ഇന്ദ്ര💙നീലം : ഭാഗം 22

Indraneelam

രചന: ഗോപിക

 അരുൺ ഏട്ടനെ നോക്കിയപ്പോൾ ആ മുഖത്തും അത്ഭുതം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.... ഇന്ദ്രാ....നീ എങ്ങെനെയാടാ ഇതൊക്കെ അറിഞ്ഞത്.. അരുണേട്ടന്റെ അതേ സംശയം എനിക്കും തോന്നിയിരുന്നു. രാവിലെ നമ്മൾ ഇവനെ കുറിച്ച് അന്വേഷിച്ചില്ലേ അപ്പോൾ ഒരുത്തന്റെ വായീന്ന് കിട്ടിയതാ...നന്നായി ഒന്ന് പെരുമാറിയപ്പോൾ അവൻ സത്യം തുറന്ന് പറഞ്ഞു. റോയിയെ ദേഷ്യത്തോടെ നോക്കിക്കൊണ്ട് ഇന്ദ്രൻ പറഞ്ഞു. അവനപ്പോഴും തല കുനിച്ചു നിൽക്കുകയായിരുന്നു. ഇവന്റെ ചതിയിൽ വീഴുന്ന ആദ്യത്തെ പെണ്ണൊന്നുമല്ല നിമിഷ. ഡിഗ്രി കഴിഞ്ഞു പോയതിനു ശേഷം ഇവൻ നമ്മുടെ പഴയ റോയ് ഒന്നും അല്ലായിരുന്നു. അമ്മയേം പെങ്ങന്മാരേം തിരിച്ചറിയാതെ ഇവൻ എന്തൊക്കെ ചെയ്ത് കൂട്ടി എന്നറിയോ...? ഇന്ദ്രൻ പറഞ്ഞതൊന്നും ഞാനപ്പോൾ പൂർണമായും കേൾക്കുന്നുണ്ടായിരുന്നില്ല.

റോയിയോടുള്ള ദേഷ്യമായിരുന്നു മനസ്സ് നിറയെ...ഇവനൊരുത്തൻ കാരണം എന്റെ ചേച്ചിയും അമ്മയും അച്ചയുമൊക്കെ എത്രമാത്രം വിഷമിച്ചു... ദേഷ്യം അടക്കി നിർത്താൻ ആവാതെ വന്നപ്പോൾ ആ റോയിയുടെ കരണം നോക്കി ഒന്ന് ഞാൻ പൊട്ടിച്ചു. ഇന്ദ്രനും അരുണേട്ടനും എന്തിന് റോയ് പോലും അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവരുടെയൊക്കെ വായ തുറന്നുള്ള നിൽപ്പ് കണ്ടപ്പോൾ മനസ്സിലായി... ആദ്യം കണ്ടപ്പോൾ ചിരി വന്നുവെങ്കിലും ചേച്ചിയുടെ മുഖം വീണ്ടും മനസ്സിൽ ഓർത്തപ്പോൾ മറു കരണം നോക്കി വീണ്ടും ഒന്നു കൂടെ പൊട്ടിച്ചു. ടാ... ഇന്ദ്രാ....ഇത് നീ പറഞ്ഞപോലെ ആള് ഒരു കാന്താരി ആണ് ട്ടാ...ഇനി ഇതിന്റെ ബാക്കി നമ്മുടെ നെഞ്ചത്തോട്ട് ആവോ...? അതുകൊണ്ടല്ലേ ഞാൻ ഇവൾക്ക് കള്ളിയങ്കട്ട് നീലി എന്ന പേര് കൊടുത്തത്...

അരുണേട്ടന്റെയും ഇന്ദ്രന്റെയും മുറുമുറുപ്പ് ഞാനും കേട്ടിരുന്നു. അതുകൊണ്ട് ഞാൻ അവരെയൊന്ന് കൂർപ്പിച്ചു നോക്കി. അതോടെ അവരുടെ സംസാരവും നിന്നു. മൂന്നു പേരെയും മാറി മാറി നോക്കിയിട്ട് ഞാൻ ലൈബ്രറിയിൽ നിന്ന് ഇറങ്ങി നടന്നു.... പിന്നാലെ വരുന്ന ഇന്ദ്രനെ ഞാൻ ഒളികണ്ണാൽ കണ്ടിരുന്നു. ചുണ്ടിലേക്ക് ഓടിയെത്ത പുഞ്ചിരി ഞാൻ അവനിൽ നിന്ന് ഒളിച്ചു വച്ചു. കുറച്ചു ദൂരം നടന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഇന്ദ്രനെ കാണുന്നില്ല ഇവൻ ഇത് എവിടെപ്പോയി...ഇത്ര പെട്ടെന്ന് അപ്രത്ര്യക്ഷമായോ...? ചിന്തിച്ചു തീർന്നതും ആരോ ഒരാൾ എന്നെ പിടിച്ചു വലിച്ച് ഒരു മരത്തിന്റെ മറവിൽ കൊണ്ടു നിർത്തി. ആളെ മനസ്സിലായപ്പോൾ മനസ്സിൽ സന്തോഷം നിറഞ്ഞെങ്കിലും മുഖം വീർപ്പിച്ചു തന്നെ നിന്നു. പറയാനുള്ളതൊക്കെ ഞാൻ തുറന്ന് പറഞ്ഞല്ലോ...പിന്നെയും എന്തിനാണ് ഭവതി ഈ പിണക്കം... അതേ...എല്ലാം ഞാനും കേട്ടു...എന്നെ കുറിച്ച് എന്തൊക്കെയാ അരുണെട്ടനോട് പറഞ്ഞു വച്ചേക്കണേ... കാന്താരി, കള്ളിയങ്കാട്ട് നീലി... അതൊക്കെ സ്നേഹം കൊണ്ടല്ലേ ഡി...

വേറെ ആരോടും അല്ലല്ലോ അവനോടല്ലേ...നീ അത് വിട്ടേര്... എന്നാലും നീ അവനെ തല്ലും എന്ന് തീരെ കരുതിയില്ല. ഞാനും...പിന്നെ എന്റെ ചേച്ചീടെ അവസ്ഥ ആലോചിച്ചപ്പോൾ തല്ലി പോയതാ..ചേച്ചിയെ മാത്രം ആണോ..എത്ര പേരുടെ ജീവിതമാ അവൻ ഒരുത്തൻ കാരണം തകർന്നത്... എന്തായാലും അവന് രണ്ടെണ്ണം കിട്ടേണ്ടത് അത്യാവശ്യമായിരുന്നു. ഒരു പെണ്ണിന്റെ കയ്യീന്ന് ആയപ്പോൾ അതിലും നന്നായി.. ഇന്ദ്രാ...എന്തായാലും നിങ്ങള് രണ്ടുപേരും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവനെ ബോധ്യപ്പെടുത്തണം. വേറെ ഒന്നിനും വേണ്ടിയല്ല. അർജുന്റെ യഥാർത്ഥ സ്വഭാവം അവനെ അറിയിക്കാൻ വേണ്ടി മാത്രം. അത് മാത്രം പോരാ ആ അര്ജുനെ കണ്ടുപിടിച്ച് അവനിട്ടും രണ്ടെണ്ണം പൊട്ടിക്കണം. കേട്ടോ.... ഉവ്വ്...,കേട്ടു....കൈ രണ്ടും കൂട്ടി തൊഴുതു പിടിച്ച് ഒരു പ്രത്യേക താളത്തിൽ അവൻ പറഞ്ഞു. അല്ല നീലൂ...ഇങ്ങനെ കൊട്ടേഷൻ തന്ന് തന്ന് എന്റെ പഴയ സ്വഭാവം നീ വീണ്ടും പുറത്തെടുക്കുവോ...? പറഞ്ഞിട്ട് നന്നാവാത്തവരെ തല്ലി തന്നെ നന്നാക്കണം. എന്ന് കരുതി പഴയ സ്വഭാവം എങ്ങാനും പുറത്തെടുത്താൽ ഈ നീലിമ ആരാണെന്ന് ഇന്ദ്രജിത്ത് അറിയും....

അല്പം ഭീഷണിയുടെ സ്വരത്തിൽ തന്നെ ഞാൻ പറഞ്ഞു. എല്ലാം ഒരു പുഞ്ചിരിയോടെ കേട്ട് നിൽക്കുകയായിരുന്നു അവൻ.. ടാ.... ഇന്ദ്രാ....വാടാ.... ഞാൻ പോയിട്ട് ഉടനെ വരാട്ടോ...എന്നിട്ട് നിന്റെ കഥ കേൾക്കാം.. അരുണേട്ടൻ വിളിച്ചപ്പോൾ എന്റെ കവിളിൽ ഒന്ന് പതിയെ പിച്ചി അവിടേക്ക് പോയി. ഇന്ദ്രനോട് എങ്ങെനെ ഇതൊക്കെ തുറന്നു പറയും എന്ന ആശങ്കയായിരുന്നു മനസ്സു നിറയെ...എല്ലാം തുറന്ന് പറയുന്നതിന് മുൻപ് അച്ഛനോട് ചോദിച്ചു മനസ്സിലാക്കണം എന്റെ യഥാർത്ഥ മാതാപിതാക്കൾ ആരാണെന്ന്... 💞___________💞 ടാ...ഇവനെ എന്ത് ചെയ്യണം...?? റോയിയെ രൂക്ഷമായി നോക്കിക്കൊണ്ട് അരുൺ ചോദിച്ചു. ഏതെങ്കിലും ഹോസ്പിറ്റലിൽ കൊണ്ട് ഇട്ടേക്കാം..എന്നിട്ട് വേണം ആ അർജുനെ കണ്ടു പിടിക്കാൻ... നിനക്ക് അറിയോടാ...അവൻ എവിടെ ആണെന്ന്....?? ഇന്ദ്രൻ റോയിയോട് ചോദിച്ചു. ഇല്ല.

കോളേജ് വിട്ട ശേഷം ഞാൻ അവനെ കണ്ടിട്ടില്ല. ഇവിടെ ഉണ്ടോ വിദേശത്താണോ എന്ന് പോലും അറിയില്ല. അവശതയോടെ റോയ് പറഞ്ഞു. റോയിയെ ഒരു ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ശേഷം ഇന്ദ്രനും അരുണും അര്ജുനെ അന്വേഷിച്ച് ഇറങ്ങി. ഒട്ടനവധി അന്വേഷണങ്ങൾക്കൊടുവിൽ അവർ അവൻ താമസിക്കുന്ന വീട് കണ്ടെത്തി. പോയി നോക്കിയപ്പോൾ അവർ പ്രതീക്ഷിച്ച രീതിയിൽ അല്ലായിരുന്നു കാര്യങ്ങൾ.... സമ്പത്തിന്റെയും സൗകര്യങ്ങളുടെയും നടുവിൽ ജീവിച്ച അർജുൻ ഇങ്ങനെയൊരു ഇടിഞ്ഞു വീഴാനായ വീട്ടിൽ താമസിക്കുന്നത് അവർക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് ഒരു സ്ത്രീ ആയിരുന്നു. വർഷങ്ങൾക്ക് മുൻപ് കണ്ടു മറന്ന മുഖം. ദാസ് ഗ്രൂപ്‌സിന്റെ നിരവധി സ്ഥാപനങ്ങളുടെ മേല്നോട്ടക്കാരി.അർജുന്റെ 'അമ്മ. ഇന്ന് ആളാകെ മാറി പോയിരിക്കുന്നു.

മുഷിഞ്ഞ വസ്ത്രം, ദുഃഖം നിറഞ്ഞ മുഖം ആളെ തിരിച്ചറിയുക തന്നെ പ്രയാസം. അർജുൻ.... അകത്തുണ്ട്. കയറി വരൂ... അവർ ക്ഷണിച്ചപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി. അവിടെ വീൽ ചെയറിൽ തളർന്നിരിക്കുന്ന അർജുൻ..... അർജുൻ.... ഞാൻ വിളിച്ചപ്പോൾ അവൻ ആ വേദനകൾക്കിടയിലും ഒന്ന് ചിരിക്കാൻ ശ്രമിച്ചു. നിനക്കെന്താ പറ്റിയത്...? ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കമ്പനി ആയ ദാസ് ഗ്രൂപ്പിന്റെ ഏക അവകാശി ഇന്ന് ഇങ്ങനെ ഒരവസ്ഥയിൽ...ആർക്കും ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷെ എന്നെ കാണുന്നില്ലേ...ഇതാണ് എന്റെ അവസ്ഥ. നിങ്ങളോടൊക്കെ ചെയ്ത് കൂട്ടിയ തെറ്റുകളുടെ ശിക്ഷയായിരിക്കും ഞാനിപ്പോൾ അനുഭവിക്കുന്നത്. ഒന്ന് നിവർന്ന് നിൽക്കാൻ പോലും കഴിയാതെ ജീവിച്ചു തീർക്കുവാണ് ഞാൻ ഇവിടെ... കാലിൽ പതിയെ തടകികൊണ്ട് അർജുൻ പറഞ്ഞു. അപ്പോഴാണ് ഞങ്ങളും അത് ശ്രദ്ധിക്കുന്നത്. അവന്റെ ഒരു കാൽ മുറിച്ചു മാറ്റിയിട്ടുണ്ടായിരുന്നു. അവൻ ഓരോന്ന് പറയുമ്പോഴും സങ്കടം അടക്കാനാവാതെ ഞങ്ങൾക്കരികിൽ നിന്ന് വിതുമ്പുകയായിരുന്നു ആ 'അമ്മ..... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story