന്നേറ്റിരുന്നു. എമി ഇല്ലാതെ തനിക്ക് പറ്റില്ല എന്നവൻ തിരിച്ചറിഞ്ഞു. താഴെ പോയി തൂക്കിയെടുത്തുകൊണ്ട് പൊന്നാലോ എന്ന് വരെ ആലോചിച്ചു. അവൾ ഉറങ്ങി കാണുവോ???? പനി കുറഞ്ഞു കാണുവോ???? തീരെ വയ്യായിരുന്നു ഇപ്പൊ എങ്ങനെയുണ്ടാവും???? താഴെ ചെന്ന് നോക്കിയാലോ????? പലവിധ ചിന്തകളാൽ മനസ്സ് ഉഴറി. ഛേ.... അവളെ വിടണ്ടായിരുന്നു. ഉള്ളിൽ നിറഞ്ഞ അസ്വസ്ഥതയും ആകുലതകളും ദേഷ്യത്തിന് വഴി മാറി. നിമിഷങ്ങൾ മുന്നോട്ട് കടന്നു പോകവേ ഫോൺ ശബ്ദിച്ചതും അവൻ ടേബിളിൽ ഇരുന്ന ഫോൺ എടുത്തു നോക്കി. അപ്പു ആണെന്ന് കണ്ടതും അവൻ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് അടുപ്പിച്ചു. നീ ഉറങ്ങിയോടാ?????? കാൾ എടുത്തതും അവന്റെ ചോദ്യം കേട്ടതും എന്തിനെന്നില്ലാതെ ദേഷ്യം ഇരച്ചു കയറി. അല്ലെടാ ഞാൻ തലയും കുത്തി നിക്കുവാ.... വെച്ചിട്ട് പോടാ.......മോനെ....... കലിയോടെ ഫോണിൽ അലറിയവൻ പറഞ്ഞു തീർന്നതും അപ്പുറത്ത് കാൾ കട്ട്‌ ആയിരുന്നു. പാവം പേടിച്ചു പോയി കാണും. അലസമായി ഫോൺ ബെഡിലേക്ക് ഇട്ടവൻ നെറ്റിയിൽ വിരൽ അമർത്തി ഹെഡ് ബോഡിൽ ചാരി കണ്ണുകൾ അടച്ചു.

വാതിലിൽ ആരോ കൊട്ടുന്ന ശബ്ദം കേട്ടതും. അവൻ അടഞ്ഞു കിടന്ന മിഴികൾ തുറന്നു. നിർത്താതെയുള്ള തട്ട് കേട്ടതും അവൻ സംശയത്തോടെ നെറ്റി ചുളിച്ചു. പെട്ടെന്നാണ് എമിക്ക് വയ്യാതെ ഇരിക്കുന്ന കാര്യം ഓർമ്മ വന്നതും അവൻ വെപ്രാളത്തോടെ എഴുന്നേറ്റ് വാതിൽ തുറന്നു. മുന്നിൽ ചുണ്ട് കൂർപ്പിച്ച് നിൽക്കുന്ന എമിയെ കണ്ടതും അവൻ അമ്പരന്നു പോയി. നീ കിടന്നില്ലേ?????? പെട്ടെന്നുള്ള ഞെട്ടലിൽ അതായിരുന്നു അവനിൽ നിന്ന് ഉതിർന്ന ചോദ്യം. കിടക്കാൻ തന്നെയാ വന്നത്. മാറിക്കെ ഞാനൊന്ന് കിടന്നോട്ടെ. തളർന്ന ശബ്ദത്തിൽ പറഞ്ഞവൾ അവനെ മെല്ലെ തള്ളി മാറ്റി അകത്തേക്ക് കയറി. ബെഡിൽ കിടന്ന പുതപ്പെടുത്ത് ഉടൽ മുഴുവൻ മൂടി ചുരുണ്ടുകൂടി കിടക്കുന്ന അവളെ കാൺകെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അതുവരെ മുറിക്കുള്ളിൽ നിറഞ്ഞു നിന്ന അസ്വസ്ഥത എങ്ങോ പോയി മാഞ്ഞതായി അവന് തോന്നി. ആശ്വാസത്തോടെ അതിൽപ്പരം സന്തോഷത്തോടെ അവനൊന്ന് നിശ്വസിച്ചു. വാതിൽ കുറ്റിയിട്ട് ബെഡിനരികിലേക്ക് നടക്കവെ ആ കിടപ്പിലും തന്നെ ഒളികണ്ണിട്ട് നോക്കുന്ന എമിയിൽ ആയിരുന്നു അവന്റെ കണ്ണുകൾ..... തുടരും................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story