ഹൃധികാശി: ഭാഗം 4

hridikashi

രചന: അൻസിയ ഷെറി (അനു)

ഈശ്വരാ...ഹൃധൂ എന്ന് വിളിച്ചത് കാശിയേട്ടൻ കേട്ട് കാണുവോ? ഭയത്തോടെ നിൽകുമ്പോഴാണ് ഏട്ടൻ പെട്ടെന്ന് തിരിഞ്ഞു നടന്നത്. ഒരാശ്വാസത്തോടെ നെഞ്ചിൽ കൈ വെച്ചു. ""ഹൃധൂ...സോറി ഡീ..ഹൃധുക്കുട്ട്യേ...."" വീണ്ടുമവൾ ഒച്ച വെച്ചതും തിരിഞ്ഞു നടന്ന കാശിയേട്ടൻ പെട്ടെന്നാണ് നടത്തം നിർത്തിയത്.! അത് കണ്ടതും പെട്ടെന്ന് തന്നെ മാളുവിന്റെ കയ്യും വലിച്ച് ഏട്ടൻ തിരിഞ്ഞു നോക്കുന്നതിന് മുന്നേ ഏട്ടനേയും മറികടന്ന് ഒരോട്ടമായിരുന്നു. ക്ലാസ്സിൻ മുന്നിൽ എത്തിയതും അവളുടെ കൈ വിട്ട് മുട്ടിൽ ഇരു കൈകളും ഊന്നിക്കൊണ്ട് ഞാൻ നിന്ന് കിതച്ചു. നെഞ്ചിടിപ്പ് പതിയെ സാവധാനം ആയതും തല ഉയർത്തി മാളുവിനെ നോക്കിയപ്പോൾ എന്നെ തന്നെ നോക്കി കയ്യും കെട്ടി നില്കുന്നതാണ് കണ്ടത്. "മാറിയോ നിന്റെ കിതപ്പ്?" പുരികം പൊക്കിക്കൊണ്ട് അവൾ ചോദിച്ചതും എന്ത് പറയണം എന്നറിയാതെ ഞാൻ അവൾക്ക് ഒന്ന് ഇളിച്ചു കാണിച്ചു. അതിന് മറുപടിയായി അവളെന്നെ കൂർപ്പിച്ചു നോക്കിക്കൊണ്ട് എന്തോ പറയാൻ ആയി തുടങ്ങിയതും സാർ ക്ലാസ്സിൽ നിന്നും പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു. "രണ്ട് പേരോടും കൂടെയാ.. മേലിൽ ഇനി ഇത് ആവർത്തിക്കരുത്... ഇന്ന് ഞാൻ ക്ഷമിച്ച പോലെ എന്നും ക്ഷമിച്ചെന്ന് വരില്ല..." അതും പറഞ്ഞ് സാർ നടന്നതും മാളു ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു. "പറയുന്നത് കേട്ടാൽ തോന്നും ഇന്ന് ക്ഷമിച്ചത് കൊണ്ടാണ് നമ്മളെ പുറത്ത് നിർത്തിയതെന്ന്..." ഈശ്വരാ! ഈ പെണ്ണിനിത് എന്തിന്റെ കേടാ..ആരെങ്കിലും ഒന്ന് കേട്ടാൽ മതി.സാറിന്റെ ചെവിയിൽ എത്താൻ.. ഇനിയും എന്തേലും പറയുന്നതിന് മുന്നേ അവളുടെ കയ്യും പിടിച്ചു വലിച്ച് നേരെ ക്ലാസ്സിലേക്ക് കയറി. _____

പിന്നീട് കുറച്ചു ദിവസം പ്രത്യേകിച്ച് ഒന്നുമില്ലാതെ കടന്നു പോയി. കാശിയേട്ടനെ കോളേജിൽ വെച്ച് ദൂരെ നിന്ന് മാത്രം നോക്കി നിൽക്കും. ചില നേരത്ത് ഞാൻ പലപ്പോഴും വേറെ ലോകത്ത് എത്താറുണ്ട്. അപ്പോഴേക്കെയും മാളു ആയിരിക്കും സ്ഥല കാല ബോധം ഓർമ്മപ്പെടുത്തി തരുന്നത്. എന്റെ ഈ പ്രവർത്തി കണ്ട് അവൾക്ക് എന്തൊക്കെയോ സംശയം തോന്നിയിട്ടുണ്ടെന്ന് തോന്നുന്നു. എന്തായാലും അധികം വൈകിപ്പിക്കാതെ അവളോട് പറയണം. അവൾക്കെന്നെ മനസ്സിലാകും എന്ന് വിശ്വസിക്കുന്നു. ലഞ്ച് ബ്രേക്കിന് ഫുഡ്‌ കഴിച്ചതിൻ ശേഷം ആകെ ബോർ അടി തോന്നിയപ്പോൾ ലൈബ്രറിയിലേക്ക് പോകാം എന്ന് തോന്നി. മാളുവിൻ എഴുതാൻ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് തന്നെ അവൾ ഇല്ലെന്ന് പറഞ്ഞു. ക്ലാസ്സിൽ എനിക്ക് വേറെ ആരുമായും അധികം കൂട്ടില്ല.ജസ്റ്റ് ഫ്രണ്ട്സ്.കണ്ടാൽ ഒരു ചിരി.വാട്സ്അപ്പിൽ ഒരു സെന്റ്.ഇതാ അവസ്ഥ. ലൈബ്രറിയിൽ പതിവിന് വിപരീതം ആയി തിരക്ക് കുറവായിരുന്നു. അതൊരു കണക്കിന് എനിക്ക് നല്ലൊരു ആശ്വാസം പോലെ തോന്നി. നേരെ അകത്തേക്ക് കയറി ആരുമില്ലാത്ത ഒരു സ്ഥലത്ത് ചെന്ന് ബുക്ക് സെലക്ട്‌ ചെയ്ത് ഇരുന്ന് അവിടെയുള്ള ബെഞ്ചിലിരുന്ന് വായിക്കാൻ തുടങ്ങി. വായനയിൽ മുഴുകി പോയാൽ പിന്നെ ഞാൻ ചുറ്റും നടക്കുന്നതൊന്നും അറിയാറേ ഇല്ല. പക്ഷെ വായിച്ചു പകുതി ആകുന്നതിനു മുന്നേ ഹൃദയമിടിപ്പ് ക്രമമില്ലാതെ മിടിക്കുന്നത് പോലെ തോന്നിയപ്പോഴാണ് തല ഉയർത്തിയത്. തൊട്ടടുത്ത് ആരോ ഉള്ളത് പോലെ തോന്നിയതും മെല്ലെ തലചെരിച്ചു നോക്കി. ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് തിരിഞ്ഞിരിക്കുന്ന കാശിയേട്ടനെ കണ്ടതും ഞെട്ടിപ്പോയി.

അതേ ഞെട്ടലോടെ ഇരുന്നിടത്ത് നിന്നും ചാടി എഴുനേറ്റ് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കാശിയേട്ടന്റെ കൈകൾ എന്റെ കയ്യിൽ പിടിമുറുക്കിയിരുന്നു.ആദ്യ സ്പർശനം!ഞെട്ടലോടെ തിരിഞ്ഞ് കാശിയേട്ടനെ നോക്കിയപ്പോൾ ഇപ്പോഴും ഇതൊന്നും ശ്രദ്ധിക്കാതെ ഫോൺ വിളിയിൽ തന്നെയാണ്. ഈശ്വരാ ഇതിപ്പോ എന്താ സംഭവം? ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിക്കുന്നതിനൊപ്പം ശബ്ദം പുറത്തേക്ക് വരുമോ എന്ന് ഞാൻ ഭയന്നു. ചെന്നിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകി തറയെ സ്പർശിക്കുന്നത് ഞാൻ അറിഞ്ഞു. ഉള്ളിൽ നിന്നാരോ ആ കയ്യെടുത്ത് മാറ്റാനായി വിളിച്ചു പറയുന്നത് പോലെ തോന്നിയതതും വിറക്കുന്ന കൈകളോടെ കാശിയേട്ടന്റെ കൈക്ക് മുകളിൽ കൈ വെച്ചു. മെല്ലെ ധൈര്യം സംഭരിച്ചു ആ കൈ പതിയെ മാറ്റിക്കൊണ്ട് മുഖം ഉയർത്തിയതും എന്നെ തന്നെ നോക്കി നില്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം പതറിപ്പോയി. മിഴികൾ ആ മിഴികളുമായി കോർത്തതും മനസ്സ് കൈ വിട്ട് പോകും പോലെ തോന്നിയപ്പോൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നടക്കാൻ തുടങ്ങി. "സോറി.. ഞാൻ പെട്ടെന്ന് എന്തോ ദേഷ്യത്തിൽ ആയിരുന്നത് കൊണ്ടാ കയ്യിൽ പിടിച്ചത്. എന്റെ ഫ്രണ്ടാണെന്ന് കരുതി." അതും പറഞ്ഞ് ആൾ എഴുനേറ്റ് പോയതും ഇതിപ്പോ എന്താ സംഭവം എന്ന നിലക്ക് കണ്ണ് മിഴിച്ചു നിന്നു. പിന്നെ ബോധം വന്ന പോലെ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്നാരോ ഓടിക്കിതച്ച് അടുത്തേക്ക് വന്നത്. "ഹേയ് പെങ്ങളേ. ഇവിടുന്ന് ഇപ്പൊ ആരേലും പുറത്തേക്ക് പോയിരുന്നോ. ദേഷ്യത്തിൽ?" "കാശിയേ....ആഹ് ഒരു ഏട്ടൻ പോയിരുന്നു.ആരോടോ ഫോണിൽ സംസാരിക്കുവായിരുന്നെന്ന് തോന്നുന്നു."

"ഓഹ്. ഓകെ താങ്ക്സ്.." അതും പറഞ്ഞ് അയാൾ പോയതും സത്യത്തിൽ എന്തൊക്കെയാ ഇവിടെ നടക്കുന്നേ എന്ന് ചിന്തിച്ചു പോയി. പുറത്താരുടേയോ അടി പതിഞ്ഞപ്പോഴാണ് സ്ഥല കാല ബോധം വീണ്ടെടുത്തത്. കലിപ്പിൽ നിൽക്കുന്ന മാളു വിനെ കണ്ടതും ഒന്ന് ഇളിച്ചു കാണിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആ തെണ്ടി ഉള്ള ദേഷ്യം മുഴുവൻ എന്നെ അടിച്ചു തീർത്തു. _______ പിറ്റേന്ന് മുതൽ ക്ലാസ്സിലിരിക്കുമ്പോൾ ശ്രദ്ധ മുഴുവൻ പഠിക്കുന്നതിലേക്ക് കേന്ദ്രീകരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ അമ്മയുടെ സ്വപ്നമാണ്. എനിക്കെന്തെങ്കിലും ഒരു ജോലി. അതെങ്ങനെയെങ്കിലും എനിക്ക് നേടിയെടുക്കണം. ആ ഒരു ആഗ്രഹം കൊണ്ട് മാത്രമാണ് പ്ലസ് ടൂവിൽ രാവും പകലും ഇരുന്ന് പഠിച്ച് നല്ല മാർക്ക് മേടിച്ചത്. പക്ഷെ ഉള്ളിൽ മുഴുവൻ കാശിയേട്ടൻ ആയത് കൊണ്ട് അവരെ കുറിച്ച് ഞാൻ മറന്നു പോയിരുന്നു. ഇല്ല ഇനി പാടില്ല.ചെറിയൊരു കാരണം മതി. പഠിപ്പിൽ നിന്നും എന്റെ ശ്രദ്ധ പോകാൻ. കാശിയേട്ടൻ ഇനി എന്നെ കണ്ടു പിടിച്ചാലും അപരിചിതയേ പോലെയേ ഇനി പെരുമാറൂ. എന്റെ ലക്ഷ്യം പൂർത്തിയാക്കണം എങ്കിൽ പലതും നഷ്ടപ്പെടുത്തേണ്ടി വരും. പരിഹസിച്ചവരുടേയും അപമാനിച്ചവരുടേയും മുന്നിൽ എനിക്ക് തല ഉയർത്തി നിൽക്കണം! സ്വയം ഉള്ളിൽ നിന്നാരോ ധൈര്യം തരുന്ന പോലെ തോന്നിയതും മൈൻഡ് മുഴുവനായും അന്നത്തെ ക്ലാസ്സിൽ കേന്ദ്രീകരിക്കാൻ കഴിഞ്ഞു. ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങുമ്പോഴും ഒരു നോട്ടം കൊണ്ട് പോലും ഏട്ടൻ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കിയില്ല. ഏട്ടന്റെ ഒരുപാട് കൂട്ടുകാരിൽ ഒരാൾ മാത്രമാണ് ഞാൻ. അത് മാത്രമാണ് ഏക ആശ്വാസം. ആ കണ്ണുകളിലേക്ക് നോക്കിയാൽ ഞാൻ പിന്നെ എല്ലാം മറന്നു പോകും. ഏട്ടനോട് ചെയ്യുന്നത് തെറ്റാണെന്ന് അറിയാം എങ്കിലും ഇപ്പോഴിതേ മാർഗ്ഗമുള്ളൂ.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story