ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 50

Hridayaveenameettumbol

എഴുത്തുകാരി: റീനു

വിവേകിനേ ക്കുറിച്ച് അച്ഛന്റെ മനസ്സിൽ ഒരു കരട് കിടക്കില്ലേ, അവൻ നാളെ നമ്മുടെ കുടുംബത്തിലേക്ക് വന്നു കയറിയാൽ ആ കരട് മനസ്സിൽ കിടക്കും... അതുകൊണ്ട് അച്ഛൻ തന്നെ നന്നായി തിരക്കണം.. നമ്മുടെ ബന്ധുവാണെന്ന് പറഞ്ഞാലും ഒന്നും തിരക്കാതെ അവന്റെ കൈകളിൽ പിടിച്ചു കൊടുക്കാൻ പാടില്ല... ദീപ്തിയുടെ വാക്കുകൾ ഒരു നിമിഷം അയാളുടെ മനസ്സിലും ചെറിയ ചില ചലനങ്ങൾ സൃഷ്ടിച്ചിരുന്നു.. " നിനക്കെന്താ പെട്ടെന്ന് ഇങ്ങനെ ഒരു സംശയം തോന്നാനുള്ള കാരണം....! ഒരിക്കൽക്കൂടി അയാൾ ചോദിച്ചു. പെട്ടെന്ന് എന്ത് പറയണം എന്ന് അവൾക്ക് അറിയില്ലായിരുന്നു... " അത് അച്ഛാ ഞാൻ പറഞ്ഞില്ലേ, ഒരു കൂട്ടുകാരിയുടെ സിസ്റ്റർ പഠിച്ചത് വിവേക്കിന്റെ കൂടിയാ, പഠിക്കുന്ന കാലത്ത് കുട്ടികളല്ലേ എന്തെങ്കിലുമൊക്കെ തല്ലിപ്പൊളി പരസ്പരം ഉണ്ടായിട്ടുണ്ടാകും, അതായിരിക്കും അവൾ അത്രയും ഉറപ്പിച്ച് എന്നോട് പറഞ്ഞത്... അച്ഛന് സാധിക്കുമെങ്കിൽ ഒന്ന് തിരക്ക് അവനെപ്പറ്റി.... ദിവ്യ ഇനിയുള്ള കാലം മുഴുവൻ ജീവിക്കേണ്ടത് അവിടെ ആണ്.... "ഉം.....

അവനെ കുറിച്ച് ഒന്നും ആലോചിക്കാതെ ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ഗൗരവത്തോടെ അയാൾ ചോദിച്ചു... " എനിക്കറിയാം അച്ഛനങ്ങനെ ചെയ്യില്ലെന്ന്..... എങ്കിലും അതൊന്നു പറയേണ്ടത് എന്റെ കടമയാണ് എന്ന് തോന്നി....നമുക്ക് നമ്മുടെ നാട്ടിലുള്ള വിവേകിനെ മാത്രമേ അറിയൂ, അന്യനാട്ടിൽ എങ്ങനെയാണെന്ന് അറിയില്ല... ഇപ്പോഴത്തെ കാലമാണ്... . " നീ പറയുന്നതിന്റെ അർത്ഥം ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്.... ഏതായാലും ഞാൻ നന്നായെന്ന് തിരക്കുന്നുണ്ട്, ഇനി സമയം ഉണ്ടല്ലോ.... അല്ലെങ്കിലും, അവർ പെട്ടന്ന് വിവാഹം വേണമെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ആലോചിച്ചത് ഇക്കാര്യത്തെക്കുറിച്ച് ഒന്ന് തിരക്കണമെന്നാണ്.... ഇത്രയും കാലം ഒരു വർഷം കഴിഞ്ഞു മതി കല്യാണമെന്ന് പറഞ്ഞിട്ട് പെട്ടെന്ന് എന്താ കല്യാണം നടത്താൻ ഇത്ര ദൃതി എന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.... അച്ഛന്റെ ആ വാക്കുകളിൽ അല്പം സമാധാനം നിറച്ചിരുന്നു.... " ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ... അതും പറഞ്ഞു അയാൾ എഴുന്നേറ്റു പോയപ്പോൾ ദീപ്തിയുടെ മനസ്സിൽ ഒരു കുളിർ കാറ്റ് വീശിയിരുന്നു.... ഫോൺ കയ്യിൽ ഉണ്ടെങ്കിലും പഴയതുപോലെ ഫോൺ വിളിയോ സംസാരങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല....

സംസാരിക്കാതിരിക്കുന്നതിലും ഭേദം ആണ് എന്തെങ്കിലും ചെറിയ വിവരങ്ങൾ പരസ്പരം പങ്കു വയ്ക്കുന്നത് എന്ന് ഉള്ളതിനാൽ അത്യാവശ്യ കാര്യങ്ങൾ മാത്രം ഫോൺ സന്ദേശങ്ങളിലൂടെയും കോളുകളിലൂടെയും ഒക്കെ അവർ പങ്കുവച്ചു..... രണ്ട് ദിവസങ്ങൾ വളരെ സമാധാനപൂർവ്വം തന്നെയാണ് കടന്നു പോയത്.... ഇതിനിടയിൽ വിവാഹത്തെക്കുറിച്ച് വീട്ടിൽ ആരും സംസാരിച്ചില്ല എന്നത് ദിവ്യയ്ക്ക് ആശ്വാസമേകുന്ന ഒരു വാർത്ത തന്നെയായിരുന്നു... എന്നാൽ പതിവില്ലാത്ത സമയത്ത് വീട്ടിലേക്ക് കയറി വന്ന അച്ഛൻ നാമം ജപിച്ചു കൊണ്ടിരിക്കുന്ന തന്നെ മാത്രം രൂക്ഷമായി നോക്കുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് തോന്നിയിരുന്നു ദിവ്യയ്ക്ക്.... നാമം ജപിച്ചു കഴിഞ്ഞു എഴുന്നേറ്റ് പാടേ അകത്തേക്ക് പോകാൻ തുടങ്ങിയവളോട് അച്ഛൻ നിൽക്കാൻ ആവശ്യപ്പെട്ടു, ഗൗരവം ഒട്ടും മാറാതെ ഉള്ള ആ മുഖഭാവം അവളിൽ ഒരു അമ്പരപ്പ് സൃഷ്ടിച്ചിരുന്നു.... " നീ കഴിഞ്ഞ ദിവസം അമ്പിളിയുടെ വീട്ടിൽ പോയിരുന്നോ...? അച്ഛന്റെ ഒരു ചോദ്യം കൊണ്ട് തന്നെ ആത്മധൈര്യം മുഴുവൻ ചോർന്നു പോകുന്നത് ദിവ്യ അറിഞ്ഞിരുന്നു....

എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അവൾ, വാക്കുകൾ പോലും കിട്ടുന്നില്ല.... പെട്ടെന്നാണ് അടുക്കളയിൽ നിന്നും സുഭദ്ര ഇറങ്ങിവന്നത്.... ഈ നിമിഷം ദീപ്തി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നു ദിവ്യ.... കഴിഞ്ഞ ദിവസമാണ് അവൾ തിരികെ വീട്ടിലേക്ക് പോയത്.... അച്ഛന്റെ ചോദ്യത്തിൽ അമ്മയും ഞെട്ടി എന്നുള്ളത് ഉറപ്പാണ്, ദേഷ്യത്തോടെ തന്നെ നോക്കുന്ന അമ്മയുടെ മുഖഭാവം ഇടം കണ്ണാൽ അവൾക്ക് കാണാമായിരുന്നു... " എടീ പോയിരുന്നോ എന്ന്...? ഒരിക്കൽ കൂടി അച്ചന്റെ ശബ്ദം ഉയർന്നപ്പോൾ, വിറച്ചു പോയിരുന്നു ദിവ്യ.... " പോ... പോയി....പോയിരുന്നു അച്ഛാ... "എന്തിന്......? അയാളുടെ സ്വരത്തിലും ഭാവത്തിലും യാതൊരു മാറ്റവും ഉണ്ടായിരുന്നില്ല.... അവളുടെ മറുപടിയിൽ ആകെ ഞെട്ടിപ്പോയത് സുഭദ്രയായിരുന്നു.... ഒന്നും മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് തന്നെ സുഭദ്ര സൂക്ഷിച്ചു നോക്കി... വേദനയും ദേഷ്യവും പരിഭവവും ഒക്കെ ഉണ്ടായിരുന്നു ആ നോട്ടത്തിൽ... " എന്തിനാ നീ എവിടെ പോയത് എന്ന്.....?

വീണ്ടും ദേഷ്യത്തോടെ അച്ഛൻ ചോദിച്ചു... " അത് ആ കുട്ടി, അമ്പിളി ആന്റിയുടെ മോള്, അവിടെ ലൈബ്രറി വരുന്ന കുട്ടിയാണ്.... അതിന്റെ കയ്യിൽ ഒരു പുസ്തകം വാങ്ങാൻ ഉണ്ടായിരുന്നു എനിക്ക്.... ഒരു വിധത്തിൽ മുഖത്ത് നോക്കാതെ അവൾ കള്ളം പറഞ്ഞു.... അവളുടെ പിടച്ചിൽ കണ്ടപ്പോൾ പറയുന്നത് മുഴുവൻ കള്ളമാണെന്ന് വ്യക്തമായിത്തന്നെ സുഭദ്രയ്ക്ക് മനസ്സിലായിരുന്നു.... " ഇപ്പോൾ നിനക്കെന്തിനാ പുസ്തകം....? കോളേജ് എല്ലാം കഴിഞ്ഞതല്ലേ...? " അത് പഠിക്കാനുള്ളത് ആയിരുന്നില്ല.... വായിക്കുന്ന പുസ്തകം... അത് വായിക്കാൻ വേണ്ടി കുറെ നാളായി ആ കുട്ടി കൊണ്ടുപോയത് എന്ന് ലൈബ്രറിയിലെ ചേച്ചി പറഞ്ഞു.... അതുകൊണ്ട് ഞാൻ അവിടെ പോയത് , " എന്നിട്ട് നിന്നെ കൊണ്ടു വിട്ടത് അവിടുത്തെ ചെറുക്കൻ ആണോ...? അതും ബൈക്കിന് കനാലിന്റെ അവിടെ വരെ.... അവിടെ വരെ അവൻ നിന്നെ കൊണ്ടു വന്നു വിട്ടു എന്ന് ഞാനറിഞ്ഞു.... അത് സത്യമാണോ...? അച്ഛൻ എല്ലാം വ്യക്തമായി അറിഞ്ഞതിനു ശേഷമാണ് ചോദിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായിരുന്നു...

അതുകൊണ്ടുതന്നെ ഒരു തർക്കത്തിന് അവൾ നിന്നില്ല, " എനിക്ക് തിരികെ വരാനുള്ള വഴി അറിയില്ലായിരുന്നു... അവിടേക്ക് പോയതും ഒരുപാട് പേരോട് ചോദിച്ചിട്ടാണ്... അതുകൊണ്ട് ആ കുട്ടിയുടെ ചേട്ടൻ എന്നെ കൊണ്ട് വിടാം എന്ന് പറഞ്ഞത്... മുഴുവൻ പറഞ്ഞു തീരുന്നതിനു മുൻപേ അവളുടെ കരണം അടച്ചു അടിയായിരുന്നു അയാൾ കൊടുത്തത്... ഒരു നിമിഷം ദീപക്കും ഞെട്ടി പോയിരുന്നു.... സുഭദ്ര നിന്നിടത് നിന്നും അനങ്ങുന്നില്ല, അവൾ താൻ പോലുമറിയാതെ എപ്പോഴാണ് അവിടേക്ക് പോയത് എന്ന സംശയമായിരുന്നു സുഭദ്രയിലും നിറഞ്ഞു നിന്നിരുന്നത്... അതുകൊണ്ടു തന്നെ ഒരു ശിലപോലെ അവർ അവിടെ തന്നെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു... സംഭവങ്ങൾ എല്ലാം കണ്ട് ദീപക് ഭയന്നുപോയി... അവൻ ഒന്നും മനസ്സിലാവാതെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി, " വീണ്ടും വീണ്ടും എന്റെ മുഖത്ത് നോക്കി നീ കള്ളം പറയുന്നോ...? നീയും അവനും തമ്മിൽ എന്താ ബന്ധം...? എല്ലാം അറിഞ്ഞിട്ട് ഞാൻ ചോദിക്കുന്നത്.... " അച്ഛൻ എന്തറിഞ്ഞു എന്ന് ആണ് പറയുന്നത്.... എന്ത് ബന്ധം...?ആരാ അച്ഛനോട് ഇതൊക്കെ പറഞ്ഞത്.... " പറഞ്ഞത് ആരുമാവട്ടെ നാട്ടുകാർക്കു മുഴുവൻ മോളുടെ പ്രണയബന്ധം അറിയാം,

ഇന്ന് കടയിൽ സാധനം വാങ്ങാൻ വന്ന സ്ത്രീ നീ അവിടെ പോയ കാര്യം പറഞ്ഞത്, അതറിഞ്ഞു ഇ ഇങ്ങോട്ട് വരാൻ നിൽക്കുമ്പോഴാണ് വിവേക് എന്നെ കാണാൻ വന്നത്.... ഇവിടെ പെണ്ണ് കാണാൻ വന്ന ദിവസം തന്നെ നീ അവനോട് അവനെ ഇഷ്ടമല്ലെന്നും അമ്പിളിയുടെ മകനെ ഇഷ്ടം എന്ന് പറഞ്ഞുവെന്ന് അറിഞ്ഞത് ... നിന്നെ ഇഷ്ടമല്ല എന്ന് പറയണം എന്ന് നീ അവനെ നിർബന്ധിച്ചതായി ഞാൻ അറിഞ്ഞു... പിന്നെ അവൻ മോശക്കാരൻ ആണെന്ന് വരുത്തി തീർക്കാൻ നീയും നിന്റെ കാമുകനും കൂടി എന്തൊക്കെയോ കള്ള തെളിവുകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും ഒക്കെ വിവേക് എന്നോട് പറഞ്ഞു.... ഒന്നും പറയാൻ സാധിക്കാതെ വിഷമിച്ചു ജീവിക്കായിരുന്നു ആ പാവം... അപ്പോഴും അവൻ എന്നോട് പറഞ്ഞത് നിന്നെ വഴക്കു പറയരുത് ഉപദ്രവിക്കരുത് എന്നാണ്, നിനക്ക് ഇഷ്ടമാണെങ്കിൽ അത് നടത്തിക്കൊടുക്കാൻ... വേണമെങ്കിൽ നിന്നെ മറന്നുകൊള്ളാമെന്ന്... അത്രയ്ക്ക് ആ പാവം നിന്നെ സ്നേഹിക്കുന്നുണ്ട്, അവനെക്കുറിച്ച് കള്ളങ്ങൾ ഉണ്ടാക്കാൻ നീ ആരെയൊക്കെയാണ് കൂട്ടുപിടിച്ചത് എന്ന് മാത്രം പറഞ്ഞാൽ മതി... തനിക്ക് ഒരു മുഴം മുൻപേ വിവേക് എറിഞ്ഞിട്ടുണ്ട് എന്ന് ദിവ്യയ്ക്ക് മനസ്സിലായിരുന്നു... ഒന്നും സംസാരിക്കാൻ കഴിയാതെ മരവിച്ച അവസ്ഥയിൽ ആയിരുന്നു ദിവ്യ....... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story