ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 2

Hridayaveenameettumbol

എഴുത്തുകാരി: റീനു

പോക്കുവെയിൽ മാഞ്ഞു പോയ ആ സായാഹ്നത്തിന് വെളിച്ചമേകിയ ഒരു കാഴ്ചയായിരുന്നു അത് എന്ന് തോന്നി..... സാദാ സമയവും ഗൗരവം മാത്രം നിറഞ്ഞു നിൽക്കുന്ന മുഖം, നെഞ്ചിലെ രോമരാജികൾ മുഴുവൻ എടുത്തു കാണിക്കാൻ അവസരം നൽകി ആദ്യത്തെ മൂന്ന് ബട്ടൺ ഇടാതെ ആ ഉടലിൽ ചേർന്നു കിടക്കുന്ന കറുത്ത ഷർട്ട്‌, അലസമായി ചുരുട്ടി വച്ച സ്ലീവ്, കൈയ്യിലെ രോമകാടുകളിൽ ആവരണം തീർത്തൊരു വെള്ളി ചെയിൻ ... പൗരുഷ്യത്തിന്റെ പ്രതീകമെന്നപോലെ വളർന്നു നിൽക്കുന്ന കട്ടിമീശയ്ക്ക് ഒപ്പം ദീക്ഷയും മുടിയും അവനെ പൂർണനാകുന്ന പോലെ,ഒപ്പം താടി രോമങ്ങൾക്ക് ഇടയിൽ എവിടെയോ ഒളിപ്പിച്ചു വച്ചൊരു ചുഴിയും .. മൊത്തത്തിൽ ആരെയും കൂസാത്ത ഒത്ത ആണൊരുത്തൻ....! കുറച്ചു സമയം അങ്ങനെ തന്നെ നോക്കി നിന്നു.... അതിനിടയിൽ ആ വണ്ടി പാഞ്ഞു പോയതും ആൾ തന്നെ ഒന്ന് നോക്കാതെ കടന്നു പോയതും ഒന്നും ഞാനറിഞ്ഞിരുന്നില്ല എന്ന് തോന്നുന്നു.... ആ ദൃശ്യവിസ്മയം നൽകിയ മായ ലോകത്തായിരുന്നു താൻ അപ്പോഴും.... ചില സമയങ്ങളിൽ വികാരം തേരാളി ആയി വിവേകത്തെ പൂർണ്ണമായും തോൽപ്പിക്കും, ആ ഒരു അവസ്ഥയിലായിരുന്നു താൻ..... അല്ലെങ്കിലും പ്രണയം അങ്ങനെയാണല്ലോ....

അത് നമ്മെ അന്തരാക്കുകയാണ്..... നില്കുന്നതിന്റെ അരികിൽ സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞു കഴിഞ്ഞപ്പോഴാണ് സന്ധ്യ ഇരുളിന് വഴിമാറിയത് ഓർമ്മ വന്നത്..... പിന്നെ കാല് വലിച്ചു നടപ്പായിരുന്നു വീട്ടിലേക്ക്... വീട്ടിലേക്ക് ചെന്നപ്പോൾ ദീപക് ട്യൂഷൻ കഴിഞ്ഞ് എത്തിയിട്ടുണ്ട്, തന്റെ അനുജനാണ് ദീപക്, സാധാരണ ഞാൻ വന്നതിനു ശേഷമാണ് അവൻ എത്താറുള്ളത്...... ഇന്ന് അവൻ നേരത്തെ എത്തിയിരിക്കുന്നു, " അമ്മേ ദേ ചേച്ചി വന്നു... തന്നെ കണ്ടപാടെ അവൻ വിളിച്ചു പറയുന്നുണ്ട്, " എത്തിയോ നീ.... ഞാൻ അവനെ അങ്ങോട്ട് വിടാൻ തുടങ്ങുവായിരുന്നു.... സമയമെത്രായി എന്നാണ് വിചാരം...... എന്താ ഇത്രയും താമസിച്ചത്, കൈയിലിരുന്ന കഴുകിയ ഓട്ടുവിളക്കുകൾ തുടച്ചു കൊണ്ട് അമ്മ ചോദിച്ചു.... " ഞാൻ അച്ഛൻറെ അടുത്തു കയറിയിട്ട് ആണ് വരുന്നത്..... " ഇങ്ങനെ ത്രിസന്ധ്യ വരെ നിൽക്കണമായിരുന്നോ...? " ഒരു കൂട്ടുകാരിയെ കണ്ടു അമ്മേ, സംസാരിച്ചു നിന്ന് സമയം പോയതറിഞ്ഞില്ല..... പെട്ടന്ന് തോന്നിയ ഒരു കള്ളം പറഞ്ഞു.... " ഒരു കൂട്ടുകാരി, വേഗം പോയി കുളിച്ചു വന്നു വിളക്ക് വയ്ക്കടി... അമ്മയെന്നെ വഴക്ക് പറഞ്ഞതിൽ അവൻറെ മുഖം നന്നായി ഒന്ന് തെളിഞ്ഞിട്ടുണ്ട്.... അവനെ നോക്കി കണ്ണുരുട്ടി കവർ അമ്മയെ ഏൽപ്പിച്ചു മുറിയിലേക്ക് കടന്നിരുന്നു.

പത്താം ക്ലാസ്സിലാണ് പഠിക്കുന്നത് എങ്കിലും എനിക്ക് പാരവയ്ക്കുന്നത് ഇങ്ങനെ എം ബി എകാരനാണ്.... " അമ്മേ കൂട്ടുകാരിയെ തന്നെയാണോന്ന് ചോദിക്ക്.... " അതെന്നാടാ.... " കോളേജിലൊക്കെ പഠിക്കുന്ന പിള്ളേരല്ലേ. ? കാരണവരെ പോലെയുള്ള അവൻറെ സംസാരത്തിന് അമ്മ നല്ലൊരു മറുപടി കൊടുക്കുന്നത് കേൾക്കാമായിരുന്നു.... " പോയിരുന്നു പഠിക്കടാ.... അതുകേട്ട് ചിരിയോടെയാണ് മുറിക്കുള്ളിലേക്ക് കയറിയത് മുറിയിൽ കയറിയത് ഒരു പാവാടയും ഷർട്ടും എടുത്ത് കുളിക്കാനായി പോയിരുന്നു..... തണുത്തവെള്ളം ശരീരത്തിലേക്ക് വീണപ്പോഴും ആ മുഖം മാത്രമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്..... അല്ലെങ്കിലും അങ്ങനെയാണ് ആളെ കണ്ട് കുറെ സമയം വരെ ആ കാഴ്ച ഇങ്ങനെ മനസ്സിൽ നിറഞ്ഞു നിൽക്കും..... ഉദിച്ചുവരുന്ന പകലൊനെ പോലെ..... കുളികഴിഞ്ഞുവന്ന് വിളക്ക് കത്തിച്ച് നാമം ജപിക്കാൻ തുടങ്ങിയിരുന്നു... അപ്പോഴേക്കും അമ്മയുടെ അരികിലേക്ക് വന്നു....നാമം ജപം എല്ലാം കഴിഞ്ഞ് ടിവി ഓണാക്കി.... ഇനിയിപ്പോൾ റിമോട്ടിനു വേണ്ടി ഉള്ള ഒരു യുദ്ധമാണ്.....

അവനാണെങ്കിൽ തമിഴ് പാട്ട് കാണണം, എനിക്കാണെങ്കിൽ ഹിന്ദി സീരിയൽ..... രണ്ടുപേരും കൂടി റിമോട്ട് വേണ്ടി വഴക്ക് തുടങ്ങും, അവസാനം അമ്മയുടെ ഇടപെടലിൽ അത്‌ നിൽക്കും.... ഒടുക്കം അമ്മ വന്നു മലയാളം സീരിയൽ വയ്ക്കുന്നതോടെ രണ്ടുപേർക്കും അവിടെനിന്നും എഴുന്നേറ്റു പോകേണ്ട അവസ്ഥ വരും.... അങ്ങനെയാണ് സംഭവിക്കുന്നത്, അന്നും മറിച്ച് ഒന്നും സംഭവിച്ചില്ല.... " എടി ചേച്ചി, അസൈൻമെന്റ് ഉണ്ട്..... കുറച്ചു എഴുതി തരുവോ...? വലിയ പേപ്പർ കെട്ടും ആയിട്ട് എൻറെ അരികിൽ വന്നു ചോദിക്കുകയാണ്.....ഇതാണ് എൻറെ അവസരം എന്ന് തോന്നി ഞാൻ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " കോളേജിൽ പഠിക്കുന്ന പിള്ളേര് ഒക്കെ താമസിച്ചു വന്നാൽ എന്താണെന്ന് പറയാൻ പറ്റില്ല, അതുകൊണ്ട് ഞാൻ വന്നാൽ ശരിയാവില്ല.... " അത്‌ ഞാൻ വെറുതെ പറഞ്ഞത് ആണ് ചേച്ചി.... " ഞാൻ പക്ഷേ അത് സീരിയസ് ആയിട്ട് ആണെടാ മോനെ എടുത്തത്.... അവൻറെ താടിയിൽ പിടിച്ചു കൊണ്ടാണ് അത് പറഞ്ഞത്... " അച്ഛൻ വരട്ടടി, നീ താമസിച്ചു വന്ന കാര്യം ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്....

പതിയെ അവൻ സ്വന്തം രൂപം പുറത്തെടുത്തു.... " ശരി ആയിക്കോട്ടെ.... ഇനി നിന്നിട്ട് ഒരു കാര്യവും ഇല്ലാ എന്ന് മനസ്സിലായപ്പോൾ അവൻ പതിയെ രംഗം ഒഴിഞ്ഞു....എന്തൊക്കെ പറഞ്ഞാലും അച്ഛൻറെ ചെല്ലകുട്ടി ആണ് ഞാൻ എന്ന് ഉറപ്പുള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്....ഞാനും ചേച്ചിയും ആണ് അച്ഛന് മുൻഗണന... ചേച്ചി വിവാഹം കഴിഞ്ഞ് കുറച്ച് അപ്പുറത്ത് തന്നെയാണ് താമസം.... മൂന്ന് കിലോമീറ്റർ ദൂരമേയുള്ളൂ.... ഇടയ്ക്ക് വരും, ചേട്ടൻ ആണെങ്കിൽ ആർമിയിൽ ആണ്.... ദീപുവിന് എപ്പോഴും പരാതിയാണ് അച്ഛന് പെൺമക്കളോട് ആണ് സ്നേഹമെന്ന് പറഞ്ഞു.... അമ്മയ്ക്കാണെങ്കിൽ ദീപു കഴിഞ്ഞുള്ളു വേറെ എന്തും... കോളേജിൽ നിന്ന് അവധി കിട്ടിയതുകൊണ്ടുതന്നെ പ്രത്യേകിച്ച് ഒന്നും പഠിക്കാൻ ഉണ്ടായിരുന്നില്ല... അതുകൊണ്ട് ഒരു പുസ്തകം എടുത്ത് വായിക്കാം എന്ന് കരുതി, കെ ആർ മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീയാണ് കയ്യിലിരിക്കുന്നത്.....പുസ്തക വായനയും ഒന്നും അത്ര ശീലം ഉള്ളത് അല്ല, പിന്നെ വായനശാലയിലേക്ക് പോകാൻ ഒരു കാരണം വേണമല്ലോ..... വായനശാലയിൽ പോയാൽ മാത്രമല്ലേ ആ ഒരാളെ കാണാൻ സാധിക്കു.... ആ കാരണത്തിന് പുറത്താണ് പോകുന്നതും.... കുറച്ചുസമയം വായിച്ചു തുടങ്ങുമ്പോൾ തന്നെ മടുപ്പ് തോന്നും പുസ്തകങ്ങളോട്....

അതുകൊണ്ട് ഒരുപാട് വായിക്കാറില്ല.... എങ്കിലും സമയം പോക്കിന് മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതെ കുറെ സമയം അതെടുത്ത് വായിച്ചു നോക്കും... ചിലത് വായിക്കുമ്പോൾ തന്നെ കുറച്ച് താല്പര്യം തോന്നും... ഇതും അങ്ങനെ ആയിരുന്നു.... ന്യൂസ് ചാനല് വെക്കുന്ന ശബ്ദം കേട്ടപ്പോൾ തന്നെ അച്ഛൻ എത്തി എന്ന് മനസ്സിലായി..... അതാണ് സിഗ്നൽ.... പിന്നെ പെട്ടെന്ന് അവിടേക്ക് ചെന്നു, ഞാൻ താമസിച്ചുവന്ന കാര്യം ദീപു പറഞ്ഞു കൊടുക്കുന്നുണ്ട്.... എന്റെ മുഖത്തേക്ക് ഒരു ചിരിയോടെ നോക്കി അച്ഛൻ.... " ഒരുപാട് ഒന്നുമില്ല അച്ഛാ, കുറച്ച് സമയം താമസിച്ചു.... കൂടെ പത്താം ക്ലാസിൽ പഠിച്ച ഒരു ഫ്രണ്ടിനെ കണ്ടു, അവളുടെ ചേട്ടനും കൂടി എവിടെയൊ പോയിരുന്നു..... അപ്പോൾ കുറച്ചുനേരം സംസാരിച്ചു എന്നേയുള്ളൂ.... അതിന് ആണ് ഈ കഥയൊക്കെ ഉണ്ടാക്കുന്നത്.... അച്ഛനോട് പറയാൻ പഠിച്ചു വച്ച ആ കഥ പറഞ്ഞു... " പോട്ടെടാ അവളവടെ കൂട്ടികാരിയെ ഒന്ന് കണ്ട് സംസാരിച്ചു എന്നല്ലേ ഉള്ളൂ.... " അച്ഛൻ ഇങ്ങനെ പുന്നാരിച്ചോ... ഒരു കുശുമ്പോട് കൂടെ പറഞ്ഞ് ദീപു അകത്തേക്ക് പോയിരുന്നു....പിന്നെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു, അച്ഛന് പ്രിയപ്പെട്ട ചെണ്ട മുറിയനും മുളകിട്ട മീൻ കറിയും ഉണ്ടായിരുന്നു.... ഭക്ഷണം കഴിഞ്ഞ് അച്ഛൻ കുറച്ചുനേരം കൂടി ടിവി ചാനൽ നോക്കിയിട്ട് നിൽക്കും....

അമ്മയാണെങ്കിൽ എനിക്ക് പാൽ എടുത്തു തന്നിട്ട് മുറിയിലേക്ക് പോകുവാൻ വിളിക്കുന്നുണ്ട്, കുട്ടിക്കാലം മുതലേ ഉള്ള അമ്മയുടെ ശീലമാണ് രാത്രിയിൽ എനിക്ക് ഒരു ഗ്ലാസ് പാൽ തരിക എന്നുള്ളത്.....മുറിയിൽ ഇരിക്കുമ്പോഴാണ് ആലോചിച്ചത്, നാളെ വിളിക്കണം എന്നാണ് നീതു പറഞ്ഞിരിക്കുന്നത്.... എങ്കിലും അതിനുള്ള ധൈര്യം തനിക്ക് ഉണ്ടോ....? ഫോണിലൂടെ ആണെങ്കിലും കാര്യങ്ങളൊക്കെ ആളോട് പറയാൻ തനിക്ക് സാധിക്കുമോ..... അങ്ങനെ പല ചോദ്യങ്ങളും മനസ്സിലൂടെ ഒരു നിമിഷം കൊണ്ട് പാഞ്ഞു പോയിരുന്നു, കണ്ണാടിയിൽ നോക്കി ആളോട് പറയാനുള്ള കാര്യങ്ങൾ ഒക്കെ ഒന്ന് പ്രാക്ടീസ് ചെയ്തു... " ഹലോ അനുവേട്ടനല്ലേ, എൻറെ പേര് ദിവ്യ, ഞാൻ കുറെ വട്ടം കണ്ടിട്ടുണ്ട്, എന്നെ കണ്ടിട്ടുണ്ടാവും പക്ഷേ ശ്രദ്ധിക്കുന്നത് കണ്ടിട്ടില്ല, എനിക്ക് കുറെ കാലമായിട്ട് അനുവേട്ടനെ ഭയങ്കര ഇഷ്ടം ആണ്.... തുറന്നു പറയാനുള്ള ഭയംകൊണ്ട് ഇത്രകാലം പറയാതിരുന്നത്.... പക്ഷേ ഇനി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല, ഇത് തുറന്നു പറയാതെ എൻറെ ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നുന്നു.... എനിക്ക് ഒത്തിരി ഇഷ്ടം ആണ്...

അത്രയും പറഞ്ഞ് മറുപടിപോലും കാക്കാതെ ഫോൺ കട്ട് ചെയ്യണം, ഇത് പല രീതിയിൽ പറഞ്ഞുനോക്കി.... നാടകത്തിന്റെ റിഹേഴ്സൽ പോലെ... നാളെ പറയാനുള്ള ഒരു തയ്യാറെടുപ്പ് ആയി..... ആ രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, പിറ്റേദിവസം ആ ശബ്ദം ഒന്ന് കേൾക്കുവാനുള്ള ആകാംക്ഷയായിരുന്നു.... പിറ്റേന്ന് ഉണർന്ന് അമ്മയോടൊപ്പം ഓരോ ജോലികൾ ചെയ്യുമ്പോഴും വൈകുന്നേരം ആകാൻ ആയിരുന്നു മനസ്സ് കൊതിച്ചത്..... ഇതിനിടയിൽ അമ്മയുടെ ഫോണിൽ നിന്നും നീതുവിനെ വിളിക്കുകയും ചെയ്തിരുന്നു, " എടീ നമ്പർ കിട്ടിയോ...? " കിട്ടി....! കുറച്ചു മുമ്പ് കിട്ടിയത്... " എങ്ങനെ എടുത്തു, " ചേട്ടായി കുളിക്കാൻ കയറിയത് ആയിരുന്നു.... ആ സമയത്ത് ഫോൺ അരിച്ചുപെറുക്കി, നമ്പർ കിട്ടി.... " ആളുടെ നമ്പർ തന്നെയാണോ...? " ആണെടി ഫോട്ടോ ഇട്ടിട്ടുണ്ട്... " അപ്പോൾ കുഴപ്പമില്ല... " ഞാൻ ഒരു പേപ്പറിൽ എഴുതി വെച്ചിട്ടുണ്ട്, ഞാൻ വൈകുന്നേരം വീട്ടിലേക്ക് വരണോ...? " വേണ്ട കവലയിൽ നിന്നാൽ മതി..... ഞാൻ അവിടേക്ക് വരാം...... " ശരി.... "നമ്പര് കിട്ടി എന്ന് അവൾ പറഞ്ഞു നിമിഷംമുതൽ ചങ്ക് ഇടിക്കാൻ തുടങ്ങി...

നാലുമണിക്ക് ആണ് ലൈബ്രറിയിൽ തുറക്കുന്നത്... മൂന്നു മണിയായപ്പോൾ ഒരുക്കം തുടങ്ങിയിരുന്നു.... പച്ചയിൽ വയലറ്റ് ബോർഡറോഡ് കൂടിയ ഒരു ചുരിദാർ ആണ് ഇട്ടത്.... ഫോൺ വിളിച്ച് കാണണമെന്ന് ആള് പറഞ്ഞാൽ അപ്പോൾ തന്നെ കാണാമല്ലോ.... അതുകൊണ്ട് അത്യാവശ്യം നന്നായി ഒരുങ്ങി ആണ് ഇറങ്ങിയത്..കയ്യിലിരുന്ന പുസ്തകവും പിടിച്ച് പുറത്തേക്ക് പോയപ്പോൾ അമ്മ ചോദിക്കുന്നുണ്ടായിരുന്നു കല്യാണത്തിനു വേണ്ടിയുള്ള പോക്കാണോന്ന്... അത്രമേൽ ഉണ്ടായിരുന്നു ഒരുക്കം... കവലയിൽ നിൽക്കുന്നവളെ കണ്ടപ്പോൾ തന്നെ ഓടി ചെന്നിരുന്നു .... " എന്താടി, നീയെന്താ വല്ല കല്യാണത്തിന് പോവാണോ...? " അമ്മ ഇത്‌ തന്നെ ആണ് ചോദിച്ചത്.... " അങ്ങനെ തോന്നുന്നു, ഒരു ചമ്മലോടെ ഒന്ന് ചിരിച്ചു കാണിച്ചു... " നമ്മൾ ഫോൺ വിളിക്കുമ്പോൾ എന്നെ അറിയില്ലെങ്കിൽ കാണാനോ മറ്റോ പറഞ്ഞാൽ പെട്ടെന്ന് കാണാല്ലോ എന്ന് കരുതിയാ.... അല്പം ജാള്യതയോടെ ആണ് പറഞ്ഞത്, " പിന്നെ ഇന്ന് പെണ്ണുകാണൽ നടക്കും... നീ വാടി... നമ്പർ എഴുതിയ പേപ്പർ അവൾ എൻറെ കയ്യിൽ തന്നു.... ഒരു നിമിഷം ഹൃദയം പിടിച്ചതു പോലെ...

അതിനുള്ളിലേ പ്രിയപ്പെട്ട അക്ഷരങ്ങൾ ഒരു നിമിഷം കൊണ്ട് തന്നെ മനപാഠമാക്കിയിരുന്നു... അക്കങ്ങളെല്ലാം എൻറെ ഹൃദയത്തിലേക്ക് പകർത്തി എഴുതിയത് പോലെ... " ആദ്യം നമുക്ക് കോയിന് ബൂത്തിലേക്ക് പോകല്ലേ .. " അതെ.... അവൾക്കൊപ്പം കോയിൻ ബോക്സിന്റെ അരികിലേക്ക് നടക്കുമ്പോൾ വല്ലാത്തൊരു ആകാംഷയും പരിഭ്രമം ഒക്കെ നിറഞ്ഞ് ഹൃദയം ക്രമാതീതമായി ഇടിക്കുന്നത് അറിഞ്ഞു...കൈകൾ തണുത്തു മരവിച്ചു.... ഒരു രൂപ നാണയം ആ ഫോണിലേക്ക് ഇട്ട് നമ്പർ ഡയൽ ചെയ്യുമ്പോൾ ഹൃദയം ഒരു നിമിഷം ക്രമാതീതമായി ഇടിച്ചു നിന്നു പോകുമോ എന്ന് പോലും ഞാൻ ഭയപ്പെട്ടിരുന്നു.... അവളാണെങ്കിൽ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുകയാണ്, " മൂന്നാല് ബെല്ലിന് ശേഷമാണ് കോൾ എടുക്കപ്പെട്ടത് . " ഹലോ.... അപ്പുറത്ത് നിന്നും ഗാംഭീര്യം തുളുമ്പുന്ന ശബ്ദം എന്റെ ഹൃദയപാളികളെ നിശ്ചലമാക്കുന്ന പോലെ .... ഒരു നിമിഷം എൻറെ ഹൃദയം ഒന്ന് നിലച്ചു പോയത് പോലെ തോന്നി.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story