ഇനിയൊരു വസന്തകാലം: ഭാഗം 3

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

 തുറന്നു വെച്ച ലാപ് ടോപ്പിന് മുന്നിൽ അസ്വസ്ഥതയോടെ ഇരിക്കുകയാണ് ശ്രീഹരി.... രണ്ട് ദിവസമായി ഇത് പതിവാണ്..... ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയുന്നില്ല.... തന്റെ അലസത കമ്പനിയെ ബാധിക്കുമോ എന്നൊരു ഭയം അവനിൽ ഉടലെടുത്തു... എത്ര ശ്രമിച്ചിട്ടും ശ്രദ്ധ കിട്ടുന്നില്ല..... വേദനയോടെ നോക്കുന്ന ആ ഈറൻ മിഴികളാണ് ഉള്ളുനിറയെ..... നിന്നിലുണ്ടായിരുന്ന പ്രതീക്ഷയുടെ ആ നുറുങ്ങുവെട്ടം അണഞ്ഞുപോയത് ഞാനറിഞ്ഞില്ല..... അറിയാൻ ശ്രമിച്ചില്ല.... എപ്പോഴോ നിന്നോട് എനിക്ക് തോന്നിയ സ്നേഹം വെറും സഹതാപമായിരിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു..... വിശ്വസിപ്പിച്ചു..... അതെന്റെ തെറ്റ്..... ഇപ്പൊ ഞാനറിയുന്നു.... അതെല്ലാം എന്റെ മാത്രം ചിന്തകളായിരുന്നു.... എന്നിലെ എന്നെ അറിയാതെ "അഹങ്കാരിയായ ശ്രീഹരി" കെട്ടിപ്പടുത്തെടുത്ത ചിന്തകൾ..... "നിന്നോടെനിക്ക് പ്രണയമാണ് ശിവാ....." അവന്റെ ഹൃദയം മുറവിളി കൂട്ടി... ഉറക്കെയുറക്കെ വിളിച്ചു പറയാൻ അവന്റെ ഉള്ളം വെമ്പൽ കൊണ്ടു.... നീയില്ലായ്മയിൽ ഞാൻ മനസിലാക്കുന്നു...

ശ്രീഹരിയ്ക്ക് ശിവാനിയോട് പ്രണയമാണെന്ന് .....എന്നെ മറന്നൊരു ജീവിതം നിനക്കുണ്ടാവില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.... അതിനുമപ്പുറം ഞാനിന്ന് അത് ആഗ്രഹിക്കുന്നു..... ഇനി നിന്നിൽനിന്നൊരു മോചനം എനിക്കില്ല ശിവാ.... അത്രമേൽ നീയെന്നിൽ വേരൂന്നിയിരിക്കുന്നു..... നീയെന്ന വസന്തത്തെ ഞാൻ തിരിച്ചറിയുന്നൂ..... അവൻ കണ്ണുകളടച്ചു സീറ്റിലേക്ക് ചാഞ്ഞു.... അവന്റെ ഉള്ളിൽ അവളുടെ ഓർമ്മകലായിരുന്നു നിറഞ്ഞു നിന്നത്.... കുറച്ചു നേരം ആ ഇരിപ്പ് തുടർന്നു... പിന്നെ പതിയെ എണീറ്റു... ഫോണും പേഴ്‌സും എടുത്ത് പുറത്തേക്കിറങ്ങി.... സാജനോട് ഒന്ന് പുറത്തേക്ക് പോവുന്നു എന്ന് പറഞ്ഞത് അവൻ വെളിയിലേക്കിറങ്ങി.... കാറിൽ കയറി ഇരുന്നു..... തിരക്കുള്ള വീഥിയിലൂടെ അവന്റെ കാർ ലക്ഷ്യമില്ലാതെ സഞ്ചരിച്ചു.... പക്ഷെ അവന്റെ കണ്ണുകൾ നാലുപാടും നിരീക്ഷിച്ചുകൊണ്ടിരുന്നു..... വെയിലിന്റെ കാഠിന്യമേറ്റ് വിയർത്തൊലിച്ച് ഒരു വാഹനത്തിനായി കാത്തു നിൽക്കുന്നവർ..... റോഡരികിലൂടെ നടക്കുന്നവർ..... വഴിയരികിലെ കച്ചവടക്കാർ.... അങ്ങനെ ഒരുപാട് പേർ... "എ സി കാറിൽ സുഖമായി യാത്ര ചെയ്യുമ്പോൾ നിങ്ങൾ പുറം കാഴ്ചകൾ കണ്ടിട്ടുണ്ടോ....." "അവിടെ ഒരുപറ്റം മനുഷ്യരെ കാണാം.... പച്ചയായ മനുഷ്യർ.... ഒരു നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ....

അഹങ്കാരം തലയ്ക്കു പിടിക്കുമ്പോൾ അവരെ കുറിച്ചോർക്കണം....." അവളുടെ സ്വരം അവന്റെ കാതിൽ അലയടിച്ചു.. അന്ന് അത് കേട്ടപ്പോൾ രൂക്ഷമായൊരു നോട്ടമായിരുന്നു തന്റെ മറുപടി.... പക്ഷെ ഇന്ന് അറിയുന്നു അവൾ പറഞ്ഞതിലെ ശരി... വീണ്ടും ലക്ഷ്യമില്ലാതെ കാർ സഞ്ചരിച്ചു പലവഴികളിലൂടെ.... ഒടുവിലെപ്പോഴോ മനസൊന്നു ശാന്തമായപ്പോൾ തിരിച്ചു കമ്പനിയിലേക്കും.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "അച്ഛമ്മേ....." നീട്ടിയുള്ള ഒരു പുരുഷശബ്ദം കേട്ടുകൊണ്ടാണ് ഉണ്ണിയമ്മ അടുക്കളയിൽ നിന്നും വന്നത്.. ഹാളിൽ ഒരു ചിരിയോടെ നിൽക്കുന്ന ചെറുപ്പക്കാരനെ കണ്ട് ആളുടെ മുഖത്ത് സന്തോഷം നിറഞ്ഞു..... പതിയെ പരിഭവവും..... "വല്ല്യ ജോലിക്കാരനൊക്കെ ആയപ്പോ അച്ഛമ്മയെയും അച്ഛച്ഛനെയും ഒക്കെ മറന്നോ മനു നീയ്......" പരിഭവത്തോടെ ഉണ്ണിയമ്മ ചോദിച്ചു. "മറന്നതല്ല അച്ഛമ്മേ..... ആകെ തിരക്കാ... ഒരു ദിവസം ആണ് അവധി കിട്ടണേ...ആ ഇരുപത്തിനാല് മണിക്കൂർ ഞാനെന്തൊക്കെ ചെയ്യും.... ആരെയൊക്കെ കാണും....." കയ്യിലെ കവർ മേശയിലേക്ക് വെച്ച് അവൻ പറഞ്ഞു. "എല്ലാർക്കും തിരക്കാ..... മക്കൾക്കും പേരകുട്ട്യോൾക്കും....."

ആ വൃദ്ധയുടെ സ്വരമൊന്നിടറിയിരുന്നു. "കഴിക്കാനെന്താ ഉള്ളെ നല്ല വിശപ്പുണ്ടെനിക്ക്......" വയറുഴിഞ്ഞ് അവൻ പറഞ്ഞു. "ദോശയും ചമ്മന്തിയും ഉണ്ട് അതെടുക്കട്ടെ...." " അത് മതി.... വീട്ടില് ഉപ്പുമാവ് ആയിരുന്നു എനിക്കത് ഇഷ്ടല്ലല്ലോ...." അവൻ പറഞ്ഞു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 താഴെ ആരുടെയോ സംസാരം കേട്ടുകൊണ്ടാണ് ശിവാനി ഇറങ്ങി വന്നത്..... ഊൺ മേശയിൽ ഇരിക്കുന്ന മനുവിനെ കണ്ട് അവളൊന്ന് ചിരിച്ചു.... "ഓഹ്.... ഒറ്റക്കിരുന്നു കഴിക്കണോ നീയ്...." അവളുടെ സംസാരം കേട്ട് മനു തല ഉയർത്തി നോക്കി... ചിന്നുവിനെ കണ്ടതും അവനു വല്ലാത്തൊരു സന്തോഷം തോന്നി. "എടി തീപ്പെട്ടി കൊള്ളി.... നീയിവിടെ ഉണ്ടാർന്നോ.... ആരും പറഞ്ഞില്ല....." മനു ആഹ്ലാദത്തോടെ പറഞ്ഞു. "അമ്മാമയോട് ഞാൻ പറഞ്ഞു നീയറിയണ്ടെന്ന്....." അവന്റെ അരികിൽ വന്നിരുന്നു. "ഓഹ്.... സർപ്രൈസ്.... അല്ലെ...." അവൻ ചിരിച്ചു... അവളും.... "എന്നിട്ട് പറയ്.... എന്തൊക്കെ ഉണ്ട് വിശേഷം.... വിരുന്നിനു വന്നു പോയെ പിന്നെ നിന്നെയൊന്നു നേരിൽ കാണുന്നത് ഇപ്പോഴാ...." "എന്ത്‌ വിശേഷം ഇങ്ങനെ പോണു....."

നേർത്തൊരു ചിരിയോടെ അവള് പറഞ്ഞു. "ഓഹ്.... നിനക്കൊക്കെ അല്ലെ വിശേഷം...." അവൻ കളിയാക്കലോടെ പറഞ്ഞു. "മം.... വിശേഷം ഒക്കെ പതിയെ പറയാം..... എടാ മരമാക്രി നീയെന്നോട് കഴിച്ചോന്ന് ചോദിച്ചോ.... ഒട്ടും മര്യാദയില്ലാത്തവൻ...." അവൾ പുച്ഛിച്ചു. "ഓഹ് നീ നല്ലോണം കയറ്റിടീട്ടുണ്ടാവും എന്നെനിക്ക് അറിയാം.... ആഹ് എങ്കിലും ചോദിക്കാം കഴിച്ചോ നീ...." "ആഹ് ഞാൻ കഴിച്ചു.... എങ്കിലും നീ ചോദിച്ചതല്ലേ....." അതും പറഞ്ഞ് അവന്റെ പാത്രത്തിൽ നിന്നും ദോശ പൊട്ടിച്ചെടുത്ത് ചമ്മന്തിയും കൂട്ടി വായിൽ വെച്ചു... "നിന്റെ കണ്ണ് നിറഞ്ഞല്ലോ ..... അതുനുമാത്രം എരിവ് ഉണ്ടോ ഇതിന്....." കണ്ണ് നിറച്ച് എന്തോ ആലോചിച്ചു നിൽക്കുന്ന ചിന്നുവിനെ നോക്കി മനു പറഞ്ഞു. "ഈ രുചിയറിഞ്ഞിട്ട് നാളുകളായില്ലേ.... അതോർത്തപ്പോ......" അവളൊന്ന് നിർത്തി. "അപ്പൊ നീയല്ലേ പറഞ്ഞെ രണ്ടൂസായി വന്നിട്ടെന്ന്.... അച്ഛമ്മ നിനക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കി തന്നിട്ടുണ്ടാവുന്നല്ലോ......." "ഉവ്വ്..... അതിന്റെ രുചി വേറെ..... നിന്റെ പാത്രത്തീന്ന് ഒരു വീതം കഴിക്കുമ്പോൾ അതിന് പ്രത്യേക രുചിയുണ്ട്......"

അവൾ നേർമയാർന്ന ചിരിയോടെ പറഞ്ഞു. "ഓഹ് അങ്ങനെ.....അതൊക്കെ പോട്ടെ... നിന്റെ കെട്ട്യോൻ എവിടെ....വന്നില്ലേ....." "ജോലിതിരക്ക്...." നിസാരമായി അവൾ പറഞ്ഞു. "ഓഹ്.....എല്ലാർക്കും തിരക്കാ... പറഞ്ഞിട്ട് കാര്യമില്ല....." പറഞ്ഞുകൊണ്ടവൻ പാത്രത്തിൽ അവശേഷിച്ചതും കഴിച്ചു. "ഇതെന്താടാ ഈ കവറിൽ...." മേശയിൽ ഇരിക്കുന്ന പൊതിയെടുത്ത് അവൾ ചോദിച്ചു. "ആഹ് അത് അച്ഛമ്മയ്ക്കും അച്ഛച്ഛനും ഉള്ളതാ.... അച്ഛമ്മയ്ക്ക് ഒരു മുണ്ടും നേര്യതും പിന്നെ അച്ഛച്ഛന് ഒരു ഷർട്ടും മുണ്ടും..." "ഓഹ് അപ്പൊ എനിക്കില്ലേ...." അവൾ ചുണ്ട് കൂർപ്പിച്ചു. "എടി തീപ്പെട്ടി കൊള്ളി.... നീയിവിടെ ഉണ്ടെന്ന് ഞാൻ അറിഞ്ഞോ.... സർപ്രൈസ് അല്ലാരുന്നോ...." അവൻ പറഞ്ഞത് കേട്ടവൾ നാവു കടിച്ചു. കുറച്ചു നേരം അമ്മമ്മയ്‌ക്കൊപ്പം അടുക്കളയിൽ കൂടി രണ്ടുപേരും.... പിന്നെ മുത്തശ്ശനൊപ്പം സംസാരിച്ചിരുന്നു.... ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു.... പണ്ടത്തെ പോലെ... അവളൊരുപാട് ആസ്വദിക്കുകയായിരുന്നു ആ നിമിഷങ്ങൾ.... പഴയ ഊർജമില്ലെങ്കിലും അവനോടൊപ്പം ചിരിക്കാനും കളിക്കാനും അവളും കൂടി...

പുഴക്കടവിൽ പോയിവരാം എന്നും പറഞ്ഞ് ഇരുവരും ഇറങ്ങി.... "നിനക്ക് മിസ്സ്‌ ചെയ്യാറില്ലേ മനു നമ്മുടെ കുട്ടിക്കാലം......??" നടക്കുന്നതിനിടെ അവൾ ചോദിച്ചു. "പിന്നല്ലാതെ.... ഒരുപാട്..... എത്രയൊക്കെ വളർന്നാലും ആ ദിവസങ്ങൾ മറക്കുവോ നമ്മൾ....." അവൻ പറഞ്ഞു. കുറച്ചു നേരം അവരാ ഓർമകളിൽ ആയിരുന്നു..... നിഷ്കളങ്കമായ ബാല്യകാലത്തിന്റെ മധുരമൂറുന്ന ഓർമകളിൽ.... പുഴക്കടവിൽ എത്തി വെള്ളത്തിലേക്ക് കാലിട്ട് അവരിരുവരും അവിടെ ഇരുന്നു... "മീനു ചേച്ചി ഉണ്ടല്ലേ വീട്ടിൽ ഞാൻ കണ്ടിട്ടില്ല കുഞ്ഞിനെ.... ഒന്ന് കൊണ്ടുവന്നൂടായിരുന്നോ നിനക്ക്.... ആ ചെറുക്കനെ ഒന്ന് കാണായിരുന്നു...." അവൾ പറഞ്ഞു. "അവര് രണ്ടുദിവസം കഴിഞ്ഞാൽ വരണം എന്ന് പറഞ്ഞിരുന്നു... അത് നീയുള്ളത് കൊണ്ടായിരുന്നു അല്ലെ.... നിനക്ക് കാണണം എന്ന് അത്രക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ പോവുമ്പോ കൂടെ പോര് അപ്പൊ കാണാം...." "വേണ്ടാ അവര് ഇങ്ങോട്ട് വരും പറഞ്ഞിലേ... അപ്പൊ കാണാം....." അവള് പറഞ്ഞു. "അല്ല എന്താണ് നിനക്കും വേണ്ടേ ജൂനിയർ ശിവാനിയോ ശ്രീഹരിയോ ഒക്കെ...."

കളിയാക്കലോടെ മനു പറഞ്ഞപ്പോൾ അവൾക്ക് വല്ലാതെ സങ്കടം വന്നു.... "ഒരുപാട് ആഗ്രഹിച്ചാൽ അത് നടക്കുമെന്ന് പറയും..... പക്ഷെ എല്ലാ ആഗ്രഹങ്ങളും നടക്കണമെന്നില്ല..... ചിലതൊക്കെ ആഗ്രഹങ്ങളായി തന്നെ നിലനിൽക്കും..... പ്രതീക്ഷയാവം.... ഒരിക്കലും നടക്കില്ലെന്ന് തോന്നുന്ന നാൾ വരെ......" അവളുടെയാ മറുപടി കേട്ട് മനു സംശയത്തോടെ അവളെ നോക്കി "എന്താ....എന്താടി പ്രശ്നം..... ഞാൻ കൊറേ നേരായി ശ്രദ്ധിക്കുന്നു..... പഴയ ആ ഊർജം ഒക്കെ എവിടെ പോയി..... ആകെ ഒന്ന് ഒതുങ്ങി കൂടിയല്ലോ നീ..... കല്യാണം കഴിഞ്ഞാ പെൺകുട്ട്യോള് ഇങ്ങനാണോ.... ഏയ്‌ അല്ലല്ലോ അങ്ങനെയെങ്കിൽ മീനു മാറണ്ടേ അവൾക്ക് കുറച്ചു കൂടി തരികിട ആയി എന്നാണ് എനിക്ക് തോന്നണേ...." "എല്ലാരും ഒരുപോലെ ആവില്ല മനു .... ജീവിതസാഹചര്യങ്ങൾ വെച്ച് ചിലപ്പോ മാറിപോയെന്ന് വരും...." അവളവനെ നോക്കി വേദനയോടെ.. "നീ സാഹിത്യം പറയാതെ കാര്യം പറയ്.... എന്താ പ്രശ്നം...." "ഞങ്ങള് പിരിയാൻ തീരുമാനിച്ചു മനു...." നിറഞ്ഞൊഴുകിയിരുന്നു അവളുടെ മിഴികൾ. മനുവിന്റെ മുഖത്ത് അത്ഭുതമായിരുന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story