ഇനിയൊരു വസന്തകാലം: ഭാഗം 15

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

രാവിലെ ശിവ വിളിച്ച് ഹരിയുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞതനുസരിച്ച് അവിടെ എത്തിയതാണ് സുധിയും മീരയും... വിനയനും സുധിയും വിശേഷങ്ങൾ പങ്കുവെച്ച് പൂമുഖത്തിരുന്നപ്പോൾ മക്കൾക്ക് പ്രിയപ്പെട്ടതെല്ലാം പാകം ചെയ്യുന്ന തിരക്കിലായിരുന്നു മീരയും പ്രഭയും... എന്നിരുന്നാലും ഇടയ്ക്കിടെ പൂമുഖത്തേക്ക് അവർ എത്തിനോക്കി... ഒരുമിച്ചവർ വന്നിറങ്ങുന്നത് കാണാൻ വല്ലാത്തൊരു ആകാംഷയോടെ... മുറ്റത്തേക്ക് കയറിയ ടാക്സിയിൽ നിന്നും ഇരുവരും ഇറങ്ങുന്നത് കണ്ടപ്പോൾ ആ അച്ഛനമ്മമാരുടെ മനസ്സ് നിറഞ്ഞു... കൈകോർത്തുപിടിച്ച് ഇരുവരും അകത്തേക്ക് കയറി... പ്രഭയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം നിറഞ്ഞു നിന്നു....ശിവാനി മീരയെ നോക്കി അവരുടെ മുഖത്ത് ആശ്വാസം നിറയുന്നത് കണ്ടു..... ഇത്രനാളും ഈ മുഖങ്ങളിൽ എല്ലാം താൻ കണ്ടത് സഹതാപവും... വേദനയും.. നിസ്സഹായതയും മാത്രമായിരുന്നു എന്നവൾ ഓർത്തുപോയി... പ്രഭ വന്ന് ശിവാനിയെ പൊതിഞ്ഞുപിടിച്ച് അവളുടെ നെറ്റിയിൽ ഒരു മുത്തം നൽകി... മീര നിറചിരിയോടെ അവളെ ചേർത്തുപിടിച്ചു...

ഹരി സുധിയുടെ വലം കൈ കവർന്നിരുന്നു... സുധി അവനെ നോക്കി... അതിലൊരു അപേക്ഷയുണ്ടായിരുന്നെന്ന് തോന്നി ഹരിക്ക്... തന്റെ മകളെ ഇനി വേദനിപ്പിക്കരുതെന്നൊരു ധ്വനി... അവൻ ഒന്ന് പുഞ്ചിരിച്ചു... ഇനി തനിച്ചാക്കില്ലെന്നൊരു ഉറപ്പ് പറയാതെ പറഞ്ഞു... എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു... കുറച്ചു നേരം സംസാരിച്ചു... ഒടുവിൽ സുധിയും മീരയും തിരികെ പോവുമ്പോൾ ഇരുവരെയും അങ്ങോട്ട് ക്ഷണിക്കാനും മറന്നില്ല... സന്തോഷം നിറഞ്ഞു നിന്നൊരു ദിനം യാത്രായായി... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 നിറചിരിയോടെ തനിക്കരികിലേക്ക് നടന്നു വരുന്ന ശ്രീഹരിയെയും ശിവാനിയെയും നിർവൃതിയോടെ ദിയ നോക്കി നിന്നു... അവരിരുവരും സ്റ്റേജിലേക്ക് കയറി കയ്യിലെ ഗിഫ്റ്റ് ബോക്സ്‌ ദിയയ്ക്ക് കൊടുത്തു... ശിവാനി അവളെ ചേർത്തുപിടിച്ചു... "ശിവച്ചിടെ ചിരിക്കിപ്പോൾ വല്ലാത്തൊരു പ്രകാശമുണ്ട്...." ദിയ പതിയെ പറഞ്ഞു.. "നിന്റെ ചിരിക്കും...." ശിവാനി തിരിച്ചടിച്ചു.. ദിയ നാണത്തോടെ തന്നോട് ചേർന്നുനിൽക്കുന്നവനെ നോക്കി... ശ്രീഹരി ദിയക്ക് മറുവശം ചേർന്നു നിൽക്കുന്ന ചെറുപ്പക്കാരന് കൈകൊടുത്തു...

പരസ്പരം പരിചയപ്പെട്ടു... നാലുപേരോടും ചേർന്ന് നിൽക്കാൻ ഫോട്ടോഗ്രാഫർ പറഞ്ഞതും അവർ ചേർന്നു നിന്നു... ഇരുവർക്കും ആശംസ നൽകി അവർ തിരികെയിറങ്ങി... ദിയയുടെ നിശ്ചയം കൂടാൻ വന്നതാണ് അവർ... കൂടെ പഠിച്ചയാൾ തന്നെയാണ് ദിയയുടെ വരൻ... രോഹിത്... അവൾക്ക് ഇഷ്ടപ്പെട്ട ജീവിതം അവൾ തന്നെ തിരഞ്ഞെടുത്തു... അതിന്റെ സന്തോഷം ഇരുവരുടെയും മുഖത്ത് കാണാനുണ്ട്.... പരിചയക്കാരിൽ ആരോടോ സംസാരിച്ചു താഴെ ചേർന്നു നിൽക്കുന്ന ഹരിയേയും ശിവയേയും ദിയയുടെ ആവശ്യപ്രകാരം ഫോട്ടോഗ്രാഫർ ഒരു ഫോട്ടോ എടുത്തു... ചിരിയും കളിയും കുസൃതികളുമായി ദിനങ്ങളങ്ങനെ കടന്നു പോയികൊണ്ടിരുന്നു... ശ്രീഹരി അറിയുകയായിരുന്നു ഒരു പുതിയ ശിവാനിയെ കുറുമ്പും കുസൃതിയുമുള്ളൊരു ശിവാനിയെ... ശിവാനിയും അവന്റെ സ്നേഹത്തിൽ.. പ്രണയത്തിൽ എല്ലാം സന്തുഷ്ടയായിരുന്നു... പ്രണയം നിറച്ചുള്ള അവന്റെ ഓരോ നോട്ടവും അവൾ ആസ്വദിച്ചു... ഇടയ്ക്ക് ചെറിയ ചില സൗന്ദര്യപിണക്കങ്ങൾ പിടിമുറുക്കുമ്പോൾ ശിവാനി ശ്രേയയെ കുറിച്ച് പറയും അന്നേരം അവന്റെ മുഖത്ത് ഉണ്ടാവുന്ന ദേഷ്യം കാണാൻ... ചിലനേരത്ത് ഹരി ശ്രേയയെ കുറിച്ച് പറയും അത് കേൾക്കുമ്പോൾ ശിവാനിയിൽ ഉടലെടുക്കുന്ന കുശുമ്പ് കാണാൻ... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ദിവസങ്ങളേറെ കൊഴിഞ്ഞു വീണു... ഇന്നൊരു ആഘോഷദിവസമാണ് തറവാട്ടിൽ... മനുവിന്റെ വിവാഹം... അവന്റെ വിവാഹവും തറവാട്ടിൽ വെച്ച് നടത്താമെന്ന് പറഞ്ഞത് അമ്മമ്മയാണ്... അർച്ചനയുടെ പഠനം പൂർത്തിയാക്കിയിട്ട് മതി വിവാഹമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു...അതുകൊണ്ട് തന്നെ പരസ്പരം മനസിലാക്കാൻ അവർക്ക് കുറച്ചു സമയം അനുവദിച്ചു കിട്ടി... തറവാടിന്റെ അകവും പുറവും നിറയെ ആളും ബഹളവുമാണ്... വധുവിന്റെ വീട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും... "മനൂ... നീയിപ്പോഴും വിറക്കുന്നുണ്ടല്ലോടാ...." ശിവാനി മുറിയിലേക്ക് കടന്നു വന്ന് അവനെ കളിയാക്കി ചിരിച്ചു... "പോടി തീപ്പെട്ടി കൊള്ളി..." അവൻ ചുണ്ട് കോട്ടി...അവൾ ചിരിച്ചു... താഴെക്കിറങ്ങി ചെന്ന് മുതിർന്നവർക്കെല്ലാം ദക്ഷിണകൊടുത്തു... അടുത്തതായി ഫോട്ടോ പിടുത്തം തുടങ്ങി... ഫോട്ടോഗ്രാഫർ പറയുന്നതനുസരിച്ച് കുടുംബക്കരെല്ലാം വരനൊപ്പം നിന്ന് ഫോട്ടോയെടുത്തു... പിന്നെ ശിവാനിയെയും മീനുവിനെയും ഇരുഭാഗത്ത് ചേർത്തുപിടിച്ച് അവരൊന്നിച്ചൊരു ഫോട്ടോയെടുത്തു... കുട്ടികാലത്തിന്റെ ഓർമ പുതുക്കി... പിന്നെ ശിവാനിക്കരികിൽ ഹരിയും മീനുവിനരികിൽ ജിഷ്ണുവും വന്നു നിന്നു പാച്ചുവിനെയും ചേർത്തുപിടിച്ചൊരു ഫോട്ടോ...

പിന്നീട് എല്ലാവരും ചേർന്ന് വധുവിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു.... അർച്ചനയുടെ കഴുത്തിൽ മനു താലിചാർത്തി... എല്ലാവരും ആശീർവാദങ്ങൾ അവരിലേക്ക് ചൊരിഞ്ഞു.... പുതിയൊരു ജീവിതയാത്ര അവരിരുവരും തുടങ്ങിവെച്ചു... സദ്യയൊക്കെ കഴിച്ച് തിരികെ വീട്ടിലേക്ക് പോവാൻ തുടങ്ങിയപ്പോൾ അർച്ചന അവളുടെ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു കരഞ്ഞു... അന്നേരം ശിവാനിയോർത്തത് ശ്രീഹരി അവളുടെ കഴുത്തിൽ താലിച്ചാർത്തിയ ആ ദിനമായിരുന്നു.... അന്ന് താനും കരഞ്ഞിരുന്നു... പക്ഷെ ശിവാനിയെ പോലെയല്ല അർച്ചന... അവളുടെ കണ്ണുനീർ തുടച്ചു നീക്കാൻ അവളുടെ പാതിയുണ്ട് അവിടെ.. ഇന്ന് ശ്രീഹരി ശിവാനിയെ സ്നേഹിക്കുന്നത് പോലെ അവനവളെ സ്നേഹിക്കും... ചിലപ്പോൾ അതിലുപരി... അവൾ ചിരിച്ചു... മനോഹരമായി... അറിയാതെ മിഴികൾ പ്രിയപ്പെട്ടവനെ തേടി... ഒടുവിൽ കുറച്ചപ്പുറം പ്രവീണിനോട് സംസാരിച്ചു നിൽക്കുന്നവനിൽ എത്തി നിന്നു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 കല്യാണത്തിരക്ക് കഴിഞ്ഞപ്പോൾ അകന്ന ബന്ധുക്കളും പരിചയക്കാരും വിടപറഞ്ഞു... ബഹളം അൽപ്പം കുറഞ്ഞു... പുതിയൊരു അന്തരീക്ഷത്തിൽ വന്നു പെട്ടതിന്റെ അമ്പരപ്പും ഭീതിയും അർച്ചനയിൽ ഉണ്ടായിരുന്നു...

അതുകൊണ്ട് തന്നെ അവൾക്കൊപ്പം എപ്പോഴും ശിവാനിയും മീനുവും ഉണ്ടായിരുന്നു... സംസാരിച്ചിരിക്കുമ്പോൾ അറിയുകയായിരുന്നു അർച്ചനയെ.. ഒരു പാവം പെണ്ണ്... അവർക്കിടയിലേക്ക് ചേർന്നു നിൽക്കുന്നവൾ... തിരക്കുകളും ആരവങ്ങളും ഒഴിഞ്ഞു.... തറവാട്ടിൽ വീട്ടുകാർ മാത്രമായി... പൂമുഖത്ത് പതിവ് പോലെ എല്ലാവരും കൂടി... കല്യാണവിശേഷങ്ങൾ തുടങ്ങി ഇനി വരാനുള്ള വിരുന്നുകളും ബാക്കി ചടങ്ങുകളും അങ്ങനെയങ്ങനെ വിശേഷങ്ങൾ നീണ്ടുപോയി... പാവം അർച്ചന ഒരിടത്തിരുന്നു ഉറക്കം തൂങ്ങുന്നത് കണ്ടപ്പോൾ അവളെയും മനുവിനെയും അകത്തേക്ക് പറഞ്ഞയച്ചു... ബാക്കിയുള്ളവരും ഉറങ്ങാൻ തീരുമാനിച്ച് അകത്തേക്ക് നടന്നു... പക്ഷെ ഹരിയും ശിവാനിയും അവിടെ തന്നെ കൂടി... തറവാട്ടിൽ വരുമ്പോഴൊക്കെ ഇരുവർക്കും ഇത് പതിവാണ്... കുറച്ചു നേരം ആ നിലാവിൽ ഇലഞ്ഞിപ്പൂ മണം പേറി വരുന്ന നേർത്ത കാറ്റ് ആസ്വദിച്ചങ്ങനെ... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 മാസങ്ങൾക്ക് അപ്പുറം ഒരു സായാഹ്നം.... "അമ്മമ്മേ എനിക്ക് ഉണ്ണിയപ്പം കഴിക്കാൻ തോന്നണു...." വയറൊന്നുഴിഞ്ഞ് ശിവാനി പറഞ്ഞു..

"അതിനെന്താ അമ്മമ്മ ഉണ്ടാക്കി തരാലോ ന്റെ കുട്ടിക്ക്...." അമ്മമ്മ സ്നേഹത്തോടെ പറഞ്ഞു.. ചിന്നു ചിരിച്ചു... ശിവാനി ഗർഭകാലം അമ്മമ്മയോടൊപ്പം ചിലവിടാൻ തറവാട്ടിൽ വന്നതാണ്...മീരയും ഇവിടെയാണ് താമസം... ഇടയ്ക്ക് ഹരി വരും ചിലപ്പോൾ കൂടെ പ്രഭയും വിനയനും ഉണ്ടാവും.... സുധിയും നേരം കിട്ടുമ്പോഴൊക്കെ വരാറുണ്ട്.. "ചിന്നൂ... മുത്തശ്ശൻ കവലേൽ പോവാ... നീ വരുന്നോ....??" മുറ്റത്തേക്കിറങ്ങി മുത്തശ്ശൻ ചോദിച്ചു.. അപ്പോഴായിരുന്നു മീര മുറിയിൽ നിന്ന് ഇറങ്ങി വന്നത്... അവൾ അമ്മയെ ഒളിക്കണ്ണിട്ടു നോക്കി... മീര അവളെയും... "പൊയ്ക്കോട്ടേ അമ്മേ ഞാൻ... ഇപ്പൊ നിക്ക് കൊഴപ്പന്നൂല്ല്യാലോ..." അവൾ കൊഞ്ചി.. "മ്മ് പോയി വാ... " അമ്മ സമ്മതം മൂളി.. ചിന്നു അവരെ ചുറ്റിപിടിച്ച് ആ കവിളിൽ ചുണ്ടമർത്തി.. "ഞാൻ വരുമ്പോഴേക്കും രണ്ടാളും ഉണ്ണിയപ്പം ഉണ്ടാക്കണേ..." പറഞ്ഞു കൊണ്ടവൾ മുറ്റത്തേക്കിറങ്ങി... "മോളെ നോക്കിക്കോണേ..." അമ്മമ്മ മുത്തശ്ശനോട് പറഞ്ഞു... "താൻ പേടിക്കാതെടോ... ന്റെ ചിന്നൂനെ ഞാൻ നോക്കിക്കോളാം.. അദ്ദേഹമത് പറഞ്ഞു തീർന്നതും ഒരു കാർ വന്ന് പടിപ്പുരക്കരികിൽ നിർത്തി... അതിൽ നിന്നും ഇറങ്ങുന്ന ഹരിയെ കണ്ടപ്പോൾ ചിന്നുവിന്റെ മുഖം പ്രകാശിച്ചു... "ആഹ് എവിടെക്കാ മുത്തശ്ശനും പേരകുട്ടിയും കൂടി..." ഹരി ചോദിച്ചു.. "ഞങ്ങളൊന്ന് കവല വരെ... ഇനിയിപ്പോ മോനും കൂടെ പോര്..." മുത്തശ്ശൻ പറഞ്ഞു. അവൻ ബാഗ് പൂമുഖത്ത് വെച്ച് തിരിഞ്ഞ് അവർക്കൊപ്പം നടന്നു...

പതിയെ നടന്നു നടന്ന് അവർ കവലയിലെത്തി... ആ ഗ്രാമത്തിന് അധികം മാറ്റം വന്നിട്ടില്ല... കവലയിൽ പുതിയ കടകൾ ഉയർന്നെങ്കിലും പഴയ പീടികകൾക്കൊന്നും മാറ്റമില്ല... ബഷീറാക്കന്റെ ചായക്കടയും നാരായണേട്ടന്റെ പീടികയും അവിടെയുണ്ട്... ചുവന്നു തുടുത്ത നാട്ടുവഴിയിലൂടെ നാരങ്ങാ മിട്ടായി നുണഞ്ഞുകൊണ്ടവൾ നടന്നു... തറവാട്ടിൽ എത്തിയപ്പോൾ അവിടെ ചില അതിഥികൾ ഉണ്ടായിരുന്നു... മനുവും അർച്ചനയും... അർച്ചനയ്ക്കും വിശേഷമുണ്ട്... "എന്റെ തീപ്പെട്ടി കൊള്ളി ഉള്ളിലൊരു ആളുണ്ടായിട്ടും നിനക്ക് വല്ല്യ മാറ്റമൊന്നും ഇല്ലല്ലോടി..." അവളെ കണ്ടതും മനു പറഞ്ഞു... "അതിന് ഞാൻ തിന്നുന്നതൊക്കെ ഉള്ളിലുള്ള ആള് വലിച്ചെടുക്കുവാ..." അവൾ ചിരിച്ചു.. കുറച്ചു നേരം സംസാരിച്ചിരുന്നപ്പോൾ ഉണ്ണിയപ്പത്തിന്റെ മണം അടുക്കളയിൽ നിന്നുമുയർന്നു... പണ്ടത്തെ പോലെ മനുവും ചിന്നുവും പരസ്പരം നോക്കി... പിന്നെ മനു എണീറ്റ് വന്ന് ശിവാനിയെ ചേർത്തുപിടിച്ച് അകത്തേക്ക് നടന്നു... ഹരിയും അർച്ചനയും പുറകെ നടന്നു... അവർ ചെല്ലുമ്പോൾ മനു തിണ്ണയിൽ കയറി ഇരിക്കുന്നുണ്ട്... ചിന്നു അവിടെ ഒരു കസേരയിലും... അർച്ചനയും അവർക്കരികിൽ ചെന്നിരുന്നു... ഹരി മനുവിനൊപ്പം തിണ്ണയിലേക്കിരുന്നു... കുഞ്ഞഥിതികൾക്കായുള്ള കാത്തിരിപ്പ് തുടർന്നു കൊണ്ടിരുന്നു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story