ഇന്ദ്ര💙നീലം : ഭാഗം 27

Indraneelam

രചന: ഗോപിക

 ഞാൻ അമ്പലത്തിൽ എത്തിയപ്പോഴേക്കും നീലുവിന്റെ 'അമ്മ തൊഴുതു മടങ്ങുന്നുണ്ടായിരുന്നു. ദൂരെ നിന്ന് തന്നെ എന്നെ കണ്ടതുകൊണ്ട് അവർ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. മോൻ വന്നിട്ട് ഒത്തിരി നേരം ആയോ...? ഇല്ല. ഞാൻ ഇപ്പൊ എത്തിയതെ ഉള്ളൂ...എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്..? വലിയ താല്പര്യം ഇല്ലാതെ ഞാൻ ചോദിച്ചു. മോന്റെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടെന്ന് അറിയാം. അതെല്ലാം ഇന്നത്തോടെ തീരും.എല്ലാം തുറന്ന് പറയാൻ ആണ് ഞാൻ മോനെ കാണണം എന്ന് പറഞ്ഞത്... നിങ്ങളൊക്കെ വിചാരിക്കുന്ന പോലെ ഞാൻ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വേറൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയയെടുത്തിട്ടില്ല. അങ്ങനെ ആണെങ്കിൽ എന്റെ കഴുത്തിൽ എന്നെ വിശ്വൻ സർ കെട്ടിയ താലി ഉണ്ടാവുമായിരുന്നു...?? ഇത് വരെ ഞങ്ങൾ രണ്ടു പേരും ഭാര്യ ഭർത്താക്കന്മാർ ആയി കഴിഞ്ഞിട്ടില്ല. ആ 'അമ്മ പറഞ്ഞതൊക്കെ എനിക്ക് വിശ്വസിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ആയിരുന്നു. ഞാൻ കരുതിയത് വിശ്വനാഥൻ ഈ സ്ത്രീക്ക് വേണ്ടിയാണ് എന്റെ അമ്മയെ ഇത്രമാത്രം ഉപദ്രവിച്ചത് എന്നാണ്.

.പക്ഷെ മുൻ ധാരണകളെല്ലാം തെറ്റിയിരിക്കുന്നു. ഞാൻ അമ്മ പറയുന്നത് കേൾക്കാനായി കാതോർത്തു. നാട്ടിലെ തന്നെ ഒരു പേര് കേട്ട തറവാട്ടിൽ ആയിരുന്നു എന്റെ ജനനം. എല്ലാ തരത്തിലും പ്രൗഢിയോടെ നില നിൽക്കുന്ന തറവാട്... പക്ഷെ മേലേടത്ത് തറവാട്ടിലെ രാമചന്ദ്രന്റെ ഭാര്യ ആയി ആ വീട്ടിലേക്ക് കയറി ചെന്ന അന്ന് മുതലാണ് എന്റെ ജീവിതം ഗതി മാറി ഒഴുകാൻ തുടങ്ങിയത്... ആദ്യമൊക്കെ അല്പം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായെങ്കിലും ഞങ്ങളുടെ ജീവിതം സന്തോഷകരം ആയിരുന്നു.. പണത്തിന് ബുദ്ധിമുട്ടുള്ള കാര്യമൊന്നും അദ്ദേഹം എന്നെ അറിയിച്ചില്ല. കുഞ്ഞിന്റെ പ്രസവ സമയത്ത് അൽപ്പം പണത്തിന് ആവശ്യം വന്നപ്പോൾ സുഹൃത്തായ വിശ്വനാഥനോട് സഹായം ചോദിച്ചിരുന്നു എന്ന് മാത്രം അറിയാം. ഒരാഴ്ച്ചയ്ക്കകം മുതലും പലിശയും ചേർത്ത് തിരിച്ചു തരാം എന്നായിരുന്നു അന്ന് പറഞ്ഞത്.

ഒരാഴ്ചയ്ക്കകം മടക്കി നൽകാം എന്ന് പറഞ്ഞിട്ട് ദിവസങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും മടക്കി നൽകാൻ ആയില്ല. അതിനിടയ്ക്ക് എന്റെ ഭർത്താവിന് ഒരു അപകടം ഉണ്ടായി.ഒരു ആക്സിഡന്റ്. ജോലി കഴിഞ്ഞ് വരുന്ന വഴിക്കാണ്.. കുറെ നാൾ ആശുപത്രിയിൽ തന്നെ ആയിരുന്നു. ഒരുപാട് ചികിൽസിച്ചു. പക്ഷെ അവിടെ നിന്ന് തിരികെ വന്നതിനു ശേഷം നടക്കാനോ സ്വന്തമായിട്ട് എഴുന്നേറ്റ് നിൽക്കാനോ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഗർഭിണി ആയ എനിക്ക് അദ്ദേഹത്തിനെ നാലല്ല രീതിയിൽ പരിചരിക്കാനും കഴിഞ്ഞില്ല. ഞങ്ങൾ സ്നേഹിച്ചു വിവാഹം കഴിച്ചവർ ആയിരുന്നു. അതുകൊണ്ട് തന്നെ രണ്ട് പേരുടെ വീട്ടുകാരിൽ നിന്നും ഞങ്ങൾക്ക് സഹായം ഒന്നും ലഭിച്ചില്ല. ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഒന്ന് അന്വേഷിക്കുക പോലും ചെയ്തിരുന്നില്ല. ഒന്ന് സഹായം ചോദിക്കാൻ പോലും ഞങ്ങൾക്ക് ആരും ഉണ്ടായിരുന്നില്ല. ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് ആശുപത്രിയിൽ എത്തി. കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങിയ ഞാൻ കേട്ടത് അദ്ദേഹത്തിന്റെ മരണ വാർത്തയാണ്.

എന്ത് ചെയ്യണമെന്നോ എവിടേക്ക് പോകണമെന്നോ എനിക്കറിയില്ലായിരുന്നു. ബന്ധുക്കളാരും തിരിഞ്ഞു നോക്കിയില്ല. ഒരുപക്ഷേ ഈ അമ്മയും മകളും അവർക്കൊരു ഭാരം ആയാലോ എന്ന് കരുതിയാവണം... നാട്ട് കാരുടെ സഹായത്താൽ അടക്കം കഴിഞ്ഞു. പിന്നെ ഒന്ന് രണ്ട് ദിവസം ആളും ബഹളവും ഒന്നും ഉണ്ടായില്ല. അത് കഴിഞ്ഞപ്പോൾ ഒരു ദിവസം വിശ്വൻ സർ നൽകിയ പണം തിരികെ ആവശ്യപ്പെട്ട് വന്നു. ഞങ്ങളുടെ അവസ്ഥ കണ്ട് തിരികെ പോകാൻ ഇറങ്ങുമ്പോഴാണ് എന്റെ ചേട്ടന്മാർ അവിടേക്ക് വന്നത്. ഭർത്താവ് മരിച്ച് നാല് ദിവസം കഴിയുന്നതിന് മുൻപ് അന്യ പുരുഷനെ വിളിച്ചു വീട്ടിൽ കയറ്റിയ പെണ്ണ് എന്ന പേര് സ്വന്തം സഹോദരന്മാർ തന്നെ എനിക്ക് ചാർത്തി തന്നു. ഞാൻ എത്ര കരഞ്ഞു പറഞ്ഞിട്ടും അവരെന്നെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ നാട്ടുകാരുടെയും എന്റെ വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി സാറിന് എന്നെ കൂടെ കൊണ്ടു പോകേണ്ടി വന്നു.

കൂടെ പോവുകയല്ലാതെ മറ്റൊരു വഴി എനിക്ക് മുൻപിൽ ഉണ്ടായിരുന്നില്ല. പക്ഷെ ഒരു കാര്യം മാത്രമാണ് സർ ആവശ്യപ്പെട്ടത് എന്റെ കുഞ്ഞിനെ ഉപേക്ഷിക്കുക. എന്റെ ഭർത്താവിനെ മറന്ന് മറ്റൊരു ജീവിതം നയിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ആത്മഹത്യ മാത്രം ആയിരുന്നു എന്റെ മുന്നിൽ ഉണ്ടായിരുന്ന ഏക മാർഗം. പക്ഷെ ജനിച്ചു വീണ് ഒരാഴ്ച പോലും ആകാത്ത ഒരു പിഞ്ചു കുഞ്ഞിന്റെ ജീവിതം ഇല്ലാതാക്കാൻ എനിക്ക് തോന്നിയില്ല. അതു കൊണ്ടാണ് നെഞ്ച് പൊട്ടുന്ന വേദനയോടെ എന്റെ കുഞ്ഞിനെ ഞാൻ ആ കട വരാന്തയിൽ ഉപേക്ഷിച്ചത്. അവളെങ്കിലും രക്ഷപെടട്ടെ എന്ന് കരുതി.. സംസാരിക്കുന്നതിനിടയ്ക്കും അവർ സാരി തുമ്പ് കൊണ്ട് കണ്ണീരൊപ്പുന്നുണ്ടായിരുന്നു. വിശ്വൻ സാറിന്റെ വീട്ടിലെത്തിയപ്പോൾ അവരെല്ലാവരും എന്നെ അറപ്പോടെയും വെറുപ്പോടെയും ആണ് നോക്കി കണ്ടത്. സത്യം പറഞ്ഞാൽ സാറിന് മറ്റൊരു ഭാര്യയും അതിലൊരു മകനും ഉണ്ടെന്നറിഞ്ഞത് തന്നെ അപ്പോഴാണ്.

എല്ലാവരുടെയും ശാപം എറ്റു വാങ്ങിക്കൊണ്ട് അവർക്കെല്ലാം ഒരു ശല്യമായി ജീവിക്കേണ്ട എന്ന് കരുതി ഞാൻ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തു. പക്ഷേ ദൈവം അവിടെയും എന്നെ കൈവിട്ടു... മോൻ പറഞ്ഞതു പോലെ സ്വന്തം കുഞ്ഞിനെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ പെരുവഴിയിൽ ഉപേക്ഷിച്ച ഈ 'അമ്മ അത്രപെട്ടെന്ന് എല്ലാത്തിൽ നിന്നും രക്ഷപെടേണ്ടെന്ന് മുകളിൽ ഉള്ളവനും കരുതി കാണണം. അന്ന് തൊട്ട് ഇന്ന് വരെ മനസമാധാനം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല. ഒന്ന് ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല. താളം തെറ്റി പോകുമായിരുന്ന എന്റെ മനസ്സിനെ നേർ വഴിക്ക് നടത്തിച്ചത് സൂചിത്രയാണ്. എന്റെ കഥകൾ അറിഞ്ഞപ്പോൾ തോന്നിയ സഹതാപം... മനസ്സിലെ സംശയങ്ങൾക്കെല്ലാം ഉത്തരം കിട്ടി. ഒന്നൊഴികെ...ഇവിടെ തെറ്റ് ചെയ്തത് ആരാണ്... വിശ്വനാഥനോ അതോ നിവൃത്തികേട് കൊണ്ട് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന ഈ അമ്മയോ?? പതം പറഞ്ഞു കരയുന്ന ആ അമ്മയെ എങ്ങെനെ ആശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു....അതുകൊണ്ട് ഞാൻ ഉടനെ അവിടെ നിന്ന് മടങ്ങി.... തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story