ഇനിയൊരു വസന്തകാലം: ഭാഗം 6

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

കാറിൽ നിന്നിറങ്ങിയ വ്യക്തികളെ കണ്ട് ചിന്നുവിന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു... അമ്മമ്മയുടെ മുഖത്ത് ആനന്ദവും... "എന്താ ശിവാ.... നീയെന്താ ഇങ്ങനെ നോക്കുന്നെ.....ഞങ്ങളെ പ്രതീക്ഷിച്ചില്ല അല്ലെ...." ചിരിയോടെ മീര പറഞ്ഞത് കേട്ട് അവൾ ചിരിച്ചു. അച്ഛനും അമ്മയും കൂടാതെ ആന്റിയെയും അങ്കിളിനെയും കണ്ടപ്പോൾ ചിന്നുവിന്റെ മിഴികൾ ആരെയോ തിരഞ്ഞു... നേരിയ പ്രതീക്ഷ തോന്നിയിരിക്കാം.... പ്രതീക്ഷിച്ച ആളുടെ അഭാവം അവളിൽ വേദന നിറഞ്ഞൊരു പുഞ്ചിരി വിടർത്തി. "വാ... കയറിയിരിക്ക്..... " അമ്മമ്മ നിറഞ്ഞ ചിരിയോടെ ക്ഷണിച്ചു. അമ്മ വന്നു നെറുകയിൽ ഒന്ന് മുത്തി പിന്നെ അമ്മമ്മയെ പുണർന്നു... അച്ഛൻ വന്നു ചേർത്തുപിടിച്ചു... ആന്റിയും വന്നു പുണർന്നു... ആ മിഴികളിലപ്പോഴും പരിഭവത്തിന്റെ അവശേഷിപ്പുള്ളത് പോലെ തോന്നി ചിന്നുവിന്.... "സുഖല്ലേ മോൾക്ക്...." അങ്കിൾ തലയിലൊന്ന് തഴുകി.. "ഉവ്വ്... " "ഹരി.... വന്നില്ലേ.... ചിന്നു പറഞ്ഞു ഒത്തിരി തിരക്കാണെന്നൊക്കെ...." അമ്മമ്മ അവരോടായി ചോദിച്ചു..അവർ ചിന്നുവിനെ നോക്കി.. അവൾ നേർമയായി ഒന്ന് ചിരിച്ചു.

"ഉവ്വ്.... അവന് തിരക്കൊഴിഞ്ഞ് നേരമില്ല.... വിനയേട്ടന് വയ്യാതെ ആയതിൽ പിന്നെ....കമ്പനിയിലെ കാര്യങ്ങളെല്ലാം നോക്കുന്നത് അവൻ തനിയെ അല്ലെ.... " പ്രഭ പറഞ്ഞു. "അച്ഛൻ എവിടെ അമ്മേ...." മീര തിരക്കി. "ആൾക്ക് കൃഷി ഓഫീസിൽ പോവേണ്ട എന്തോ ആവശ്യം ഉണ്ട്... അവിടെ പോയതാ...." അമ്മമ്മ പറഞ്ഞു. "ഞാൻ കുടിക്കാൻ എടുക്കാം...." ചിന്നു അകത്തേക്ക് നടന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 ബെഡിലും നിലത്തും ചിതറി വീണുകിടക്കുന്ന ഒരുപാട് പുസ്തകങ്ങൾ... പാതി തുറന്ന് കിടക്കുന്ന അലമാരയിൽ നിന്നും വസ്ത്രങ്ങൾ നിലംപതിക്കാൻ തയ്യാറായി നിൽക്കുന്നു....ബെഡിലെ ഒരറ്റത് ഫയലുകളും ലാപ്ടോപ്പും... ബെഡിന് കുറുകെ കിടക്കുമ്പോൾ അവനിൽ നിറഞ്ഞു നിന്നത് മുഴുവൻ അവളായിരുന്നു.... കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന ഫോട്ടോ ഫ്രെയിമിലേക്ക് ഒരു നിമിഷം അവൻ നോക്കി നിന്നു.. കല്യാണത്തിന്റെ അന്നെടുത്ത ഫോട്ടോ... ചുവപ്പ് നിറത്തിലെ പട്ടുസാരിയിലും മിതമായ ആഭരണങ്ങളിലും അവൾ ഒരുപാട് സുന്ദരിയാണെന്ന് തോന്നി... അധരങ്ങളിൽ നിറഞ്ഞ പുഞ്ചിരിയുണ്ട്....

പക്ഷെ സൂക്ഷിച്ചുനോക്കിയാൽ കാണാം ആ ചിരിക്കുള്ളിൽ ഒളിപ്പിച്ചു വെച്ച നിസഹായത... തന്റെ മുഖത്ത് വരുത്തി തീർത്തൊരു ചിരി... അതിൽ മറച്ചു വെച്ചത് ആരോടൊക്കെയോ ഉള്ള ദേഷ്യവും വെറുപ്പും... നേരിട്ടൊന്ന് കാണാൻ ഉള്ളം അതിയായി കൊതിക്കുന്നുണ്ട്... അപ്പോഴും ഉള്ളിൽ അവശേഷിക്കുന്ന അപകർഷതാ ബോധം ഇടയ്ക്കിടെ എത്തിനോക്കുന്നു... അച്ഛനും അമ്മയും അവളുടെ അടുത്തേക്ക് പോവുകയാണെന്ന് പറയാൻ വന്നു....തന്നെ വിളിച്ചില്ല.... വിളിച്ചിരുന്നെങ്കിൽ താൻ പോവുമായിരുന്നു... ആ മുഖമൊന്നു കാണാൻ.... അവരെ കണ്ടപ്പോൾ തന്നെയും പ്രതീക്ഷിച്ചിട്ടുണ്ടാവുമോ... വെറുതെയെങ്കിലും... തന്നെ ഓർക്കാറുണ്ടാവുമോ അവൾ.... അതോ മറവിയിലേക്ക് ചുരുട്ടിയെറിഞ്ഞിട്ടുണ്ടാവുമോ.... ഇല്ല അതിനവൾക്ക് കഴിയില്ല... മനസ്സ് പറയുന്നു.... ശ്രീഹരിയെ മറക്കാനോ വെറുക്കാനോ ശിവാനിയ്ക്ക് കഴിയില്ല.... ആദ്യപ്രണയം നൽകിയ മുറിവ് ആഴത്തിൽ പതിഞ്ഞിരുന്നു.... അതുകൊണ്ടാവാം പ്രണയത്തെ താൻ വെറുത്ത് പോയത്.... "ശ്രേയ..." സ്വരത്തിൽ പുച്ഛം നിറഞ്ഞു... തന്റെ ആദ്യപ്രണയം...

പക്ഷെ അവൾ പ്രണയിച്ചത് ശ്രീഹരിയെ ആയിരുന്നില്ല.... പണത്തെ ആയിരുന്നു... ശ്രീഹരിയുടെ സമ്പാദ്യത്തെ... അതുകൊണ്ടാണല്ലോ അത് നഷ്ടപ്പെടുമ്മെന്നായപ്പോൾ അവളിലെ പ്രണയം മരിച്ചതും... ശ്രീഹരിയെ പ്രണയിച്ചത് ശിവാനി മാത്രമാണ്....അവളെ മനസ്സിലാക്കാൻ ഒരുപാട് വൈകിപോയി.... എല്ലാ സ്ത്രീകളിലും താൻ കണ്ടത് ശ്രേയയുടെ മുഖമാണ്.... അവളിലെ വഞ്ചകിയുടെ മുഖം.... ശിവാനിയിലും താൻ കണ്ടത് ആ മുഖമാണ്.... പ്രണയമെന്ന് പേരിട്ട് തന്റെ നേട്ടങ്ങളെ മാത്രം പ്രണയിക്കുന്നവൾ.... എന്നെങ്കിലും ഒരിക്കൽ കാലിടറിയാൽ നഷ്ടമായെക്കാവുന്ന പ്രണയം... പക്ഷെ എത്ര അവഗണനകൾ നേരിട്ടിട്ടും വാക്കുകൾ കൊണ്ട് മുറിവേറ്റിട്ടും തന്നെ നിസ്വാർത്ഥമായി പ്രണയിക്കുകയാണ് ശിവാനി.... അവൻ ബെഡിൽ നിന്നും എണീറ്റ് ചുറ്റും നോക്കി.... അലങ്കോലമായി കിടക്കുന്ന റൂം കണ്ടപ്പോൾ നെറ്റിയൊന്ന് ചുളിഞ്ഞു... ബെഡിൽ ഒരു ടവൽ കിടക്കുന്നത് പോലും ശ്രീഹരിക്ക് ഇഷ്ടമായിരുന്നില്ല.... അത് നന്നായി അറിയാവുന്നവൾ ആയിരുന്നു ശിവാനി.... ഓരോന്നായി അവൻ അടുക്കിപെറുക്കി വെച്ചു... എല്ലാം ശിവാനി ചെയ്യുന്നത് പോലെ....അതെല്ലാം അവൻ മനസിലാക്കി വെച്ചിരുന്നു... മിഴികളിൽ പതിച്ചില്ലെങ്കിലും അവയെല്ലാം ഹൃദയം പകർത്തിയെടുത്തിട്ടുണ്ട്... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

സംസാരത്തിന് ശേഷം എല്ലാവരും ചായയും പലഹാരവും കഴിക്കുന്ന നേരത്തായിരുന്നു മുരളിയും കുടുംബവും വന്നത്... മുരളിയുടെ ഭാര്യ രേഖയും, മീനുവും മനുവും.. പിന്നെ മീനുവിന്റെ മകൻ പാച്ചുവും ഉണ്ടായിരുന്നു... രേഖ ചിന്നുവിനെ വാത്സല്യത്തോടെ പുണർന്നു.... വിശേഷങ്ങൾ തിരക്കി... അവൾ തിരിച്ചും.... കുഞ്ഞിനെ കണ്ടതും ചിന്നു ഓടി ചെന്ന് അവനെ വാരിയെടുത്തു മുത്തം കൊണ്ട് മൂടി... അവൻ എല്ലാവരോടും പെട്ടെന്ന് കൂട്ടാവുന്നത് കൊണ്ട് എളുപ്പം ചിന്നുവിനോടും അടുത്തു... ഊണിന് വേണ്ടിയുള്ള തയ്യാറെടുപ്പിലേക്ക് അമ്മമ്മയും... മീരയും രേഖയും കൂടെ പ്രഭയും ചേർന്നപ്പോൾ നാട്ടുവിശേഷങ്ങളും പറഞ്ഞ് പൂമുഖത്ത് കൂടിയിരുന്നു സുധിയും, വിനയനും മുരളിയും... പാച്ചുവിനെയും കൊണ്ട് ചിന്നു മുറ്റത്തേക്കിറങ്ങിയപ്പോൾ മനുവും മീനുവും അവളോടൊപ്പം നടന്നു... ചിന്നുവിന് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമുണ്ടായിരുന്നു....മുഖത്തത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.... ഒരുവിധം അവളിലെ നോവിനെ മായ്ച്ചു കളഞ്ഞിരുന്നു ഈ രണ്ടാഴ്ചക്കാലം...

അത് കണ്ടപ്പോൾ മനുവിനും സന്തോഷം തോന്നി... അന്ന് വന്നപ്പോൾ ഉണ്ടായിരുന്ന ശിവാനി അല്ലെന്ന് തോന്നി... പണ്ട് ചെയ്ത കുസൃതികളും, വികൃതികളും അതിന് വാങ്ങിക്കൂട്ടിയ തല്ലും വഴക്കും ഓർമിച്ചെടുത്തു പറയുമ്പോൾ അവരൊരുപാട് ചിരിച്ചു.... ആനന്ദകരമായ ആ നിമിഷങ്ങളെ ഓർമയിലേക്ക് ചേർത്തുവെക്കാൻ മനുവിന്റെ ഫോൺക്യാമറ പകർത്തുന്നുണ്ടായിരുന്നു.... ഉള്ളിലെന്നും ഈ ഓർമകൾക്ക് മരണമില്ല... എങ്കിലും.... ഇടയ്ക്കിടെ കാണുമ്പോൾ ഓർത്ത് ചിരിക്കാൻ... പാച്ചുവിനോടൊപ്പം കൂടുമ്പോൾ അവരവന്റെ പ്രായത്തിലേക്ക് തിരിച്ചു പോയിരുന്നു... "മനൂ... നീ പോയി വാഴയില വെട്ടികൊണ്ട് വാ.... ചോറ് വിളമ്പാൻ...." രേഖ അമ്മായി വന്നു പറഞ്ഞപ്പോഴാണ് അൽപ്പനേരത്തേക്കെങ്കിലും അവരൊന്ന് നിശബ്ധമായത്... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 മുത്തശ്ശൻ തിരികെ വന്നപ്പോൾ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു...മക്കളെയും പേരക്കുട്ടികളെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ മിഴികളിൽ ഒരു നീർതിളക്കം പ്രത്യക്ഷപ്പെട്ടു...

കയ്യിലെ പൊതി നൽകാൻ അദ്ദേഹത്തിന്റെ മിഴികൾ തിരഞ്ഞത് ചിന്നുവിനെ ആയിരുന്നു....പൊതി തുറന്ന് അതിലെ മധുരപലഹാരം അവൾ എല്ലാവർക്കും വീതിച്ചു കൊടുത്തു... നീണ്ട വരാന്തയിൽ പുൽപായ വിരിച്ച് എല്ലാവരും ഒരുമിച്ചിരുന്നു ഊണ് കഴിച്ചു.... വയറും മനസ്സും ഒരുപോലെ നിറഞ്ഞു.... ഊണിന് ശേഷം പൂമുഖത്തിരുന്നു സംസാരിക്കുമ്പോൾ ഒരറ്റത്ത് ഇരുന്ന് കളിപറഞ്ഞു ചിരിക്കുന്ന ചിന്നുവിലേക്ക് പ്രഭയുടെയും വിനയന്റെയും മിഴികൾ പാളിവീണു... അവരിൽ നിന്നൊരു നിശ്വാസം ഉയർന്നു... അവളിലെ സന്തോഷം കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട്... പക്ഷെ ഈ സന്തോഷം ഇവിടെ ഈ വീട്ടിൽ ഇവരുടെ സാമിപ്യത്തിൽ മാത്രമേ ഉള്ളുവെന്നോർക്കുമ്പോൾ അവർക്ക് നിരാശ തോന്നി... കുറ്റബോധവും... അച്ഛനും അമ്മയും നാളെയെ പോവുന്നുള്ളൂ എന്ന് പറഞ്ഞു.... അങ്കിളിനോടും ആന്റിയോടും ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും ....തിരികെ പോവണം എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ കൂടുതൽ നിർബന്ധം പിടിക്കാൻ പോയില്ല.... വൈകുന്നേരം ചായയും മുത്തശ്ശൻ വാങ്ങിക്കൊണ്ട് വന്ന പലഹാരവും കഴിച്ചാണ് അവരിറങ്ങിയത്... പോവുമ്പോൾ ആന്റി അരികിലേക്ക് വിളിച്ചു ചിന്നുവിനെ..ഒന്ന് പുണർന്നു...

"ഞങ്ങൾ മോളോട് ചെയ്യുന്നത് വലിയ തെറ്റ് ആണെന്ന് മനസിലായത് ഇവിടെ വന്നപ്പോഴാണ്.... നിന്റെ സന്തോഷം എത്രമാത്രം ആണെന്ന് കണ്ടറിഞ്ഞു.... മോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് ഞങ്ങളുടെ സ്വാർത്ഥതയുടെ പേരിൽ നിന്റെ ജീവിതം ഇങ്ങനെ ആയതിൽ വിഷമം ഉണ്ട്..... ഹരിയുടെ സ്വഭാവം ഒരിക്കലും മാറില്ല മോളെ .... ഇനി മോള് എന്ത്‌ തീരുമാനം എടുത്താലും കൂടെ ഞങ്ങൾ ഉണ്ടാവും.... ധൈര്യമായിരിക്ക്...." ആ നനവൂറിയ മിഴികളിൽ കുറ്റബോധം നിറഞ്ഞു നിന്നിരുന്നത് ചിന്നു കണ്ടു. അവൾക്ക് വല്ലായ്മ തോന്നി...അങ്കിളും ചേർത്തുപിടിച്ചു... ഒരിക്കൽ കൂടി യാത്ര പറഞ്ഞു രണ്ടുപേരും പോയി... അന്ന് മനുവും മീനുവും അവിടെ തറവാട്ടിൽ താമസിക്കാം എന്ന് പറഞ്ഞു... ചിന്നുവിന് സന്തോഷമായി.... ഒരുമിച്ച് കാറിൽ വന്നത് കൊണ്ട് മനുവിന്റെ ബൈക്ക് എടുത്തിട്ടില്ലായിരുന്നു.... അതുകൊണ്ട് തന്നെ മുരളിയും രേഖയും പോവുമ്പോൾ മനു കൂടെ പോയി.... ബൈക്ക് എടുത്ത് അത്യാവശ്യം വേണ്ട വസ്ത്രങ്ങളുമായി വരാം എന്ന് പറഞ്ഞിട്ടായിരുന്നു അവൻ പോയത്.... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

മീനു കുഞ്ഞിന് പാലുകൊടുക്കാൻ പോയ നേരത്ത് തുണികൾ മടക്കി വെക്കുകയായിരുന്നു ശിവാനി . മനു ഇതുവരെ വന്നിട്ടില്ല.... "ശിവാ.... നീ ഞങ്ങളുടെ കൂടെ വരില്ലേ നാളെ ...??" മുറിയിലേക്ക് കയറി കൊണ്ട് മീര ചോദിച്ചു... "എന്നെ കൊണ്ടുപോവാൻ വന്നതാണോ അമ്മ....??" "ഇവിടെ എല്ലാരുടേം കൂടെ ഒരു ദിവസം കൂടി.... നിന്നേം കൂട്ടി തിരിച്ചു പോവാം എന്നൊരു തീരുമാനം ഉണ്ടായിരുന്നു...." "ഞാൻ വരുന്നില്ല അമ്മാ...." "രണ്ടാഴ്ച ആയില്ലേ.... പ്രഭയും വിനയേട്ടനും എന്ത്‌ വിചാരിക്കും...." അമ്മ കട്ടിലിൽ ഇരുന്നു. "അവരെന്ത് വിചാരിക്കാൻ... എന്നെ അവർക്കറിയാം അമ്മാ.... എന്റെ തീരുമാനങ്ങൾക്കൊപ്പം അവരുണ്ടാവും...." "ശിവാ.... എന്ത്‌ തീരുമാനം.... ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ നിങ്ങൾ.... അതിന് മുൻപ്... നിന്റെ ഭാവിയെ കുറിച്ച് നീ ആലോചിക്കണം...." അമ്മയിൽ നിറഞ്ഞു നിന്നത് അപേക്ഷയായിരുന്നു... "ജീവിതം തുടങ്ങിയിട്ടില്ല ഞങ്ങൾ.... ഒരു റൂമിൽ കഴിയുന്നുണ്ടെന്നേ ഉള്ളൂ... അതിനപ്പുറം ഒന്നുമില്ല.... ഹരിയേട്ടന്റെ മനസ്സിൽ ഒരു സ്ഥാനവും ഇല്ലെനിക്ക്... ഇനി ഉണ്ടാവും എന്നൊരു പ്രതീക്ഷയും ഇല്ല ...."

അത് പറയുമ്പോൾ അവളുടെ സ്വരം വല്ലാതെ നേർത്തു പോയിരുന്നു.. "ശിവാ...." അമ്മയിൽ നിരാശ നിഴലിച്ചു. "അമ്മാ.... വേണ്ട അതിനെ കുറിച്ചൊരു സംസാരം വേണ്ട.... അമ്മമ്മയോ മുത്തശ്ശനോ കേട്ടാൽ അവർക്കത് സഹിക്കില്ല.... എന്നെങ്കിലും ഒരിക്കൽ എല്ലാം അവരറിയും... ഞാൻ അതവരെ സമാധാനമായി പറഞ്ഞു മനസിലാക്കി കൊടുക്കും... ഇപ്പോ അവരൊരുപാട് സന്തോഷിക്കുന്നുണ്ട് അത് കെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല..." അത്രയും പറഞ്ഞ്.... ഒരു പുഞ്ചിരി അമ്മയ്ക്ക് സമ്മാനിച്ച് അവൾ വെളിയിലേക്കിറങ്ങി. അവൾ പോയ വഴിയേ നോക്കിയിരിക്കുമ്പോൾ ആ അമ്മയിൽ നിന്നുമൊരു നെടുവീർപ്പുയർന്നു............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story