ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 38

Hridayaveenameettumbol

എഴുത്തുകാരി: റീനു

"എന്താടി സംഭവിച്ചേ...? എന്തു പറ്റിയതാ, എന്താ പെട്ടെന്ന് ഇങ്ങനെയൊക്കെ...? ഒരു സെക്കൻഡിൽ തന്നെ കുറെ ചോദ്യങ്ങൾ അവൻ ചോദിച്ചു.... "ചേച്ചിക്ക് ഒക്കെ മനസ്സിലായി എന്ന് തോന്നുന്നു.... " മ്മ്..... ആരെങ്കിലും നിന്നെ ഉപദ്രവിക്കുകയോ മറ്റോ ചെയ്തോ.? " അതിന് ആരെങ്കിലും എന്നോട് ഈ വിഷയത്തെപ്പറ്റി ചോദിച്ചിട്ട് വേണ്ടേ...?എന്നോട് ഈ കാര്യത്തെ പറ്റി ചോദിക്കുന്നു പോലുമില്ല.... അതിനുപകരം എന്നെ മാറ്റുകയും ഫോൺ മാറ്റുകയുമാണ് ചെയ്യുന്നത്.... എന്നോട് ചോദിച്ചാൽ അല്ലെ എനിക്ക് ഈ കാര്യത്തെപ്പറ്റി പറയാൻ പോലും പറ്റുകയുള്ളൂ..., " ചേച്ചി അറിഞ്ഞു എന്നത് ഉറപ്പാണോ..? അതോ ഇനി എന്തെങ്കിലും സംശയം ആണോ...? " അല്ല അറിഞ്ഞിട്ടുണ്ട് .... എനിക്ക് 100% ഉറപ്പ് ആണ്.... ചേച്ചിയുടെയും അമ്മയുടെയും പ്രവർത്തികളിൽ നിന്നും അത് എനിക്ക് മനസ്സിലാകുന്നുണ്ട്. " ഞാൻ നാളെ രാവിലെ അവിടെ എത്തും, അപ്പോൾ എനിക്ക് നിന്നെ കണ്ടേ പറ്റൂ, എന്താണെങ്കിലും ഞാൻ വീട്ടിൽ വരാം.... സംസാരിക്കാം, അവൻ അവൾക്ക് ഉറപ്പ് കൊടുത്തു... " ഇപ്പൊൾ അതിനൊന്നും നിൽക്കണ്ട... അച്ഛൻ കാര്യം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നത്..... അച്ഛനോട് ഞാൻ എങ്ങനെയെങ്കിലും ഇതിനെപ്പറ്റി ഒന്ന് സംസാരിക്കട്ടെ.... നമുക്ക് നേരിട്ട് സംസാരിക്കാം... എങ്ങനെയാണെങ്കിലും ഞാൻ നാളെ വീട്ടിലെത്തും, ഇവിടെ പ്രശ്നമുണ്ടാക്കി ആണെങ്കിലും വീട്ടിലെത്തും.... അതിനുശേഷം ഞാൻ വിളിക്കാം എങ്ങനെ കാണാം എന്ന് പറയാം, അവനു ആശ്വാസം നൽകി അവൾ... " ഇനി എപ്പോഴാ വിളിക്കുക...? "

എങ്ങനെയെങ്കിലും വിളിക്കാം അനുവേട്ട .... സമാധാനമായി ഇരിക്ക്, " ശരി...! പെട്ടെന്ന് തന്നെ അവൾ കോൾ കട്ട് ചെയ്തു, അപ്പോൾ തന്നെ ഉമ്മറത്തു നിന്ന് സംസാരം കേട്ടിരുന്നു.... കയറിവന്നതും നടുവിൽ നിൽക്കുന്ന ദിവ്യയാണ് കണ്ടത്, അവളുടെ മുഖത്തെ പരിഭവം കണ്ടപ്പോൾ തന്നെ രംഗം പന്തിയല്ലെന്ന് തോന്നിയിരുന്നു.... പക്ഷെ അവളോട് ഒന്നും ചോദിക്കാൻ വയ്യ, " ചേച്ചി എനിക്കൊരു കാര്യം പറയാനുണ്ട്..... അല്പം ധൈര്യം സംഭരിച്ച് ദീപ്തിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " എന്താടി.... ഒന്നും മനസ്സിലാവാത്തത് പോലെ അവൾ ചോദിച്ചു, " എനിക്ക് നാളെ വീട്ടിൽ പോണം..... " എന്താ ഇത്ര അത്യാവശ്യം...? അങ്ങോട്ട് ചെന്നിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ, " ആരു പറഞ്ഞു എനിക്ക് അച്ഛനെ കാണണം, പിന്നെ ലൈബ്രറി പോണം, അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്....ലൈബ്രറിയിലെ രണ്ട് ബുക്ക് എന്റെ കയ്യിൽ ഇരിക്കുക, അതുകൊണ്ട് കൊടുക്കണം, " അത് കുഴപ്പമില്ല.... അച്ഛനോട് പറയാം, ലൈബ്രറിയിൽ കൊണ്ട് ബുക്ക്‌ കൊടുക്കാൻ ... ദീപ്തി പരിഹാരം കണ്ടു പിടിച്ചു... " എനിക്ക് പോകണം, എന്നെ എന്താ ഒളിവിൽ പാർപ്പിച്ചിരിക്കുവാണോ...? അങ്ങോട്ട് പോകരുത് ഇങ്ങോട്ട് പോകരുത്, ഞാനെന്താ ജയിൽപുള്ളി ആണോ...? അത് മാത്രമല്ല എനിക്ക് ഇവിടെ നിൽക്കുന്ന ഇഷ്ടമല്ല...! എനിക്ക് വീട്ടിൽ പോണം, "

ശരി ഞാൻ നാളെ രാവിലെ തന്നെ വീട്ടിൽ നിന്നെ കൊണ്ടു വിടാം.... " വേണ്ട ഞാൻ അത്ര ചെറിയ കുട്ടി ഒന്നുമല്ലല്ലോ... ഇവിടെ നേരത്തെ വന്നിട്ടുണ്ടല്ലോ, ഒരു കിലോമീറ്റർ അപ്പുറത്തേക്ക് ബസിലൊക്കെ പോകാൻ എനിക്കറിയാം.... ഞാൻ തന്നെ പൊയ്ക്കോളാം, ചേച്ചി വിട്ടാൽ മതി.... " നീയെന്താ ശത്രുക്കളോട് പെരുമാറുന്നത് പോലെ... " എനിക്ക് ആരോടും ഒരു ശത്രുതയില്ല.... ശത്രുതയോടെ പെരുമാറുന്നത് ഒക്കെ നിങ്ങളല്ലേ....? " മോളെ ഞാൻ ഒരു കാര്യം നിന്നോട് പറയാം, പഠിക്കുന്ന കാലത്ത് ചേച്ചിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നു, അതൊക്കെ ചേച്ചി വേണ്ടെന്നുവെച്ചത് നമ്മുടെ വീടിനും വീട്ടുകാർക്കും വേണ്ടിയാണ്.... അച്ഛനും അമ്മയും കാണിച്ച് തന്ന ഒരാളിനെ ചേച്ചി വിവാഹം കഴിച്ചതുകൊണ്ട് ജീവിക്കുന്നത്, ഒരു പക്ഷേ അന്ന് ചേച്ചി ഇഷ്ടപ്പെട്ട ആളെ ആയിരുന്നു കല്യാണം കഴിക്കുന്നതെങ്കിൽ ഒരിക്കലും ചേച്ചിയുടെ ജീവിതം ഇത്രത്തോളം നന്നാവുമായിരുന്നില്ല.. ഇപ്പോഴത്തെ ഒരു പ്രായത്തിൽ നമുക്ക് ഇങ്ങനെ തോന്നും... പക്ഷേ അത് വെറും ഒരു തോന്നൽ മാത്രമാണ്.... ജീവിച്ചു തുടങ്ങുമ്പോൾ അത് മനസ്സിലാകും, ജീവിതമെന്നു പറയുന്നത് നമുക്ക് ചിന്തിക്കാൻ പറ്റാത്ത ദൂരത്താണ്.... ജീവിച്ചു തുടങ്ങുമ്പോൾ മാത്രം അതിന്റെ ബുദ്ധിമുട്ടുകൾ നമുക്ക് മനസ്സിലാവുകയുള്ളൂ, ഇന്ന് കൊണ്ടോ നാളെ കൊണ്ടോ തീരുന്നു ഒന്നല്ല ജീവിതം... അത് ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുന്നു....

സ്നേഹം പുഴുങ്ങി എടുത്താൽ അത് ഭക്ഷണമാവില്ല.... അതിന് കാശ് തന്നെ വേണം, അല്ലാതെ ഒന്നും നടക്കില്ല.... സിനിമയിലും സീരിയലിലും കാണുന്നതുപോലെ ചട്ടമ്പി ആയിട്ട് നടക്കുന്ന ഒരുത്തനോട് പ്രേമം തോന്നുന്നു, പക്ഷേ യഥാർത്ഥ ജീവിതത്തിലേക്ക് കയറുമ്പോഴേ അതിന്റെ ബുദ്ധിമുട്ടുകൾ മനസ്സിലാവു.... സിനിമകളിലും കഥകളിലും ഒക്കെ വായിക്കുന്നത് പോലെ ഒരു ദിവസം കൊണ്ട് ഇന്നലെ കണ്ട ഒരുത്തനെ നന്നാക്കാമെന്നുള്ള ചിന്തയൊക്കെ പെൺകുട്ടികൾക്ക് ഉണ്ടാകും, പക്ഷേ അത് വെറുമൊരു ഫന്റസി മാത്രമാണെന്ന് ജീവിച്ചു തുടങ്ങുമ്പോൾ മനസ്സിലാകും... ഒരാൾക്ക് ഒരാളുടെ ക്യാരക്ടർ ഉണ്ട്, അത് ആരെകൊണ്ടും മാറ്റാൻ പറ്റില്ല... പ്രേമിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഞാൻ നന്നായി എന്നും അങ്ങനെയല്ല ഇങ്ങനെയാണ് എന്നൊക്കെ പറയും, പക്ഷേ ജീവിച്ചു തുടങ്ങുമ്പോൾ എല്ലാവരുടെയും തനി സ്വഭാവം പുറത്തുവരും " ചേച്ചി എന്താ ഉദ്ദേശിക്കുന്നത്...? " ഞാൻ എന്താ ഉദ്ദേശിക്കുന്നതെന്ന് നിനക്കും അറിയാം, എനിക്കുമറിയാം.... അത് വേണ്ട മോളെ, ആ ബന്ധം അത് നമുക്ക് ശരിയാവില്ല, ചട്ടമ്പിയായ ഒരുവൻ, കള്ളും കുടിച്ച് വഴക്കുണ്ടാക്കി നടക്കുന്ന ഒരുവൻ.... അങ്ങനെയുള്ള ഒരുവൻ വിവാഹം കഴിക്കാൻ ഞങ്ങൾ ആരും സമ്മതിക്കില്ല, ഞങ്ങൾ എതിർത്തു വിവാഹത്തിന് പോവുകയാണെന്നുണ്ടെങ്കിൽ നാളെ നിനക്ക് ഒരു ആവശ്യം വന്നാൽ ഞങ്ങൾ ആരുമുണ്ടാകില്ല... ഭീഷണിപ്പെടുത്തുന്നല്ല ഇത്ര നാളും വളർത്തി കൊണ്ടു വന്നിട്ട് ഇന്നലെ കണ്ട ഒരുത്തന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കാൻ വയ്യാത്തത് കൊണ്ട് പറയാ.... അച്ഛനുമമ്മയും കണ്ടുപിടിക്കുന്നത് നല്ല ബന്ധം ആയിരിക്കും, ,

" ചേച്ചിയുടെ കാര്യത്തിൽ അത് അങ്ങനെ നടന്നു... എന്റെ കാര്യത്തിൽ അങ്ങനെ ആയിരിക്കും എന്ന് ചേച്ചിക്ക് ഉറപ്പുണ്ടോ...? അല്ലെങ്കിൽ ചേച്ചിക്ക് എന്നോട് ഉറപ്പ് പറയാൻ പറ്റൂമോ...? "വിവേകിന് എന്താ കുഴപ്പം...? നല്ല ജോലിയില്ലേ, സൗന്ദര്യം ഇല്ലേ, നിനക്ക് വേണ്ടി അച്ഛനുമമ്മയും ഒരു മോശം ചെറുപ്പക്കാരനെ തെരഞ്ഞെടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...? " അച്ഛനും അമ്മയ്ക്കും അന്വേഷിക്കുന്നതിനും ഒരു പരിധിയുണ്ട് ചേച്ചി, ഒന്നാമത്തെ അച്ഛന്റെ പെങ്ങളുടെ മകൻ, അതുകൊണ്ടുതന്നെ കൂടുതലൊന്നും അച്ഛൻ അന്വേഷിക്കില്ല, അവർക്ക് പരിമിതികൾ ഉണ്ടാവും... ചക്കയോ മാങ്ങയോ ഒന്നുമല്ലല്ലോ പൊളിച്ചു നോക്കി നമുക്ക് എടുക്കാൻ....എന്തായാലും അച്ഛനും അമ്മയും കണ്ടു പിടിച്ച ആളെക്കാൾ എനിക്ക് ഏതു പാതിരാത്രിയിലും വിശ്വസിക്കാവുന്ന ഒരാളാണ് ചേച്ചി ഇപ്പൊൾ പറഞ്ഞ ചട്ടമ്പി, ഒരാളെ പറഞ്ഞു തിരുത്തി നന്നാക്കാം എന്നുള്ള വിശ്വാസം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല, അങ്ങനെ ഞാൻ വിചാരിച്ചാൽ മാറുന്ന ഒരു സ്വഭാവമല്ല അനുവേട്ടന്റെ... അനുവേട്ടന്റെല്ല ആരുടെയും സ്വഭാവം അങ്ങനെയല്ല, നമുക്ക് ആരെയും മാറ്റാൻ പറ്റില്ല ..പക്ഷെ തിരുത്താൻ പറ്റും... അവർ അവരായി തന്നെ ഇരിക്കണം, അത് എന്താണോ അങ്ങനെ തന്നെയാണ് ഞാൻ ഇഷ്ടപ്പെട്ടത്, അല്ലാതെ കഥകളും സിനിമകളും കണ്ടു ഇൻസ്പെയർ ആയിട്ട് ഞാൻ ഇഷ്ടപ്പെട്ടതല്ല, സ്വഭാവം മാറുമോ എന്ന് എനിക്കറിയില്ല, പക്ഷേ ചേച്ചിക്ക് കേട്ടിട്ടെ ഉള്ളു ആളെ പറ്റി... എനിക്ക് പരിചയമുണ്ട്....

എന്താണെന്ന് യഥാർത്ഥ സ്വഭാവം എന്ന് ചേച്ചിക്ക് അറിയില്ല, പക്ഷെ എനിക്ക് കുറച്ച് മാസങ്ങളുടെ എങ്കിലും പരിചയമുണ്ട്, അത് രണ്ടും രണ്ട് പരിചയം ആണ് ചേച്ചി.... ചേച്ചി വിചാരിക്കുന്നതുപോലെ അനുവെട്ടനൊരു ചട്ടമ്പി ഒന്നുമല്ല, കൂട്ടുകാർക്കൊപ്പം ചില അടിപിടി കേസിൽ ഒക്കെ പെട്ടിട്ടുണ്ട്, കള്ളു കുടിക്കാറുണ്ട്, സിഗരറ്റ് വലിക്കാൻ ഉണ്ട്,ഇതൊക്കെ സത്യമാണ്... പക്ഷേ വിവേകിനേക്കാൾ വിശ്വസിക്കാൻ പറ്റും.... അത് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്, " എന്താണ് അതിന് തെളിവ് ഉള്ളത്..? ദീപ്തി ചോദിച്ചു.... " കെട്ടാൻ പോകുന്ന പെണ്ണിനെ വേറെ ഒരുത്തനെ കൊണ്ട് കാശുകൊടുത്ത് പ്രേമിപ്പിക്കാൻ നിൽക്കില്ലന്ന് ഉറപ്പ്..... അവള് പറഞ്ഞത് എന്താണെന്ന് പൂർണ്ണമായി മനസ്സിലായിരുന്നില്ല ദീപ്തിക്ക്.....പക്ഷേ അവളുടെ മുഖഭാവത്തിൽ നിന്ന് അതൊരു ഉറച്ച മനസ്സിൽ നിന്നുള്ളതാണെന്ന് അവൾക്ക് മനസ്സിലായിരുന്നു....... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story