ഇനിയൊരു വസന്തകാലം: ഭാഗം 4

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

 "നീയെന്താ ശിവാ പറയണേ..... പിരിയാണെന്നോ..... കല്യാണം കഴിഞ്ഞു ഒരു വർഷം ആയതല്ലേ ഉള്ളു..... പ്രണയിച്ച് കല്യാണം കഴിച്ചതല്ലേ നിങ്ങള് .... പിരിയാൻ മാത്രം എന്താ നിങ്ങക്കിടയിൽ....." മനുവിന്റെ സ്വരത്തിൽ ആശങ്ക നിറഞ്ഞു. "പ്രണയം എനിക്ക് മാത്രമായിരുന്നു മനു.... ഹരിയേട്ടൻ എന്നെ സ്നേഹിച്ചിട്ടില്ല.... ദേഷ്യപ്പെടാനല്ലാതെ എന്നോട് മിണ്ടിയിട്ടില്ല...." ചിന്നു പറഞ്ഞപ്പോൾ അവൻ അതിശയിച്ചു. "ദേ പെണ്ണെ നീ കളിപറയാതെ.... മീര അപ്പച്ചി പറഞ്ഞല്ലോ പ്രണയവിഹാഹമാണ് നിങ്ങളുടേത് എന്ന്.... നീയും അത് തന്നെ അല്ലെ പറഞ്ഞെ....??" മനു ചോദിച്ചു. "എന്റെ ജീവിതം വെച്ച് ഞാൻ കളിപറയും എന്ന് തോന്നുന്നുണ്ടോ മനു നിനക്ക്.... ഞാൻ നിന്നോട് പറഞ്ഞത് എനിക്ക് അദ്ദേഹത്തോട് പ്രണയമുണ്ടെന്ന് ആണ്.... അല്ലാതെ ഹരിയേട്ടൻ എന്നെ പ്രണയിക്കുന്നു എന്ന് ഞാൻ പറഞ്ഞില്ല..... പിന്നെ അമ്മ അങ്ങനെ പറഞ്ഞെങ്കിൽ അത് എന്റെ തെറ്റല്ല..... " "തിരിച്ച് ഇഷ്ടമല്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ നീയെന്തിനാ ഈ വിവാഹത്തിന്..... അല്ല അങ്ങേർക്ക് നിന്നെ ഇഷ്ടമല്ലെങ്കിൽ എന്തിനാ അയാള് നിന്നെ വിവാഹം കഴിച്ചത്....."

മനു നീരസത്തോടെ പറഞ്ഞു. "അതിൽ ഹരിയേട്ടനെ തെറ്റ് പറയാൻ ആവില്ല മനു.... വിവാഹത്തിന് മുൻപ് എന്നോട് പറഞ്ഞതാ അദ്ദേഹം.... ഇനി ഞാനെന്നല്ല ഒരു പെൺകുട്ടിയും ആളുടെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന്..... എന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന്....." അവൾ വേദനയോടെ പറഞ്ഞു. "പിന്നെയെന്തിന്.....??" ആ ചോദ്യം മനുവിൽ നിന്നുതിർന്നു വീണപ്പോൾ അവളിൽ പുച്ഛം നിറഞ്ഞു. "വിധി അതായിരിക്കാം.... ആരെയും തെറ്റ് പറയാൻ നമുക്കാവില്ലല്ലോ.... ഹരിയേട്ടന്റെ അച്ഛനും അമ്മയ്ക്കും വിശ്വാസം ഉണ്ടായിരുന്നു ആളെന്നെ സ്നേഹിക്കുമെന്ന്.... അവരുടെ വിശ്വാസം എന്റെ അമ്മയ്ക്കും അച്ഛനും പകർന്നു കിട്ടി.... അന്നത്തെ സാഹചര്യത്തിൽ അവരുടെ വാക്ക് കേൾക്കുക എന്നല്ലാതെ എനിക്ക് മറ്റൊന്നും തോന്നിയില്ല...." "എന്നിട്ട് ഇപ്പോ എന്തുണ്ടായി ആൾക്ക് നിന്നെ അംഗീകരിക്കാൻ പറ്റിയോ.... നിന്റെ ജീവിതം വെച്ച് ഒരു പരീക്ഷണം അത് വേണ്ടിയിരുന്നില്ല ശിവാ......" അവൻ വല്ലായ്മയോടെ പറഞ്ഞു. അവളൊന്നും മിണ്ടിയില്ല... ഓളം വെട്ടുന്ന പുഴയിലേക്ക് നോക്കി അവളിരുന്നു.. "നിനക്ക് പ്രതീക്ഷ ഉണ്ടായിരുന്നോ ശിവാ....??"

മൗനം തളം കെട്ടി നിന്ന നിമിഷങ്ങളെ ഭേദിച്ചത് മനുവിന്റെ ആ ചോദ്യമായിരുന്നു.. മറുപടി പറയാതെ അവളൊന്ന് ചിരിച്ചു.... അതിൽ ഒളിപ്പിച്ചു വെച്ച വേദന മനു മനസ്സിലാക്കി... "നമുക്ക് പോവാം മനു.... വിളക്ക് കൊളുത്താനൊക്കെ ഉള്ളതാ...." ശിവ പറഞ്ഞു കൊണ്ട് എണീറ്റു. "മം... വാ...." കൂടുതലൊന്നും പറയാതെ അവനും എണീറ്റ് നടന്നു. "നിനക്ക് വേണ്ടേ മനു ഒരു കല്യാണമൊക്കെ.... എവിടേലും കണ്ടുവെച്ചിട്ടുണ്ടോ....??" തറവാട്ടിലേക്കുള്ള നടത്തതിനിടെ ശിവ ചോദിച്ചു. "മം നോക്കണം.... ഇതുവരെ ആരും ഒത്തുവന്നില്ല....അമ്മയുടെ ഭാഗത്ത്‌ നിന്നും അന്വേഷണം തുടങ്ങിയിട്ടുണ്ട്..... അല്ല ഈ മനുവിന്റെ സൗന്ദര്യത്തിനൊപ്പം എത്തുന്ന ഒന്നിനെ കിട്ടണ്ടേ...." മനു കളിയോടെ പറഞ്ഞു. "ഓഹ് സൗന്ദര്യം അങ്ങ് ഒഴുകിയൊലിക്കുവാണല്ലോ.... നിന്റെ മറ്റേ രാജകുമാരി ഇല്ലേ എന്താ അവളുടെ പേര്...." ശിവ ആലോചനയിൽ മുഴുകി. "റാണി രാജൻ....." അവൻ പറഞ്ഞതും ശിവ ചിരി തുടങ്ങി.. "ആഹ് അത് തന്നെ... അവളിപ്പോ എവിടെയുണ്ട് അല്ല നമുക്ക് ഒന്ന് നോക്കാമായിരുന്നു....ചിലപ്പോ നിന്നെ കാത്തിരിക്കുന്നുണ്ടാവും....." ശിവ കളിയാക്കി.

"ആഹ് നല്ല കഥ..... എനിക്കെന്താ നാട്ടിൽ വേറെ പെണ്ണിനെ കിട്ടില്ലേ..... ഒന്ന് കെട്ടി രണ്ട് കുഞ്ഞുങ്ങൾ ഉള്ളതിനെ കെട്ടാൻ....." മനു കൂർപ്പിച്ചോന്ന് നോക്കി. "ഓഹ് എന്തൊരു പ്രണയമായിരുന്നു.... മിട്ടായി വാങ്ങി കൊടുക്കുന്നു.... ലെറ്റർ കൈമാറുന്നു....എന്നിട്ട് പത്ത് കഴിഞ്ഞപ്പോൾ അവൾ നിന്നെ തേച്ചു....അല്ല എന്തായിരുന്നു അവള് പറഞ്ഞത്....." ചിരി കടിച്ചു പിടിച്ച് ശിവ മനുവിനെ നോക്കി. "എനിക്കെന്റെ ഭാവി നോക്കണം മനു... ഈ റിലേഷൻ മുന്നോട്ട് കൊണ്ടുപോവാൻ എനിക്കാവില്ല... ഇനി ബാക്കിയുള്ള പഠനം ഒക്കെ എന്റെ അമ്മേടെ വീടിന്റെ അവിടെയാണ്.... അപ്പൊ നമുക്ക് കാണാനും മിണ്ടാനും ഒന്നും പറ്റില്ല.... അതുകൊണ്ട് നമുക്ക് ഇതിവിടെ അവസാനിപ്പിക്കാം.... മാത്രല്ല എന്റെ അച്ഛനും അമ്മയും അറിഞ്ഞാൽ കൊന്നുകളയും അവരെന്നെ...." അവളെ അനുകരിച്ച് കൊണ്ട് മനു പറഞ്ഞു നിർത്തിയതും ശിവ വയറും പൊത്തി ചിരിതുടങ്ങി. ആ ചിരിയിൽ മനുവും പങ്കുചേർന്നു. "എന്റെ മനു.... അവളെന്തായാലും കൊള്ളാം... നൈസ് ആയിട്ടല്ലേ നിന്നെ ഒഴിവാക്കിയേ....."

"മം.... അന്ന് കുറച്ചു കാലം ഞാൻ നിരാശ കാമുകനായി നടന്നത് ഒക്കെ വെറുതെ ആയി.... പ്ലസ്ടു കഴിഞ്ഞ് രണ്ടുമാസം തികയുന്നതിന് മുന്നേ അവളൊരുത്തന്റെ കൂടെ ഒളിച്ചോടി....." അവൻ ചിരിച്ചു.....ശിവയും.. തറവാട്ടിൽ എത്തുന്നത് വരെ അവരോരോന്ന് സംസാരിച്ചു.... വിഷയങ്ങൾ പലതും അവർക്കിടയിലേക്ക് കടന്നു വന്നു. ബാല്യത്തിന്റെ ആ നൈർമല്യമായ ഓർമകളായിരുന്നു കൂടുതലും... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 തറവാടിന്റെ പടിപ്പുര കഴിഞ്ഞതേ നല്ല നാടൻ വെളിച്ചെണ്ണയിൽ മൊരിയുന്ന ഉണ്ണിയപ്പത്തിന്റെ കൊതിയൂറുന്ന മണം അവരിലേക്കെത്തി.... വല്ലാത്തൊരു ഉന്മേഷത്തോടെ അവർ രണ്ടുപേരും പരസ്പരം നോക്കി... പിന്നെ ഒരുമിച്ച് അകത്തളത്തിലേക്ക് ഓടി... ആ നേരം കൊഴിഞ്ഞുവീണു പോയ ബാല്യകാലത്തിലേക്ക് തിരിച്ചു പോയിരിക്കുന്നു....ആ നിഷ്കളങ്കമായ ബാല്യം അവരെ തിരികെ വിളിച്ചിരിക്കുന്നു.... *പണ്ട് വീണുകിട്ടുന്ന അവധിദിവസങ്ങളിൽ കൂട്ടുകാരൊത്തുള്ള കളികൾക്കും ആഹ്ലാദം നിറഞ്ഞ നിമിഷങ്ങൾക്കും വിരാമമിട്ട് ആ സന്ധ്യമയങ്ങുമ്പോൾ വിടപറയാൻ നിൽക്കുന്ന തങ്ങൾക്കരികിലേക്ക് ഒരുപാത്രം ഉണ്ണിയപ്പുവുമായി അമ്മമ്മ വരുമായിരുന്നു...

അത് കണ്ട് മണ്ണുപറ്റിയ കൈ കൊട്ടി തുടച്ചു കൊതിയോടെ തന്റെ ഓഹരി കൈപ്പറ്റാൻ മത്സരിക്കുന്ന കൂട്ടുകാരെ നോക്കി നിന്ന്... അവർ അതിന്റെ മധുരം നുണയുന്ന നേരം പരസ്പരം ഒന്ന് നോക്കി അടുക്കള ലക്ഷ്യമാക്കി ഓടുമായിരുന്നു താനും മനുവും....തങ്ങൾക്ക് രണ്ടുപേർക്കുമുള്ള ഉണ്ണിയപ്പം അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ടാവും അമ്മമ്മ....** ഓടി അടുക്കളയിൽ എത്തി ഉണ്ണിയപ്പം നിറച്ച പാത്രം കൈക്കലാക്കി തിണ്ണയിൽ കയറി ഇരുന്നു മനു. ആവിപറക്കുന്ന കട്ടൻ കാപ്പി ഗ്ലാസുകളിലേക്ക് പകർന്ന് അതുമായി മനുവിന്റെ അരികിൽ ചെന്നിരുന്നു.... അന്നത്തെ ചെടികളുടെ പരിപാലനം കഴിഞ്ഞ് മുത്തശ്ശനും ഒപ്പം കൂടിയിരുന്നു... മത്സരിച്ച് ഉണ്ണിയപ്പം കഴിക്കുമ്പോൾ വയറും മനസ്സും ഒരുപോലെ നിറഞ്ഞിരുന്നു.... കാപ്പി കുടിച്ച് കഴിഞ്ഞ് മനു പോവാൻ തയ്യാറായപ്പോൾ ശിവയുടെ മുഖത്ത് നിരാശ പടർന്നു... "എന്താടി പെണ്ണെ.... ഞാൻ സമയം കിട്ടുമ്പോ വരാം.... നീ വെഷമിക്കാതെ.... അല്ലെങ്കിൽ നീയും കൂടെ വാ... പാച്ചൂനെ കണ്ടില്ലല്ലോ നീ... അവനേം കാണുവേം ചെയ്യാം...." മനു പറഞ്ഞു. "ഇല്ല്യ.... അമ്മമ്മേടേം മുത്തശ്ശന്റേം കൂടെ താമസിക്കാനാ ഞാൻ വന്നേ.... കൊതി തീർന്നില്ലടാ..... ഞാനില്ല..... എല്ലാവരും കൂടെ ഒരു ദിവസം ഇങ്ങോട്ട് വന്നാമതി... " അവൾ പറഞ്ഞു. "മ്മ്മ്... എന്നാ ആയിക്കോട്ടെ വരാം...

അച്ഛമ്മേ ഞാൻ പോയി മുത്തശ്ശൻ വന്നാൽ പറഞ്ഞേക്ക്.... " മനു വിളിച്ചു പറഞ്ഞു. "പോവല്ലേ.... ഇതാ ഇതുകൂടെ കൊണ്ടുപൊയ്ക്കോ.... " കൈയ്യിലെ പൊതി അവനെ ഏൽപ്പിച്ചു അമ്മമ്മ.. "ഇതെന്താ...??" അവൻ ചോദിച്ചു. "ഉണ്ണിയപ്പം.... മീനുമോൾക്ക് കൊടുക്കണം.... അവൾക്കും ഇഷ്ടവാ...." അമ്മമ്മ പറഞ്ഞു. ഒരിക്കൽ കൂടി യാത്ര പറഞ്ഞവൻ പോവുമ്പോൾ അവൾ ആ തിണ്ണയിലേക്കിരുന്നു..... അവന്റെ ബൈക്ക് ഒരുപാട് ദൂരം തണ്ടിയപ്പോൾ അവളെണീറ്റ് അകത്തേക്ക് നടന്നു.. അമ്മമ്മയുടെ അലമാരയിൽ നിന്നും ഒരു മുണ്ടും നേര്യതും എടുത്ത് കുളിപ്പുരയിലേക്ക് നടന്നു... കുളികഴിഞ്ഞു വന്നു വിളക്ക് വെച്ചു.. പതിവ് പോലെ മുത്തശ്ശനെ കാത്തിരുന്നു... അമ്മമ്മയ്ക്ക് എന്തോ വയ്യായ്ക ഉണ്ടെന്ന് പറഞ്ഞു നേരത്തെ കിടന്നിരുന്നു.... വീട്ടിൽ എത്തിയപ്പോൾ മനു വീഡിയോ കാൾ ചെയ്ത് കുഞ്ഞിനെ കാണിച്ചു തന്നു... സംസാരിച്ചു കൊണ്ട് ഉമ്മറത്തിണ്ണയിൽ വന്നിരുന്നു... ഫോൺ വെച്ചിട്ടും അവിടെ നിന്നും എണീറ്റ് പോയില്ല... ഓരോന്ന് ഓർത്ത് അവിടെ ഇരുന്നു... ഓർമകളിൽ നിറഞ്ഞു നിന്നത് അവളുടെ പ്രണയമായിരുന്നു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story