ഹൃദയവീണ മീട്ടിടുമ്പോൾ: ഭാഗം 64

Hridayaveenameettumbol

എഴുത്തുകാരി: റീനു

മകന്റെ സംസാരം കേട്ടപ്പോൾ വീണ അമ്പരന്നു, അതോടൊപ്പം തന്നെ സുഭദ്രയും വിശ്വനും ഒരേപോലെ ഞെട്ടി... വിശ്വൻ താൻ ഇരുന്നിരുന്ന കസേരയിൽ നിന്നും അമ്പരന്ന് എഴുന്നേറ്റ് പോയിരുന്നു.. " നീ എന്താടെ പറയുന്നത..? ബോധമില്ലാതെ എന്തെങ്കിലും വിളിച്ചു പറയുവാണോ...? വിനയുടെ മുഖത്തേക്ക് നോക്കി ചമ്മിയ ഭാവത്തോടെ വീണ മകനെ ശാസിച്ചിരുന്നു... " അമ്മ ഏതായാലും ഒന്ന് വന്നേ, മകൻ നിർബന്ധപൂർവ്വം അവരെയും കൂട്ടി പോയപ്പോൾ വിശ്വനാഥനും അതിന്റെ സത്യാവസ്ഥ അറിയാതെ പറ്റില്ല എന്നായി... ഉടനെ തന്നെ അയാളും എഴുന്നേറ്റു, " ഭദ്രേ നീ എന്റെ ഷർട്ടിങ് എടുത്തേ...? ഭാര്യയോട് അയാൾ അത്രയും പറഞ്ഞപ്പോൾ തന്നെ അകത്തു നിന്നും ഷർട്ട് എടുത്ത് അവർ കൊടുത്തിരുന്നു.. അതുമണിഞ്ഞ് ഒട്ടും വൈകാതെ തന്നെ അയാൾ പുറത്തേക്ക് പോയിരുന്നു... വീണ വീട്ടിലേക്ക് ചെല്ലുമ്പോൾ പടിപ്പുരയിൽ നിന്ന് തന്നെ കുറച്ച് ആളുകളെ കണ്ടിരുന്നു. തൊട്ടടുത്തുള്ള വീടുകളിൽ നിന്നുള്ളവരൊക്കെ അവിടെ നിൽപ്പുണ്ട്, ഒരു കുറ്റവാളിയെ പോലെ മുഖംകുനിച്ചു നിൽക്കുകയാണ് അവിടെ വിവേക്. അവന്റെ നിൽപ്പ് കണ്ടു വീണയ്ക്ക് പന്തികേട് തോന്നിയിരുന്നു,

ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ വിശ്വനാഥനെയും അവർ കണ്ടു, എല്ലാം കൊണ്ടും ജാള്യത നിറഞ്ഞ ഒരു അവസ്ഥയായിരുന്നു വീണയ്ക്ക്... എന്താണ് സത്യം എന്നറിയാൻ അവരുടെ മനസ്സിലും ആകാംക്ഷ നിറഞ്ഞു, വിജയൻ ദേഷ്യത്തോടെ മകനെ നോക്കുകയാണു... " എന്താ വിജയേട്ടാ എന്താ പ്രശ്നം..? ഭർത്താവിനോട് വീണ കാര്യം അന്വേഷിച്ചപ്പോഴാണ് വിവേകിന്റെ അരികിലായി നിൽക്കുന്ന ഒരു പരിഷ്ക്കാരിയായ പെൺകുട്ടിയെ അവർ കണ്ടത്... ചുരുളൻ മുടികളുമായി അല്പം മുന്തിയ വയറുമായി ആണവൾ നിൽക്കുന്നത്, " ഈ കുട്ടിയാണ് പ്രശ്നം... അവളെ ചൂണ്ടി വിജയൻ പറഞ്ഞു, " ഇവനും ഇവളും കൂടി ഒരുമിച്ച് ആയിരുന്നുവത്ര താമസം. നമ്മൾ ഒന്നും അറിഞ്ഞില്ല, ഇവളെ വിവാഹം കഴിച്ചോളാം എന്ന് ഇവന് പറഞ്ഞുവെന്ന്, ഇവനും ഇവളും അവിടെ ഒരു ഫ്ലാറ്റിലാ താമസിച്ചതെന്ന്... അതും ഭാര്യയും ഭർത്താവും പോലെ, ചുറ്റും നോക്കി ശബ്ദം ഒന്ന് താഴ്ത്തിയാണ് വിശ്വനാഥൻ പറഞ്ഞത്.. വീണയുടെ ഇടനെഞ്ചിൽ ഒരു ഇടി വെട്ടിയത് പോലെയാണ് തോന്നിയത്, വിശ്വനാഥന്റെ മുഖത്ത് വന്ന അമ്പരപ്പും വീണയും ശ്രദ്ധിച്ചിരുന്നു... കുറച്ചു മുൻപേ സഹോദരന്റെ മകളെ കുറ്റം പറഞ്ഞ് കൊണ്ട് നിന്നവളാണ്,

താൻ അയാൾക്ക് മുൻപിൽ താൻ ചൂളി പോകുന്നതുപോലെ വീണയ്ക്ക് തോന്നി... വിവേകിന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയിരുന്നു അവർ, ശേഷം ഇഷ്യ്ക്ക് നേരെ തിരിഞ്ഞു... " നീ ഏതാടി ഏതോ ഒരുത്തന്റെ ഗർഭവും വീർപ്പിച്ച് എന്റെ മോന്റെ തലയിൽ കെട്ടിവെക്കാം എന്ന് നീ കരുതിയോ...? അവളുടെ നേരെ തിരിഞ്ഞു കൊണ്ട് വീണ പറഞ്ഞു... " ഇവൻ ഇത്രയും ചെറ്റത്തരം ചെയ്തപ്പോൾ തന്നെ ഇവനെ വളർത്തി വിട്ടവരെ ഒന്ന് കാണണമെന്ന് എനിക്ക് തോന്നിയിരുന്നു, അതുകൊണ്ട് നേരെ ഇവിടേക്ക് വന്നത്... ഇപ്പോൾ മനസ്സിലായി ഇതിന്റെ യൂണിവേഴ്സിറ്റി ഇതാണെന്ന്, ഈ കോളേജിൽ നിന്ന് ആണ് അവൻ ഗ്രാജുവേഷൻ എടുത്തിരിക്കുന്നത് എന്ന്... ചുറ്റുമുള്ള വീട്ടുകാരെ മുഴുവൻ ഒന്നു നോക്കിയിട്ട് വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു വീണ.. രോഷം കൊണ്ട് അവരുടെ മുഖം വലിഞ്ഞുമുറുകിയിരുന്നു, " കണ്ടമാനം നടക്കുന്ന പെണ്ണുങ്ങൾക്ക് കയറി നിരങ്ങാനുള്ളതല്ല എന്റെ വീട്, എന്റെ കുഞ്ഞ് അങ്ങനെ ഒന്നും ചെയ്യില്ല... " നിങ്ങടെ കുഞ്ഞ് ഇന്നലെ അങ്ങോട്ട് പ്രസവിച്ച് വീണതല്ലേ ഉള്ളൂ, അവന് ഒന്നും അറിയില്ലല്ലോ, ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ലോക ഫ്രോഡാ ഇവൻ,

പിന്നെ നിങ്ങൾ ഇപ്പോൾ പറഞ്ഞല്ലോ ഞാൻ കണ്ടമാനം നടന്നതാണെന്ന്, അങ്ങനെ എനിക്ക് ഇവിടെ വന്ന് എന്റെ കുഞ്ഞിന്റെ അവകാശം ഇവന്റെ മുകളിൽ കെട്ടിവെക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല.. ഇവിടെ ഇതിനൊക്കെയുള്ള മാർഗ്ഗങ്ങൾ ഉണ്ടല്ലോ, നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നിയമത്തിന്റെ വഴിയെ ഞാൻ പോകാം... വെറുതെ ഉണ്ടാക്കി വച്ചിരിക്കുന്ന അല്ലല്ലോ അതൊന്നും, പക്ഷേ ഡിഎൻഎ ടെസ്റ്റിൽ ഇത് ഇവന്റെ കുഞ്ഞാണെന്ന് തെളിഞ്ഞാൽ നിങ്ങളും നിങ്ങളുടെ മോനും കൂടി തല മൊട്ടയടിച്ച് ചുട്ടികുത്തി ഈ നാട്ടിൽ കൂടി നടക്കുമെന്ന് എനിക്ക് ഉറപ്പു തരണം... ഇവിടെ നിൽക്കുന്ന നാട്ടുകാരുടെ മുൻപിൽ വച്ച്, ഇനി ഇവന്റെ അല്ല കുഞ്ഞ് എന്നാണ് തെളിയുന്നതെങ്കിൽ നിങ്ങൾ പറയുന്ന എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.... ഉറപ്പോടെ ഇഷ പറഞ്ഞപ്പോൾ, ചെറിയ ഒരു ഭയം ആ നിമിഷം വീണയിലും വന്നിരുന്നു... എങ്കിലും അത് പുറത്ത് കാണിക്കാതെയാണ് അവർ പിന്നീട് സംസാരിച്ചിരുന്നത്... " നിന്നെപ്പോലുള്ളവർ മാർക്ക് എന്താടി ആകാത്തത്...? നീയൊക്കെ തുനിഞ്ഞു ഇറങ്ങിയിരിക്കുന്നതല്ലേ, വിട്ടുകൊടുക്കാൻ വീണ തയ്യാറായിരുന്നില്ല... "

ഇനി നിന്റെ അമ്മ എന്നെക്കുറിച്ച് മോശമായിട്ട് ഒരക്ഷരം പറഞ്ഞാൽ എന്റെ കയ്യിൽ ഇരിക്കുന്ന തെളിവുകൾ എല്ലാം കൊണ്ട് ഞാൻ നേരെ പോകാൻ പോകുന്നത് പോലീസ് സ്റ്റേഷനിലേക്ക് ആയിരിക്കും, പിന്നെ ഇവിടെ വന്ന് നിന്നോട് സംസാരിക്കുന്നത് പോലീസുകാർ ആയിരിക്കും.. നിനക്കറിയാലോ ഞാൻ വനിതാസെല്ലിൽ ഒരു പരാതി കൊടുത്താൽ അകത്ത് കിടക്കാനുള്ള വകുപ്പ് നീ ചെയ്തുവച്ചിട്ടുണ്ട്.. ഞങ്ങൾ ഒരുമിച്ച് താമസിച്ചു എന്നുള്ളതിന്റെ തെളിവെന്റെ കൈയിലുണ്ട്, പ്രണയത്തിൽ ആയിരുന്നു എന്നതിനുള്ള തെളിവും എന്റെ കയ്യിൽ ഉണ്ട്, ഞങ്ങൾ ഒരുമിച്ച് ഒരു കമ്പനിയിലാണ് ജോലി ചെയ്തത്, അവിടെയുള്ളവരുടെ തെളിവെടുത്താലും അവിടെയുള്ള സിസിടിവി ഫുട്ടേജ് എടുത്താലും ധാരാളം തെളിവ് കിട്ടും... അതല്ലെങ്കിൽ കുറേ തെളിവുകൾ ഉണ്ട്, പക്ഷേ ഞാൻ ഈ തെളിവുകളുമായിട്ട് നടന്നാൽ അമ്മയും മോനും നാറും, അല്ലെങ്കിൽ ഇവൻ പറയട്ടെ തെളിവില്ലെന്ന്... ഞാന് ഇവന്റെ ആരുമല്ലെന്ന് അവൻ പറയട്ടെ, ഇതുവരെ ഇവൻ എന്നെ കണ്ടിട്ടില്ലെന്ന് പറയട്ടെ, അല്ലെങ്കിൽ ഞാൻ ഒരു മോശക്കാരിയായ പെണ്ണ് ആണെന്ന് നിങ്ങളുടെ മോൻ പറയട്ടെ... ഇഷ വീറോട് പറഞ്ഞു..

. "ഇവൾ ഇത്രയ്ക്ക് ഇവിടെ നിന്ന് പ്രസംഗിച്ചിട്ടും നീയെന്താടാ മിണ്ടാതിരിക്കുന്നത്, അവളുടെ ചെവിക്കുറ്റിയ്ക്ക് ഇട്ടു ഒരെണ്ണം കൊടുത്തിട്ട് അവൾ ഈ പറഞ്ഞതിനൊക്കെ മറുപടി പറയടാ... വീണ മകനെ ശാസിച്ചു, മറുപടിയൊന്നും പറയാതെ തലതാഴ്ത്തി നിൽക്കുന്നവനെ കണ്ടപ്പോൾ ധൈര്യം ചോർന്നു പോകുന്നത് വീണ അറിഞ്ഞിരുന്നു... ഇഷ മൊബൈലിൽ നിന്നും കുറെ ചിത്രങ്ങൾ എടുത്ത് എല്ലാവരെയുമായി കാണിച്ചു, " ഇത് ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ ഉള്ള ചിത്രങ്ങൾ ആണ്... വളരെ മോശമാണിത് മറ്റുള്ളവരെ കാണിക്കുന്നത്, പക്ഷേ ഇത്രയും വലിയൊരു ആരോപണം എനിക്ക് നേരെ ഉയർന്നപ്പോൾ ഇത്രയും കാണിച്ചില്ലെങ്കിൽ ഞാനല്ലേ മോശക്കാരി... അവളുടെ മൊബൈലിലെ ഫോട്ടോയിലേക്ക് എല്ലാവരും നോക്കിയിരുന്നു, പരസ്പരം പുണർന്നു നിൽക്കുന്ന ചിത്രങ്ങളും തമ്മിൽ ചുംബിക്കുന്ന ചിത്രങ്ങളും ഒക്കെ അവൾ മാറ്റി മാറ്റി കാണിച്ചു.. എല്ലാവരും മൂക്കത്ത് വിരൽ വെച്ചു,

ഒരു നിമിഷം വിശ്വനാഥന് തന്നോട് തന്നെ വെറുപ്പ് തോന്നിയിരുന്നു, ദീപ്തി പറഞ്ഞ കാര്യങ്ങളൊക്കെ അയാളുടെ മനസ്സിലേക്ക് കടന്നുവന്നു.. പലതവണ അവൾ ഈ വിവാഹത്തിനെ എതിർത്തതിന്റെ കാരണം എന്താണെന്ന് ആ നിമിഷം വിശ്വനാഥന് മനസ്സിലായിരുന്നു.. അന്ന് മകൾ പറയുന്നത് കേട്ടിരുന്നുവെങ്കിൽ തന്റെ ദിവ്യമോളുടെ ജീവിതം ഇന്ന് ഇങ്ങനെ ആവില്ല എന്നൊരു തിരിച്ചറിവ് ആ നിമിഷം അയാളിൽ നിറഞ്ഞുനിന്നു.. " ഇവൾ പറയുന്നതൊക്കെ സത്യമാണോഡാ...? കണ്ണുനീര് കുതിർന്ന മിഴികളോടെ അവന്റെ മുഖത്തേക്ക് നോക്കി വീണ ചോദിച്ചു.... " സത്യമാണ്....! വിവേകിന്റെ വാക്ക് കേട്ട് എല്ലാവരും ഒരേപോലെ അമ്പരന്നു... പറഞ്ഞു തീരും മുൻപ് അവന്റെ കവിളിൽ ആദ്യത്തെ അടി വീണു, അത് വിശ്വന്റെ തന്നെയായിരുന്നു............. കാത്തിരിക്കൂ..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story