ഇനിയൊരു വസന്തകാലം: ഭാഗം 7

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

പാച്ചു ഉറക്കം പിടിക്കുന്നത് വരെ പൂമുഖത്തിരുന്നു ഭയങ്കര കളിയിലായിരുന്നു ശിവാനിയും മനുവും.... വാശിപിടിച്ചു കരഞ്ഞു നിലവിളച്ചു കഴിക്കാൻ വിസമ്മതിക്കുന്ന പാച്ചു, ശിവയുടെ കൊഞ്ചലിലും കളിപ്പിക്കലിലും ഒരു വാശിയും കൂടാതെ പതിവിലും കൂടുതൽ കഴിച്ചു.. ഉറങ്ങാൻ പോവാൻ പാച്ചുവിനും അവനെ പറഞ്ഞയക്കാൻ ശിവയ്ക്കും മടിയായിരുന്നു...പിന്നെ മീനു എങ്ങനെയോ ഉറക്കി കിടത്തി.... പാച്ചു ഉറങ്ങിയപ്പോൾ ശിവ നേരെ മനുവിന്റെ അടുത്തേക്ക് വന്നു... വെറുതെ ഒന്നും രണ്ടും പറഞ്ഞു അടികൂടിയും ചിരിച്ചും കളിച്ചും നേരം കളഞ്ഞു... ഇതിനിടയിൽ മീനുവിന്റെ ഭർത്താവ് വിളിച്ചപ്പോൾ ശിവയും സംസാരിച്ചു...ഹരിയെ കുറിച്ച് ചോദിച്ചപ്പോൾ ചുരുങ്ങിയ വാക്കുകളിൽ മറുപടി കൊടുത്തു.. അത്താഴം കഴിക്കാൻ വിളിച്ചപ്പോൾ അകത്തേക്ക് നടന്നു... ഒരുമിച്ചിരുന്നു തന്നെയാണ് കഴിക്കുന്നത്.. "നാളെ പോവുമ്പോൾ ശിവയും വരുന്നുണ്ട് ഞങ്ങളുടെ കൂടെ...." മീരയത് പറഞ്ഞപ്പോൾ എല്ലാവരും കഴിക്കുന്നത് നിർത്തി അവരെ നോക്കി.. ചിന്നുവിന്റെ മിഴികൾ നിറഞ്ഞു തൂവാൻ വെമ്പി..

"അതെന്താ മോളെ... കുറച്ചൂസം കൂടി അവളിവിടെ നിന്നോട്ടെ... ഞങ്ങൾക്കും അതൊരു സമാധാനം അല്ലെ...." അമ്മമ്മയാണ്.. "അത് പറഞ്ഞാൽ ശരിയാവോ അമ്മേ... ഇപ്പൊ അവള് നമുക്ക് മാത്രം അവകാശപെട്ടതല്ല... അവളിപ്പോ ഒരു ഭാര്യയാണ്... മരുമകളാണ്..." മീര പറഞ്ഞു. "ഓണാം വരാനായില്ലേ... ഇത്തവണത്തെ ഓണം ഇവിടെ കൂടാം എന്ന് പറയാനിക്കായിരുന്നു ഞങ്ങൾ... ഹരിയെയും വിളിക്കാം എന്ന് വിചാരിച്ചിരുന്നു..." മുത്തശ്ശൻ പറഞ്ഞു. "അതെങ്ങനെ ശരിയാവും അച്ഛാ... അവരൊക്കെ എന്ത്‌ വിചാരിക്കും... ഇപ്പൊ തന്നെ അവള് വന്നിട്ട് രണ്ടാഴ്ചകഴിഞ്ഞു... ഇനി ഓണം കൂടി ഇവിടെ വേണം എന്ന് പറഞ്ഞാൽ...." മീര വല്ലായ്മയോടെ പറഞ്ഞു. "ഹ്മ്മ് അതും ശരിയാ... പിടിച്ചടക്കാൻ ആവില്ലല്ലോ.... സാരൂല്ല... നിന്റെ ഇഷ്ടം പോലെ ചെയ്യ്... ഞങ്ങളുടെ ആഗ്രഹം പറഞ്ഞൂന്നേ ഒള്ളു... അടുത്ത ഓണത്തിന് ഞങ്ങൾ ഉണ്ടാവുമോ എന്നറിയില്ലല്ലോ..." അമ്മമ്മ പരിതപിച്ചു.. "ഞാനെങ്ങും ഇല്ല നാളെ... ആന്റിയെയും അങ്കിളിനെയും ഞാൻ വിളിച്ചു പറഞ്ഞോളാം... ഓണം ഇവർക്കൊപ്പം ആഘോഷിക്കണം എന്ന് ഞാനും വിചാരിച്ചിരുന്നു...."

നിറഞ്ഞു തൂവിയ മിഴികൾ അമർത്തി തുടച്ചു കൊണ്ട് ചിന്നു പറഞ്ഞു. "ശിവാ...." മീര ശാസനയോടെ വിളിച്ചു. "അമ്മാ... ഞാൻ പറഞ്ഞതല്ലേ എല്ലാം... ഇവിടെ നിന്നിട്ട് എനിക്ക് കൊതി തീർന്നില്ല.... അന്ന്....അന്നെന്നെ ഇവിടുന്ന് കൊണ്ടുപോയിരുന്നില്ലെങ്കിൽ ഇപ്പൊ ഈ ഒരു സംസാരത്തിന് ഇടവരില്ലായിരുന്നു...." പറഞ്ഞുകൊണ്ട് ഭക്ഷണം മതിയാക്കി അവളെണീറ്റു നടന്നു.. വീണ്ടും വിളിക്കാനാഞ്ഞ മീരയെ സുധി തടുത്തു.. ഈറൻ മിഴികളോടെ അവർ സുധിയെ നോക്കി... അയാൾ കണ്ണടച്ച് ആശ്വസിപ്പിച്ചു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 വിനയനും പ്രഭയും വീട്ടിലെത്തുമ്പോൾ സമയം ഒരുപാട് വൈകിയിരുന്നു... വരുന്ന വഴി ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിരുന്നു.. പോർച്ചിൽ കാർ ഇല്ലാത്തത് കൊണ്ട് ഹരി വന്നിട്ടില്ലെന്ന് മനസിലായി.... എവിടെയും ലൈറ്റ് ഉണ്ടായിരുന്നില്ല.... കാർ പാർക്ക്‌ ചെയ്ത് ഇരുവരും ഇറങ്ങി... വാതിൽ തുറന്നു അകത്തു കയറി.. കുളിയൊക്കെ കഴിഞ്ഞ് ഇരുവരും സോഫയിൽ വന്നിരുന്നു.. ടീവി ഓൺ ചെയ്തു.. വാർത്താ ചാനലിൽ പല വിഷയങ്ങളും കടന്നു വന്നു... പക്ഷെ അതിലൊന്നും ആയിരുന്നില്ല ഇരുവരുടെയും ശ്രദ്ധ... ശിവാനി...അവളായിരുന്നു ചർച്ചാവിഷയം.. അവിടെ വെച്ച് കണ്ട ശിവാനി ആയിരുന്നു ഉള്ളു നിറയെ... അവിടെ അവളൊരുപാട് സന്തോഷിക്കുന്നുണ്ട്...

അവിടെയുള്ളവർക്ക് അവളോടുള്ള സ്നേഹവും കണ്ടറിഞ്ഞപ്പോൾ ഉള്ളൊരു ബുദ്ധിമുട്ട് ആണ്.. തെറ്റ് ചെയ്യുകയായിരുന്നു എന്നൊരു തോന്നൽ മനസിനെ മഥിക്കുന്നു... സ്വാർത്ഥരായി പോയി... "വിനയേട്ടാ... നമ്മൾ ചെയ്തത് തെറ്റായി പോയി അല്ലെ... ആ മോളുടെ സന്തോഷം കെട്ടുപോവാൻ നമ്മൾ ഒരു കാരണമായി... കല്യാണമേ വേണ്ടെന്നു പറഞ്ഞു നിൽക്കുന്ന ഹരിയെ അതിന് സമ്മതിപ്പിച്ചതും അവനെ ഇഷ്ടപ്പെടുന്നൊരു കുട്ടിയെ കണ്ടപ്പോൾ അതിൽ തന്നെ ഉറച്ചു നിന്നതും...ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുവാ... ഹരി ശിവമോളെ സ്നേഹിക്കുമെന്ന് അമിതമായി വിശ്വസിച്ചു... ഒരു പരീക്ഷണം വേണ്ടിയിരുന്നില്ല..." പ്രഭ കണ്ണുനീരോപ്പി. "നമ്മുടെ മോന് ശിവമോളെ മനസിലാക്കാൻ കഴിഞ്ഞില്ല... അവളുടെ സ്നേഹത്തെ മനസിലാക്കാൻ കഴിഞ്ഞില്ല... ഒരു പെണ്ണ് ചതിച്ചെന്ന് കരുതി എല്ലാവരും അതുപോലെയാണെന്ന് അവൻ അവന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു... അതാണ് അവന് പറ്റിയത്..." വിനയൻ പറഞ്ഞു. "ഒരിക്കലും ചേർന്നു പോവില്ലെന്ന് തോന്നിയത് കൊണ്ടല്ലേ മോള് ഇവിടുന്ന് പോയത്... ഇപ്പോഴും മോൾക്ക് അവനെ ഇഷ്ടമാണ്... പക്ഷെ അതെന്താ അവൻ മനസിലാക്കാത്തത്.. ഇനി മോളുടെ കൂടെ ഞാൻ നിൽക്കൂ... ശിവമോള് അവന്റെ ആഗ്രഹം പോലെ ബന്ധം പിരിയാൻ തീരുമാനിച്ചാൽ ഞാൻ ഇനി എതിര് നിൽക്കില്ല...അവൾക്കൊപ്പം ഉണ്ടാകും...." പ്രഭ പറഞ്ഞു.

പുറത്തൊരു കാർ വന്നു നിന്ന ശബ്ദം കേട്ടപ്പോൾ മനസിലായി ഹരിയാവുമെന്ന്.. അകത്തേക്ക് വന്ന ഹരിയെ കണ്ട് പ്രഭ പൊടുന്നനെ കണ്ണ് തുടച്ചു.. രണ്ടുപേരെയും നോക്കാതെ അകത്തേക്ക് പോവുന്ന ഹരി പതിവിന് വിപരീതമായി സോഫയിൽ ചെന്നിരുന്നു... അത് അവർക്കൊരു അതിശമായിരുന്നു.. "നിങ്ങൾ... നിങ്ങളെപ്പോ എത്തി...." മടിയോടെ അവൻ ചോദിച്ചു. "കുറച്ചു നേരായി... നീ കഴിച്ചാരുന്നോ...." പ്രഭയാണ്. "ഇല്ല... എന്തേലും ഉണ്ടോ കഴിക്കാൻ....??" അവൻ ചോദിച്ചു. "ഇല്ല... നീ കുളിച്ചിട്ട് വാ... അപ്പോഴേക്കും അമ്മ ഉണ്ടാക്കാം..." പറഞ്ഞുകൊണ്ട് പ്രഭ അടുക്കളയിലേക്ക് പോയി. ചിരിയോടെ ഒന്ന് മൂളിക്കൊണ്ട് അവൻ റൂമിലേക്കും.. റൂമിലെത്തി മേശയിൽ ഇരിക്കുന്ന ഫോട്ടോയിൽ നോക്കി നിന്നു.. "വന്നില്ല അല്ലെ... ഞാൻ വെറുതെ പ്രതീക്ഷിച്ചു... താൻ ഇവരോടൊപ്പം വരുമെന്ന്..." ഫോട്ടോയിൽ നോക്കി നിന്നപ്പോൾ അവന്റെ ഹൃദയം അവളോട് ചോദിച്ചു. അവനൊന്നു ചിരിച്ചു.. പുച്ഛം നിറഞ്ഞ ഒരു ചിരി.. "വരില്ല... വരാൻ മാത്രം ഇവിടെയെന്താണ് ഉള്ളത്... എല്ലാം ഉപേക്ഷിക്കാൻ അല്ലെ പോയത്... ഇനിയൊരിക്കൽ വരുന്നുണ്ടെങ്കിൽ അത് തന്നിൽ നിന്നൊരു മോചനത്തിന് ആയിരിക്കില്ലേ... ശ്രീഹരിയുടെ ആഗ്രഹം നിറവേറ്റി തരാൻ.... പക്ഷെ ഇന്നങ്ങനെ ശ്രീഹരി ആഗ്രഹിക്കുന്നില്ല...

ശിവാനിയുമായുള്ള ഒരു ജീവിതമാണ് ശ്രീഹരി ഇന്ന് ആഗ്രഹിക്കുന്നത്..." അവന്റെ മിഴികൾ കലങ്ങി. മുടിയിഴയിലൂടെ വിരലുകൾ കൊരുത്തു വലിച്ചു... ഫോണും പേഴ്‌സും മേശയിലേക്ക് വെച്ച് അവൻ ബാത്‌റൂമിൽ കയറി... തണുത്ത വെള്ളം തലയിലൂടെ ഒഴുകി... ശരീരത്തിലാകമാനം ആ തണുപ്പ് പടർന്നു.. കുറച്ചധികം നേരം അങ്ങനെ നിന്നു.. ഭക്ഷണം കഴിക്കുമ്പോൾ ശിവാനിയെ കുറിച്ചെന്തെങ്കിലും പറയുമെന്ന് വെറുതെ ആശിച്ചു.. പക്ഷെ അതുണ്ടായില്ല... അല്ലെങ്കിലും. അവളെ താൻ ഇഷ്ടപ്പെടുന്നു എന്ന് ഇവർക്ക് അറിയില്ലല്ലോ... ചോദിക്കാൻ താനും ധൈര്യപ്പെട്ടില്ല.. വേഗം കഴിച്ചെഴുന്നേറ്റു... റൂമിൽ കയറി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 അത്താഴം കഴിഞ്ഞും ഒരുപാട് നേരം എല്ലാവരും ഒരുമിച്ചിരുന്നു സംസാരിച്ചു... മീരയുടെ മുഖത്ത് മാത്രം ഒരു തരം നിരാശ നിഴലിച്ചു.. അത് സുധിയ്ക്കും വിഷമം ആയിരുന്നു... ആ നല്ലനിമിഷങ്ങൾക്ക് വിരാമമിട്ട് മുത്തശ്ശനും അമ്മമ്മയും കിടക്കാൻ പോയി... പുറകെ മീരയും സുധിയും... അവരൊക്കെ പോയെങ്കിലും ശിവയും മനുവും മീനുവും അവിടെ തന്നെ ഇരുന്നു... കുറച്ചു നേരം കൂടി വിശേഷങ്ങൾ പറഞ്ഞു.. കഥകൾ പറഞ്ഞു. "ശിവാ... നിന്റെ കെട്ട്യോൻ നിന്നെ ഇതുവരെ ഒന്ന് വിളിച്ചില്ലല്ലോ... പുള്ളിക്ക് ഇത്ര തിരക്കോ...??

അതോ ഇനി വല്ല സൗന്ദര്യപിണക്കം ആണോ...??" അതുവരെ ചിരിച്ചുകൊണ്ടിരുന്ന ശിവയുടെ മുഖം പെട്ടെന്ന് മങ്ങിയത് മീനുവിന്റെ ആ ചോദ്യം കേട്ടാണ്..എല്ലാമറിയുന്ന മനുവിന്റെ മുഖവും അത് കേട്ടപ്പോൾ മങ്ങി... "മ്മ്... ചെറിയ ഒരു പിണക്കം ഉണ്ടെന്ന് കൂട്ടിക്കോ..." വരുത്തി തീർത്തൊരു ചിരിയോടെ ശിവാനി പറഞ്ഞു. "ഇനി വിശേഷം നാളെ... എനിക്കുറക്കം വരുന്നു.... വാ എണീക്ക് ഉറങ്ങാം...." മനുവിന്റെ ആ ഇടപെടൽ മറ്റുപലചോദ്യങ്ങളിൽ നിന്നുമുള്ള രക്ഷയായിരുന്നു... ഇന്നത്തെ സന്തോഷം മുഴുവൻ അണയ്ക്കാൻ ആ ഒരു ഓർമ മതിയെന്ന് മനുവിനും തോന്നി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 "ശിവ ഇവിടെ വന്നു നിന്നാൽ അവർക്കിടയിൽ കൂടുതൽ വിള്ളൽ വീഴുവല്ലേ ചെയ്യുള്ളു.... എങ്ങനെയെങ്കിലും ആ സ്നേഹം പിടിച്ചുപറ്റാൻ അല്ലെ അവൾ ശ്രമിക്കേണ്ടത്.... ബന്ധം പിരിയുന്നു എന്നൊക്കെ പറയുമ്പോൾ...അത് അതൊരു ചീത്തപ്പേരാവില്ലേ... ഇനിയൊരു വിവാഹത്തിന് അവളൊരിക്കലും സമ്മതിക്കില്ല... അപ്പൊ പിന്നെ ഈ ജീവിതം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാൻ അല്ലെ അവൾ ശ്രമിക്കേണ്ടത്....." മീരയുടെ മിഴികൾ ഈറനയായി.. "താനൊന്ന് സമാധാനപ്പെട്... ഈ സമയം നമ്മൾ അവളോടൊപ്പം ആണ് നിൽക്കേണ്ടത്... ഇത്രയും കാലം അവളവിടെ നിന്നില്ലേ....

അവന്റെ കാര്യങ്ങൾ ഒരു മടിയും കൂടാതെ ചെയ്തു കൊടുത്തില്ലേ... അത് നമ്മുടെ മോൾക്ക് അവനോടുള്ള സ്നേഹം കൊണ്ടാണ്... അവളും നമ്മുടെ വാക്കുകളിൽ അവനെ പ്രതീക്ഷിച്ചിരുന്നു എന്നെങ്കിലും അവൻ തിരികെ സ്നേഹിക്കുമെന്ന്.... ഇത്രയായിട്ടും അതുണ്ടായില്ലല്ലോ... സ്നേഹത്തിന് വേണ്ടി യാചിക്കാൻ അവൾക്ക് കഴിയില്ലല്ലോ മീരാ..." അയാൾ അവരെ ചേർത്തുപിടിച്ചു. "അവളുടെ ഭാവിയോർത്ത് ചെയ്ത കാര്യം ഇപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നുവാ സുധിയേട്ടാ എനിക്ക്....പ്രഭചേച്ചി പറഞ്ഞതുപോലെ ശിവ അവന്റെ ജീവിതത്തിലേക്ക് കടന്നു ചെന്നാൽ അവൻ മാറുമെന്നും... സന്തോഷമായൊരു ജീവിതം നമ്മുടെ മോൾക്ക് ലഭിക്കുമെന്നും വിശ്വസിച്ച നമ്മൾ വിഡ്ഢിയായി.... അല്ലെ സുധിയേട്ടാ..." മീര സുധിയുടെ ചുമലിലേക്ക് ചാഞ്ഞു.. "എല്ലാം ശരിയാവുമെടോ... താൻ വിഷമിക്കാതെ... ഇപ്പൊ അവൾക്കാവശ്യം കുറച്ചു സമയമാണ്... അവളിവിടെ നിൽക്കട്ടെ... അവരോടൊപ്പം സന്തോഷത്തോടെ കുറച്ചുനാൾ... എല്ലാത്തിനും ദൈവം ഒരു വഴികാണിച്ചു തരും...." അദ്ദേഹം അവളെ സമാധാമിപ്പിച്ചു.. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ അവരുടെ മനസ്സിൽ തന്റെ മകൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 മീരയും സുധിയും പോവാനിറങ്ങിയപ്പോൾ ശിവയുടെ കണ്ണ് നിറഞ്ഞു.. "അമ്മാ... അയാം സോറി... അമ്മ ഒരുപാട് വെഷമിക്കുന്നെണ്ടെന്ന് എനിക്കറിയാം....

അദ്ദേഹത്തിന് എന്നെ അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ഇനിയും കടിച്ചു തൂങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല... അമ്മ വെഷമിക്കരുത്...ഓണം കഴിഞ്ഞ് ഞാൻ വരാം നമ്മുടെ വീട്ടിലേക്ക്..." ടാക്സിയുടെ അടുത്തേക്ക് നടക്കുമ്പോൾ അമ്മയോട് ചേർന്ന് നിന്നുകൊണ്ട് ശിവ പറഞ്ഞു. അവരവളെ ചേർത്തുപിടിച്ചു.. നിറുകയിൽ ഒരു മുത്തം കൊടുത്തു.. കണ്ണ് നിറഞ്ഞിരുന്നു.. "അമ്മേടെ മോള് വെഷമിക്കണ്ട... ഞങ്ങളുണ്ട് നിന്റെ കൂടെ...." ഇറുകെ ഒന്ന് പുണർന്നു കൊണ്ട് അവർ പറഞ്ഞു. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി ഉമ്മറപ്പടിയിൽ നിൽക്കുന്ന അമ്മമ്മയോടും മനുവിനോടും മീനുവിനോടും യാത്രപറഞ്ഞ്... അച്ഛനോട് സംസാരിച്ചു നിൽക്കുന്ന മുത്തശ്ശനോടും പറഞ്ഞ് അവർ ടാക്സിയിലേക്ക് കയറി.. മുത്തശ്ശനോട് യാത്രപറഞ്ഞ് അച്ഛൻ ചിന്നുവിന്റെ അരികിലെത്തി അവളെ പുണർന്നു.. "മോള് വേഷമിക്കൊന്നും വേണ്ടാട്ടോ... അമ്മയെ അച്ഛൻ പറഞ്ഞു മനസിലാക്കിക്കോളാം... പോട്ടെ... അവിടെ എത്തീട്ട് വിളക്കാം...." അവളുടെ കവിളിലൊന്ന് തട്ടി അദ്ദേഹവും കയറി ഇരുന്നു... ഇരുവരെയും വഹിച്ച് വാഹനം ദൂരം പിന്നിടുമ്പോൾ പടിപ്പുര വാതിലിൽ ഈറൻ മിഴികളോടെ നിൽക്കുന്നുണ്ടായിരുന്നു ശിവാനി... പക്ഷെ അവളിൽ വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു... അമ്മയും അവളുടെ തീരുമാനങ്ങളിൽ കൂടെ നിൽക്കുമെന്നത് അവൾക്ക് സമാധാനം നൽകി............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story