ഹൃധികാശി: ഭാഗം 8

hridikashi

രചന: അൻസിയ ഷെറി (അനു)

"മോളെങ്ങോട്ടാ രാവിലെ തന്നെ പോകുന്നേ?" ഒരു ബാഗും തോളിലിട്ട് പുറത്തേക്ക് ഇറങ്ങുന്ന ഹൃധുവിനെ കണ്ട് പിറകിൽ നിന്നും മിത്ര(അമ്മായി) ചോദിച്ചതും അവൾ ഒന്ന് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി.. "അ.. അത് അത് പിന്നേ അമ്മായി.. ആ അമ്മായീ ഞാൻ ഇന്നാൾ പറഞ്ഞിരുന്നില്ലേ എന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ കുറിച്ച്.. ശ്രീദേവി.. അവളുടെ വീട് ഇവിടെ അടുത്താ.. അപ്പോ ഒന്ന് പോകാം എന്ന് വെച്ചു..." "ആഹാ... ആണോ.. എന്നാൽ മോൾ അച്ചുവിനെയോ കിച്ചു വിനെയോ കൂടെ കൂട്ടിക്കോ... അവരും വന്നോട്ടേ.." "അയ്യോ അത് വേണ്ട.. എനിക്ക് കുറച്ച് നോട്സ് എഴുതാൻ ആണ്.. ലീവ് കഴിയുമ്പോഴേക്കും തീർക്കണം... അവർ വന്നാൽ ബോറടിക്കും.. എന്നാ ഞാൻ പോട്ടേ... അമ്മായി അമ്മയോട് ഒന്ന് പറഞ്ഞേക്ക്..." അതും പറഞ്ഞ് ദൃതിയിൽ അവൾ നടന്നു.... ഗേറ്റിനരികിൽ എത്തിയതും ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പുറത്താരും ഇല്ലെന്ന് കണ്ടതും വേഗം ഇടത്തെ സൈഡിലോട്ട് നടന്നു.... കുറച്ചു നടന്നതും മുന്നിലുള്ള ചായക്കട കണ്ട് ചുറ്റും ഒന്ന് നോക്കിക്കൊണ്ട് വേഗം അങ്ങോട്ട് ചെന്നു.... "ആഹാ ഇതാരാ... ഹൃധു മോളോ.. എന്നാ വീട്ടിലെത്തിയെ.." അവളെ കണ്ടതും ചിരിയോടെ കടക്കാരൻ ചോദിച്ചതും അവൾ തിരികെ ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി....

"ഇന്നലെ എത്തിയുള്ളു രാമച്ഛ...വീട്ടിൽ എല്ലാവർക്കും സുഖമല്ലേ.. അമ്മു നല്ലോണം പഠിക്കുന്നുണ്ടല്ലോ ല്ലേ.." "എല്ലാർക്കും സുഖമാ മോളേ...നീ പറഞ്ഞത് കൊണ്ട് മാത്രം അവൾ എന്നും ഒന്ന് ബുക്ക് തുറന്ന് നോക്കും.. പഠിക്കുന്നുണ്ടോ ഇല്ലയോ എന്നൊക്കെ ഈശ്വരൻ അറിയാം..." "ഹാ... ഞാൻ അവളെ ഒന്ന് കാണുന്നുണ്ട്.. പിന്നേ രാമച്ഛ... ഇവിടിപ്പോ ക്യാഷ് ഒക്കെ എങ്ങനെയാ.." പതുങ്ങിയ സ്വരത്തിലുള്ള ഹൃധുവിന്റെ ചോദ്യം കേട്ടതും അയാൾ അവളെ അത്ഭുതത്തോടെ നോക്കി.... "മോൾ ഇനിയും ജോലി ചെയ്യാൻ തുടങ്ങുവാണോ..?? അപ്പോ പഠനം??" "ഞാൻ പഠിപ്പൊന്നും നിർത്തുന്നില്ല ഏട്ടാ... ഇപ്പൊ ലീവ് അല്ലേ.. അത് കൊണ്ട് എന്തെങ്കിലും ഒരു അല്ലറ ചില്ലറ ജോലി..പഠനത്തിന്റെ കാര്യം.. പിന്നേ അച്ചുവിന്റെയും കിച്ചുവിന്റേയും പഠനം.. അമ്മേടെ മരുന്ന്... വീട്ടിലേക്കുള്ള സാധനങ്ങൾ..അങ്ങനെ കുറേ ഇല്ലേ രാമേട്ടാ.. അതൊക്കെ ചെയ്യണം എങ്കിൽ ക്യാഷ് വേണ്ടേ.. അപ്പോ പിന്നേ വീട്ടിൽ വെറുതെ ഇരിക്കുന്നതിലും നല്ലത് ജോലിക്ക് പോകുന്നതല്ലേ...😁" ഒരു വിഷമവുമില്ലാതെ ചിരിച്ചു കൊണ്ട് പറയുന്നവളുടെ നെറുകിൽ അയാളൊന്ന് തലോടി.... "മോൾക്ക് എന്നും നല്ലതേ വരൂ.. ആ ചെക്കൻ നേരാവണ്ണം ആയിരുന്നെങ്കിൽ നിനക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നല്ലോ.."

"ഇതിപ്പോ ആകാശ് ഏട്ടൻ ഇല്ലായിരുന്നെങ്കിൽ ഞാൻ തന്നെ അല്ലായിരുന്നോ ഒക്കെ ചെയ്യേണ്ടത്.. അത്ര ആലോചിച്ചാ മതി... ഹാ ദാ ആരോ വന്നിരിക്കുന്നു...രാമച്ഛൻ ഇങ് മാർ.. ഞാൻ കൊടുക്കാം..." അയാളെ നീക്കി നിർത്തിക്കൊണ്ട് ചായയുണ്ടാക്കി വന്നവർക്ക് കൊടുക്കുന്ന അവളെ കണ്ട് ഒന്ന് അയാളൊന്ന് നെടുവീർപ്പിട്ടു.. സ്വന്തം മകളല്ലെങ്കിലും മകൾക്ക് തുല്യമാണ് അവളെന്നും തനിക്ക്.. ചെറുപ്പം മുതലേ വീട്ടിലെ കഷ്ടപ്പാട് അറിഞ്ഞു വളർന്നത് കൊണ്ട് ജോലി ചെയ്യുമ്പോൾ അവളിലൊരിക്കലും സങ്കടം കണ്ടിട്ടില്ല.. പകരം സന്തോഷം മാത്രം... സ്വയം പറഞ്ഞു കൊണ്ടയാൾ അവളുടെ ഓരോ പ്രവർത്തിയും വീക്ഷിച്ചു കൊണ്ടിരുന്നു... _________ "മോളെന്നാ പൊക്കോ.. ഇന്ന് കോഴിക്കോട് വരെ ഒന്ന് പോകാനുണ്ട്.. അപ്പോ നേരത്തെ കട അടക്കണം..." ചെയറിൽ താടക്ക് കയ്യും കൊടുത്ത് ഇരിക്കുന്ന ഹൃധുവിനോടായി അയാൾ പറഞ്ഞതും ഒന്ന് ഞെട്ടിയെങ്കിലും അവൾ തലയാട്ടി... "എന്നാൽ ഞാൻ നാളെ വരാം....." "നിക്ക്...ദാ മോളേ ക്യാഷ്...." അതും പറഞ്ഞ് കയ്യിൽ കുറച്ച് ക്യാഷ് വെച്ചു തന്നതും അതിൽ നിന്നും ഞാൻ ചെയ്ത ജോലിയുടെ ക്യാഷ് മാത്രം എടുത്ത് ബാക്കി രാമച്ചന്റെ കയ്യിൽ തന്നെ കൊടുത്തു.... ശേഷം ബാഗുമെടുത്ത് ഇറങ്ങിയെങ്കിലും ഇനി എന്ത് ചെയ്യും എന്ന് പിടിത്തം ഇല്ലായിരുന്നു...

പ്ലസ് റ്റൂ വരെ രാമച്ചന്റെ കൂടെ കടയിലും തയ്യൽ കടയിലും പോയി ആയിരുന്നു എങ്ങനെയൊക്കെയോ ജീവിച്ചത്... തയ്യൽ കടയുടെ കാര്യം ഓർമ്മ വന്നതും നേരെ അങ്ങോട്ട് ചെന്നു നോക്കി... പക്ഷെ അവിടെ പൂട്ടിക്കിടക്കുവായിരുന്നു.... "ശ്ശെ ഇനിയിപ്പോ എന്ത് ചെയ്യും..." എന്തെങ്കിലും ഒന്നിനായി അവിടെയും ഇവിടെയും നോക്കിയതും പെട്ടെന്നാണ് മറു സൈഡിൽ നിൽക്കുന്ന ചേച്ചിയെ കണ്ടത്.. കണ്ടതും ദൃതിയിൽ റോഡ് മുറിച്ചു കടന്ന് അപ്പുറത്തേക്ക് ചെന്നു... കുറച്ച് കളിപ്പാട്ടങ്ങളും ആഭരണങ്ങളും ഒക്കെ വിൽക്കുന്നവരായിരുന്നു അവർ... "ചേച്ചി ഞാൻ കൂടെ വിറ്റു തരട്ടെ.. പകുതി ക്യാഷ് തന്നാൽ മതി..." മടിച്ചു മടിച്ചാണ് ചോദിച്ചത്... എന്നെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നിലത്ത് വെച്ചിരുന്ന ഒരു ബാഗെടുത്ത് കയ്യിൽ തന്നു... അതുമായി അവിടെ നിന്നും കുറച്ചു ദൂരെ നടന്നു... ഒരു പത്ത് മിനിറ്റ് കഴിഞ്ഞതും കുറച്ചൊക്കെ ആളുകൾ വന്നു... അതൊരു കണക്കിന് എനിക്ക് ആശ്വാസം ആയി.. ആദ്യ ദിവസം കുറച്ചൊക്കെ പണം ലഭിച്ചത് കൊണ്ട് അതിൽ നിന്നും കുറച്ച് മാത്രം എടുത്ത് ബാക്കി മുഴുവൻ ചേച്ചി എനിക്ക് തന്നു....

നാളെ മുതൽ വരട്ടെ എന്ന് ചോദിച്ചപ്പോൾ അവർ സമ്മതിച്ചു... പിറ്റേന്ന് ഉച്ചവരെ രാമേട്ടന്റെ കടയിലും ശേഷം വൈകീട്ട് വരെ ചേച്ചിയുടെ കൂടെ സാധനങ്ങൾ വിറ്റും കുറച്ച് ക്യാഷ് കിട്ടി... അതിനിടയിൽ ഞാൻ വന്നതറിഞ് തയ്യൽ കടയിലെ ചേച്ചി വിളിച്ചു.. ആർക്കോ തയ്ച്ചു കൊടുക്കാൻ വേണ്ടി ഒരഞ്ചാറു കൂട്ട് ഡ്രസ്സ്‌.. ക്യാഷ് അത്യാവശ്യം കിട്ടുമെന്ന് അറിഞ്ഞതും അതിനിടയിൽ അതും ഏറ്റു.... രാത്രി 8 വരെ ചേച്ചിയുടെ കൂടെയും നിന്നു... വീട്ടിൽ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞായിരുന്നു പോരുന്നത്... അമ്മക്ക് എന്തോ സംശയം തോന്നിയത് പോലെ തോന്നുന്നുണ്ട്.. കാരണം രാത്രിയും വൈകുന്നത് കൊണ്ട് തന്നെ... വീട്ടിലെത്തുമ്പോൾ തന്നെ കാണും ഞാൻ വരുന്നതും കാത്തു നിൽക്കുന്ന എല്ലാവരെയും... അമ്മക്ക് മുട്ട് വേദന ഉള്ളത് കൊണ്ട് തന്നെ അധികം നടക്കാറില്ല... അമ്മ ഒഴികെ ബാക്കി എല്ലാവരും എപ്പോഴും ഉണ്ടാകും.... __________ നാൽ ദിവസം കൂടിയുള്ളു ഓണത്തിൻ...അത് കൊണ്ട് തന്നെ വിൽക്കാൻ സാധനങ്ങൾ വേറെയും ഉണ്ടായിരുന്നു... പലരും സാധങ്ങൾ വാങ്ങാൻ വരുന്നത് കൊണ്ട് ക്യാഷ് എന്നും അധികം കിട്ടും... തയ്ക്കാനുണ്ടായിരുന്നതെല്ലാം പെട്ടെന്ന് തയ്ച്ചു കൊടുത്തതും അതിന്റെ ക്യാഷും അത്യാവശ്യം കിട്ടി...

വീട്ടിലെല്ലാവർക്കും ഓരോ ജോഡി ഡ്രെസ്സ് മേടിച്ചു.... പിന്നേ സാധനങ്ങൾ.... അങ്ങനെ സാധനങ്ങൾ ഒക്കെ മേടിച്ചപ്പോഴേക്കും ക്യാഷും തീർന്നു... എനിക്ക് മേടിക്കാൻ ഉള്ളത് ഇല്ലാത്തത് കൊണ്ട് തന്നെ ഉള്ളത് വെച്ച് തൃപ്തിപ്പെടാം എന്ന് കരുതി.... പിറ്റേന്ന് പതിവ് പോലെ സാധനങ്ങളുമായി കുറച്ച് നടന്നതും ഭയങ്കര ക്ഷീണം തോന്നി... ഇന്നാണേൽ ചൂടും ഭയങ്കര ദാഹവും... ഇനിയും നടന്നാൽ വീഴുമെന്ന് തോന്നി കുറച്ച് വിശ്രമിക്കാൻ വേണ്ടി ഒരു മരത്തിൻ ചുവട്ടിൽ ഇരുന്നു.... ദാഹമടക്കാൻ എന്തെങ്കിലും മാർഗ ഉണ്ടായിരുന്നെങ്കിൽ... എന്നോർത്ത് ഇരിക്കുമ്പോഴാണ് മുമ്പിലേക്ക് ഒരു കുപ്പി നീണ്ടത്.... ഒന്ന് ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കിയതും നാൽ വയസ്സ് തോന്നിക്കുന്ന ഒരു കുഞ്ഞു മോൻ... "ആന്റി ദാ കുച്ചോ..." എന്റെ നേരെ വീണ്ടും നീട്ടിക്കൊണ്ട് അവൻ പറഞ്ഞതും മറുത്തൊന്നും ആലോചിക്കാതെ വേഗം അത് വാങ്ങിക്കൊണ്ട് കുടിച്ചു..... പിന്നേ കുറച്ചെടുത്ത് മുഖതും തെളിച്ചു കൊണ്ട് അവൻ നേരെ തിരിഞ്ഞതും അവിടെ നിൽക്കുന്ന ആളെ കണ്ട് ഞെട്ടിപ്പോയി.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story