ഇന്ദ്ര💙നീലം : ഭാഗം 1

Indraneelam

രചന: ഗോപിക

ആർത്തലച്ച് പെയ്യുന്ന മഴയെ വകവയ്ക്കാതെ മഴവെള്ളം കുത്തിയൊഴുകുന്ന ഇടവഴിയിലൂടെ ഒരു കുടയും കൊണ്ട് അവൾ നടന്നു നീങ്ങി... ചെയ്യാൻ പോകുന്നത് ഒരമ്മയും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണെന്ന പൂർണ ബോധ്യം അവൾക്ക് ഉണ്ടായിരുന്നു. പക്ഷെ സാഹചര്യം ഇത്തരം ഒരു കടുംകൈ ചെയ്യാൻ അവളെ പ്രേരിപ്പിച്ചു... തന്റെ കയ്യിൽ ഒന്നുമറിയാതെ സുഖമായി ഉറങ്ങുന്ന ചോര കുഞ്ഞിനെ അവൾ ഒന്നു കൂടി നെഞ്ചോടടുക്കി പിടിച്ചു. പതിയെ ആ പൈതലിന്റെ കുഞ്ഞിളം കവിളിൽ നനുത്ത ചുംബനം നൽകി. ശ്രദ്ധ പൂർവം കുഞ്ഞിനെ ഒരു കട വരാന്തയിൽ കിടത്തിയിട്ട് അവൾ ഒന്ന് കൂടി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഇനി എന്നെങ്കിലും ഈ മുഖം വീണ്ടും കാണാൻ കഴിയുമോ എന്ന ആശങ്കയോടെ.... ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ആ പെരുമഴ നനഞ്ഞു കൊണ്ട് അവർ തിരിച്ചു നടന്നു.

ആരോടോ വാശി തീർത്തെന്ന സന്തോഷത്തോടെ... ★_________★ അമ്മേ.....അമ്മേ..... എന്തുവാടി നീ ഇങ്ങനെ വിളിച്ചു കൂവുന്നെ..? അച്ഛൻ എവിടെ...? എന്നെ ഇന്ന് കടല് കാണാൻ കൊണ്ടുപോവാം എന്ന് ഉറപ്പ് പറഞ്ഞതാ.... ഞാൻ ഇവിടെ മുഴുവൻ നോക്കിയിട്ടും അച്ഛന്റെ പൊടി പോലും കാണുന്നില്ല. ഇത്തവണ കൂടി എന്നെ പറ്റിച്ചാൽ ദൈവം സത്യമായിട്ടും ഇനി ഞാൻ അച്ഛനോട് മിണ്ടില്ല. ഇത് എത്രാമത്തെ തവണയാ മോളെ നീ അച്ഛനോട് പിണങ്ങുന്നെ..? എത്ര പിണങ്ങിയാലും 5 മിനുട്ടിൽ കൂടുതൽ നിങ്ങൾക്ക് രണ്ടാൾക്കും പരസ്പരം സംസാരിക്കാതിരിക്കാൻ ആവില്ലെന്ന് ഈ അമ്മയ്ക്ക് അറിഞ്ഞൂടെ.. പരിഭവത്തോടെയുള്ള അവളുടെ സംസാരം കേട്ട് ലതിക ചിരിയോടെ പറഞ്ഞു. ഇല്ല. ഈ പ്രാവിശ്യം ഞാൻ ശരിക്കും മിണ്ടൂലാ... ഞാനേ നീലിമ രാജശേഖരൻ ആണ്... ആ എനിക്ക് ഒറ്റ വാക്കെ ഉള്ളൂ...

ഇന്ന് അച്ഛൻ എന്നെ ബീച്ചിൽ കൊണ്ടുപോയില്ലെങ്കിൽ ഇനി ഞാനൊരിക്കലും അച്ഛനോട് മിണ്ടില്ല. ഇത് സത്യം സത്യം സത്യം...!! അവള് മൂന്നാമത്തെ സത്യം പറഞ്ഞു തീരുമ്പോഴേക്കും രാജശേഖരൻ വീടിന്റെ പടി കയറി കഴിഞ്ഞിരുന്നു. ദാ വന്നല്ലോ...നിന്റെ പുന്നാര അച്ഛൻ. ഇനി രണ്ടു പേരും തമ്മിൽ എന്താന്ന് വച്ചാ ആയ്ക്കോ...എനിക്കെ അടുക്കളയിൽ ഇച്ചിരി പണിയുണ്ട്. കിട്ടിയ അവസരം പാഴാക്കാതെ ലതിക ആ അംഗത്തട്ടിൽ നിന്നും മുങ്ങി. വല്യ സത്യം പറച്ചിലിൽ ആണല്ലോ... എന്താ കാര്യം..? അച്ഛൻ എന്നെ ബീച്ചിൽ കൊണ്ട് പോവുന്നുണ്ടോ ഇല്ലയോ...? അത് മോളെ...ഇന്ന് കുറച്ച് തിരക്കായി പോയി..നമുക്ക് പിന്നെ ഒരു ദിവസം ഉറപ്പായിട്ടും പോവാം... തിരക്കോ ആർക്ക്..? അഡ്വക്കേറ്റ് രാജശേഖരനോ..? അച്ഛന് ഒരു പോക്കറ്റടി കേസെങ്കിലും കിട്ടിയിട്ട് കാലമെത്രയായി..? ടി...പരിഹസിക്കല്ലേ..? എനിക്കും ഒരു ദിവസം വരും... അച്ഛാ ഇന്ന് തന്നെ എനിക്ക് കടല് കാണണം അച്ഛാ...പ്ലീസ്...എന്റെ ഫ്രണ്ട്‌സ് ഒക്കെ കടലിൽ പോവാറുണ്ട്. ഞാൻ മാത്രം ഇതുവരെ കണ്ടിട്ടില്ല.

ഫോണിൽ ഫോട്ടോസോക്കേ കാണുമ്പോൾ കൊതിയാവാ...എനിക്കറിയാം എന്നെ ബീച്ചിൽ കൊണ്ടു പോവാൻ അച്ഛന് ഇഷ്ടല്ല അതല്ലേ ഇന്ന് വൈകി വന്നത്. ഇതൊക്കെ പറയുമ്പോൾ നീലുവിന്റെ കണ്ണ് നിറഞ്ഞു തൂവുന്നുണ്ടായിരുന്നു. എന്തൊക്കെ ആയാലും അവളുടെ കണ്ണ് നിറയുന്നത് രാജശേഖരന് സഹിക്കാൻ ആവുമായിരുന്നില്ല. നീലൂ...മോളിങ്ങനെ കരയാതെ..സമയം അത്ര വൈകിയിട്ടൊന്നുമില്ല.ഇപ്പൊ പോയാൽ നമുക്ക് സൂര്യാസ്തമയം കാണാം... മോള് പോയി റെഡി ആവ്...നമുക്ക് പോവാം... സത്യം....? വിശ്വാസം വരാതെ അവള് ചോദിച്ചു... ആന്നെ.... സന്തോഷം കൊണ്ട് നീലൂ രാജശേഖരനെ കെട്ടിപ്പിടിച്ച് കവിളിൽ അമർത്തി ചുംബിച്ചു. തങ്കു അച്ചായി.....എനിക്കറിയായിരുന്നു ഞാൻ പറഞ്ഞാൽ അച്ഛൻ എന്നെ കൊണ്ടുപോവാതിരിക്കില്ലെന്ന്... അവളുടെ കണ്ണുകളിൽ കണ്ട തിളക്കം അയാളുടെ മനസ്സിനേയും സന്തോഷിപ്പിച്ചു.

അതിന്റെ പ്രതിഫലനം എന്നോണം രാജ ശേഖരന്റെ കണ്ണുകൾ നിറഞ്ഞു... * ആദ്യമായി കടല് കണ്ടതിന്റെ സന്തോഷത്തിലായിരുന്നു നീലൂ. അത് അവൾ വെള്ളത്തിൽ ചാടിയും മറിഞ്ഞും കിടന്നും കളിച്ചാഘോഷിച്ചു.. രാജശേഖരനും ലതികയും അത് മാറി നിന്ന് ചുണ്ടിൽ ഒരു പുഞ്ചിരിയോടെ നോക്കി കണ്ടു. അവരല്ലാതെ നീലവിനെ കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്ന മറ്റൊരാൾ കൂടി അവിടെ ഉണ്ടായിരുന്നു. അവന്റെ കണ്ണുകളിൽ നീല പട്ട് പുതച്ച കടലോ അതിഥികളെ സ്വീകരിക്കാൻ ഓടിയെത്തുന്ന തിരമാലകളോ ഉണ്ടായിരുന്നില്ല. അവൾ മാത്രമാണ് ഉണ്ടായിരുന്നത്. ഓരോ തിരമാല വരുമ്പോഴും പിന്നിലോട്ട് ഓടിയൊളിക്കുന്ന അവളെ അവൻ അത്ഭുതത്തോടെ നോക്കി നിന്നു. മറ്റൊരു പെണ്ണിലും കാണാത്ത സൗന്ദര്യം അവളിലുണ്ടെന്ന് അവന് തോന്നി... അവളെ തന്നെ നോക്കി നിൽക്കുന്നതിനിടയിൽ പെട്ടെന്ന് എന്തോക്കെയോ ആലോചിച്ച് അവന്റെ മുഖഭാവം മാറി. നേരത്തെ ഉണ്ടായിരുന്ന പുഞ്ചിരിക്ക് പകരം ആരോടോ ഉള്ള ദേഷ്യം ആ മുഖത്ത് സ്ഥാനം പിടിച്ചു.

അവിടെ നിന്ന് തിരിച്ചു പോകാനൊരുങ്ങിയ അവൻ കാണുന്നത് അവളെ നോക്കി വെള്ളമിറക്കുന്ന കുറച്ച് പയ്യന്മാരെയാണ്... അവളുടെ ശരീരം നനഞ്ഞ് ഒട്ടിയിരുന്നു. ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം അടക്കി വയ്ക്കാതേ അവരെ തല്ലി തന്നെ തീർത്തു. കലി അടങ്ങുന്നത് വരെ അവൻ അവരുടെ ശരീരത്തിൽ പെരുമാറി...അപ്പോഴേക്കും കുറെ ആളുകൾ അവർക്ക് ചുറ്റും കൂടിയിരുന്നു. കൂട്ടത്തിൽ അവളും... നനഞ്ഞ വസ്ത്രത്തോടെ ആൾക്കാർക്കിടയിൽ നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ ദേഷ്യം ഇരട്ടിയായി. കടലിൽ വരുന്നതും കളിക്കുന്നതുമെല്ലാം കൊള്ളാം..പക്ഷെ പെണ്ണാണെന്ന ബോധം വേണം...

സമൂഹം എന്താണെന്ന വ്യക്തമായ ധാരണ ഉണ്ടാവണം. അലർച്ചയോടെ അവൻ അവളോട് പറഞ്ഞു. ശേഷം നടന്നു പോയി.. ഒന്നും മനസ്സിലാവാതെ അവൾ അവനെ തന്നെ ഉറ്റു നോക്കി.... അപ്പോഴേക്കും വീണു കിടക്കുന്നവരിൽ ഒരുത്തൻ വീണ്ടും എഴുന്നേറ്റ് അവനെ അടിക്കാനായി പോയി... പക്ഷെ അതിന് മുന്നേ മറ്റൊരാൾ അയാളെ തടഞ്ഞു. വേണ്ടെടാ...അവനോട് കളിക്കണ്ട. അതാരാണെന്നറിയോ നിനക്ക്..? ഇന്ദ്രജിത്ത്...തനി അസുരനാ...എല്ലാവരുടെയും മെക്കിട്ട് കയറുന്നത്‌ പോലെ അങ്ങോട്ട് ചെല്ലണ്ട. പിന്നെ ജീവൻ കാണില്ല. ഒരു താക്കീത് പോലെ അയാൾ പറഞ്ഞു നിർത്തി. ആ പേര് കേട്ടപ്പോൾ തല്ലു കൊണ്ടവന്റെ മുഖത്തും ഒരു ഭയം നിഴലിച്ചിരുന്നു.... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story