ഇനിയൊരു വസന്തകാലം: ഭാഗം 5

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

ഉച്ചതിരിഞ്ഞ് പൂമുഖത്ത് കഥകളോരോന്ന് പറഞ്ഞ് അമ്മമ്മയുടെ മടിയിൽ തലചായ്ച്ചു കിടക്കുകയാണവൾ.... മുത്തശ്ശൻ ഉച്ചമയക്കത്തിലും.... വന്നിട്ട് രണ്ടാഴ്ച പിന്നിടുന്നു.... എത്ര പെട്ടെന്നാണ് ദിവസങ്ങളിങ്ങനെ കൊഴിഞ്ഞു വീഴുന്നത്... അവളോർത്തു... "അമ്മമ്മേം കൊച്ചുമകളും കൂടി കഥപറഞ്ഞിരിപ്പാണോ....??" മുണ്ടും ബ്ലൗസും ധരിച്ച് ഒരു വൃദ്ധ മുറ്റത്ത് നിന്നും ചോദിച്ചു. ശബ്ദം കേട്ട് ചിന്നു തലയുയർത്തി നോക്കി... അന്ന് വഴിയിൽ വെച്ച് കണ്ട മുത്തശ്ശി... അമ്മമ്മയുടെ കൂട്ടുകാരി.. അവരെ നോക്കി സൗമ്യമായ് അവളൊന്ന് ചിരിച്ചു. "കയറിയിരിക്ക് കാർത്തു.... " അമ്മമ്മ ചിരിയോടെ ക്ഷണിച്ചു. "എന്താ നെന്റെ കയ്യിലൊരു പൊതി.....??" അമ്മമ്മ ചോദിച്ചു. "ഇത് ഇലയട.... ചിന്നുമോൾക്ക് ഒത്തിരി ഇഷ്ടായിരുന്നില്ലേ ഇത്.... നിന്റടുത്ത് വന്നിട്ട് കൊറേ ആയില്ലേ... അപ്പൊ ഇങ്ങട് ഇറങ്ങീതാ ഞാൻ..... മോള് ഇവിടെ ഇണ്ടല്ലോന്ന് ഓർത്തപ്പോ കൊണ്ടുവന്നതാ..... ഇതാ മോളെ...." അമ്മയോട് പറഞ്ഞ് ചിന്നുവിന്റെ കയ്യിലേയ്ക്ക് അവരത് വെച്ചുകൊടുത്തു. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി...

കുറച്ചു നേരം അവരുടെ സംസാരം കേട്ട് അവൾ അവിടിരുന്നു... അവർക്ക് പരസ്പരം പങ്കുവെക്കാൻ ഗ്രാമത്തിലെ തന്നെ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു... "കൂട്ടുകാരികൾ ഇവിടിരുന്നു സംസാരിക്ക് ഞാൻ ചായ എടുക്കാം...." ചിന്നു പറഞ്ഞു കൊണ്ട് എണീറ്റു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അടുക്കളയിൽ എത്തി ഒരു പത്രത്തിൽ വെള്ളം എടുത്ത് ഗ്യാസ് അടുപ്പിൽ വെച്ചു... ഒരിക്കൽ അമ്മാമ വാങ്ങികൊടുത്തതാണത്രേ ഗ്യാസ് അടുപ്പ്... പക്ഷെ അത് സ്വന്തമായി കൈകാര്യം ചെയ്യാൻ അമ്മമ്മയ്ക്ക് അറിയില്ല.... മുത്തശ്ശൻ എത്ര പറഞ്ഞു കൊടുത്താലും അമ്മമ്മയ്ക്ക് വിറകടുപ്പ് തന്നെ പറ്റുള്ളൂ.. വെള്ളം തിളച്ച് പൊങ്ങിയപ്പോൾ അതിലേക്ക് അല്പം ചായപ്പൊടി ഇട്ടു.... മധുരം ചേർത്ത് ഇളക്കി... ഗ്ലാസുകളിലേക്ക് പകർന്നു... പൊതിഞ്ഞു കൊണ്ടുവന്ന ഇലയട പത്രത്തിലേക്ക് മാറ്റി...ഏലക്കയുടെ മണം മൂക്കിലേക്ക് ഇരച്ചു കയറി... അതുമായി പൂമുഖത്തെത്തിയപ്പോൾ ഉച്ചമയക്കം കഴിഞ്ഞ് മുത്തശ്ശൻ എഴുന്നേറ്റിരുന്നു.. ഇലയട കയ്യിലെടുത്തു അത് തുറന്ന് ഒരു കഷ്ണം പൊട്ടിച്ചെടുത്തു വായിൽ വെച്ചപ്പോഴേ രുചിമുകുളങ്ങൾ നൃത്തമാടാൻ തുടങ്ങിയിരുന്നു...

കുറച്ചു നേരം കൂടി സംസാരിച്ചിരുന്നു കാർത്തുഅമ്മമ്മ വിടവാങ്ങി... അന്ന് മുത്തശ്ശൻ കവലയിലേക്കിറങ്ങിയപ്പോൾ ഒരു കൊതി.... പണ്ടത്തെ പോലെ ആ കൈ പിടിച്ച് ആ വരമ്പിലൂടെ നടക്കണമെന്ന്.... "മുത്തശ്ശാ.... കവലയിലേക്കാണോ....??" അവൾ ചോദിച്ചു. "ഉവ്വ്... എന്തേ മോള് വരുന്നോ...." അവളുടെ മനസ്സറിഞ്ഞപോൽ അദ്ദേഹം ചോദിച്ചപ്പോൾ അവൾക്ക് വല്ലാത്ത ഒരുന്മാദം തോന്നി. കൊച്ചു കുട്ടിയെ പോലെ അവൾ തലയാട്ടി... അമ്മമ്മയോട് പറഞ്ഞവൾ മുത്തശ്ശന്റെ കൈ പിടിച്ചു നടന്നു.... പണ്ടത്തെ പോലെ... ഇടവഴികളിലൂടെ.... ആ പഴയ കുട്ടികുറുമ്പി ചിന്നുവിലേക്ക് അവളൊന്ന് എത്തിനോക്കി..... കഥകൾ പറഞ്ഞ്... കുഞ്ഞു കുഞ്ഞു സംശയങ്ങൾ ചോദിച്ച്... ചിരിതൂകി ആ വഴികളിലൂടെ നടന്നൊരു കാലം.... ഹൃദയത്തോട് ചേർന്നു കിടക്കുന്ന ആലിലത്താലിയും.... സീമന്തരേഖയിലെ സിന്ദൂരചുവപ്പും....അവളുടെ മിഴികളിൽ നിറഞ്ഞു.... താനിന്നൊരു ഭാര്യയാണ് അവളിൽ നിസഹായത താളം കെട്ടി... അവഗണനയുടെ ആ നാളുകളെ താത്കാലികമായി അവൾ മറവിയിലേക്ക് തള്ളിയിട്ടു.... പാടില്ല...

ഇവരുടെ സാമിപ്യത്തിൽ താൻ ചിന്നുവാണ്... കഥകളോരോന്ന് പറഞ്ഞ്... ആ ഗ്രാമത്തിലെ ചെറിയ മാറ്റങ്ങളെ മിഴികളിൽ നിറച്ച് ആ വഴികളിലൂടെ മുത്തശ്ശന്റെ കൈകളിൽ തൂങ്ങിയവൾ നടന്നു. ആ വൃദ്ധന് അവളിന്നും ആ കൊച്ചുകുട്ടിയാനണ് ...തന്നോട് കുറുമ്പ് കാണിക്കുന്ന.... സ്നേഹവാത്സല്യത്തിൽ ചേർന്നിരിക്കുന്ന.....തന്റെ കഥകൾക്ക് കാതോർത്തിരിക്കുന്ന....കുഞ്ഞു ശാസനകളിൽ കണ്ണ് നിറക്കുന്ന.... പൂമുഖ പടികളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന.... കയ്യിലെ പലഹാരപൊതി കണ്ടാൽ കണ്ണുകൾ വിടരുന്ന ആ പട്ടുപാവാടക്കാരി....!! ചിന്നുവിനെ അറിയാത്തവരായി ആ കവലയിൽ ആരും ഉണ്ടായിരുന്നില്ല.... എല്ലാവരും അവൾക്കായി ഒരു പുഞ്ചിരി പൊഴിക്കുമ്പോൾ അധരങ്ങളിൽ ഒരു നറുപുഞ്ചിരി അവളും സൂക്ഷിച്ചിരുന്നു... ബഷീറിക്കാന്റെ കടയിൽ നിന്നും പഴംപൊരിയും ചായയും കുടിച്ചു.... പണ്ടത്തെ പോലെ ഒന്ന് ഇടത് കയ്യിലും വെച്ചു തന്നു... "ഇത് ചിന്നൂന്.... ബഷീറിക്കാന്റെ വക...." ബഷീറിക്ക പറഞ്ഞു.അവൾ സന്തോഷത്തോടെ അത് സ്വീകരിച്ചു. അവിടെന്ന് ഇറങ്ങുമ്പോൾ അമ്മമ്മയ്ക്കുള്ള പലഹാരപൊതി ചിന്നുവിന്റെ കയ്യിൽ സൂക്ഷിച്ചിരുന്നു...

നാരായണേട്ടന്റെ കടയിലെ നിരന്നിരിക്കുന്ന ഭരണികളിൽ നിന്ന് "ആവശ്യമുള്ളതെടുത്തോ" എന്ന് പറഞ്ഞ് തുറന്നു തന്നു..... സമ്മതത്തിനായി മുത്തശ്ശനെ തിരിഞ്ഞു നോക്കിയപ്പോൾ കണ്ണടച്ച് സമ്മതമറിയിച്ചു... പണ്ടത്തെ ആ നിഷ്കളങ്കത അവളിൽ വിരുന്നെത്തിയിരുന്നു.... തേൻമിഠായിയും, നാരങ്ങാമിഠായിയും കടലമിഠായിയും പുളിമിഠായിയും അങ്ങനെ തുടങ്ങി ഒരുപാട്... ഇഷ്ടമുള്ളതെല്ലാം ഒരു പൊതിയിലാക്കി തരുമ്പോൾ മനസ്സ് നിറഞ്ഞു. താൻ കൂടെ ഉള്ളത് കൊണ്ട് വൈകുന്നേരസംഭാഷണങ്ങൾക്ക് അവധി കൊടുത്ത് മുത്തശ്ശൻ തിരികെ പോന്നു പൊതിയിലെ മധുരം നുണഞ്ഞു കൊണ്ട് ആ തിരികെ നടന്നു... ആ യാത്രയിൽ പറയാൻ ഗ്രാമത്തിലെ വിഷയങ്ങളേറെ അവർക്കിടയിലേക്ക് കടന്നു വന്നു... പടിപ്പുരയിലേക്ക് കണ്ണ് തട്ട് പൂമുഖപ്പടിയിൽ അമ്മമ്മ ഇരിപ്പുണ്ടായിരുന്നു.... കയ്യിലെ പൊതി അമ്മമ്മയ്ക്കായി നീട്ടി... ഉള്ളിലെ സന്തോഷമത്രയും ഒരു സ്നേഹചുംബനത്തിൽ നിറച്ച് അമ്മമ്മയ്ക്കായി പൊഴിക്കുമ്പോൾ അമ്മമ്മയും തിരികെ തന്നിരുന്നു വാത്സല്യം നിറച്ചൊരു മുത്തം... പതിവുപോലെ കുളിച്ച് വിളക്ക് വെച്ചു... നാമം ജപിച്ചു... മൂന്ന് പേരും ഏറെനേരം സംസാരിച്ചു... പിന്നെ ഒന്നിച്ചിരുന്നു അത്താഴം കഴിച്ചു.... ഒടുവിൽ ഉറക്കം വന്ന് മുറിയിലേക്ക് നടന്നു... സുഖമായി അവളുറങ്ങി... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

രാവിലെ നേരത്തെ തന്നെ ഉറക്കം ഉണർന്ന് പൂമുഖത്തൊന്ന് പോയി....മുത്തശ്ശനെ ഒന്ന് മുഖം കാണിച്ച് അമ്മമ്മയുടെ അടുത്തേക്ക് നടന്നു.. രാത്രിയിൽ എപ്പോഴോ പെയ്ത മഴയിൽ ഈറൻ തങ്ങി നിൽക്കുന്നുണ്ട് അന്തരീക്ഷം.... ഇലകളിലും....പുൽനാമ്പുകളിലും ജാലകങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു.... കിണറ്റിൽ നിന്നും അല്പം വെള്ളം കോരിയെടുത്ത് മുഖം കഴുകി... പല്ലുതേച്ചുകഴിഞ്ഞ്... വീടിനകത്തു കയറി മാറിയിടാനുള്ളത് എടുത്ത് തിരികെ വന്നു... അമ്മമ്മ കാച്ചിയ എണ്ണയുമായി കാത്തു നിൽപ്പുണ്ടായിരുന്നു... അടുക്കള പടിയിൽ ഒന്നിൽ ഇരുന്നു.. മുകളിൽ ഒന്നിൽ അമ്മമ്മയും.... സൂക്ഷമതയോടെ കാച്ചെണ്ണ തലയിൽ പിടിപ്പിച്ചു. "വരുമ്പോ എന്തായിരുന്നു ഈ മുടി... ഇപ്പൊ ഇത്തിരി മാറ്റമൊക്കെ വന്നിട്ടുണ്ട്... അവിടെ പോയാൽ മുടിയൊന്നും ശ്രദ്ധിക്കാൻ നേരം കിട്ടുന്നില്ലേ ചിന്നൂ നിനക്ക്...." അമ്മമ്മ ചോദിച്ചു. "അമ്മമ്മ നോക്കിയത് പോലെ എന്നെ പരിചരിക്കാൻ അവിടെ ആരാ ഉള്ളത്...." അവൾ പറഞ്ഞു. "അതും ശരിയാ.... എല്ലാർക്കും തിരക്കല്ലേ... പറഞ്ഞിട്ട് കാര്യല്ല.... ഇനി ന്റെ കുട്ടി പോയി കുളിച്ചോളൂ...." അമ്മമ്മ പറഞ്ഞു. അവൾ കുളിപ്പുരയിലേക്ക് നടന്നു.

കുളിച്ചിറങ്ങിയപ്പോൾ ഉണങ്ങിയ ഒരു തോർത്തും രാസ്നാദിപൊടിയുടെ ഒരു കുപ്പിയും പിടിച്ച് അമ്മമ്മ അടുക്കള വാതിലിൽ ഉണ്ടായിരുന്നു... "ഇങ്ങോട്ട് വാ.... ഞാൻ തോർത്തി തരാം...." അമ്മമ്മ വിളിച്ചു. "ഞാൻ തോർത്തിയിട്ടുണ്ടമ്മമ്മേ...." അവൾ പറഞ്ഞു. "ആഹ് ഈ രണ്ടാഴ്ചയായി ഞാൻ കാണണതല്ലേ...." അമ്മമ്മ കരുതലോടെ പറഞ്ഞു. തലതുവർത്തി നിറുകയിൽ പൊടി തിരുമ്മി തന്നു... മുറിയിലെത്തി ദാവണിയൊന്ന് ഞൊറിഞ്ഞു കുത്തി... കണ്ണെഴുതി... മുടി കുളിപ്പിന്നൽ കെട്ടി താഴെക്കിറങ്ങി.... അമ്മമ്മ അപ്പോഴേക്കും മാറ്റി വന്നിരുന്നു... മുത്തശ്ശനോട് പറഞ്ഞ് രണ്ടുപേരും നടന്നു... ഈ രണ്ടാഴ്ച്ചകൊണ്ട് ഇതെല്ലാം തന്റെ ജീവിതത്തിലെ ഭാഗമായിരിക്കുന്നു... നേരത്തെ എണീറ്റുള്ള കുളിയും ക്ഷേത്ര ദർശനവും..... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 തിരികെ വീട്ടിലെത്തി ഒരുമിച്ചിരുന്നു പ്രാതൽ കഴിച്ചു.... മുത്തശ്ശന് കൃഷി ഓഫീസിൽ പോവണമെന്ന് പറഞ്ഞിരുന്നു... മുത്തശ്ശൻ പോയതിന് ശേഷം അടുക്കളയിൽ അമ്മമ്മയോടൊപ്പം കൂടി... ഊണിനുള്ള തയ്യാറെടുപ്പിലേക്ക് കടന്നു... മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് രണ്ടുപേരും അടുക്കളയിൽ നിന്നും പൂമുഖത്തേക്ക് നടന്നത്............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story