ഇനിയൊരു വസന്തകാലം: ഭാഗം 11

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

"അമ്മാ...നാളെ നമുക്കൊന്ന് ക്ഷേത്രത്തിൽ പോയാലോ.....??" ഹരിയുടെ ചോദ്യം കേട്ട് അത്ഭുതത്തോടെ പ്രഭ അവനെ നോക്കി... "എന്താ പറഞ്ഞത്....??" അവർ ചോദിച്ചു... തന്റെ നിർബന്ധം കൊണ്ട് മാത്രം ക്ഷേത്രത്തിൽ വന്നിരുന്നയാളാണ് ഇന്ന് ഇങ്ങോട്ട് ചോദിച്ചിരിക്കുന്നത്... അത്ഭുതം മഹാത്ഭുതം.. "നാളെയൊന്ന് ക്ഷേത്രത്തിൽ പോവണം... അച്ഛനോടും പറയണേ..." അവൻ പറഞ്ഞു.. "മ്മ്... പോവാം..." അവർക്ക് സന്തോഷം തോന്നി.. പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് മൂവരും ക്ഷേത്രത്തിൽ പോയി... ഒരുപാട് നാളുകൾക്കു ശേഷമാണ് ഒരുമിച്ചുള്ള ഈ യാത്ര... എവിടേക്കെങ്കിലും പോവാനുണ്ടെങ്കിൽ ഹരിയേയും ശിവയേയും നിർബന്ധിച്ചു പറഞ്ഞയക്കാറാണ് പതിവ്... അങ്ങനെയെങ്കിലും അവർക്കിടയിലെ അകലം ഒന്ന് കുറഞ്ഞെങ്കിലോയെന്ന് കരുതി... പക്ഷെ ഫലമുണ്ടായില്ല.... പ്രഭ പരിതപിച്ചു... ഹരിയുടെ കണ്ണുകൾ അമ്മയുടെ മുഖത്ത് ഓടി നടന്നു... അവരിൽ മാറി മാറി വരുന്ന ഭാവങ്ങളെ അവൻ ചൂഴ്ന്നു നോക്കി... അമ്മയുടെ ഉള്ളിൽ ഇപ്പോൾ താനും ശിവാനിയും ആയിരിക്കും... തങ്ങളെ കുറിച്ചുള്ള ആശങ്കകൾ ആയിരിക്കും....

ശ്രീകോവിലിനുള്ളിലേക്ക് നോക്കി നിൽക്കുമ്പോൾ അവനാദ്യമായി പ്രാർത്ഥിച്ചു അവൾക്ക് വേണ്ടി... തങ്ങൾക്ക് വേണ്ടി... സ്വയം നഷ്ടപ്പെടുത്തിയ വസന്തം തിരികെ ലഭിക്കണമേയെന്ന്... തൊഴുതിറങ്ങി കാറിലേക്ക് കയറിയപ്പോൾ വിനയന്റെ ഫോൺ ശബ്ദിച്ചു... അദ്ദേഹം ഫോൺ എടുത്തു നോക്കി... സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ട് അയാളുടെ മുഖം വിടർന്നു... "ശിവമോളാ...." പ്രഭയോട് പറഞ്ഞ് അദ്ദേഹം ഫോണെടുത്തു..പ്രഭയുടെ കണ്ണുകൾ തിളങ്ങി.. ഹരിയുടെ കാതുകളിൽ ആ പേര് പതിഞ്ഞു... അവന്റെ ഹൃദയം മുറവിളി കൂട്ടി... ആദ്യമായി ആ പേര് കേൾക്കുമ്പോൾ തന്നിൽ മാറിമറയുന്ന വികാരങ്ങളെ അവനൊരു കൗതുകത്തോടെ അറിഞ്ഞു... ആ ഫോൺ കാളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു... കാത് കൂർപ്പിച്ചു... "അതേ മോളെ ഞങ്ങൾ മൂന്നുപേരും കൂടെയാ വന്നത്..." വിനയൻ പറഞ്ഞു. "മ്മ്... ഹരിയേട്ടാനൊന്ന് ഫോൺ കൊടുക്കുവോ... " മടിയോടെ അവൾ പറഞ്ഞു.. "ആഹ്... ഒരു മിനിറ്റ്... ഹരി നിനക്കാ കാൾ..." ഹരി അമ്പരന്നു... പ്രഭയും.. "എനിക്കോ...??" അവൻ അത്ഭുതത്തോടെ ചോദിച്ചു..

"മ്മ്... ശിവമോൾക്ക് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്...." അവൻ മടിയോടെ ഫോൺ വാങ്ങി ചെവിയോട് ചേർത്തു... "ഹലോ..." അവൻ പറഞ്ഞു. "ഞാനാണ് ശിവാനി... ബുദ്ധിമുട്ടിക്കാൻ വിളിച്ചതല്ല... മുത്തശ്ശൻ പറഞ്ഞിട്ട് വിളിച്ചതാ... ഇത്തവണ ഓണം ഇവിടെ കൂടാം എന്ന് പറഞ്ഞു... ഹരിയേട്ടനെ വിളിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു... വിളിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല... ഇവരുടെ സന്തോഷം കെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഞാൻ മുത്തശ്ശന് ഫോൺ കൊടുക്കാം... എന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞു മാറിയാൽ മതി... മുത്തശ്ശൻ ചിലപ്പോൾ പരിഭവിയ്ക്കും എന്നാലും സാരമില്ല കുറച്ചു നേരത്തേക്കേ ഉണ്ടാവൂ..." മറുപടിയ്ക്കൊന്നും കാത്തു നില്കാതെ മുറ്റത്തു നിന്നും പൂമുഖപടിയിലേക്ക് കയറി ഫോൺ മുത്തശ്ശന് കൈമാറി.. "മോനെ ഹരി... ചിന്നു പറഞ്ഞല്ലോ കാര്യം... ഇത്തവണ ഓണം ഇവിടെ കൂടാം... മോൻ നേരത്തെ വരില്ലേ..." മുത്തശ്ശൻ പറഞ്ഞു. അവനൊരു നിമിഷം എന്ത്‌ പറയണമെന്ന് അറിയാതെ നിന്നു... "ഞാൻ... ഞാൻ വരാം മുത്തശ്ശാ..." അവൻ പറഞ്ഞു.. "സന്തോഷായി മോനെ... ഞങ്ങൾ കാത്തിരിക്കും.... ഞാൻ മോൾക്ക് കൊടുക്കാം..."

"വെറുതെ ആഗ്രഹം കൊടുക്കേണ്ടിയിരുന്നില്ല...." അത്രയും പറഞ്ഞവൾ ഫോൺ വെച്ചിരുന്നു... അവന് വല്ലാത്ത വിഷമം തോന്നി... നഷ്ടബോധം മനസ്സിനെ കാർന്നു തിന്നുന്നു... അവഗണനയുടെ നോവറിയുന്നു... എത്രമേൽ നീ വേദനിച്ചിരുന്നു എന്നറിയുന്നു ഞാൻ... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ഹാളിലെ സോഫയിൽ ഇരിക്കുമ്പോൾ പലവിധം ചിന്തകളിൽ കുരുങ്ങി കിടക്കുകയായിരുന്നു ഹരിയുടെ മനസ്സ്... ഒടുവിൽ ചിന്തകൾക്ക് കടിഞ്ഞാണിട്ട് അവൻ ഫോൺ കയ്യിലെടുത്തു ഒരു നമ്പറിലേക്ക് വിളിച്ചു...മറുവശം കാൾ കണക്റ്റ് ആയി.. "ദിയാ... നീയൊന്ന് എന്റെ കൂടെ പുറത്തേക്ക് വരുമോ... ഒരു കാര്യം പറയാനുണ്ട്...." "ആഹ് വരാലോ...ഇന്നോ...?? "അല്ല നാളെ മതി... ഇന്ന് നേരം ഒരുപാട് ആയില്ലേ..." "മ്മ്... അപ്പൊ നാളെ കാണാം... ബൈ ഏട്ടാ..." കാൾ കട്ട് ആയതും അവൻ ഫോണിലെ സ്ക്രീനിലേക്ക് നോക്കി താനും ശിവാനിയും... ദിയ അയച്ചു തന്ന ഫോട്ടോ... എന്തോ ആ ഫോട്ടോ അവനൊത്തിരി ഇഷ്ടപ്പെട്ടിരുന്നു.. അവളുടെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ് താൻ.. പക്ഷെ വെറുപ്പോടെ ആണെന്ന് മാത്രം...

അതുപോലെ ആ മുഖത്തേക്കൊന്ന് ഉറ്റുനോക്കണം പക്ഷെ വെറുപ്പോടെയല്ല.. തികഞ്ഞ പ്രണയത്തോടെ... അവൻ പുഞ്ചിരിച്ചു... മനോഹരമായി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അടുത്ത ദിവസം രാവിലെ തന്നെ ദിയ അവനെ കാണാൻ എത്തിയിരുന്നു.... ഒരു കോഫി ഷോപ്പിലെ ടേബിളിന് ഇരുവശത്ത് അവർ ഇരുന്നു... "നമ്മൾ വന്നിട്ട് ഒരു മണിക്കൂർ കഴിഞ്ഞു...എന്താ ഏട്ടാ പറയാനുണ്ടെന്ന് പറഞ്ഞത്....??" കോഫി കപ്പ് ചുണ്ടോട് ചേർക്കുന്നതിനിടെ അവൾ ചോദിച്ചു.. അവൻ വാക്കുകൾക്കായി പരതി.. എന്ത്‌ പറയും.. എങ്ങനെ പറയും... ആകെ ഒരു വീർപ്പുമുട്ടൽ... വീണ്ടും തുടർന്ന മൗനം അവൻ ഭേദിച്ചു... "ഞാനിപ്പോൾ ശിവാനിയെ ഒരുപാട് സ്നേഹിക്കുന്നു ദിയാ... അവളെ പ്രണയിക്കുന്നു..." അവന്റെയാ വാക്കുകൾ അവളിൽ സൃഷ്ടിച്ചത് ആനന്ദമായിരുന്നു.. "അവളെനിക്കൊരു പാഠപുസ്തകം ആയിരുന്നു... അത് ഞാൻ മനസിലാക്കിയത് അവൾ അകന്നപ്പോഴും... ഇപ്പൊ ഞാനൊരുപാട് കൊതിക്കുന്നു എന്റെ ഇഷ്ടം പറയാൻ...അവളെയൊന്ന് ചേർത്തു പിടിക്കാൻ... പക്ഷെ.... പക്ഷെ എന്തൊക്കെയോ എന്നെ പുറകോട്ടു വലിക്കുന്നു...." അവൻ നിരാശപ്പെട്ടു... "എനിക്കറിയായിരുന്നു എന്നെങ്കിലും ഏട്ടൻ ശിവേച്ചിയെ മനസിലാക്കുമെന്ന്... തിരിച്ചു സ്നേഹിക്കുമെന്ന്..." സന്തോഷം കൊണ്ടവളുടെ കണ്ണു നിറഞ്ഞു...

"ഏട്ടൻ പോയി പറയ്... മറ്റൊന്നിനെ കുറിച്ചും ചിന്തിക്കണ്ടാ... ഈ ഒരു വാക്കുകൾക്ക് വേണ്ടി ശിവേച്ചി എത്ര കൊതിച്ചിരുന്നെന്നോ.... ചിലപ്പോൾ നിറക്കണ്ണുകളോടെ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടാവും..." അവൾ പറഞ്ഞു... അവന്റെ ഹൃദയത്തിലെന്തോ കൊളുത്തി വലിഞ്ഞു.. "ഇപ്പോ ഞാൻ മനസിലാക്കുന്നു ദിയാ... അവളെത്രമാത്രം വേദനിച്ചിരുന്നെന്ന്..." "ഇനി പോയ കാര്യത്തെ കുറിച്ച് ഓർമിക്കേണ്ടാ ഏട്ടാ... നല്ല നാളെയെ കുറിച്ച് ചിന്തിക്ക്... സ്വപ്നം കാണു.... ഏട്ടൻ ശിവേച്ചിയെ കാണണം... എല്ലാം തുറന്നു പറയണം..." അവൾ ചിരിച്ചു... അവനും.. "എനിക്കവളെ കാണണം ദിയാ... അവളുടെ മുത്തശ്ശൻ വിളിച്ചിട്ടുണ്ട് ഓണത്തിന് അവിടെ കൂടാമെന്ന് പറഞ്ഞ്..." "ആഹാ... അത് നന്നായി ഏട്ടൻ പോവണം... അവരോടൊപ്പം ആ ആഘോഷങ്ങളിൽ പങ്കു ചേരണം.... പിന്നെ... പിന്നെ ശിവേച്ചിയോട് ഇഷ്ടം പറയണം..." അവളിൽ ആഹ്ലാദം നിറഞ്ഞു... അവനും ഉറപ്പിച്ചു കഴിഞ്ഞിരുന്നു ആ യാത്രാ... തമ്മിൽ കാണുമ്പോഴുണ്ടാവുന്ന ഭാവങ്ങൾ... എല്ലാമറിയുമ്പോൾ അവളുടെ കണ്ണിലുണ്ടാവുന്ന തെളിച്ചം... ഒരുപക്ഷെ ആ തെളിച്ചം നഷ്ടപ്പെട്ടുകാണുമോ... അവനിൽ ആശങ്ക നിറഞ്ഞു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

രണ്ടു ദിവസം കഴിഞ്ഞപ്പോൾ മനു വന്നു... തറവാട്ടിലേക്ക് വരുമ്പോൾ കൈനിറയെ ചോക്ലേറ്റ്സ് വാങ്ങിയിരുന്നു അവൻ... "അയ്യേ ഇത് മാത്രോള്ളു... ജോലികിട്ടീട്ട് ഇതാണോടാ നീയെനിക്ക് വാങ്ങി തരേണ്ടത്..." കുറുമ്പോടെ അവൾ പറഞ്ഞു തീരും മുൻപ് അവളുടെ മുന്നിലേക്കൊരു ബോക്സ് നീട്ടിയിരുന്നു അവൻ... അവളത് തുറന്നു നോക്കി... ഒരു വാച്ച് ആയിരുന്നു... "എങ്ങനെണ്ട് ഇഷ്ടായോ....??" അവൻ കണ്ണിറുക്കി.. "മ്മ്.. ഒത്തിരി..." അവളുടെ കണ്ണുകൾ ഈറനയായി... " "അയ്യേ തീപ്പെട്ടി കൊള്ളി കരയാതെ..." അവനവളെ ചേർത്ത് പിടിച്ചു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "കല്യാണചെറുക്കാ... അയ്യേ നീയെന്തിനാടാ ഇങ്ങനെ വിയർക്കുന്നത്...." റൂമിലേക്ക് കയറി ചിന്നു ചോദിച്ചു... "എന്റെ മോളെ എനിക്കറിയില്ല ആകെ ഒരു പരവേശം...." മനു വിയർപ്പ് തുടച്ചു.. "അയ്യേ പെണ്ണുകാണൽ ആയതേ ഉള്ളു.. ഇപ്പൊ തന്നെ ടെൻഷൻ അടിച്ചാലോ...."

അവൾ കളിയാക്കി.. "നിങ്ങളിവിടെ നിൽക്കായിരുന്നോ... താഴെ വിളിക്കുന്നു പോവാൻ സമയം ആയി...." മീനു വന്നു വിളിച്ചു... അവളുടെ കയ്യിൽ നിന്നും പാച്ചു ശിവയുടെ അടുത്തേക്ക് കുതറി... അവനെ എടുത്ത് കൊഞ്ചിച്ചു കൊണ്ട് ശിവ താഴെക്കിറങ്ങി.. മുത്തശ്ശനും മുരളിയും സുധിയും മീനുവിന്റെ ഭർത്താവ് ജിഷ്ണുവും പിന്നെ രേഖയുടെ സഹോദരനും ആയിരുന്നു കൂടെ പോയത്... പോയവർ തിരികെ വരുമ്പോൾ കല്യാണം ഏകദേശം ഉറച്ച മട്ടായിരുന്നു... എല്ലാവർക്കും നല്ല അഭിപ്രായം... 'അർച്ചന ' അതായിരുന്നു അവളുടെ പേര്... ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്നു... അന്നത്തെ ദിവസം വിവാഹത്തിന്റെ ചർച്ചകൾ മുറുകി...എല്ലാവരും ചേർന്നിരുന്നു അവന്റെ വിവാഹത്തിന് ഏത് പായസം വേണമെന്ന് വരെ തീരുമാനിച്ചു ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story