ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 62

Hridayaveenameettumbol

എഴുത്തുകാരി: റീനു

സ്നേഹമുള്ളിൽ വയ്ക്കാൻ ഉള്ളതല്ല, പ്രകടിപ്പിക്കേണ്ടതാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത്... പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ കിരണിന്റെ നെഞ്ചിൽ അഭയം പ്രാപിച്ചു.. " ഈ സമയത്ത് നീ ഇങ്ങനെ തളർന്നു പോയാലോ.. നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഒക്കെ ഇപ്പൊ ഒരു താങ്ങ് നീ മാത്രമാണ്, നടക്കാൻ പാടില്ലാത്തതൊക്കെ നടന്നു. ഇനി എത്രയും പെട്ടെന്ന് അവളെ ശിക്ഷയിൽ നിന്നും പുറത്തു കൊണ്ടുവരുക എന്നുള്ളത് മാത്രമാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്... അവൾ ഇത്രയൊക്കെ ത്യാഗം സഹിച്ചത് വെറുതെ ആവരുത്, ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ... അവൾ ഇത്രയും ത്യാഗം സഹിച്ച് അവളുടെ ജീവിതം തന്നെ വേണ്ടെന്ന് വെച്ചത് നിനക്ക് വേണ്ടിയാണ്, നീ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് നീ എത്താൻ വേണ്ടി.... ഇതിനിടയിൽ അക്കാര്യത്തെക്കുറിച്ച് നീ മറക്കാൻ പാടില്ല, ഇപ്പൊ തളർന്നു പോവുകയല്ല വേണ്ടത് കുറച്ച് ഉറപ്പാടെ ഈ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് വേണ്ടത്, വീട്ടിൽ അമ്മയുണ്ട് നീ ചെന്ന് കാണണം.... കിരൺ പറഞ്ഞു... " ശരി ഞാൻ അമ്മയൊന്ന് കണ്ടിട്ട് വരാം....

കിരണിൽ നിന്നും അകന്ന് അവൻ വീട്ടിലേക്ക് നടന്നു തുടങ്ങിയിരുന്നു.... വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ കണ്ടു ഒരു മൂലയിൽ സർവ്വം തകർന്നതുപോലെ ഇരിക്കുന്ന അമ്മയെ... എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നു, അവരുടെ അരികിലേക്ക് അവൻ ചെന്നിരുന്നു, ഒന്നും പറയാതെ ആ മടിയിലേക്ക് കിടന്നു... ഒരു നിമിഷം അവന്റെ പ്രവർത്തിയിൽ അത്ഭുതം തോന്നിയിരുന്നു അമ്പിളിക്ക്, എങ്കിലും ഒട്ടും മടിക്കാതെ ആ മാതൃഹൃദയം അവനെ തന്റെ കരങ്ങളാൽ പുണർന്ന് അവന്റെ നെറുകയിൽ തന്റെ വിരലുകളാൽ തലോടിയിരുന്നു... " അമ്മയ്ക്ക് എന്നോട് ദേഷ്യം ആകും അല്ലേ? വർഷങ്ങൾക്കുശേഷം ഒരു പരിഭവവും കലരാതെ ഏറെ കുറ്റബോധത്തോടെ അവൻ അവരോട് ചോദിച്ചു, " എനിക്ക് ദേഷ്യം എന്നോട് മാത്രമാണ്, നീ പലവട്ടം പറഞ്ഞിട്ടുണ്ട് സ്വന്തം സുഖം തേടി അമ്മ പോയെന്ന്, അങ്ങനെയല്ല എന്റെ മോനെ ഒരു കൈത്താങ്ങാകും അയാളെന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ സംഭവിച്ചത് അത് ആയിരുന്നില്ല, സ്വന്തം മകളോട് പോലും ഇങ്ങനെയൊരു പ്രവർത്തി ചെയ്യാൻ മടിക്കാത്ത ഒരുവനെ ഈ വീട്ടിൽ കയറ്റിയതാണ് അമ്മ ചെയ്ത തെറ്റ്....

നീ പറഞ്ഞതായിരുന്നു സത്യം, തെറ്റുപറ്റിയത് അമ്മയ്ക്കായിരുന്നു, അയാൾക്കുറപ്പില്ലായിരുന്നുത്ര അവൾ അയാളുടെ മോളാണെന്ന് പലതവണ ഒളിഞ്ഞും തെളിഞ്ഞു കാര്യം പറഞ്ഞിട്ടുണ്ട്, പക്ഷേ ഇത്രത്തോളം നീചമായ രീതിയിൽ സ്വന്തം മകളെ പറ്റി ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.. എന്നോട് വാദിച്ച് ജയിക്കാൻ വേണ്ടിയുള്ള വാക്കുകൾ മാത്രമായിട്ട് ഞാൻ അതിനെ കണ്ടിരുന്നത് , ആ കുട്ടി പാവം ഇവിടെ വന്നതു കൊണ്ട് അതിനു ആ ഒരു ഗതി ഉണ്ടായില്ലേ, പക്ഷേ ഈ വിധി അവൾക്ക് വേണ്ടി ഈശ്വരൻ മാറ്റി വെച്ചല്ലോന്ന് ആണ് എനിക്ക് ദുഃഖം.... അമ്മ ഒന്നും അറിഞ്ഞിട്ടില്ലന്ന് ആ വാക്കുകളിൽ നിന്ന് തന്നെ അവന് മനസ്സിലായിരുന്നു... " ഞാനൊരു കാര്യം പറഞ്ഞാൽ അമ്മ വളരെ സമാധാനത്തോടെ കേൾക്കണം... " എന്താടാ.... " അമ്മു മോളോട് അയാൾ അങ്ങനെ കാണിച്ചു എന്നുള്ളതുവരെ അമ്മ അറിഞ്ഞിട്ടുള്ളൂ, പിന്നെ നടന്നതൊന്നും അറിഞ്ഞിട്ടില്ല... അമ്മ വിചാരിക്കുന്നത് പോലെ ദിവ്യ അല്ല അയാളെ....

ഒരു നിമിഷം അവരിൽ ഒരു ഞെട്ടൽ പടർന്നത് അവൻ വ്യക്തമായി തന്നെ ശ്രദ്ധിച്ചിരുന്നു... " പിന്നെ ഞാനാ അയാളെ, അരിശം തീരുന്നത് വരെ വെട്ടിയത്, എന്റെ ഈ കൈകൊണ്ട്, എനിക്ക് വേണ്ടി ആ പാവം ആ ശിക്ഷ ഏറ്റെടുക്കുകയായിരുന്നു.. അത് മറ്റൊന്നിനും വേണ്ടിയല്ല ഞാൻ ആഗ്രഹിച്ചത് പോലെ ഞാനൊരു പോലീസ് ഉദ്യോഗസ്ഥൻ ആകാൻ, എന്റെ പേരിൽ പോലീസ് കേസുകൾ എന്തെങ്കിലും വന്നാൽ പിന്നീട് ഒരിക്കലും എന്റെ ഭാവിയിൽ എനിക്ക് ആ സ്വപ്നം ചിന്തിക്കാൻ പോലും പറ്റില്ല, പ്രത്യേകിച്ച് ഇങ്ങനെ ഒരു കേസ് വന്നാൽ, അതിനുവേണ്ടി അവളത് ഏറ്റെടുത്തതാണെന്ന്.. തുറന്നു പറയുമ്പോൾ അവൻ കരഞ്ഞു പോയിരുന്നു, ആ നിമിഷം അമ്പിളിക്കും അത്ഭുതം തോന്നിയിരുന്നു... സ്വന്തം കാമുകനെ വിഷം കൊടുത്ത് പോലും കൊല്ലാൻ മടിയില്ലാതെ പെൺകുട്ടികൾ ഉള്ള ഒരു നാട്ടിലാണ് ഇവിടെ ഒരുവനുവേണ്ടി സ്വന്തം ജീവിതം പൂർണമായും വേണ്ടെന്നു ഒരുവൾ വച്ചിരിക്കുന്നത്, " നീ എന്തൊക്കെ പറയുന്നത്?

എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല, ഒരു പെൺകുട്ടി ഇങ്ങനെ, ഇന്നത്തെ കാലത്ത് ആരെങ്കിലും അങ്ങനെ ചെയ്യുമോ..? " അമ്മയുടെ ഇതേ ഞെട്ടൽ തന്നെയാണ് എനിക്കും ഉണ്ടായിരുന്നത്.. അവൾ ഇങ്ങനെ ചെയ്തത് എന്നോടുള്ള സ്നേഹകൊണ്ടാണ്... അത്രത്തോളം അവൾ എന്നെ സ്നേഹിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലാകുന്നത് ഈ നിമിഷം തന്നെയാണ്... ഞാൻ എന്താ ചെയ്യുന്നത് ഞാൻ ആ കുറ്റബോധം പേറിയാണ് ഇവിടെ നിൽക്കുന്നത്, ഞാൻ ചെയ്ത തെറ്റിന് ഒന്നും അറിയാത്ത ഒരു പെണ്ണ് ശിക്ഷിക്കപ്പെടുന്നു... " നീ കുറച്ച് പതുക്കെ പറ... ഇനി ആരെങ്കിലും കേട്ടാൽ അത് മതി, തൽക്കാലം അവളുടെ ആഗ്രഹം പോലെ നീ ഇപ്പോൾ പുറത്തു നിൽക്കുന്നത് തന്നെയാണ് നല്ലത്... അവളുടെ കാര്യത്തിൽ ആണെങ്കിലും മറ്റു കാര്യങ്ങൾക്കാണെങ്കിലും, അവൾ പറഞ്ഞതു പോലെ നിന്റെ ഭാവിമുരടിച്ചു പോവില്ലേ..? അത്രയും നീ ആഗ്രഹിച്ചതല്ലേ, മാത്രമല്ല നിന്റെ അച്ഛന്റെയും വലിയ ആഗ്രഹമായിരുന്നു നീ ഒരു പോലീസുകാരൻ ആകണമെന്നുള്ളത്...

എന്റെ മോൻ അവൾ പറഞ്ഞതുപോലെ ആ സ്വപ്നം സാക്ഷാൽക്കരിക്കണം, പക്ഷേ ഒരിക്കലും എത്ര വലിയ ആളായാലും നിനക്ക് ആ അവസരം നൽകിയവളെ നീ മറക്കരുത്... എന്തിന്റെ പേരിലും നീ ഉപേക്ഷിക്കരുത്, നിനക്ക് വേണ്ടി മാത്രമാണ് അവൾ അവളുടെ സ്വപ്നങ്ങൾ പോലും ഹോമിച്ചത്... ആ ഓർമ എന്നും നിന്റെ മനസ്സിൽ ഉണ്ടാവണം, എന്റെ മോൻ ഒരിക്കലും തെറ്റ് ചെയ്യില്ലെന്ന് അറിയാം.... എങ്കിലും വലിയ ആളാവുമ്പോൾ അതിന് കാരണക്കാരിയായവളെ ഒരു കാരണവശാലും നീ മറന്നു പോകാൻ പാടില്ല, " ഞാൻ അങ്ങനെ ചെയ്യുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ..? " ഇല്ല പക്ഷേ മനുഷ്യനാണ് മാറും, മറക്കും അത് സ്വാഭാവികമാണ്.... അങ്ങനെ ഒരു മറവിയിലേക്ക് അവളെ നീ ഒരിക്കലും വലിച്ചിടാന്‍ പാടില്ല... അത് ഞാൻ ഓർമ്മിപ്പിച്ചുവെന്ന് മാത്രം, ഒരിക്കലുമില്ല അമ്മേ...

അവൾ ഇല്ലാതെ എന്റെ ജീവിതം പൂർണമാവില്ല , ഈയൊരു ചിന്ത മാത്രം മതി .... എത്രയും പെട്ടെന്ന് അവളെ കേസിൽ നിന്ന് രക്ഷിക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്യണം, എന്നിട്ട് ഒരു ചടങ്ങും വേണ്ട നീ അവളെ വിളിച്ചു കൊണ്ട് വന്നാൽ മതി.. ഞാൻ നിലവിളക്ക് എടുത്ത് സ്വീകരിക്കും നിങ്ങളെ, " അവൾക്കൊപ്പം ഉള്ള ഒരു ജീവിതം മാത്രം സ്വപ്നം കണ്ടാണ് ഈ നിമിഷം പോലും ഞാൻ ഇവിടെ ജീവനോടെ ഇരിക്കുന്നത്, ഇല്ലെങ്കിൽ ഞാനിപ്പോ മരിച്ചിട്ട് ഉണ്ടാവും അമ്മേ... അവന്റെ വാക്കുകൾ കേട്ട് അമ്പിളിക്ക് അത്ഭുതം തോന്നി, ആദ്യമായാണ് അവൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്...

സർവ്വം തകർന്നു നിൽക്കുകയാണ് അവനെന്ന് അവന്റെ വാക്കുകളിൽ നിന്ന് തന്നെ അമ്പിളിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു... എന്തു പറഞ്ഞാണ് മകനെ ആശ്വസിപ്പിക്കേണ്ടതെന്ന് അവർക്കും അറിയില്ലായിരുന്നു. കൊച്ചിയിൽ നിന്നും പാലക്കാട്ടേക്കുള്ള ബസ്സിൽ കയറുമ്പോൾ ഇഷയുടെ മനസ്സിൽ തന്നെ ചതിച്ചവനോടുള്ള പ്രതികാരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.. തന്നെ പറ്റിച്ച് അവിടെ നിന്നും പോകുന്നവനെ സ്വന്തം നാട്ടിൽ വച്ച് തന്നെ അപമാനിക്കണമെന്ന് ഒരു ചിന്തയോടെയാണ് നിറവയറുമായി അവൾ ആ ബസ്സിൽ കയറിയത്.. വിവേകിനെ നേരിൽ കാണുമ്പോൾ മുഖം അടച്ചു ഒരെണ്ണം കൊടുക്കണമെന്ന് അവൾ മനസ്സിൽ തീരുമാനിച്ചു വച്ചിരുന്നു......... കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story