ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 20

Hridayaveenameettumbol

എഴുത്തുകാരി: റീനു

അവൻറെ കണ്ണിൽ നിറഞ്ഞു നിന്ന പ്രണയം അവൾക്കുവേണ്ടി ആയിരുന്നു, ശ്രീകോവിലിൽ നിന്നും ഉയർന്ന മന്ത്രോച്ചാരണങ്ങളും കർപ്പൂര ഗന്ധവും ഒന്നും അവർ അറിഞ്ഞിരുന്നില്ല, പ്രണയം മാത്രം മനസ്സിൽ വിങ്ങി നിറയുന്ന പ്രണയം, ഹൃദയം ഹൃദയത്തിലേക്ക് നടത്തുന്ന പ്രയാണം.. " മതി എനിക്ക് ഇത് മാത്രം കേട്ടാൽ മതി...! അവൻറെ തോളിലേക്ക് അപ്രതീക്ഷിതമായി അവൾ ചാരി ഇരുന്നപ്പോൾ ഒരു നിമിഷം ഒന്ന് പകച്ചിരുന്നു അവൻ, എങ്കിലും എന്തോ ഒരു ഉൾപ്രേരണയാൽ അവളുടെ കൈകളിൽ അവൻറെ കരങ്ങളും മുറുകിയിരുന്നു.. ബുദ്ധിയല്ല വികാരം മാത്രമാണ് ഈ നിമിഷം തന്നെ നയിക്കുന്നതെന്ന സത്യം അനന്തുവിന് മനസ്സിലാകുന്നുണ്ടായിരുന്നു.. എത്രയൊക്കെ നിയന്ത്രിച്ചിട്ടും ഉള്ളിലെവിടെയോ ഒരു സ്ഥാനം അവൾ നേടിക്കഴിഞ്ഞിരിക്കുന്നു... ഉള്ളിൽ എവിടെയോ എന്നല്ല, ഉള്ളിൽ മുഴുവൻ അവളാണ്, അല്ലെങ്കിൽ അവൾ മാത്രമേ ഉള്ളൂ, താനും ആ സ്നേഹം ആഗ്രഹിക്കുന്നുണ്ട്, " സമയം ഒരുപാടായി...ഇങ്ങനെ ഇരുന്നാൽ മതിയോ പോണ്ടേ...?

അവൻ തന്നെ ആണ് ആ ചോദ്യം ചോദിച്ചത്, " എനിക്ക് ഇങ്ങനെ ഇരിക്കാൻ തോന്നുന്നു അനന്ദുവേട്ട കുറേനേരം, അവനിലേക്ക് കുറുകി ഇരുന്നവൾ പറഞ്ഞു... " ആരെങ്കിലും കണ്ടോണ്ട് വന്നാ പ്രശ്നമാകും ദിവ്യാ, നാളെ കാണാം.... ഞാൻ വരാം രാവിലെ, സമാധാനമായിട്ട് ചെല്ല് നീ...! പൊയ്ക്കോ...." അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ സ്വർഗ്ഗം നേടിയവളുടെ സന്തോഷത്തോടെയാണ് അവൾ എഴുന്നേറ്റത്... കുറച്ച് സമയം കൂടി അനന്തു അവിടെയിരുന്നു, കുളത്തിൽ നീന്തിക്കളിക്കുന്ന പരൽ മീനുകളെ നോക്കി... തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവനോടു തന്നെ ചോദിച്ചു, മറ്റൊരുവന് വിധിക്കപ്പെട്ടവളാണ് എന്നിട്ടും എന്തിന് തന്റെ ഉള്ളം അവൾക്ക് വേണ്ടി കൊതിക്കുന്നു..? ഇനിയും ഒരു വേർപാട് തന്നെ തച്ചുടച്ചു കളയാൻ ശേഷിയുള്ളത് ആയിരിക്കും, എന്നിട്ടും എന്തുകൊണ്ട് താൻ ചിന്തിക്കുന്നില്ല, പിരിയേണ്ടവരാണ് ഹൃദയം നൽകി സ്നേഹിക്കാൻ പാടില്ല, അഭിനയിക്കാൻ വിളിച്ചവൻ ആണ്, തൻറെ ജോലി തീർത്ത് പോവുകയാണ് വേണ്ടത്,

പക്ഷേ സാധിക്കുന്നില്ല ഹൃദയത്തിലൊരു കൊളുത്ത് വീണു, ഒരു പ്രണയനൂലാൽ അവൾ തന്നെ ബന്ധിച്ചിരിക്കുന്നത് പോലേ... അവളുടെ സാന്നിധ്യത്തിൽ തൻറെ ഹൃദയം വല്ലാതെ തരളിതം ആവുന്നുണ്ട്, പ്രണയ ലാളനകൾ കൊതിക്കുന്നുണ്ട്, തനിക്കുവേണ്ടി ഈശ്വരൻ കണ്ടെത്തിയതാണ് അവളെ എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്നത് പോലെ... വഴി തെറ്റി വന്ന ഈ വസന്തം തന്നിൽ വീണ്ടും പ്രണയപുഷ്പങ്ങളെ വിടർത്തുമോ.? പക്ഷെ നഷ്ട്ടവസന്തത്തിന്റെ സ്‌മൃതികൾ ബാക്കി ആണ് ഇന്നും, ശിശിരം അടർത്തി ഇട്ട ഇലകൾ അവശേഷിക്കുന്നു, എങ്കിലും വിട്ടുപോകാൻ മടിക്കുന്ന ഒരു ഹേമന്തം ഉള്ളിൽ ഇരമ്പുന്നു. വീണ്ടും ഒരു വേർപാടാണ് തന്നെ കാത്തിരിക്കുന്നത് എങ്കിൽ...? ആ നഷ്ടത്തിന് തന്നെ പൂർണമായും ഇല്ലാതാക്കാനുള്ള കഴിവ് ഉണ്ടാകുമെന്നും അവനറിയാമായിരുന്നു, പക്ഷേ മനസ്സിന്റെ കടിഞ്ഞാൺ എവിടെയോ നഷ്ടമായിരിക്കുന്നു,

ഏതു നിമിഷം മുതലാണ് അവൾ തന്നിൽ ആധിപത്യം ഉറപ്പിച്ചത്.? എപ്പോൾ മുതലാണ് താൻ അവളെ പ്രണയിച്ചു തുടങ്ങിയത്, അറിയില്ല പക്ഷേ ഒന്നുറപ്പാണ് ഇപ്പോൾ താൻ പ്രണയത്തിലാണ്, ഇരുട്ട് വീണപ്പോഴാണ് സന്ധ്യ ഇരവിന് വഴി മാറി എന്ന് പോലും അവന് മനസ്സിലായത്, അവിടെ നിന്നും എഴുന്നേറ്റ് യാന്ത്രികമായി പുറത്തേക്ക് നടക്കുമ്പോഴേക്കും കിരൺ ഓടി അരികിൽ വന്നിരുന്നു, " നീ എവിടെയായിരുന്നു...? എത്രസമയം നിന്നെ വിളിച്ചു," അവൻ പറഞ്ഞത് പോലും അനന്ദു കേട്ടില്ലെന്നു തോന്നി, അവന്റെ കണ്ണിലും ഉള്ളിലും അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.... " നന്ദു ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ..? അവൻറെ തോളിൽ പിടിച്ചു ഉലച്ചു ആണ് അവൻ ചോദിച്ചത്, " എന്താ ചോദിച്ചേ...? " നീ എന്താ ഇത്ര നേരം കേട്ടത്...? " നീ എവിടെയായിരുന്നു...? ഞാൻ നിന്നെ കുറെ നേരിട്ട് ഫോണിൽ വിളിക്കുകയായിരുന്നു..

" ഞാൻ കേട്ടില്ല, ഞാൻ ദിവ്യയോട് സംസാരിക്കുക ആയിരുന്നു...! ഞാനൊരു കാര്യം ചോദിക്കട്ടെ കിരണേ അവൻ പെട്ടന്ന് ഗൗരവത്തോടെ തിരക്കി.. " നീ കാര്യം ചോദിക്കടാ, " ഞാൻ അവളെ കെട്ടിയാലൊന്ന് ആലോചിക്കുവാ.... ഒരു നിമിഷം അവൻറെ മറുപടിയിൽ കിരൺ അന്ധാളിപ്പോടെ അവൻറെ മുഖത്തേക്ക് നോക്കി, " നീ സീരിയസ് ആയിട്ട് പറഞ്ഞതാണോ...? " ഇത് തമാശ പറയാനുള്ള കാര്യമല്ലെന്ന് നിനക്കറിയാലോ...! " അവളൊരു പാവം ആണെടാ, ശരിക്കും എന്നെ ഇഷ്ടമാണ്, ഭയങ്കര ഇഷ്ടം, അവളെ ചതിക്കാൻ എനിക്ക് പറ്റില്ല, ഞാൻ അവളെ കല്യാണം കഴിക്കട്ടെ... ഗൗരവം ഒക്കെ മാറ്റി വച്ചുള്ള അവന്റെ ചോദ്യം കിരണിനെ അത്ഭുതപ്പെടുത്തി... " ഞാൻ നിന്നോട് ആദ്യം തൊട്ടേ പറഞ്ഞില്ലേ നിനക്ക് ഇഷ്ടമാണെങ്കിൽ നീ അങ്ങ് കെട്ടണം, മാത്രമല്ല മറ്റവൻ തരാം എന്ന് പറഞ്ഞ നക്കാപ്പിച്ച ഒന്നുമല്ല, അതിനെ കിട്ടിയാലുണ്ടല്ലോ നിനക്ക് ലാഭമാട, ആ പെണ്ണിൻറെ തന്തയുടെ കൈയിലെ പൂത്ത കാശ് ആണ്... കിരൺ ഉത്സാഹത്തോടെ പറഞ്ഞു..

" പ്ഫാ... ചെറ്റേ, ഞാൻ ഇത്രയും സീരിയസ് ആയി പറഞ്ഞപ്പോൾ നീ അത്‌ എന്റെ അത്യാഗ്രഹം ആയിട്ടാണോടാ പട്ടി കാണുന്നത്...." ഒന്നും വിചാരിച്ചിട്ടില്ല എനിക്ക് അവളെ മതി, അവളുടെ കളങ്കമില്ലാത്ത സ്നേഹം മതി...! ഞാൻ നിറഞ്ഞു നിൽക്കുന്ന ആ മനസ്സ് മതി.. " അവന് ദേഷ്യം വന്നിരുന്നു... " എങ്കിൽ പിന്നെ നീ അങ്ങ് കെട്ടണം, " പക്ഷേ അവനോട് എന്തുപറയും...? അനന്ദു ചോദിച്ചു.. " അവനോട് പോയി പണി നോക്കാൻ പറയടാ, " പക്ഷെ എന്നെങ്കിലും എനിക്ക് അവളോടുള്ളത് അഭിനയമായിരുന്നു എന്ന് അവൾ അറിഞ്ഞാലോ..? അന്ന് അവൾ എന്നെ ഇട്ടിട്ട് പോയാലോ..? " അവന് സംശയം ആയി... " അതൊന്നും അറിയാൻ പോകുന്നില്ല, അഥവാ എന്തെങ്കിലും പറഞ്ഞാലും നീ എന്തെങ്കിലും കള്ളം പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യണം, കിരണിന്റെ വാക്കുകൾ അവനിൽ അല്പം ശക്തി പകർന്നിരുന്നു,

എങ്കിലും മനസ്സിൽ അവൾ ഇക്കാര്യം അറിഞ്ഞാൽ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന സംശയമായിരുന്നു നിലനിന്നിരുന്നത്... ===*=== " ഈ അച്ചാറും ചമ്മന്തിപ്പൊടിയുമൊക്കെ വയ്ക്കട , ബാഗിലേക്ക് ഓരോന്ന് വെക്കുന്നതിനിടയിൽ വിഷമത്തോടെ വീണ വിവികിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, "എന്റെ പേടി ചേട്ടൻ ദിവ്യക്ക് വേറെ കല്യാണം ആലോചിക്കുമോന്ന് ആണ്.. വിഷമത്തോടെ വീണ പറഞ്ഞു.. "എനിക്ക് ആ പേടി ഒന്നുമില്ല, ഇനി ഒരുവർഷം നോക്കാം എന്ന് പറഞ്ഞാൽ അമ്മാവൻ സമ്മതിക്കും.. അതിനുമാത്രം അവൾക്ക് വലിയ പ്രായമൊന്നും ആയില്ലല്ലോ, 21 തുടങ്ങുന്നേയുള്ളൂ, അവള് ഡിഗ്രി കംപ്ലീറ്റ് ചെയ്യുമ്പോഴേക്കും ഞാൻ ഇങ്ങ്‌ വരില്ലേ, അത് ഞാൻ അമ്മാവനോട് പറഞ്ഞോളാം, ഇതിന്റെ പേരിൽ അമ്മാവൻ എന്നെ വേണ്ടെന്നു വച്ച് വേറെ ആരെയെങ്കിലും കൊണ്ട് അവളെ കെട്ടിക്കുക ഒന്നും ഇല്ല, ഞാൻ പറഞ്ഞാൽ അമ്മാവനു മനസ്സിലാവും, പറയേണ്ട രീതിക്ക് ഞാൻ പറഞ്ഞോളാം... അതും പറഞ്ഞു അവൻ പുറത്തേക്കിറങ്ങി പോയിരുന്നു,

ആ ബൈക്ക് നിർത്തിയത് അമ്മാവന്റെ കടയിലായിരുന്നു, പതിവില്ലാതെ കടയിലേക്ക് കയറി വരുന്ന മരുമകനെ ഒരു സംശയത്തോടെയാണ് വിശ്വൻ നോക്കിയത്, പിന്നെ അവൻറെ അരികിലേക്ക് വന്നു, " എന്താ മോനെ... പതിവില്ലാതെ, " ഞാൻ അമ്മാവനെ കണ്ട് ഒരു കാര്യം പറയാൻ വേണ്ടി വന്നതാ, " എന്താ മോനെ പറ... " അത്‌ അമ്മാവാ , ഇക്കൊല്ലം തന്നെ ദിവ്യയുടെ കല്യാണം നടത്തണമെന്ന് അമ്മാവന് നിർബന്ധമുണ്ടോ...? ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്ന് വിശ്വന് അറിയുമായിരുന്നില്ല, " എന്താ മോനെ...? എന്തെങ്കിലും കുഴപ്പമുണ്ടോ, " വേറെ ഒന്നുമല്ല മാമാ, എനിക്ക് ഒരു വർഷം കൂടി കഴിഞ്ഞാൽ കമ്പനിയിൽ നിന്ന് ട്രാൻസ്ഫർ കിട്ടും, ഇന്നലെ ഞാൻ എച് ആറിനെ വിളിച്ചിരുന്നു. അത് കഴിഞ്ഞ് നമ്മുടെ നാട്ടിൽ എവിടെയെങ്കിലും എനിക്ക് ജോലി കിട്ടും, അങ്ങനെ ആയിരുന്നു ഞാൻ ആഗ്രഹിച്ചത്.... അന്യനാട്ടിൽ പോയി കിടക്കുമ്പോൾ നമുക്ക് ഒരു വിലയില്ല, മാത്രമല്ല എനിക്ക് തന്നെ അവിടെ വലിയ പരിചയമില്ല,

ഞാന് ദിവ്യയേ കൊണ്ട് അവിടേക്ക് ചെന്നാൽ എന്തായിരിക്കും അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ, എൻറെ ആഗ്രഹം നമ്മുടെ നാട്ടിൽ തന്നെ ജീവിക്കണം എന്ന് ആണ്, ഒന്നുമല്ലെങ്കിലും കേരളത്തിൽ എവിടെയെങ്കിലും തന്നെ എനിക്ക് പോസ്റ്റിങ്ങ് കിട്ടും, ഒരു വർഷത്തെ കാലാവധി കൂടെ ഉള്ളൂ, അപ്പോഴേക്കും അവൾ ഒന്ന് ഡിഗ്രി കംപ്ലീറ്റ് ചെയ്യട്ടെ, അവൾ ഡിഗ്രി കംപ്ലീറ്റ് ചെയ്താൽ എൻറെ കമ്പനിയിൽ തന്നെ എനിക്ക് എന്തെങ്കിലും ജോലി ഒക്കെ വാങ്ങി കൊടുക്കാൻ പറ്റും.... അമ്മാവൻറെ അഭിപ്രായം എന്താ...? അത് അറിഞ്ഞിട്ട് വേണം എനിക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ," അവൻ അത് പറഞ്ഞപ്പോൾ കൂടുതലൊന്നും വിശ്വൻ ആലോചിക്കാനുണ്ടായിരുന്നില്ല, ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, " അതു തന്നെ ആണ് നല്ലത്, ഇവിടെ തൊട്ടടുത്ത് മോൾ ഉള്ളപ്പോൾ ഒരു സമാധാനം ഉണ്ടല്ലോ,

ഒരാവശ്യം വന്നാൽ ഒന്ന് ഓടി വരാൻ അവൾ അടുത്തു ഉണ്ടാവുന്നതല്ല സന്തോഷം, ഒരു വർഷം അത്ര വലിയ കാര്യമൊന്നുമല്ല, ഒരു വർഷം കൊണ്ട് അവൾ ആ ഡിഗ്രി പൂർത്തിയാക്കിക്കഴിഞ്ഞാൽ വിവാഹം കഴിപ്പിക്കാൻ ആയിരുന്നു എൻറെ കണക്ക്, അപ്പൊൾ വീട്ടിൽ ആയിരുന്നല്ലോ നിർബന്ധം, മോനോട് എങ്ങനെ ഇത്‌ പറയും എന്നായിരുന്നു എൻറെ ബുദ്ധിമുട്ട്, ഇതിപ്പോൾ മോനായി ഇങ്ങോട്ട് പറഞ്ഞ സ്ഥിതിക്ക് അതുതന്നെയാണ് നല്ലത്, ഒരു വർഷം കൊണ്ട് വിവാഹം നടന്നാൽ മതി.. ആ മറുപടി വിവേകിന് വലിയ ആശ്വാസമായിരുന്നു നൽകിയത്.. കാര്യങ്ങൾ ഒക്കെ അവൻ വിചാരിച്ച വഴിയിലൂടെ വരുന്നുണ്ടെന്ന് അവന് മനസ്സിലായിരുന്നു, ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story