ഹൃധികാശി: ഭാഗം 7

hridikashi

രചന: അൻസിയ ഷെറി (അനു)

"ഒന്ന് ക്ഷമിക്ക് മോനേ... എത്രയും പെട്ടെന്ന് ഞങ്ങൾ ക്യാഷ് അടച്ചോളാം." "ദേ തള്ളേ... കാലം കുറേ ആയി നിങ്ങളിത് പറഞ്ഞു കൊണ്ട് നടക്കുന്നു.വരുന്ന ആഴ്ചക്കുള്ളിൽ മുഴുവൻ അടച്ചില്ലെങ്കിൽ പിന്നേ എല്ലാവർക്കും കൂടെ തെരുവിൽ കിടക്കാം." അതും പറഞ്ഞ് സുമേഷേട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും ഞാൻ വിളിച്ചു. "സുമേഷേട്ടൻ ഒന്ന് നിന്നേ?" നടത്തം നിർത്തി തിരിഞ്ഞു നോക്കിയ അയാൾ മാറിൽ കൈ കെട്ടിക്കൊണ്ട് അങ്ങോട്ട് വന്ന ഹൃധുവിനെ കണ്ട് ഞെട്ടിപ്പോയി. അത്രയും നേരം പരിഹാസവും ദേഷ്യവും നിറഞ്ഞു നിന്നിരുന്ന അയാളുടെ മുഖമൊന്ന് വിളറി. നെറ്റിയിലൂടെ വിയർപ്പ് കണങ്ങൾ ഒഴുകുന്നതിനോടൊപ്പം ഭയവും അയാൾക്കുള്ളിൽ നിറഞ്ഞു. "ഹാ.. ഹൃ... ഹൃധു.. ഹൃധു മോ.. മോളെപ്പോ.. വ.. വന്നു.. ഞാ.. ഞാൻ കണ്ടി... ല്ലല്ലോ..." വിളറിയ ചിരിയാലേ പറയുന്നയാളെ കണ്ട് അവളൊന്ന് ചിരിച്ചു കൊണ്ട് അമ്മയേയും ബാക്കിയുള്ളവരേയും നോക്കി. "നിങ്ങൾ അകത്തേക്ക് പൊക്കോ. സുമേഷേട്ടനോട് ഞാൻ ഒന്ന് സംസാരിക്കട്ടെ. എന്തായാലും നമുക്ക് ഇവിടുന്ന് ഇറങ്ങേണ്ടി വരില്ല.അത്രക്ക് ദുഷ്ടൻ ഒന്നും അല്ല നമ്മുടെ സുമേഷേട്ടൻ.. അല്ലേ സു.. മേ.. ഷേട്ടാ.." അവസാനത്തെ ആ വിളി തന്നെ കൊള്ളിച്ചു കൊണ്ടുള്ളതാണെന്ന് അയാൾക്ക് മനസ്സിലായിരുന്നു.

സുമേഷും ഹൃധുവും മാത്രം അവിടെ ആയതും അവൾ അയാളെ ഒന്ന് നോക്കി. "അ.. അത് മോ.. മോളേ.. പി.. പിന്നെ...ഞാ.. ഞാൻ വെ... റുതെ.. ത.. തമാശക്ക്.." വിക്കി വിക്കിയുള്ള അയാളുടെ സംസാരം കേട്ട് അവളൊന്ന് കോട്ടിച്ചിരുന്നു. "ഒരു വർഷത്തിനുള്ളിൽ മുഴുവൻ അടച്ചാൽ മതിയെന്നല്ലേ തീരുമാനം. പിന്നേ എന്തിനാ സുമേഷേട്ടാ ഇപ്പോഴൊരു വാക്ക് മാറ്റം. അതോ ഇനി എന്നോട് മാത്രമാണോ അങ്ങനെ?" ഒറ്റ പിരികം പൊക്കിയുള്ള അവളുടെ ചോദ്യം കേട്ടതും അയാളൊന്ന് പതറി. "നി.. നിങ്ങൾ ഇവിടെ തന്നെ താമസിച്ചോ.. ഇപ്പോഴൊന്നും ക്യാഷ് അടക്കണ്ട.ഞാൻ വെറുതെ ചോദിച്ചു എന്നേ ഉള്ളു.എന്നാ പോട്ടേ. കുറച്ചു ദൃതിയുണ്ട്." അതും പറഞ്ഞ് ഇറങ്ങിപ്പോകുന്നയാളെ കണ്ട് അവൾ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി. "നമുക്ക് അടക്കാൻ ഇനിയും സമയം ഉണ്ട് എന്ന കാര്യം സുമേഷേട്ടൻ മറന്നു പോയതായിരുന്നത്രെ. ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്." വെപ്രാളത്തോടെ നിൽക്കുന്നവരെ നോക്കി ഞാൻ പറഞ്ഞതും അമ്മായി നെഞ്ചിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു. "ഒക്കെ ആ നശിച്ചവൻ കാരണമാ. ഉള്ളത് മുഴുവൻ കുടിച്ച് നശിപ്പിക്കുകയും ചെയ്തു. അത് പോരാഞ്ഞ് നമ്മളറിയാതെ കടം വാങ്ങി വീട് ആ സുമേഷിൻ കൊടുക്കേം ചെയ്തു.

ഇങ്ങനെ ഒരുത്തൻ എങ്ങനെ എന്റെ വയറ്റിൽ പിറന്നു." അമ്മായി "ഇങ്ങനെയൊന്നും പറയല്ലേ മിത്രേ. ഒന്നുമില്ലെങ്കിലും നിന്റെ മകൻ അല്ലേ അവൻ" അമ്മ "പിന്നേ ഞാൻ എന്ത് ചെയ്യണം എന്നാ നീ പറയുന്നേ. അവൻ കാരണം നമുക്ക് എന്തെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ? ഏത് നേരത്തും ഉപദ്രവം മാത്രം. ഉപകാരം ചെയ്തില്ലേലും കുഴപ്പം ഇല്ലായിരുന്നോ. ഹൃധുവിനേ പോലും എന്തിന്റെ പേരിലാ അവൻ ദ്രോഹിക്കുന്നെ?" അമ്മയും അമ്മായിയും തമ്മിലുള്ള സംസാരം കരച്ചിലിലേക്ക് നീണ്ടതും ഞാൻ വേഗം അവിടെ നിന്നും മുകളിലേക്ക് ചെന്നു. അച്ചുവും കിച്ചുവും നേരത്തെ തന്നെ കളിക്കാൻ പോയത് കൊണ്ട് ഇവിടെ നടന്ന സംഭവങ്ങൾ ഒന്നും അറിയില്ല. അത് പറഞ്ഞപ്പോഴാ ഓർമ്മ വന്നത് എന്റെ വീട്ടുകാരെ പരിചയപ്പെടുത്തിയിട്ടില്ലല്ലോ. എന്റെ അമ്മ രാധിക, കിഷോർ എന്ന എന്റെ അനിയൻ കിച്ചു, അമ്മായി മിത്ര, പിന്നേ അമ്മായീടെ മകൾ അശ്വതി എന്ന അച്ചു ഇവരാണെന്റെ ലോകം. പിന്നേ എന്റെ മാളുവും. അച്ഛനും അമ്മയും തമ്മിൽ എന്റെ ചെറുപ്പത്തിലേ ഡിവോഴ്സ് ആയതാണ്. പക്ഷെ ഇത് വരെ ഞങ്ങൾ കണ്ടിട്ടില്ല അച്ഛനെ. അങ്ങനെ ഒരാളെ കുറിച്ച് പോലും ഓർക്കാറില്ല എന്നതാണ് സത്യം.😇

പിന്നെ അച്ഛന്റെ പെങ്ങൾ ആണ് മിത്ര അമ്മായി.അമ്മാവൻ മരിച്ചതിനു ശേഷം വീട്ടുകാർക്കൊക്കെ അധിക പറ്റ് ആയപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തുടങ്ങിയ അമ്മായിയെ എന്റെ അമ്മയായിരുന്നു ഇങ്ങോട്ട് കൊണ്ട് വന്നത്. അതെല്ലാം ഞാൻ അഞ്ചിൽ പഠിക്കുമ്പോഴായിരുന്നു. ഒക്കെ അമ്മ പറഞ്ഞു കേട്ടുള്ള അറിവാണ്. പിന്നേ അമ്മായിക്ക് ഒരു മോനുണ്ട്.ആകാശ്. സ്വന്തം അനിയത്തിയെ പോലെ കൂടെ കൊണ്ട് നടന്നതായിരുന്നു. പക്ഷെ എന്ന് മാറിയെന്ന് അറിയില്ല. ഇപ്പോൾ ഞങ്ങളിൽ നിന്നും ഏറെ അകലെയാണ്. അധികം വീട്ടിൽ ഉണ്ടാകാറില്ല.ആരുടെ എങ്കിലും കൂടെ കുടിച്ചു നടക്കും. പിന്നേ വീട്ടിൽ വന്നാൽ തന്നെ എല്ലാവരോടും തട്ടിക്കയറലായിരിക്കും പണി. അനിയത്തിയെ പോലെ കാണേണ്ട കണ്ണുകൾ ദിശ മാറിയായിരുന്നു സഞ്ചരിച്ചിരുന്നത്. ആദ്യമാദ്യം ഭയം ആയിരുന്നെങ്കിൽ പിന്നേ അത് വെറുപ്പായി. ദേഷ്യമായി. എനിക്ക് പ്രിയപ്പെട്ടവരെ ആരെങ്കിലും ഉപദ്രവിക്കുകയോ കളിയാക്കുകയോ മറ്റെന്തെങ്കിലും അവർക്ക് വേദനിക്കുന്ന രീതിയിൽ ആര് ചെയ്യതാലും സഹിക്കില്ല. അവിടെ മാത്രം ഞാൻ എതിർക്കും. ഒരിക്കൽ കിച്ചുവിനെ അയാളെ കടിച്ചെന്നും പറഞ്ഞ് അടിച്ചതിൻ ഞാൻ കൊടുത്തത് ഒരു മുറിപ്പാടായിരുന്നു. പക്ഷെ അത് എനിക്കും അയാൾക്കും അല്ലാതെ ആർക്കും അറിയില്ല.

കാരണം ഹൃധുവെന്നും എല്ലാവർക്കും മുന്നിൽ പാവമാണ്! എന്തിന് മാളുവിന് പോലും അറിയില്ല ഇതൊന്നും! ________ രാത്രി അത്താഴം കഴിക്കാൻ നേരം നിശബ്ദമായിരിക്കുന്നവരെ ഞാൻ മാറി മാറി നോക്കി. "എന്ത് പറ്റി നിങ്ങൾക്കൊക്കെ. ഞാൻ വന്നിട്ട് ഒരു ഉഷാർ ഇല്ലല്ലോ.. ഈ ഓണം നമുക്ക് അടിച്ചു പൊളിക്കണ്ടേ" "അത് പിന്നേ മോളേ.. വന്ന ദിവസം തന്നെ ആകെ പ്രശ്നം ആയല്ലേ നിനക്ക്.ഇവിടെ നിന്നാൽ ഞങ്ങൾ കാരണം നിനക്ക് പ്രശ്നമേ ഉണ്ടാകൂ.. ഒന്നിനും കൊള്ളാത്ത ശല്യങ്ങളാ ഞങ്ങൾ...നീ തിരികെ അങ്ങോട്ട് തന്നെ പൊക്കോ." അമ്മയുടെ വാക്കുകൾ കേട്ടതും എനിക്ക് ദേഷ്യം വന്നു. "ഞാൻ ഇവിടുന്ന് പോയത്തരണം എന്നാണ് നിങ്ങൾക്ക് ആഗ്രഹം എങ്കിൽ അത് പറഞ്ഞാൽ പോരേ.എന്തിനാ ശല്യമാണെന്ന് ഒക്കെ പറയുന്നേ." അത്രയും പറഞ്ഞപ്പോഴേക്കും എന്റെ കണ്ണ് നിറഞ്ഞിരുന്നു. "അത് മോളേ ഞങ്ങൾ അങ്ങനെ അല്ല ഉദേശിച്ചത്‌." "അമ്മായി ഒന്നും പറയണ്ട. എനിക്ക് പഠിക്കണം എന്ന് നിർബന്ധമില്ല, ഏതെങ്കിലും ഒരു ജോലിക്ക് പൊക്കോളാം എന്ന് പറഞ്ഞ എന്നെ നിർബന്ധിച്ച് പഠിക്കാൻ അയച്ചത് നിങ്ങളാ. അത് ഞാൻ എതിർക്കാഞ്ഞത് നിങ്ങളുടെ സന്തോഷം അതായത് കൊണ്ട് മാത്രമാണ്. എനിക്ക് ആകെയുള്ള ആഗ്രഹം അച്ചുവിനേയും കിച്ചു വിനേയും നല്ല വണ്ണം പഠിപ്പിക്കണം അത് പോലെ തന്നെ നല്ല ഒരു വീട്ടിൽ നമ്മൾ അഞ്ചു പേരും കൂടെ സമാധാനത്തോടെ കഴിയണം ഇതൊക്കെ ആണ്.

അല്ലാതെ ഒരുപാട് പഠിക്കണം എന്ന ആഗ്രഹം എനിക്ക് ഇല്ല." "കുറച്ചു നാൾ മുന്നേ പഠിക്കാൻ കഴിയുന്നത്ര പഠിക്കണം എന്ന് പറഞ്ഞത് നീ തന്നെ അല്ലായിരുന്നോ?" അപ്രതീക്ഷിതമായ അമ്മയിൽ നിന്നുള്ള ആ ചോദ്യം കേട്ടതും മറുപടി എന്ത് കൊടുക്കും എന്നറിയാതെ ഞാൻ കുഴങ്ങി. അവിടെ നിന്നും രക്ഷപ്പെടാൻ വേണ്ടി പെട്ടെന്ന് തന്നെ ഫുഡ്‌ കഴിക്കൽ നിർത്തി എഴുനേറ്റു. ❣️❣️❣️❣️❣️❣️ ബെഡ്ഡിൽ കമിഴ്ന്നു കിടക്കുമ്പോഴും ചിന്ത അമ്മ നേരത്തെ പറഞ്ഞത് തന്നെയായിരുന്നു. ശെരിയാണ്. എന്റെ ആഗ്രഹമായിരുന്നു അത്. പഠിക്കണം. നല്ലൊരു ജോലി മേടിക്കണം. വീട്ടുകാരുമൊത്ത് ലോകം ചുറ്റണം. കാണാത്ത കാഴ്ചകൾ വീടിനകം മാത്രം കണ്ട് ജീവിക്കുന്ന അമ്മയ്ക്കും അമ്മായിക്കും കാണിച്ചു കൊടുക്കണം.അപ്പോഴവരുടെ മുഖത്ത് തെളിയുന്ന പുഞ്ചിരി കണ്ട് സന്തോഷിക്കണം. അത് പോലെ തന്നെ ഞാൻ അധ്വാനിച്ചുണ്ടാക്കിയ ക്യാഷ് കൊണ്ട് ഒരു നേരത്തെ അന്നത്തിനായി ബുദ്ധിമുട്ടുന്നവർക്ക് അന്നം നൽകണം. ആ നേരം അവരുടെ മുഖത്ത് തെളിയുന്ന സന്തോഷത്തിന്റെ പുഞ്ചിരി കണ്ട് മനസ്സും നിറയണം!♥️ ഇപ്പോഴും എനിക്ക് കിട്ടുന്ന ക്യാഷിൽ നിന്ന് ആരെയെങ്കിലും സഹായിക്കാൻ ശ്രമിക്കാറുണ്ട്. ഇവിടെയുള്ളവർക്കെല്ലാം എന്നിൽ നല്ലൊരു പ്രതീക്ഷയുണ്ട്.എന്റെ ലക്ഷ്യം എനിക്ക് പൂർത്തിയാക്കണം. അത് ഓർത്തപ്പോഴാ മറ്റൊരു കാര്യം ഓർത്തത്. ഓണമായിട്ട് എല്ലാവർക്കും ഡ്രസ്സ്‌ എടുക്കണ്ടേ. ക്യാഷ് ആണേൽ കയ്യിൽ ഇല്ലാതാനും. ഇനിയിപ്പോ എന്ത് ചെയ്യും.

ഓരോന്ന് ഓർത്തോണ്ട് ഇരിക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്. എഴുന്നേറ്റ് ചെന്ന് തുറന്നു നോക്കിയതും തല താഴ്ത്തി നിൽക്കുന്ന കിച്ചുവിനെയാണ് കണ്ടത്. "എന്താ?🧐" ചിരി കടിച്ചു പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചതും അവൻ ചുണ്ട് ചുളുക്കിക്കൊണ്ട് എന്നെ നോക്കി. "എനിക്കെന്താ ഒന്നും കൊണ്ട് വരാഞ്ഞേ?" "ഞാൻ പഠിക്കാനാ പോകുന്നത്. അല്ലാതെ നിനക്ക് കണ്ണിൽ കണ്ടത് മേടിച്ചു തരാനല്ല." ഗൗരവത്തോടെ ഞാൻ പറഞ്ഞതും ചെക്കൻ ഇപ്പൊ കരയുമെന്ന നിലക്ക് ആയിട്ടുണ്ട്. എന്നെ മറികടന്ന് അവൻ നേരെ ബെഡ്‌ഡിൽ ചെന്ന് കമിഴ്ന്നു കിടന്നതും ചിരിച്ചു കൊണ്ട് ഞാനും പിറകെ ചെന്നു. കരച്ചിലിന്റെ ശബ്ദം കേട്ടപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. ബാഗ് തുറന്ന് അവൻകായി വാങ്ങി വെച്ചിരുന്നത് എടുത്തു കൊണ്ട് അരികിലേക്ക് ചെന്നു. "കിച്ചു ഡാ നീ കരയുവാണോ?" "ഏച്ചി പോ..എന്നോട് ചൂടായില്ലേ മിണ്ടണ്ട" അതും പറഞ്ഞ് അവൻ എന്റെ കൈ തട്ടി മാറ്റിക്കൊണ്ട് വീണ്ടും കരയാൻ തുടങ്ങി. "ഓകെ അപ്പോ ഞാൻ പോകണം അല്ലേ.. എന്നാൽ പൊയ്ക്കളയാം. പോയതിന് ശേഷം എന്നെ മിസ് ചെയ്യുന്നുണ്ട് എന്ന് പറയരുത്." അതും പറഞ്ഞ് ഞാൻ അവന്റെ അടുത്ത് നിന്നും എഴുനേറ്റ് മറു ഭാഗത്ത് വന്ന് നിന്നു.

എന്റെ ശബ്ദമൊന്നും കേൾക്കാഞ്ഞിട്ട് ആൾ തല ഉയർത്തി നോക്കിയതും ആദ്യം ഇരുന്ന ഭാഗത്ത് എന്നെ കാണാഞ്ഞിട്ട് വെപ്രാളത്തോടെ ചാടി എഴുനേറ്റു. "ഏച്ചി പോയോ.. ഞാ.. ഞാൻ വെറുതെ പറഞ്ഞതല്ലേ.😭" അതും പറഞ്ഞ് തിരിഞ്ഞപ്പോഴാണ് ചെക്കൻ എന്നെ കണ്ടത്. കണ്ട ഉടനേ ചാടി എഴുനേറ്റ് ഒറ്റക്കെട്ടി പിടിത്തം ആയിരുന്നു. ആൾ പത്തിലാണ് പഠിക്കുന്നത് എന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. കൊച്ചു കുട്ടികളെക്കാൾ കഷ്ടമാണ് ചില നേരത്ത്. എന്നെ കഴിഞ്ഞേ അവൻ ആരുമുള്ളു. എന്തിന് അമ്മ പോലും! "ഞാൻ അപ്പോഴത്തെ വിഷമത്തിൽ പറഞ്ഞപ്പോഴേക്കും ഏച്ചി എന്നെ വിട്ട് പോകുവാണോ?" "അതിന് ആര് പോയി. ഞാൻ നിന്നേ ഒന്ന് പറ്റിച്ചതല്ലേ.😁" അത് പറഞ്ഞതും ചെക്കൻ ബെഡ്‌ഡിൽ ഇരുന്ന തലയിണ എടുത്ത് എന്നെ തല്ലാൻ തുടങ്ങി. "ഡാ ചെക്കാ. എന്നെ തല്ലിയാൽ ഞാൻ കൊണ്ട് വന്ന സാധനം നിന്റെ കൂട്ടുകാരൻ കൊടുക്കും കേട്ടോ." അവൻ ആകാംഷയോടെ എന്നെ നോക്കിയതും ഞാൻ ഇളിച്ചു കൊണ്ട് പിറകിൽ ഒളിപ്പിച്ച ബോക്സ് അവൻ നേരെ നീട്ടി. അത് മേടിച്ചു കൊണ്ട് തുറന്നു നോക്കിയ അവൻ അതിൽ അവനായി മേടിച്ച വാച്ച് കണ്ട് ഞെട്ടലോടെ എന്നെ നോക്കി. "ഏ... ഏച്ചീ.. 😭😭" അതും പറഞ്ഞ് അവൻ എന്നെ കെട്ടിപ്പിടിക്കുമ്പോൾ എന്റെ മനം നിറഞ്ഞിരുന്നു!....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story