ഇനിയൊരു വസന്തകാലം: ഭാഗം 13

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

സന്ധ്യയായപ്പോൾ ചിന്നുവിന്റെ മുഖമിരുണ്ടു... വന്നവരൊക്കെ പോവുകയാണ്... തനിക്കും യാത്ര തിരിക്കാൻ സമയം അടുത്തു വരുന്നു... ഏറിയാൽ രണ്ടു നാൾ... അതുകഴിഞ്ഞാൽ തനിക്കും പോവേണ്ട തിരികെ... അതേ പോവണം... ചെയ്തുതീർക്കേണ്ട ഒരു കാര്യമില്ലേ... പ്രധാനപ്പെട്ടത്... പാച്ചുവിനെ എടുത്തു ഊഞ്ഞാലിലേക്കവൾ ഇരുന്നു... പുറകെ മനുവും വന്നു.. "പോട്ടേടി... ഇനിയെന്ന് കാണും... നീ പോവായില്ലേ തിരിച്ച്..." അതിനവൾ വിഷാദം നിറഞ്ഞൊരു ചിരി പകരം നൽകി.. "ഇടയ്ക്ക് ഇതുപോലെ വരണം... നമുക്കിവിടെ കൂടാം... നാളെ രാവിലെ എനിക്ക് തിരിച്ച് പോവണം... അല്ലെങ്കിൽ ഞാനിന്നിവിടെ നിന്നേനെ..." അവൻ നിരാശയോടെ നോക്കി.. അവളൊന്നും മിണ്ടിയില്ല.. "പിന്നെ ഈ കണ്ണുകൾ നിറയരുതിനി... ഒരിക്കലും.... എന്ത്‌ ആവശ്യം വന്നാലും വിളിക്കണം... കേട്ടോടി തീപ്പെട്ടി കൊള്ളി..." അത്രയും പറഞ്ഞപ്പോൾ അവന്റെ ശബ്ദമിടറി അവളവനെ ഇറുകെ പുണർന്നു... ഒരു തേങ്ങൽ പുറത്തേക്ക് ചാടി... മനു അവളെ ചേർത്തുപിടിച്ചു... "ശിവാ... ഞങ്ങൾ പോട്ടെ... നീയെന്നാ തിരികെ പോവുന്നെ....??"

മീനു അരികിലേക്ക് വന്നുകൊണ്ട് ചോദിച്ചു.. "രണ്ടു മൂന്ന് ദിവസം കൂടി അത് കഴിഞ്ഞാൽ..." വാക്കുകൾ മുറിഞ്ഞു.. മീനു അവളെ ചേർത്തു പിടിച്ചു...പാച്ചുവിന്റെ കുഞ്ഞികവിളിൽ അവൾ ഒരു ചുംബനം പൊഴിച്ചു.. അവനും... മുരളി അവളുടെ നിറുകയിൽ ഒന്ന് തഴുകി... രേഖയും... ഒരിക്കൽ കൂടി യാത്ര പറഞ്ഞവർ അകന്നകന്ന് പോയി.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 രാത്രിയിൽ മുടി കോതി പൂമുഖത്ത് ഇരിക്കുകയായിരുന്നു ചിന്നു... അമ്മമ്മ കിടന്നു...രാവിലെ മുതൽ നിന്നതിന്റെ ആവും കാലിൽ നീര് വെച്ചിട്ടുണ്ട്...മുത്തശ്ശൻ കുളിക്കാൻ കയറിയതേയുള്ളൂ.. ഇലഞ്ഞിപ്പൂ മണവും പേറിയൊരു കാറ്റ് മുറ്റത്ത് വട്ടമിട്ട് അവളുടെ മുടിയിഴ തഴുകിയൊഴുകി... മുറ്റത് വീണുകിടക്കുന്ന വെളുത്ത കുഞ്ഞുപൂക്കളെ നിലാവിന്റെ നേരിയ വെളിച്ചത്തിൽ അവൾ കണ്ടു... പണ്ടൊരിക്കൽ ഈ പൂക്കൾ പെറുക്കിയെടുത്തു കോർത്തുകെട്ടി മാലയാക്കി കളിച്ചതോർമ വന്നു... അവളിൽ നിഷ്കളങ്കമായൊരു ബാലികയുടെ ചിരി പൊട്ടി വിടർന്നു.... ബാല്യകാല ഓർമകളെന്നും എല്ലാവരിലും പുഞ്ചിരി വിടർത്തുന്നവയാണ്...

മരിക്കുവോളം മനസ്സിനെ കുളിരണിയിക്കുന്നൊരു കാലം... ബാല്യകാലം... പടിപ്പുരയുടെ മുന്നിലൊരു ഓട്ടോ നിർത്തിയ ശബ്ദം കേട്ടപ്പോൾ അവളൊന്ന് എത്തിനോക്കി... കാഴ്ച വ്യക്തമല്ല... കുറച്ചു സമയം കഴിഞ്ഞപ്പോൾ പടിപ്പുര കയറി വരുന്ന വ്യക്തിയെ കണ്ട് അവളുടെ കാലിലൂടൊരു വിറയൽ കയറി... കണ്ണുകൾ വിടർന്നു... 'ഹരിയേട്ടൻ...' ചുണ്ടുകൾ മൊഴിഞ്ഞു... അവനും അവളെ കണ്ടൊരു നിമിഷം നിന്നു...കറുപ്പ് കരയിലെ മുണ്ടും നേര്യതുമുടുത്ത് മുടി മുന്നിലേക്കിട്ട്... നെറ്റിയിൽ ഭസ്മക്കുറി ചാർത്തി നിൽക്കുന്ന അവളെ കണ്ണിമയ്ക്കാതെ നോക്കി... "ആരാ ചിന്നു...??" അമ്മമ്മ അകത്തു നിന്നും വിളിച്ചു ചോദിച്ചു.. "ഹരിയേട്ടൻ...." സ്ഥലകാലബോധം വീണ്ടെടുത്തവൾ വിളിച്ചു പറഞ്ഞു.. അത് കാതിലെത്തിയപ്പോഴാണ് അവനും നോട്ടമകറ്റിയത്... "കയറിയിരിക്കൂ...." അവൾ മര്യാദ പ്രകടിപ്പിച്ചു.. "മ്മ്..." അവൻ അകത്തേക്ക് കയറി.. "മോനെ ഹരി... നീയെന്താ ഇത്രേം വൈകിയെ ഒരുപാട് കാത്തിരുന്നു ഞങ്ങൾ..." അമ്മമ്മ എണീറ്റ് വന്നിരുന്നു.. "രാവിലെ അമ്മയൊന്ന് കുഴഞ്ഞു വീണു... ബിപി അൽപ്പം കുറഞ്ഞു...." ഹരി പറഞ്ഞു...

ശിവ ആധിയോട് അവനെ നോക്കി... "അയ്യോ എന്താപ്പോ പെട്ടെന്നുണ്ടായേ...." അമ്മമ്മ ആധിയോടെ ചോദിച്ചു... "രാവിലെ ഒന്നിച്ചു ക്ഷേത്രത്തിൽ ഒന്ന് പോയി... വിശേഷദിവസം ആയത് കൊണ്ട് ഒരുപാട് തിരക്കുണ്ടായിരുന്നു... അവിടെ നിന്ന് പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു... നേരെ ഹോസ്പിറ്റലിൽ പോയി... പിന്നെ അവിടെത്തെ ഫോര്മാലിറ്റിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു..." ശ്രീഹരി പറഞ്ഞു.. "ഒന്ന് വിളിച്ചു പറഞ്ഞത് കൂടിയില്ലല്ലോ.... എന്നിട്ട് ആന്റിക്കിപ്പോ...??" ശിവാനി സങ്കടത്തോടെ ചോദിച്ചു... "അപ്പോഴത്തെ തിരക്കിൽ അതെല്ലാം വിട്ടുപോയെടോ.... അമ്മയ്ക്ക് ഇപ്പൊ കുഴപ്പില്ല... താൻ വിഷമിക്കേണ്ട ഇപ്പൊ ഓക്കേ ആണ്.... പിന്നെ അവിടെ അമ്മാവനും ദിയയും വന്നിട്ടുണ്ട്.." "ഹ്മ്മ് എന്തായാലും കുഴപ്പമൊന്നും ഇല്ലല്ലോ... അതൊരു സമാധാനം...." അമ്മമ്മ പറഞ്ഞു. പിന്നെയും ചില വിശേഷങ്ങൾ പങ്കുവെച്ചു...മുത്തശ്ശൻ കുളികഴിഞ്ഞു വന്നപ്പോൾ പൂമുഖത്തിരിക്കുന്ന ഹരിയെ സന്തോഷത്തോടെ നോക്കി...

വൈകിയതിൽ പരിഭവിച്ചെങ്കിലും കാര്യം പറഞ്ഞപ്പോൾ മുത്തശ്ശനും പരിഭവം മാറ്റിവെച്ച് അമ്മയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചറിയാൻ ശ്രമിച്ചു... ശിവാനി നോക്കികാണുകയായിരുന്നു ഹരിയെ...അവന്റെ ഭാവത്തെ...അവനിലെ മാറ്റത്തെ... കണ്ടറിഞ്ഞ ശ്രീഹരിയിൽ നിന്നും വ്യത്യസ്തമായത്... തീർത്തും പുതിയൊരു ശ്രീഹരി...അവൾക്കത്ഭുതം തോന്നി... തന്റെ മുന്നിലേക്ക് എന്തോ നീണ്ടുവരുന്നത് പോലെ തോന്നിയപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്നുണർന്നത്... ഒരു കവർ തനിക്ക് നേരെ പിടിച്ചു നിൽക്കുന്ന ശ്രീഹരി... "ഇത് തനിക്ക് വേണ്ടി ഞാൻ വാങ്ങിയ സാരിയാണ്... ഇഷ്ടാവുമോ അറിയില്ല..." അവൻ പറഞ്ഞു... 'ഇഷ്ടാവും ശ്രീഹരിയ്ക്ക് ഇഷ്ടമുള്ളതെല്ലാം ഇഷ്ടപ്പെടാൻ ശിവാനിക്ക് കഴിയും...' ഹൃദയം മന്ത്രിച്ചു.. അവൾ വെറുതെ ചിരിച്ചു...മുത്തശ്ശനെയും അമ്മമ്മയെയും നോക്കി അവരുടെ കയ്യിലും ഉണ്ട് ഓരോ പൊതി... "ആഹ് ഇനി വർത്താനം ഒക്കെ പിന്നെ... മോൻ കുളിച്ച് വാ... കഴിക്കാം... ഒരുപാട് യാത്ര ചെയ്തതല്ലേ..." അമ്മമ്മ പറഞ്ഞു... "മ്മ്... കുളിക്കാം..." അവൻ എണീറ്റു... "മോനെ ഇവിടെ അകത്ത് കുളിമുറിയില്ല..." മുത്തശ്ശൻ ഓർമിപ്പിച്ചു... "സാരമില്ല മുത്തശ്ശാ... ഞാൻ പുറത്തെ ബാത്‌റൂമിൽ നിന്നും കുളിച്ചോളാം..." അവൻ പുഞ്ചിരിച്ചു...

ആ പുഞ്ചിരി ഒരുപാട് മനോഹരമായിരുന്നെന്ന് തോന്നി ശിവാനിയ്ക്ക്.. "ചിന്നൂ ഹരിയ്ക്ക് തോർത്തും സോപ്പും എടുത്ത് കൊടുക്ക്..." അമ്മമ്മ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു മുത്തശ്ശനും... "വരൂ..." അവൾ വിളിച്ചു.. ശ്രീഹരി അവൾക്കൊപ്പം നടന്നു. ഹരി കുളിക്കാൻ കയറിയപ്പോൾ ശിവ ഫോണെടുത്ത് പ്രഭയെ വിളിച്ചു... പക്ഷെ കാൾ എടുത്തത് ദിയയായിരുന്നു... "ശിവേച്ചി...." അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുൻപ് ദിയ വിളിച്ചു.. "ദിയാ... ആന്റിക്ക്... ആന്റിക്കിപ്പോ എങ്ങനെയുണ്ട്...." "ഹരിയേട്ടൻ അവിടെ എത്തിയോ...??" ദിയ ചോദിച്ചു.. "മ്മ്... നീ ഞാൻ ചോദിച്ചതിന് ഉത്തരം പറയ് ദിയാ..." അവൾ അസ്വസ്ഥതയോടെ പറഞ്ഞു. "ആന്റി പെർഫെക്ട് ഒക്കെയാണ് ശിവേച്ചി... അപ്പച്ചി സദ്യ ഒക്കെ ഉണ്ടാക്കേണ്ട മടിക്ക് തലകറങ്ങി വീണ് അഭിനയിച്ചതാ...." അവൾ കളിയോടെ പറഞ്ഞു.. "കളിപറയാതെ നീ ആന്റിയ്ക്ക് ഫോൺ കൊടുത്തേ..." "ഓഹ് കൊടുക്കാമേ...." "മോളെ... ആന്റിക്ക് കുഴപ്പമൊന്നും ഇല്ലടാ... വെഷമിക്കണ്ടാ..." പ്രഭ പറഞ്ഞു.. "മ്മ്... റസ്റ്റ്‌ എടുക്കണം.... ദിയ ഉണ്ടെന്ന് പറഞ്ഞപ്പോഴാ എനിക്കൊന്ന് സമാധാനം ആയത്.... " "അതൊക്കെ പോട്ടെ ഓണം എങ്ങനെ ഉണ്ടായിരുന്നു... ഹരി എവിടെ എന്നിട്ട്..." "കുളിക്കാൻ കയറിയതേ ഉള്ളു... വയ്യാന്നു പറഞ്ഞപ്പോൾ ഒന്ന് വിളിക്കാൻ തോന്നി...."

പിന്നെയും കുറച്ചു വിശേഷങ്ങൾ പങ്കുവെച്ച് അവൾ ഫോൺ കട്ട് ചെയ്തു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "ഇഷ്ടായോ മോന് കറികളൊക്കെ...." അവന്റെ ഇലയിലേക്ക് അൽപ്പം കൂടി ചോറ് വിളമ്പി അമ്മമ്മ ചോദിച്ചു... "മ്മ്... ഒത്തിരി ഇഷ്ടപ്പെട്ടു..." അവൻ രുചിയോടെ മുഴുവനും കഴിച്ചു... അത്താഴം കഴിഞ്ഞു മുത്തശ്ശനൊപ്പം ഹരി പൂമുഖത്തിരുന്നു... ചിന്നു അടുക്കള ഒതുക്കാൻ നിന്നു... അമ്മമ്മയ്ക്ക് കാലിന് ഒട്ടും വയ്യെന്ന് മനസിലായപ്പോൾ ചിന്നു നിർബന്ധിച്ചു കിടക്കാൻ പറഞ്ഞയച്ചു... ഹരിയോട് പറഞ്ഞു അവർ മുറിയിലേക്ക് പോയി... പൂമുഖത്ത് സംസാരം കേട്ട് അവൾ അങ്ങോട്ട് നടന്നു... അവളെ കണ്ടപ്പോൾ മുത്തശ്ശൻ എണീറ്റു... "ഇനി നിങ്ങൾ സംസാരിച്ചിരിക്ക്... ഞാൻ കിടക്കട്ടെ ഭയങ്കര ക്ഷീണം..." മുത്തശ്ശൻ അകത്തേക്ക് നടന്നു... ശിവാനി നടന്നു ചെന്ന് തിണ്ണയിലേക്കിരുന്നു തൂണിലേക്ക് ചാരി... മറുവശത്തിരുന്ന ഹരി തൂണിന്റെ മറവിലൂടെ അവളെ നോക്കി..സ്നേഹത്തോടെ... ഏറെ നേരം തങ്ങി നിന്ന മൗനം ഇരുവരെയും അലോസരപ്പെടുത്തി... "സുഖാണോ തനിക്ക്...??" ആ മൗനം ഭേദിച്ചത് ഹരിയാണ്... "മ്മ്..." അവൾ ദൂരേക്ക് നോക്കി..

"എന്നോട് ചോദിക്കുന്നില്ലേ...??" അവൻ ചോദിച്ചു... അവൾ അത്ഭുതപ്പെട്ടു പക്ഷെ ആ മുഖത്തേക്ക് നോക്കാൻ ധൈര്യപ്പെട്ടില്ല.. "സുഖമായിരിക്കുമെന്ന് അറിയാം..." ഇരുളിൽ നിന്നും നോട്ടമകറ്റിയില്ല...അവൻ പുഞ്ചിരിച്ചു.. മാനത്തൊരു ചന്ദ്രിക അവരെ നോക്കി പുഞ്ചിരി തൂകി... ആ ചിരിയുടെ വെളിച്ചം അവിടെ നിറഞ്ഞു നിന്നു... വീണ്ടും മൗനം തുടർന്നു... ഇത്തവണ അത് ഭേദിച്ചത് ശിവാനി ആയിരുന്നു.... "എങ്ങനെയാ വന്നത്.... കാർ എവിടെ....." "ബസിൽ....പിന്നെ സ്റ്റാന്റിൽ എത്തി ടാക്സി നോക്കിയപ്പോൾ കണ്ടില്ല പിന്നെ ഒരു ഓട്ടോ കിട്ടിയപ്പോൾ അതിൽ കയറി പോന്നു..." "എന്തുപറ്റി ബസിൽ വരാൻ.... ശീലമില്ലല്ലോ...??" "ശീലങ്ങളൊക്കെ മാറ്റണമെന്ന് തോന്നി... എന്റെ മാറ്റം ആഗ്രഹിക്കുന്നവർ ആയിരുന്നില്ലേ എല്ലാവരും.... താനും..." അവൻ പറഞ്ഞു.. "ശ്രീഹരി പൂർണമായും മാറണമെന്ന് ശിവാനിയൊരിക്കലും പറഞ്ഞിട്ടില്ല.... ഇനി പറയുകയും ഇല്ല... സ്വയം അഹങ്കരിക്കുമ്പോൾ മറ്റുള്ളവരെ കുറിച്ചൊന്ന് ചിന്തിക്കണമെന്നേ പറഞ്ഞിട്ടുള്ളു....അവരുടെ വേദനകളെ മനസിലാക്കണമെന്നേ പറഞ്ഞിട്ടുള്ളു..." "മനസിലാക്കി... എല്ലാവരുടെയും വേദനകൾ മനസ്സിലാക്കാൻ ശ്രീഹരി പഠിച്ചു..." അവൻ പറഞ്ഞു. "ഞാൻ പ്രതീക്ഷിച്ചില്ല വരുമെന്ന്...." അവൾ പറഞ്ഞു.. "വരുമെന്ന് മുത്തശ്ശനോട് ഞാൻ പറഞ്ഞിരുന്നല്ലോ....."

അവൻ നിരാശയോടെ അവളെ നോക്കി.. "വരേണ്ടിയിരുന്നില്ല... എല്ലാം ഇവരോട് തുറന്നു പറയാനിരിക്കുകയായിരുന്നു ഞാൻ... ദാമ്പത്യജീവിതം പൂർണമായും പരാജയമായിരുന്നെന്ന്...നമ്മൾ വേർപിരിയാൻ തീരുമാനിച്ചെന്ന് പറയാനിരിക്കായിരുന്നു ഞാൻ... ഇതിപ്പോ അവർക്കൊരു പ്രതീക്ഷയാവും...." അവളുടെ സ്വരമിടറി... അവന്റെ ഹൃദയം വേദനിച്ചു അധികഠിനമായി... 'എന്നോ ഗ്രീഷ്മം കരിച്ചുണക്കിയ ശാഖകളിന്ന് പൂത്തുതളിർത്തിരിക്കുന്നു... പൂക്കൾ വിരിഞ്ഞിരിക്കുന്നു....വസന്തം വിടർന്നിരിക്കുന്നു....' അവന്റെ മനസ്സ് മന്ത്രിച്ചു... ശ്രീഹരിയുടെ ഹൃദയമിന്ന് മിടിക്കുന്നത് നിനക്ക് വേണ്ടിയാണെന്ന് പറയാൻ അവന്റെ ഉള്ളം കൊതിച്ചു.... പക്ഷെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി... അസുഖകരമായൊരു മൗനം ദീർഘനേരം നീണ്ടു നിന്നു... പാതിരാകാറ്റിന്റെ നേർത്ത രാഗം അവിടെ ഒഴുകി നടന്നു... ചീവീടുകളുടെ ശബ്ദം കാതിലേക്ക് തുളച്ചു കയറി... ഇലഞ്ഞിപൂക്കൾ പൊഴിഞ്ഞു വീഴുന്ന ആ മരത്തണലിലേക്ക് നോക്കി അവളിരുന്നു... കണ്ണിൽ തടം കെട്ടി നിന്ന കണ്ണുനീർ ഊർന്നിറങ്ങിയിരുന്നു.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story