ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 28

Hridayaveenameettumbol

എഴുത്തുകാരി: റീനു

അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ അരികിലേക്ക് നീങ്ങി ആ കൈകളുടെ മുകളിൽ ദിവ്യ തന്റെ കൈ വച്ചശേഷം അതിലേക്ക് ചുണ്ടുകൾ ചേർത്തു. ആ ചുംബനത്തിന് പ്രണയമായിരുന്നില്ല, വാൽസല്യവും കരുതലുമായിരുന്നു, നിറകണ്ണുകളോടെ അവൾ പറഞ്ഞു... " ഇനി ഒരിക്കലും എൻറെ അനുവേട്ടൻ ഒറ്റയ്ക്ക് അല്ല, ഞാൻ ഉള്ള കാലത്തോളം... " ഉണ്ടാവണം...! ഇല്ലെങ്കിൽ ഒരുപക്ഷേ ഇനി എൻറെ ജീവിതം ഒരു മരണത്തിൽ മാത്രമേ കലാശിക്കു, " എന്താണ് ഈ നീ പറയുന്നത്... പെട്ടെന്ന് അവൻറെ വായിൽ പൊത്തി വാക്കുകൾ തടഞ്ഞിരുന്നു അവൾ... " ഞാൻ പറഞ്ഞില്ലേ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചവനാണ്,ഇനിയൊരു വേർപാട് കൂടി എനിക്ക് താങ്ങാൻ സാധിക്കില്ല, നിൻറെ ഭാഗത്തുനിന്ന് അങ്ങനെ ഉണ്ടായാൽ തിരഞ്ഞെടുക്കാൻ എൻറെ മുന്നിൽ മരണം മാത്രമേയുള്ളൂ, " അനുവേട്ടനെ മറക്കണം എങ്കിൽ അന്ന് എൻറെ മരണമായിരിക്കും ഇല്ലാതെ അങ്ങനെയൊന്ന് എൻറെ ജീവിതത്തിൽ ഉണ്ടാവില്ല,

അങ്ങനെ മുറിവേൽപ്പിച്ച് പോകാൻ വേണ്ടിയല്ല ഇത്രയും ഇത്രയും നാൾ കാത്തിരുന്ന ഞാൻ സ്വന്തമാക്കിയത്, ഇനിയും എന്റെ സ്നേഹത്തിൽ അനുവേട്ടന് സംശയം തോന്നുന്നുണ്ടോ..? " ഒരു സംശയവുമില്ല...! പറഞ്ഞെന്നേയുള്ളൂ, പിന്നെ നമ്മൾ ആഗ്രഹിച്ചാലും വിധി തീരുമാനിക്കുന്നത് എന്താണ് എന്ന് അറിയില്ലല്ലോ.... " നമ്മുടെ കാര്യത്തിൽ അങ്ങനെ വിധി മറ്റൊന്ന് തീരുമാനിക്കേണ്ട, തീരുമാനിക്കാൻ ഞാൻ സമ്മതിക്കില്ല... അത്രമേൽ സ്നേഹിച്ചു, കൊഞ്ചി പറഞ്ഞു അവന്റെ തോളിൽ ചാഞ്ഞു അവൾ... " ഞാനും...! ഏറെ ആർദ്രമായി അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു, " സമയം ഒരുപാടായി...! രണ്ടുപേരും ഒരുമിച്ചാണ് ഇറങ്ങിയത്, ആ രാത്രി പതിവിലധികം സന്തോഷത്തിലായിരുന്നു അനന്ദു... അച്ഛൻറെ ഷെഡിന്റെ അരികിലേക്ക് ചെന്നു, അവിടെ ഇരുന്നു കുറേ നേരം അവളെ കുറിച്ച് ആലോചിച്ചു, അച്ഛൻറെ ആത്മാവ് അവിടെ ഉണ്ടെന്ന് വിശ്വാസത്തിൽ പ്രിയപ്പെട്ടവളെ കുറിച്ച് വിശദമായി സംസാരിച്ചു,

" അച്ഛന് ശേഷം ഹൃദയം തുറന്നു ഞാൻ സ്നേഹിച്ചിട്ടുള്ളത് അവളെ മാത്രം ആണെന്നു തോന്നുന്നു, ഇത്രയും കാലം ഞാൻ കാത്തിരുന്നത് ഇവൾക്ക് വേണ്ടി ആയിരുന്നു എന്ന് എൻറെ മനസ്സ് പറയുന്നു അച്ഛാ.... അച്ഛൻറെ അനുഗ്രഹം ഉണ്ടാവണം, ഇനിയുള്ള ജീവിതത്തിൽ അത് മാത്രമാണ് എനിക്ക് ആകെ ആശ്രയമായി ഉള്ളത്, അവനെ തലോടി പോയേ കാറ്റിന് അപ്പോൾ അച്ഛൻറെ വിയർപ്പിന്റെ ഗന്ധമാണെന്ന് അവനു തോന്നി... അവന് ഏറെ പരിചയമുള്ള ഏറെ നൊമ്പരപ്പെടുത്തുന്ന ഗന്ധം... എന്നും ആ മടിത്തട്ടാണ് സുരക്ഷയൊരുക്കിയിട്ടുള്ളത്, എന്നും ആ ഹൃദയമാണ് തന്നെ അറിഞ്ഞിട്ടുള്ളത്... അന്ന് അവിടെത്തന്നെ കിടന്നാണ് ഉറങ്ങിയത്, നെഞ്ചിലുള്ള ആൾ ആ രാവിലും സ്വപ്നത്തിനു വർണ്ണങ്ങൾ പകർന്നു... പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അവളുടെ ഫോൺ പ്രതീക്ഷിച്ചെങ്കിലും അത് ലഭിക്കാതെ വന്നപ്പോൾ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്ക് അവനെത്തിയിരുന്നു, തിരികെ വിളിക്കാനുള്ള ഭയവും പെട്ടെന്നാണ് സുരജിന്റെ കാര്യം ഓർത്തത്,

പെട്ടെന്ന് തന്നെ തയ്യാറായി സൂരജിന്റെ വീട്ടിലേക്ക് പോയി, വർഷങ്ങൾക്കുശേഷം തൻറെ മനസ്സ് ഒരു കൗമാരക്കാരനിലേക്ക് ഒതുങ്ങി പോകുന്നത് അനന്തു അറിഞ്ഞിരുന്നു... പതിവില്ലാതെ മുറ്റത്ത് അനന്തുവിനെ കണ്ടു അമ്പരന്നു സൂരജ്... " എന്താടാ....! " ഒന്നും ഇല്ലടാ വെറുതെ നിന്നെ ഒന്ന് കാണാമെന്ന് വിചാരിച്ചു വന്നതാ, പെണ്ണ് കെട്ടി കഴിഞ്ഞെ പിന്നെ നമ്മുടെ കൂട്ടുകാരുടെ അടുത്ത് ഒന്നും വരില്ലല്ലോ, അതുകൊണ്ട് വന്നതാ...പെണ്ണുമ്പിള എന്തിയെ...? " അവൾ ഇവിടെ ഇല്ല, അവളുടെ വീട്ടുകാരെ പിണക്കമൊക്കെ മാറി,ഒരു പനിപോലെ ഹോസ്പിറ്റലിൽ ആണ് ഇപ്പോ, അങ്ങോട്ട് പോകാം എന്ന് വിചാരിച്ചു ഇറങ്ങിയതാ, അച്ഛനും അമ്മയും അവളുടെ കൂടെയുണ്ട്... ഞാൻ ഇപ്പോൾ ഒന്ന് വന്നതാ തുണിയൊക്കെ എടുക്കാൻ.. " എന്താടാ കുഴപ്പം വല്ലോം ഉണ്ടോ...? " ഹേയ് ഇല്ലടാ,നീ നില്ക് സാധനങ്ങൾ കൂടി എടുക്കണം, പിന്നെ ഞാൻ ഒന്നു കുളിച്ചിട്ട് വരാം, " നീ കുളിച്ചിട്ടു വാ.... അപ്പോഴും നോട്ടം അപ്പുറത്തെ വീട്ടിലെ മുറ്റത്തേക്ക് ആയിരുന്നു,

അന്ന് വിവാഹത്തിൻറെ ആഘോഷത്തിന് വന്നപ്പോൾ അവളെ അവിടെ കണ്ടതാണ്, അന്ന് ആ കാഴ്ച അലോസരപെടുത്തിയെങ്കിൽ ഇന്ന് അത്‌ തീവ്രമായ ആഗ്രഹിക്കുന്നു... എത്ര നോക്കിയിട്ടും കാണുന്നില്ല, മുറ്റത്ത് ഓടി നടക്കുന്ന ഒരു കൊച്ചു കുട്ടിയെ കാണാം, അതിനു പുറകെ ഓടുന്ന ഒരു കോട്ടൺ ചുരിദാർ ഇട്ട പെൺകുട്ടി, അത്‌ അവളുടെ ചേച്ചി ആയിരിക്കാം എന്ന് തോന്നിയിരുന്നു, എത്ര നോക്കിയിട്ടും പ്രതീക്ഷിച്ച് മുഖം മാത്രം അവൻ കണ്ടില്ല, കുറച്ചു സമയങ്ങൾക്ക് ശേഷം ഉറക്കച്ചടവോടെ ഒരു ഹാഫ് പാന്റും ബനിയനും ഇട്ട ഒരു പെൺകുട്ടി ഇറങ്ങി വന്നു, മുടി ഉച്ചിയിലേക്ക് കെട്ടി വച്ച് കൊണ്ട്, പ്രതീക്ഷിച്ച മുഖം കണ്ടതും ആ കണ്ണുകൾ ഒന്നു വിടർന്നു... മുഖം കഴുകി നോക്കിയപ്പോഴാണ് അവന്റെ മുഖം അവളും കണ്ടത്, ഒരു നിമിഷം അവൾ ഒന്ന് സ്തംബദ്ധയായി പോയിരുന്നു. കണ്ടത് സത്യമാണോ മിഥൃ ആണോയെന്ന് ഒരിക്കൽകൂടി കണ്ണുകൾ തിരുമി നോക്കി... അവൻറെ മുഖത്തേക്ക് അവൾ നോക്കിയപ്പോൾ ഒരു കൗതുകം ആയിരുന്നു ആ മുഖത്ത് മിന്നി മറഞ്ഞിരുന്നത്,

" ദിവ്യ ഒന്ന് വന്നേ..... അമ്മയുടെ ഉറക്കെയുള്ള വിളി കേട്ടപ്പോൾ അവൻറെ മുഖത്ത് നിന്നും നോട്ടം മാറ്റി അവൾ അകത്തേക്കോടി, ഓടിപ്പോയ കൂട്ടത്തിലും അമ്പരപ്പ് മാറിയിരുന്നില്ല, " അപ്പുറത്തെ സൂരജ് വന്നിട്ടുണ്ടെന്ന് തോന്നുന്നു, സതി ചേച്ചി വിളിച്ചു പറഞ്ഞു കുറച്ചു കഞ്ഞിവെള്ളം കൊടുക്കണം എന്ന്, നീ ഇത്‌ അങ്ങ് കൊടുത്തേക്ക്, പോകുമ്പോൾ ഇതിലെ വരാൻ പറയണേ.... അതും പറഞ്ഞു അമ്മ ഒരു കവർ അവളുടെ കൈകളിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു, " നീ ഒന്ന് കൊണ്ട് കൊടുക്കു... രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന് പറഞ്ഞ് അവസ്ഥയിലായിരുന്നു ദിവ്യ, " ഇപ്പൊ കൊടുക്കാമേ.... അതും പറഞ്ഞ് അവൾ വേഗം മുറിയിലേക്ക് ഓടി, പെട്ടെന്ന് മുഖം കഴുകി പല്ലുതേച്ചു ക്രീമും പൗഡറും ഒക്കെ ഇട്ടു കണ്ണുമെഴുതി അലമാരിയിൽനിന്നും നീളൻ പാവാടയും ടോപ്പും എടുത്തു മുടിയൊന്ന് ഭംഗിയായി മേടഞ്ഞു, അതിനുശേഷം അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മയും ചേച്ചിയും നോക്കുന്നുണ്ടായിരുന്നു, " നീ എന്താ കല്യാണത്തിന് പോവാണോ.?

ചേച്ചിയാണ് ചോദിച്ചത്, " അല്ല ഡ്രസ്സ് ഒന്നും മാറി എന്നേയുള്ളൂ... അതും പറഞ്ഞ് ഒരു ചമ്മലോടെ കവർ വാങ്ങി വേഗത്തിൽ അവള് അപ്പുറത്തെ വീട്ടിലേക്ക് എത്തി, അപ്പോഴും അവളെ കാണാത്ത വിഷമത്തിൽ കാര്യമറിയാതെ നിൽക്കുകയായിരുന്നു അവൻ... ഒരു നിമിഷം അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടരുന്നതും ആ മുഖം ചുവന്നതും അവനിലെ പുരുഷനിൽ സന്തോഷം നിറച്ചിരുന്നു, "ഇതെന്താ ഇവിടെ.... ശബ്ദം അൽപം താഴ്ത്തിയാണ് അവൾ ചോദിച്ചത്, " നിന്നെ കാണാൻ വേണ്ടി... അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ ആ മുഖം അവനിൽ തന്നെ നോക്കിയിരുന്നു, അവളുടെ കൈയ്യും പിടിച്ചു വലിച്ച് അധികം ആരും കാണാതെ വീടിൻറെ പിന്നാമ്പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു അവൾ, ഒരു കൂറ്റൻ മാവ് മറ തീർത്ത ആ പിന്നാമ്പുറത്തു നിൽക്കുമ്പോൾ അവനവനെത്തന്നെ മറന്നിരുന്നു, അവളുടെ കണ്ണുകളിൽ മാത്രം നോക്കി, പിന്നെ അവളെ തന്നോട് ചേർത്ത് ഒരു വാക്കുപോലും ഉരിയാടാതെ അവളുടെ അധരങ്ങളിൽ ആ നനുത്ത ചുണ്ടുകളാൽ മുദ്ര തീർത്തു കഴിഞ്ഞിരുന്നു, നാണത്താൽ കൂമ്പിയ അടഞ്ഞ മിഴികൾ, അവനെ പുണർന്ന കരങ്ങൾ, സ്വയം മറന്ന് നിമിഷം..! " അനന്തു.... ആ വിളിയാണ് രണ്ടുപേരെയും ബോധത്തിലേക്ക് കൊണ്ടുവന്നത്... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story