ഇനിയൊരു വസന്തകാലം: ഭാഗം 14

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

കാതിലേക്ക് തുളച്ചുകയറുന്ന ചീവിടുകളുടെ ശബ്ദത്തെ മറികടന്നവന്റെ വാക്കുകൾ കാതുകളിലേക്കൊഴുകിയെത്തി.... "എനിക്ക്.. എനിക്കൊരു അവസരം കൂടി തരാൻ കഴിയുമോ തനിക്ക്..." അവനത് പറഞ്ഞതും അവളവനെ നോക്കി... അത്ഭുതം മുറ്റിയ മിഴികളോടെ.... കൺകോണിൽ പിറവിയെടുക്കുന്ന നീർതുള്ളികൾ അതിർത്തി ഭേദിച്ചു കവിളണകളെ നനച്ചൊഴുകിയിറങ്ങി... ഒരിക്കൽ കൂടി അവളവന്റെ വാക്കുകൾ ഓർത്തെടുത്തു.... അതിലെ അർത്ഥം വേർതിരിച്ചെടുക്കാൻ ശ്രമിച്ചു...അവന്റെ മുഖത്തേക്ക് അവൾ ഉറ്റു നോക്കി... ആ മുഖത്തെ ഭാവമെന്തെന്ന് അറിയാൻ... മനോഹരമായ ഒരു പുഞ്ചിരിയോടെ അവനവളെ നോക്കി... "തരില്ലെടോ എനിക്കൊരു അവസരം കൂടി...." അവനൊരിക്കൽ കൂടി ചോദിച്ചു...അവളിൽ നിന്നും തേങ്ങലുയർന്നു... "വേണ്ടാ... വെറുതെ കളി പറഞ്ഞെന്നെ നോവിക്കരുത്... തമാശകൾ മനസിലാക്കാതെ പ്രവൃത്തിക്കുന്ന ഹൃദയമാണെന്റേത്..." പറഞ്ഞുകൊണ്ടവൾ എണീറ്റു തിരിഞ്ഞു നടന്നു... ഗോവണി കയറി മുറിയിലേക്ക് നടന്നു... ജനാലഴികളിലൂടെ നിലാവ് പെയ്യുന്ന മുറ്റത്തേക്ക് നോക്കിയവൾ നിന്നു...

മിഴികൾ നിറഞ്ഞൊഴുകി... ഉള്ളം എന്തിനോ സന്തോഷിക്കുന്നു... പ്രതീക്ഷയറ്റ മനസ്സിന് കുളിർമ തന്നെയാണാ വാക്കുകൾ... പക്ഷെ അതൊരു തമാശയാണെങ്കിൽ... പഠിപ്പിച്ചു വെച്ചതൊക്കെ മറന്ന് ഹൃദയം വീണ്ടും ആഗ്രഹിച്ചു തുടങ്ങിയാൽ... "കാര്യമായി ചോദിച്ചതാണെടോ... ഞാനിപ്പോൾ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നത് നിന്നെയാണ്... ശിവാനിയെ ശ്രീഹരി പ്രണയിച്ചിരുന്നുവെന്ന് മനസിലാക്കാൻ നിന്റെ അഭാവം മാത്രം മതിയായിരുന്നു...." അവന്റെ സ്വരം കാതിൽ പതിച്ചു... വാക്കുകൾ കാതുകൾക്ക് ഇമ്പമേകുന്നതാണ്... 'ശ്രീഹരി ഹൃദയത്തിൽ തൊട്ട് പറയുന്ന വാക്കുകളാണോ ഇവയൊക്കെ....' അവളിൽ ആ ചോദ്യം തങ്ങി... പുറത്തേക്ക് വന്നില്ല.. "ഇനിയൊരു വിധിക്കും വിട്ടുകൊടുക്കാതെ ചേർത്തുപിടിച്ചോളാം ഞാൻ.... ഇപ്പൊ നീയില്ലാതെ എനിക്ക് വയ്യ...." അവളവന്റെ മിഴികളിലേക്ക് നോക്കി.. "വിശ്വസിച്ചോട്ടെ ഞാനീ വാക്കുകളെ...." ഈറൻ മിഴികളോടെ അവളത് ചോദിച്ചു... നനഞ്ഞ കൺപീലികൾ തമ്മിൽ പുണർന്നുകിടക്കുന്ന ആ മിഴികളിലേക്കവൻ അലിവോടെ നോക്കി...

ഒഴുകിയിറങ്ങിയ കണ്ണുനീരിനെ തുടച്ചുനീക്കി.... അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു... "വിശ്വസിക്കാം... എന്നിൽ നിന്നും ജീവൻ നഷ്ടപ്പെടുന്നത് വരെ..." അവന്റെ വാക്കുകളിലെ ദൃഢത സത്യത്തെ വിളിച്ചോതി അവൾ നിർവൃതിയോടെ അവനെ നോക്കി... നഷ്ടപ്പെട്ടുപോവുമെന്ന് കരുതിയ പ്രണയമാണിന്ന് തേടിവന്നിരിക്കുന്നത്... ഇനിയൊരു വേർപാടിനും വിട്ടുകൊടുക്കില്ല... അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു... അവൾ അവനിലേക്ക് ചേർന്നു നിന്നു... വല്ലാത്തൊരു അനുഭൂതി... കണ്ണുകൾ നിറഞ്ഞെങ്കിലും അധരങ്ങൾ പുഞ്ചിരി പൊഴിച്ചു... "ശിവാ..." അവൻ വിളിച്ചു... അത്രമേൽ ആർദ്രമായി... "മ്മ്..." അവളവന്റെ മുഖത്തേക്ക് നോക്കി.. "നിനക്കെന്നോട് ദേഷ്യം തോന്നിയില്ലേ ശിവാ... ഇത്രമാത്രം വേദന തന്നിട്ടും....??" "ഇല്ല... ഒരിക്കലുമില്ല... ഞാനപ്പോഴൊക്കെ ഹരിയേട്ടന്റെ ഭാഗത്ത്‌ നിന്നും ചിന്തിച്ചു..." അവളൊന്ന് നിർത്തി. "എനിക്ക് ഹരിയേട്ടന്റെ കൂടെ ജീവിക്കാൻ നിങ്ങളോടുള്ള പ്രണയം മാത്രം മതിയായിരുന്നു... പക്ഷെ ഒരടുപ്പവും തോന്നാത്ത ഒരുവളുടെ കൂടെ ജീവിക്കുമ്പോഴുള്ള ഹരിയേട്ടന്റെ ബുദ്ധിമുട്ട് ഞാൻ മനസിലാക്കിയിരുന്നു... അപ്പോഴെനിക്ക് ദേഷ്യം തോന്നിയില്ല.... പക്ഷെ.....

പക്ഷെ പലപ്പോഴും ദുഃഖം തോന്നിയിട്ടുണ്ട് വാക്കുകൾ കൊണ്ട് മുറിപ്പെടുത്തിയപ്പോൾ..." "ഇനിയീ കണ്ണ് നിറയാൻ ഞാൻ അനുവദിക്കില്ല ശിവാ.... നിന്റെ കണ്ണുനീർ കാണുമ്പോൾ എനിക്ക് നോവുന്നു..." "ഇത് ദുഃഖതിന്റേതല്ല സന്തോഷതിന്റെതാണ്..." അവൾ ചിരിച്ചു മനോഹരമായി അതിമനോഹരമായി... അവൻ അവളെ പുണർന്നു.... ഇനിയൊരു വസന്തകാലം നമുക്കാഘോഷിക്കാം വിടർന്നപൂക്കളെയും അതിന്റെ മധു നുകരാൻ പാറിയെത്തുന്ന ശലഭങ്ങളെയും കൺകുളിർക്കേ കാണാം... ആ രാവിന് എന്നത്തേക്കാളും ഭംഗിയുണ്ടെന്ന് തോന്നി ഇരുവർക്കും... വീർപ്പുമുട്ടിയ കുറച്ചു ദിനങ്ങളെ മറവിയിലേക്കാഴ്ത്തി സുഖമുള്ളൊരു പുലരിയിലേക്ക് കണ്ണു തുറക്കാൻ അവരിരുവരും നിദ്രപുൽകി... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ജനാലഴകളിലൂടെയൊരു പൊൻ വെളിച്ചം കണ്ണിലേക്കു പതിച്ചതും അവൻ കണ്ണ് ചിമ്മി തുറന്നു.... വല്ലാത്തൊരു ഉന്മേഷം വന്ന് പൊതിയുന്നത് പോലെ... മനസിലെ ചിന്താഭാരങ്ങൾ കുറഞ്ഞിരിക്കുന്നു... വല്ലാത്തൊരു ശാന്തത... അവനൊന്ന് ചുറ്റും നോക്കി... ശിവയെ കാണാനില്ല... താഴെക്കിറങ്ങിക്കാണും... പുതപ്പ് മാറ്റി കട്ടിലിൽ നിന്നവൻ എണീറ്റു... തുറന്നു കിടക്കുന്ന ജനലിനരികിലേക്ക് നടന്നു.... ഒഴുകിയെത്തുന്ന കാറ്റിൽ വെള്ള കർട്ടനുകൾ ആടിയുലയുന്നുണ്ട്....

ഇതുവരെ കാണാത്ത... അറിഞ്ഞിട്ടില്ലാത്തൊരു പുലരി... മനോഹരം.... അതിമനോഹരം.... അവന്റെ ചൊടികളിൽ ഒരിളം പുഞ്ചിരി തത്തികളിച്ചു... ഗോവണി ഇറങ്ങി താഴെ ചെന്നു അകത്തളത്തിൽ ആരുമില്ല... പൂമുഖത്തേക്ക് നടന്നു... തിണ്ണയിൽ പാതി മടക്കി വെച്ചൊരു പത്രം കിടക്കുന്നുണ്ട്... അരികിലായി കാലിയായൊരു ചില്ലുഗ്ലാസും ... മുത്തശ്ശൻ കുടിച്ചു വെച്ചതാവാം... ഒന്ന് മൂരി നിവർന്ന് അവൻ മുറ്റത്തേക്ക് ഇറങ്ങി... വെളുത്തപ്പൂക്കൾ വീണുകിടക്കുന്ന ആ ഇലഞ്ഞിമരചോട്ടിലേക്ക് നടന്നു... ഒന്ന് കുമ്പിട്ട് വീണുകിടക്കുന്ന പൂക്കൾ പെറുക്കി ഉള്ളം കയ്യിലെക്കിട്ടു... അതിലേക്ക് നോക്കി നിൽക്കുമ്പോഴായിരുന്നു... ഒരു തോർത്ത്‌ തലയിൽ ചുറ്റികെട്ടി മുത്തശ്ശന്റെ വരവ്... "ആഹ് മോനെണീറ്റോ.... എണീറ്റു വന്നാൽ ചായ പതിവുണ്ടോ മോന്...??" മുത്തശ്ശൻ ചോദിച്ചു. "ഉവ്വ്... അതൊരു പതിവാ..." ഹരി ചിരിയോടെ പറഞ്ഞു.. "എങ്കിൽ മോൻ വാ... മുത്തശ്ശൻ ഇട്ട് തരാം ചായ.... അവര് രണ്ടാളും ക്ഷേത്രത്തിൽ പോയിരിക്കുവാ..." "ആണോ...അവരെപ്പോഴാ പോയെ..." "കുറച്ചു നേരായി....ഇപ്പൊ വരുന്നുണ്ടാവും....." തലയിലെ കെട്ടഴിച്ചുകൊണ്ട് മുത്തശ്ശൻ പറഞ്ഞു. "മുത്തശ്ശന് അവിടെയെന്താ പരിപാടി...." തൊടിയിലേക്ക് നോക്കി അവൻ ചോദിച്ചു.. "ഒരു തോട്ടമുണ്ടവിടെ.... ചെറിയ രീതിയിൽ പച്ചക്കറി കൃഷിയും വാഴയും ഒക്കെയുണ്ട്...."

"എന്നാ അതൊന്ന് പോയി കാണാം... എന്നിട്ടാവാം ചായ...." ഹരി പറഞ്ഞു. "മ്മ്... എങ്കിൽ വാ..." അവർ അങ്ങോട്ട് നടക്കാൻ തുടങ്ങുമ്പോഴായിരുന്നു ശിവാനിയും അമ്മമ്മയും പടിപ്പുര കയറി വന്നത്... "ആഹ് ദേ അവര് വന്നു...." മുത്തശ്ശൻ പറഞ്ഞു. "രണ്ടുപേരും ക്ഷേത്രത്തിൽ പോവുമ്പോ എന്നെയെന്തെ വിളിച്ചില്ല...??" ഹരി പരിഭവിച്ചു... "ഞാൻ നോക്കുമ്പോൾ നല്ല ഉറക്കമായിരുന്നു... അതാ വിളിക്കാഞ്ഞേ..."ശിവാനി പറഞ്ഞു. "സാരില്ല... നാളെ രണ്ടാളും കൂടിയൊന്ന് പോയി തൊഴുതാൽ മതി..." അമ്മമ്മ പറഞ്ഞു. അവർ സമ്മതം നൽകി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ചൂട് പുട്ടും കടലക്കറിയും സ്വാദോടെ കഴിക്കുന്നവനെ നോക്കി മറുവശത്തെ കസേരയിലേക്ക് ഇരുന്നു ശിവാനി... "മോന് പുട്ടും കടലേം ഒത്തിരി ഇഷ്ടാണെന്ന് പറഞ്ഞു ചിന്നു..." അമ്മമ്മയാണ്.. "മ്മ്... ഇഷ്ടാണ്.... ശിവാനിക്ക് അമ്മമ്മയുടെ കൈപ്പുണ്യം ആണല്ലേ കിട്ടിയിരിക്കുന്നത്..." ഹരി ചോദിച്ചു. "അങ്ങനെ തോന്നിയോ മോന്.... ചെറുതിലെ എന്റെ കൂടെ അടുക്കളേൽ നിന്ന് കറിയുടെ കൂട്ടൊക്കെ ചോദിക്കുമായിരുന്നു ഇവൾ..." അമ്മമ്മ പറഞ്ഞു.. "മ്മ്... ഇതേ രുചിയിൽ ഞാൻ വീട്ടീന്ന് കഴിച്ചിട്ടുണ്ട്...." ശിവാനി അത് കേട്ടൊന്ന് പുഞ്ചിരിച്ചു.... പുട്ടും കടലക്കറിയും ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ... ഒരു ദിവസം തന്റെ കൈകൊണ്ട് ഉണ്ടാക്കികൊടുത്ത്...

ആളത് സ്വാദോടെ കഴിക്കുന്നത് മാറി നിന്ന് കണ്ടു ആസ്വദിച്ചത് അവളുടെ ഉള്ളിൽ തെളിഞ്ഞു.. ഉച്ചയ്ക്കും അവന് ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കാൻ മുത്തശ്ശിയോടൊപ്പം കൂടി... ഊണ് കഴിച്ച്... അവർ നാടുചുറ്റാനിറങ്ങി... തന്നെ കുറിച്ച് ചോദിക്കുന്നവർക്കൊക്കെ ഒരു ചിരിയോടെ തന്നെ പരിചയപ്പെടുത്തി കൊടുക്കുന്ന ശിവാനിയെ അവൻ സ്നേഹത്തോടെ നോക്കി... പുഴക്കരയിൽ ഇരുന്ന്.... ഓളം വെട്ടുന്ന പുഴയിലേക്ക് നോക്കി.... ഇളം കാറ്റേറ്റ് കുറച്ചു നേരം പരസ്പരം സംസാരിച്ച് അവിടെ ഇരുന്നു.... പിന്നെ എണീറ്റ് തിരികെ നടന്നു... പതിവുപോലെ മേലുകഴുകി വിളക്ക് വെച്ച് മുത്തശ്ശനെയും കാത്ത് പൂമുഖപ്പടിയിൽ അമ്മമ്മയുടെ മടിത്തട്ടിൽ ചായുമ്പോൾ പതിവ് വേദനിപ്പിക്കുന്ന ചിന്തകൾ ഉണ്ടായിരുന്നില്ല... അത്തരം ചിന്തകൾക്കെല്ലാം മോചനം നൽകിയിരിക്കുന്നു... ഇപ്പോൾ സ്വപ്നങ്ങളാണ് ഒന്നിച്ച് കയ്യേത്തിപിടിക്കേണ്ട ഒരുപാട് നിറമുള്ള സ്വപ്നങ്ങൾ.... മടിയിൽ ചിന്നുവാണ് കിടക്കുന്നതെങ്കിലും അമ്മമ്മ തിണ്ണയിൽ ഇരിക്കുന്ന ഹരിയോടായിരുന്നു സംസാരം.... ചിന്നുവിന്റെ കുസൃതികളും കുറുമ്പുകളും പറഞ്ഞുകേൾപ്പിക്കുകയായിരുന്നു ആള്... ഒരുപാട് ഇഷ്ടത്തോടെ അത് ആസ്വദിച്ചിരിക്കുന്ന ഹരിയെ ചിന്നു കണ്ണിമയ്ക്കാതെ നോക്കി...

ഒടുവിൽ പലഹാരപൊതിയുമായി മുത്തശ്ശൻ പടിപ്പുര കടന്നപ്പോൾ അവളോടി ആ വലംകയ്യിൽ ചുറ്റിപ്പിടിച്ചിരുന്നു.... പൊതിതുറന്ന് അത് നാലാളും ചേർന്ന് പങ്കുവെച്ചു കഴിച്ചു... അത്താഴം കഴിഞ്ഞു നാലുപേരും ഒന്നിച്ചിരുന്നു സംസാരിച്ചു... പിന്നെയെപ്പോഴോ വിശേഷങ്ങൾക്ക് വിടനൽകി.... ആ റാവുറങ്ങി... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 പിറ്റേന്ന് നേരത്തെ എണീറ്റ് ക്ഷേത്രത്തിലേക്ക് പോവാൻ തയ്യാറായി നിന്നു അവരിരുവരും.... മനു വാങ്ങിയ ദാവണി ആയിരുന്നു ചിന്നു ധരിച്ചത്... പുത്തൻ പുലരിയിൽ മനോഹരമായ കാഴ്ചകൾ കണ്ട് നാട്ടുവഴികളിലൂടെ അവർ നടന്നുനീങ്ങി.... എതിരെ വരുന്നവർ ശിവാനിയെ നോക്കി ഒരു പുഞ്ചിരി പൊഴിക്കുമ്പോൾ അവളും പകരം നൽകിയിരുന്നു ഒരു നറുപുഞ്ചിരി... ആ സമയം അവനോർത്തത് നഗരത്തെയാണ്... ചിരിക്കാൻ മറന്ന് തിരക്കിട്ടോടുന്ന ഒരുപറ്റം മനുഷ്യരെയാണ്... ക്ഷേത്രത്തിൽ തൊഴുതു നിൽക്കുമ്പോൾ ഭഗവാനോട് ഒരായിരം നന്ദിയവൾ പറഞ്ഞു... ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ഒരുമിച്ച് ഈ നടയിൽ വന്നു നിൽക്കുമെന്ന്... ആഗ്രഹിച്ചിട്ടുണ്ട് ഒരുപാട്.... ഇന്നത് സഫലമായിരിക്കുന്നു.... തിരികെ വീട്ടിലേക്ക് നടക്കുമ്പോഴും ഇതുവരെ പങ്കുവെക്കാൻ കഴിയാത്ത ഒരുപാടൊർമ്മകൾ അവൾ പങ്കുവെച്ചു... ഇതുപോലൊരു ബാല്യം തനിക്കില്ലയെന്ന് മനസിലാക്കുകയായിരുന്നു ഹരി ആ നിമിഷം...

'ചിന്നുവിന്റെ മുഖത്തെ പുഞ്ചിരിക്ക് തിളക്കം കൂടിയെന്ന്' അമ്മമ്മ മുത്തശ്ശനോട് പറഞ്ഞപ്പോൾ 'കുറച്ചു ദിവസങ്ങൾക്ക് ശേഷമല്ലേ അവർ നേരിട്ട് കാണുന്നു അതിന്റെ സന്തോഷം ആയിരിക്കുമെടോ...' എന്ന് മുത്തശ്ശൻ പറഞ്ഞു.. ക്ഷേത്രത്തിൽ പോയി വന്ന് മനുവിന്റെ വീട്ടിലും പോയി... അമ്മാവനും അമ്മായിക്കും മീനുവിനും ഒത്തിരി സന്തോഷമായി... മനുവിനെ വീഡിയോ കാൾ ചെയ്തിരുന്നു മീനുചേച്ചി... തന്നെയും ഹരിയേട്ടനെയും ഒന്നിച്ചു കണ്ടപ്പോൾ ആ മുഖത്ത് അത്ഭുതം നിറഞ്ഞു... കുറച്ചു മാറി നിന്നവൾ അവനെ നോക്കി മനോഹരമായൊന്ന് ചിരിച്ചു... ഉള്ളിൽ തട്ടിയൊരു പുഞ്ചിരി നാളുകൾക്കു ശേഷം അവളിൽ കണ്ടതിന്റെ ഉന്മേഷം അവനിലും വിടർന്നു... "മനൂ... നീയന്ന് പോവുമ്പോൾ എന്റെ മിഴികളിനി നിറയരുതെന്ന് പറഞ്ഞതോർമ്മയുണ്ടോ...ഇനി ഒരിക്കലും നിറയാതിരിക്കാനുള്ള മരുന്നുമായാണ് ഹരിയേട്ടൻ വന്നത്...." അവൾ ചിരിച്ചു... സന്തോഷത്തിന്റെ നീർതിളക്കം അവളിൽ വിരുന്നെത്തി.. "ഓഹ് തീപ്പെട്ടികൊള്ളിയുടെ ഒരു സന്തോഷം കണ്ടോ... ആഹ് എന്തായാലും നീയന്ന് എല്ലാം പറഞ്ഞപ്പോൾ ഞാൻ നിന്റെ ഹരിയേട്ടനെ കുറച്ചധികം സ്മരിച്ചിരുന്നു...." അവൻ കളിയാക്കലോടെ പറഞ്ഞു.. "പോടാ... അതൊന്നും ആളുടെ മേൽ ഏൽക്കില്ല...."

അവൾ നന്നായൊന്ന് ഇളിച്ചു.. "ഉവ്വ ഉവ്വാ... പെണ്ണിന് ഇളക്കം കൂടിയത് കണ്ടോ...." കുറച്ചു നേരം കൂടി വിശേഷങ്ങൾ പങ്കുവെച്ചു... "അപ്പൊ ഓൾ ദി ബെസ്റ്റ് ഡിയർ..." അവൻ കണ്ണുചിമ്മി.. സ്‌ക്രീനിൽ അവൻ മറഞ്ഞതും അവൾ തിരിഞ്ഞു നടന്നു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അമ്മമ്മ ഉണ്ടാക്കി തന്ന പലഹാരങ്ങൾ ബാഗിലേക്ക് നിറക്കുമ്പോൾ ചിന്നുവിന്റെ മിഴികളിൽ നനവ് പടർന്നു... അമ്മമ്മയെയും മുത്തശ്ശനേയും അവരുടെ സ്നേഹത്തെയും പിരിയാൻ മനസ്സ് അനുവദിക്കുന്നില്ല... "ശിവാ.... നമുക്കിനിയും വരാടോ... ഇവിടം എനിക്കും ഇഷ്ടപ്പെട്ടു ഒരുപാട്... താൻ ആഗ്രഹിക്കുമ്പോഴൊക്കെ നമുക്ക് വരാം...." "മ്മ്..."അവൾ ചിരിച്ചു.. "ഹരിയേട്ടാ ഈ ഷർട്ട്‌ ഇട്ടാമതി... ഇവരുടെ വക ഓണാക്കോടിയാ... ഞാൻ സെലക്ട്‌ ചെയ്തത്...." പനിനീർപ്പൂവിന്റെ നിറത്തിലെ ഷർട്ട്‌ കയ്യിലെടുത്ത് അവൾ പറഞ്ഞു.. "എന്റെ ഇഷ്ടപ്പെട്ട നിറം... നിനക്ക് ഞാൻ വാങ്ങിയ സാരിയും ഈ നിറമല്ലേ ശിവാ..."അവൻ അത്ഭുതത്തോടെ പറഞ്ഞു.. "അതേ... ശ്രീഹരിയുടെ ഇഷ്ടങ്ങളെ ശിവാനിക്കറിയാം... " അവൾ പുഞ്ചിരിച്ചു.. "എങ്കിൽ നീയാ സാരി ഉടുത്താൽ മതിയിന്ന്..." അവൻ പറഞ്ഞു..

അവൾ തലയനക്കി സമ്മതമറിയിച്ചു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 പോവാനിറങ്ങുമ്പോൾ അവൾ അമ്മമ്മയെ ഇറുകെ പുണർന്നു... ആ വാത്സല്യചൂടിലേക്ക് ചേർന്നു നിന്നു... ആ വൃദ്ധയുടെ മിഴികൾ നിറഞ്ഞു നിന്നു... അവളുടേതും...അവർ അവളുടെ നെറുകയിൽ ഒരു സ്നേഹചുംബനം നൽകി.. "ഇനിയും വരണം എന്റെ കുട്ടി.... കണ്ണടയുന്നത് വരെ നിങ്ങളെയൊക്കെ കൺ നിറയെ കാണണമെന്നൊരു ആഗ്രഹം മാത്രമേയുള്ളു ഈ വൃദ്ധയ്ക്ക്...." അമ്മമ്മയിൽ വേദന നിഴലിച്ചു.. "വരാം അമ്മമ്മേ... തീർച്ചയായും വരാം..." അവൾ ഉറപ്പ് നൽകി... മുത്തശ്ശനെയും അവൾ പുണർന്നു... വട്ടക്കണ്ണടക്കുള്ളിലെ മിഴികളിൽ നനവുണ്ടായിരുന്നു... "പോയിവാ മോളെ...." മുത്തശ്ശൻ നെറുകയിൽ തഴുകി.. പുറമേ പ്രകടിപ്പിച്ചില്ലെങ്കിലും ആ ഉള്ളു നീറുന്നത് അവൾക്കറിയാൻ കഴിഞ്ഞു... വിടപറഞ്ഞ് അവർ അകന്നു പോവുന്നതും നോക്കി ആ തിണ്ണയിൽ അമ്മമ്മയും മുത്തശ്ശനും ഇരുന്നു... ടാക്സി ആ പടിപ്പുര കഴിഞ്ഞ് ദൂരം പിന്നിടുന്നത് വരെ അവളും ഈറൻ മിഴികളോടെ അവരെ ചില്ലുജാലകത്തിലൂടെ തിരിഞ്ഞു നോക്കിയിരുന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story