ഇനിയൊരു വസന്തകാലം: ഭാഗം 12

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

മറ്റൊരു സായാഹ്നം.... ചന്തയിലെ ഒരു തുണികടയിൽ നിൽക്കുകയാണ് ശിവാനിയും അമ്മമ്മയും മുത്തശ്ശനും...ഓണക്കോടിയെടുക്കാൻ വന്നതാണ്... സെറ്റ് സാരി മതിയെന്ന് ചിന്നു പറഞ്ഞപ്പോൾ അവരതിൽ നിന്നും ഭംഗിയുള്ള രണ്ടെണ്ണം നിരഞ്ഞെടുത്തു... ഒന്ന് മീനുവിന് ഉള്ളതാണ്... അമ്മമ്മയ്ക്കും മുത്തശ്ശനും ഉള്ളത് ചിന്നുവാണ് തിരഞ്ഞെടുത്തത്... "മോളെ ഹരിയ്ക്കും മനുവിനും ഉള്ളത് നോക്ക്..." മുത്തശ്ശൻ പറഞ്ഞപ്പോൾ ഒരു വേദന ഹൃദയത്തിൽ രൂപം കൊണ്ടു... കൂടുതൽ സംശയത്തിന് സാഹചര്യം ഒരുക്കാതെ അവൾ രണ്ടും തിരഞ്ഞെടുത്തു... പാച്ചുവിന് ഉള്ളതും കൂടി വാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ഇതേ സമയം ഹരിയും നഗരത്തിലെ ഒരു ടെസ്റ്റൈൽസിൽ നിൽക്കുകയായിരുന്നു... മുന്നിൽ നിൽക്കുന്ന പെൺകുട്ടി പലനിറത്തിലെ സാരികൾ വിടർത്തിയിട്ടുകൊണ്ടിരുന്നു... അവന്റെ കണ്ണുകളെ അതൊന്നും ആകർഷിച്ചില്ല... ഒടുവിൽ കുറച്ചപ്പുറം മാറി കിടന്ന പനിനീർ പൂവിന്റെ നിറത്തിലെ ഒരു സാരി അവന്റെ കണ്ണിൽ പെട്ടു...

എന്തുകൊണ്ടോ അതവൾക്ക് ചേരുമെന്നവന്റെ മനസ്സ് മൊഴിഞ്ഞു... അമ്മയ്ക്കും അച്ഛനും വേണ്ടത് എടുത്ത് തിരികെ നടക്കവേ അവനൊന്നു നിന്നു പിന്നെ വീണ്ടും ചെന്ന് അവളുടെ മുത്തശ്ശനൊരു മുണ്ടും അമ്മമ്മയ്ക്കൊരു സെറ്റ് മുണ്ടും വാങ്ങി ബിൽ പേ ചെയ്ത് കാറിൽ കയറി അവൻ യാത്ര തിരിച്ചു... വീട്ടിലെത്തുമ്പോൾ അമ്മ അടുക്കളയിൽ എന്തോ കാര്യമായ പണിയിൽ ആണ്... അച്ഛനെ അവിടെയെങ്ങും കാണാനില്ല... റൂമിലെത്തി കുളികഴിഞ്ഞവൻ അടുക്കളയിലേക്ക് നടന്നു... "ആഹ് നീ വന്നോ... ചായ എടുക്കട്ടെ...??"ഹരിയെ കണ്ട് പ്രഭ ചോദിച്ചു.. "മ്മ്... അച്ഛനെവിടെ....??" അവൻ ആരാഞ്ഞു. "പുറകുവശത്ത് ഉണ്ട്.... " "അവിടെയെന്താ..." അവൻ നെറ്റിച്ചുളിച്ചു.. "അവിടെ കുറച്ചു കൃഷിയൊക്കെ ഉണ്ട്... അതൊക്കെ വാടി തളർന്നു പോയിരിക്കുന്നു... അത് നോക്കാനിറങ്ങിയതാ.... ശിവമോളുണ്ടായിരുന്നപ്പോൾ അതൊന്നും വാടി നിൽക്കില്ലായിരുന്നു..." സംസാരത്തിനൊടുവിൽ ദുഃഖം നിഴലിച്ചു... താൻ കാരണമല്ലേ ഇവർ ദുഃഖിക്കുന്നത്... അവന് കുറ്റബോധം തോന്നി... അമ്മ നൽകിയ ചായക്കപ്പ് ചുണ്ടോട് ചേർത്തവൻ അടുക്കള വാതിൽ തുറന്ന് വാതില്പടിയിൽ നിന്നുകൊണ്ട് വെളിയിലേക്ക് നോക്കി... തലയിൽ ഒരു തോർത്ത്‌ കെട്ടിവെച്ച് ചെടികളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് അച്ഛൻ...

ആദ്യമായാണ് അച്ഛനെ ഈ വേഷത്തിൽ... ശിവാനി വന്നതിന് ശേഷം അച്ഛൻ ഒരുപാട് മാറിയിട്ടുണ്ട്..... അച്ഛനെ പഴയ ആരോഗ്യസ്ഥിതിയിൽ എത്തിക്കാനും അവൾക്ക് സാധിച്ചിട്ടുണ്ട്... ഒരു തവണ ഹോസ്പിറ്റലിൽ ചെക്ക് അപ്പിന് പോയപ്പോൾ ഡോക്ടർ പ്രത്യേകം പറഞ്ഞത് അവനോർത്തു.. *"ശ്രീഹരി...അച്ഛൻ ഇപ്പോൾ പെർഫെക്ട് ആണ്... ചെയ്യുന്ന വ്യായാമങ്ങൾ നന്നായി എഫക്ട് ചെയ്തിട്ടുണ്ട്... അതിന്റെ ക്രെഡിറ്റ് തന്റെ വൈഫിനാണ്... ശിവാനിയാണ് അച്ഛന്റെ ഈ മാറ്റത്തിന്റെ പുറകിൽ... ഇത് ശ്രീഹരിയുടെ അച്ഛൻ പറഞ്ഞതാണ് കേട്ടോ...." അദ്ദേഹം ചിരിച്ചു... അവൻ പുറമേ ചിരിച്ചെങ്കിലും അതവന്റെ ഹൃദയത്തിൽ തൊട്ടില്ല... അല്ല തൊട്ടതായി ഭാവിച്ചില്ല... "ശ്രീഹരി, യൂ ആർ ലക്കി... ഭർത്താവിന്റെ പേരെന്റ്സിനെ സ്വന്തമായി കാണുന്ന കുട്ടികൾ കുറവാണ്..."* അവള് മികച്ചത് തന്നെ ആയിരുന്നു... മനസിലാക്കാൻ തനിക്കായില്ല... ഒരുപാട് പച്ചക്കറികൾ തളിർത്തു നിൽക്കുന്നുണ്ട് ചിലതൊക്കെ വാടിതളർന്നിരിക്കുന്നു... കുറച്ചു നേരം അവിടെ നിന്നു പിന്നെ തിരിഞ്ഞു നടന്നു... വാങ്ങിയതിൽ നിന്നും അച്ഛനും അമ്മയ്ക്കുമുള്ളത് എടുത്ത് ഹരി അവർക്കരികിലെത്തി... "അമ്മേ ഇത് ഞാൻ വാങ്ങിയതാ... ഓണം വരുവല്ലേ...." പ്രഭ അവനെ നോക്കി...

മകന്റെ മാറ്റം അവരെ അത്ഭുതപ്പെടുത്തി... സന്തോഷത്തിന്റെ നീർതിളക്കം അമ്മയുടെ കൺകോണിൽ അവൻ കണ്ടു...അവന്റെ മനസ്സ് നിറഞ്ഞു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ദിവസങ്ങൾ കൊഴിഞ്ഞു വീണു...മുറ്റത്തും തൊടിയിലും വസന്തം വിടർന്നു.... പല നിറമുള്ള പൂക്കളാൽ ചുറ്റും ഭംഗി കൂടി...പൂക്കളിൽ നിന്നും മധു നുകരാൻ പൂമ്പാറ്റകൾ പാറി നടന്നു... നാളെയാണ് ഓണം... രാവിലെ നേരത്തെ എണീക്കണം.. പൂക്കൾ പറിക്കണം...പൂക്കളം ഇടണം ഓരോന്നാലോചിച്ച് തൊടിയിലൂടെ നടന്നു.... നിറയെ വിടര്‍ന്നുല്ലസിച്ചു നില്‍ക്കുന്ന ചെറുപൂക്കളെയും അവയിലേക്ക് കൊതിയോടെ പാറിയെത്തുന്ന തുമ്പികളെയും ശലഭങ്ങളെയും കണ്ട്.... തെളിഞ്ഞ ആകാശവും പൊന്‍വെയിലും നേര്‍ത്ത സുഗന്ധം പരത്തിയെത്തുന്ന ഇളംകാറ്റും ആസ്വദിച്ചങ്ങനെ.... വിടർന്നു പന്തലിച്ചു നിൽക്കുന്ന മരചില്ലയിൽ നിന്നും പേരറിയാത്ത പക്ഷികൾ കലപില കൂട്ടി.... ദൂരെ ഏതോ ശാഖയിൽ നിന്നും കുയിൽ ഈണത്തിൽ പാടി... ചില പക്ഷികൾ ഒരു ചില്ല വിട്ട് മറു ചില്ലയിലേക്ക് പറന്നുചെന്നിരുന്നു... അവിടെ ഇണപക്ഷി കാത്തിരിപ്പുണ്ടായിരുന്നു... ഊണ് കഴിഞ്ഞ് പൂമുഖത്ത് അമ്മമ്മയുടെ മടിയിൽ ചായുമ്പോൾ അവരുടെ വിരലുകൾ അവളുടെ മുടിയിഴകളെ തഴുകി...

അന്ത്യമില്ലാത്ത വിശേഷങ്ങൾക്കൊടുവിൽ കഴിഞ്ഞുപോയ ഓണക്കാലത്തിന്റെ ഓർമകളിലേക്കൊരു യാത്ര തിരിച്ചു ഇരുവരും... വൈകീട്ട് മുത്തശ്ശൻ കവലയിൽ പോവുമ്പോ ചോദിച്ചു കൂടെ വരുന്നോ എന്ന്.. കണ്ണും പൂട്ടി സമ്മതം പറഞ്ഞു... കവലയിൽ ആകെ തിരക്കായിരുന്നു... പൂക്കളും പഴങ്ങളും പച്ചക്കറികളും കടകളിൽ നിരന്നു... "പൂ വാങ്ങിക്കണോ മോളെ..." മുത്തശ്ശൻ ചോദിച്ചു "വേണ്ട... അത് വേണ്ടാ...നാടൻ പൂക്കളുടെ ഭംഗി ഈ പൂക്കൾക്ക് ഉണ്ടാവില്ല..." അവൾ പറഞ്ഞു. "മ്മ്..." മുത്തശ്ശൻ ചിരിച്ചു.. അവർ തിരികെ നടന്നു... ഭൂമിയെ ചുവന്ന പുതപ്പിനാൽ മൂടി സൂര്യൻ പടിഞ്ഞാറ് അസ്‌തമിക്കാൻ ദൃതിക്കൂട്ടി... മുത്തശ്ശന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചവൾ മനോഹരമായ സായാഹ്നത്തിൽ ആ നാട്ടുവഴിയിലൂടെ നടന്നു... വീട്ടിലെത്തുമ്പോൾ അമ്മാവനും അമ്മായിയും മനുവും വന്നിരുന്നു... രാത്രി ഒത്തിരി വൈകിയാണ് അന്ന് കിടന്നത്... അതുകൊണ്ട് തന്നെ പതിവ് ചിന്തകൾക്ക് അവസരം കൊടുക്കാതെ വേഗം ഉറക്കം പിടിച്ചു... അലാറത്തിന്റെ ശബ്ദം കേട്ട് അവളുണർന്നു... സമയം 5 കഴിഞ്ഞു... ജനാലകൾ തുറന്നിട്ടു...ഇരുട്ടകന്നിട്ടില്ല... വാതിൽ തുറന്ന് വെളിയിലേക്കിറങ്ങി...നല്ല തണുപ്പുണ്ടായിരുന്നു..അടുക്കളയിൽ നിന്നും ശബ്ദം കേൾക്കാം...

അമ്മമ്മയും അമ്മായിയും ജോലികൾ ആരംഭിച്ചു... പുറത്തേക്കുള്ള വാതിൽ തുറന്നു... കുറച്ചു നേരം ആ തണുപ്പിനെ ആവാഹിച്ച് അവിടെ ആ പടിയിൽ ഇരുന്നു.. അപ്പോഴേക്കും മുത്തശ്ശൻ എഴുന്നേറ്റു വന്നു.. "ഗുഡ് മോർണിംഗ് മുത്തശ്ശാ..." അവൾ ചിരിയോടെ പറഞ്ഞു... "ഗുഡ് മോർണിംഗ്..." മുത്തശ്ശനും അതേറ്റുപറഞ്ഞു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 കുളികഴിഞ്ഞു ഓണാക്കോടിയുടുത്ത് കണ്ണെഴുതി പൊട്ടുവെച്ചു... തലേന്ന് മുറ്റത്തെ മുല്ലവള്ളിയിൽ നിന്നും പറിച്ചെടുത്ത മൊട്ടുകൾ കൂട്ടി കെട്ടി അമ്മമ്മ തയ്യാറാക്കിയ മുല്ലമാല എടുത്തു.. ഇപ്പോഴത് നന്നായി വിരിഞ്ഞിട്ടുണ്ട്... ശ്രദ്ധയോടെ അവളത് മുടിയിൽ ചൂടി... താഴെക്കിറങ്ങി വന്ന് മുറ്റത്തെയും തൊടിയിലെയും ചെടികളിൽ നിന്നും പൂക്കൾ ശേഖരിച്ച് മുറ്റത്തെ ചാണകം മെഴുകിയ തറയിൽ ഭംഗിയിൽ അവൾ പൂക്കളമിട്ടു.. അപ്പോഴേക്കും മനുവും കുളിച്ചു വന്നിരുന്നു...മുത്തശ്ശൻ വാങ്ങിയ ഓണക്കോടി തന്നെയാണ് അവനും... "ഇത് തീപ്പെട്ടികൊള്ളിക്ക് എന്റെ വക ഓണാക്കോടി..." കയ്യിലെ പൊതി നീട്ടികൊണ്ട് അവൻ പറഞ്ഞു..അത്യധികം സന്തോഷത്തോടെ അവളത് സ്വീകരിച്ചു... ആവേശത്തോടെ തുറന്നു നോക്കി... പച്ചയും ചുവപ്പും നിറത്തിലെ ഒരു ദാവണി ആയിരുന്നു അത്.. നന്ദിയോടെ അവൾ അവനോട്‌ ചേർന്നു നിന്നു...

എല്ലാവരും കൂടെ ഒരുമിച്ചായിരുന്നു ക്ഷേത്രത്തിൽ പോയത്... തൊഴുതിറങ്ങി വീട്ടിലേക്ക് നടന്നു... എല്ലാ വീട്ടിലും ആഘോഷങ്ങൾ അരങ്ങേറിയിരുന്നു... പിള്ളേരെല്ലാം പുത്തനുടുപ്പിട്ട് ഊഞ്ഞാലാടിയും ഓണക്കളികൾ കളിച്ചും ആർത്തുല്ലസിക്കുന്നു... പ്രാതൽ കഴിച്ച്... എല്ലാവരും ചേർന്ന് സദ്യയുണ്ടാക്കാൻ തുടങ്ങി...തേങ്ങ ചിരകാനും കഷ്ണങ്ങൾ നുറുക്കാനും മുത്തശ്ശനും മനുവും മുരളിയും കൂടി... കറികൾ എല്ലാം തയ്യാറായപ്പോൾ പായസം ഉണ്ടാക്കാനുള്ള പുറപ്പാട് തുടങ്ങി... രണ്ടുതരം പായസം ഉണ്ട്... അടപ്രഥമനും പാല്പായസവും.. മുത്തശ്ശൻ ഹരിയെ പ്രതീക്ഷിച്ചെന്നപോൽ പൂമുഖത്തേക്ക് ഇടയ്ക്കിടെ വന്നു നോക്കി... അമ്മമ്മയുടെ മിഴികളും ജനൽ പൊളികൾക്ക് ഇടയിലൂടെ പടിപ്പുരയിലേക്ക് നീണ്ടു... മുറ്റത്തൊരു ഊഞ്ഞാൽ കെട്ടിയിരുന്നു... മത്സരിച്ച് അതിലിരുന്ന് ആടി തിമിർത്തു... "മോളെ ഹരി ഇതുവരെ വന്നില്ലല്ലോ... ഒന്ന് വിളിച്ചു നോക്കിയിരുന്നോ...??" മുത്തശ്ശന്റെ ചോദ്യം കേട്ടപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ.. "വിളിച്ചിട്ട് കിട്ടിയില്ല മുത്തശ്ശാ... എന്തെങ്കിലും തടസ്സം ഉണ്ടായിരിക്കും...." അവൾ കള്ളം പറഞ്ഞു..

ഈ ദിവസം ദുഃഖം തരാൻ ഞാൻ ആഗ്രഹിക്കുന്നില്ല... അവളുടെ ഉള്ളം മൊഴിഞ്ഞു.. "ആണോ... ഒരു തവണ കൂടി വിളിച്ചു നോക്ക്.... എന്നിട്ടും കിട്ടിയില്ലെങ്കിൽ നമുക്ക് കഴിക്കാം...." പറഞ്ഞുകൊണ്ട് മുത്തശ്ശൻ അകത്തേക്ക് പോയി.. "വിളിക്കാൻ നമ്പർ കയ്യിൽ ഇല്ലെന്ന് പറഞ്ഞൂടായിരുന്നോ നിനക്ക്...." മനു പറഞ്ഞത് കേട്ട് അവൾ തിരിഞ്ഞു നോക്കി... പിന്നെയൊന്ന് നിശ്വസിച്ചു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "ഹരിയേട്ടന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്..." അകത്തേക്ക് ചെന്നവൾ പറഞ്ഞു... അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്... "ആഹ് എന്നാ നമുക്ക് കഴിക്കാം..." മുരളി പറഞ്ഞു.. തൂശനിലയിൽ ചോറും,കറികളും,പപ്പടവും രണ്ടു തരം പായസവും വിളമ്പി അകത്തളത്തിൽ പായ വിരിച്ച് എല്ലാവരും ഊണ് കഴിച്ചു... പൂമുഖത്തിരുന്നു മനുവിന്റെ കല്യാണവിശേങ്ങൾ പങ്കുവെക്കുമ്പോഴാണ് മീനുവിന്റെ വരവ്...

കൂടെ ജിഷ്ണുവും ഉണ്ട്.. സന്തോഷത്തോടെ അവരെ അകത്തേക്ക് ക്ഷണിച്ചു... പതിവ് കുശലന്വേഷണം കഴിഞ്ഞപ്പോൾ സദ്യ കഴിക്കാൻ പറഞ്ഞു... അത് കേട്ടതെ മീനു ആദ്യം അടുക്കളയിൽ എത്തി... ജിഷ്ണുവിന് വേണ്ടെന്ന് പറഞ്ഞു... അവൻ പായസം മാത്രം കുടിച്ചു... "എന്റെ മീനു നീ വയറ് വാടകക്ക് എടുത്ത് വന്നതാണോ...." വിഭവങ്ങൾ ഓരോന്നും രുചിയോടെ എടുത്തു കഴിക്കുന്നവളെ കണ്ട് മനു ചോദിച്ചു... "ആഹ് അതേ... എന്തേ...." അവൾ കെറുവിച്ചുകൊണ്ട് ഒരു കോരി ചോറും കൂടി ഇലയിലേക്ക് വിളമ്പി... "ഓഹ് നിന്നെ സമ്മതിക്കണം...." അവൻ കളിയാക്കി ചിരിച്ചു.. "മനൂ... വേണ്ടാ... അവള് കഴിച്ചോട്ടെ..." അമ്മ ശാസനയോടെ പറഞ്ഞു.. "ഇതൊക്കെ ഒരു തമാശയല്ലേ എന്റെ അച്ഛമ്മേ...." അവൻ അവരുടെ ചുളിവ് വീണ കവിളുകളിൽ ഒരു മുത്തം കൊടുത്തു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story