ഹൃധികാശി: ഭാഗം 16

hridikashi

രചന: അൻസിയ ഷെറി (അനു)

"അ... അമ്മേ... നിക്ക് വേദനിക്കുന്നമ്മേ..അച്ഛയോട് ന്നെ ഒന്നും ചെയ്യല്ലേ പറയമ്മേ...." അയാളുടെ കൈകളിൽ നിന്നും കുതറി മാറാൻ ശ്രമിക്കുന്നതിനിടെ വിളിച്ചു പറയുന്ന ഹൃധുവിനെയും അവളുടെ കൈകളിലൂടെ ഒഴുകുന്ന ചോരയും കണ്ട് ഒരു അലർച്ചയോടെ രാധിക അവർക്കരികിലേക്ക് ഓടി.......! "മോളേ.....വിട് എന്റെ മോളെ വിട്...എന്റെ മോളേ വിട്... വിടാനാ പറഞ്ഞത്...." അയാളുടെ ബലത്തിന് മുന്നിൽ അവൾക്കൊന്നും ചെയ്യാൻ കഴിയുന്നില്ലായിരുന്നു... ഒരു കയ്യിൽ കുഞ്ഞുള്ളത് കൊണ്ട് തന്നെ അയാൾ വീണ്ടും ആ കുഞ്ഞിനെ ഉപദ്രവിക്കുമോ എന്നും അവർ ഭയന്നിരുന്നു....! അവസാനം ഹൃധുവിന്റെ കരച്ചിലിൽ അവരുടെ ഹൃദയം പൊട്ടിയതും തന്റെ ബലം മുഴുവൻ ഉപയോഗിച്ച് അവർ അയാളെ ഊക്കോടെ തള്ളി മാറ്റി.... പിറകിലേക്ക് വീണ അയാളുടെ തല കട്ടിൽ പടിയിൽ ചെന്നിടിച്ചു.... അപ്പോഴേക്കും മിത്രയും(പെങ്ങൾ) അമ്മയും അവിടേക്ക് എത്തിയിരുന്നു..... തലക്ക് വേദന ഉണ്ടെങ്കിലും അയാൾ മെല്ലെ എഴുനേറ്റ് ദേഷ്യത്തോടെ രാധികയെ നോക്കി... "എന്നെ നീ തള്ളിയല്ലേ... എന്റെ ദേഹം നീ ഉപദ്രവിച്ചല്ലേ... കൊല്ലും ഞാൻ..." അവൾക്ക് നേരെ അലറിക്കൊണ്ട് കണ്ണുകൾ ചുവപ്പിച്ച് പറയുന്നയാളെ കണ്ട് അവൾ ഞെട്ടിയിരുന്നു....

ഉപദ്രവിക്കുമെങ്കിലും ആദ്യമായിട്ടായിരുന്നു അയാളിൽ നിന്നും ഇങ്ങനെയൊന്ന്... ശെരിക്കും ഒരു ഭ്രാന്തനെ പോലെ....! പക്ഷെ അപ്പോഴേക്കും മിത്രയുടെ വിളി കേട്ട് ഓടിപ്പാഞ്ഞു വന്ന മഹി (മിത്രയുടെ ഭർത്താവ്) അയാളുടെ മുന്നിൽ കയറി നിന്നിരുന്നു.... "ഏട്ടനെ വേഗം കെട്ടിയിട് മഹിയേട്ടാ.. ഇല്ലെങ്കിൽ ഏട്ടത്തിയെ ഉപദ്രവിക്കും..." ഗർഭിണിയായത് കൊണ്ട് തന്നെ അയാൾക്കരികിലേക്ക് പോകാൻ മിത്രക്കും ഭയമായിരുന്നു.... മഹിയുടെ ബലത്തിന് മുന്നിൽ അയാൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.... അവനയാളെ പിടിച്ച് ബെഡ്‌ഡിൽ ബലം പ്രയോഗിച്ച് കിടത്തി.... ഒരു കൈ കൊണ്ട് തൊട്ടടുത്തുള്ള മേശ തുറന്ന് കൊണ്ട് അതിൽ നിന്നും ഒരു സിറിഞ്ച എടുത്ത് അയാളുടെ കയ്യിലേക്ക് കുത്തി...! ഒരു ചെറിയ ഞരക്കത്തോടെ അയാൾ പെട്ടെന്ന് ചലനമില്ലാതെ ആയതും മയങ്ങിയെന്ന മനസ്സിലായ മഹി അയാളിൽ പിടിച്ചിരുന്ന കൈകൾ അയച്ചു.... എല്ലാം കണ്ട് ഒന്ന് ചലിക്കാൻ പോലുമാകാതെ നിൽക്കുകയായിരുന്നു രാധിക....! തന്റെ ഭർത്താവ് ഒരു ഭ്രാന്തൻ ആയിരുന്നു എന്നുള്ള കാര്യം അവൾ അറിഞ്ഞതേ ഇല്ലായിരുന്നു....! മെല്ലെ മിഴികൾ അയാളുടെ അമ്മയിലേക്ക് നീണ്ടതും അവളെ നോക്കാനാകാതെ അവർ തല താഴ്ത്തി.... "അ.... അമ്മേ....."

ഹൃധുവിന്റെ പെട്ടെന്നുള്ള കരച്ചിൽ കേട്ടപ്പോഴാണ് അവൾ സ്ഥല കാല ബോധത്തേക്ക് തിരികെ വന്നത്.... "അയ്യോ.. ചോര.. ഈശ്വരാ എന്റെ മോൾ...." എന്ത് ചെയ്യണം എന്നറിയാതെ അവർ എന്തൊക്കെയോ പറഞ്ഞ് കരയാൻ തുടങ്ങി... മഹി വേഗം ഓടിചെന്ന് ഒരു ശീല കൊണ്ട് ഹൃധുവിന്റെ കൈ കെട്ടി... അപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു.... നിലത്തേക്ക് വീഴാനാഞ്ഞ അവളെ എടുത്തു കൊണ്ട് അവൻ പുറത്തേക്ക് പാഞ്ഞു....! _________ മുറിവ് കെട്ടിയ ശേഷം രാധിക പിന്നീടൊരു നിമിഷം പോലും അവിടെ നിന്നില്ല... ഇത്രയും കാലം പിടിച്ചു നിന്നത് മകൾക്ക് വേണ്ടിയായിരുന്നു.... ആ മക്കളുടെ നല്ല ഭാവിക്ക് വേണ്ടി തന്നെയാണ് ഇതും....! തന്റെ തീരുമാനത്തിൽ തെറ്റില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.... അവിടെ നിന്നും തന്റെ വീട്ടിലേക്ക് പ്രതീക്ഷയോടെ കയറി ചെന്ന അവരെ തളർത്തും വിധം ആയിരുന്നു വീണ്ടും വീട്ടുകാരുടെ മറുപടി.....! ക്ഷമിച്ചു കൊടുക്കാൻ...!ഇനിയുമോ..? അങ്ങനെ ക്ഷമിച്ചു നിന്നതിനാലാണ് തന്റെ മക്കൾക്ക് ഇന്നിങ്ങനെയൊരു അവസ്ഥ ഉണ്ടായതെന്ന് വിളിച്ചു പറയണം എന്ന് തോന്നിയെങ്കിലും മൗനം പാലിച്ചു.... അവിടെ നിന്നും ഇറങ്ങുമ്പോൾ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു... ഭയമുണ്ടായിരുന്നെങ്കിലും പുറമേ പ്രകടിപ്പിച്ചില്ല...

അത് മകളിലും ഭയമുണ്ടാക്കിക്കാം...! മകൻ വിശന്ന് കരയുമോ എന്ന ഭയം ഉണ്ടായിരുന്നു... കരഞ്ഞാൽ എങ്ങനെ താൻ പാൽ കൊടുക്കും...? എവിടെ വെച്ച് കൊടുക്കും.? ഈ സമൂഹത്തിൽ ആരെയും വിശ്വസിക്കാൻ പറ്റില്ലല്ലോ... ചുറ്റും കഴുകൻ കണ്ണുകളാണ്.... എവിടേക്കെന്നില്ലാതെ അവിടെ നിന്നും ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് ചെന്നു... അതിനുള്ളിലേക്ക് കയറി ഇരിക്കാൻ തുനിഞ്ഞപ്പോഴാണ് അവിടെ നിൽക്കുന്ന ആളെ കണ്ടത്.... ആദ്യമൊന്ന് ഞെട്ടിയെങ്കിലും ആ പതർച്ച അവർ പുറമേ പ്രകടിപ്പിച്ചില്ല.... മഹി തലയൊന്ന് ഉയർത്തി രാധികയെ നോക്കി.... ഏട്ടത്തി ക്ഷമിക്കണം... ഞാനും മിത്രുവും ഒന്നും അറിഞ്ഞില്ലായിരുന്നു... ഏട്ടത്തിയുടെ സമ്മതത്തോട് കൂടെയാണ് ഈ കല്യാണം നടത്തിയതെന്ന് പറഞ്ഞപ്പോൾ ഞങ്ങൾ അത് വിശ്വസിച്ചു... അന്നൊരു പക്ഷെ എപ്പോഴെങ്കിലും അതിനെ കുറിച്ച് ചോദിച്ചിരുന്നെങ്കിൽ ഏട്ടത്തിക്ക് മനസ്സിലാകുമായിരുന്നു....! ഞങ്ങളോട് ക്ഷമിക്കണം..." "സാരമില്ല മഹി... എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല... നിനക്ക് മിത്രക്കും ഒന്നും അറിയില്ലായിരുന്നു എന്നുള്ളത് എനിക്ക് നേരത്തെ മനസ്സിലായതാണ്..

നിങ്ങൾ രണ്ട് പേർക്കും ഒരിക്കലും എന്നെ ചതിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാം..പക്ഷെ അമ്മ...! അമ്മ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല... അയാളും...! സ്വബോധമുള്ള സമയങ്ങളിലും ഉപദ്രവിച്ചിട്ടേ ഉള്ളു എന്നെ...എന്നിട്ടും പ്രതികരിച്ചില്ല... പക്ഷെ ഇന്നെന്റെ മക്കളെ ദേഹമാണ് അയാൾ ദ്രോഹിച്ചത്...! അതും മക്കളെ തലോടേണ്ട കരങ്ങൾ കൊണ്ട് തന്നെ....!" "ഏട്ടത്തി... ഞാൻ.. ഏട്ടത്തി അങ്ങോട്ട്...." അവന്റെ വാക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കാതെ രാധിക കൈ ഉയർത്തി തടഞ്ഞു....! "തിരികെ വീട്ടിലേക്ക് തന്നെ തിരികെ വരാൻ പറയാൻ വന്നതാണെങ്കിൽ വേണ്ട മഹി... അങ്ങോട്ട് ഇനി ഞാനില്ല... സ്വന്തം വീട്ടുകാരെ വിശ്വസിച്ച് ഇറങ്ങിയതായിരുന്നു... പക്ഷെ അവർക്കും എന്നെ വേണ്ട... എന്നാലും ഞാൻ ജീവിക്കും.. എന്റെ മക്കൾക്ക് വേണ്ടി... എങ്ങനെയെന്ന് അറിയില്ല... പക്ഷെ പൊരുതും... ആദ്യം എനിക്ക് വേണ്ടത് അയാളുമായുള്ള ഡിവോഴ്സ് ആണ്...." "ഏട്ടത്തിയുടെ കൂടെ ഞങ്ങളുണ്ടാകും എന്നും... പേടിക്കണ്ട....." മഹി ആ വാക്കുകൾ പറഞ്ഞു നിർത്തിയതും പെട്ടെന്നാണ് കയ്യിലിരുന്ന കുഞ് കരയാൻ തുടങ്ങിയത്....!....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story