ഇന്ദ്ര💙നീലം : ഭാഗം 16

Indraneelam

രചന: ഗോപിക

" റോയ്.....നീ... !!!" " അതേടാ...റോയ് തന്നെ...നീയൊക്കെ കൊന്ന് തള്ളാൻ ശ്രമിച്ച അതേ റോയ്...പക്ഷെ ചത്തിട്ടില്ല. തിരിച്ചു വന്നു. പഴയ ചില കണക്കൊക്കെ ഒന്നവസാനിപ്പിക്കാൻ...." " റോയ്...നീ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുവാണ്... ഒന്നും മനഃപൂർവമല്ല. ഇന്ദ്രൻ അവന് ഇതൊന്നും അറിയില്ല. നീ ഞങ്ങളെ വിശ്വസിക്ക്..." മതിയെടാ...ഞാൻ വിശ്വസിച്ചേനെ ഇതൊക്കെ കുറച്ചു വർഷങ്ങൾക്ക് മുന്പാണെങ്കിൽ... അന്ന് എന്നെക്കാളേറെ നിങ്ങൾ രണ്ടു പേരെയും വിശ്വസിച്ചതാ ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്... അതിനുള്ള ശിക്ഷയാ എന്റെ ആൽവിൻ ഇപ്പൊ അനുഭവിക്കുന്നത്.... "റോയ്...ഞാൻ..." നീ ഇനി കൂടുതലൊന്നും പറയണ്ട അരുൺ...ഇനി എന്താണെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്....നിങ്ങളെ കൊണ്ടാവുമെങ്കിൽ നിങ്ങൾ രക്ഷപ്പെട്ടൊ എന്റെ കൺ വെട്ടത്തു നിന്ന്...തേടി കണ്ടുപിടിച്ചോളാം ഞാൻ....

അതൊരു ഭീഷണി ആണെന്ന് മനസ്സിലാക്കാൻ അരുണിന് അധിക സമയം വേണ്ടി വന്നില്ല. റോയിയെ വർഷങ്ങളുടെ പരിചയം ഉണ്ട് അരുണിന്..തീരുമാനിച്ചുറപ്പിച്ചാൽ അതിൽ നിന്ന് പിന്മാറുന്ന സ്വഭാവം അവനില്ലെന്ന് അവന് നന്നായി അറിയാം.... വിറകൊണ്ട് നിൽക്കുന്ന അരുണിനെ നോക്കിയൊന്ന് മന്ദഹസിച്ചിട്ട് റോയ് അവിടെ നിന്നും പോയി... 💞_____________💞 ഉമ്മറപ്പടിയിൽ ചാരി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന രാധികയെ കണ്ടാണ് സുചിത്ര ഉമ്മറത്തേക്ക് വന്നത്.. ചുറ്റിലും ആരുമില്ലെന്ന് കണ്ട് അവർ അവളുടെ അടുത്തേക്ക് നടന്നു. " രാധികേ....എന്താ ഇവിടെ തനിച്ചു നിൽക്കുന്നത്...?? " " ഞാൻ ജീവിതത്തിൽ തനിച്ചായിട്ട് കാലമേറെ ആയില്ലേ ചേച്ചി..ഇപ്പൊ എന്തോ ഒരു തോന്നൽ..എനിക്ക് വേണ്ടി ആരോ എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന്.അധികം വൈകാതെ അവരെന്നെ തേടിയെത്തുമെന്നൊരു തോന്നൽ..."

സുചിത്ര കുറെ നേരം അവളെ തന്നെ നോക്കി നിന്നു. വർഷങ്ങൾക്ക് ശേഷം ഇന്നാണ് അവളുടെ മുഖത്തൊരു തെളിച്ചം കാണുന്നത്... ജീവിക്കാനുള്ള പ്രതീക്ഷ കാണുന്നത്... വർഷങ്ങളായി ഞാൻ നിന്നെ കാണുന്നു. നിന്റെ വേദന കാണുന്നു. ഇതുവരെ ഞാനൊന്നും നിന്നോട് ചോദിച്ചിട്ടില്ല. പക്ഷെ ഇപ്പൊ അതൊക്കെ ഒന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. വിശ്വന്റെ കൂടെ വന്ന് കയറിയ അന്ന് മുതൽ ഞാൻ നിന്റെ മുഖത്ത് സന്തോഷം കണ്ടിട്ടില്ല. അന്ന് മുതൽ ഇന്ന് വരെ മനസ്സറിഞൊന്ന് ചിരിക്കുന്നത് കണ്ടിട്ടില്ല. വിശ്വന്റെ കൂടെ സ്വമനസ്സാലെ ഇറങ്ങി വന്നവളല്ല നീ...അവൻ നിര്ബന്ധിച്ചതാവാനും വഴിയില്ല. അങ്ങനെയാണെങ്കിൽ അവന്റെ താലി നിന്റെ കഴുത്തിൽ കാണുമായിരുന്നു. ഒരു മുറിയിൽ രണ്ട് അന്യരെ പോലെ..അതും ഇത്രയും വർഷം...? എനിക്ക് ഒന്നും മനസിലാവുന്നില്ല.

" ഞാൻ പറയാം ചേച്ചി...എല്ലാം...ചേച്ചി പറഞ്ഞതു പോലെ വിശ്വേട്ടൻ എന്നെ നിർബന്ധിച്ചു കൂട്ടി കൊണ്ടുവന്നതല്ല. നിങ്ങളൊക്കെ വിശ്വസിക്കുന്നത് പോലെ ഞാൻ പ്രേമം മൂത്ത് പെറ്റ കുഞ്ഞിനെ ഉപേക്ഷിച്ച് ഇറങ്ങി വന്നതുമല്ല. എല്ലാം സാഹചര്യങ്ങൾ കൊണ്ട് സംഭവിച്ചു പോയതാണ്. തെറ്റ് അത് ഞങ്ങളുടെ രണ്ട് പേരുടെ ഭാഗത്തും ഉണ്ട്. എന്നെ പൊന്ന് പോലെ സ്നേഹിക്കുന്ന ഒരു ഭർത്താവ് എനിക്കുണ്ടായിരുന്നു. പക്ഷെ വെറും മാസങ്ങൾ മാത്രമേ എനിക്ക് അദ്ദേഹത്തിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിഞ്ഞുള്ളൂ..അപ്പോഴേക്കും വിധി എന്റെ ജീവിതത്തിലെ വില്ലൻ ആയി..." രാധിക പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിലാണ് വിശ്വൻ ഉമ്മറത്തേക്ക് വരുന്നത് കണ്ടത്. അയാളെ കണ്ട ഉടനെ അവൾ മൗനിയായി.... സൂചിത്രയും പിന്നെയൊന്നും ചോദിക്കാൻ പോയില്ല. അവർക്കിപ്പോഴും കേട്ടതിന്റെ ഞെട്ടൽ മാറിയിട്ടുണ്ടായിരുന്നില്ല. 💞____________💞 വൈകിട്ട് ക്ലാസ് വിട്ട് കഴിഞ്ഞ് നീലുവിനെയും കാത്ത് നിൽക്കുകയായിരുന്നു ഇന്ദ്രൻ. കൂടെ അരുണും ഉണ്ട്. ഇന്ദ്രൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും അരുണിന്റെ ചിന്ത മറ്റെവിടെയോ ആണ്...

"ടാ...അരുണേ...നീ ഞാൻ പറഞ്ഞത് വല്ലതും കേട്ടോ..?" "എന്താ നീ പറഞ്ഞത്..? " " ഹാ ബെസ്റ്റ്.. നല്ല ആളോടാ ഞാൻ ഇത്രയും നേരം വായിട്ട് അലച്ചത്. നിനക്കിന്നെന്താ പറ്റിയെ.. രാവിലെ മുതൽ ശ്രദ്ധിക്കുവാണ്. നീ ഇവിടെ ഒന്നുമല്ല. "എന്താടാ പ്രശ്നം..?? " പ്രശ്നം അവനാണ്...ആ റോയ്.. ഞാൻ അവനെ ഇന്ന് വീണ്ടും കണ്ടു. ഇവിടെ വച്ച്. അവൻ മരിച്ചിട്ടൊന്നുമില്ല. അവന് പകയാണ്..അടങ്ങാത്ത പക. അവനെ കൊല്ലാൻ ശ്രമിച്ചതും അവന്റെ അനിയൻ തളർന്ന് കിടപ്പിലാവനുള്ള കാരണവും നമ്മൾ രണ്ടു പെരുമാണെന്നാണ് അവൻ കരുതിയിരിക്കുന്നത്..." "നീ എന്തൊക്കെയാടാ പറയുന്നേ നമ്മൾ എങ്ങെനെ അതിനൊക്കെ കാരണക്കാരാവും..? " ഇന്ദ്രന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണം എന്നറിയാതെ അവൻ കുഴങ്ങി.. അപ്പോഴാണ് നീലൂ അവിടേക്ക് വരുന്നത് കണ്ടത്. അത് വലിയൊരു ആശ്വാസമായി തോന്നി അരുണിന്...

"ദാ...വന്നല്ലോ നിന്റെ നീലി കുട്ടി.." അരുൺ പറഞ്ഞപ്പോഴാണ് നീലുവിനെ ഇന്ദ്രൻ കാണുന്നത്. കൂട്ടുകാരോടൊപ്പം കളിച്ചു രസിച്ചു വരുന്ന നീലുവിനെ അവൻ ഇമവെട്ടാതെ നോക്കി... തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടപ്പോൾ നീലുവിന് നാണവും പരവേശവുമൊക്കെ തോന്നി. അത് മനസ്സിലാക്കിയ ഇന്ദ്രൻ പെട്ടെന്ന് തന്നെ അവളിൽ നിന്ന് കണ്ണു വെട്ടിച്ചു... "ഹാ...നീ ഇത്ര നേരം എവിടെ ആയിരുന്നു..ഞങ്ങളിവിടെ കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് എത്ര സമയം ആയെന്നോ..? " "ഒന്നും പറയണ്ട അരുണേട്ടാ ലാസ്റ്റ് പിരീഡ് ആ അലോഷി സർ ആയിരുന്നു. ബെല്ലടിച്ചിട്ടും അയാള് ക്ലാസ് നിർത്തിയില്ല അതാ..." അരുണിനോടാണ് മറുപടി പറയുന്നതെങ്കിലും അവളുടെ നോട്ടം ഇടയ്ക്കിടയ്ക്ക് ഇന്ദ്രനിലേക്കെത്തുന്നുണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അവളുടെ സംസാരം നോക്കി കാണുകയായിരുന്നു ഇന്ദ്രൻ. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ സ്വയം സംസാരിക്കുന്നതിനെക്കാൾ അവൾ പറയുന്നത് കേട്ടിരിക്കാനായിരുന്നു അവനിഷ്ടം...

വീണ്ടും കുറെ സമയം അവരെന്തൊക്കെയോ സംസാരിച്ചിരുന്നു. ഇടയ്ക്കെപ്പോഴോ അവളുടെ കൈകൾ ഇന്ദ്രന്റെ കൈകളുമായി കൊരുത്തിരുന്നു.... 💞_____________💞 വീട്ടിലെത്തി കുളിച്ചു ഫ്രഷ് ആയി നീലൂ പഠിക്കാൻ ഇരുന്നു. കൂടെ ലതികയും ഇരിക്കുന്നുണ്ട്. ശേഖരൻ ഓഫീസിൽ നിന്ന് വന്നിട്ടുണ്ടായിരുന്നില്ല. പണ്ട് മുതലേ ഉള്ള ശീലമാണ്. നീലൂ പടിക്കാനിരുന്നാൽ കൂടെ ആരെങ്കിലും വേണം. അതുകൊണ്ട് തന്നെ ലതിക അടുക്കളപണിയെല്ലാം ഈ സമയം ആവുമ്പോഴേക്ക് തീർത്ത് വയ്ക്കും. നീലൂ ബുക്കിലേക്ക് നോക്കി ഇരിക്കുന്നുണ്ടെന്നെ ഉള്ളൂ..മനസ്സ് ഇപ്പോഴും ഇന്ദ്രന്റെ അടുത്താണ്. അവനെ ഫോൺ വിളിക്കണമെന്നും ആ ശബ്ദം ഒന്ന് കേൾക്കണമെന്നൊക്കെ ഉണ്ടെങ്കിലും 'അമ്മ അടുത്തുള്ളതുകൊണ്ട് അതിനൊന്നും നിവൃത്തിയില്ലായിരുന്നു. എപ്പോഴും പഠിക്കാൻ ഇരുന്നാൽ അതില് മാത്രം ശ്രദ്ധ ചെലുത്തുന്ന നീലുവിന്റെ മാറ്റം ലതിക അപ്പോഴും നോക്കി കാണുകയായിരുന്നു. "നീലൂ..., നിനക്കെന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..? "

" ഏയ്‌ ഇല്ലമ്മേ.." " ഈ പുസ്തകത്തിന്റെ മുന്നിൽ ഇരുന്നിട്ടും നിന്റെ മനസ് ഇവിടെ ഒന്നുമല്ലല്ലോ..?എന്തും ഓർത്തിരിക്കുവാ...? " " അത് പിന്നെ ഞാൻ എന്തൊക്കെയോ.." " മ്മ്...കുറച്ചു നേരം റെസ്റ്റ് എടുത്തിട്ട് മനസ്സ് ക്ലിയർ ആക്കിയിട്ട് വാ...എന്നിട്ട് പടിച്ചാലെ തലയിൽ കയറൂ..." ലതിക അതും പറഞ്ഞു പുറത്തേക്ക് പോയി. അവർ പറഞ്ഞത് ശരിയാണെന്ന് നീലുവിനും തോന്നി. അവൾ ഉടനെ ഇന്ദ്രനെ വിളിച്ചു. ആദ്യത്തെ റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു... "ഹലോ.." "ഹലോ.. ഇന്ദ്രാ ഇതു ഞാനാ..." " ആഹ് മനസ്സിലായി...ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവായിരുന്നു. " "മ്മ്..ഈ പ്രണയം എന്നു വച്ചാൽ ഭയങ്കര സംഭവം ആണല്ലേ..? " " എന്തെയ് ഇപ്പൊ അങ്ങനെ തോന്നാൻ..? " " ഞാൻ ഇവിടെ പഠിക്കാൻ ഇരുന്നതാ..പക്ഷെ ഒരക്ഷരം പഠിക്കാൻ കഴിഞ്ഞില്ല. പുസ്തകം തുറക്കുമ്പോൾ ഓർമ വരുന്നത് നിന്നെയാ..."

അവളുടെ സംസാരം കേട്ടപ്പോൾ അവന് ചിരി വന്നു. "കാണാതിരിക്കുമ്പോള്‍ കാണണമെന്നു തോന്നാറുണ്ടോ? തനിച്ചിരിക്കുമ്പോള്‍ സംസാരിക്കണമെന്നു തോന്നാറുണ്ടോ? കാണുമ്പോള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കണമെന്നു തോന്നാറുണ്ടോ? ഹൃദയം നിറഞ്ഞതുപോലെ തോന്നാറുണ്ടോ? പിരിയുമ്പോള്‍ ലോകം ശൂന്യമായതുപോലെ തോന്നാറുണ്ടോ? ഉണ്ടെങ്കിൽ അത് പ്രണയമാണ്... ഇതൊന്നും ഞാൻ പറഞ്ഞതല്ലാട്ടോ..ആരൊക്കെയോ പറഞ്ഞറിഞ്ഞതാ... മ്മ്...അവളൊന്ന് മൂളി... "ഐ ലവ് യൂ നീലൂട്ടി...." "ലവ് യൂ ടൂ...ഇന്ദ്രാ..." പിന്നീടൊന്നും സംസാരിക്കാൻ നിൽക്കാതെ ഒരു പുഞ്ചിരിയോടെ അവൾ ഫോൺ കട് ചെയ്തു. എന്താണോ താൻ കേൾക്കാൻ ആഗ്രഹിച്ചത് അത് തന്നെയാണ് അവൻ പറഞ്ഞതും.അവൾക്കത് ഒരിക്കൽ കേട്ടാൽ മാത്രം മതിയായിരുന്നു....... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story