ഇന്ദ്ര💙നീലം : ഭാഗം 7

Indraneelam

രചന: ഗോപിക

 " നിമി നീ എന്തൊക്കെ പറഞ്ഞാലും ഈ ബന്ധത്തിന് ഞാൻ സമ്മതിക്കില്ല. ജാതിയോ മതമോ പ്രശ്നമായിട്ടല്ല. ഞാൻ അവനെ കുറിച്ച് നന്നായി അന്വേഷിച്ചു. അറിഞ്ഞെടുത്തോളം അവൻ ആളത്ര ശരിയല്ല. കള്ള് കുടി പെണ്ണ് പിടി തുടങ്ങി എല്ലാം ഉണ്ട്.. ഇനി നീ ആലോചിച്ചു തീരുമാനിക്ക് ഈ ബന്ധം തുടരണോ വേണ്ടയോ എന്ന്... " വീണ്ടും ഒരു വഴക്ക് വേണ്ടെന്ന് കരുതിയാവണം അച്ഛൻ പരമാവധി രമ്യതയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. പക്ഷെ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന മട്ടിലായിരുന്നു നിമി ചേച്ചിയുടെ നിൽപ്പ്.. അവളോട് എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലാക്കിയിട്ടാവണം അമ്മ കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി. " ചേച്ചി...അച്ഛൻ പറഞ്ഞത് കേട്ടില്ലേ.ഈ ബന്ധം നമുക്ക് വേണ്ട..." " നീലു.... ഞാൻ നിന്നോട് പണ്ടേ പറഞ്ഞിട്ടുണ്ട് എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട എന്ന്. ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത്‌ റോയിയെ മാത്രം ആയിരിക്കും. അതിനെ എതിർക്കാനുള്ള ഒരവകാശവും നിനക്കില്ല. " " അവള് പറഞ്ഞതിൽ തെറ്റായിട്ട് എന്താ ഉള്ളത്.

ഒരു സഹോദരിയെന്ന നിലയിൽ നിന്നെ തിരുത്താനുള്ള എല്ലാ അവകാശവും അവൾക്കുണ്ട്. പ്രായം നിന്നെക്കാൾ കുറവാണെന്നേയുള്ളൂ പ്രായത്തിലുപരി പക്വത അവൾക്കുണ്ട്.." കുറച്ച് വർഷങ്ങൾക്ക് മുന്നേ ഇവിടെ നടന്നത് എന്തൊക്കെയാണെന്ന് അച്ഛൻ മറന്നെങ്കിലും ഞാൻ മറന്നിട്ടില്ല. ഒരിക്കലും അത്‌ അംഗീകരിക്കാനും എനിക്ക് കഴിയില്ല. ചേച്ചി പറഞ്ഞതൊന്നും മനസ്സിലാവാതെ ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി... ഒരു ഞെട്ടൽ ആ മുഖത്തും ഉണ്ടായിരുന്നു... ചേച്ചി എന്തൊക്കെയാ പറയുന്നേ.. വർഷങ്ങൾക്ക് മുൻപ് ഇവിടെ എന്ത് സംഭവിച്ചുവെന്നാ....? എന്റെ അച്ഛനോട് ചോദിക്ക് നീ പറഞ്ഞു തരും എല്ലാം... അച്ഛനെ നോക്കിയപ്പോൾ അച്ഛൻ മറുപടി പറയാതെ തലകുനിച്ചു നിൽക്കുകയായിരുന്നു. ചേച്ചി അകത്തേക്ക് പോയപ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു. അച്ഛാ ചേച്ചി പറഞ്ഞതിന്റെ അർത്ഥമെന്താ.. എനിക്കറിയാത്ത എന്ത് കാര്യമാ വർഷങ്ങൾക്ക് മുൻപ് ഇവിടെ നടന്നെ....?? ചേച്ചിയുടെ കാര്യത്തിൽ ഇടപെടാനുള്ള ഒരാവകാശവും എനിക്കില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാ...?

അച്ഛൻ ആദ്യമൊന്ന് പരുങ്ങിയെങ്കിലും പിന്നെ പറഞ്ഞു തുടങ്ങി.., എന്റെ നീലു അവളിടയ്ക്ക് ഇങ്ങനെ ഓരോന്ന് പറയാറുള്ളതല്ലേ.. നീ അതൊന്നും കാര്യമാക്കണ്ട... എന്നാലും അച്ഛാ.. മോളേ... ഈ അച്ഛനെ മോൾക്ക് വിശ്വാസമില്ലേ. നിന്നോട് പറയേണ്ട എന്തെങ്കിലും കാര്യമില്ല അച്ഛൻ ഇതുവരെ മറച്ചു വച്ചിട്ടുണ്ടോ...? ഇല്ല... അത് പോലെ തന്നെയാ ഇതും.അതൊന്നും മോളറിയേണ്ട കാര്യമല്ല. അച്ഛനും അമ്മയ്ക്കും മോളോട് സ്നേഹ കുറവുള്ളത് പോലെ മോൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ...? എന്തൊക്കെയാ അച്ഛാ പറയണേ...നിങ്ങള് രണ്ടുപേർക്കും എന്നെ ജീവനാണെന്ന് എനിക്കറിയാം.. പക്ഷെ നിമി ചേച്ചിക്ക് എന്നോടുള്ള ദേഷ്യത്തിന് കാരണമെന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. അവള് എല്ലാവരോടും ഇങ്ങനെയാണ്. എന്ത് എപ്പോൾ ആരോട് എങ്ങെനെ പറയണം എന്നവൾക്ക് അറിയില്ല. അതിന്റെ കുഴപ്പമാണ്. മോളത് കേട്ട് വിഷമിക്കേണ്ട. ഞാൻ കാരണം അച്ഛൻ വിഷമിക്കേണ്ടെന്ന് കരുതി ഞാൻ കൂടുതലൊന്നും ചോദിച്ചില്ല. അച്ഛനെ നോക്കി പുഞ്ചിരിച് റൂമിലേക്ക് നടന്നു...

അച്ഛൻ പറഞ്ഞതൊന്നും എനിക്ക് പൂർണമായും വിശ്വസിക്കാൻ കഴിഞ്ഞില്ല. എവിടെയൊക്കെയോ ചില പൊരുത്തക്കേടുകൾ. നിമി ചേച്ചിക്ക് എന്നോടുള്ള ദേഷ്യത്തിന് പിന്നിൽ എന്തോ ശക്തമായ ഒരു കാരണം ഉണ്ടെന്നൊരു തോന്നൽ. എല്ലാം അറിയണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എങ്ങെനെ എന്നുള്ളത് ഒരു ചോദ്യമായി തന്നെ നിലകൊണ്ടു. എന്റെ സംശയങ്ങൾക്കുള്ള ഉത്തരം തരാൻ മൂന്ന് പേർക്കേ കഴിയൂ. അച്ഛനും അമ്മയ്ക്കും നിമി ചേച്ചിക്കും. അച്ഛൻ അത്‌ പറയില്ല. അമ്മ ഇപ്പൊ ഒന്നും പറയാൻ പറ്റിയ മനസികാവസ്ഥയിലല്ല. നിമി ചേച്ചിയുടെ കാര്യമില്ല ആലോചിച്ച് പാവത്തിന് നല്ല ടെൻഷൻ ഉണ്ട്. ഇനി നിമി ചേച്ചിയോട് ചോദിക്കുക മാത്രമേ വഴിയുള്ളൂ... വരട്ടെ നോക്കാം 💕____________💕 ആകാശത്ത് വിത്ത് വിതച്ചത് പോലെ ചിതറി കിടക്കുന്ന നക്ഷത്രങ്ങളെ നോക്കി ഓരോന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു ഇന്ദ്രൻ... അതിൽ കുറച്ച് ദൂരെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു കുഞ്ഞു നക്ഷത്രം താനാണെന്ന് തോന്നി പോയി അവന്... എല്ലാവരും കൂടെ ഉണ്ടായിട്ടും ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവൻ.

" ഭ്രാന്തിയുടെ മകൻ " എന്ന വിളി അവന്റെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു... മോനേ ഇന്ദ്രാ.... പ്രകാശന്റെ വിളിയാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്. എന്താ മാമാ... എന്തോ ടെൻഷൻ ഉള്ളത് പോലെ... അത്‌ മോനേ.... നീ വിഷമിക്കരുത്... വിശ്വന് ഒരു ചെറിയ ആക്സിഡന്റ്. ക്രിട്ടിക്കൽ ആണെന്നാ പറഞ്ഞേ... ഉള്ളിൽ നിറഞ്ഞ സന്തോഷം അവന് പുറത്ത് കാട്ടിയില്ല... എന്ത് പറ്റിയതാ....? ഒന്നും അറിയാത്ത പോലെ ഇന്ദ്രൻ ചോദിച്ചു. വൈകിട്ട് ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് കാറിൽ കയറി പോയതാ ഏതോ മരത്തിലിടിച്ചതാണെന്നൊക്കെ പറയുന്നത് കേട്ടു.. പറഞ്ഞു കഴിഞ്ഞ് ഇന്ദ്രനെ നോക്കിയ പ്രകാശൻ കാണുന്നത് അവന് ചിരി അടക്കാൻ പാട് പെടുന്നതാണ്.. നീ എന്താ ചിരിക്കുന്നത്? നിനക്ക് ഒരു വിഷമവുമില്ലേ... എന്തൊക്കെ ആയാലും നിന്റെ അച്ഛനല്ലേ..? എനിക്ക് ഒരു വിഷമവുമില്ല മാമാ... എനിക്കെന്നും പ്രിയപ്പെട്ടത് എന്റെ അമ്മയാ.. ആ അമ്മയ്ക്ക് ഇങ്ങനെ ഒരവസ്ഥ വരാൻ കാരണക്കാരൻ ആയവനോട് എന്റെ മനസ്സിൽ ഒരിത്തിരി പോലും സ്നേഹം തോന്നുന്നില്ല

. "അപ്പോൾ വിശ്വന്റെ ആക്സിഡന്റിന് പിന്നിൽ നീയാണോ...?? " പ്രകാശന്റെ ചോദ്യം കേട്ട് ഇന്ദ്രനൊന്ന് പകച്ചു. ജീവിതത്തിൽ തനിക്ക് ഏറ്റവും കൂടുതൽ കടപ്പാട് ഉള്ള ഒരാളാണ് പ്രകാശൻ. തകർന്ന് പോയേക്കാവുന്ന പല സന്ദർഭങ്ങളിലും തന്നെ കൈ പിടിച്ചു കയറ്റിയവൻ. ഒരിക്കലും എന്നെ ഒറ്റി കൊടുക്കില്ല. എങ്കിലും എല്ലാം തുറന്ന് പറയാൻ മനസ്സനുവദിച്ചില്ല. അതുകൊണ്ട് തന്നെ മാമനോട് എനിക്ക് കള്ളം പറയേണ്ടി വന്നു. എയ്....ഈ ആക്സിഡന്റിനു പിന്നിൽ എനിക്കൊരു റോളുമില്ല. ഞാനൊരിക്കലും എന്റെ ദേഷ്യത്തിന്റെ പേരിൽ അയാളെ കൊല്ലാനൊന്നും പോവില്ല. മാമന് എന്നെ വിശ്വാസമില്ലേ? നീ എത്ര ദേഷ്യമുണ്ടായാലും ഒരിക്കലും ഒരാളെ കൊല്ലാൻ ശ്രമിക്കും എന്ന് ഞാൻ കരുതുന്നില്ല. കാരണം എന്റെ രേണുകയുടെ മകന് ഒരിക്കലും ഒരാളെ കൊല്ലാൻ കഴിയില്ല മാമൻ പോയപ്പോഴും മാമന്റെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു... "രേണുകയുടെ മകന് ഒരിക്കലും ഒരാളെ കൊല്ലാൻ കഴിയില്ല... " എത്ര ഉപദ്രവിച്ചാലും ഭർത്താവിനെ ഒരിക്കൽ പോലും അമ്മ വെറുത്തിരുന്നില്ല. അങ്ങനെയുള്ള അമ്മയ്ക്ക് ഞാൻ അയാളെ കൊല്ലാൻ ശ്രമിച്ച കാര്യം അറിഞ്ഞാൽ സഹിക്കാൻ കഴിയുമോ...? ഞാൻ ചെയ്തത് തെറ്റാണോ എന്നാ തോന്നൽ എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു....

രാത്രി വെറുതെ ഫോണും നോക്കി ഇരിക്കുമ്പോഴാണ് ഫേസ് ബുക്കിൽ നമ്മുടെ കള്ളിയങ്കാട്ടു നീലിയുടെ ഫോട്ടോ കാണുന്നത്.. ഉള്ള പല്ല് മുഴുവൻ വെളിയിൽ കാണിച്ചിട്ട് ഇളിച്ചോണ്ട് നിൽക്കുന്ന ഫോട്ടോ. കുറച്ചു നേരം ഞാൻ അതും നോക്കി ഇരുന്നു... അവളെ നോക്കി ഇരിക്കുമ്പോഴേ മനസ്സിൽ പേരറിയാത്തൊരു സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു. സങ്കടങ്ങളെല്ലാം അലിഞ്ഞില്ലാതാവുന്നത് പോലെ.... ഉടനെ ഞാൻ മെസ്സേജ് അയച്ചു. നിമിഷങ്ങൾക്ക് ശേഷം അവളാ മെസ്സേജ് കണ്ടു. ആളെ മനസിലാവാതിരിക്കില്ല. പ്രൊഫൈലിൽ പോയി നോക്കിയാൽ തന്നെ മനസ്സിലാവും... കുറെ നേരം റിപ്ലൈക്കായി വെയിറ്റ് ചെയ്തു... എവിടെ... ഒരു കുന്തവും വന്നില്ല. ഇത്തിരി നേരം കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും മെസ്സേജ് അയച്ചു. " ഹെലോ എന്നെ മനസ്സിലായോ? " എന്നിട്ടും no റിപ്ലൈ... സാരില്ല മോളേ.... ഞാൻ നിന്നെ പിന്നെ എടുത്തോളാം... നിറ പുഞ്ചിരിയോടെ അവൻ ബെഡിലേക് വീണു........ തുടരും...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story