ഇനിയൊരു വസന്തകാലം: ഭാഗം 9

iniyoru vasanthakalam

എഴുത്തുകാരി: മാധുരി

"ശിവേച്ചിക്ക് ഹരിയേട്ടനോട് പ്രണയമാണോ...??" ഒരിക്കൽ ദിയയിൽ നിന്നും വന്നൊരു ചോദ്യമായിരുന്നു അത്... ഞെട്ടലോടെ അവളെ നോക്കുമ്പോൾ തീർത്തും ശാന്തമായിരുന്നു ആ മുഖം... "എന്തേ നീയങ്ങനെ ചോദിച്ചത്....??" തിരിച്ചൊരു ചോദ്യമെറിഞ്ഞു.. "അല്ല ഹരിയേട്ടനെ കുറിച്ചറിയാൻ വല്ലാത്തൊരു ആകാംഷ ഉള്ളതുപോലെ... മാത്രല്ല... ആ പേര് കേൾക്കുമ്പോൾ തന്നെ മുഖം വിടരുന്നത് ഞാൻ ശ്രദ്ധിച്ചു...." അവളുടെ ആ മറുപടി കേട്ട് അവളിൽ നിന്നും നോട്ടമകറ്റി... മറുപടി പറയാൻ ആവാതെ നാവ് കുരുങ്ങി.. "അത്... പിന്നെ.. വെറുതെ... ഞങ്ങളുടെ സീനിയർ അല്ലെ... അതുകൊണ്ട്...." പതർച്ചയോടെയാണ് പറഞ്ഞത്. "വേണ്ടാ... കള്ളം പറഞ്ഞു എന്നെ പറ്റിക്കാൻ നോക്കണ്ടാ...." കള്ളം പിടിക്കപ്പെട്ട കുട്ടിയെ പോലെ തലതാഴ്ത്തിയിരുന്നു.. ദിനങ്ങൾ കൊഴിഞ്ഞു വീണു... പഠനം പൂർത്തിയാക്കി ആ കലാലയത്തോട് വിട പറഞ്ഞു പോവുമ്പോൾ വല്ലാത്തൊരു സങ്കടം തോന്നി... അവിടെ നിന്നും വിടപറഞ്ഞെങ്കിലും ഒരിക്കലും അവിടെ നിന്ന് ലഭിച്ച സൗഹൃദങ്ങളെ മറന്നില്ല...നീലിമയും താനും തുടർ പഠനം ഒരുമിച്ചായിരുന്നു....

ബാക്കിയുള്ളവർ പല മേഖലകളിലേക്ക് യാത്ര തിരിച്ചു... എങ്കിലും തിരക്കുപ്പിടിച്ച നിമിഷങ്ങളിൽ എപ്പോഴെങ്കിലും ഒരു ഫോൺ കാളിൽ ആ ബന്ധം നിലനിർത്തിയിരുന്നു... പിന്നീട് ഒരു പിറന്നാൾ ദിവസം അമ്മയുമായി ക്ഷേത്രത്തിൽ തൊഴുത് നിൽക്കുമ്പോൾ ആയിരുന്നു ദിയയുടെ വരവ്... വിശേഷങ്ങൾ പങ്കുവെച്ചു തിരിഞ്ഞപ്പോൾ കണ്ടത് തങ്ങൾക്കരികിലേക്ക് നടന്നു വരുന്ന ശ്രീഹരിയെയും കൂടെ ഒരു സ്ത്രീയെയും ആണ്... അത് ശ്രീഹരിയുടെ അമ്മ പ്രഭയാണ് എന്ന് ദിയ പറഞ്ഞറിഞ്ഞു... മനോഹരമായ ഒരു പുഞ്ചിരിയോടെ തന്നെ നോക്കുന്ന അവർക്ക് തിരിച്ചൊരു പുഞ്ചിരി നൽകാതിരിക്കാൻ അവൾക്കായില്ല... "ശിവാനി അല്ലെ... ദിയ മോള് പറയാറുണ്ട്..." ആ അമ്മ കവിളിൽ കൈച്ചേർത്തു പറഞ്ഞപ്പോൾ അമ്പരപ്പോടെ ദിയയെ നോക്കി.. അവളപ്പോൾ നോട്ടം മാറ്റി.. "മോളുടെ അമ്മയാണല്ലേ... ഒരു ദിവസം ഞങ്ങൾ വീട്ടിലോട്ട് വരാം കേട്ടോ..." അമ്മയെ നോക്കി സൗമ്യമായ് അവരത് പറഞ്ഞപ്പോൾ തന്റെ ഉള്ളിലൊരു ഇടിവെട്ടി...അമ്മയുടെ മുഖത്ത് സംശയവും... പിന്നീടവർ പരസ്പരം പരിചയപ്പെടുന്നതും കണ്ടു...

അറിയാതെ നോട്ടം ശ്രീഹരിയിലേക്ക് പാളി വീണു... കുറച്ചപ്പുറം മാറി നിന്ന് ഫോൺ ചെയ്യുകയാണ് ആള്... "ഇന്ന് ഹരിയേട്ടന്റെയും പിറന്നാൾ ആണ്..." ദിയ കാതരികിൽ വന്നു പറഞ്ഞപ്പോൾ ഉള്ളിൽ അത്ഭുതം കൂറി... ഇത്ര നാളായിട്ടും അതറിഞ്ഞിരുന്നില്ല... യാത്ര പറഞ്ഞ് അവിടുന്നിറങ്ങി.. ദിവസങ്ങൾ വീണ്ടും കടന്നു പോയി... തിരക്കുകളുമായി മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരുന്നു... ഒരു വൈകുന്നേരം വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ സോഫയിൽ ഇരിക്കുന്നവരെ കണ്ട് അവൾ അത്ഭുതപ്പെട്ടു.. ശ്രീഹരിയും അവന്റെ അച്ഛനും അമ്മയും കൂടെ ദിയയും...ശിവാനിയെ കണ്ടതെ ദിയ ഓടി വന്നവളെ പുണർന്നു.... "ഞങ്ങളെ ശിവച്ചിയെ എന്റെ ഹരിയേട്ടന്റെ പെണ്ണായി തരുവോ എന്ന് ചോദിക്കാൻ വന്നതാ...." ദിയയുടെ മുഖത്ത് സന്തോഷം നിറഞ്ഞു... ശിവാനിയ്ക്ക് എന്തോ വല്ലായ്മ തോന്നി... പ്രഭ എണീറ്റു വന്ന് അവളെ ചേർത്തു പിടിച്ചു... ശിവാനി നോക്കിയത് അവനെയായിരുന്നു ശ്രീഹരിയെ... ആ മുഖത്തെ അമർഷവും അക്ഷമയും കണ്ടപ്പോൾ അവൾക്ക് വല്ലാത്ത പതർച്ച തോന്നി... 'പെണ്ണുകാണൽ ചടങ്ങ് അതിന്റെ മുറ പോലെ നടക്കട്ടെ...

ഹരിയ്ക്കും ശിവാനിയ്ക്കും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആയിക്കോട്ടെ' എന്ന് പറഞ്ഞത് വിനയചന്ദ്രൻ ആയിരുന്നു.. അത് കേൾക്കേണ്ട താമസം ശ്രീഹരി എണീറ്റ് വെളിയിലേക്ക് നടന്നു...'മോളും ചെല്ല്..' പ്രഭ പറഞ്ഞപ്പോൾ അവൾ സുധിയേയും മീരയെയും ദയനീയമായി നോക്കി.. കൂടെ പോവാൻ അവരും പറഞ്ഞപ്പോൾ മടിയോട് കൂടി തന്നെ അവൾ നടന്നു.. അവൾ ചെല്ലുമ്പോൾ മുറ്റത്തെ ഒരു മാവിൻ ചോട്ടിൽ മാവിലേക്ക് ചാരി നിൽക്കുകയാണ് അവൻ... "എനിക്ക് കല്യാണത്തിന് താല്പര്യമില്ല... അവരുടെ നിർബന്ധം കൊണ്ട് മാത്രം ഞാൻ വന്ന് കണ്ടു അത്രേയുള്ളൂ...വെറുതെ ഒരു ആഗ്രഹം മനസ്സിൽ സൂക്ഷിക്കണ്ടാ..." അവളുടെ സാമിപ്യം അറിഞ്ഞതും ശ്രീഹരി പറഞ്ഞു. "തനിക്കെന്നോട് ഭയങ്കര പ്രണയമാണെന്ന് ഞാൻ കേട്ടു..." ആ വാക്കുകളിൽ പുച്ഛം കലർന്നിരുന്നു.. "എനിക്ക് പ്രണയം എന്ന് കേൾക്കുന്നതേ വെറുപ്പാ... പണവും പ്രതാപവും കൂടെയുള്ളപ്പോൾ ചേർത്തുപിടിക്കുകയും ഇല്ലാതായാൽ തള്ളിയകറ്റുകയും ചെയ്യുന്നവരല്ലേ.... ഒരു മുഖം മൂടി ധരിച്ചു നടക്കുന്നവർ...." അവൻ പറഞ്ഞുകൊണ്ടിരുന്നു...

"എന്റെ ജീവിതത്തിൽ ഇനിയൊരു പ്രണയമില്ല... വിവാഹവും...അത്തരം ബന്ധങ്ങളിൽ ഇപ്പൊ ഞാൻ വിശ്വസിക്കുന്നില്ല... ശ്രീഹരിയുടെ ജീവിതത്തിൽ നീയെന്നല്ല ഇനിയൊരു പെൺകുട്ടിയും ഉണ്ടാവില്ല...." ഉറച്ചതായിരുന്നു എന്ന് തോന്നി ആ വാക്കുകൾ.. ശിവാനിക്ക് സ്വയം ചെറുതായത് പോലെ തോന്നി.. മറുപടിയ്ക്കൊന്നും കാത്തു നിൽക്കാതെ ശ്രീഹരി അകത്തേക്ക് നടന്നു... പുറകെ അവളും... അകത്തെ ചർച്ച മുന്നേറി കൊണ്ടിരുന്നു... ശിവാനിക്ക് എവിടെയെങ്കിലും തനിച്ച് ഇരിക്കണമെന്ന് തോന്നി... ഒടുവിൽ അവർ യാത്ര പറഞ്ഞിറങ്ങുമ്പോൾ ശിവാനി ഒരിക്കൽ കൂടി അവനെ നോക്കി... കൺനിറയെ ആ മുഖം കണ്ടു... റൂമിലേക്ക് കയറി വാതിൽ ചാരി ബെഡിലേക്ക് കിടന്നു... ആദ്യമായാണ് സംസാരിച്ചത്... പക്ഷെ അതിൽ നിറഞ്ഞത് തന്നോടുള്ള പുച്ഛമായിരുന്നു... മിഴികൾ നിറഞ്ഞു.. എന്തിന്... അറിയില്ല... അച്ഛനും അമ്മയും വിവാഹം ഉറപ്പിച്ചത് പോലെ ആയിരുന്നു... അവരുടെ സംസാരത്തിൽ നിന്നും ഹരിയുടെ അച്ഛനും അമ്മയ്ക്കും ഈ വിവാഹം നടത്താൻ ഒരുപാട് ആഗ്രഹം ഉണ്ടെന്ന് മനസിലായി..

ആ സന്തോഷത്തിന് ആയുസ്സില്ലെന്ന് പറഞ്ഞു മനസിലാക്കി കൊടുത്തു.. ശ്രീഹരിയ്ക്ക് വിവാഹത്തിൽ താല്പര്യം ഇല്ലെന്ന് പറഞ്ഞു... അവർ സങ്കടപ്പെട്ടു... സങ്കടം തനിക്കും ഉണ്ടായിരുന്നല്ലോ... അവിടെ അവസാനിക്കുമെന്ന് കരുതിയ ബന്ധം വീണ്ടു വളർന്നു... 'ശ്രേയയോടുള്ള ദേഷ്യമാണ് അവൻ കാണിക്കുന്നത്... അവളുടെ ചതി അത്രമേൽ അവനെ തളർത്തിയിട്ടുണ്ട്.... ശിവാനിയുടെ സ്നേഹം മനസിലാക്കിയാൽ അവൻ മോളെ സ്നേഹിക്കും എന്റെ മകനെ എനിക്കറിയാം... ശിവാനിയ്ക്ക് അവനെ ഇഷ്ടമാണെന്ന് അറിഞ്ഞത് കൊണ്ട് മാത്രമാണ് ഈ വിവാഹത്തിൽ നിന്നും പിന്മാരാൻ ഞങ്ങൾ തയ്യാറാവാത്തത്...' പ്രഭയുടെ വാക്കുകൾ മീരയെ സ്വാധീനിച്ചു.. ഇതുപോലെ നല്ല ഒരു ആലോചന മകൾക്ക് ലഭിക്കില്ലെന്ന് അവർ കരുതി... ഹരി ശിവയെ സ്നേഹിക്കുമെന്നും അവർ വിശ്വസിച്ചു.. അപ്പോഴും ശിവാനിയുടെ ഉള്ളം വേദനിച്ചു... ചിന്തകൾ കാടുകയറിയ ദിനങ്ങൾ...ഒടുവിൽ മീരയും പ്രഭയും പറഞ്ഞു പറഞ്ഞവളെ ആ വിവാഹത്തിന് സമ്മതിപ്പിച്ചു... അവളിൽ ഞെട്ടൽ ഉളവാക്കിയത് ഹരിയും വിവാഹത്തിന് സമ്മതം മൂളിയെന്നതാണ്.. കല്യാണം തറവാട്ടിൽ വെച്ച് വേണമെന്ന മുത്തശ്ശന്റെയും അമ്മമ്മയുടെയും ആഗ്രഹം അവർ നിരസിച്ചില്ല... ശിവാനിക്കും അത് തന്നെ ആയിരുന്നു ആഗ്രഹം...

സുധിയുടെ അച്ഛനും അമ്മയും വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്... ഒരു അനിയൻ മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്.. അദ്ദേഹം വിദേശത്ത് ആണ്.. വിവാഹത്തിന്റെ ഒരാഴ്ച മുൻപ് തന്നെ എല്ലാവരും തറവാട്ടിൽ എത്തിയിരുന്നു... എല്ലാവരും ഒന്നിച്ചുള്ള ആ വേളകൾ സന്തോഷകരമായിരുന്നെങ്കിലും അവൾക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല... മുറ്റത്ത് പന്തലുയർന്നു... ആളും ആരവങ്ങളും കൂടി... ഭയം വർദ്ധിച്ചുകൊണ്ടിരുന്നു... കല്ല്യാണതലേന്ന് നീലിമ വന്നപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി... വൈകുന്നേരം ആളും ബഹളവും ഒഴിഞ്ഞപ്പോൾ സമയം ഒരുപാട് വൈകിയിരുന്നു... രാവേറെ കഴിഞ്ഞിട്ടും ഉറക്കം വന്നതേയില്ല... ഒരു ഭയം ഉറഞ്ഞു കൂടുന്നത് പോലെ... തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറക്കം പിടിച്ചു.. പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് ഒരുക്കമെല്ലാം പൂർത്തിയാക്കി.. കല്യാണം ക്ഷേത്രത്തിൽ വെച്ചായിരുന്നു അമ്മമ്മ നേർന്ന വഴിപാട് ആയിരുന്നു അത്... മഞ്ഞചരടിൽ കോർത്ത ആലിലത്താലി ഹൃദയത്തോട് ചേരുമ്പോൾ ഒരുതരം മരവിപ്പ് ആയിരുന്നു... ശ്രീഹരിയുടെ മുഖത്തേക്ക് നോക്കിയില്ല...

ആ മുഖത്തെ ഭാവം എന്തെന്നറിയാൻ ആഗ്രഹിച്ചിരുന്നില്ല... എല്ലാവരോടും വിടപറഞ്ഞു പോവുമ്പോൾ തൊണ്ടയിൽ ഒരു വേദന ഉറഞ്ഞുകൂടി... തേങ്ങലുകൾ തടഞ്ഞു നിന്നു... കൊച്ചുകുട്ടിയെ പോലെ ആർത്തലച്ചു കരയണമെന്ന് ആഗ്രഹിച്ചു... പക്ഷെ കഴിഞ്ഞില്ല...കണ്ണുനീർ ഒഴുകിയിറങ്ങുമ്പോഴും ശബ്ദം പുറത്തേക്ക് വന്നില്ല... അപരിചിതമായ ആ വീട്ടിലേക്ക് കടന്നു ചെന്നപ്പോൾ ആകെയുണ്ടായിരുന്ന ആശ്വാസം ദിയ മാത്രമായിരുന്നു... നേരം പോവും തോറും ക്ഷീണം ശരീരത്തെ ബാധിച്ചു തുടങ്ങിയിരുന്നു... "വിവാഹം കഴിച്ചെന്നു കരുതി നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല... അമ്മയുടെ നിർബന്ധത്തിനു മുന്നിൽ സമ്മതം മൂളാനെ എനിക്കായുള്ളൂ.. താനും അതേ അവസ്ഥയിൽ ആണെന്ന് അറിയാം... അതുകൊണ്ട് കുറ്റം പറയുന്നില്ല... " റൂമിലേക്ക് ചെന്നപ്പോൾ ശ്രീഹരി തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.. "വെറും വാക്കിൽ ബന്ധമില്ലെന്ന് പറഞ്ഞാൽ അത് ഇല്ലാതാവില്ലല്ലോ... എന്റെ കഴുത്തിൽ നിങ്ങൾ താലി കെട്ടിയ നിമിഷം മുതൽ നിങ്ങളെന്റെ ഭർത്താവ് ആണ്... ആ ബന്ധത്തെ വാക്കുകൾ കൊണ്ട് ഇല്ലാതാക്കാൻ ആർക്കും കഴിയില്ല..." ശിവാനിയുടെ ശബ്ദം ഉയർന്നു.. ശ്രീഹരി അത്ഭുതപ്പെട്ടു... "അങ്ങനെ കരുതി അങ്ങ് ജീവിച്ചോ... ആ ബന്ധവും പറഞ്ഞ് എന്റടുത്തേക്ക് വരാതിരുന്നാൽ മതി... "

അവൻ ദേഷ്യത്തോടെ പറഞ്ഞു... കൂടുതൽ ഒന്നും പറയാൻ അവളും തയ്യാറായില്ല... ദിവസങ്ങൾ വീണ്ടും കുതിച്ചു...ശ്രീഹരി ശിവാനിയെന്ന വ്യക്തിയെ പരിഗണിച്ചതേയില്ല... ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നെങ്കിലും പിന്നീട് ശിവാനിയും അത് ശീലിച്ചു... പക്ഷെ അവൾക്കെന്തോ അവനെ സ്നേഹിക്കാതിരിക്കാൻ ആയില്ല... പ്രഭയും വിനയനും അവളെ ഒരുപാട് സ്നേഹിച്ചു... അവന്റെ ഇഷ്ടങ്ങളും ശീലങ്ങളും അവൾ പഠിച്ചെടുത്തു... വീട്ടിലിരിക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല... രാത്രികളിൽ ഒരുപാട് വൈകി വരുമ്പോൾ ആദ്യമെല്ലാം ശിവാനിയുടെ കൂടെ പ്രഭ കാത്തിരിക്കുമായിരുന്നു... പിന്നീട് ശിവാനി തന്നെ അവരെ വിലക്കി... ഒരു ദിവസം വൈകി വന്ന അവനെ കാത്ത് ഊൺമേശയിൽ അവൾ ഇരുന്നു... അവന് വേണ്ടിയെടുത്ത ഭക്ഷണം എടുത്ത് വെച്ച് അവനെ വിളിച്ചപ്പോൾ പ്ലേറ്റ് തട്ടിയെറിഞ്ഞ് രൂക്ഷമായി അവളെ നോക്കി നിന്നു അവൻ.. "എന്റെ കാര്യം നോക്കാൻ നീയാരാ... ശ്രീഹരി നിന്നെ പ്രണയിക്കുന്നില്ല... വെറുപ്പാ നിന്നോട്... എത്ര അവഗണിച്ചിട്ടും ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്നത് കാണുമ്പോൾ...

അല്ലെങ്കിലും നിങ്ങളൊക്കെ ഒരു വർഗം ആണല്ലോ... ശ്രീഹരിയ്ക്ക് പെട്ടെന്ന് ഒരു ഇടർച്ച വന്നാൽ കാണാം പൊടി തട്ടി പോവുന്നത്...." തികഞ്ഞ പുച്ഛവും പരിഹാസവും കലർത്തിയ വാക്കുകൾ അവനിൽ നിന്നും പുറംതള്ളിയപ്പോൾ കാതുകൾക്ക് ഒരു തരം മരവിപ്പ് ആയിരുന്നു... "പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്.... കുറെ കാലമായി ഞാൻ കേൾക്കുന്നു... നിങ്ങളെ ഒരുവൾ ചതിച്ചെന്ന് കരുതി എല്ലാവരും അങ്ങനെ ആയിരിക്കണമെന്നില്ല... കണ്ണുതുറന്നു നോക്കാത്തത് കൊണ്ട് തോന്നുന്നതാ നിങ്ങൾക്ക്...സ്നേഹിക്കുന്നവർക്ക് ഒരു ഇടർച്ച വന്നാൽ കൂടെ നിൽക്കുന്നവരും ഉണ്ട്... സ്ത്രീകളെ എല്ലാവരെയും ശ്രേയയുടെ ഗണത്തിൽ പെടുത്തിയാൽ എങ്ങനെ ശരിയാവും... നിങ്ങളുടെ അമ്മ അങ്ങനെ ഒരവസ്ഥയിൽ അച്ഛനെ വിട്ട് പോയോ ചേർത്തു പിടിക്കുകയല്ലേ ചെയ്തത്... അമ്മയും ഒരു സ്ത്രീയാണ് അതോർമ വേണം... പിന്നെ നിങ്ങളിപ്പോ തട്ടിയെറിഞ്ഞത് ഭക്ഷണമാണ്... ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ വിശപ്പ് സഹിക്കാൻ കഴിയാതെ തളർന്ന് വഴിയരികിൽ പൊലിഞ്ഞു പോകുന്ന ഒരുപാട് ജീവനുണ്ട്...

എ സി കാറിൽ സുഖമായി യാത്ര ചെയ്യുമ്പോൾ നിങ്ങൾ പുറം കാഴ്ചകൾ കണ്ടിട്ടുണ്ടോ..... അവിടെ ഒരുപറ്റം മനുഷ്യരെ കാണാം.... പച്ചയായ മനുഷ്യർ.... ഒരു നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ.... അഹങ്കാരം തലയ്ക്കു പിടിക്കുമ്പോൾ അവരെ കുറിച്ചോർക്കണം....." കണ്ണുകളിലേക്ക് നോക്കി തന്നെ അത്രയും പറയുമ്പോൾ രൂക്ഷമായ ഒരു നോട്ടമെറിഞ്ഞ് വെട്ടിതിരിഞ്ഞ് റൂമിലേക്ക് പോയിരുന്നു... അപ്പോഴേക്കും അവളിൽ നിന്നൊരു തേങ്ങലുയർന്നു... ആ സമയങ്ങളിൽ ശ്രീഹരിയെ മദ്യവും പുകവലിയും കീഴടക്കിയിരുന്നു... ഒരിക്കൽ റൂമിലിരുന്ന് പുകവലിക്കുമ്പോൾ താൻ എതിർത്തു.. "എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യും... പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ കടിച്ചു തൂങ്ങാൻ ഞാൻ പറഞ്ഞില്ലല്ലോ... ഡിവോഴ്സ് വേണം എനിക്ക്... " ഗ്ലാസ്സിലെ ദ്രാവകം വായിലേക്ക് കമഴ്ത്തി... ബോധം മറയും വരെ അവനത് പറഞ്ഞുകൊണ്ടിരുന്നു... പിന്നീട് പലപ്പോഴും...ആ ആവശ്യം അംഗീകരിക്കാൻ താനും തയ്യാറാവുകയായിരുന്നു.. പക്ഷെ അപ്പോഴും ശ്രീഹരിയോടുള്ള പ്രണയത്തിന്റെ നിറം മങ്ങിയില്ല...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story