ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 49

Hridayaveenameettumbol

എഴുത്തുകാരി: റീനു

നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നിനക്ക് നല്ലൊരു ജോലി കിട്ടിയതിനുശേഷം അവര് അമ്മയെ അടിച്ചിറക്കിയാലും സാരമില്ല നിനക്ക് വേണ്ടി അമ്മ പോയി അവിടെ ആലോചിക്കും, എന്നിട്ട് സമ്മതമല്ലെന്ന് പറഞ്ഞാൽ മാത്രം മതി ബാക്കി കാര്യങ്ങളെക്കുറിച്ച് നമുക്ക് ആലോചിക്കുന്നത്.... അമ്പിളിയുടെ വാക്കുകൾ കേട്ടപ്പോൾ അത് ശരിയാണെന്ന് അനന്തുവിന് തോന്നിയിരുന്നു... വീട്ടിലേക്ക് ചെന്നപ്പോൾ അവൾക്ക് ചെറിയൊരു ആശ്വാസം തോന്നിയിരുന്നു, ഇത്ര സമയം മൂടിക്കെട്ടി നിന്ന മനസ്സിൽ ഒരു വലിയ മഴ പെയ്തു സുഖമാണ് അവൾക്ക് തോന്നിയത്, ഭാഗ്യത്തിന് ചേച്ചിയും അമ്മയും എത്തിയിട്ട് ഉണ്ടായിരുന്നില്ല, അവൾ അകത്തേക്ക് കയറി നന്നായി ഒന്നു കുളിച്ചു... ഉച്ച ചൂടിലും അവൾക്ക് ശരീരത്തിൽ ഒരു നല്ല കുളിര് അനുഭവപ്പെട്ടിരുന്നു, അത് മനസ്സിന്റെ കുളിരാണെന്ന് അവൾക്കും ഉറപ്പായിരുന്നു, എത്രയോ ദിവസമായി മൂടിക്കെട്ടി നിന്ന മനസ്സിനാണ് ഇന്ന് ആശ്വാസം ലഭിച്ചിരിക്കുന്നത്... എന്തായിരുന്നു തന്റെ പ്രശ്നം..? അവനെ ഒന്ന് കാണാത്തതായിരുന്നു തന്റെ മനസ്സിന് ഇത്രയും നാൾ നീറ്റിയിരുന്ന വേദന,

അവനെ കണ്ടപ്പോൾ ആ സാമിപ്യം അറിഞ്ഞപ്പോൾ ആ നെഞ്ചിൽ ചേർന്നു നിന്നപ്പോൾ ദുഃഖങ്ങൾ എല്ലാം അവസാനിച്ചു എന്ന് അവൾക്ക് മനസ്സിലായിരുന്നു... അവനാണ് അവന്റെ സാന്നിധ്യമാണ് തന്നെ ജീവശ്വാസം.. അല്ലെങ്കിൽ താൻ ഒരു നിശ്ചലമായ പ്രതിമ പോലെ ആയി പോകും എന്ന് അവൾക്ക് തോന്നിയിരുന്നു... പെട്ടെന്ന് എവിടെ നിന്നോ ഒരു സന്തോഷവും ഉത്സാഹവും ഒക്കെ വന്നിരുന്നു, കുറച്ചു സമയങ്ങൾക്ക് ശേഷം ചേച്ചിയും അമ്മയും വന്നപ്പോൾ പഴയതുപോലെ ആണ് അവൾ അവരോട് സംസാരിച്ചത്... അത് പെട്ടെന്ന് മനസ്സിലാക്കാൻ ദീപ്തിക്ക് സാധിച്ചിരുന്നു... കുറച്ചു സമയം കൊണ്ട് അവൾക്ക് എന്ത് മാറ്റമാണ് സംഭവിച്ചതെന്ന് ദീപ്തി ആലോചിക്കുകയും ചെയ്തു.. അവളുടെ മുഖത്തേക്ക് നോക്കി അത് ചോദിക്കാനുള്ള മടികൊണ്ട് ആ ചോദ്യം അവൾ വിഴുങ്ങി, കുറെ നാളുകൾക്കു ശേഷം ദിവ്യയ്ക്ക് ഒപ്പമിരുന്ന് കളിക്കുന്ന മോനെ കണ്ടപ്പോൾ അമ്മയ്ക്കും അത്ഭുതം തോന്നിയിരുന്നു.. പ്രാർത്ഥനകളും വഴിപാടുകളും ഫലിച്ചു എന്ന് അവർ വിശ്വസിച്ചിരുന്നത്,

ആശുപത്രിയിൽ കുറേസമയം നിന്നതു കൊണ്ടു തന്നെ ക്ഷീണത്താൽ രണ്ടുപേരും വന്നതോടെ ഉച്ചമയക്കത്തിൽ ആയി.. ആ സമയം നോക്കിയാണ് അവൾ മൊബൈൽ ഫോൺ ചെയ്തു നോക്കിയത്, അപ്പോൾ ഒരു നമ്പറിൽ നിന്നും മെസ്സേജ് കിടക്കുന്നത് കണ്ടു... അനന്ദു ആണ് എന്ന് മനസ്സിലായി, അതുകൊണ്ട് അപ്പോൾ തന്നെ റിപ്ലൈ അയച്ചു... പെട്ടെന്ന് തന്നെ തിരിച്ചു മറുപടി വന്നു, " വീട്ടിലെത്തിയോ...? വീട്ടിൽ അപ്പോൾ ആരെങ്കിലും ഉണ്ടായിരുന്നോ..? ഒരു സന്ദേശത്തിലൂടെ നൂറു ചോദ്യങ്ങൾ, തന്നെ കുറിച്ചുള്ള ആകുലതകൾ എല്ലാം ആ ചോദ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു... ചെറുചിരിയോടെ മെസ്സേജ് ടൈപ്പ് ചെയ്തതിനുശേഷം ഫോൺ ഓഫ് ആക്കി വെച്ചു, മനസ്സിൽ ഒരു വലിയ സമാധാനം നിഴലിച്ചിരുന്നു... ഇതിനോടകം കുറച്ചു കാര്യങ്ങളെപ്പറ്റി അവൾ അമ്പിളിയോടെ തുറന്നു പറഞ്ഞു.... അവളോട് ഇഷ്ടമാണെന്ന് അഭിനയിച്ച ഉൾപ്പെടെ, ആദ്യം കുറെ വഴക്ക് പറഞ്ഞെങ്കിലും തന്റെ മകനോട് അവൾക്കുള്ള സ്നേഹം അറിഞ്ഞപ്പോൾ ഇരുവരും തമ്മിൽ ഒരുമിക്കണം എന്നുതന്നെയായിരുന്നു അമ്പിളിയുടെ മനസ്സിൽ നിറഞ്ഞു നിന്ന മോഹം..! കുറച്ച് സമയം ദിവ്യയും ഉറക്കത്തിൽ ആണ്ടു പോയിരുന്നു... ഇടയ്ക്ക് മോൻ തിരഞ്ഞപ്പോൾ ആണ് ദീപ്തി ഉണർന്നത്...

അവൾ നോക്കിയപ്പോൾ സമാധാനപൂർവം ദിവ്യ ഉറക്കത്തിലാണ്, ആ സമയത്ത് ഉറക്കം പോയതിനാൽ ദിവ്യയുടെ കാര്യത്തിൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു... ഏതായാലും വിവേകുമായുള്ള വിവാഹം നടക്കാൻ പാടില്ല... എന്നാൽ അനന്ദുവുമായുള്ള വിവാഹത്തിനു സമ്മതം മൂളാനും പറ്റില്ല... പക്ഷേ നല്ല പയ്യൻ ആണെന്ന് അവന്റെ സംസാരത്തിൽ നിന്നും ദീപ്തിക്ക് തോന്നിയിരുന്നു... പക്ഷേ ദിവ്യയോട് അത് പങ്കു വയ്ക്കാൻ പാടില്ല, താൻ ഒരിക്കലും അവളെ പിന്തുണക്കുന്നതായി അവൾക്ക് തോന്നരുത് എന്ന് നിർബന്ധം ദീപ്തിക്കു ഉണ്ടായിരുന്നു... അപ്രതീക്ഷിതമായി പെട്ടെന്നാണ് അച്ചന്റെ ശബ്ദം കടന്നു വന്നത്... പതിവില്ലാതെ അച്ഛൻ ആ സമയത്ത് വന്നത് ദീപ്തിക്ക് അത്ഭുതം തോന്നിയിരുന്നു... മുഖത്തെ ക്ഷീണം ഭാവം അയാൾക്ക് എന്തോ അസ്വസ്ഥതകൾ ഉണ്ടെന്ന് വിളിച്ചോതി... " എന്തുപറ്റി അച്ഛാ... എന്താ പെട്ടെന്ന്...? അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു... " ഒന്നുമില്ല ഒരു വയ്യായ്ക പോലെ.... എന്താ പറ്റിയതെന്ന് അറിയില്ല, ഒരു തലകറക്കം പോലെ വന്നപ്പോൾ ഞാൻ ദിവാകരനെ കടയിൽ ആക്കി പോന്നു...

" അച്ഛൻ റസ്റ്റ്‌ എടുക്ക്... ഞാൻ കുറച്ചു കഞ്ഞി വെള്ളം എടുക്കാം, അവൾ അടുക്കളയിലേക്ക് പോയി... ഒരു പാത്രത്തിൽ കഞ്ഞി വെള്ളം എടുത്ത് അയാൾക്ക് നേരെ നീട്ടി, അത് കുടിച്ചു കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു അല്പം ആശ്വാസം തോന്നിയിരുന്നു... " എന്തുപറ്റി പെട്ടെന്ന് എന്ന് അറിയില്ല... "പ്രഷറോ മറ്റോ താഴ്ന്നതാവും... അയാൾ മുഖത്തെ വിയർപ്പ് തോളിൽ കിടന്ന തോർത്തുകൊണ്ട് ഒപ്പി... " എല്ലാവരും എവിടെ..? " അമ്മയും മോനും ദിവ്യയും ഒക്കെ ഉറക്കാ, ഞാനും അമ്മയും ആശുപത്രിയിൽ നിന്ന് വന്നപ്പോൾ ഒരുപാട് ക്ഷീണിച്ചു പോയിരുന്നു... അമ്മയെ വിളിക്കണോ...? " ആരെയും വിളിക്കേണ്ട... കിടക്കട്ടെ... " അച്ഛൻ ചോറ് കഴിച്ചോ..? "ആഹ്... ചോറ് ഹോട്ടലിന്ന് കഴിച്ചിരുന്നു... അതിന്റെ ആണോ എന്നറിയില്ല എന്തോ ഒരു ബുദ്ധിമുട്ട്... ഒരു മീൻ വറുത്തത് വാങ്ങിയിരുന്നു ഇതൊക്കെ എങ്ങനെ ഉണ്ടാകുന്നു എന്ന് ആർക്കറിയാം... " ഇനി അതായിരിക്കും, പുറത്ത് നിന്നും ഒന്നും കഴിക്കേണ്ട... ഇവിടെ വരണ്ട താമസം അല്ലെ ഉള്ളു, ചോറ് ഇവിടെ വന്നു കഴിച്ചു കൂടെ അച്ഛന്...അല്ലെങ്കിൽ അമ്മ അങ്ങോട്ട് കൊണ്ടുവരില്ലേ...? " അങ്ങനെയായിരുന്നു...! ഇന്ന് നിങ്ങൾ ആശുപത്രി പോയതുകൊണ്ട് അവളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അല്ലേ ഞാൻ പുറത്തു നിന്ന് കഴിച്ചത്... "എങ്കിൽ പിന്നെ അത് തന്നെയാണ്...

അതുകൊണ്ട് എന്തോ ബുദ്ധിമുട്ട് വന്നതായിരിക്കും, നീ പോയി കിടന്നോ... .ഞാൻ കുറച്ചു നേരം അവിടെ ഇരുന്നിട്ട് പോകും " അച്ഛൻ ഇനി പോകണ്ട...!,ഒരു ദിവസമെങ്കിലും അച്ഛൻ റസ്റ്റ് എടുക്കു " ഞാന് ഇന്ന് വൈകിട്ട് പോണം എന്നാണ് വിചാരിക്കുന്നത്... ഇനിയിപ്പോ നാളെയാവട്ടെ, " ഞാൻ അങ്ങോട്ട് കൊണ്ടാകാം... അച്ഛൻ സമാധാനമായി ഇരിക്കുന്ന ഈ നിമിഷമാണ് ദിവ്യയെ പറ്റി പറയാൻ നല്ലത് എന്ന ദിവയ്യ്ക്ക് തോന്നിയിരുന്നു... പതുക്കെ അച്ഛൻ അരികിലേക്ക് ചെന്നു... ഒന്നും സംസാരിക്കാതെ അയാളുടെ മുഖത്തേക്ക് നോക്കി... " എന്താടീ നിനക്ക് വല്ലതും പറയാനുണ്ടെങ്കിൽ പറ.... അവളുടെ മനസ്സ് മനസ്സിലാക്കി എന്നത് പോലെ അയാൾ പറഞ്ഞു, " ഞാൻ പറയുമ്പോൾ അച്ഛൻ അത് ഏത് രീതിയിൽ എടുക്കും എന്ന് എനിക്ക് അറിയില്ല.... എന്താ മോളെ നീ പറ, " അച്ഛാ വിവേകിനെ കുറിച്ച് നന്നായി ഒന്ന് തിരക്കണം, അമ്മായിയുടെ മോൻ ഒക്കെ തന്നെയാണ്... പക്ഷേ വിവേകിന്റെ സ്വഭാവം നമുക്ക് അറിയില്ലല്ലോ... അവൻ പഠിച്ചതും ജോലി ചെയ്തതുമോക്കെ അന്യനാട്ടിൽ അല്ലേ..?

നമ്മുടെ കുട്ടി അവന്റെ കൈകളിലേക്ക് പിടിച്ചു കൊടുക്കുന്നത് നമ്മുടെ കൊച്ചിനെയാണ് . നമ്മൾ നന്നായി തിരക്കേണ്ട, ആ ഒരു ഉത്തരവാദിത്തം ഉണ്ടല്ലോ... " നീ എന്താ അങ്ങനെ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, എന്റെ ചില കൂട്ടുകാരികളൊക്കെ വിവേകിനെ കൂടെ പഠിച്ചത് ആണ്... അതുകൊണ്ട് എനിക്ക് അറിയാം, ഫോട്ടോ കണ്ടപ്പോൾ അതിൽ ഒരാൾ എന്നോട് ഒരു കാര്യം പറഞ്ഞു... അത് എന്താണെന്ന് ചോദിക്കരുത് പറയില്ല, കാരണം അത് തെറ്റാണെങ്കിൽ പിന്നെ വിവേകിനേ ക്കുറിച്ച് അച്ഛന്റെ മനസ്സിൽ ഒരു കരട് കിടക്കില്ലേ, അവൻ നാളെ നമ്മുടെ കുടുംബത്തിലേക്ക് വന്നു കയറിയാൽ ആ കരട് മനസ്സിൽ കിടക്കും... അതുകൊണ്ട് അച്ഛൻ തന്നെ നന്നായി തിരക്കണം.. നമ്മുടെ ബന്ധുവാണെന്ന് പറഞ്ഞാലും ഒന്നും തിരക്കാതെ അവന്റെ കൈകളിൽ പിടിച്ചു കൊടുക്കാൻ പാടില്ല... ദീപ്തിയുടെ വാക്കുകൾ ഒരു നിമിഷം അയാളുടെ മനസ്സിലും ചെറിയ ചില ചലനങ്ങൾ സൃഷ്ടിച്ചിരുന്നു...... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story