ഹൃധികാശി: ഭാഗം 5

hridikashi

രചന: അൻസിയ ഷെറി (അനു)

"ഹൃധികാ...." ക്ലാസ്സിൽ ഇരുന്ന് മാളുവിനോട് സംസാരിക്കുമ്പോഴാണ് അങ്ങോട്ട് ഇടിച്ചു കയറി വന്നു കൊണ്ട് കാശിയേട്ടൻ വിളിച്ചത്. "ഇവിടെ ആരാ ഹൃധികാ?" ആ ചോദ്യത്തോടൊപ്പം ആളുടെ മിഴികൾ ചുറ്റും പരതുന്നത് കണ്ടപ്പോൾ എല്ലാവരുടേയും നോട്ടം എന്നിലേക്ക് പതിഞ്ഞു. നെറ്റിയിൽ വിയർപ്പ് കണങ്ങൾ ഒഴുകുന്നതിനോടൊപ്പം മാളുവിന്റെ കൈകളിൽ എന്റെ കൈ മുറുകി. മെല്ലെ തല ഉയർത്തി കാശിയേട്ടനെ നോക്കിയതും അത്രയും നേരം തെളിഞ്ഞു നിന്നിരുന്ന ആ മുഖം മങ്ങിയത് അറിഞ്ഞു. "ഓഹ്.. സോറി.. എനിക്ക് ആൾ മാറിയത് ആണെന്ന് തോന്നുന്നു... ഞാൻ ഇയാളെ അല്ല ഉദേശിച്ചത്.." അത്രയും പറഞ്ഞ് ഒരു നോട്ടം പോലും നൽകാതെ ആൾ പോയതും ഹൃദയത്തിൽ ആരോ കത്തി കുത്തിയിറക്കുന്നത് പോലെ തോന്നി. അവസാനം ഞാൻ വിചാരിച്ചത് തന്നെ നടന്നു. കാശിയേട്ടൻ എന്നെ കണ്ടു.മെലിഞ്ഞവളും കറുത്തവളും ആയിരിക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ല.. ഏട്ടൻ സങ്കൽപത്തിൽ വിചാരിച്ചത് വേറെ ആരെയെങ്കിലും ആയിരിക്കും. അതൊക്കെ ഓർത്തതും കണ്ണ് നിറഞ്ഞു. ഒരു പൊട്ടിക്കരച്ചിലോടെ ഞാൻ ഡെസ്ക്കിലേക്ക് തല ചായ്ച്ചു. ""ഹൃധൂ....ഡീ ഹൃധു...."" ചുമലിൽ കുലുക്കി കൊണ്ടുള്ള മാളുവിന്റെ വിളി കേട്ടതും ഞാൻ ചാടിയെഴുനേറ്റു.

ചുറ്റുമൊന്നാകെ നോക്കിയതും ഞങ്ങളുടെ മുറി ആണെന്ന് കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്. അപ്പോ ഞാൻ ഇത്രയും നേരം കണ്ടത് വെറും സ്വപ്നം മാത്രമായിരുന്നു. അതോർത്തപ്പോൾ ഒരു സമാധാനം തോന്നി. "നീ എന്തിനാടീ ഉറക്കത്തിൽ ങ്ങീ ങ്ങീ മോങ്ങിയേ? നീ കാരണം മനുഷ്യന്റെ ഉറക്കം പോയി." ദേഷ്യത്തോടെയുള്ള മാളുവിന്റെ വഴക്ക് കേട്ടപ്പോഴാണ് ഞാൻ കരഞ്ഞിരുന്നു എന്നത് പോലും ശ്രദ്ധിച്ചത്. വേഗം ഇരു കണ്ണുകളും തുടച്ചു കൊണ്ട് അവൾക്ക് ഒന്ന് ഇളിച്ചു കാണിച്ചു. "അത് പിന്നേ ഇല്ലെടി.. ഞാൻ ഒരു ദുസ്വപ്നം കണ്ടതാ..😁" "ഫ്പ്പാ! നേരാ വണ്ണം ഒന്നും ചൊല്ലിക്കിടക്കാതെ ദുസ്വപ്നവും കണ്ട് പേടിച്ചിട്ട് എന്റെ ഉറക്കവും നഷ്ടപ്പെടുത്തി.പോടീ." അതും പറഞ്ഞ് പുതപ്പെടുത്ത് ഒന്നാകെ പുതച്ചു കൊണ്ട് അവൾ കിടന്നതും ഞാൻ സ്വയം തലക്കിട്ട് ഒരു കൊട്ട് കൊടുത്തു കൊണ്ട് എഴുനേറ്റു. ടേബിളിൽ ഇരുന്ന ഫോൺ എടുത്തു നോക്കിയതും സമയം 5 കഴിഞ്ഞിട്ടുണ്ട്. ഇനിയിപ്പോ കിടന്നിട്ട് ഉറക്കം എന്തായാലും വരില്ല. അത് കൊണ്ട് തന്നെ ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി. പൈപ്പ് തുറന്നിട്ട് കൊണ്ട് കൈ ഒന്ന് നനച്ചപ്പോഴേ പല്ല് കിടു കിടാ വിറക്കാൻ തുടങ്ങി. കുളിക്കാതെ പോകാൻ ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ തണുപ്പ് സഹിച്ചു കൊണ്ട് വെള്ളം തലയിലൂടെ ഒഴിച്ചു. ഉഫ് അന്റാർട്ടിക്കയിൽ എത്തിയ ഫീൽ ആയിരുന്നു.🥶

കുളി കഴിഞ്ഞ് ഡ്രെസ്സും മാറി പുറത്തിറങ്ങിയതും ഫാനിന്റെ കാറ്റിൽ വീണ്ടും തണുക്കാൻ തുടങ്ങി. "അല്ലേൽ തന്നെ മനുഷ്യൻ ഇവിടെ കിടു കിടാ വിറച്ചോണ്ട് ഇരിക്കുമ്പോഴാ അവളുടെ ഒരു ഫാൻ.." നേരെ ചെന്ന് ഫാൻ ഓഫ്‌ ചെയ്തു കൊണ്ട് മാളു വിനെ തട്ടി വിളിച്ചു. "ഡീ എഴുനേറ്റേ... നിനക്ക് നേരത്തെ പോകണ്ടേ ഇന്ന്.." അത് കേട്ട പാതി പെണ്ണ് വേഗം ചാടി എഴുനേറ്റു. ഓണം എക്സാമും പരിപാടിയും കഴിഞ്ഞ് പത്ത് ദിവസത്തെ ലീവിന് നാട്ടിൽ പോകുവാണ് ഞങ്ങൾ രണ്ട് പേരും. ഞാൻ പാലക്കാടും അവൾ തൃശൂറും ആണ്. പ്ലസ് ടൂ വരെ മാളു തൃശൂർ ആയിരുന്നു. പക്ഷെ പിന്നീട് അവർ അവരുടെ പാലക്കാട്‌ ഉള്ള വീട്ടിലേക്ക് മാറി. ഒരു 8 മണി ആയപ്പോഴേക്കും മാളു വിന്റെ ഏട്ടൻ എത്തിയിരുന്നു. ആളെ പരിചയപ്പെടുത്തിയില്ലല്ലോ. ദേവ് എന്നാണ് പേര്. ആൾ ഞാനുമായി നല്ല കൂട്ടാണ്.മാളുവിനെ പോലെ തന്നെ എന്നെയും അനിയത്തിയെ പോലെ തന്നെയാണ് കാണുന്നത്. "ആഹാ..ഹൃധൂസേ സുഖല്ലേ..." എന്നെക്കണ്ടതും പതിവ് ചിരിയോടെ കവിളിൽ തട്ടി ചോദിച്ചതിന് മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു. "സുഖം ദേവേട്ടാ.. ഏട്ടനോ?" "സുഖം തന്നെ.. ഞങ്ങടെ കൂടെ പോരുന്നുണ്ടോ.. അവിടെയൊക്കെ കാണാം.." "അയ്യോ വേണ്ടാ.. പിന്നേ ഒരിക്കൽ ആകാം..

അല്ലേൽ നിങ്ങൾ അങ്ങോട്ട് പോരെ.." "ആ വരവ് കണക്ക് തന്നെ ആയിരിക്കും." എന്റെ ചോദ്യത്തിൻ മറുപടിയായി മാളു ആരോടെന്നില്ലാതെ പറഞ്ഞതും ദേവേട്ടൻ അവളെ കൂർപ്പിച്ചു നോക്കി. "ആഹ് പിന്നേ നീ എങ്ങനെയാ വീട്ടിൽ പോകുന്നേ.." "ഇവിടുന്ന് 12 ൻ ഉള്ള ട്രെയിൻ പോകണം..അച്ചു സ്റ്റേഷനിൽ കാത്തു നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട്.." "അത് വരെ നീ ഒറ്റക്ക് പോകണ്ടേ.. വേണേൽ ഞങ്ങൾ പോകുമ്പോ വീട്ടിൽ ആക്കിത്തരാം." "എവിടെ? വീട് വരേയോ.. അതിനൊക്കെ കുറേ സമയം പിടിക്കും.. ഞാൻ ആദ്യമായിട്ട് പൊകുവൊന്നുമല്ലല്ലോ.. പിന്നേ നമ്മുടെ ഹോസ്റ്റലിൽ തന്നെയുള്ള ശ്രീദേവി ഇല്ലേ.. അവളും എന്റെ നാട്ടിൽ തന്നെയാ.. അപ്പോ പിന്നേ പേടിക്കേണ്ടല്ലോ..." എന്നിട്ടും പോകാൻ കൂട്ടക്കാതെ നിന്ന ദേവേട്ടനേയും മാളുവിനേയും എന്തൊക്കെയോ പറഞ്ഞ് അയച്ചു. വണ്ടിയിൽ കയറിയിട്ടും ഇടയ്ക്കിടെ തിരിഞ്ഞു ദയനീയമായി നോക്കുന്ന മാളുവിനെ ഞാൻ കൂർപ്പിച്ചു നോക്കി. അവർ പോയതിന് ശേഷം തിരികെ മുറിയിലേക്ക് കയറുമ്പോൾ ആകെ ഒരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. ഹോസ്റ്റലിൽ താമസിച്ചേ പിന്നേ മാളുവിന്റെ കൂടെയല്ലാതെ കിടന്നിട്ടില്ല. ആകെപ്പാടെ ഒരു വീർപ്പു മുട്ടൽ. കൂടെ പോകാൻ ആളുണ്ടെന്ന് വെറുതെ പറഞ്ഞതാണ്.

അല്ലെങ്കിൽ അവൾ പോകില്ല. ഇനിയിപ്പോ പത്ത് ദിവസം കഴിയണം അവളെ വീണ്ടും കാണാൻ! ഓരോന്ന് ഓർത്തു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്. എടുത്തു നോക്കിയതും അമ്മ. "മോളേ നീ എപ്പോഴാ ഇറങ്ങുന്നേ...അച്ചുവിനേയും കിച്ചുവിനേയും ഞാൻ അങ്ങോട്ട് പറഞ്ഞു വിടാം." "ഞാൻ അവിടെ എത്താറാകുമ്പോ വിളിക്കാം അമ്മേ.. അപ്പോ വന്നാൽ മതി." "നിന്റെ കൂടെ ആളില്ലേ?" "ആഹ് ഉണ്ട് അമ്മേ... എന്നാൽ ഞാൻ വെക്കുവാണേ." കൂടുതൽ ചോദ്യം വരുന്നതിന് മുന്നേ അതും പറഞ്ഞ് ഫോൺ വെച്ചു. അമ്മക്ക് പേടിയാണ്.. ഒറ്റക്കാണ് വരുന്നത് എന്നറിഞ്ഞാൽ പിന്നേ സമാധാനം കിട്ടില്ല. കൂട്ടിന് ആളുണ്ടെന്ന് പറഞ്ഞാൽ പിന്നേ ആശ്വാസമാകും. പിന്നേ സംസാരിക്കാൻ ഒന്നും ആരുമില്ലാത്തത് കൊണ്ട് തന്നെ എല്ലാം എടുത്തു വെച്ചിട്ടില്ലേ എന്ന് ചെക്ക് ചെയ്തു കൊണ്ട് വേഗം ഡ്രസ്സ്‌ മാറ്റി. ഫുഡ്‌ കഴിക്കാൻ സമയം ആയതും നേരെ താഴേക്ക് ചെന്നു. മാളുവില്ലാത്തത് കൊണ്ട് ഭക്ഷണമൊന്നും ഇറങ്ങുന്നില്ലായിരുന്നു. അത് കൊണ്ട് തന്നെ എങ്ങനെയൊക്കെയോ കഴിച്ചു തീർത്ത് മുറിയിലേക്ക് ചെന്നു.

സമയം പതിനൊന്ന് ഹോസ്റ്റലിൽ നിന്നിറങ്ങി റോട്ടിലേക്ക് ഇറങ്ങി. അര മണിക്കൂർ ഉണ്ട് സ്റ്റേഷനിലേക്ക്... ഓട്ടോക്ക് കൈ കാണിച്ചതും നിർത്തിയ ഓട്ടോയിൽ ബാഗുമെടുത്ത് സ്ഥലവും പറഞ്ഞു കൊടുത്ത് കയറിയിരുന്നു. സ്റ്റേഷനിൽ എത്തിയതും ക്യാഷും കൊടുത്ത് അവിടെയുള്ള ബെഞ്ചിൽ ചെന്നിരുന്നു. ട്രെയിൻ വന്നതും ബാഗും എടുത്ത് കയറി സീറ്റ് കണ്ടു പിടിച്ച് ഇരുന്നു. സൈഡ് സീറ്റായിരുന്നു കിട്ടിയത്. അതൊരു കണക്കിന് സമാധാനം ആയി. എന്റെ നേരെ ഓപ്പോസിറ്റ് ഒരു അങ്കിളും ആന്റിയും ആയിരുന്നു ഇരുന്നിരുന്നത്. അവരെനിക്ക് ഒന്ന് പുഞ്ചിരിച്ചു തന്നതും ഞാനും പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. ട്രെയിൻ പോകാൻ നേരം അടുത്താരോ വന്നിരുന്നതും മെല്ലെ തലയൊന്ന് ചെരിച്ചു നോക്കിയപ്പോൾ കാശിയേട്ടനെ കണ്ട് ഞെട്ടിപ്പോയി! .........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story