ഇനിയൊരു വസന്തകാലം: ഭാഗം 2

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

തുറന്നു കിടക്കുന്ന ജാലകത്തിലൂടെ നേരിയ വെളിച്ചം കടന്നു വന്നു.... കണ്ണുകളൊന്ന് ചിമ്മി തുറന്നു അവൾ...... ഫോണെടുത്ത് സമയം നോക്കി.... 7:00 അവളൊന്ന് നെടുവീർപ്പിട്ടു.... പതിവ് തെറ്റിയിരിക്കുന്നു....ദൃതിയിൽ അവളെണീറ്റു... ആദ്യം പൂമുഖത്തേക്ക് പോയി... പണ്ടൊരിക്കൽ മുത്തശ്ശൻ പറഞ്ഞു തന്ന ശീലങ്ങളിൽ ഒന്ന്.... രാത്രിയിലെപ്പോഴോ പറയാതെ പെയ്ത മഴയിൽ മണ്ണ് നനഞ്ഞു കിടക്കുന്നു.... ഈറൻ തങ്ങി നിൽക്കുന്ന അന്തരീക്ഷം.... മുറ്റത്തെ നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന ഇലഞ്ഞിമരത്തിൽ നിന്നും ഇലഞ്ഞിപൂക്കളുടെ മനം മയക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നിരിക്കുന്നു..... തൊടിയിലേക്കൊന്ന് നോക്കിയപ്പോൾ കണ്ടു മുത്തശ്ശനെ രാവിലെ തന്നെ ചെടികളെ പരിപാലിച്ചു നടക്കുകയാണ് ആള്..... കുറച്ചു നേരം അരതിണ്ണയിൽ ഇരുന്നു ശേഷം അടുക്കളയിലേക്ക് നടന്നു.... അമ്മമ്മയെ അവിടെ കാണാഞ്ഞു തിരികെ പോന്നു.... അവരുടെ മുറിയിൽ എത്തിയപ്പോൾ എങ്ങോട്ടോ പോവാനായി റെഡിയാവുന്ന അമ്മമ്മയെ കണ്ടു.... "അമ്മമ്മ ഇതെങ്ങോട്ടാ.....??" അകത്തേക്ക് കടന്നു കൊണ്ടായിരുന്നു ചോദ്യം....

"ക്ഷേത്രത്തിലേക്ക്.... ഇന്നിത്തിരി വൈകി...." അമ്മമ്മ പറഞ്ഞു. "എന്ത് പറ്റി....." "മോള് ഉള്ളോണ്ട് അമ്മമ്മ പ്രാതൽ നേരത്തെ തയ്യാറാക്കാൻ നിന്നു....." "അയ്യോ.... അത് വേണ്ടിരുന്നില്ല.....ഒരുപാട് വൈകിയോ...... " "ഏയ്‌.... അതൊന്നുമില്ല..... പതിവ് തെറ്റീന്നെ ഉള്ളു....." സമാധാനത്തോടെ അമ്മമ്മ പറഞ്ഞു. "ഞാനും വന്നോട്ടെ..... ഒരുപാടായില്ലേ ഇവിടത്തെ ക്ഷേത്രത്തിലൊന്ന് പോയിട്ട്.....വൈകുവോ അമ്മമ്മയ്ക്ക്.....??" മടിച്ചു മടിച്ചു ചോദിച്ചു. "അതിനെന്താ.... ന്റെ കുട്ടി പോയി കുളിച്ചൊരുങ്ങി വാ.... അമ്മമ്മ കാത്ത് നിൽക്കാം......" അമ്മമ്മ പറഞ്ഞു. ഒട്ടും വൈകാതെ അവളോടി.... കുളിച്ച് ഈറനയായി മുറിയിലെ തടി അലമാര തുറന്ന് അതിലെ ഏറ്റവും പ്രിയപ്പെട്ടൊരു ദാവണി എടുത്ത് ചുറ്റി.... മുടി കുളിപ്പിന്നൽ കെട്ടിയിട്ട് പൂമുഖത്തേക്ക് നടന്നു.... അമ്മമ്മ അവിടെ ഇരിക്കുന്നത് കണ്ടു... "പോവാം അമ്മമ്മേ....." അരികിലെത്തിയവൾ ആരാഞ്ഞു.. "ആഹ്.... അമ്മമ്മേടെ കുട്ടി സുന്ദരിയായിട്ടുണ്ടല്ലോ..... ഇത് പഴയ ദാവാണിയല്ലേ.....??"തന്നെ നോക്കി അമ്മമ്മ ചോദിച്ചു. "പഴയതല്ല..... ഒരു പിറന്നാളിന് മുത്തശ്ശൻ വാങ്ങി തന്നത്....

ഇവിടെ അവസാനമായി ആഘോഷിച്ച പിറന്നാളിന്.... അന്ന് ക്ഷേത്രത്തിൽ പോവാനൊന്ന് ചുറ്റി അതിനുശേഷം ഇട്ടില്ലല്ലോ..... " നേരിയ ഒരു ഇടർച്ചയുണ്ടായിരുന്നു.. "മോള് വേറൊന്നും കൊണ്ടുവന്നില്ലേ ചെറിയ ആ ബാഗ് അല്ലാതെ ഒന്നും കണ്ടില്ല....." അമ്മമ്മ ചോദിച്ചു. "കൂടുതലൊന്നും എടുത്തില്ല.... ഇവിടെ ഉണ്ടല്ലോ എല്ലാം.... അത് മതീന്ന് തോന്നി.... പഴയ ചിന്നുവാകാൻ അതെങ്കിലും വേണ്ടേ...." അവള് പറഞ്ഞതിലെ ധ്വനി മനസിലാക്കാൻ ആ വൃദ്ധക്ക് കഴിഞ്ഞില്ല.... "അന്നത്തെ തടി തന്നെ ആയതോണ്ട് ഇതിപ്പോഴും പാകമായി കിടക്കുന്നുണ്ട്...." അമ്മമ്മ പറഞ്ഞു "അതുകൊണ്ടല്ലേ ഞാൻ കൂടുതലൊന്നും കൊണ്ടുവരാഞ്ഞത്.... എനിക്കുള്ളത് ഇവിടെ ഉണ്ടാവുമെന്നറിയാം....." ചെറുചിരിയോടെ അവൾ പറഞ്ഞു. മുത്തശ്ശനോട് യാത്ര പറഞ്ഞു രണ്ടു പേരും നടന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

"ഇന്ന് വൈകീലോ ഉണ്ണിയമ്മേ..... അല്ല ഇതേതാ ഈ കുട്ടി...." ക്ഷേത്രത്തിലെത്തിയപ്പോൾ ആരോ അമ്മമ്മയോട് ചോദിച്ചു. "ഇതെന്റെ മീരയുടെ മോളാ രമേശാ..... നിനക്കോർമ്മയില്ലേ ഇവളെ.... ഗൾഫിലേക്ക് പോണേന് മുന്നേ ഒത്തിരി എടുത്ത് നടന്നിട്ടുണ്ടല്ലോ....." അമ്മമ്മ പറഞ്ഞപ്പോൾ പരിചിതഭാവത്തിൽ അദ്ദേഹം തന്റെ മുഖത്തേക്ക് നോക്കി ഹൃദ്യമായൊന്ന് ചിരിച്ചു.... തിരിച്ചൊരു പുഞ്ചിരി സമ്മാനിക്കാൻ താനും മറന്നില്ല. "ചിന്നു അല്ലെ..... മറക്കില്ല.... ഇതിപ്പോ കാലങ്ങൾക്ക് ശേഷമല്ലേ പെട്ടെന്ന് ഓർമ്മകിട്ടിയില്ല .....കുട്ടികളൊക്കെ ഒത്തിരി വലുതായി.... പിന്നെ ഞാൻ അവിടെ തന്നെ ആയിരുന്നല്ലോ.... വലുതായേ പിന്നെ കണ്ടിട്ടില്ല..... ചിന്നൂ....മോൾക്ക് സുഖല്ലേ....." അമ്മമ്മയോട് പറഞ്ഞു അദ്ദേഹം തന്നോട് ചോദിച്ചു. "ഉവ്വ്...." ചിരിയോടെ മറുപടി നൽകി. "എന്നാ ഞങ്ങള് തൊഴുത് വരാം...." രമേശനോട് പറഞ്ഞ് അമ്മമ്മ നടന്നു കൂടെ അവളും... തന്നെ ശ്രീകോവിലിനുള്ളിലേക്ക് പറഞ്ഞു വിട്ട് അമ്മ വഴിപാട് കൗണ്ടറിലേക്ക് നടന്നു. ഭാഗവാന് മുന്നിൽ തൊഴുതു നിൽക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു....

പതിവ് പ്രാർത്ഥനകൾക്ക് ഇന്ന് അർത്ഥമില്ലാതായിരിക്കുന്നല്ലോ.... ഇന്നൊരു പ്രാർത്ഥനയെ ഉള്ളു.... അദ്ദേഹം ആഗ്രഹിക്കുന്നത് നേടികൊടുക്കാൻ കഴിയണേ എന്നൊരു പ്രാർത്ഥന......!! അതിന് കൂടെ നിൽക്കണം.... തളർന്നു പോവാതെ ഇരിക്കാൻ ശക്തി തരണം.... അത്രമാത്രം....!! ഇലച്ചീന്തിലെ ചന്ദനം വിരലുകൊണ്ടെടുത്ത് നെറ്റിയിൽ ചാർത്തി... നെറ്റിയിൽ അറിഞ്ഞ തണുപ്പ് ശരീരത്തിലാകമാനം പടർന്നു.... വഴിപാട് കഴിച്ച പ്രസാദം വാഴയിലയിൽ പൊതിഞ്ഞു പിടിച്ചു.... പണ്ടും അങ്ങനെയാണ് കിട്ടിയ പ്രസാദം കയ്യിൽ കരുതും..... വീട്ടിലെത്തി പങ്കിട്ടു കഴിക്കും.... അതിന് മധുരം കൂടുതലാണ്.... തിരികെയുള്ള യാത്രയിൽ പരിചയക്കാരെ കണ്ടു.... തന്നെ തിരിച്ചറിഞ്ഞവർ സ്നേഹം നിറഞ്ഞൊരു ചിരി സമ്മാനിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി.... അവരുടെ ഉള്ളിലെവിടെയോ തന്റെ ഓർമകളുണ്ട്..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

പടിപ്പുര കടന്നപ്പോൾ കണ്ടു മുറ്റത്തൊരു കാറ് കിടക്കുന്നത്.... കോലായിൽ മുത്തശ്ശനോട് സംസാരിച്ചിരിക്കുന്ന വ്യക്തിയെ മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല..... "ആഹ്.... നീയെപ്പോ വന്നു....." ചിന്നുവിനെ നോക്കി അദ്ദേഹം ചോദിച്ചു. "ഞാനിന്നലെ രാവിലെ എത്തി....." "നീയിതെന്താ മുരളി ഇത്ര നേരത്തെ....." അദ്ദേഹത്തെ നോക്കി അമ്മമ്മ ചോദിച്ചു. "അത് നല്ല കഥ... വിളിക്കുമ്പോൾ ഇങ്ങട് കടന്നു നോക്കില്ലെന്ന പരാതിയും പരിഭവവും ഇപ്പൊ വന്നതാണോ കുറ്റം.... എന്നാ ഞാൻ പോയേക്കാം ......" കളിയായി അദ്ദേഹം പറഞ്ഞു. "വേണ്ടാട്ടോ മുരളി....." അമ്മമ്മ ശാസനയോടെ പറഞ്ഞു. "നീയെന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നെ......" അദ്ദേഹം ചിന്നുവിനോട്‌ ചോദിച്ചു. "അതിന് നിങ്ങള് രണ്ടാളും മിണ്ടാതെ ഇരുന്നാലല്ലേ ഞങ്ങൾക്ക് മിണ്ടാൻ പറ്റൂ.... അല്ലെ മുത്തശ്ശാ....." കുറുമ്പോടെ അവള് പറഞ്ഞു. അത് കേട്ട് എല്ലാവരും ചിരിച്ചു. "ആഹ് എന്നാ നിങ്ങള് സംസാരിച്ചിരിക്ക്.... ഞാൻ ഇപ്പൊ വരാം ......" മുത്തശ്ശൻ പറഞ്ഞു. "അച്ഛനിതെങ്ങോട്ടാ....." മുരളിയാണ്. "മുത്തശ്ശൻ ചെടികളെ പരിപാലിക്കാൻ.... ഏതുനേരവും അവിടെ തന്നാ അമ്മാമേ....."

കളിയാക്കലോടെ ചിന്നു പറഞ്ഞു. അവർക്ക് നേരെയൊന്ന് ചിരിച്ചു മുത്തശ്ശൻ നടന്നു.. "അമ്മ ഒരു ഗ്ലാസ്‌ വെള്ളം എടുത്തേ....." "ചായ കുടിക്കാം.... ഇഡ്ഡലിയും സാമ്പാറും ഉണ്ട്....." "ഞാനെടുക്കാം അമ്മാമേ....." ചിന്നു പറഞ്ഞു. "ആഹ് നീയവിടിരിക്കടി..... നമുക്ക് രണ്ട് കൊച്ചുവർത്തമാനം പറഞ്ഞിരിക്കാം.....അമ്മ എന്നാ എടുത്ത് വെക്ക്.... ഞങ്ങൾ വരാം ....." അമ്മമ്മ അകത്തേക്ക് നടന്നു. "മീര വിളിച്ചിരുന്നു..... നീ ആരോടും പറയാതെ ആണല്ലേ വന്നത്......" പെട്ടെന്നുള്ള അദ്ദേഹത്തിന്റെ ചോദ്യം കേട്ട് അവളൊന്ന് പതറി. "ആരോടും പറയാതെയല്ല വന്നത്....ഹരിയേട്ടനോട് പറഞ്ഞിരുന്നു...." അല്പനേരത്തിന് ശേഷം അവൾ പറഞ്ഞു. "അവനോട് മാത്രം പറഞ്ഞാൽ മതിയോ..... വിനയേട്ടനും പ്രഭേച്ചിയും ഇല്ലേ.... അവരറിയണ്ടേ......" "അവരൊന്നും അറിയാതെ വന്നത് മറ്റൊന്നും കൊണ്ടല്ല.... അറിഞ്ഞാൽ അവരെന്നെ ഇങ്ങട് പറഞ്ഞയക്കില്ല..... തനിച്ചാണെങ്കിൽ ഒട്ടും...... " നിരാശയോടെ പറഞ്ഞു. "നീയിവിടെ ഉണ്ടോന്ന് ഉറപ്പില്ലാത്തത് കൊണ്ടാണത്രെ മീര അച്ഛനെ വിളിക്കാഞ്ഞേ..... എന്നെ ആദ്യം വിളിച്ചപ്പോൾ എനിക്ക് കാൾ എടുക്കാൻ പറ്റീല....

തിരിച്ചു വിളിച്ചപ്പോൾ നേരം ഒരുപാടായിരുന്നു.... അപ്പൊ ഇങ്ങോട്ട് വരാനും പറ്റില്ലല്ലോ.... അതാ രാവിലെ തന്നെ ഇങ്ങോട്ട് ഇറങ്ങിയേ....." " നീ വെഷമിക്കാതെടി ഞാൻ ഇപ്പൊ വിളിച്ചു പറഞ്ഞിട്ടുണ്ട്.....ഇനി അവള് നിന്നെ വഴക്ക് പറഞ്ഞാൽ എന്നോട് പറയ് ഞാൻ തിരിച്ചുപറഞ്ഞോളാം..... തല പോവുന്ന കേസ് ഒന്നും അല്ലല്ലോ......" വിഷമിച്ചു നിൽക്കുന്ന ചിന്നുവിനെ സമാധാനിപ്പിക്കാനെന്ന വിധം അദ്ദേഹം പറഞ്ഞു. അവളൊന്ന് ചിരിച്ചു. അമ്മമ്മ വന്നു വിളിച്ചപ്പോൾ മുത്തശ്ശനെയും കൂട്ടി അവർ അകത്തേക്ക് നടന്നു... ഒരുമിച്ചിരുന്നു പ്രാതൽ കഴിച്ചു. "അമ്മായി എന്തേ വന്നില്ല....." ചിന്നു ചോദിച്ചു. "അയാളുടെ ജോലിയൊന്നും ഒതുങ്ങിയിട്ടില്ല..... മീനുവും കുഞ്ഞും ഉള്ളതല്ലേ അവരേം പരിപാലിക്കണ്ടേ....." കോലായിലേക്ക് നടന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു. "ആഹ് അവരുണ്ടോ അവിടെ..... ഫോട്ടോയിൽ അല്ലാതെ ഒന്ന് കണ്ടില്ല കുഞ്ഞിനെ....." ചിന്നു പറഞ്ഞു. "എന്നാ നീ പോരുന്നോ കൂടെ..... " അദ്ദേഹം ചോദിച്ചു. "വേണ്ട.... ഞാൻ പിന്നൊരു ദിവസം വരാം..... അല്ല മനു ഇനി എന്നാ വരുന്നത്......" "ആഹ്.... അവൻ നാളെയോ മറ്റന്നാളോ എത്തും....."

"ആണോ..... ഞാൻ ഇവിടുണ്ടെന്ന് പറയണ്ടാട്ടോ..... വന്നാൽ ഇങ്ങട് വരൂലോ അമ്മമ്മേനേം മുത്തശ്ശനേം കാണാൻ.... അപ്പൊ കണ്ടോട്ടെ....." "മം ആയിക്കോട്ടെ....." ചിരിയോടെ സമ്മതിച്ചു. "അമ്മേ ഞാനിറങ്ങുന്നു....." പടികൾ ഇറങ്ങുമ്പോൾ അദ്ദേഹം അകത്തേക്ക് വിളിച്ചു പറഞ്ഞു. "അതെന്തേ മുരളി.... ഊണ് കഴിക്കാൻ ഉണ്ടാവില്ലേ നീയ്....." അമ്മമ്മ പുറത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. "ഇവള് പോവുന്നതിനിടക്ക് ഒരു ദിവസം വരാം....." യാത്ര പറഞ്ഞദ്ദേഹം പോവുന്നതും നോക്കി അവളവിടെ നിന്നു..... പിന്നെ അടുക്കളയിലേക്ക് നടന്നു അവിടെ മുത്തശ്ശിയോടൊപ്പം കുറച്ചു നേരം ചിലവഴിച്ചു... എന്തുകൊണ്ടോ ദാവണി മാറിയിടാൻ അവൾക്ക് തോന്നിയില്ല..... വെറുതെ ഫോൺ എടുത്ത് നോക്കി. 'അമ്മ ' എന്ന നമ്പറിൽ നിന്നും ഒരുപാട് മിസ്സ്‌ കാൾ. അവളാ നമ്പറിലേക്ക് തിരിച്ചു വിളിച്ചു. പെട്ടെന്നു തന്നെ മറുവശം കണക്റ്റ് ആയിരുന്നു.... "ശിവാ നീയെന്താ ഫോണെടുക്കാത്തത്.... എത്ര വിളിച്ചു.... ആരോടുള്ള ദേഷ്യം ആണിത്..... എന്തിനാ ഈ വാശി.... എന്തിനാ നീയിപ്പോ അങ്ങോട്ട് പോയത്..... " അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുൻപ് ഇങ്ങോട്ടുള്ള ഒരുപാട് ചോദ്യങ്ങളായിരുന്നു....

"ഞാൻ അമ്മമ്മേടെ കൂടെ ക്ഷേത്രത്തിൽ പോയതായിരുന്നു..... തിരിച്ചെത്തിയപ്പോൾ അമ്മാമ ഉണ്ടായിരുന്നു ഇവിടെ....സംസാരിച്ചിരുന്നു നേരം പോയി....." നിസാരമായി അവൾ പറഞ്ഞു. "നീയിപ്പോ എന്തിനാ അവിടേക്ക് പോയത്.... അതും ആരോടും പറയാതെ..... " വീണ്ടും അമ്മ ചോദ്യം ആവർത്തിച്ചു. "കുറച്ചു ദിവസം ഇവിടെ ഇവരോടൊപ്പം താമസിക്കണം..... തിരിച്ചു വരാൻ തോന്നുമ്പോൾ ഞാൻ വന്നോളാം.... പ്രധാന പെട്ട ഒരു കാര്യം ഉണ്ട് ചെയ്തു തീർക്കാൻ.... അതിന് സമയമായാൽ ഞാൻ വരും....." വല്ലാത്തൊരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു. "എന്താ നീ പറയണേ ശിവാ..... നിന്റെ ജീവിതം നീയായി നഷ്ടപ്പെടുത്തല്ലേ...." അമ്മയിൽ നിറഞ്ഞത് അപേക്ഷ ആയിരുന്നു..കേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്.. "എന്റെ ജീവിതം ഇങ്ങനെ ആയതിൽ ഞാൻ മാത്രമാണോ കാരണം.....?? വേണ്ട പഴയതോർത്ത് പരിതപിച്ചിട്ടെന്തുകാര്യം.... വേറെന്തെങ്കിലും പറയാനുണ്ടോ....." താല്പര്യമില്ലായ്മ അവളിൽ പ്രകടമായി.... "മം.... എന്തായാലും കുറച്ചു ദിവസം അവിടെ അവർക്കൊപ്പം നിന്നോ....

ഒരു ദിവസം ഞങ്ങളങ്ങോട്ട് വരാം...." അമ്മ സമാധാനപരമായി പറഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി. അച്ഛനോടും സംസാരിച്ചു... അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കോളാം എന്ന് അച്ഛൻ പറഞ്ഞു.... ആന്റിയെ വിളിച്ചു സംസാരിച്ചു.... ആള് വലിയ പരിഭവത്തിലായിരുന്നു..... എങ്ങനെയൊക്കെയോ പറഞ്ഞു സമാധാനപ്പടുത്തി.... എത്രയും പെട്ടെന്ന് തിരികെ ചെല്ലണം എന്ന് പറഞ്ഞാണ് ഫോൺ വെച്ചത്. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ഊണിന് ശേഷം ചടഞ്ഞു കൂടിയിരിക്കാതെ അവള് പുറത്തേക്ക് ഇറങ്ങി.... ഇടവഴികളിലൂടെ ബാല്യത്തിന്റെ മധുരമൂറുന്ന ഓർമകളും പേറി നടന്നു.... ****** അവസാനാമായി ഇതിലൂടെ നടന്നത് പ്ലസ്ടു കഴിഞ്ഞുള്ള വേനലവധിക്കായിരുന്നു.... മനുവിന്റെ കൂടെ.... ഇവിടുത്തെ പഠനം നിർത്തി നഗരത്തിലേക്ക് പോയതിൽ പിന്നെ പ്ലസ്ടു കഴിഞ്ഞാണ് ഇങ്ങോട്ടൊന്ന് വന്നത്..... അന്ന് മീനുചേച്ചിയും മനുവും വന്നിരുന്നു.... വലുതായി എന്നൊന്നും നോക്കാതെ ഒരുപാട് ഉല്ലസിച്ച നാളുകളായിരുന്നു അവ.... ഇനിയൊരിക്കലും തിരികെ കിട്ടാത്ത ജീവിതത്തിലെ വസന്തകാലം...... ആ വർഷത്തെ പിറന്നാളാഘോഷം ഇവിടെ വെച്ചായിരുന്നു....

പതിനെട്ടു വയസ്സ് തികയുന്ന നാൾ.... അന്നെല്ലാവരും വന്നു അമ്മയും അച്ഛനും,അമ്മാമയും അമ്മായിയും.. മീനുചേച്ചിയും മനുവും.... കേക്ക് മുറിക്കലും, സദ്യയും അമ്മമ്മയുടെ വക ഉഗ്രൻ പാലട പായസവും ഒക്കെയായി നല്ലതുപോലെ ആ നാള് കൊഴിഞ്ഞു വീണു... അവധി ദിവസങ്ങളോട് യാത്ര പറഞ്ഞ് എല്ലാവരും തിരികെ പോയി..... തുടർപഠനത്തിന്റെ തിരക്കുകളിലേക്ക് ചേക്കേറിയപ്പോൾ ഗ്രാമത്തിന്റെ നൈർമല്യവും.... അവധിക്കാലത്തിന്റെ സുഖമുള്ള ഓർമകളെയും മനഃപൂർവം മറവിയിലേക്ക് തള്ളിയിട്ടു..... എങ്കിലും ഇടയ്ക്കവ തലയുയർത്തി നോക്കാറുണ്ടായിരുന്നു..... കലാലയജീവിതത്തിന്റെ ആദ്യനാളുകളിൽ വല്ലാത്തൊരു ഭയവും പതർച്ചയും തനിക്ക് അനുഭവപ്പെട്ടിരുന്നു.... ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയൊരു കൊച്ചുകുട്ടിയെ പോലെ.... അതിനൊരു മാറ്റം വന്നത് പരസ്പരം മനസിലാക്കുന്ന കുറച്ചു കൂട്ടുകാരെ കിട്ടിയപ്പോഴാണ്..... ഒഴിവു സമയങ്ങളിൽ ലൈബ്രറിയിൽ കൂട്ടുകാരോടൊപ്പം പോയിരിക്കുന്നത് ഒരു പതിവായിരുന്നു...

ആ വേളകളിലെപ്പോഴോ ആണ് തന്റെ മിഴികളും കാതുകളും മനസ്സും ഒരുപോലെ ഒരാളിലേക്ക് വഴുതി വീണുകൊണ്ടിരുന്നത്..... ലൈബ്രറിയുടെ ആളൊഴിഞ്ഞ ഭാഗത്ത്‌ പുസ്തകങ്ങൾക്ക് അടിമപ്പെട്ടൊരുവൻ.... എന്നും ഒരു പുസ്തകവുമായി ലൈബ്രറിയിലെ ഒരു ഭാഗത്ത് ഒതുങ്ങുന്ന ആ ആളിനോട് ആദ്യമൊക്കെ തോന്നിയത് കൗതുകമായിരുന്നു..... കൂട്ടുകാരുടെ സഹായത്തിൽ അവനെ കുറിച്ച് കൂടുതലറിയാൻ സാധിച്ചു.... "ശ്രീഹരി" അതായിരുന്നു ആളുടെ പേര്.... ഡിഗ്രി മൂന്നാം വർഷം ആയിരുന്നു.... സാമ്പത്തികമായി ഒരുപാട് ഉയർന്നു നിൽക്കുന്ന കുടുംബം.... അച്ഛനും അമ്മയ്ക്കും ഒരേ ഒരു മകൻ... ആരോടും മിണ്ടാതെ ഒതുങ്ങിപോയതിന്റെ പിന്നിൽ എന്താണെന്ന് അറിയാൻ ഒരു കൗതുകം തോന്നി അവന്റെ സഹപാഠികളോട് ചോദിച്ചപ്പോൾ അവര് ശ്രീഹരിയ്ക്ക് നൽകിയ വിശേഷണം "അഹങ്കാരി" എന്നായിരുന്നു.... ആരൊക്കെ കൂട്ടുകൂടാൻ ശ്രമിച്ചാലും സ്വന്തം നിലയും വിലയും പറഞ്ഞു അവരെ തള്ളിയകറ്റുമായിരുന്നത്രെ..... എല്ലാവരും അയാളിൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു....

പക്ഷെ താൻ അയാളുടെ നല്ല വശം തിരഞ്ഞു കൊണ്ടിരുന്നു..... ഒന്നും മിണ്ടിയില്ലെങ്കിലും തിരിച്ചൊന്നു നോക്കിയില്ലെങ്കിലും വല്ലാത്തൊരു സ്നേഹം തോന്നിയിരുന്നു ആളോട്..... പിന്നീടെപ്പോഴോ പ്രണയവും.....!! ******** പുറകിൽ നിന്നാരോ വിളിക്കുന്നത് കേട്ടാണ് അവൾ ചിന്തകൾക്ക് വിരാമമിട്ടത്.... "ചിന്നൂന് എന്നെ മനസിലായോ....." അമ്മമ്മയോളം പ്രായം ഉണ്ടാവും. "ഉവ്വ്.... ന്റെ അമ്മമ്മേടെ കൂട്ടുകാരി അല്ലെ....." അവളൊന്ന് ചിരിച്ചു....അവരും.... "മോള് എപ്പോഴാ വന്നേ..... കല്യാണം കഴിഞ്ഞിട്ട് ആദ്യാ ഒന്ന് കാണണേ.... സുഖാണോ മോൾക്ക്....." "ഉവ്വ് സുഖം.....ഞാനിന്നലെ എത്തി....." "എന്നിട്ട് മോളുടെ ഭർത്താവ് എവിടെ.....??" ആ ചോദ്യം അവളിൽ നിരാശ പടർത്തി. "വന്നില്ല..... ജോലിതിരക്ക്..... ഞാൻ പോട്ടെ അമ്മമ്മേ..... അവിടെ ചടഞ്ഞു കൂടി ഇരിക്കണ്ടല്ലോന്ന് കരുതി ഇറങ്ങിയതാ.....പിന്നൊരു ദിവസം കാണാം....." മറുപടിയ്ക്ക് കാത്തു നിൽക്കാതെ അവർക്കൊരു ചിരി സമ്മാനിച്ച് അവൾ തിരിച്ചു നടന്നു... അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.... അവരാരും തന്നെ മറന്നിട്ടില്ല.... മറ്റുള്ളവരുടെ സന്തോഷങ്ങളിൽ ചിരിച്ച്....

ദുഖങ്ങളിൽ സാന്ത്വനിപ്പിച്ചു കൂടെ നിൽക്കുന്നവർ.... ഭൂരിഭാഗം പേരും അങ്ങനെയാണ്.... പക്ഷെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലുന്നത് പലർക്കും ഇഷ്ടപ്പെട്ടന്ന് വരില്ല.....പക്ഷെ ചിലപ്പോഴൊക്കെ അതൊരു സന്തോഷമാണ്.... ആരും ഇല്ലെന്ന തോന്നലിൽ നിന്നും മുക്തി നേടാൻ സഹായകമാകുന്നത് ..... ഓരോന്നാലോചിച്ച് നടന്ന് വീട്ടിലെത്തിയപ്പോൾ വഴിക്കണ്ണുമായി അമ്മമ്മ പൂമുഖത്ത് ഉണ്ടായിരുന്നു.... തടി അലമാരയിൽ നിന്നും പഴയ ഒരു ദാവണി എടുത്ത് പുറത്തെ കുളിപ്പുരയിലേക്ക് നടന്നു.... കുളിച്ചു വന്നു വിളക്ക് കൊളുത്തി.....പതിവ് പോലെ മുത്തശ്ശനെ കാത്ത് ഉമ്മറപ്പടിയിൽ ഇരുന്നു..... മുത്തശ്ശന്റെ കയ്യിലെ പലഹാരപൊതിക്കായ് പ്രതീക്ഷയോടെ..... അല്പനേരത്തെ കാത്തിരിപ്പിനൊടുവിൽ മുത്തശ്ശൻ വന്നു.... കയ്യിലെ പലഹാരപൊതി കാത്തിരിക്കുന്ന ആ കൊച്ചുപെൺകുട്ടിയെ ഓർത്തുകൊണ്ട് കയ്യിൽ കരുതിയ പൊതി അവൾക്കായ് നീട്ടുമ്പോൾ ആ വൃദ്ധന് അവളിൽ കാണാൻ കഴിഞ്ഞത് പണ്ടത്തെ ആ കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയായിരുന്നു..... അന്ന് നിദ്രപുൽകുമ്പോൾ മനസ്സ് പതിവിന് വിപരീതമായി വളരെ ശാന്തമായിരുന്നു.... സുഖമായി അവളുറങ്ങി......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story