ഇനിയൊരു വസന്തകാലം: ഭാഗം 10

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

"ചിന്നൂ... മോളെ..." അമ്മമ്മയുടെ ശബ്ദം കേട്ട് അവൾ കണ്ണുതുറന്നു... അവളൊന്ന് ചുറ്റും നോക്കി... ഇത്ര നേരം താൻ ഇവിടെ ഇരിക്കുകയായിരുന്നു... ചിന്തകളെ സഞ്ചരിക്കാൻ വിട്ട് അവൾ എപ്പോഴോ മയങ്ങി പോയിരുന്നു.. "മോളെന്താ ഇവിടെ ഇരുന്നുറങ്ങിയേ..." അമ്മമ്മ ചോദിച്ചു. "ഓരോന്നാലോചിച്ച് ഇരുന്ന് ഉറങ്ങിപോയതറിഞ്ഞില്ല..." "മ്മ് വാ... എന്തേലും കഴിച്ചോ നീയ്...?? " "ഇല്ല .... ഒറ്റയ്ക്കായപ്പോ കഴിക്കാൻ തോന്നീല... അല്ല മുത്തശ്ശൻ എവിടെ..." "മുത്തശ്ശൻ തൊടിയിലേക്കിറങ്ങി... അവിടെ ഒരു വാഴ വീണുകിടപ്പുണ്ട്...എന്നാലും നീ ഇത്രനേരം കഴിക്കാതെ ഇരുന്നല്ലോ മോളെ... വാ അമ്മമ്മ എടുത്തു തരാം...." അവളെയും ചേർത്തുപിടിച്ച് അവർ അകത്തേക്ക് നടന്നു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "നിന്നെ കൊണ്ടുവരാത്തതിന് പരാതി ആയിരുന്നു നളിനിക്ക്... " കഴിക്കാനിരുന്നപ്പോൾ അമ്മമ്മ പറഞ്ഞു... അവൾ ചിരിച്ചു. കല്യാണവിശേഷങ്ങൾ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു അമ്മമ്മ... കേൾക്കാൻ അവൾക്കും രസമായിരുന്നു... അപ്പോഴായിരുന്നു കയ്യിലൊരു വാഴക്കുലയുമായി മുത്തശ്ശന്റെ വരവ്... "മോള് ഇപ്പൊ കഴിക്കുന്നേയുള്ളൂ...??" മുത്തശ്ശൻ ആരാഞ്ഞു.. "ഉവ്വ്... വിശപ്പ് തോന്നീല..." കുറച്ചു നേരം മൂന്നു പേരും കൂടെ കഥപറഞ്ഞിരുന്നു... ചായയും കുടിച്ച് മുത്തശ്ശൻ കവലയിലേക്കിറങ്ങി...

അവിടെ അതേ പ്രായക്കാരുമായുള്ള കഥപറച്ചിലും നാട്ടുവിശേഷങ്ങളും പങ്കുവെച്ചു കഴിഞ്ഞ് പലഹാരപൊതിയുമായ് അദ്ദേഹം തിരിച്ചുവരുന്നത് വരെ മുത്തശ്ശിയുടെ മടിയിൽ.. ചുളിവ് വീണ ആ കരലാളനങ്ങളിൽ മതിമറന്ന് അവൾ മയങ്ങി.. ഒരുമിച്ചിരുന്നു അത്താഴം കഴിക്കുമ്പോഴും ആ സന്തോഷം മൂവരിലും നിറഞ്ഞു നിന്നു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അടുക്കളയിൽ നിന്നും ഇടയ്ക്കിടെ പൂമുഖത്തേക്ക് വന്ന് പടിപ്പുരയിലേക്ക് നോക്കും പിന്നെ തിരികെ നടക്കും... വീണ്ടും അവളത് തുടർന്നു... "അവരെന്താ ഇത്ര നേരമായിട്ടും വാരാത്തത്... എത്താറായി എന്ന് പറഞ്ഞിട്ട് ഇതിപ്പോ എത്ര സമയമായി...." കറിയിലേക്ക് വറവ് പകർത്തുമ്പോഴായിരുന്നു ചിന്നുവിന്റെ ചോദ്യം.. "എന്റെ മോളെ അവരിങ്ങെത്തും... " അമ്മമ്മ പറഞ്ഞു തീർന്നതും മുറ്റത്തൊരു വാഹനം വന്നു നിന്നതും ഒരുമിച്ചായിരുന്നു... കേൾക്കേണ്ട താമസം ചിന്നു ഓടി പൂമുഖത്തെത്തി.. ഒരു കൊച്ചു പെണ്ണിനേയും തോളത്തേറ്റി ഇറങ്ങി വരുന്ന നീലിമയെ ചിന്നു കണ്ണെടുക്കാതെ നോക്കി നിന്നു... മറുവശത്തു നിന്നും ഒരു ചെറുപ്പക്കാരനും ഇറങ്ങി... മുറ്റത്തേക്കിറങ്ങി പരസ്പരം സ്നേഹപ്രകടനങ്ങൾ നടത്തി ഇരുവരെയും അകത്തേക്ക് ക്ഷണിച്ചു ചിന്നു... നാളുകൾക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച... നീലിമ വിവാഹം കഴിഞ്ഞ് ഭർത്താവ് പ്രവീണിനോടൊപ്പം വിദേശത്താണ്...

അവർക്കൊരു മകളാണ് 'വേദ'.. ഏഴുമാസം പ്രായമേ ആയുള്ളൂ... ചിന്നു കുഞ്ഞിനെ കൈയ്യിലെടുത്തു... ഉറക്കത്തിന് ചെറിയ ഒരു തടസ്സം തോന്നിയത് കൊണ്ടാവും അവളൊന്ന് ചിണുങ്ങി... പിന്നെ ചുണ്ടുകൂർപ്പിച്ചു വീണ്ടും ഉറക്കം പിടിച്ചു.. മുടങ്ങാതെ വിളിച്ചിരുന്നതായിരുന്നു നീലിമയെ ഇവിടെ വന്നതിന് ശേഷം അൽപ്പം കുറിഞ്ഞിരുന്നു....ഇന്നലെ വിളിച്ചപ്പോൾ ആണ് പറഞ്ഞത് നീലിമ കാണാൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന്... അത് കേട്ടത് മുതൽ നിലത്തൊന്നും ആയിരുന്നില്ല ചിന്നു ... രാവിലെ നേരത്തെ എണീറ്റ് അവർക്ക് വേണ്ടതെല്ലാം ഒരുക്കാൻ അമ്മമ്മയോടൊപ്പം ഓടി നടക്കുകയായായിരുന്നു... നീലിമ ചിന്നുവിനോടൊപ്പം അകത്തേക്ക് നടന്നപ്പോൾ പ്രവീൺ മുത്തശ്ശനോടൊപ്പം ഇരുന്നു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "ആഹാ ഒരുപാട് വിഭവങ്ങൾ ഉണ്ടല്ലോ..." പാത്രങ്ങൾ ഓരോന്ന് തുറന്നു നോക്കി നീലിമ ചോദിച്ചു. "പിന്നല്ല... ഏകദേശം എല്ലാതും റെഡി ആയി... ഇനി ചിക്കൻ കറി കൂടി ആവാനുള്ളു...." അടുപ്പത്തിരുന്നു തിളയ്ക്കുന്ന കറി ഒന്ന് ഇളക്കി അവൾ പറഞ്ഞു. ചില്ലുപാത്രം തുടച്ച്... അമ്മമ്മയുടെ പലഹാരപാത്രം തുറന്ന് അച്ചപ്പവും മുറുക്കും പാത്രത്തിലേക്കിട്ടു... അതുകൊണ്ട് ഊൺ മേശയിലേക്ക് നടക്കുമ്പോൾ ആവി പറക്കുന്ന ചായയും കൊണ്ട് അമ്മമ്മ മുന്നിൽ നടന്നിരുന്നു...

"നിങ്ങളെന്തെ ഇത്ര വൈകിപോയെ പ്രവീണേട്ടാ...." ചിന്നു ചോദിച്ചു. "ചെറുതായൊന്ന് വഴി തെറ്റി... തന്റെ കല്യാണത്തിന് വന്ന പരിചയം വെച്ചിട്ടല്ലേ യാത്ര പുറപ്പെട്ടത്...." ചിരിയോടെ പ്രവീൺ പറഞ്ഞു. "ഇവിടെ എത്തുന്നത് വരെ ഒരു സമാധാനവും ഉണ്ടാർന്നില്ല ചിന്നൂന്.... പടിപ്പുരയിലേക്ക് നോക്കി നിൽപ്പായിരുന്നു...." അമ്മമ്മയാണ്.. "അതില് തെറ്റ് പറയാൻ ആവില്ല... ആരെങ്കിലും വരുന്നുണ്ടെന്ന് പറഞ്ഞാൽ പിന്നെ ഇങ്ങെത്തുന്നത് വരെ സമാധാനം ഉണ്ടാവില്ല്യ...." മുത്തശ്ശൻ പറഞ്ഞു. ചായകുടിച്ചു കഴിഞ്ഞപ്പോൾ മുത്തശ്ശൻ പ്രവീണിനെയും കൊണ്ട് തൊടിയിലേക്കിറങ്ങി കൃഷിയൊക്കെ കാണിച്ചു കൊടുക്കാൻ... ചിന്നുവും നീലിമയും അമ്മമ്മയോടൊപ്പം അടുക്കളയിൽ കൂടി... പിന്നീട് അമ്മമ്മയെ പറഞ്ഞു വിട്ട് രണ്ടുപേരും അടുക്കള ഭരണം ഏറ്റെടുത്തു... വേദ അമ്മമ്മയുടെ ചുളിവ് വീണ മാറിൽ പറ്റിച്ചേർന്നു കിടന്നു മോണകാട്ടി ചിരിച്ചു...അമ്മമ്മ അവളെ കൊഞ്ചിക്കുന്നത് കണ്ടപ്പോൾ ചിന്നുവിന് തന്റെ കുട്ടിക്കാലം ഓർമയിൽ വന്നു... ആ മാറിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞിരുന്ന നാളുകൾ ഓർമയിലെത്തി... പിന്നീട് കഥകൾ പറഞ്ഞ് കവിതകൾ ചൊല്ലി ചിരിപ്പിച്ചിരുന്നതും ഓർമയിൽ വന്നു... "ശിവാ... " ചുമലിൽ ഒന്ന് തട്ടി നീലിമ വിളിച്ചു...

"നീയിതെന്ത് ആലോചിച്ചു നിക്കുവാ പെണ്ണെ... കൈ നീട്ടിക്കേ എന്നിട്ട് ഇതൊന്ന് രുചിച്ചു നോക്ക്...." തവി അവൾക്ക് മുന്നിലേക്ക് നീട്ടി നീലിമ ചോദിച്ചു.. "സ്സ്.... നല്ല എരി.... പക്ഷെ സ്വാദുണ്ട്...." "അയ്യോ... എരിവുണ്ടോ ഒത്തിരി... " "നല്ല എരിവുണ്ടെങ്കിൽ ഇത്തിരി തേങ്ങാപാല് ചേർത്താൽ മതി അത് പാകമായിക്കോളും...." അമ്മമ്മ പറഞ്ഞു. തേങ്ങപ്പൊതിച്ച് ചിരകിയെടുത്ത് പാലു പിഴിഞ്ഞെടുത്ത് കറിയിലേക്കൊഴിച്ചു... അല്പമെടുത്ത് രുചിച്ചു നോക്കി രണ്ടുപേരും... "ആഹാ ചിക്കൻ കറി സൂപ്പർ ആയിട്ടുണ്ട്...." ചിന്നു പറഞ്ഞു. പണിയൊഴിഞ്ഞപ്പോൾ അടുക്കള വൃത്തിയാക്കി മൂവരും പൂമുഖത്തേക്ക് നടന്നു.... മുത്തശ്ശനും പ്രവീണും കൈനിറയെ പച്ചക്കറിയുമായി തൊടിയിൽ നിന്നും കയറി വന്നു... "നിങ്ങൾക്ക് കൊണ്ടുപോവാൻ ഉള്ളതാ... വിഷം ചേർക്കാത്തതാണ്... പാകമായതൊക്കെ പറിച്ചു...." മുത്തശ്ശൻ പറഞ്ഞു.. "വേണ്ടെന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ....പിന്നെ മുത്തശ്ശൻ സ്നേഹത്തോടെ പറയുമ്പോൾ നിരസിക്കാൻ തോന്നിയില്ല...." തിണ്ണയിലേക്കിരുന്ന് പ്രവീൺ പറഞ്ഞു.. വേദ അച്ഛനെ കണ്ട് അമ്മമ്മയുടെ മടിയിൽ കിടന്നു കൈകാലിട്ടടിച്ചു... "പെണ്ണ് അമ്മമ്മയോട് കൂട്ടായല്ലോ...." പ്രവീൺ പറഞ്ഞു.. "പിന്നെ... ഞങ്ങളെപ്പോഴേ കൂട്ടാ... അല്ലേടി കുഞ്ഞിപ്പെണ്ണേ...." അമ്മമ്മ അവളെ താലോലിച്ചു.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

"ശിവാ.... രണ്ടുപേരും പിരിയാൻ തന്നെ തീരുമാനിച്ചോ...?? കുഞ്ഞിന് പാലുകൊടുക്കാൻ റൂമിലേക്ക് പോയതായിരുന്നു അവർ... "മ്മ്... ഹരിയേട്ടനെന്നെ അംഗീകരിക്കാൻ കഴിയില്ലെടാ...ഒരേ മുറിയിൽ പരസ്പരം മിണ്ടാതെ...ഇത്രയും പിടിച്ചു നിന്നില്ലേ ഞാൻ ഇനിയെനിക്ക് വയ്യ... " അവളിൽ നിസ്സഹായത നിറഞ്ഞു.. "ഹ്മ്മ്... നിനക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്‌താൽ മതി... ഇങ്ങനൊരു ജീവിതം അത് മടുപ്പ് തന്നെയാണ്... " "ഹരിയേട്ടൻ എന്നെങ്കിലും എന്നെ സ്നേഹിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു നീലു... ആദ്യമൊക്കെ ദേഷ്യമായിരുന്നു എന്നോട്... എന്തെങ്കിലും പറഞ്ഞാൽ മൗനം പാലിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്... പിന്നെ ചിലതൊക്കെ കേൾക്കുമ്പോൾ.. കാണുമ്പോൾ തുറന്നു പറഞ്ഞിട്ടുമുണ്ട്.... ഈയിടെ ആയി ദേഷ്യമൊന്നും ഇല്ല... സംസാരവും ഇല്ല... വഴക്കിടാൻ പോലും വരാറില്ല...അതാ ഞാൻ ഇങ്ങോട്ട് പോന്നത്..." ആരോടെങ്കിലും ഒന്ന് തുറന്നു സംസാരിക്കണമെന്ന് അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു എന്ന് തോന്നി നീലിമയ്ക്ക്... വിശേഷങ്ങൾ പറഞ്ഞ് കുറച്ചു നേരം കൂടി അവിടിരുന്നു... അപ്പോഴേക്കും കുഞ്ഞിവയറ് നിറഞ്ഞ സന്തോഷം വേദയും പ്രകടിപ്പിച്ചു... എല്ലാരും ഒന്നിച്ചിരുന്നു ഊണ് കഴിച്ചു... ഈ സമയം കൊണ്ട് പ്രവീൺ മുത്തശ്ശനോട് നല്ല കൂട്ടായിരുന്നു...

അതുകൊണ്ട് പ്രവീണിനും അവിടെ ചിലവഴിച്ച നിമിഷങ്ങളിൽ മടുപ്പ് തോന്നിയില്ല... ഉച്ചയ്ക്ക് ശേഷം വേദമോളെയും കൊണ്ട് നാടുചുറ്റാനിറങ്ങി... ചിന്നു പഠിച്ച സ്കൂളും, കളിച്ച തൊടികളും നടന്ന ഇടവഴികളും കണ്ട് അവസാനം കവലയിലെത്തി ബഷീറിക്കാന്റെ ചായക്കടയിൽ നിന്നും മൊരിഞ്ഞ പരിപ്പുവടയും ചായയും കുടിച്ച് നാരായണേട്ടന്റെ പീടികയിലെ ഭരണിയിൽ നിന്നും ഒരുപിടി നാരങ്ങാ മിട്ടായിയും വാങ്ങി തിരികെ നടന്നു... തറവാട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ നിന്നും ഇലയടയുടെ കൊതിയൂറുന്ന മണം വായുവിൽ കലർന്നു... തീരാത്ത വിശേഷങ്ങൾക്ക് ഭംഗം വരുത്തി അവർ യാത്ര പറഞ്ഞു.... ഒത്തിരി വൈകിയാണ് അവരിറങ്ങിയത്... ഒരു ദിവസം ഇവിടെ താമസിക്കാം എന്ന് പറഞ്ഞെങ്കിലും സ്നേഹത്തോടെ അവരത് നിരസിച്ചു... ഇനിയും വരണമെന്ന് അമ്മമ്മയും മുത്തശ്ശനും അവരെ ഓർമിപ്പിച്ചു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "നീയെന്താ തനിയെ...മുരളി എവിടെ...." അമ്മമ്മ ചോദിച്ചു.. "എന്നെ ഇവിടെ ഇറക്കിയിട്ട് പോയി.... അത്യാവശ്യമായി ആരെയോ കാണാൻ ഉണ്ടെന്ന്..." രേഖ പറഞ്ഞു..

"ആഹ്... എന്താപ്പോ വിശേഷിച്ച്... അല്ല ഇന്നേരത്ത് വന്നതുകൊണ്ട് ചോദിച്ചതാ..." "ഒരു വിശേഷം ഉണ്ടമ്മേ... മനുവിന് ഒരു കാര്യം ഒത്തുവന്നിട്ടുണ്ട്...." രേഖ സന്തോഷത്തോടെ പറഞ്ഞു.. "ഉവ്വോ.... അല്ല എവിടുന്നാ കാര്യം... നല്ല കൂട്ടരാണോ...." "കുറച്ചു ദൂരെയാ.... ഇന്ന് ഞാനും മുരളിയേട്ടനും ബ്രോക്കെറും കൂടെ ഒന്ന് പോയി കണ്ടു... നല്ല കുട്ടിയാ അമ്മേ... കുടുംബവും നല്ലതാണെന്നു തോന്നുന്നു..." അവരത് പറയുമ്പോഴായിരുന്നു ചിന്നു അകത്തു നിന്നും വന്നത്... "ആഹ് അമ്മായി ഇതെപ്പോ വന്നു...." "ഇപ്പൊ എത്തിയെ ഉള്ളു...." അവർ ചിരിച്ചു. "മനുവിന് ഒരു കാര്യം ശരിയായിട്ടുണ്ടത്രേ ചിന്നു..." അമ്മമ്മ സന്തോഷത്തോടെ പറഞ്ഞു. "ആഹാ... എന്നിട്ട് അവന് ഇഷ്ടായോ പെൺകുട്ടിയെ...." "മ്മ് ഫോട്ടോ കണ്ടപ്പോ ഇഷ്ടായെന്ന് പറഞ്ഞു... അവർക്കും ഫോട്ടോ കണ്ടപ്പോ മനുവിനെ ബോധിച്ചിട്ടുണ്ട്... മനു രണ്ടൂസം ലീവെടുത്ത് വരാമെന്നു പറഞ്ഞിട്ടുണ്ട്... വന്നാൽ ആദ്യം ആണുങ്ങൾ എല്ലാരും കൂടൊന്ന് പോയി കണ്ടോട്ടെ അല്ലെ അമ്മേ...." രേഖ പറഞ്ഞു. "ആഹ്... അങ്ങനെയാവട്ടെ... നീ അകത്തേക്ക് വാ... ചായ കുടിക്കാം..." മൂവരും കൂടി അകത്തേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ മുരളിയും മുത്തശ്ശനും കൂടി വന്നു.... മനുവിന്റെ വിവാഹകാര്യം ആയിരുന്നു അന്നത്തെ ചർച്ച... അമ്മാവൻ അപ്പൊ തന്നെ സുധിയേയും മീരയേയും വിളിച്ച് ആ കാര്യം അവതരിപ്പിച്ചു... രാത്രി അത്താഴം കഴിഞ്ഞായിരുന്നു ഇരുവരും തിരികെ പോയത്...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story