ഇന്ദ്ര💙നീലം : ഭാഗം 28

Indraneelam

രചന: ഗോപിക

 ഒരു ആശ്വാസത്തിന് വേണ്ടി ഞാൻ അമ്മയെ കാണാൻ പോയി. പക്ഷെ അവിടെ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് ഞാൻ ഞെട്ടി. വിശ്വനാഥൻ...!!! ഞാൻ അത്ഭുതത്തോടെ അയാളെ നോക്കി. ഈ വരവിന്റെ ഉദ്ദേശം എന്താണെന്ന് മാത്രം മനസ്സിലായില്ല. സംശയങ്ങൾ തീർക്കാൻ ഒരവസരം തരാതെ എന്നെ വാത്സല്യത്തോടെ ഒന്ന് നോക്കിയിട്ട് അയാൾ അവിടെ നിന്നും ഇറങ്ങി. ഞാൻ അമ്മയെ കാണാനായി അകത്തേക്ക് കയറുമ്പോഴാണ് 'അമ്മയെ പരിചരിക്കുന്ന ഹോം നേഴ്സ് പുറത്തേക്ക് വരുന്നത് കണ്ടത്... സർ...അതാരാ ആ പോയത്...? ഇതിന് മുമ്പും ഒന്ന് രണ്ട് തവണ ഇവിടെ വന്നിരുന്നല്ലോ...അന്ന് മേടത്തിന്റെ കാലിൽ വീണ് കരയുന്നതൊക്കെ കണ്ടിരുന്നു. ഇതിനു മുന്പോ...? എപ്പോൾ?? ഞാൻ സംശയത്തോടെ ചോദിച്ചു. ഒന്ന് രണ്ട് ആഴ്ച ആയി...അതിനു ശേഷം ആണ് രേണുക മേടത്തിന്റെ അവസ്ഥ കുറച്ചു കൂടി മെച്ചപ്പെട്ടത്...

ഇന്ന് തന്നെ ഞാൻ എത്ര നിർബന്ധിച്ചിട്ടും ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരുന്ന മേടം ആ സർ കൊടുത്തപ്പോൾ കഴിച്ചു. ഹം....എന്നിട്ടെന്താ ഇതൊന്നും നേരത്തെ പറയാതിരുന്നെ...? ഞാൻ അല്പം രോഷത്തോടെ ചോദിച്ചു. സോറി സർ...ഞാൻ മറന്നു പോയി... അവരോടൊന്ന് അമർത്തി മൂളിയിട്ട് ഞാൻ അമ്മയുടെ മുറിയിലേക്ക് പോയി.. പതിവിലും തിളക്കം ആ മുഖത്ത് ഉള്ളത് പോലെ തോന്നി. പ്രതീക്ഷിച്ച ആരോ വന്നെത്തിയ സന്തോഷം...!! അമ്മേ... ഞാൻ വിളിച്ചപ്പോൾ പതിവ് തെറ്റിച്ച് എനിക്കൊരു നോട്ടം സമ്മാനിച്ചു. അത് മാത്രം മതിയായിരുന്നു എനിക്ക് സന്തോഷിക്കാൻ... പ്രതീക്ഷയോടെ ഞാൻ ആ മടിയിലേക്ക് തല ചായ്ച്ചു. എന്തോ എന്നെത്തേയും പോലെ അടിച്ചോടിച്ചില്ല.പകരം വാത്സല്യത്തോടെ മുടിയിഴകൾക്കിടയിലൂടെ വിരലോടിച്ചു... ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ ആ വാത്സല്യം മതിവരുവോളം ആസ്വദിച്ചു.

അതിനിടയിൽ എപ്പോഴോ ബെഡിൽ ചാരി കിടന്ന് ഉറങ്ങി പോയ അമ്മയെ നേരെ കിടത്തി കഴുത്തോളം പുതപ്പിച്ച് ആ നെറ്റിയിൽ ഒരു സ്നേഹ ചുംബനവും നൽകി ഞാൻ അവിടെ നിന്നിറങ്ങി, വിശ്വനാഥനെ കാണണം എന്ന് ഉറപ്പിച്ച്... പ്രതീക്ഷിച്ച പോലെ അയാൾ പോയത് വീട്ടിലേക്കല്ലായിരുന്നു എന്റെ പേരിൽ തുടങ്ങിയ ഇന്ദ്ര കണ്സ്ട്രക്ഷൻ എന്ന സ്ഥാപനത്തിലേക്ക് ആയിരുന്നു. പലവട്ടം എന്നോടതിന്റെ ചുമതല ഏറ്റെടുക്കാൻ പറഞ്ഞിരുന്നെങ്കിലും അയാളോടുള്ള ദേഷ്യത്തിന്റെ പുറത്ത് അത് വഴി പോയാൽ കൂടി ഞാൻ അവിടേക്ക് തിരിഞ്ഞു നോക്കാറില്ലായിരുന്നു. പക്ഷെ ഇന്ന് അയാളെ കണ്ട് സംസാരിക്കണം എന്ന് തീരുമാനിച്ചത് കൊണ്ട് അവിടേക്ക് ചെന്നു. സ്റ്റാഫുകളെല്ലാം അത്ഭുതത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ അതൊന്നും കാര്യം ആക്കിയില്ല. നേരെ എം ഡി യുടെ മുറിയിലേക്ക് നടന്നു. മേ ഐ കമിങ്‌....?

എന്റെ ശബ്ദം കേട്ടപ്പോഴാണ് അയാൾ ഫയലിൽ നിന്നും തല ഉയർത്തി നോക്കിയത്. എന്നെ അപ്രതീക്ഷിതമായി കണ്ടതിന്റെ ആശ്ചര്യം ആ മുഖത്തുണ്ട്. മോനെ...നീ...നീ എന്താ ഇവിടെ....?? എന്തിനാ നിങ്ങൾ ഇന്ന് എന്റെ അമ്മയെ കാണാൻ വന്നത്...?? വീണ്ടും ഉപദ്രവിക്കാൻ ആണോ..? അതോ ഇനി ഇതിന്റെ പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടോ...? ഇന്ദ്രാ..ഞാൻ ഇത് ആദ്യമായി അല്ല അവളെ കാണാൻ പോകുന്നത്. ഇതിനു മുൻപും അവളെ കാണാൻ പോയിരുന്നു. പക്ഷെ അതൊരിക്കലും മനസ്സിൽ മറ്റൊരു ഉദ്ദേശം വച്ചു കൊണ്ടല്ല. ചെയ്ത് പോയ തെറ്റുകൾക്കെല്ലാം അവളോട് ഹൃദയത്തിൽ തൊട്ട് മാപ്പ് പറയാൻ തന്നെ ആണ്. ഞാൻ ചെയ്ത പാപങ്ങളുടെ ആഴവും വ്യാപ്തിയും തിരിച്ചറിയാൻ ഞാൻ ഒത്തിരി വൈകി പോയി... അന്നത്തെ എന്റെ ആക്സിഡന്റിന് പിന്നിൽ നീയാണെന്ന് എനിക്ക് മനസ്സിലായിരുന്നു.

അന്ന് ആക്സിഡന്റ് സംഭവിച്ച ദിവസം വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ മാറി നിന്ന് എന്തൊക്കെയോ മനസ്സിൽ ഒളിപ്പിച്ച് എന്നെ നോക്കി പുഞ്ചിരിക്കുന്ന നിന്നെ ഞാൻ കണ്ടതാണ്. അതുകൊണ്ട് തന്നെയാണ് ഡ്രൈവറെ മാറ്റി അന്ന് ഞാൻ സ്വയം വാഹനം ഓടിച്ചത്. വഴിയരികിൽ ഏതെങ്കിലും ഗുണ്ടയുടെ കയ്യിൽ നിന്ന് രണ്ട് തല്ല് അതാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷെ നീ എനിക്ക് വിധിച്ചത് മരണ ശിക്ഷ ആയിരിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്വന്തം മകന്റെ മനസ്സിൽ എന്നോടുള്ള വെറുപ്പ് എത്രമാത്രം ആണെന്ന് അന്നെനിക്ക് മനസിലായി. ശരിയാ...അച്ഛനെന്ന നിലയിലും ഭർത്താവ് എന്ന നിലയിലും ഞാൻ ഒരു പരാജയം ആണ്. ചെയ്ത് പോയ തെറ്റുകളെല്ലാം പൊറുത്തൂടെ...ഒരച്ഛന്റെ അപേക്ഷയാണ്... പറയുമ്പോൾ ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കൈകൂപ്പി എന്റെ മുന്നിൽ നിന്ന് പൊട്ടിക്കരയുന്ന മനുഷ്യന്റെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ ആയില്ല.

എന്റെ നേരെ കൂപ്പി പിടിച്ച കൈകൾക്ക് മേലേ ഞാൻ എന്റെ ഇരു കൈകളും ചേർത്ത് വച്ചു. ഞാൻ അല്ല അച്ഛനാണ് എന്നോട് ക്ഷമിക്കേണ്ടത്. ഒരിക്കലും ഒരു മകനും ചെയ്യാൻ പാടില്ലാത്തതാണ്...പെട്ടെന്നൊരു നിമിഷം ആരോടൊക്കെയോ ഉള്ള വാശി പുറത്ത് ചെയ്തു പോയതാണ്...അതിനു ശേഷമാണ് അത് എത്രത്തോളം വലിയ തെറ്റാണെന്ന് എനിക്ക് മനസ്സിലായത്. ആത്മാർത്ഥമായി തന്നെ ഞാൻ അച്ഛനോട് ക്ഷമ ചോദിച്ചു. അന്നേ കരുതിയതാണ് നേരിൽ കണ്ട് മാപ്പ് പറയണം എന്ന്... പക്ഷെ അച്ഛൻ പഴയ അതേ വിശ്വനാഥൻ തന്നെ ആയിരിക്കും എന്ന് കരുതി. മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവിടെ നിന്ന് ഇറങ്ങി പോന്നു. അച്ഛന്റെ ആ മാറ്റം എന്തെന്നില്ലത്തൊരു സന്തോഷം എന്നുള്ളിൽ നിറച്ചു. എല്ലാ പ്രശ്നങ്ങളും അവസാനിക്കാൻ പോകുകയാണെന്നൊരു തോന്നൽ... അപ്പോൾ തന്നെ നീലുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. ഫോണിലൂടെ അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവളുടെ ആഹ്ലാദം എത്രമാത്രം ആണെന്ന് എനിക്ക് മനസിലായി........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story