ഇനിയൊരു വസന്തകാലം: ഭാഗം 1

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

നഗരത്തിന്റെ തിരക്കേറിയ വീഥികളിൽ നിന്നും ഗ്രാമത്തിന്റെ ശാന്തമായ വഴികളിലേക്ക് വാഹനം നീങ്ങി തുടങ്ങിയപ്പോൾ അവൾ കണ്ണ് തുറന്നു.... സൂര്യരശ്മികൾ മരങ്ങൾക്കിടയിലൂടെ ധൃതിയിൽ അവളുടെ കണ്ണുകളിൽ പതിച്ചു... കണ്ണൊന്നു ചിമ്മി തുറന്നവൾ പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു.... ബസിലെ ജനൽകമ്പിയിൽ പറ്റിപ്പിടിടിച്ച മഴത്തുള്ളികളെ വിരലലൊന്ന് തട്ടി.... വീണ്ടും അതാവർത്തിച്ചു.... അവളൊന്ന് ചിരിച്ചു.... അന്നേരം അവളൊരു കൊച്ചു കുട്ടിയാവുകയായിരുന്നു.... തിരക്കേറിയ ആ നഗര ജീവിതം.... എവിടെ നോക്കിയാലും തിരക്കിട്ടോടുന്ന മനുഷ്യർ..... ആ കാഴ്ചകൾ അവൾക്കെന്നും അരോചകമാണ്.... ഗ്രാമത്തിനെ അത്രമേൽ ഇഷ്ടപ്പെടുന്നവൾക്ക് എങ്ങനെ നഗരത്തെ ഇഷ്ടപെടാനാവും.... ഇവിടെയാണ്‌ താൻ ജനിച്ചത്.... ഇവിടെയാണ്‌ താൻ വളർന്നത്....... ഈ കാഴ്ചകൾ ആണ് തന്റെ മനസിലെന്നും നിലനിൽക്കുന്നത്..... പരിചിതമായ വഴികളിലേക്ക് വാഹനം കടന്നു പോയികൊണ്ടിരുന്നു.... ഒടുവിൽ ഒരു മുരൾച്ചയോടെ ബസ് നിർത്തിയപ്പോൾ അവൾ പതിയെ ഇറങ്ങി...

ഇനിയങ്ങോട്ട് നടക്കണം.... ഇടവഴികൾ താണ്ടി.... കാഴ്ചകൾ കണ്ട്.... അവളുടെ മുഖത്തപ്പോഴും വറ്റാത്തൊരു ചിരിയുണ്ടായിരുന്നു... ആ വഴികളിലൂടെ നടക്കുമ്പോൾ അവളിൽ വല്ലാത്തൊരു ഉന്മേഷം ഉണ്ടായിരുന്നു... ഒരിക്കൽ തന്നിൽ വിരിഞ്ഞു കൊഴിഞ്ഞു പോയൊരു ബാല്യത്തെ അവളോർത്തു... നിറമേറിയ ബാല്യം.... അമ്മമ്മയുടെ കൈപിടിച്ച് പിച്ചവെച്ചു നടന്നൊരു പട്ടുപാവടക്കാരിയായിരുന്നു.... മുത്തശ്ശന്റെ കൈപിടിച്ച് സ്കൂളിൽ പോയിരുന്ന ഒരു കൊച്ചു പെൺകുട്ടിയായിരുന്നു..... നടന്ന് നടന്ന് അവളാ തറവാടിന് മുന്നിൽ എത്തി... ചുറ്റും നോക്കി... താൻ ജനിച്ചു വളർന്നയിടം.... തന്റെ സ്വപ്നങ്ങളിൽ.... തന്റെ ചിന്തകളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്നയിടം....!! പൂമുഖ വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ അവളകത്തു കയറി.... അമ്മമ്മ അടുക്കളയിൽ ആവും ഇന്നേരം... ഊണിന് തയ്യാറാക്കുന്ന തിരക്കിൽ.... പുറകിലൂടെ പോയി അമ്മമ്മയെ കെട്ടിപിടിക്കാം.... അവളോർത്തു... പണ്ടും അവളെങ്ങനെയാണ്....

എവിടെയെങ്കിലും പോയി വന്നാൽ അമ്മമ്മയുടെ പുറകിലൂടെ ചുറ്റിപിടിക്കുമായിരുന്നു.... അടുക്കളയിൽ എത്തിയപ്പോൾ കണ്ടു.... മുണ്ടും നേര്യതും ധരിച്ച്.... വെള്ളിവരകൾ പൂക്കളം തീർത്ത സമൃദ്ധമായ മുടിയിഴകളെ ചുറ്റിക്കെട്ടിവെച്ച് തന്റെ ജോലികളിൽ ശ്രദ്ധകേന്ദ്രീകരിച്ച് നിൽക്കുകയാണവർ....ആ വൃദ്ധ... അവൾ അവർക്കരിലേക്ക് നടന്നു.... പുറകിലൂടെ ഇറുകെ പുണർന്നു.... കാച്ചെണ്ണയുടെ ഗന്ധം നാസികയിലേക്ക് ഇരച്ചു കയറി.... വല്ലാത്തൊരു ആവേശത്തോടെ അതിനെ അവൾ ആവാഹിച്ചു.... "ചിന്നൂ...." തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവരത് വിളിച്ചപ്പോൾ അവൾക്ക് വല്ലാത്ത സന്തോഷം തോന്നി അതിനുമപ്പുറം ഹൃദയത്തിൽ വല്ലാത്തൊരു നോവും..... "അമ്മമ്മയ്ക്ക് ന്നെ മനസിലായല്ലേ....." ആ സ്വരത്തിൽ അല്പം വേദന നിറഞ്ഞിരുന്നു.. "പിന്നെ ന്റെ കുട്ട്യേ മനസിലാവാതെ ഇരിക്കോ.... എന്നെ പുറകിലൂടെ വന്ന് കെട്ടിപ്പിടിക്കുന്ന ഒരാളെ ഉള്ളു അതെന്റെ ചിന്നുവല്ലേ...." അവൾക്കുനേരെ തിരിഞ്ഞു നിന്ന് അമ്മമ്മ പറഞ്ഞു.. അപ്പോഴേക്കും അവളാ നെഞ്ചിലേക്ക്....

ആ വാത്സല്യ ചൂടിലേക്ക് ചേർന്നു നിന്നിരുന്നു.... "എന്തേ ന്റെ കുട്ടി പറയാതെ വന്നേ..... തനിച്ചാണോ വന്നേ...." ആ മുഖത്ത് കൈച്ചേർത്തു അമ്മമ്മ ചോദിച്ചു . "മം....തനിച്ചാ വന്നേ....." ചിരിയോടെ മറുപടി കൊടുക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു നോവുണ്ടായിരുന്നു.... "മുത്തശ്ശൻ എവിടെ അമ്മമ്മേ....??" മറ്റുപല ചോദ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു അത്.... "തൊടിയിലേക്കിറങ്ങിയിട്ടുണ്ട്..... അവിടെ ചെറിയ രീതിയിൽ കൃഷിയൊക്കെ ഉണ്ട്.... അതിനെ പരിപാലിച്ചു നടക്കുന്നുണ്ടാവും...." അമ്മമ്മ പറഞ്ഞു. "എന്നാ ഞാനങ്ങോട്ടു ചെല്ലട്ടെ.... നല്ല വിശപ്പുണ്ട്... കഴിക്കാൻ എടുത്തുവെക്കണേ അപ്പോഴേക്കും...." 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "മുത്തശ്ശാ....." തൊടിയിലേക്കിറങ്ങിയവൾ വിളിച്ചു. "ആഹ് ആരിത് ചിന്നുവോ.... എന്റെ കുട്ടി എപ്പോ എത്തി...." കൈയിലെ ചെളി കഴുകി തുടച്ച് മുത്തശ്ശൻ ആരാഞ്ഞു.

"ഇപ്പൊ എത്തിയതേ ഉള്ളു.... കൃഷിയൊക്കെ നന്നായിട്ടുണ്ടല്ലോ ..... " ചുറ്റും നോക്കി അവൾ പറഞ്ഞു. "മം.... നടക്ക്..... മോള് തനിയെ ഉള്ളോ അതോ....??" ചോദ്യഭാവത്തിൽ അദ്ദേഹം മുഖത്തേക്ക് നോക്കി. "ഇല്ല ഞാനൊറ്റക്കാ....." തലതാഴ്ത്തിയാണ് അവളത് പറഞ്ഞത്..... നടക്കുന്നതിനിടെ അവർ ഒരുപാട് സംസാരിച്ചു..... അവൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നതെല്ലാം ആ ഗ്രാമത്തെ കുറിച്ചായിരുന്നു.... വീട്ടിലെത്തിയപ്പോൾ മുത്തശ്ശി കഴിക്കാനുള്ളത് എടുത്ത് വെച്ചിരുന്നു. മുത്തശ്ശിയുടെ കൈപ്പുണ്യം നാളുകൾക്ക് ശേഷം നാവിലെ രുചി മുകുളങ്ങളെ ഉണർത്തി.... വയറു നിറയുവോളം അവൾ കഴിച്ചു.... ഇരുവശത്തിരുന്ന് ഊട്ടാൻ പതിവുപോലെ അമ്മമ്മയും മുത്തശ്ശനും ഉണ്ടായിരുന്നു.... ഊണ് തയ്യാറാക്കാൻ അമ്മമ്മയോടൊപ്പം അടുക്കളയിൽ കൂടിയും.... മുത്തശ്ശനോടൊപ്പം തൊടിയിൽ ഇറങ്ങി ചെടികളെ പരിപാലിച്ചും നേരം പോയ്കൊണ്ടിരുന്നു.... ഊണും ഒരുമിച്ചിരുന്നു കഴിച്ചു.... ഉച്ചമയക്കത്തിനായി അമ്മമ്മയും മുത്തശ്ശനും പോയപ്പോൾ അവളാ അരതിണ്ണയിൽ ഇരുന്നു....

ദൂരേക്ക് നോക്കി.... എന്നും മനസ്സിൽ സൂക്ഷിക്കുന്ന ആ നല്ലൊർമ്മകളിൽ ആയിരുന്നു അന്നേരമവൾ... ** അച്ഛനും അമ്മയും ജോലി ചെയ്യാൻ നഗരത്തിലേക്ക് ചേക്കേറിയപ്പോൾ തനിക്ക് മൂന്ന് വയസ്സ്.... ഒരുപാട് കരഞ്ഞിരുന്നു താൻ.... അമ്മയുടെ വാത്സല്യമില്ലാതെ.... അച്ഛന്റെ കരുതലില്ലാതെ എത്രയോ നാൾ കരഞ്ഞു തളർന്നിട്ടുണ്ട്.... പിന്നീടെപ്പോഴോ താൻ അവരെ മറന്നിരുന്നു.... ആഴചയിൽ ഒരിക്കൽ തന്നെ കാണാൻ അവർ വരാറുണ്ടായിരുന്നു.... ഒരുപാട് സമ്മാനപൊതികളുമായി.... പക്ഷെ അത് തന്റെ കണ്ണുകളെ ആകർഷിപ്പിച്ചില്ല..... ഒടുവിൽ അവർ തിരികെ പോവുമ്പോൾ താൻ കരഞ്ഞില്ല..... സന്തോഷത്തോടെ അവരെ യാത്രയാക്കുമായിരുന്നു..... അമ്മമ്മയുടെ വാത്സല്യത്തിൽ... മുത്തശ്ശന്റെ കരുതലിൽ താൻ സന്തോഷവതിയായിരുന്നു തന്റെ വളർച്ച ആ ഗ്രാമത്തിൽ ആയിരുന്നു.... ആദ്യമായി താൻ വിദ്യാലയത്തിന്റെ പടികൾ കയറിയത് മുത്തശ്ശനോടൊപ്പം ആയിരുന്നു.... അന്നും താൻ കരഞ്ഞു.... ദിവസങ്ങളേറി വരും തോറും കരച്ചിൽ പതിയെ നിന്നു....

അവിടുന്ന് തനിക്ക് പുതിയ കൂട്ടുകാരെ കിട്ടി അവരോടൊപ്പം കളിച്ചു ചിരിച്ചു..... വളർച്ചയുടെ ഓരോ ഘട്ടവും കടന്നു പോയികൊണ്ടിരുന്നു.... അവധി ദിനങ്ങളിൽ കൂട്ടുകാരുമൊത്ത് മരം കേറിയും... ഊഞ്ഞാലാടിയും..... ഓടികളിച്ചും... ഒളിച്ചു കളിച്ചും ആനന്ദകരമായിരുന്നു ആ നാളുകൾ.... ഒടുവിലാ വാർത്ത.... താൻ ഋതുമതിയായിരിക്കുന്നു..... അടിവയറ്റിൽ അസഹ്യമായൊരു വേദന പിടികൂടി..... കൂട്ടുകാരിലൊരാൾ രക്തം പടർന്ന തന്റെ പാവാടയിലേക്ക് നോക്കി പറഞ്ഞപ്പോഴും താൻ കരഞ്ഞു.... ഉറക്കെയുറക്കെ.... ഒരു മുറിക്കുള്ളിൽ താൻ ക്ഷീണിച്ചിരുന്നു.... കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട താൻ ഇവിടെ ഈ ഇരുട്ടിൽ ഏകാന്തതയിൽ.... അവൾക്ക് സങ്കടം വന്നു.... അന്നൊരുനാളിൽ അമ്മയും അച്ഛനും വന്നു തന്നെ കാണാൻ.... പുതിയ വസ്ത്രങ്ങളുമായി... അമ്മയുടെ കണ്ണിലെവിടെയോ ഒരു നീർതുള്ളി താൻ കണ്ടിരുന്നു.... ഏഴു ദിവസങ്ങൾക്ക് ശേഷം ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ വല്ലാത്തൊരു ആനന്ദമായിരുന്നു തനിക്ക്.... പിന്നീട് പുറത്തേക്കിറങ്ങാനും കൂട്ടുകാരോടൊപ്പം കളിക്കാനും ഒരു നിയന്ത്രണം വെച്ചിരുന്നു അമ്മമ്മ.... വീണ്ടും താൻ വളർന്നു.....

വർഷങ്ങളോരോന്നും കടന്നു പോയി.... പത്താം തരത്തിൽ അത്യാവശ്യം നല്ല വിജയമായിരുന്നു തനിക്ക്.... അതിൽ ഒരുപാട് സന്തോഷിച്ചു.... അമ്മമ്മയും മുത്തശ്ശനും തനിക്ക് സമ്മാനം തന്നു.... അമ്മമ്മ തന്നത് ഒരു പാലക്കാ മാലയായിരുന്നു.... മുത്തശ്ശൻ ഒരു മോതിരവും..... ആ വാർത്തയറിഞ്ഞു അച്ഛനും അമ്മയും വന്നു.... തനിക്കൊരു ദുഃഖ വാർത്തയുമായി.... നഗരത്തിലെ വലിയൊരു സ്കൂളിൽ തനിക്ക് ഉന്നത പഠനത്തിനായി..... അന്നും താൻ കരഞ്ഞു.....ഉറക്കെ.... ഉറക്കെയുറക്കെ..... പക്ഷെ അവർ ഇരുവരും അത് കേട്ടില്ല.... കേട്ടതായി ഭാവിച്ചില്ല..... മുത്തശ്ശനും അമ്മമ്മയും നിസഹായരായിരുന്നു..... തനിക്ക് മുഖം തരാറില്ലായിരുന്നു.... ഒടുവിൽ തന്നെ അവർ ബലമായി നഗരത്തിലേക്ക് പറിച്ചു നട്ടു.... ആദ്യമൊക്കെ വാടി തളർന്നു പോയിരുന്നു.... ക്ഷേത്രവും കുളവും സ്നേഹം നിറഞ്ഞ ആൾക്കാരും കൂടിയ ഗ്രാമത്തെ അവൾ മനസിലേക്ക് ചേർത്തുവെച്ചു.... അവിടത്തെ വലിയ സ്കൂളിൽ പഠിക്കുമ്പോഴും തന്റെ ഗ്രാമത്തെ അവൾ മറന്നില്ല.... അവിടുന്ന് കിട്ടിയ കൂട്ടുകാരെ ഗ്രാമത്തിലെ തന്റെ ഉറ്റസുഹൃത്തുക്കളോടൊപ്പം ഹൃദയത്തിലേക്ക് ചേർത്ത് വെച്ചു.... ആദ്യമൊക്കെ തന്റെ വാശിയുടെ പുറത്ത് നാട്ടിലേക്കൊരു സന്ദർശനം അവർ നടത്തിയിരുന്നു....

പിന്നെ തിരക്കുകളെന്ന് പേരിട്ട് അവർ തന്റെ ആ ആഗ്രഹവും ഉള്ളിൽ തളച്ചിട്ടു.... അവധി ദിവസങ്ങളിൽ ആ വീടിനുള്ളിൽ അകപ്പെട്ടുപോയിരുന്നു.... പക്ഷെ ആ വേളകളിൽ തന്റെ മനസ്സ് ആ ഗ്രാമത്തിലായിരുന്നു.... അമ്മമ്മയുടെ വാത്സല്യചൂടിലായിരുന്നു..... മുത്തശ്ശന്റെ കരുതലോടെയുള്ള സ്നേഹത്തിലായിരുന്നു..... ** "ചിന്നൂ.... ഇവിടെ ഇരുന്നുറങ്ങായിരുന്നോ നീയ്.... " നെറുകിലൊന്ന് തലോടി അമ്മമ്മ പറഞ്ഞപ്പോൾ അവൾ കണ്ണുകൾ വലിച്ചു തുറന്നു.... "ഓരോന്നോർത്ത് ഇവിടെ ഇരിക്കായിരുന്നു....അറിയാതെ ഉറങ്ങിപോയതാ....." അവൾ പറഞ്ഞു. "ഇനി മതി.. വിളക്ക് കൊളുത്താറായി.... പോയി മുഖമൊന്നു കഴുകി വാ.... അപ്പോഴേക്കും അമ്മമ്മ ചായ എടുക്കാം....." അമ്മമ്മ പറഞ്ഞു. "വിളക്ക് ഞാൻ കൊളുത്തിക്കോട്ടെ അമ്മമ്മേ....." ചോദ്യഭാവത്തിൽ അവൾ നോക്കി. "ഓഹ് അതിനെന്താ...." ചിരിയോടെ അമ്മമ്മ പറഞ്ഞു. "എങ്കിൽ ഞാനൊന്ന് കുളിച്ച് വരാം...." അവിടെ നിന്നെഴുന്നേറ്റ് അവൾ പറഞ്ഞു. 🌼🌼🌼🌼🌼🌼

കുളികഴിഞ്ഞു വിളക്ക് കൊളുത്തി.... പണ്ടത്തെ പോലെ അമ്മമ്മയോടൊപ്പം നാമം ജപിച്ചു.... മുത്തശ്ശൻ വൈകുന്നേരം കവലയിലേക്ക് ഇറങ്ങിയതാണ്.... മുത്തശ്ശൻ വരുന്നതും നോക്കി ഉമ്മറപടിയിൽ അമ്മമ്മയുടെ മടിയിൽ തലവെച്ചു കിടന്നു കുറെ നേരം..... പണ്ടത്തെ പോലെ.... ആ നേരമത്രയും അമ്മമ്മ വാതോരാതെ തന്നോട് സംസാരിച്ചു... "എങ്ങനുണ്ട് അവിടത്തെ ആൾക്കാരൊക്കെ മോളോട് ഇഷ്ടാണോ.... മോനെങ്ങനെയാ...." ആ ചോദ്യത്തിൽ വല്ലാത്തൊരു ആകാംഷയുണ്ടായിരുന്നു..... "മം...." പതിയെ ഒന്ന് മൂളി... ദൂരെ നിന്നും മുത്തശ്ശന്റെ നിഴല് കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നി.... ചോദ്യങ്ങളിൽ നിന്നും തത്കാലികമായൊരു രക്ഷപ്പെടൽ.... അവളൊന്ന് ചിരിച്ചു.... മുത്തശ്ശൻ പടിപ്പുരകടന്നപ്പോൾ എണീറ്റ് മുറ്റത്തേക്കോടി.... മുത്തശ്ശന്റെ കയ്യിൽ തൂങ്ങി.... പണ്ടത്തെ പോലെ.... വൈകീട്ട് മുത്തശ്ശൻ വരുന്നത് നോക്കി ഉമ്മറപടിയിൽ അക്ഷമയോടെ കാത്തുനിന്നിരുന്നൊരു കൊച്ചുപെൺകുട്ടി.... മുത്തശ്ശന്റെ നിഴൽവെട്ടം കണ്ടാൽ ഓടിയടുക്കുന്ന.....

ആ കയ്യിൽ തനിക്കായ് കരുതിയ പലഹാരപൊതി കൈക്കലാക്കി മുത്തശ്ശന്റെ കൈയിൽ തൂങ്ങി നടന്നടുക്കുന്നൊരു പെൺകുട്ടി.... അവരെ നോക്കി ചിരിതൂകി നിൽക്കുന്നൊരു അമ്മമ്മ..... എത്ര മനോഹരമായൊരു ചിത്രം.... ഉള്ളിലെന്നും ഉടയാതെ കൊണ്ടുനടക്കുന്ന നൈർമല്യമേറിയ ഒന്ന്.....!! അവളിൽ വല്ലാത്തൊരു നോവുണർന്നു... ഇന്നതിൽ നിന്നും ഒരുപാടൊരുപാട് മാറിപോയിരിക്കുന്നു താൻ.... ആ കൊച്ചു പെൺകുട്ടിയിൽ നിന്നും വളർന്ന് ഇന്ന് താനൊരു ഭാര്യയായിരിക്കുന്നു.... "ചിന്നൂ.... എന്ത് ആലോചിച്ചു നടക്കുവാ....??" മുത്തശ്ശന്റെ ചോദ്യം കേട്ട് അവളൊന്ന് ഞെട്ടി... വരുത്തി തീർത്തൊരു ചിരി അദ്ദേഹത്തിന് സമ്മാനിച്ചു അവൾ. "ഞാൻ.... വെറുതെ ഓരോന്ന്....." "ആഹ് അതൊക്കെ പോട്ടെ ..... ചിന്നു വന്നൂന്ന് അറിഞ്ഞപ്പോൾ ബഷീർ പഴംപൊരി കൊടുത്തയച്ചിട്ടുണ്ട്....." കയ്യിലെ പൊതി തനിക്ക് നേരെ നീട്ടി മുത്തശ്ശൻ പറഞ്ഞു. സന്തോഷത്തോടെ അവളത് സ്വീകരിച്ചു.... 🌼🌼🌼

പോർച്ചിലേക്ക് വലിയ ശബ്ദത്തോടെ അവന്റെ കാർ ഇരച്ചു കയറി.... കാറിൽ നിന്നിറങ്ങി ഡോർ വലിച്ചടച്ചു.... സ്പെയർ കീ കൊണ്ട് വാതിൽ തുറന്ന് അകത്തു കയറി... ഹാളിലെ സോഫയിൽ ഇരിക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് അവൻ നെറ്റി ചുളിച്ചു. "നിങ്ങൾ ഉറങ്ങിയില്ലേ.....??" അവൻ ചോദിച്ചു. "ഉറക്കം വന്നാലല്ലേ ഉറങ്ങൂ...." അമ്മ പരിഭത്തോടെ പറഞ്ഞു. "എവിടെയായിരുന്നു നീ....." അച്ഛന്റെ ഗൗരവം നിറഞ്ഞ ശബ്ദം. "എന്ത് പറ്റി പതിവില്ലാത്തതാണല്ലോ......" സ്വരത്തിൽ പുച്ഛം കലർന്നിരുന്നു. "പതിവില്ലാത്തതൊക്കെ സംഭവിക്കും നിന്റെ സ്വഭാവം ഇങ്ങനെ ആയാൽ......" അല്പം ദേഷ്യത്തോടെ അദ്ദേഹം പറഞ്ഞു. "എത്ര തിരക്കുണ്ടേലും ആ ഫോൺ എടുത്ത് കാര്യം പറഞ്ഞൂടെ നിനക്ക്.... എത്ര തവണ വിളിച്ചു..... ഒരു കാര്യത്തിന് വിളിച്ചാൽ ഫോൺ എടുക്കില്ല ......" അമ്മ പരിഭവിച്ചു. "അതിന് മാത്രം എന്ത് സംഭവിച്ചു....." അവൻ അലസമായി ചോദിച്ചു. " നിനക്ക് അതത്ര സംഭവമാകില്ല.... പക്ഷെ ഞങ്ങൾക്ക് അങ്ങനെ അല്ലല്ലോ.... " അച്ഛൻ ഗൗരവം വെടിയാതെ പറഞ്ഞു. "ശിവമോളെ കാണാനില്ല.... രാവിലെ ക്ഷേത്രത്തിലേക്ക് പോവാണെന്ന് പറഞ്ഞു പോയതാ..... ഒത്തിരി നേരം കാത്തിരുന്നു.... വരേണ്ട സമയം കഴിഞ്ഞപ്പോൾ ഞാൻ നിന്നെ വിളിച്ചു.... കിട്ടാതെ ആയപ്പോൾ അച്ഛനെയും.... അച്ഛൻ അവിടെ പോയി അന്വേഷിച്ചു.... സുധിയേട്ടനെയും മീരയെയും വിളിച്ചു പറഞ്ഞിട്ടുണ്ട്....

അവരും അന്വേഷിച്ചു.... ഒരു വിവരവും ഇല്ലെന്ന അറിഞ്ഞേ....." അമ്മ പരിതപിച്ചു.. "അവള് അവളുടെ നാട്ടിലുണ്ട്....പോവുമ്പോൾ കമ്പനിയിൽ വന്നിരുന്നു..... പോവാണെന്ന് പറഞ്ഞു....." അലസമായി അവൻ പറഞ്ഞു. "നാട്ടിലേക്കോ.... എന്തേ ഞങ്ങളോട് പറഞ്ഞില്ല...." അമ്മയിൽ പരിഭവം നിറഞ്ഞു. "നിങ്ങളറിഞ്ഞാൽ അവളെ തനിയെ പോവാൻ വിടില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് പറയാതെ പോയത്...." അത്രയും പറഞ്ഞുകൊണ്ട് അവൻ റൂമിലേക്ക് കയറി വാതിലടച്ചു. അവൻ പോയ വഴിയേ നോക്കി ഇരുവരിൽ നിന്നും ഒരു നെടുവീർപ്പുയർന്നു.... "താൻ വെഷമിക്കാതെ.... ശിവമോള് ചെയ്തതിൽ തെറ്റില്ല.... ഈ യാത്രയെ കുറിച്ച് നമ്മളോട് പറഞ്ഞിരുന്നെങ്കിൽ ഒരിക്കലും നമ്മൾ സമ്മതിക്കില്ലായിരുന്നു..... അത് നമ്മുടെ സ്വാർത്ഥതയാണ്..... ഇനി നമ്മൾ സമ്മതിച്ചാലും സുധിയും മീരയും സമ്മതിക്കില്ല....." വിഷമിച്ചു നിൽക്കുന്ന പ്രഭയോട് വിനയൻ പറഞ്ഞു. ഒരു ദീർഘ നിശ്വാസം അവരിൽ നിന്നും ഉയർന്നു. വിനയൻ എണീറ്റ് തന്റെ റൂമിലേക്ക് കയറി... പുറകെ പ്രഭയും.... 🌼🌼🌼🌼🌼

അവളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്ന ആ അന്തരീക്ഷത്തിൽ അവനു വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു..... അവളില്ലായ്മ.... ആദ്യമായി മനസ്സ് അവളെ തേടി പോവുന്നു..... അവളുടെ സാമിപ്യം കൊതിക്കുന്നു.... ചിന്തകൾ അവളിൽ മാത്രമായി കുരുങ്ങി കിടക്കുന്നു..... എന്നോ സ്നേഹം തോന്നി തുടങ്ങിയിരുന്നു..... അല്ലെങ്കിലും തന്നെ ജീവനോളം സ്നേഹിക്കുന്ന പ്രണയിക്കുന്ന ഒരാളെ തിരിച്ചു സ്നേഹിക്കാതിരിക്കാൻ എങ്ങനെ കഴിയും...... പക്ഷെ പ്രണയത്തിലേക്കിനിയും ദൂരമുണ്ടെന്ന് താൻ വിശ്വസിച്ചു.... തെറ്റായിരുന്നു.... അവളുടെ അഭാവം തന്റെ മനസിലെ പ്രണയപുഷ്പങ്ങളെ വിടർത്തിയിരിക്കുന്നു.... പതിവില്ലാതെ അവളുടെ ഗന്ധത്തെ താൻ ഇഷ്ടപ്പെടുന്നു.... അവളെ കാണാൻ മനം കൊതിക്കുന്നു..... പതിയെ കണ്ണുകളടച്ചു കിടന്നു... അവന്റെ ചിന്തകളിൽ അവൾ ചേക്കേറി.... ******

"സർ..... ശിവാനി മാഡം വന്നിട്ടുണ്ട്....." കാബിനിലേക്ക് കയറി സാജൻ പറഞ്ഞുപ്പോൾ സംശയത്തോടെ തന്റെ നെറ്റി ചുളിഞ്ഞു. 'ശിവാനി.... അവളെന്തിനാ ഇപ്പൊ ഇവിടെ.....' ഒരു സംശയം ഉള്ളിൽ ഉടലെടുത്തു. "മം അകത്തേക്ക് വരാൻ പറയു...." സാജനോട് പറഞ്ഞു. അനുവാദം ചോദിച്ചവൾ അകത്തേക്ക് കയറി..... ഒരു കോട്ടൺ സാരിയാണ് വേഷം.... നെറ്റിയിൽ ചന്ദനം ചാർത്തിയിരുന്നു... അത് കണ്ടപ്പോൾ മനസിലായി ആൾ അമ്പലത്തിൽ പോയിട്ടുണ്ടെന്ന്... തന്നെ നോക്കി അവളവിടെ തന്നെ നിൽക്കുകയാണെന്നോർത്തപ്പോൾ നെറ്റിയിൽ ഒന്ന് തടവി ഇരിക്കാൻ പറഞ്ഞു. വരവിന്റെ ഉദ്ദേശം അറിയാൻ ചോദ്യഭാവത്തിൽ ഒന്ന് നോക്കി... തന്നിൽ നിന്നും ചോദ്യങ്ങൾ ഉയരുന്നതിന് മുൻപ് തന്നെ അവൾ സംസാരിച്ചു തുടങ്ങി... "ഞാൻ യാത്ര പറയാൻ വന്നതാണ്....." ഭാവഭേദമൊന്നുമില്ലാതെ അവൾ പറഞ്ഞു. "നാട്ടിലേക്ക് പോണം..... അമ്മമ്മേടേം മുത്തശ്ശന്റേം കൂടെ കുറച്ചു നാൾ....." മുഖത്ത് പതിവ് ശാന്തതയുണ്ട്. "നിങ്ങൾ ആവശ്യപ്പെട്ടത് എന്റെ മനസിലുണ്ട്....ഈ കാലമത്രയും മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു.... പക്ഷെ കഴിഞ്ഞില്ല.....ഈ സാമിപ്യം ഉള്ളപ്പോൾ എനിക്കതിന് കഴിയില്ല..... അതുകൊണ്ട് ഇപ്പൊ ഈ യാത്ര അനിവാര്യമാണെന്ന് തോന്നി.....

മനസ്സൊന്നു ശാന്തമായാൽ.... നിങ്ങളാഗ്രഹിക്കുന്നത് സാധിച്ചു തരാൻ എനിക്കാവുന്ന നാൾ ഞാൻ വരും....." തന്നിൽ നിന്നൊരു ചോദ്യം പ്രതീക്ഷിക്കാത്തതിനാൽ ആവാം അവൾ പറഞ്ഞു നിർത്തി. "അങ്കിളും ആന്റിയും അറിഞ്ഞിട്ടില്ല.... ഞാൻ പറഞ്ഞിട്ടില്ല..... അറിഞ്ഞാൽ എന്നെ പോവാൻ അനുവദിക്കില്ല..... പറയാതെ പോവുന്നതിൽ അവർ വെഷമിക്കും അറിയാം..... പക്ഷെ എനിക്ക് വേറെ വഴിയില്ല.....അച്ഛനും അമ്മയും അറിഞ്ഞാൽ അവരീ യാത്ര ഏതുവിധേനെയും മുടക്കും......" അത്രയും പറഞ്ഞു നേർത്ത ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ നടന്നകന്നു.... ആ പുഞ്ചിരി അവന്റെ കണ്ണുകളിൽ തെളിഞ്ഞു.... അവൻ കണ്ണുകൾ ചിമ്മി തുറന്നു... അവനൊന്നു ചുറ്റും നോക്കി.... അരികിലെവിടെയോ പ്രതീക്ഷയോടെ തന്നിലേക്ക് മിഴികൾ നട്ടിരിക്കുന്നത് പോലെ തോന്നി.... അവനൊന്നു തല കുടഞ്ഞു.... എന്ത് കൊണ്ട് അവളിൽ മാത്രം തന്റെ ചിന്തകൾ കുരുങ്ങി കിടക്കുന്നു.....??

അവനിൽ നിന്നൊരു ചോദ്യമുയർന്നു... ബെഡിനോട് ചേർത്തിട്ട ചെറിയ ടേബിളിൽ ഇരിക്കുന്ന സിഗരറ്റ് പാക്കറ്റിൽ നിന്നും ഒന്ന് പുറത്തെടുത്ത് കടിച്ചു പിടിച്ചു.... ലൈറ്റെർ കത്തിച്ചു തീകൊളുത്താൻ ഒരുങ്ങവേ ഏതോ ഓർമയിൽ അവനത് അണച്ചു... കടിച്ചു പിടിച്ച സിഗരറ്റ് ചുരിട്ടിയെറിഞ്ഞു.... അവളിലെ പ്രണയപുഷ്പ്പങ്ങളെ തല്ലി കൊഴിച്ചിടുമ്പോൾ അറിഞ്ഞില്ല അവൾക്കായ് ഈ ഹൃദയത്തിൽ ഒരു വസന്തകാലം വിടരുമെന്ന്.....!! 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 കൊണ്ടുവന്ന ചെറിയ ബാഗ് തുറന്ന് അതിൽ നിന്നും ഫോൺ കയ്യിലെടുത്തു.... പലരുടെയും കാൾ തേടിവരുമെന്ന് അറിഞ്ഞത് കൊണ്ട് ഓഫ്‌ ആക്കി വെച്ചിരുന്നു.... കുറച്ചു നേരത്തെ ആലോചനക്ക് ശേഷം അവളത് ഓൺ ചെയ്തു.... മിസ്സ്‌ കോളിന്റെയും മെസ്സേജിന്റെയും മഹാസാഗരം ആയിരുന്നു.... അവളൊന്ന് നെടുവീർപ്പിട്ടു... അടുത്ത സുഹൃത്തുക്കളിൽ നിന്നും കാൾ വന്നിട്ടുണ്ട്..... കാണാതെ ആയപ്പോൾ എല്ലാവരെയും വിളിച്ചു കാണും.... എന്തേ മുത്തശ്ശനെ വിളിച്ചില്ല.... ഒന്ന് സംശയിച്ചു. "ചിന്നൂ.... കഴിക്കാം.... നേരം ഒരുപാടായി മുത്തശ്ശൻ കാത്തിരിക്കുന്നുണ്ട്....." അമ്മമ്മയുടെ ശബ്ദം കേട്ടപ്പോൾ അവൾ ചിന്തകളിൽ നിന്നുണർന്നു. "ഉവ്വ്... ദാ വരുണു..." 🌼🌼🌼🌼🌼

" മോള് ഹരിയെ വിളിച്ചില്ലേ ഇവിടെ എത്തിയെന്നു പറഞ്ഞാരുന്നല്ലോ അല്ലെ....?? " കഴിക്കുന്നതിനിടെ മുത്തശ്ശൻ ചോദിച്ചു. "ഉവ്വ്...." പറയുന്നത് കള്ളമായതിനാൽ പ്ലേറ്റിലേക്ക് നോക്കിയാണ് മറുപടി നൽകിയത്... അത്താഴത്തിന് ശേഷം പൂമുഖത്തിരുന്നു മൂവരും.... പഴയ ഓർമ്മകൾ അയവിറക്കി.... നിർത്താതെയുള്ള ഫോൺ റിങ് കേട്ട് ഈർഷ്യയോടെ അവൾ എണീറ്റു... കുറച്ചു നടന്ന് തിരിഞ്ഞു നോക്കിയപ്പോൾ പരസ്പരം എന്തോ പറഞ്ഞു ചിരിക്കുന്ന മുത്തശ്ശനെയും അമ്മമ്മയെയും കണ്ടപ്പോൾ നേർമയാർന്നൊരു പുഞ്ചിരിയവളിൽ സ്ഥാനം പിടിച്ചു... അവരിപ്പോഴും പ്രണയിക്കുകയാണ്.... കളങ്കമില്ലാതെ.... മത്സരിച്ച്.... കൂടുതൽ ശക്തിയോടെ.....!! "ചിന്നുമോൾക്കൊരു വെഷമം ഉള്ളപോലെ നിങ്ങൾക്ക് തോന്നിയോ....." അവൾ പോയവഴിയേ നോക്കി അമ്മമ്മ മുത്തശ്ശനോട് ആരഞ്ഞു. " മം..... തോന്നി.....കല്യാണത്തിന് ശേഷം ആദ്യമായല്ലേ അവര് പിരിഞ്ഞ് നിൽക്കുന്നെ അതിന്റെ വെഷമം ആവും...." മുത്തശ്ശൻ സമാധാനപ്പെടുത്തി.... " ആഹ് അത് ശരിയാ.... " അമ്മമ്മ ശെരി വെച്ചു. "മതി മഞ്ഞുണ്ട് അകത്തേക്ക് പോവാം... തനിക്ക് വയ്യാണ്ടായാൽ ശരിയാവില്ല...." അമ്മമ്മയെ എണീപ്പിച്ചു മുത്തശ്ശൻ പറഞ്ഞു. അമ്മമ്മ ചിരിയോടെ എണീറ്റു. 🌼കാത്തിരിക്കാം🌼 🌼ശ്രീ🌼

Share this story