ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 22

Hridayaveenameettumbol

എഴുത്തുകാരി: റീനു

സാധാരണ ആറുമണി കഴിഞ്ഞ് നല്ല ഉറക്കം കിട്ടുന്നവൻ ഇന്ന് അഞ്ചു മണിയായപ്പോൾ മുതൽ ഉണർന്നിരിക്കുകയാണ്, എന്താണെന്ന് അറിയില്ല ഉറക്കം അവൻറെ കണ്ണുകളെ തഴുകുന്നില്ല. രാവിലെ മുതൽ കുളിച്ചൊരുങ്ങി സമയം പോകാൻ വേണ്ടി അവൻ നോക്കി ഇരിക്കുകയായിരുന്നു, ഒച്ചിനെ കാൾ വേഗത കുറഞ്ഞ് സമയം ഇഴഞ്ഞു പോകുന്നത് എന്ന് അവന് തോന്നി. ഒരുവൾ തന്നിൽ വരുത്തുന്ന മാറ്റങ്ങൾ ഒരു അത്ഭുതത്തോടെ അവൻ അറിഞ്ഞു. കാത്തിരുന്നത് എന്തു ലഭിച്ചത് പോലെയാണ് ദിവ്യയുടെ ഫോൺ വന്നപ്പോൾ അനന്തുവിന് തോന്നിയത്. പെട്ടെന്ന് തന്നെ ആ ഫോൺ എടുത്തിരുന്നു അവൻ.. " അനന്ദുവേട്ട...! ഞാൻ ഇറങ്ങാൻ പോവാട്ടോ..." ഏറെ പ്രിയപെട്ട സ്വരം... "ശരി...ശരി വല്ലാത്തൊരു ആവേശം അവന്റെ വാക്കുകളിലും ഉണ്ടായിരുന്നു. അവൾ പറഞ്ഞതും അവൻ ബൈക്കുമായി പുറത്തേക്ക് എടുത്തു കാറ്റ് പോലെ പോയി. തൻറെ പ്രവർത്തികളിൽ എല്ലാം വല്ലാത്തൊരു തിടുക്കം അവന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.. വളരെ പെട്ടെന്ന് പറഞ്ഞ സ്ഥലത്തേക്ക് എത്തുകയും ചെയ്തിരുന്നു,

ഗൗരവത്തിന്റെ മുഖംമൂടിയണഞ്ഞു കൊണ്ടുനടന്ന തൻറെ മനസ്സ് ശരിക്കും ഒരു പെൺകുട്ടിയുടെ യഥാർത്ഥ സ്നേഹത്തിനു വേണ്ടി കൊതിച്ചിരുന്നോ.? അവനവനോട് തന്നെ ചോദ്യം ചോദിച്ചിരുന്നു. അല്ലെങ്കിൽ ഒരുവളുടെ സ്നേഹത്തിൽ ഇത്രമാത്രം അടിമപ്പെട്ട് പോകാനുള്ള കാരണം എന്തായിരുന്നു.? എത്ര പരുക്കനായി നിന്നെങ്കിലും തൻറെ ഉള്ളിലും സ്നേഹലാളനകൾക്ക് വേണ്ടി ആഗ്രഹിച്ചിരുന്നു. ഒരുവളാൽ സ്നേഹിക്കപ്പെടാൻ താൻ കൊതിച്ചിരുന്നു. അത് സത്യമാണ് ഹരിതയ്ക്ക് ശേഷം മറ്റൊരുവളെ തൻറെ മനസ്സിലേക്കും ജീവിതത്തിലേക്കും കൂട്ടില്ല എന്ന് ഉറപ്പിച്ച തന്നെ എങ്ങനെയാണ് വെറും രണ്ടോ മൂന്നോ ദിവസം കൊണ്ട് ഒരുവൾ സ്നേഹത്താൽ കീഴടക്കിയത്. അവൾ എത്ര പെട്ടന്നാണ് തന്റെ ഹൃദയത്തിൻറെ അവകാശം നേടിയെടുത്തത്. ആ ചോദ്യം അവനിൽ പോലും ഒരു അത്ഭുതം നിറച്ചിരുന്നു, ഓരോന്നാലോചിച്ച് കൊണ്ട് ഇരുന്നപ്പോൾ കണ്ടിരുന്നു തിരിഞ്ഞുനോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി തൻറെ അരികിലേക്ക് പാഞ്ഞുവരുന്ന ആ പെണ്ണിനെ, പുലർകാലവെയിലിന്റെ സൗന്ദര്യം അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട്,

തന്നെ കണ്ടതും ആ മുഖം ഒന്നുകൂടി ചുവക്കുന്നത് അവനറിഞ്ഞു. ആദ്യമായി ദിവ്യക്ക് വേണ്ടി മാത്രമായി ഒരു പുഞ്ചിരി അവൻറെ ചൊടികളിൽ വിരിഞ്ഞു. നിനക്ക് വേണ്ടി ആയിരുന്നോ എൻറെ ഹൃദയം ഇത്രമേൽ കാത്തിരുന്നത്..? നിനക്ക് വേണ്ടി ആയിരുന്നോ എൻറെ ഉള്ളം വീണ്ടും പ്രണയസൗഗന്ധികങ്ങൾ തളിർത്തത്. അവളെ കാണുമ്പോൾ ഹൃദയത്തിൽ സുഖം ഉള്ളൊരു നോവ് ഉണരുന്നു.ഇത്രയും അരികിൽ ഉണ്ടായിട്ടും എന്തേ എന്റെ പ്രണയമേ നീ എന്നിലേക്ക് എത്താൻ വൈകി..? ഹൃദയം ഹൃദയത്തോട് പരിഭവം പറഞ്ഞു.കാലം എനിക്ക് വേണ്ടി സൂക്ഷിച്ചു വച്ച അമൂല്യ നിധി ആയിരുന്നു നിന്റെ സ്നേഹം. പെട്ടന്ന് മനസ്സ് അതിന്റെ ഉത്തരവും കണ്ടെത്തി.ഹൃദയം പുതിയൊരു മനോഹരമായി കാവ്യം രചിക്കുന്നത് അറിയുന്നുണ്ടായിരുന്നു അവൻ.. " ഒരുപാട് നേരായൊ അനന്ദുവേട്ടൻ വന്നിട്ട്. " ഇല്ല വന്നതേയുള്ളൂ.... വളരെ സൗമ്യമായ മറുപടി ആയിരുന്നു അവന്റെ. " എനിക്ക് പെട്ടെന്ന് പോണം, കൃഷ്ണയ്ക്ക് പോകേണ്ടത് ആണ്... ഇപ്പോൾ സമയം അടുക്കാറായി.... വാച്ചിൽ നോക്കി പറഞ്ഞവൾ.. " എന്തിനാ കാണണമെന്ന് പറഞ്ഞത്...?

വളരെ ആർദ്രമായി അവളുടെ മുഖത്തേക്ക് നോക്കി ആയിരുന്നു ആ ചോദ്യം... " വെറുതെ കാണാൻ വേണ്ടി, അവന്റെ മനസ്സ് നിറച്ച മറുപടി.... അത് അവൻറെ ഒരു പുഞ്ചിരിയിൽ അവൾ ഉറപ്പിച്ചിരുന്നു, പെട്ടെന്ന് ബാഗ് തുറന്ന് ഒരു പൊതിയെടുത്ത് അവനു നേരെ നീട്ടി.... കാര്യം മനസ്സിലാവാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി, " ചോറ്...! ഉച്ചയ്ക്കത്തേക്ക് ഉള്ളത്... ഒരുനിമിഷം അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, "എന്നും പുറത്തു നിന്ന് കഴിക്കും എന്നല്ലേ പറഞ്ഞത്, ഇന്ന് ക്ലാസ്സില്ലേ...? ഇനി ക്ലാസ്സ് ഉള്ള ദിവസം എന്നോട് പറഞ്ഞാൽ മതി, ഞാൻ ചോറ് കൊണ്ട് തരാം... ഉച്ചയ്ക്ക് പൊറോട്ട കഴിച്ച് എങ്ങിനെയാണ് വിശപ്പ് മാറുക. മാത്രം അല്ല തലവേദന എടുകയും ചെയ്യും. അത് വാങ്ങണോ വേണ്ടയോ എന്ന് അറിയാതെ നിൽക്കുകയായിരുന്നു അവൻ, അവളുടെ മുഖത്തെ സംശയം അവന് മനസ്സിലായിരുന്നു താനത് വാങ്ങുമോ ഇല്ലയോ എന്ന ഭയം ആണ് മുഖത്ത്... " ഞാൻ വെളുപ്പിന് അഞ്ചു മണി ആയപ്പോൾ എഴുന്നേറ്റ് ഉണ്ടാക്കിയത് ആണ്. വാങ്ങാതെ ഇരിക്കല്ലേ... ഞാൻ തന്നെ ഉണ്ടാക്കി ഇതെല്ലാം,

അമ്മയെക്കൊണ്ട് ഒരു കൈ പോലും തൊടിച്ചിട്ടില്ല. അവന്റെ മുഖത്തേക്ക് നോക്കി വാചാല ആവുകയാണ് പെണ്ണ്... ഇത്രമാത്രം ഒരാൾക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയുമോ...? അവന് വല്ലാത്ത അത്ഭുതമായിരുന്നു അവൾ, ഇതുവരെ അനന്തു മനസ്സിലാക്കിയിട്ടില്ലാത്ത ഒരു പെണ്ണ്...! അവൻ കൈനീട്ടി അത് വാങ്ങി, " ഇതിനാണോ കാണണമെന്ന് പറഞ്ഞത്...? ചിരിയോടെ അവൾ തലയാട്ടി, " ഇനി ക്ലാസ്സ് ഉള്ളപ്പോൾ ഒക്കെ എന്നോട് പറയണം, മടികൂടാതെ പറയണം ഞാൻ ഉണ്ടാക്കി തന്നോളാം... " ഇനി ഉടനെ ഒന്നും ക്ലാസ്സ് ഇല്ല. ഒരു മാസമെങ്കിലും കഴിയും, " പറഞ്ഞാൽ മതി, എന്ത് പറയണം എന്ന് പോലും അവന് അറിയില്ലായിരുന്നു... കണ്ണുകൾ നിറഞ്ഞു പോവാതിരിക്കാൻ അവൻ ആവുന്നത്ര ശ്രമിച്ചു " ഞാൻ പോട്ടെ....? അവൾ ചോദിച്ചു... "ചെല്ല്..... മറുപടി പറഞ്ഞു മുഖത്ത് നോക്കാതെ അവൻ... ഒരുപക്ഷേ കണ്ണുകൾ നിറഞ്ഞുതുളുമ്പിയാലോ എന്ന ഭയം കൊണ്ടായിരുന്നു അവൻ അങ്ങനെ പറഞ്ഞത്, തലയാട്ടി അവൾ തിരികെ പോകുന്നതിനു മുൻപ് അവളുടെ കൈകളിൽ ഒന്ന് പിടിച്ചിരുന്നു അവൻ....

ഒരു നിമിഷം അവൾ പോലും അത്ഭുതപ്പെട്ടുപോയി, പെട്ടെന്ന് ഒരു കാറ്റ് വീശിയിരുന്നു... ആ കാറ്റിൽ അവളുടെ അളകങ്ങൾ ആ നൃത്തം ചെയ്യുന്നത് അവൻ കണ്ടു, ആ നിമിഷം അവളോട് വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു, " ഇനിയെപ്പോഴാണ് കാണുന്നത്...? ആദ്യമായി അവനിൽ നിന്നും അങ്ങനെ ഒരു ചോദ്യം, അത് അവളിൽ സൃഷ്ടിച്ച സന്തോഷം ചെറുതായിരുന്നില്ല... അവൾ ഒന്നു ചിരിച്ചു, " അനന്തുവേട്ടൻ പറ എപ്പോഴാ കാണുന്നത്....? " ഇന്ന് വൈകിട്ട് അമ്പലത്തിൽ വരില്ലേ...? ചിരിയോടെയാണ് അവന് ചോദിച്ചത്, ഏറെ സന്തോഷത്തോടെ അവൾ തലയാട്ടി.... തിരികെയുള്ള യാത്രയിൽ രണ്ടുപേരും മനസ്സിൽ സുന്ദരസ്വപ്നങ്ങൾക്ക് തിരി കൊളുത്തുകയായിരുന്നു, ഇന്ന് എല്ലാ കാര്യങ്ങളും അവളോട് തുറന്നു പറയണം എന്ന് അനന്തു ഉറപ്പിച്ചിരുന്നു, ഒരിക്കലും അവളെ പ്രണയിച്ചു അല്ല താൻ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്നും ആ കാര്യം പറയുന്ന നിമിഷം തന്റെ മനസ്സിൽ അവളോട് ഒരു തരിമ്പുപോലും സ്നേഹം ഉണ്ടായിരുന്നില്ല എന്നും എല്ലാം തുറന്നു പറയണം എന്ന് ഉറപ്പിച്ചു,

എന്നാൽ ഇപ്പോൾ തൻറെ ജീവിതത്തിൽ അവൾക്ക് പകരം വയ്ക്കാൻ മറ്റാരും ഇല്ലെന്നും മറ്റൊരു ശക്തിക്കും താൻ അവളെ വിട്ടു കൊടുക്കില്ല എന്നും അവളുടെ മുഖത്തുനോക്കി പറയണം, എന്നിട്ട് ഒരു കളങ്കമില്ലാതെ വേണം ഇനി താൻ അവളുടെ ജീവിതത്തിൽ നിൽക്കാൻ, അവളുടെ മറുപടി അറിഞ്ഞതിനു ശേഷം വിവേകിനെ വിളിച്ച് സംസാരിക്കുവാനും അവൻ ഉറപ്പിച്ചു. എന്തുവന്നാലും തൻറെ പെണ്ണിനെ ഇനി മറ്റാർക്കും വിട്ടു നൽകില്ല എന്ന ഒരു തീരുമാനം അവനോട് പറയാൻ വേണ്ടി അനന്ദു ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ ആ ഭക്ഷണത്തിന് താൻ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടുള്ളതിലും സ്വാദ് ഉള്ളതായി അവന് തോന്നിയിരുന്നു, തനിക്ക് വേണ്ടി മാത്രമായി ആദ്യമായി ഒരാൾ വെച്ചു ഉണ്ടാക്കിയ ഭക്ഷണം... ഇന്നുവരെ അമ്മപോലും അങ്ങനെ വച്ച് തന്നിട്ടില്ല, തനിക്ക് വേണ്ടി മാത്രമായി ഒരുവൾ കാലത്ത് ഉറക്കം കളഞ്ഞു എഴുന്നേറ്റ് ഭക്ഷണം ഉണ്ടാക്കിയിരിക്കുന്നു, ഒരു പുരുഷന് ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്..?

അവളുടെ കൈപ്പുണ്യം അറിഞ്ഞ നിമിഷം കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഊർന്നുവീണിരുന്നു. ആദ്യമായാണ് ഇങ്ങനെ ഒരാൾ തനിക്ക് വേണ്ടി മാത്രമായി എന്തേലും നൽകുന്നത്. ഇന്നുവരെ ഹരിത പോലും ഒന്നും നൽകിയിട്ടില്ല. ആരോടും ഒരു പരാതിയും ഉണ്ടായിരുന്നില്ല, കുട്ടിക്കാലം മുതൽ അനുഭവിച്ച അവഗണനയുടെ കയ്പുനീർ മനസ്സിൽ ഉള്ളതുകൊണ്ട് ആരിൽ നിന്നും ഒന്നും ആഗ്രഹിക്കുന്നില്ല... ആദ്യമായാണ് ഒരാൾ ഇത് തനിക്ക് വേണ്ടി എന്ന് പറഞ്ഞ് നൽകുന്നത്, ആ ഒരു സന്തോഷം ഉണ്ടായിരുന്നു.... മാങ്ങക്കറിയും ചേന മെഴുക്കുപുരട്ടിയും നെല്ലിക്ക അച്ചാറും ചാള വറുത്തതും ആണ് കൂട്ടാൻ. മനസ്സിൽ ബാക്കി നിൽക്കുന്ന എല്ലാ കള്ളത്തരവും തുറന്നു പറഞ്ഞു അവൾ സ്വീകരിക്കും എങ്കിൽ ഇനി മുതലങ്ങോട്ട് അവൾ മാത്രമായിരിക്കും തൻറെ പാതി എന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു അനന്തു. വൈകുന്നേരം വീട്ടിലേക്ക് പോകുന്നതിനിടയിലാണ് ഫോൺ ശബ്ദിച്ചത്, ഒരു ലാൻഡ് നമ്പർ ആയിരുന്നു എങ്കിലും അവൻ എടുത്തു.. " അനന്തുവേട്ട ഞാനാ... ആ ശബ്ദം കേട്ടപ്പോൾ തന്നെ പ്രത്യേകിച്ച് പരിചയപ്പെടുത്തൽ ആവശ്യമുണ്ടായിരുന്നില്ല അവന്.

ചുണ്ടിൽ അറിയാതെ തന്നെ ഒരു പുഞ്ചിരി വിടർന്നു, " പറ..... സന്തോഷത്തോടെ പറഞ്ഞു... " അമ്പലത്തിൽ ഇന്ന് എനിക്ക് വരാൻ പറ്റില്ല, ഒരു നിമിഷം അവൻറെ ചുണ്ടിൽ വിടർന്ന പുഞ്ചിരി മാഞ്ഞു പോയിരുന്നു, " എന്തുപറ്റി..? " അത് പിന്നെ എനിക്ക് അമ്പലത്തിൽ കയറി കൂടാ, അവളുടെ വാക്കുകൾ അവനിൽ നിരാശ നിറച്ചിരുന്നു.... " സാരമില്ല നമുക്ക് നാളെ വേറെ എവിടേലും വച്ചു കാണാം....ഞാൻ വായനശാലയിൽ വരാം, " എന്നോട് പിണക്കം ഉണ്ടോ...? നിഷ്കളങ്കമായ അവളുടെ ചോദ്യം... " ഇതിപ്പോൾ നിൻറെ കുഴപ്പം ഉണ്ടല്ലോ പിന്നെ ചോറും കൂട്ടാനും കൊണ്ടല്ലല്ലോ, എന്തിനാ പിണക്കം...... പിന്നെ ചൊറിനും കൂട്ടാനും നല്ല രുചിയുണ്ടായിരുന്നു, " ആണോ...? ശരിക്കും ഇഷ്ടായോ. .? പെട്ടന്ന് അവൾ വാചാല ആയി... " ഞാൻ വിചാരിച്ചു അത് ഇഷ്ടം ആവില്ലന്ന്.... ഞാൻ അത്രയ്ക്ക് വലിയ പാചകകാരി ഒന്നും അല്ല... പിന്നെ അനന്ദുവേട്ടന് വേണ്ടി ഉണ്ടാക്കിയത് കൊണ്ട് ഞാൻ ഒരു പ്രത്യേക സാധനം കൂടി ചേർത്തിരുന്നു, അതുകൊണ്ടാ രുചി ... " അതെന്താ...? മനസ്സിലാവാതെ ചോദിച്ചു അവൻ... " സ്നേഹം" ചിരിയോടെ അവൾ പറഞ്ഞു... ഒരു നിമിഷം അവൻ ഒന്നും മിണ്ടിയില്ല അവൻറെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു, പിന്നെ അവൻ പറഞ്ഞു.... " ആ സാധനം നിൻറെ കൈയിൽ ആവശ്യത്തിനുണ്ട്, അത് മുഴുവൻ എനിക്ക് വേണം.... എനിക്ക് മാത്രമായി.... ഏറെ പ്രണയാർദ്രമായി ആയിരുന്നു അവൻ പറഞ്ഞത്.........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story