ഇനിയൊരു വസന്തകാലം: ഭാഗം 8

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

"അപ്പൊ നീ വരണില്ലാന്ന് തീരുമാനിച്ചോ ചിന്നൂ...." ഉടുത്തിരുന്ന നേര്യത് ഒന്ന് ശരിയാക്കി അമ്മമ്മ ചോദിച്ചു. മുത്തശ്ശനും അമ്മമ്മയും ഒരു കല്യാണത്തിന് പോവുകയാണ്... "ഉവ്വ്... ഞാനില്ല... നിങ്ങള് പോയി വാ...വിളിക്കാത്ത കല്യാണത്തിന് ഞാനെങ്ങനെ വരാനാ...." അവൾ പറഞ്ഞു. "നീയിവിടെ ഉണ്ടെന്ന് അറിഞ്ഞപ്പോ നിന്നേം കൂട്ടി ചെല്ലാൻ പറഞ്ഞതാ നളിനി.... പണ്ടൊക്കെ ഒരു കല്യാണത്തിന് പോവാ എന്ന് കേൾക്കുമ്പോഴേ എന്തൊരു ഉത്സാഹം ആയിരുന്നു നിനക്ക് ..." "അത് മുൻപ് അല്ലെ... അന്ന് ചിന്നു കുട്ടിയായിരുന്നില്ലേ...ഇപ്പൊ ചിന്നു വളർന്നില്ലേ ഒത്തിരി... " "മ്മ്...എന്നാ നിന്റെ ഇഷ്ടംപോലെ... പിന്നെ മോള് ഉണ്ടാക്കിക്കോളാം എന്ന് പറഞ്ഞോണ്ട് അമ്മമ്മ ഒന്നും ഉണ്ടാക്കീല്യ..." "ആഹ് അതൊക്കെ ഞാൻ ചെയ്തോളാം ഉണ്ണിയമ്മേ... സന്തോഷത്തോടെ പോയി വാ...." അവൾ അവരെ ചുറ്റിപിടിച്ചു. "തന്റെ ഒരുക്കം കഴിഞ്ഞില്ലെടോ...." മുത്തശ്ശൻ വിളിച്ചു ചോദിച്ചു. "ഉവ്വ്....ദാ വരുണു..." "മോള് ശ്രദ്ധിക്കണം കേട്ടോ... ഞങ്ങൾ വേഗം വരാം...." മുത്തശ്ശനാണ്.. "മ്മ്...." അവൾ ചിരിച്ചു. രണ്ടുപേരും നടന്നു നീങ്ങി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഊണൊക്കെ ഉണ്ടാക്കി വെച്ചിട്ടും കഴിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല ശിവയ്ക്ക്...തനിച്ചിരുന്നു കഴിക്കണ്ടേ എന്നോർത്താണ്....പൂമുഖ വാതിൽ തുറന്നു പുറത്തേക്ക് നടന്നു... തിണ്ണയിൽ ഇരുന്നു... ഫോൺ കയ്യിലെടുത്തു...ഓൺ ആക്കി.. ഗാലറി തുറന്നു... അന്നെടുത്ത ഫോട്ടോസ് മനു അയച്ചു തന്നിരുന്നു അതിലൂടെ കണ്ണോടിച്ചു... അതിലേക്ക് നോക്കുമ്പോൾ ആ നിമിഷങ്ങളത്രയും തെളിമയോടെ കണ്ണിൽ നിറഞ്ഞു.... അവളുടെ മുഖത്ത് മാനോഹരമായ പുഞ്ചിരി വിടർന്നു.. വാട്സ്ആപ്പ് തുറന്നു നോക്കി ഒരുപാട് മെസ്സേജ് കിടപ്പുണ്ട്... ഇവിടെ വന്നതിന് ശേഷം ഫോൺ അധികം ഉപയോഗിക്കാറില്ല... ആരെങ്കിലും വിളിക്കുമ്പോ സംസാരിക്കും അത്ര തന്നെ... ആദ്യത്തെ മെസ്സേജ് എടുത്തു നോക്കി ഹരിയേട്ടന്റെ അമ്മാവന്റെ മകൾ...ദിയ... നല്ല സ്വഭാവം ആണ് അവൾക്ക്... അവരുടെ കുടുംബത്തിൽ തനിക്ക് ആകെ അടുപ്പം ഉള്ളത് ദിയയുമായി ആണ്...തന്നെക്കാൾ ചെറുപ്പം ആയത് കൊണ്ട് ഒരു അനിയത്തി കുട്ടിയാണ് തനിക്കവൾ.. 'Made For each other' എന്ന ക്യാപ്ഷനോട്‌ കൂടിയ ഒരു ഫോട്ടോ ആണ്..അവൾ അത് ഡൌൺലോഡ് ചെയ്തു...

താനും ഹരിയേട്ടനും ചേർന്നുള്ള ഒരു ഫോട്ടോയാണ്.... ഹരിയേട്ടന്റെ ഒരു കസിന്റെ മാര്യേജ് ഫങ്ക്ഷന് എടുത്ത ഫോട്ടോ....തങ്ങളുടെ കല്യാണം കഴിഞ്ഞ് ആദ്യത്തെ ഫങ്ക്ഷൻ ആയിരുന്നു അത്... രണ്ടു കസേരകളിൽ ഇരിക്കുകയാണ് താനും ഹരിയേട്ടനും.... കറുപ്പ് നിറത്തിലെ സ്റ്റോൺ വർക്ക് വരുന്നൊരു സാരിയാണ് തന്റെ വേഷം... ഹരിയേട്ടൻ കറുപ്പ് നിറത്തിലെ ഷർട്ടും.... തന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് ആള്....ഒരു സൈഡിൽ നിന്നെടുത്തത് കൊണ്ട് ഹരിയേട്ടന്റെ മുഖം വ്യക്തമല്ല... പക്ഷെ ആ കണ്ണുകളിലെ ഭാവം തനിക്കിന്നും ഓർമയുണ്ട്... 'ഇതിപ്പോ നിനക്കെവിടുന്ന് കിട്ടി...' അങ്ങനെ ടൈപ്പ് ചെയ്ത് അയച്ചു.. ഉടനെ തന്നെ മറുപടിയും വന്നു... "ലാപ് ടോപ്പിൽ പഴയ ഫോട്ടോസ് ഒക്കെ നോക്കി കൊണ്ടിരിക്കുമ്പോ കണ്ടതാ... അപ്പൊ തന്നെ അയച്ചു തരാൻ തോന്നി... ഹരിയേട്ടനും വിട്ടുകൊടുത്തിട്ടുണ്ട്...." അതിന് മറുപടി പറയാതെ ചിരിക്കുന്ന ഒരു ഇമോജി അയച്ചു കൊടുത്തു.. ഫോൺ മാറ്റി വെച്ചു... 'നീയെന്ന പ്രണയത്തെ മറവിയുടെ തിരശീല കൊണ്ട് മൂടാൻ എനിക്കാവുന്നില്ല... അതിന് ശ്രമിക്കുംതോറും വീണ്ടും നീയെന്നിൽ ആഴത്തിൽ പടരുന്നു...' കണ്ണുകളടച്ചു ചാരിയിരുന്നു... പല ഓർമകളും അതിർത്തി ഭേദിച്ചു ഒരു സിനിമ പോലെ കണ്ണുകളിൽ ഓടിയെത്തി...

കോളേജ് ദിനങ്ങൾ കടന്നുപോകും തോറും തന്റെ ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ പതിയുകയായിരുന്നു ശ്രീഹരി... പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും ആ മിഴികളിൽ പോലും താൻ ഇടം നേടിയിട്ടില്ലെന്ന് അറിഞ്ഞിട്ടും താൻ പ്രണയിച്ചു... പഠനം പൂർത്തിയാക്കി ശ്രീഹരി യാത്രയായി പിന്നീട് ഒരു അറിവും ഉണ്ടായില്ല ആളെ കുറിച്ച്.... അപ്പോഴാണ് ആ പ്രണയം അത്രമേൽ എന്നെ കീഴടക്കിയിരുന്നു എന്ന് മനസിലാക്കിയത്... തുടർന്നുള്ള യാത്രയിലും ആ ഓർമകളെന്നിൽ നിറഞ്ഞു നിന്നു... കണ്ണകന്നപ്പോൾ മറവിയിലേക്കാഴ്ന്നു പോകുമെന്ന് കരുതി പക്ഷെ ആ മുഖത്തെ മറവിയിലാഴ്ത്താൻ തനിക്കായില്ല.. ശിവാനിയ്ക്ക് ആദ്യമായി പ്രണയം തോന്നിയ ആളല്ലേ... എങ്ങനെ മറക്കാനാവും... പഠനവും, കൂട്ടുകാരുമൊന്നിച്ചുള്ള മനോഹരനിമിഷങ്ങളും ഒരുപോലെ കടന്നു പോയികൊണ്ടിരുന്ന സമയത്താണ് ജൂനിയർ ആയി വന്ന ഒരു കിലുക്കാംപ്പെട്ടിയെ പരിചയപ്പെടുന്നത്... പേര് ദിയ...നല്ല അസ്സൽ വായാടി കൊച്ച്.... ദിവസങ്ങൾ പോകെ അവളോട്‌ ഒരുപാട് അടുത്തു.. ശ്രീഹരിയെ കാണാനായി ലൈബ്രറിയിൽ പോയിരുന്നത് കൊണ്ട് വായന ഒരു ശീലമായിരുന്നു...

അന്നും ഒരു പുസ്തകം വായിച്ചിരിക്കുകയായിരുന്നു താൻ... മുന്നിലേക്ക് ഓടിക്കിതച്ചെത്തിയ കൂട്ടുകാരി നീലിമയെ നോക്കിയൊന്ന് നെറ്റിച്ചുളിച്ചു... ചോദ്യത്തിനോ ഉത്തരത്തിനോ ഇടനൽകാതെ തന്നെയും വലിച്ചൊരു ഓട്ടമായിരുന്നു അവൾ....ഓട്ടം നിലച്ചത് ഇടനാഴിയിലെ ഒരറ്റത്തും.... സംശയത്തോടെ അവളെ നോക്കുമ്പോൾ അവളുടെ വിരൽ നീളുന്ന ഭാഗത്തേക്ക്‌ തന്റെ കണ്ണുകളും പാഞ്ഞെത്തി അത് എത്തിനിന്നത് തൂണിൽ ചാരി നിൽക്കുന്ന വ്യക്തിയുടെ മുഖത്തേക്കാണ്... തന്റെ പ്രണയം... ശ്രീഹരി... അത്ഭുതത്തോടെ ആ മുഖത്തേക്ക് ഉറ്റുനോക്കുമ്പോൾ ആണ് ഓടിവന്ന് ആ കയ്യിൽ തൂങ്ങിയ പെൺകുട്ടിയെ കാണുന്നത്.. അത് അവളായിരുന്നു...ദിയ... അത്ഭുതത്തോടെ താനും നീലിമയും മുഖാമുഖം നോക്കി... അവളോട് യാത്ര പറഞ്ഞു അവൻ ദൂരേക്ക് പോവുമ്പോൾ ദിയയുമായി ശ്രീഹരിക്ക് എന്ത്‌ ബന്ധമാണെന്ന് ആലോചിക്കുകയായിരുന്നു താൻ.... അവനെ യാത്രയാക്കി തിരിഞ്ഞു നോക്കിയ ദിയ തങ്ങളെ കണ്ട് അരികിലേക്ക് ഓടി വന്നു... അടുത്തേക്ക് വന്നതേ അതാരാണെന്ന് ഉള്ള ചോദ്യം നീലിമ തന്നെ തൊടുത്തുവിട്ടു...

അവളുടെ അപ്പച്ചിയുടെ മകനാണത്രെ ശ്രീഹരി... ഒരുവേള ഹൃദയമിടിപ്പൊന്ന് വർദ്ധിച്ചു... എന്തിനായിരുന്നു... അപ്പച്ചിയുടെ മകനെന്നാൽ അവിടെ മറ്റൊരു ബന്ധം ഒളിഞ്ഞു കിടപ്പുണ്ട് മുറച്ചെറുക്കൻ... അതായിരുന്നോ ഹൃദയമിടിപ്പിനെ വർധിപ്പിച്ചത്... ശ്രീഹരിയെ കുറിച്ച് ദിയ വാചലയായി...ഈ കോളേജിൽ പഠിച്ചതാണെന്ന് പറഞ്ഞപ്പോൾ ലൈബ്രറിയുടെ ആളൊഴിഞ്ഞ ഭാഗത്തായി എപ്പോഴും കണ്ടിട്ടുണ്ടെന്ന് തങ്ങളും പറഞ്ഞു... ദിയയുടെ വീട് ഒരുപാട് ദൂരെ ആയത് കൊണ്ട് അവൾ താമസിക്കുന്നത് ശ്രീഹരിയുടെ വീട്ടിൽ ആണെന്നും അവൾ പറഞ്ഞു... അവൾക്ക് അവനൊരു ഏട്ടന്റെ സ്ഥാനമാണെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടോ ഉള്ളിലൊരു തണുപ്പ് പടർന്നു.... പിന്നീട് ശ്രീഹരിയെ കുറിച്ച് ദിയയിൽ നിന്നും കൂടുതൽ അറിഞ്ഞു... പണ്ടുതൊട്ടെ സമ്പന്നർ ആയിരുന്നത്രെ അവരുടെ കുടുംബം... ചെറുപ്പം മുതൽ അത് കേട്ട് വളർന്ന ശ്രീഹരിയുടെ ഉള്ളിൽ അഹങ്കാരത്തിന്റെ വിത്ത് മുളപൊട്ടിയിരുന്നു... വളർന്നു വരും തോറും അത് ഒരുപാട് ശാഖകളുള്ള ഒരു വലിയ വൃക്ഷമായി മാറി.... അതുകൊണ്ട് തന്നെ സമ്പന്നരായ കുടുംബത്തിലെ കുട്ടികളുമായി ആയിരുന്നു അവന്റെ സൗഹൃദം... അതും വിരലിൽ എണ്ണാവുന്ന കുറച്ചു പേർ...

സ്വന്തം കഴിവും ബുദ്ധിയും വെച്ച് ശ്രീഹരിയുടെ അച്ഛൻ വിനയചന്ദ്രൻ പടുത്തുയർത്തിയ ബിസിനസ് നേട്ടങ്ങളിൽ പലർക്കും അസൂയ ഉണ്ടായിരുന്നു...ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ വീഴ്ത്താൻ പലരും ശ്രമിച്ചുകൊണ്ടിരുന്നു...പുറമേ സ്നേഹവും ബഹുമാനവും കാണിച്ച് ഇരുട്ടിന്റെ മറവിൽ ക്രൂരതയുടെ മുഖമണിയുന്ന ചിലർ... അതിലൊന്നും വീഴാതെ മുന്നോട്ട് പോയികൊണ്ടിരുന്ന വിനയചന്ദ്രന് പെട്ടെന്ന് പ്രതീക്ഷിക്കാതെ ബിസിനസ് രംഗത്ത് വലിയൊരു നഷ്ടം നേരിടേണ്ടി വന്നു...കൂടെ നിന്നിരുന്ന ഒരാളുടെ ചതി...അത് അദ്ദേഹത്തെ വലിയ രീതിയിൽ തളർത്തി... കഠിനമായ നെഞ്ചുവേദനയേ തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ ആയി... ഡിഗ്രി ഒന്നാം വർഷം പഠിച്ചുകൊണ്ടിരിക്കുന്ന ശ്രീഹരി അത് കേട്ട് ആകെ തളർന്നു... തന്റെ ദയനീയ അവസ്ഥയിൽ അഭിമാനം നോക്കാതെ സമ്പന്നർ ആയ സുഹൃത്തുക്കളോട് സഹായം ചോദിച്ചു കൈനീട്ടി...അന്നേരമാണ് ആ കൂട്ടുകാർ തന്റെ ഉയർച്ചയിൽ മാത്രമേ കൂടെയുണ്ടാവൂ എന്ന സത്യം ശ്രീഹരി മനസിലാക്കിയത്... അത് ശ്രീഹരിക്കേറ്റ വലിയ പ്രഹരമായിരുന്നു... അവനിൽ അപകർഷധാബോധം തലയുയർത്തി... ശ്രീഹരിയുടെ പണത്തെ.... സമ്പത്തിനെ പ്രണയിച്ച ശ്രേയയും അവനെ നിഷ്കരുണം തള്ളിയകറ്റി...

ഹയർ സെക്കന്ററി സമയത്തായിരുന്നു നഗരത്തിലെ തന്നെ ഡോക്ടർ ദമ്പതിമാരുടെ മകൾ ശ്രേയയുമായി ശ്രീഹരി അടുപ്പത്തിലാവുന്നത്.... അതോടെ സ്നേഹത്തിനും ബന്ധങ്ങൾക്കും അപ്പുറം പണവും പ്രതാപവുമാണ് എന്ന ചിന്ത ശ്രീഹരിയിൽ വളർന്നു... വാശിയും ധൈര്യവും വർദ്ധിച്ചു... സഹായഹസ്തവുമായി എത്തിയ ദിയയുടെ അച്ഛനെ കൂട്ടുപിടിച്ച് നിലം തൊടനായ കമ്പനിയെ ചേർത്തുപിടിച്ചു ലക്ഷ്യത്തിലേക്ക് കുതിക്കാൻ ആ വാശിയും ധൈര്യവും ധാരാളം മതിയായിരുന്നു... ദിവസങ്ങൾ കടന്നുപോകവേ വിനയചന്ദ്രന് അസുഖം ബേധമായി... പക്ഷെ ഇനിയൊരു തകർച്ച കൂടി അദ്ദേഹത്തിന് താങ്ങാനാവില്ലയെന്ന് ഡോക്ടർ പറഞ്ഞിരുന്നു... അതുകൊണ്ട് തന്നെ പഠനവും കമ്പനിയും ഒരുപോലെ ശ്രീഹരി ഏറ്റെടുത്തു കൂടെ ദിയയുടെ അച്ഛനും... നഷ്ടമായതെല്ലാം സ്വന്തം കഴിവുകൊണ്ട് നേടിയെടുത്തതെന്ന അഹങ്കാരം അവനെ പുതഞ്ഞു...

അതുകൊണ്ട് തന്നെ ശ്രീഹരി ഏവർക്കും അഹങ്കാരിയായി മാറി... എല്ലാം തകർന്ന നിമിഷത്തിൽ അവന് നേരെ തലതിരിച്ച കൂട്ടുകാരെ കുറിച്ചോർക്കുമ്പോൾ അവന് പുച്ഛം തോന്നി... ഒരു ദിവസം എല്ലാം നഷ്ടപ്പെട്ടപ്പോൾ പ്രണയം അവസാനിപ്പിച്ചു പോയ ശ്രേയ അവനെല്ലാം തിരിച്ചുപിടിച്ചെന്ന് കേട്ടപ്പോൾ വീണ്ടും പ്രണയം പൊടിതട്ടിയെടുത്ത് തിരികെ വന്നപ്പോൾ വെറുപ്പ് തോന്നി അവളോടും പ്രണയമെന്ന വികാരത്തോടും.... പിന്നീട് ആരോടും ഒരു ബന്ധവും പുലർത്താൻ ശ്രീഹരി ശ്രമിച്ചില്ല.... പ്രണയെത്തിനും സൗഹൃദത്തിനും ഒരു മൂല്യവും നൽകിയില്ല... ദിയയിൽ നിന്നറിഞ്ഞ കാര്യങ്ങളായിരുന്നു എല്ലാം... അത് കേട്ടപ്പോൾ പ്രണയത്തിലുപരി ആരാധന തോന്നി ആ മനുഷ്യനോട്.... "ശിവേച്ചിക്ക് ഹരിയേട്ടനോട് പ്രണയമാണോ...??" ഒരിക്കൽ ദിയയിൽ നിന്നും വന്നൊരു ചോദ്യമായിരുന്നു അത്... ഞെട്ടലോടെ അവളെ നോക്കുമ്പോൾ തീർത്തും ശാന്തമായിരുന്നു ആ മുഖം.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story